ബന്ധങ്ങളുടെ സ്പന്ദമാപിനി
അയാള്‍ സംസാരിച്ചു തുടങ്ങി: ''സുഹൃത്തുക്കളോടും സ്‌നേഹിതന്മാരോടുമുള്ള എന്റെ ബന്ധം എങ്ങനെയാണ് വിലയിരുത്താനാവുക?''
ഞാന്‍ പറഞ്ഞു: ''മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധം പരിശോധിച്ചറിയാന്‍ ചില വഴികളുണ്ട്. നിങ്ങള്‍ വെറുക്കപ്പെട്ടവനാണോ പ്രിയപ്പെട്ടവനാണോ എന്നറിയാന്‍ അതുമൂലം കഴിയും. സുഹൃദ് ബന്ധമോ ദാമ്പത്യബന്ധമോ മാതാപിതാക്കളോടുള്ള ബന്ധമോ കച്ചവട ബന്ധമോ എന്തുമാവാം ഇവ. നിങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ പരിശോധിച്ച് അറിയാനുള്ള സ്പന്ദമാപിനിയായി അഞ്ച് സിദ്ധാന്തങ്ങളുണ്ട്. പറയാന്‍ പോകുന്ന അഞ്ച് അടയാളങ്ങളില്‍ വല്ലതും നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെ സാമൂഹിക ബന്ധം തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് മനസ്സിലാക്കണം. അവ കണ്ടറിഞ്ഞ് തിരുത്താനും ബന്ധങ്ങള്‍ നന്നാക്കിയെടുക്കാനുമാവണം നിങ്ങളുടെ ശ്രമങ്ങള്‍.
ഒന്ന്, ആശയവിനിമയത്തിലെ വീഴ്ച. അപരനുമായുള്ള ആശയസംവേദനത്തില്‍ നിന്ന് ഓടിയൊളിക്കുകയോ അതില്‍ പരാജയപ്പെടുകയോ ചെയ്യുക. നിങ്ങള്‍ ബന്ധപ്പെടുന്ന മറു കക്ഷിയില്‍ പ്രകടമാകുന്ന നിസ്സംഗഭാവത്തില്‍ നിന്നോ നിര്‍വികാരതയില്‍ നിന്നോ നിങ്ങള്‍ക്കത് ഊഹിച്ചെടുക്കാനാവും. നിങ്ങള്‍ പ്രകടിപ്പിക്കുന്ന വികാരങ്ങളോട് അതേ ശക്തിയില്‍ പ്രതികരിക്കാതിരിക്കാനോ നിങ്ങളില്‍ നിന്ന് സമര്‍ഥമായി രക്ഷപ്പെടാനോ അപരന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ നിങ്ങളറിയണം നിങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന്. തക്കതായ കാരണങ്ങളാലാണ് ഈ ആശയവിനിമയ പരാജയമെങ്കില്‍ അത് ഈ ഗണത്തില്‍ പെടില്ല.
രണ്ട്, തുടരെത്തുടരെയുള്ള തര്‍ക്കങ്ങള്‍. സ്‌നേഹക്കുറവിന്റെയോ അപരനെ അംഗീകരിക്കാനുള്ള വൈമനസ്യത്തിന്റെയോ അടയാളമാണത്. അതിനാല്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ തള്ളപ്പെടുകയോ അവ അസ്വീകാര്യമായിത്തീരുകയോ ചെയ്യുന്നു. ബന്ധങ്ങള്‍ നല്ല നിലക്കായിത്തീരുകയും ബന്ധങ്ങളില്‍ സ്‌നേഹാംശത്തിന് മുന്‍തൂക്കമുണ്ടാവുകയും ചെയ്യുമ്പോള്‍ ഇങ്ങനെ എന്തും ഏതും ചര്‍ച്ചക്ക് വിധേയമാവില്ല. ചര്‍ച്ചയും സംവാദവും ആവശ്യമുള്ള വിഷയങ്ങളില്‍ അവ നടത്തുന്നത് ബന്ധങ്ങളെ തകര്‍ക്കുമെന്നല്ല നാം പറഞ്ഞുവന്നത്.
മൂന്ന്, കളവ് പറയല്‍. ബന്ധങ്ങളിലെ സുതാര്യതയില്ലായ്മയെയാണ് അത് സൂചിപ്പിക്കുന്നത്. പ്രശ്‌നങ്ങളെ ചങ്കൂറ്റത്തോടെ നേരിടാനുള്ള മനക്കരുത്തിന്റെയും, സമീപനങ്ങളില്‍ മാറ്റം വരുത്തി പരിഷ്‌കരിക്കാനുള്ള സന്നദ്ധതയുടെയും അഭാവത്തിലാണ് കളവ് പറയാനും ചെയ്യാനും വളഞ്ഞ വഴികള്‍ തേടാനുമുള്ള പ്രവണത ഉടലെടുക്കുന്നത്. ബന്ധങ്ങള്‍ ശരിയായ രൂപത്തിലല്ല എന്നാണ് ഈ ദുസ്സ്വഭാവം വിളിച്ചോതുന്നത്.
