Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 29

ഹയ്യ് ബ്‌നു യഖ്ദാന്‍

ഇബ്‌നു തുഫൈല്‍ /നോവല്‍-2

         സമൃദ്ധി നിറഞ്ഞ ഒരു പുല്‍പറമ്പിലാണ് ആ മാന്‍പേട താമസിച്ചിരുന്നത്. അതുകാരണം അവള്‍ തടിച്ചുകൊഴുത്തിരുന്നു. അവളുടെ അകിട്ടില്‍ ആ മനുഷ്യക്കുഞ്ഞിനെ തീറ്റിപ്പോറ്റാന്‍ മതിയായത്ര പാലുണ്ടായിരുന്നു. അവള്‍ എപ്പോഴും അവന്റെ അരികില്‍ തന്നെ നിന്നു. വിശപ്പ് കഠിനമാകുമ്പോള്‍ മാത്രമേ അവനെ പിരിഞ്ഞുള്ളൂ. അവനാകട്ടെ വളരെ വേഗം അവളുമായി ഇണങ്ങി. എപ്പോഴെങ്കിലും പതിവിലധികം സമയം അവളെ കാണാതിരുന്നാല്‍ അവന്‍ നൊമ്പരപ്പെട്ടു കരയും. അതു കേള്‍ക്കേണ്ട താമസം അവള്‍ ഓടി അരികിലെത്തുകയും ചെയ്യും. ഈ സന്തോഷങ്ങള്‍ക്കുപുറമേ, ആ ദ്വീപിലെങ്ങും ഇരപിടിയന്മാരായ ജീവികള്‍ ഉണ്ടായിരുന്നുമില്ല.

നടത്തം പഠിക്കുന്നു

രണ്ടുവര്‍ഷം അവളുടെ മുലപ്പാല്‍ മാത്രം കുടിച്ച് അവന്‍ ജീവിച്ചു. അങ്ങനെ പതുക്കെ നടക്കാനും പല്ലുകള്‍ വളരാനും തുടങ്ങി. അവന്‍ എപ്പോഴും മാന്‍പേടക്കൊപ്പം നടന്നു. അവളാകട്ടെ അവനോട് അങ്ങേയറ്റം സ്‌നേഹവും വാത്സല്യവും പ്രകടിപ്പിച്ചു.

ഫലവൃക്ഷങ്ങള്‍ വളരുന്ന സ്ഥലങ്ങളിലേക്ക് അവള്‍ അവനെ കൊണ്ടുപോകും. വൃക്ഷങ്ങളില്‍നിന്ന് കൊഴിഞ്ഞുവീണ ഏറ്റവും മധുരമുള്ളതും പഴുത്തതുമായ കായ്കനികള്‍ അവനെ തീറ്റും. കടുത്ത പുറംതോടുള്ള പഴങ്ങളാണെങ്കില്‍ അവളത് തന്റെ പല്ലുകള്‍ക്കിടയിലിട്ട് പൊട്ടിച്ച് അവനു നല്‍കും. മുല കുടിച്ചുകൊണ്ടിരിക്കെത്തന്നെ, അവന്‍ ആഗ്രഹിക്കുന്നപക്ഷം, ദാഹശമനം വരുത്താനായി വെള്ളത്തിലേക്കുള്ള വഴി അവളവനു കാണിച്ചുകൊടുക്കും. വെയിലിന് ചൂടു കൂടുമ്പോള്‍ അവന് തണലിട്ടുകൊടുക്കും. തണുപ്പു കഠിനമാകുമ്പോള്‍ തന്റെ ശരീരത്തോടണച്ച് ചൂടുപകരും. രാത്രിയാകുമ്പോള്‍ അവന്റെ താമസ സ്ഥലത്തേക്കു തിരിച്ചുകൊണ്ടുപോകും. ഒരു ഭാഗം സ്വന്തം ശരീരം കൊണ്ടും ബാക്കിഭാഗം പെട്ടകത്തില്‍നിന്ന് ശേഖരിച്ച തൂവലുകള്‍ കൊണ്ടും അവനെ പുതച്ച് കിടത്തിയുറക്കും. അവനെ പെട്ടകത്തില്‍ കിടത്തിയ സമയത്ത് അതില്‍ വിരിച്ചിരുന്ന തൂവലുകളാണത്.

