Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 29

ഖുര്‍റം മുറാദ് <br>കര്‍മനൈരന്തര്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും മാതൃക

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍ /വ്യക്തിചിത്രം

         മികവാര്‍ന്ന ചിന്തകന്‍, ഇസ്‌ലാമിന്റെ പ്രചാരണത്തിനും വിജയത്തിനും വേണ്ടി അക്ഷീണം പ്രയത്‌നിച്ച ധിഷണാശാലി, 20-ാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിഷ്‌കാമിയായ പ്രബോധകന്‍- മര്‍ഹൂം ഖുര്‍റം മുറാദിന്റെ സവിശേഷതകളായിരുന്നു ഇവ. പകല്‍ പടയാളിയായും രാത്രി പ്രാര്‍ഥനകളിലും ജീവിച്ച അദ്ദേഹം ഇസ്‌ലാമിക പ്രബോധകര്‍ക്ക് ലക്ഷണമൊത്ത മാതൃകാ വ്യക്തിത്വമാണ്. യുവത്വത്തില്‍ തന്നെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ തിളങ്ങിയ ഖുര്‍റം മുറാദ്, 1932 നവംബര്‍ മൂന്നിന് ഭോപാലില്‍ ജനിച്ചു. പ്രാഥമിക പഠനം മാതാവില്‍നിന്ന് കരസ്ഥമാക്കിയ ശേഷം 1943-ല്‍ സ്‌കൂള്‍ പഠനമാരംഭിച്ചു. പിന്നീട് ഭോപാല്‍ ഹമീദിയ്യഃ കോളേജില്‍ ചേര്‍ന്ന് സയന്‍സില്‍ ഉന്നത മാര്‍ക്കോടെ വിജയിച്ചു. 1948-ല്‍ ഭോപ്പാലില്‍ എത്തിയ സയ്യിദ് സുലൈമാന്‍ നദ്‌വിയാണ് മതപഠനത്തില്‍ അദ്ദേഹത്തിന്റെ ഗുരു.

മതബോധവും പ്രാസ്ഥാനിക അടുപ്പവുമുള്ളതായിരുന്നു ഖുര്‍റമിന്റെ കുടുംബം. സയ്യിദ് മൗദൂദിയുമായി അവരുടെ മാതാവ് എഴുത്തുകുത്തുകള്‍ നടത്തുന്നത് ശ്രദ്ധിച്ച ഖുര്‍റം ഭാവിയില്‍ അദ്ദേഹത്തെപ്പോലെയാവാന്‍ പരിശ്രമിക്കുമെന്ന് തീരുമാനിച്ചിരുന്നു. 1947-ല്‍ കോളേജിലെ സുഹൃത്ത് ഹസനുസ്സമാന്‍ അഖ്തറിന്റെ കൂടെ ജമാഅത്തെ ഇസ്‌ലാമിയുടെ ഭോപാല്‍ സമ്മേളനത്തില്‍ സംബന്ധിച്ചുകൊണ്ടാണ് ഖുര്‍റമിന്റെ പ്രാസ്ഥാനിക യാത്ര ആരംഭിക്കുന്നത്. 1948 ഒക്‌ടോബറില്‍ കുടുംബത്തോടൊപ്പം ഖുര്‍റം മുറാദ് പാകിസ്താനിലേക്കു യാത്രതിരിച്ചു. ആദ്യം ലാഹോറിലും പിന്നീട് കറാച്ചിയിലുമായിരുന്നു താമസം. 1949-ല്‍ ജമാഅത്തെ ഇസ്‌ലാമി കറാച്ചി പ്രാദേശിക ഘടകവുമായി ബന്ധം സ്ഥാപിച്ചു. അവിടെവെച്ച് സഫര്‍ ഇസ്ഹാഖ് അന്‍സ്വാരിയുമായുള്ള അടുപ്പത്തിലൂടെ, വിദ്യാര്‍ഥി പ്രസ്ഥാനമായ ജംഇയ്യതു ത്വലബയുമായി ബന്ധപ്പെട്ടു. സംഘടനയുടെ കറാച്ചി പ്രസിഡന്റ് സമീര്‍ ഹസന് ലണ്ടനിലേക്കു പോകേണ്ടി വന്നപ്പോള്‍ ആ ചുമതല ഖുര്‍റമിന്റെ ഉത്തരവാദിത്വത്തിലായി. അക്കാലത്താണ് കറാച്ചി എന്‍.എ.ഡി എഞ്ചിനീയറിംഗ് കോളേജില്‍നിന്ന് ബിരുദം നേടിയത്.