നാല്, ആദരവിന്റെ അഭാവം. ആരോഗ്യകരമായ പരസ്പര ബന്ധത്തിന്റെ നട്ടെല്ലാണ് പരസ്പരാദരം. അന്യോന്യമുള്ള ആദരവ് നഷ്ടപ്പെട്ടാല്‍ ശകാരമായി, അവഹേളനമായി, വ്യാജാരോപണങ്ങളായി, കള്ളങ്ങളായി, അവഗണനയായി, രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിച്ച് വെളിപ്പെടുത്തി വഷളാക്കലായി, വ്യക്തിപരമായ കുറ്റങ്ങളും കുറവുകളും വിളിച്ചു പറഞ്ഞ് പരസ്യപ്പെടുത്തലായി അവ പുറത്ത് വരും. ബന്ധങ്ങളുടെ തകര്‍ച്ചയാണ് അവസാന ഫലം.
അഞ്ച്, പരസ്പര വിശ്വാസമില്ലായ്മ. പരസ്പര ബന്ധങ്ങള്‍ കലുഷമാവാനും തകരാനുമുള്ള മുഖ്യ കാരണമാണിത്. ബന്ധങ്ങളിലെ വിശ്വാസ്യത ഇല്ലാതായാല്‍ കാലുഷ്യമാണ് ഫലം. ബന്ധങ്ങളുടെ കണ്ണിയറ്റാല്‍ പിന്നെ സത്യസന്ധമായ സമീപനങ്ങള്‍ക്കും ഇടപെടലുകള്‍ക്കും അര്‍ഥമുണ്ടാവില്ല.
ബന്ധങ്ങളുടെ ഗ്രാഫ് എപ്പോഴും മോല്‍പോട്ട് ഉയര്‍ന്നുകൊണ്ടിരിക്കണം. എല്ലാ ബന്ധങ്ങള്‍ക്കുമുണ്ട് ഉയര്‍ച്ച-താഴ്ചകള്‍. മാതാപിതാക്കളുമായുള്ള ബന്ധത്തിനും ദാമ്പത്യ ബന്ധത്തിനും സുഹൃദ് ബന്ധത്തിനുമെല്ലാം ഈ പൊതു നിയമം ബാധകമാണ്. ഇത്തരം ഘട്ടങ്ങളില്‍ ബന്ധങ്ങള്‍ നന്നാക്കാനും അറ്റകുറ്റപ്പണികള്‍ ചെയ്ത് അവ മെച്ചപ്പെടുത്താനും ബോധപൂര്‍വമായ ശ്രമങ്ങള്‍ വേണം. അതിനുതകുന്ന പല രീതികളുമുണ്ട്. സമ്മാനങ്ങളും ഉപഹാരങ്ങളും നല്‍കുന്നത് ഏറെ ഫലപ്രദമായ രീതിയാണ്. ''നിങ്ങള്‍ ഉപഹാരങ്ങള്‍ കൈമാറുക. നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുന്നവരാവും'' (ഹദീസ്). അതില്‍ സ്‌നേഹത്തിന്റെ സന്ദേശമുണ്ടെന്ന് സ്വീകര്‍ത്താവിന് തോന്നും. അതോടെ അറ്റ ബന്ധങ്ങളുടെ സംയോജനം സാധ്യമാവും. സമ്മാനങ്ങളുടെ വലുപ്പ-ചെറുപ്പമല്ല കാര്യം. അത് നല്‍കാനുള്ള വലിയ മനസ്സാണ്. അതിനേക്കാള്‍ പ്രഥമവും പ്രധാനവുമായത് പരസ്പരം മനസ്സ് തുറക്കലാണ്. ഉള്ള് തുറന്ന് സംസാരിക്കലാണ്. ബന്ധങ്ങള്‍ തകര്‍ച്ചയിലേക്ക് നീങ്ങിയാല്‍, സ്വിച്ചിട്ടാല്‍ ബള്‍ബ് കത്തുന്നപോലെ ബന്ധങ്ങള്‍ ഉടനെ പൂര്‍വസ്ഥിതി കൈവരിച്ചുകൊള്ളണമെന്നില്ല. അതിന് സമയമെടുക്കും. സാമൂഹിക ബന്ധങ്ങള്‍ വൃക്ഷത്തെപ്പോലെയാണ്. അത് പുഷ്പിച്ചു കായ്ക്കാന്‍ നല്ല പരിചരണം വേണം. കൊടുങ്കാറ്റില്‍നിന്നും രോഗങ്ങളില്‍ നിന്നും വൃക്ഷത്തെ കാക്കാന്‍ സുരക്ഷാ നടപടികള്‍ വേണം. ബന്ധങ്ങളുടെ സ്ഥിതിയും അതുതന്നെ.
