Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 29

സൂറ-21 <br>അല്‍അമ്പിയാഅ്

എ.വൈ.ആര്‍

         മക്കയില്‍ അവതരിച്ച  ഈ സൂറഃ മൂസ്ഹഫിലെ ക്രമമനുസരിച്ച് 21-ാമത്തേതാണെങ്കിലും അവതരണക്രമമനുസരിച്ച് 72-ാമത്തേതാണ്. സൂറഃ ഇബ്‌റാഹീമിന്നുശേഷം സൂറഃ അല്‍മുഅ്മിനൂനിന്നു മുമ്പായിട്ടാണ് ഇതവതരിച്ചതെന്ന് ഇമാം സുയൂത്വി പറയുന്നു.

അനേകം പ്രവാചകവര്യന്മാരുടെ പ്രബോധന-സമര ചരിത്രങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളതുകൊണ്ടാണ് ഈ സൂറഃ അല്‍അമ്പിയാഅ് (പ്രവാചകന്മാര്‍) എന്ന് നാമകരണം ചെയ്യപ്പെട്ടത്. പ്രവാചകന്മാരുടെ കുലപതിയായ ഇബ്‌റാഹീമി(അ)ന്റെ കഥ വിസ്തരിച്ചുപറഞ്ഞു കൊണ്ടാണിത് ആരംഭിക്കുന്നത്. തുടര്‍ന്ന് ഇസ്ഹാഖ്, യഅ്ഖൂബ്, ലൂത്വ്, നൂഹ്, ദാവൂദ്, സുലൈമാന്‍, അയ്യൂബ്, ഇസ്മാഈല്‍, ഇദ്‌രീസ്, ദില്‍കിഫ്ല്‍, യൂനുസ്, സക്കരിയ്യ, ഈസാ എന്നിങ്ങനെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിവരെയുള്ളവരെ പരാമര്‍ശിക്കുന്നു. മനുഷ്യവര്‍ഗത്തിന്റെ ജീവിത വിജയത്തിനുവേണ്ടി പ്രവാചകവര്യന്മാര്‍ നടത്തിയ പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും അവര്‍ക്കു നേരിടേണ്ടിവന്ന കൊടിയ ക്ലേശങ്ങളിലും, സഹനശക്തികൊണ്ടും ത്യാഗം കൊണ്ടും അതെല്ലാം തരണം ചെയ്തതിലും ഊന്നിയാണ് കഥനം.

പ്രമേയം കൊണ്ടും പ്രതിപാദനം കൊണ്ടും മുന്‍ സൂറഃയുടെ തുടര്‍ച്ചയാണീ സൂറഃ. വേണമെങ്കില്‍ സൂറഃ ത്വാഹായുടെ അനുബന്ധമോ പൂരകമോ ആണ് സൂറഃ അല്‍അമ്പിയാഅ് എന്നുപറയാം. ദൈവികശിക്ഷ കണ്ടേ അടങ്ങൂ എന്ന വാശിയിലാണ് സത്യനിഷേധികളെങ്കില്‍ എല്ലാവരും കാത്തിരുന്നുകൊള്ളട്ടെ, ഏറെ താമസിയാതെ അതു സംഭവിച്ചുകൊള്ളും എന്നുണര്‍ത്തിക്കൊണ്ടാണല്ലോ മുന്‍ സൂറഃ സമാപിച്ചത്. അതേ വിഷയത്തില്‍ തുടര്‍ന്ന്, ധര്‍മധിക്കാരികളുടെ കണക്കുതീര്‍ക്കുന്ന സമയം അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നുവെന്ന് ഉണര്‍ത്തിക്കൊണ്ടാണ് ഈ സൂറഃ ആരംഭിക്കുന്നത്. പക്ഷേ അവര്‍ സ്വന്തം അശ്രദ്ധയിലും പ്രജ്ഞാശൂന്യതയിലും വിഹരിക്കുകയാണ്. പ്രവാചകന്റെ മുന്നറിയിപ്പുകളെ അപഹസിക്കുകയാണ്. ദൈവിക സൂക്തങ്ങളെ പരിഹസിക്കുകയാണ്. പ്രപഞ്ചസൃഷ്ടിയെ ദൈവത്തിന്റെ കുട്ടിക്കളിയായിട്ടാണവര്‍ കാണുന്നത്. ക്ഷണികമായ മനോരസത്തിനുവേണ്ടി ചെയ്ത ഒരു ലീലാവിലാസം; ഇതല്ലാതെ സൃഷ്ടിക്കും സംഹാരത്തിനും മറ്റൊരര്‍ഥമോ ലക്ഷ്യമോ ഇല്ല എന്നാണവര്‍ ഘോഷിക്കുന്നത്.