1951-ല്‍ ലാഹോറില്‍ സംഘടിപ്പിക്കപ്പെട്ട ജംഇയ്യതു ത്വലബയുടെ നാലാം വാര്‍ഷിക സമ്മേളനത്തില്‍വെച്ച് സംഘടനയുടെ മൂന്നാമത്തെ പ്രസിഡന്റായി ഖുര്‍റം തെരഞ്ഞെടുക്കപ്പെട്ടു. 1952-ല്‍ ജംഇയ്യത്തിന്റെ ഭരണഘടനാ പരിഷ്‌കരണ കമ്മിറ്റിയുടെ തലവനായും അദ്ദേഹം നിയോഗിക്കപ്പെട്ടു. ലക്ഷണമൊത്ത പ്രഭാഷകന്‍ കൂടിയായിരുന്നു ഖുര്‍റം മുറാദ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പ്രവര്‍ത്തകര്‍ക്കു നവോന്മേഷം പകര്‍ന്നു. 1953-ല്‍ ജംഇയ്യതില്‍ അംഗത്വ പ്രായപരിധി തീര്‍ന്നെങ്കിലും സംഘടനയുടെ സമ്മേളനങ്ങളില്‍ അദ്ദേഹം പിന്നീടും പങ്കെടുത്തുകൊണ്ടിരുന്നു. 1956-ല്‍ ജംഇയ്യത് പ്രവര്‍ത്തകരുടെ ആത്മീയ വളര്‍ച്ച മുന്നില്‍ കണ്ട് 'ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ പ്രവര്‍ത്തകരുടെ പരസ്പര ബന്ധം' എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വഹിച്ചതാണ് പിന്നീട് ഗ്രന്ഥരൂപം പൂണ്ട് ഇന്നും പ്രവര്‍ത്തകരുടെ മാര്‍ഗദര്‍ശന ഗ്രന്ഥമായി തുടരുന്നത്. 1954 മുതല്‍ ജോലിയില്‍ പ്രവേശിച്ച ഖുര്‍റം രണ്ട് വര്‍ഷത്തിന് ശേഷം വിവാഹാവശ്യാര്‍ഥം ഇന്ത്യയിലേക്കു മടങ്ങി. ഭോപാലിലെ പ്രമുഖ പണ്ഡിതന്‍ നവാബ് സിദ്ദീഖ് ഹസന്‍ ഖന്നൂജിയുടെ കുടുംബത്തില്‍നിന്നാണ് അദ്ദേഹം വിവാഹം ചെയ്തത്. 1957ല്‍ സ്‌കോളര്‍ഷിപ്പോടെ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദത്തിന് അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ അവസരം ലഭിച്ചു. യൂനിവേഴ്‌സിറ്റി ഓഫ് മിനിസോട്ടയിലായിരുന്നു പഠനം. അവിടെ ഇസ്‌ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി, പാകിസ്താന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നീ വേദികള്‍ക്കു രൂപം നല്‍കി. അമേരിക്കയില്‍ വെച്ച് ക്രൈസ്തവ മിഷനറിമാരുമായി സംവാദത്തിലേര്‍പ്പെട്ട് ഇസ്‌ലാമിക പ്രബോധന രംഗത്ത് കരുത്താര്‍ജിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ കൂടി വ്യുല്‍പത്തി നേടിയ ഇക്കാലത്ത് പഠനാനന്തരം അവിടെത്തന്നെ അധ്യാപകനായും പ്രവര്‍ത്തിച്ചു. 1959-ല്‍ പാകിസ്താനില്‍ മടങ്ങിയെത്തി ബ്രഹ്മപുത്ര നദിക്ക് തടയണ നിര്‍മിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതില്‍ വ്യാപൃതനായി. 1966-ല്‍ ഈ പ്രോജക്ട് തയാറാക്കിയ അസോസിയേറ്റഡ് കണ്‍സള്‍ട്ടന്റ് എഞ്ചിനീയേഴ്‌സ് എന്ന കമ്പനിയുടെ കിഴക്കന്‍ പാകിസ്താന്‍ ശാഖയുടെ ചീഫ് എഞ്ചിനീയറും ജനറല്‍ മാനേജറുമായി അദ്ദേഹം നിയമിക്കപ്പെട്ടു.

