മനസ്സാക്ഷിയുടെ ചോദ്യം
ജനാധിപത്യത്തിന്റെ ചതുര്‍സ്തംഭങ്ങളില്‍ സുപ്രധാനമാണ് ജുഡീഷ്യറി. ഇതര സ്തംഭങ്ങള്‍ക്കുണ്ടാകുന്ന ബലക്ഷയവും ജീര്‍ണതയും പരിഹരിക്കുന്ന സ്തംഭവും കൂടിയാണത്. ജുഡീഷ്യറിയെയും പുഴുക്കുത്ത് ബാധിക്കുന്നുവെന്ന ആശങ്ക കുറെ കാലമായി വളര്‍ന്നുവരുന്നുണ്ട്. അത്യുന്നത ന്യായാധിപന്മാരില്‍ വരെ അഴിമതിയും സദാചാര ലംഘനവും ആരോപിക്കപ്പെടുന്നു. കോടതിയെ നീതിയുടെ സ്രോതസ്സായി കാണുന്നവരെ നിരാശപ്പെടുത്തുന്ന വിധികള്‍ ചിലപ്പോഴെങ്കിലും ഉണ്ടാകാറുണ്ട്. തുല്യനീതി എന്ന മഹിത സങ്കല്‍പം നൈതികതക്കന്യമായ താല്‍പര്യങ്ങള്‍ക്കു വേണ്ടി അവഗണിക്കപ്പെട്ടതായി തോന്നുന്ന സന്ദര്‍ഭങ്ങളും അപൂര്‍വമല്ല. ഉന്നത ന്യായാധിപന്മാരെ നിയമിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയും കേന്ദ്ര ഗവണ്‍മെന്റും തമ്മിലുണ്ടായ ഉരസലും അതിനെ തുടര്‍ന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു നടത്തിയ വെളിപ്പെടുത്തലുകളും ഈ സന്ദേഹങ്ങളെ സാധൂകരിക്കുന്നതാണ്. ഇതൊക്കെയാണെങ്കിലും നീതിക്കുവേണ്ടി കേഴുന്ന ഇന്ത്യന്‍ പൗരന്റെ അവസാനത്തെ അത്താണിയാണ് ഇപ്പോഴും നമ്മുടെ കോടതികള്‍. ഈ പ്രതിഛായക്ക് തിളക്കം പകരുന്നതാണ് മുംബൈ ഹൈക്കോടതിയിലെ ബഹു. ജഡ്ജിമാരായ വി.എം കന്നാഡെയും പി.ടി കോഡെയും ഈയിടെ ഉന്നയിച്ച ഒരു ചോദ്യം.
''ജുഡീഷ്യല്‍ കസ്റ്റഡിയിലും കാരാഗൃഹങ്ങളിലും മരണപ്പെടുന്നവരില്‍ ബഹുഭൂരിഭാഗവും മുസ്‌ലിംകളും ദലിതുകളുമാകുന്നതെങ്ങനെയാണ്? കസ്റ്റഡി മരണങ്ങള്‍ ഏറെയും മഹാരാഷ്ട്രയില്‍ തന്നെ നടക്കുന്നതിനെന്താണ് കാരണം?'' താണെ സെന്‍ട്രല്‍ ജയിലില്‍ മരണപ്പെട്ട 23 വയസ്സുള്ള സോപാറക്കാരന്‍ യുവാവിന്റെ കേസ് വിചാരണ ചെയ്യുമ്പോഴാണ് ബഹു. ജഡ്ജി ഈ ചോദ്യമുന്നയിച്ചത്. കേസില്‍ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. യുഗ്ചൗധരിയെ ഫ്രണ്ട് ഓഫ് കോര്‍ട്ട് ആയി ജഡ്ജിമാര്‍ നിയമിച്ചിട്ടുണ്ട്. അന്യായത്തടങ്കല്‍, കസ്റ്റഡി മരണം പോലുള്ള വിഷയങ്ങള്‍ അഗാധമായി പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തിട്ടുള്ള പ്രഗത്ഭ നിയമജ്ഞനാണ് അഡ്വ. യുഗ്ചൗധരി. മുമ്പും ഇതുപോലുള്ള കുറെ കേസുകളില്‍ അദ്ദേഹം കോടതിയുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഹൈക്കോടതി ഈ കേസുകളെല്ലാം ഒന്നിച്ച് കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ബഹു. ജഡ്ജിമാര്‍ ഉന്നയിച്ച ചോദ്യം മര്‍ദിത വിഭാഗത്തിന്റെ ആവലാതിയുടെയും ഉത്കണ്ഠയുടെയും ഭാഷ്യമാണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. മനുഷ്യത്വരഹിതമായ ജയില്‍ പീഡനവും മരണവും രാജ്യത്ത് സാധാരണമായിരിക്കുന്നു. മര്‍ദന മരണങ്ങളെ സ്വാഭാവിക മരണങ്ങളായി ചിത്രീകരിച്ച് കുറ്റവാളികള്‍ അനായാസം രക്ഷപ്പെടുന്നു. പോലീസിന്റെ മനോവീര്യം ക്ഷയിക്കുമെന്ന് പറഞ്ഞ് കര്‍ശനമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറും മടിക്കുന്നു. പോലീസിന്റെ വര്‍ഗീയ-ജാതീയ പക്ഷപാതിത്വത്തെക്കുറിച്ചും മുസ്‌ലിം പീഡനത്തെക്കുറിച്ചും മുസ്‌ലിം സംഘടനകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഏറെക്കാലമായി മുറവിളിയുയര്‍ത്തുന്നു. മഹാരാഷ്ട്രയില്‍ മാത്രമല്ല ജയില്‍ മര്‍ദനവും കസ്റ്റഡി മരണങ്ങളും നടക്കുന്നത്. കഴിഞ്ഞ വര്‍ഷം യു.പിയില്‍ ഉണ്ടായ ഖാലിദ് മുജാഹിദ് എന്ന തടവുകാരന്റെ ദുരൂഹ മരണം ബഹു. ജഡ്ജിമാര്‍ അനുസ്മരിക്കുകയുണ്ടായി. അതും സ്വാഭാവിക മരണമായിരുന്നുവെന്ന പോലീസ് ഭാഷ്യം അംഗീകരിക്കുകയാണ് യു.പി സര്‍ക്കാര്‍ ചെയ്തത്. 1999 മുതല്‍ 2013 വരെ രാജ്യത്ത് 1418 കസ്റ്റഡി മരണം നടന്നതായി നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 333 എണ്ണം മഹാരാഷ്ട്രയില്‍ തന്നെയാണ് നടന്നത്.