ശബ്ദാനുകരണം

രാവിലെ പുറത്തുപോകുമ്പോഴും വൈകുന്നേരം തിരിച്ചുവരുമ്പോഴും ഒരു കൂട്ടം മാനുകള്‍ എന്നും അവരുടെ കൂടെയുണ്ടാകും. അവര്‍ കിടക്കുന്ന അതേ സ്ഥലത്താണ് അവയും കിടന്നിരുന്നത്. ഏതു നേരവും ആ മാനുകളോടൊപ്പമായതുകൊണ്ട് അവയുടെ ശബ്ദങ്ങള്‍ അല്‍പാല്‍പമായി അവന്‍ പഠിച്ചുകൊണ്ടിരുന്നു. ഒരു വ്യത്യാസവും തോന്നാത്തവിധം ആ ശബ്ദങ്ങളെ അവന്‍ അനുകരിച്ചു. താന്‍ കേട്ട എല്ലാ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങളെ അവന്‍ അനുകരിച്ചിരുന്നു. എങ്കിലും ഏറ്റവും നന്നായി അനുകരിച്ചിരുന്നത് മാനുകളുടെ ശബ്ദം തന്നെയാണ്. സഹായം ആവശ്യപ്പെടുമ്പോഴും ഇണയെ വിളിക്കുമ്പോഴും ദൂരേക്കു പോകുമ്പോഴും അടുത്തേക്ക് വരുമ്പോഴുമെല്ലാം അവ പുറപ്പെടുവിക്കുന്ന വ്യത്യസ്ത ശബ്ദങ്ങളെല്ലാം അതേപടി അവന്‍ അനുകരിക്കുമായിരുന്നു. ഇത്തരം വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പുറപ്പെടുവിക്കുന്നതിന് വ്യത്യസ്തമായ ശബ്ദങ്ങള്‍ മൃഗങ്ങള്‍ക്കുണ്ട്. 

അങ്ങനെ കാട്ടുമൃഗങ്ങളുമായി അവന്‍ നന്നായി പരിചയം സ്ഥാപിച്ചു. അവ അവനെ ഭയപ്പെട്ടില്ല. അവന്‍ അവറ്റകളെയും ഭയപ്പെടുകയുണ്ടായില്ല.

ചിന്തയുടെ തുടക്കം

അപ്പോഴേക്കും അവന്‍ വളരെയധികം കാര്യങ്ങളെക്കുറിച്ച് മനസ്സില്‍ സങ്കല്‍പങ്ങള്‍ രൂപീകരിച്ചു കഴിഞ്ഞിരുന്നു. അവയില്‍ ചിലതിനോട് അവന് ആഗ്രഹം തോന്നി. മറ്റു ചിലതിനോട്, അവയുടെ അസാന്നിധ്യത്തില്‍ പോലും വെറുപ്പ് അനുഭവപ്പെട്ടു. അതോടൊപ്പം പല ഇനങ്ങളിലുംപെട്ട മൃഗങ്ങളെക്കുറിച്ചു അവന്‍ വിചിന്തനം നടത്തിക്കൊണ്ടിരുന്നു. അവയെല്ലാം മുടി കൊണ്ടോ രോമം കൊണ്ടോ തൂവലുകള്‍ കൊണ്ടോ ആവരണം ചെയ്യപ്പെട്ടിരിക്കുന്നതായി അവന്‍ കണ്ടു. അവയുടെ വമ്പിച്ച ശക്തിയെക്കുറിച്ചും വേഗത്തെക്കുറിച്ചും അവന്‍ ആലോചിച്ചു. അവക്കെല്ലാം കൊമ്പുകള്‍, കുളമ്പുകള്‍, കൊക്കുകള്‍, നഖങ്ങള്‍ തുടങ്ങിയ പ്രതിരോധായുധങ്ങളുണ്ട്. പക്ഷേ, താന്‍ മാത്രം നഗ്‌നനാണ്. തനിക്ക് മാത്രം പ്രതിരോധ സാമഗ്രികളില്ല. അവയെ അപേക്ഷിച്ച് താന്‍ മന്ദഗതിക്കാരനും ദുര്‍ബലനുമാണ്. പഴങ്ങള്‍ക്ക് വേണ്ടി തര്‍ക്കങ്ങള്‍ ഉടലെടുക്കുമ്പോഴെല്ലാം അവറ്റകള്‍ വിജയിക്കുകയും താന്‍ തോറ്റുപോവുകയും ചെയ്യുന്നു. അവക്കെതിരെ ചെറുത്തുനില്‍ക്കാനോ ഓടി രക്ഷപ്പെടാനോ തനിക്ക് കഴിയുന്നില്ല.