എല്ലാം സശ്രദ്ധം കേട്ട് കഴിഞ്ഞ അയാള്‍: ''താങ്കള്‍ വിശദീകരിച്ച ഈ അഞ്ച് സിദ്ധാന്തങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ തുറന്നു പറയട്ടെ. എനിക്കൊരു സ്‌നേഹിതനുണ്ട്. അയാളുമായുള്ള എന്റെ ബന്ധം തകര്‍ന്നുവെന്ന തോന്നല്‍ എനിക്കുണ്ട്. അത് പൂര്‍വസ്ഥിതിയിലാവുകയും ശക്തിപ്പെടുകയും ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ട്. അതിന് ഞാനെന്തു വേണം?''
ഞാന്‍ പറഞ്ഞു: ''സുഹൃത്തിനോടോ ഭാര്യയോടോ എന്തിന്, മക്കളോടു പോലുമുള്ള ബന്ധം വീണു കിട്ടുന്നതല്ല, അത് ബോധപൂര്‍വം ഉണ്ടാക്കിയെടുക്കേണ്ടതാണ്. ബന്ധങ്ങള്‍ സ്വന്തം നിലക്ക് വളര്‍ച്ച പ്രാപിക്കില്ല. വികസിക്കുകയുമില്ല. അതിന് ശ്രമവും ശ്രദ്ധയും പരിചരണവും തുടര്‍ നടപടികളും മെച്ചപ്പെടുത്താനുള്ള സന്നദ്ധതയും ആവശ്യമാണ്. അതിനൊക്കെ പുറമെ സ്‌നേഹം അല്ലാഹുവിങ്കല്‍ നിന്നുണ്ടാവേണ്ട വരദാനമാണ്. ജീവിതത്തിന്റെ ആദ്യ പകുതിയില്‍ നമുക്കൊക്കെ നിരവധി സ്‌നേഹിതന്മാരും സുഹൃത്തുക്കളുമുണ്ടാവും. രണ്ടാമത്തെ പകുതിയിലാണ് നാം ആത്മമിത്രങ്ങളെ തെരഞ്ഞെടുക്കുന്നതും അവരുമായുള്ള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതും അവ വികസിപ്പിക്കുന്നതുമെല്ലാം.
മനുഷ്യന്‍ പ്രകൃത്യാ സാമൂഹിക ജീവിയാണ്. അവന് സുഹൃത്തുക്കളും പരിചയക്കാരുമുണ്ടാവും. അവരുമായി ഇടപഴകുമ്പോള്‍ അവന് സന്തോഷവും മനസ്സമാധാനവും ആഹ്ലാദവും അനുഭവപ്പെടും. വൈകാരികവും മാനസികവുമായ ദാഹം ശമിപ്പിക്കാനും സുഹൃദ് ബന്ധങ്ങള്‍ക്കാവും. നല്ല ബന്ധങ്ങള്‍ രോഗശമനത്തിന് വരെ ഉതകുമെന്ന് ഞാന്‍ വായിച്ചതോര്‍ക്കുന്നു.''
''ആ പ്രസ്താവം ശരിയാണോ?'' അയാള്‍ ചോദിച്ചു.
ഞാന്‍ പറഞ്ഞു: ''അത് ശരിയാണ്. അവരില്‍ നിന്ന് താങ്കള്‍ക്ക് പലതും പഠിക്കാനുമുണ്ടാവും. അതിലെല്ലാം പ്രധാനം, തന്നെ സ്‌നേഹിക്കുകയും തന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും തനിക്ക് പ്രത്യേക പരിഗണന തരികയും ചെയ്യുന്ന ഒരു വ്യക്തി തന്റെ ജീവിത പരിസരത്തുണ്ടല്ലോ എന്ന വിചാരം താങ്കള്‍ക്ക് സന്തോഷവും ആനന്ദവും പകരുമെന്നുള്ളതാണ്. അത്തരം ഒരു വ്യക്തിയെ കണ്ടെത്തിക്കഴിഞ്ഞാല്‍ അയാളെ കൈവിടാതെ ആ സ്‌നേഹബന്ധം എന്തു വില കൊടുത്തും നിലനിര്‍ത്താനും നാള്‍ക്കുനാള്‍ ശക്തിപ്പെടുത്താനും ശ്രമിക്കുക. കാരണം, സ്‌നേഹബന്ധം ഒരു നിക്ഷേപമാണ്. നല്ല ബന്ധങ്ങള്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടും. അവ വിജയത്തിലേക്കുള്ള വഴികള്‍ ചൂണ്ടിക്കാണിച്ചുതരും.''
വിവ: പി.കെ ജമാല്‍
Comments