മുഹമ്മദ് നബിയുടെ മദീനാ ജീവിതത്തിന്റെ ഏതാണ്ട് മധ്യഘട്ടത്തിലാണ് ഈ സൂറഃ അവതരിച്ചതെന്നു കരുതപ്പെടുന്നു. പ്രവാചകനും അവിശ്വാസികളായ ഖുറൈശികളും തമ്മിലുള്ള സംഘര്‍ഷമാണ് സൂറഃയുടെ പശ്ചാത്തലം. പ്രവാചകനെ കുഴക്കാനുദ്ദേശിച്ച് അവിശ്വാസികള്‍ ഉന്നയിക്കുന്ന സമസ്യകള്‍ ഈ സൂറഃ വിശദീകരിക്കുന്നുണ്ട്. അവര്‍ കൈക്കൊള്ളുന്ന സത്യനിഷേധവും പ്രവാചക വിരോധവും ചൂണ്ടിക്കാണിച്ചുകൊണ്ട് അതിന്റെ തിക്തമായ അനന്തര ഫലങ്ങളെക്കുറിച്ച് താക്കീത് ചെയ്യുന്നു. മുഹമ്മദ്‌നബി തങ്ങള്‍ക്ക് അവലക്ഷണവും ആപത്തുമാണെന്നാണ് അവിശ്വാസികളായ നാട്ടുകാര്‍ കരുതുന്നത്. യഥാര്‍ഥത്തില്‍ പ്രവാചകന്റെ ആഗമനം അവര്‍ക്ക് ലഭിച്ച മഹത്തായ ദൈവാനുഗ്രഹമാണ്. അദ്ദേഹം മുഖേന അവരുടെ ജീവിതം ഐഹികമായും പാരത്രികമായും വിജയം വരിക്കുന്നതാണ്. ഈ ലോകത്ത് അവര്‍ക്ക് അന്തസ്സും അഭിമാനകരമായ പ്രശസ്തിയും ലഭിക്കും. തുടര്‍ന്ന് നേരത്തേ അവരുടെ സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്ന പല സൗഭാഗ്യങ്ങള്‍ക്കും ഉടമകളായിത്തീരും. ദൈവത്തിന്റെ ഈ അന്ത്യ ദൂതനെ നിഷേധിക്കുന്നതിലൂടെ അവര്‍ ചെയ്യുന്നത് കൈവെള്ളയില്‍ വന്നെത്തിയ അനുഗ്രഹങ്ങള്‍ തള്ളിക്കളയുകയും, അധമത്വവും നികൃഷ്ടതയും വിനാശവും വിളിച്ചുവരുത്തുകയുമാണ്.