തന്റെ പ്രായത്തിലുള്ള മാന്‍ കുട്ടികള്‍ക്കെല്ലാം കൊമ്പുകള്‍ മുളച്ചുവരുന്നത് അവന്‍ കണ്ടു. നേരത്തേ അവക്ക് കൊമ്പുകള്‍ ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ ബലഹീനരായിരുന്ന അവക്ക് ശക്തിയും വേഗതയും വര്‍ധിച്ചതും അവന്‍ ശ്രദ്ധിച്ചു. എന്നാല്‍ ഇങ്ങനെ യാതൊന്നും അവനില്‍ സംഭവിച്ചില്ല. അതിനെക്കുറിച്ചും അവന്‍ ആലോചിച്ചു. പക്ഷേ, ആ വ്യത്യാസത്തിനുള്ള ഒരു കാരണവും പിടികിട്ടിയില്ല. എന്തെങ്കിലും കുറവുകളോ വൈകല്യങ്ങളോ ഉള്ള മൃഗങ്ങളെ അവന്‍ പരിശോധിച്ചുനോക്കി. പക്ഷേ, അവക്കിടയിലും തന്നെപ്പോലുള്ള ഒന്നിനെ കാണാനായില്ല. അവയുടെ മലദ്വാരങ്ങള്‍ വാലുകള്‍ കൊണ്ടും മൂത്രദ്വാരങ്ങള്‍ രോമം കൊണ്ടോ അതുപോലുള്ള മറ്റു വസ്തുക്കളാലോ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അതിനുപുറമേ, അവയുടെ ലൈംഗികാവയങ്ങള്‍ തന്റേതിനേക്കാള്‍ മറയ്ക്കപ്പെട്ടിരിക്കുന്നതായും അവന്റെ ശ്രദ്ധയില്‍പെട്ടു.

വസ്ത്രം, ആയുധം

പ്രസ്തുത കാര്യങ്ങളെല്ലാം അവനെ വേദനപ്പെടുത്തി. അവയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം അവന്‍ അസ്വാസ്ഥ്യപ്പെട്ടു. അവന് ഏഴു വയസ്സായി. തന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ആ ന്യൂനതകള്‍ നികത്തപ്പെടാത്തത് അവനെ അങ്ങേയറ്റം നിരാശപ്പെടുത്തിയിരുന്നു. അതിനാല്‍ വീതിയുള്ള ഇലകള്‍ പറിച്ചെടുത്ത് തന്റെ ശരീരത്തിനു രണ്ട് മറകള്‍ അവനുണ്ടാക്കി. അവയിലൊന്ന് മുന്‍ഭാഗത്തും മറ്റേത് പിന്‍ഭാഗത്തും വെച്ച് പനനാരു കൊണ്ട് അരയില്‍ കെട്ടിത്തൂക്കി. പക്ഷേ, അത് വളരെ വേഗം വാടിക്കരിഞ്ഞു. അതിനാല്‍ കൂടുതല്‍ ഇലകള്‍ എടുത്ത് മേല്‍ക്കുമേല്‍ പല അട്ടികളാക്കി വെച്ച് വീണ്ടും അരയില്‍ തൂക്കി. അത് കുറേക്കൂടി നിന്നുവെങ്കിലും അധികനേരം ശേഷിച്ചില്ല.

