സമവായമാണ് ഗുണകരം
ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ ശൈഖ് മുഹമ്മദ് കാരകുന്ന് 2862-ാം ലക്കത്തില്‍ എഴുതിയ ലേഖനത്തിന് ഒരനുബന്ധമാണിത്. കണ്ണൂര്‍ ജില്ലയില്‍ നൂറ് ശതമാനം ശാഫിഈ മദ്ഹബുകാരായ സുന്നീ വിഭാഗം താമസിക്കുന്ന ഒരുള്‍പ്രദേശത്ത് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് ഇസ്‌ലാമിക് സെന്ററിന്റെ ലേബലില്‍ ഒരു പള്ളി പണിതു. സുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്ത് ഓതാത്തതിനാല്‍ പ്രദേശവാസികള്‍ പലരും ആ പള്ളിയില്‍ കയറാറില്ല. ശാഫിഈ മദ്ഹബ് അനുസരിച്ച് ജീവിക്കുന്ന സുന്നി വിഭാഗത്തിന് ബിസ്മി ഉറക്കെ ഓതാത്ത ഫാത്തിഹയോ, ഖുനൂത്ത് ഇല്ലാത്ത സുബ്ഹിയോ സങ്കല്‍പിക്കുക സാധ്യമല്ല. ലേഖകന്‍ സൂചിപ്പിച്ചത് പോലെ ഈ യാഥാര്‍ഥ്യം അംഗീകരിച്ചാല്‍ ദോഷമല്ല ഗുണവും ഐക്യവും സൗഹൃദവുമാണ് വളര്‍ന്നുവരിക. സൈദ്ധാന്തിക വാശി കാരണം പലയിടങ്ങളിലും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ഒറ്റപ്പെട്ടുപോകാറുണ്ട്.
സ്വൂഫി ചായ്‌വുള്ള സുഡാനില്‍ ജുമുഅക്ക് സ്ത്രീകള്‍ ധാരാളം വന്നുചേരാറുണ്ട്. എന്നാല്‍ അവിടെ നമസ്‌കാരത്തിനു ശേഷം ഫാത്തിഹ ഓതി കൂട്ടുപ്രാര്‍ഥന നടക്കുന്നു. കഴിഞ്ഞ വര്‍ഷം കെനിയന്‍ തലസ്ഥാനമായ നൈറോബിയിലെ മസ്ജിദുന്നൂറില്‍ ജുമുഅക്ക് പോയപ്പോള്‍ മിമ്പറിന്റെ ചുവട്ടില്‍ നിന്ന് സ്വാഹിലി ഭാഷയില്‍ ഗംഭീരന്‍ പ്രസംഗം കഴിഞ്ഞ് ഇമാം മറ്റൊരാള്‍ കൊടുത്ത വടി വാങ്ങി മുകളില്‍ കയറി അറബിയില്‍ ഖുത്വ്ബ നടത്തി. പെണ്ണുങ്ങള്‍ പങ്കെടുത്ത നമസ്‌കാര ശേഷം ലഘു പ്രാര്‍ഥനയും നടത്തി. ഇങ്ങനെ ഓരോ സ്ഥലത്തുമുള്ള ചിന്താസരണികളും കൊച്ചു കൊച്ചു വൈവിധ്യങ്ങളും ഉള്‍ക്കൊള്ളാനുള്ള വിശാലത കാണിക്കാതിരിക്കുന്നത് ശരിയല്ല. ഇതുപോലെ സ്ത്രീ വിദ്യാഭ്യാസം, സംഘടിത സകാത്ത് വിതരണം തുടങ്ങിയ വിഷയങ്ങളില്‍ കനത്ത എതിര്‍പ്പുണ്ടായിരുന്ന മുഖ്യധാരാ സംഘടനകള്‍ തങ്ങളുടെ നയനിലപാടുകളില്‍ അയവ് വരുത്തുമ്പോള്‍ അവരെ പരിഹസിക്കുന്നതിനു പകരം അതിനെ സ്വാഗതം ചെയ്യാന്‍ തയാറാകണം. കര്‍മശാസ്ത്രപരമായ സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് സകാത്ത് സംഘടനകളെ ഏല്‍പിക്കുന്നതിന് വിലങ്ങ് നിന്ന മുഖ്യധാരാ പണ്ഡിത സഭകള്‍ ഖാദി, ഖത്വീബ്, പ്രസിഡന്റ് തുടങ്ങിയവരെ സകാത്ത് ഏല്‍പിക്കുന്നതും അവര്‍ അര്‍ഹരായവര്‍ക്ക് കൊടുക്കുന്നതും അനുകൂലിക്കുമ്പോള്‍, സാധുക്കള്‍ക്ക് പ്രയോജനപ്പെടുന്ന പ്രസ്തുത തീരുമാനം സ്വാഗതം ചെയ്യുകയാണ് വേണ്ടത്. 'ഞങ്ങള്‍ പണ്ടേ പറഞ്ഞത് നിങ്ങള്‍ സമ്മതിച്ചല്ലോ..' എന്ന രീതിയിലുള്ള പരിഹാസ വാക്കുകള്‍ പല നല്ല തീരുമാനങ്ങള്‍ക്കും തടസ്സമാവുകയാണ് ചെയ്യുക. വ്യത്യസ്ത മദ്ഹബുകളെയും വിവിധ ചിന്താധാരകളെയും ഉള്‍ക്കൊള്ളാന്‍ ശൈഖ് സാഹിബിന്റെ കുറിപ്പ് പ്രചോദനം നല്‍കട്ടെ.
Comments