രണ്ട് ന്യായാധിപന്മാര്‍ അവരുടെ മനസ്സാക്ഷിയിലുണര്‍ന്ന ന്യായമായ ചോദ്യം വെളിപ്പെടുത്തുകയായിരുന്നു. മുസ്‌ലിം യുവാക്കളുടെ അനിയന്ത്രിതമായ അറസ്റ്റിനെയും അവരില്‍ ചുമത്തപ്പെടുന്ന മഹാ പാതകങ്ങളെയും കുറിച്ച് നിഷ്പക്ഷമായി, അവധാനതയോടെ ചിന്തിക്കുന്ന ആരിലും ഇത്തരം നിരവധി ചോദ്യങ്ങള്‍ ഉണരാതിരിക്കില്ല. തീവ്രവാദ വിധ്വംസക പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് സ്വന്തം കരിയര്‍ നശിപ്പിക്കാനും സ്വകുടുംബത്തെ നിത്യ യാതനയിലേക്ക് തള്ളിവിടാനും സമുദായത്തെ മുഴുവന്‍ അവിശ്വാസത്തിന്റെയും വെറുപ്പിന്റെയും അരക്ഷിതത്വത്തിന്റെയും കരിമ്പുകയിലകപ്പെടുത്താനും തക്കവണ്ണം മുഴുഭ്രാന്തന്മാരാണോ മുസ്‌ലിം യുവാക്കളൊക്കെ? ഇറാഖിലെ 'ജിഹാദി'കള്‍ മുംബൈ പോലീസ് മേധാവി രാകേഷ് മാരിയക്ക് തന്നെ ഭീഷണി സന്ദേശമയച്ചതെന്തേ? രാഷ്ട്രീയത്തിന്റെയും ഭരണകൂടത്തിന്റെയും തലപ്പത്തിരിക്കുന്ന ഉന്നത വ്യക്തിത്വങ്ങളെയൊന്നും അവര്‍ ഭീഷണിപ്പെടുത്താത്തതെന്തുകൊണ്ടാണ്? മറ്റു സമുദായങ്ങളിലെന്ന പോലെ മുസ്‌ലിം സമുദായത്തിലും ക്രിമിനലുകളുണ്ട്. അവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടേണ്ടതുമാണ്. പക്ഷേ, ഒരു സമുദായത്തിലെ യുവത ഒന്നടങ്കം ക്രിമിനലുകളും ഭീകരന്മാരുമായി ചിത്രീകരിക്കപ്പെടുന്നതിനു പിന്നിലെ ചോതോവികാരമെന്താണ്? തീവ്രവാദത്തിന്റെ വസ്തുതകള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിനു പകരം ഏജന്‍സികളുടെ പ്രസ്താവനകള്‍ അപ്പടി സ്വീകരിക്കപ്പെടുന്നതെന്തുകൊണ്ടാണ്? ഇതുപോലുള്ള നിരവധി ചോദ്യങ്ങള്‍ വ്യാജ 'ദേശഭക്തി'ക്ക് സ്വീകാര്യമല്ലെങ്കിലും നിഷ്പക്ഷ മനസ്സുകളിലുയര്‍ന്നുവരുന്നത് ആര്‍ക്കും തടയാനാവില്ല. ജസ്റ്റിസ് കന്നാഡെയും കോഡെയും ഉയര്‍ത്തിയ ചോദ്യം രാജ്യത്തെ ഇതര ന്യായാധിപന്മാരുടെയും അഭിഭാഷക ലോകത്തിന്റെയും സഗൗരവമായ വിചിന്തനമര്‍ഹിക്കുന്നതാണ്.
Comments