പിന്നെ അവന്‍ ഒരു മരത്തില്‍നിന്ന് കൊമ്പുകള്‍ ഒടിച്ചെടുത്ത് അവയുടെ അറ്റങ്ങള്‍ സമമാക്കുകയും കമ്പുകള്‍ ചെത്തിമിനുക്കുകയും ചെയ്തു. എന്നിട്ടത് കാട്ടുമൃഗങ്ങളെ ആക്രമിക്കാന്‍ ഉപയോഗിച്ചു. ശക്തി കുറഞ്ഞ മൃഗങ്ങളെ ആക്രമിക്കുകയും കരുത്തു കൂടിയവയെ പ്രതിരോധിക്കുകയും ചെയ്തു. അതിലൂടെ തന്റെ ശക്തിയെക്കുറിച്ച് ചെറിയൊരു ധാരണ അവനു ലഭിച്ചു. തന്റെ കൈകള്‍ മൃഗങ്ങളുടെ മുന്‍കാലുകളെക്കാള്‍ മികവാര്‍ന്നതാണെന്ന് അവന്‍ കണ്ടു. കാരണം അവയുടെ സഹായത്താലാണല്ലോ നഗ്നത മറക്കാനുള്ള മറയും പ്രതിരോധിക്കാനുള്ള ആയുധവും തനിക്കു ലഭിച്ചത്. നേരത്തേ താന്‍ വളരെയേറെ ആഗ്രഹിച്ചിരുന്ന വാലും പ്രകൃതിദത്തമായ ആയുധങ്ങളും ഇപ്പോള്‍ തനിക്ക് ആവശ്യമില്ലാതായിരിക്കുന്നതും അതിനാലാണല്ലോ.

അതിനിടയില്‍ അവന്‍ വളര്‍ന്ന് ഏഴാം വയസ്സ് പിന്നിട്ടു. ഇലകള്‍ കൊണ്ടുള്ള ആവരണം കൂടെക്കൂടെ മാറ്റേണ്ടിവന്നതുകൊണ്ട് അതൊരു ബുദ്ധിമുട്ടായി അനുഭവപ്പെട്ടിരുന്നു. ഏതെങ്കിലും ചത്ത മൃഗത്തിന്റെ വാല്‍ എടുത്ത് നഗ്‌നത മറക്കുന്നതിനെക്കുറിച്ച് അവന്‍ ആലോചിച്ചു. എന്നാല്‍ എല്ലാ മൃഗങ്ങളും അവയുടെ കൂട്ടത്തില്‍നിന്ന് ചത്തവയെ ഉപേക്ഷിക്കുന്നത് അവന്‍ ശ്രദ്ധിച്ചിരുന്നു. അതിനാല്‍ അവയുടെ വാല്‍ എടുക്കുന്നത് സുരക്ഷിതമാണോ അല്ലേ എന്ന സംശയമുണ്ടായി. അങ്ങനെയിരിക്കെ ഒരു ചത്ത പരുന്തിനെ അവന്‍ കാണാനിടയായി. മറ്റു മൃഗങ്ങളൊന്നും അതിനോട് വെറുപ്പ് കാട്ടുന്നത് കണ്ടില്ല. അതിനാല്‍ അതിന്റെ വാല്‍ തന്റെ ഉദ്ദേശ്യത്തിന് പറ്റുമെന്ന് അവന്‍ ചിന്തിച്ചു. ആദ്യം അതിന്റെ ചിറകുകളും വാലും അതേപടി മുറിച്ചെടുത്തു. തൂവലുകള്‍ നിവര്‍ത്തി നേരെയാക്കുകയും ചെയ്തു. അനന്തരം അതിന്റെ തൊലി ഉരിഞ്ഞെടുത്ത് രണ്ടു കഷ്ണങ്ങളാക്കി ഒന്ന് പുറത്തും മറ്റേത് പൊക്കിളിന്മേലും ബന്ധിച്ചു. പിന്നെ വാല്‍ പിന്നിലും ചിറകുകള്‍ മുഴംകൈകളിലും കെട്ടിത്തൂക്കി. ഈ വസ്ത്രം അവന്റെ പല ലക്ഷ്യങ്ങളും പൂര്‍ത്തീകരിച്ചു. ഒന്നാമതായി അതവന്റെ നഗ്‌നത മറച്ചു. മറ്റു ജീവികളില്‍ അവനെക്കുറിച്ച് അത് ഭയം ജനിപ്പിച്ചു. അവയൊന്നും അവനുമായി ശണ്ഠക്ക് മുതിരുകയോ അടുത്തുവരികയോ ചെയ്തില്ല. അവനെ വളര്‍ത്തിയ മാന്‍പേട മാത്രം അവനെ വിട്ടുപിരിയാതെ നിന്നു. അവന്‍ അവളെയും പിരിഞ്ഞില്ല. അവള്‍ വൃദ്ധയും ദുര്‍ബലയുമായപ്പോള്‍ അവനവളെ നല്ല പുല്ലുകളുള്ള മേച്ചില്‍ സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയും ഏറ്റം മധുരമുള്ള പഴങ്ങള്‍ പറിച്ചെടുത്ത് തീറ്റുകയും ചെയ്തു.