1953-ല്‍ ജമാഅത്ത് അംഗത്വാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും 10 വര്‍ഷത്തിന് ശേഷമാണത് പരിഗണിക്കപ്പെട്ടത്. 1963-ല്‍ ജമാഅത്ത് അംഗമായതോടെ സംഘടനയുടെ ധാക്ക അമീറായി. അവിടെ വെച്ച് ഇംഗ്ലീഷ്, ബംഗ്ലാ ഭാഷകളില്‍ 'സെര്‍ച്ച് ലൈറ്റ്' എന്ന ബുള്ളറ്റിന്‍ പ്രസാധനത്തിന് അദ്ദേഹം തുടക്കം കുറിച്ചു. ഇസ്‌ലാമിക് റിസര്‍ച്ച് അക്കാദമിക്കു നാന്ദികുറിച്ചപ്പോള്‍ ധാക്ക മേഖലയുടെ പ്രഥമ അധ്യക്ഷനായതും ഖുര്‍റം തന്നെ. അതേവര്‍ഷം പാക് ജമാഅത്ത് കൂടിയാലോചനാ സമിതിയിലും അംഗമായി. 1964-ല്‍ ജമാഅത്ത് നിരോധിക്കപ്പെട്ടതുകാരണം മൂന്നു മാസം ജയിലിലായിരുന്നു.

1964-ല്‍ പ്രസിഡന്റ് അയ്യൂബ് ഖാന് എതിരെയുള്ള സി.ഒ.പി കൂട്ടായ്മയില്‍ സജീവ സാന്നിധ്യമായിരുന്നു ഖുര്‍റം മുറാദ്. അയ്യൂബ്ഖാനെതിരെ ഫാത്വിമ ജിന്നയുടെ നേതൃത്വത്തിലുണ്ടായ പ്രതിഷേധ കൊടുങ്കാറ്റിലും തെരഞ്ഞെടുപ്പിലും കിഴക്കന്‍ പാകിസ്താന്റെ ചുമതല ഖുര്‍റമിനായിരുന്നു. 1967-ല്‍ 'പാകിസ്താന്‍ തഹ്‌രീകെ ജുംഹൂരിയ്യത്' രൂപവത്കൃതമായപ്പോള്‍, ആ വേദിയില്‍ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച നാലുപേരില്‍ ഒരാള്‍ ഖുര്‍റമായിരുന്നു. 1974-77ല്‍ ഇറാന്‍, യു.എ.ഇ, സുഊദി അറേബ്യ എന്നീ രാജ്യങ്ങളില്‍ എഞ്ചിനീയറായി ഉയര്‍ന്ന തസ്തികയില്‍ ജോലി നോക്കി. സുഊദിയിലായിരിക്കെ മക്ക ഹറം വികസന പ്രോജക്ടില്‍ പങ്കുവഹിച്ചു. 1977-ല്‍ കമ്പനിയില്‍നിന്ന് രാജിവെച്ച് ബ്രിട്ടനിലേക്കു പോയി അവിടെ 'ദ ഇസ്‌ലാമിക് ഫൗണ്ടേഷ'നുമായി ബന്ധം സ്ഥാപിക്കുകയും പ്രഫ. ഖുര്‍ശിദ് അഹ്മദ് പാകിസ്താനിലേക്കു മടങ്ങിയതിനാല്‍ 1977-ല്‍ ആ സംഘടനയുടെ ഡയറക്ടര്‍ ജനറലായി ഖുര്‍റം ചുമതലയേല്‍ക്കുകയുമുണ്ടായി. 1986 വരെ ആ പദവിയില്‍ തുടര്‍ന്നു. പ്രസ്തുത സംഘടനയുടെ പ്രസിദ്ധീകരണമായ മുസ്‌ലിം വേള്‍ഡ് റിവ്യുവിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. 1986-ല്‍ പാകിസ്താനില്‍ ജമാഅത്തിന്റെ നേതൃനിരയില്‍ മടങ്ങിയെത്തി. 1991-ല്‍ തര്‍ജുമാനുല്‍ ഖുര്‍ആന്റെ എഡിറ്റര്‍ പദവി വഹിച്ചു. പ്രസ്തുത പ്രസിദ്ധീകരണത്തെ അതിന്റെ പൂര്‍വ പ്രതാപത്തിലേക്കു തിരിച്ചുകൊണ്ടുവന്നു.

ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍ അനവധി കനപ്പെട്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഖുര്‍റം. ഉര്‍ദുവില്‍ 112ഉം ഇംഗ്ലീഷില്‍ 20ഉം ചെറുതും വലുതുമായ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. പൊതുസമൂഹം, പ്രവര്‍ത്തകര്‍, കുട്ടികള്‍ എന്നീ മൂന്നു വിഭാഗത്തിനു വേണ്ടിയും അദ്ദേഹം ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക ഗ്രന്ഥങ്ങളും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ്. ഖുര്‍ആനിലേക്കുള്ള പാത, വസ്വിയ്യത്ത് ഉള്‍പ്പെടെ ഇവയില്‍ ചിലത് മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഖുത്ബാത്ത്, സത്യസാക്ഷ്യം, ഇസ്‌ലാമിന്റെ ജീവിത വീക്ഷണം തുടങ്ങി സയ്യിദ് മൗദൂദിയുടെ കനപ്പെട്ട ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തകനും ഖുര്‍റം മുറാദ് തന്നെയാണ്. ഹൃദ്രോഗ ചികിത്സക്കായി 1996-ല്‍ ബ്രിട്ടനിലേക്കു യാത്ര തിരിച്ച അദ്ദേഹം ഡിസംബര്‍ 19-ന് അവിടെവെച്ച് ഇഹലോകവാസം വെടിഞ്ഞു. അതിനിടെ അവിടെവെച്ച് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ആത്മകഥയായ 'ലംഹാത്' റിക്കാര്‍ഡ് ചെയ്യപ്പെട്ടു. പിന്നീടത് ഗ്രന്ഥരൂപത്തില്‍ പുറത്തിറങ്ങി. പ്രവര്‍ത്തന നൈരന്തര്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും മാതൃകയാണ് ഖുര്‍റം മുറാദ് തന്റെ ജീവിതത്തിലൂടെ ബാക്കിവെച്ചിരിക്കുന്നത്. ഒരേസമയം ജനകീയ തലത്തിലും അക്കാദമിക തലത്തിലും പ്രവര്‍ത്തിച്ച് സമകാലിക ഇസ്‌ലാമിക ചിന്തയെ ക്രിയാത്മകമായി വികസിപ്പിച്ചവരിലൊരാളായിരുന്നു ആ പ്രബോധകന്‍. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 <br>അല്‍അമ്പിയാഅ്
എ.വൈ.ആര്‍