തൗഹീദ്, രിസാലത്ത്, ആഖിറത്ത്-ദൈവത്തിന്റെ ഏകത്വം, മനുഷ്യന്റെ പ്രവാചകത്വം, പരലോകം-എന്നീ അടിസ്ഥാന തത്ത്വങ്ങള്‍ തന്നെയാണ് ഈ സൂറഃയുടെയും മുഖ്യപ്രമേയം. അതു സ്ഥാപിക്കുന്നതിനാണ് പ്രവാചകവര്യന്മാരുടെ ചരിത്രങ്ങളുദ്ധരിക്കുന്നത്. ജനം അവരുടെ ചെയ്തികള്‍ക്ക് കണക്കുപറയേണ്ട സമയം ഇതാ ആസന്നമായിരിക്കുന്നു എന്ന മുന്നറിയിപ്പോടെയാണ് സൂറഃ സമാരംഭിക്കുന്നത്. പക്ഷേ ആ യാഥാര്‍ഥ്യത്തെ സംബന്ധിച്ച് തീര്‍ത്തും പ്രജ്ഞാശൂന്യരായി വിനോദിക്കുകയാണ് ജനം. അവര്‍ക്ക് ഈ ഖുര്‍ആന്‍ കേള്‍ക്കാനോ അതുണര്‍ത്തുന്ന സത്യങ്ങളെക്കുറിച്ചാലോചിക്കാനോ ഒട്ടും താല്‍പര്യമില്ല. മുഹമ്മദ് ഒരു സാധാരണ മനുഷ്യനാകയാല്‍ പ്രവാചകനാവുക സാധ്യമല്ലെന്നും അദ്ദേഹത്തിന്റെ പ്രവാചകത്വവാദം വെറും തട്ടിപ്പാണെന്നുമാണ് പ്രതിയോഗികളായ ഖുറൈശികള്‍ ഉന്നയിക്കുന്ന പ്രധാന ന്യായം. അഥവാ പ്രവാചകന്‍ തന്നെയാണെന്നാണ് വാദമെങ്കില്‍ മൂസാ, ഈസാ തുടങ്ങിയവര്‍ പ്രത്യക്ഷപ്പെടുത്തിയതുപോലുള്ള ദിവ്യാത്ഭുതങ്ങള്‍ അയാളും പ്രത്യക്ഷപ്പെടുത്തട്ടെ. മുഹമ്മദ് മാത്രമല്ല, അവര്‍ നിസ്സന്ദേഹം അംഗീകരിക്കുന്ന മൂസാ, ഈസാ തുടങ്ങിയ പൂര്‍വപ്രവാചകന്മാരും മനുഷ്യരായിരുന്നുവെന്നാണ് ഖുര്‍ആന്‍ അവര്‍ക്കു നല്‍കുന്ന മറുപടി. ദിവ്യാത്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്തേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണ്. ആളുകള്‍ ആവശ്യപ്പെടുമ്പോഴൊക്കെ പ്രവാചകന്മാര്‍ക്ക് യഥേഷ്ടം പ്രത്യക്ഷപ്പെടുത്താവുന്ന സംഗതിയല്ല ദിവ്യാത്ഭുതം. നിങ്ങളെപ്പോലെ തിന്നുകയും കുടിക്കുകയും അങ്ങാടിയില്‍ നടക്കുകയുമൊക്കെ ചെയ്യുന്നവരായിരുന്നു എല്ലാ പൂര്‍വ പ്രവാചകന്മാരും. മലക്കുകള്‍ ദൈവത്തിന്റെ പെണ്‍മക്കളും ദൈവിക ശക്തികളുള്ളവരുമാണെന്ന വാദം തികഞ്ഞ അസംബന്ധമാണ്. വാസ്തവത്തില്‍ ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമായ സൃഷ്ടികളാണവര്‍. തുടര്‍ന്ന് സാക്ഷാല്‍ ദൈവമല്ലാതെ വേറെയും ദൈവങ്ങളുണ്ടെന്ന വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ട് ബഹുദൈവത്വം സ്ഥാപിക്കാന്‍ പര്യാപ്തമായ ബുദ്ധിപരമോ വൈദികമോ ആയ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നു. അനിഷേധ്യമായ തെളിവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവത്തിന്റെ ഏകത്വവും അഖണ്ഡതയും സ്ഥാപിക്കുകയും ചെയ്യുന്നു.

ഭൗതിക പ്രപഞ്ചത്തിന്റെ ആദിയെയും അന്ത്യത്തെയും കുറിച്ചും സൂറഃ ചര്‍ച്ച ചെയ്യുന്നുണ്ട്. ആദിയില്‍ വാനലോകവും ഭൂമിയുമെല്ലാം ഒരൊറ്റ വസ്തുവെന്നോണം ചേര്‍ന്നുനില്‍ക്കുകയായിരുന്നു. പിന്നെ അതു വേര്‍തിരിക്കപ്പെട്ടു. സൂര്യചന്ദ്രന്മാരെ ഉളവാക്കി. ഭൂമിയില്‍ പര്‍വതങ്ങളുറപ്പിച്ചു. ഇവയെല്ലാം ഒരു നാള്‍ നശിച്ചുപോകുന്നതാണ്. വിധാതാവിന്റെ അസ്തിത്വം മാത്രമേ എന്നെന്നും നിലനില്‍ക്കുന്നതായി ഉള്ളൂ. ദൈവികശിക്ഷ വന്നുഭവിക്കുന്നത് നേരില്‍ കാണണമെന്ന അവിശ്വാസികളുടെ ആവശ്യം മഹാമൗഢ്യവും അവിവേകവുമാണ്. ശിക്ഷ വന്നുകഴിഞ്ഞാല്‍ അതിനിരയാവുകയല്ലാതെ, സത്യവിശ്വാസം കൈക്കൊണ്ട് രക്ഷപ്പെടാനൊന്നും പിന്നെ അവസരം ലഭിക്കുകയില്ല. ആകസ്മികമായാണ് അതവരെ പിടികൂടുക. അല്ലാഹുവിന്റെ കോടതിയില്‍ മനുഷ്യജീവിതം കൃത്യമായും സമ്പൂര്‍ണമായും വിചാരണ ചെയ്യപ്പെടുന്നതാണ്. അവിടെ എല്ലാവര്‍ക്കും തികഞ്ഞ നീതി ലഭിക്കുന്നു.

എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്ത സന്ദേശത്തിന്റെ കാതല്‍ ഒന്നാണ്. ഏകനായ അല്ലാഹുവിനുമാത്രം അടിമപ്പെടുക. അവന്‍ അനുശാസിച്ച ധര്‍മങ്ങളാചരിക്കുക. അതുമാത്രമാണ് രക്ഷാമാര്‍ഗം. അല്ലാഹു ഇഷ്ടപ്പെടുന്ന സല്‍കര്‍മങ്ങളാചരിച്ചവര്‍ക്ക് പരലോകത്ത് വിശിഷ്ടമായ കര്‍മഫലം ലഭിക്കും. അതിനു വിസമ്മതിക്കുന്നവര്‍ ചിലപ്പോള്‍ ഈ ലോകത്തുവെച്ചു തന്നെ ശിക്ഷിക്കപ്പെട്ടേക്കും. ഈ ലോകത്തു ശിക്ഷിക്കപ്പെട്ടില്ലെങ്കിലും പരലോക ശിക്ഷ അനിവാര്യമാകുന്നു. അതില്‍നിന്ന് ആര്‍ക്കും ആരെയും രക്ഷിക്കാനാവില്ല. യഅ്ജൂജ് മഅ്ജൂജുകളുടെ ആഗമനത്തെക്കുറിച്ചും സൂറഃ പ്രസ്താവിക്കുന്നുണ്ട്. അന്ത്യപ്രവാചകന്‍ മുഴുലോകത്തിനും അനുഗ്രഹമാണെന്നുണര്‍ത്തിക്കൊണ്ടാണ് സൂറഃ സമാപിക്കുന്നത്. അല്ലാഹുവിന്റെ ഏകത്വവും ധര്‍മശാസനകളുമാണ് അദ്ദേഹം പ്രബോധനം ചെയ്യുന്നത്. മര്‍ത്യരെല്ലാം അദ്ദേഹത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതുണ്ട്. നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള കൊടിയ ശിക്ഷയനുഭവിക്കേണ്ടിവരും. ആ ശിക്ഷ, പലരും കരുതുന്നതുപോലെ ഒരു വിദൂര സങ്കല്‍പമൊന്നുമല്ല. അനിഷേധ്യമായ യാഥാര്‍ഥ്യമാകുന്നു. അവിശ്വാസികള്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമെതിരെ പ്രവാചകന്മാര്‍ക്ക് അല്ലാഹുവിന്റെ സഹായമുണ്ടായിരിക്കും. അന്തിമ വിജയം പ്രവാചകന്മാര്‍ക്കും അവരെ പിന്തുടര്‍ന്ന വിശ്വാസികള്‍ക്കും തന്നെയായിരിക്കും.

ഖുര്‍ആനിലെ ഏറെ വിശിഷ്ടമായ അഞ്ചു സൂറഃകളിലൊന്നാണിതെന്ന് നബി(സ) പ്രസ്താവിച്ചതായി, ബുഖാരി ഉദ്ധരിച്ച ഒരു നിവേദനത്തില്‍ പറയുന്നുണ്ട്. സൂറഃ അല്‍ഇസ്‌റാഅ്, അല്‍കഹ്ഫ്, മര്‍യം, ത്വാഹാ എന്നിവയാണ് മറ്റു നാലു സൂറഃകള്‍. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 <br>അല്‍അമ്പിയാഅ്
എ.വൈ.ആര്‍