അവളുടെ ക്ഷീണവും തളര്‍ച്ചയും നാള്‍ക്കുനാള്‍ കൂടിക്കൂടിവന്നു. അവസാനം അവള്‍ മരണത്തിന് കീഴടങ്ങി. ചലനങ്ങള്‍ നിലക്കുകയും അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു.

മരണത്തെക്കുറിച്ച്

അവളുടെ ആ അവസ്ഥ കണ്ട് അവന്‍ വല്ലാതെ ഭയപ്പെട്ടു. ദുഃഖം മൂലം അവനും മരിക്കുമെന്നായി. സാധാരണ അവളെ വിളിക്കാറുള്ള ശബ്ദം കൊണ്ട് അവനവളെ വിളിച്ചുനോക്കി. പിന്നെ സാധ്യമായ മറ്റെല്ലാ ശബ്ദങ്ങളും പുറപ്പെടുവിച്ചു. പക്ഷേ, അവളില്‍ യാതൊരു അനക്കവും ഉണ്ടായില്ല. അവളുടെ അവസ്ഥയില്‍ ഒരു മാറ്റവും പ്രകടമായില്ല.

അവളുടെ കണ്ണുകളിലേക്കും കാതുകളിലേക്കും അവന്‍ സൂക്ഷിച്ചു നോക്കി. ഒരു വൈകല്യവും അവയില്‍ കണ്ടെത്താനായില്ല. അപ്രകാരം, അവളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും പരിശോധിച്ചു. പക്ഷേ, യാതൊന്നും നഷ്ടപ്പെട്ടിട്ടില്ല. എല്ലാം വേണ്ടതുപോലെത്തന്നെ ഉണ്ട്.

വൈകല്യം സംഭവിച്ച അവയവം കണ്ടെത്താനും അതിന്റെ വൈകല്യം നീക്കി അവളുടെ പൂര്‍വാവസ്ഥ വീണ്ടെടുത്തു കൊടുക്കാനും അവന്‍ തീവ്രമായി അഭിലഷിച്ചു. പക്ഷേ, അത് നടപ്പാക്കാനുള്ള ഒരു വഴിയും കണ്ടെത്താനായില്ല.

അന്വേഷണം തുടരുവാന്‍ അവനു പ്രേരണയായത് മുമ്പ് തന്നില്‍ തന്നെ അവന്‍ നിരീക്ഷിച്ച ഒരു സംഗതിയാണ്. കണ്ണുകള്‍ അടക്കുകയോ, അവക്കു മുമ്പില്‍ വല്ല മറയും പിടിക്കുകയോ ചെയ്താല്‍, പ്രസ്തുത തടസ്സം നീങ്ങുന്നത് വരെ, ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. അപ്രകാരം ചെവിയില്‍ വിരല്‍ തിരുകിയാല്‍, അതവിടെനിന്ന് എടുക്കുന്നത്‌വരെ ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂക്കിന്റെ രണ്ടു ദ്വാരങ്ങള്‍ അടച്ചുപിടിച്ചാല്‍, അവ തുറക്കുന്നതുവരെ ഒരു വാസനയും അനുഭവപ്പെട്ടിരുന്നുമില്ല. തന്റെ എല്ലാ സംവേദന ശേഷികളും തടസ്സപ്പെടുമെന്നും തടസ്സം നീങ്ങുന്നതോടെ അവ വീണ്ടും പ്രവര്‍ത്തനക്ഷമമാകുമെന്നും അതില്‍നിന്ന് അവന്‍ മനസ്സിലാക്കി.

ആ അവയവം ഏത്?

അവളുടെ ബാഹ്യാവയവങ്ങള്‍ പരിശോധിച്ചപ്പോള്‍ അവക്ക് യാതൊരു വൈകല്യവും കാണുകയുണ്ടായില്ല. എന്നിട്ടും ശരീരം മൊത്തത്തില്‍ നിശ്ചലമായിട്ടുണ്ട്. അതിനാല്‍, പുറമേക്ക് കാണാന്‍ പറ്റാത്ത ഏതോ അവയവത്തിനാണ് ക്ഷതം സംഭവിച്ചിരിക്കുന്നതെന്ന് അവന്‍ ഊഹിച്ചു. ശരീരത്തിന്റെ ഉള്ളില്‍ മറഞ്ഞിരിക്കുന്ന ഏതെങ്കിലും അവയവമാകാമത്. അതിന്റെ പ്രകൃതവും ഉപയോഗവും മര്‍മപ്രധാനമായിരിക്കും; അതിന്റെ സഹായം കൂടാതെ ശരീരത്തിന്റെ ബാഹ്യാവയവങ്ങള്‍ക്കൊന്നും അവയുടെ ശരിയായ ധര്‍മം നിര്‍വഹിക്കാന്‍ സാധിക്കാത്തവിധം അതിനു വല്ല ക്ഷതവും സംഭവിച്ചാല്‍ അത് ശരീരത്തെ മൊത്തമായി ബാധിക്കും. അതോടെ ശരീരം മുഴുവന്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്യും.

സാധ്യമെങ്കില്‍ പ്രസ്തുത അവയവം കണ്ടെത്താനും അതിന്റെ കേടുപാടുകള്‍ നീക്കി പൂര്‍വസ്ഥിതിയിലാക്കാനും അവന്‍ ആഗ്രഹിച്ചു. അങ്ങനെ അതിന്റെ പ്രയോജനം വീണ്ടും ശരീരത്തിന് അനുഭവിക്കാന്‍ കഴിയണം. അങ്ങനെ ശരീരം പഴയ പടി പ്രവര്‍ത്തനക്ഷമമാകണം.

നേരത്തേ കാട്ടുമൃഗങ്ങളുടെ ശവങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ഒരു കാര്യം അവന്‍ മനസ്സിലാക്കിയിരുന്നു. അവയുടെ ശരീരത്തിലെ മൂന്ന് ഭാഗങ്ങള്‍ ഒഴിച്ചു ബാക്കിയുള്ളതെല്ലാം ഉറച്ചതാണ്. എന്നാല്‍ തലയോട്ടിയും നെഞ്ചും വയറും പൊള്ളയാണ്. അതിനാല്‍, താന്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ആ അവയവം ഇപ്പറഞ്ഞ ഏതെങ്കിലും ഒരു പൊത്തിലായിരിക്കുമെന്ന് അവന്‍ ഊഹിച്ചു. മാത്രമല്ല, അത് നടുവിലെ പൊത്തില്‍ തന്നെ ആയിരിക്കുമെന്ന ശക്തമായൊരു തോന്നല്‍ ഉണ്ടാവുകയും ചെയ്തു. അത് ശരീരത്തിന് മൊത്തം ആവശ്യമുള്ളതായതിനാല്‍ അതിന്റെ സ്ഥാനം മധ്യത്തിലായിരിക്കുമെന്നു തന്നെ അവന്‍ വിശ്വസിച്ചു. 

(തുടരും)

വിവ: റഹ്മാന്‍ മുന്നൂര്‌
ചിത്രീകരണം: എം. കുഞ്ഞാപ്പ


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 <br>അല്‍അമ്പിയാഅ്
എ.വൈ.ആര്‍