Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 29

ഇബ്‌നു തുഫൈലിന്റെ ഹയ്യ്ബ്‌നു യഖ്ദാന്‍

സാലിം ചോലയില്‍ ചെര്‍പ്പുളശ്ശേരി

ഇബ്‌നു തുഫൈലിന്റെ ഹയ്യ്ബ്‌നു യഖ്ദാന്‍

         ഇബ്‌നു തുഫൈലിന്റെ ഹയ്യ്ബ്‌നു യഖ്ദാനെക്കുറിച്ച് ടി.കെ ഇബ്‌റാഹീം എഴുതിയ ലേഖനം (ലക്കം 2862) പ്രസക്തമായി. വിശ്വപ്രപഞ്ചത്തിലെ മനുഷ്യ ഭാഗധേയത്തെക്കുറിച്ചുള്ള മൗലികാന്വേഷണങ്ങളാണ് തത്ത്വചിന്ത. ഇസ്‌ലാമിക നാഗരികത ജന്മം നല്‍കിയ ചിന്തകരില്‍ പ്രമുഖനായ ഇബ്‌നു തുഫൈല്‍ തത്ത്വചിന്താരംഗത്ത് തന്റേതായ വ്യക്തിത്വം സ്ഥാപിച്ചെടുത്തിട്ടുണ്ട്. മുവഹ്ഹിദി ഭരണാധിപനായ അബൂ യഅ്ഖൂബ് യൂസുഫിന്റെ കൊട്ടാര ഉപദേശകനും ഭിഷഗ്വരനുമായിരുന്ന ഇബ്‌നു തുഫൈലിന്റെ ആഴമുള്ള രചനകളിലൊന്നായ 'ഹയ്യ്ബ്‌നു യഖ്ദാന്‍' മനുഷ്യ വിജ്ഞാനങ്ങളുടെ മൗലിക ഘടകങ്ങളെ കാല്‍പനികമായി അപഗ്രഥിക്കുന്നു. ആധുനിക നോവല്‍ സാഹിത്യം വരുന്നതിന്റെ എത്രയോ മുമ്പാണ് ഇമ്മട്ടിലുള്ള സവിശേഷമായൊരു ശ്രമം. ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇത്താലിയാനോ തുടങ്ങിയ ലോക ഭാഷകളില്‍ ഈ മനോഹര സാഹിത്യകൃതിയുടെ പരിഷ്‌കൃതമായ പരിഭാഷകള്‍ ലഭ്യമാണ്.

സാലിം ചോലയില്‍ ചെര്‍പ്പുളശ്ശേരി

തീര്‍ത്തും നിയമവിരുദ്ധമായി പടുത്ത ഒരു രാഷ്ട്രം നിയമങ്ങളെ എങ്ങനെ മാനിക്കാനാണ്?

         അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടുന്ന ഗസ്സ നിവാസികളുടെയും ഹമാസ് സേനയുടെയും സായുധ സമരത്തെ അംഗീകരിക്കാത്തവര്‍ക്ക് ബ്രീട്ടീഷ് അധിനിവേശത്തിനെതിരെ ഇന്ത്യയില്‍ നടന്ന സായുധ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് വീരവാദം മുഴക്കാന്‍ അര്‍ഹതയില്ല. ഹമാസിന്റെ പോരാട്ടം തീവ്രവാദമാണെങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും തീവ്രവാദമാണെന്ന്  പറയേണ്ടിവരും. ധീരരായ ഭഗത്‌സിംഗും ഉദ്ദംസിംഗും കുഞ്ഞാലിമരയ്ക്കാര്‍മാരും ടിപ്പു സുല്‍ത്താനും ആയുധമെടുത്ത് ബ്രീട്ടീഷ് അധിനിവേശകര്‍ക്കെതിരെ പോരാടിയത് ഇന്ത്യന്‍ മണ്ണിനെ അവരില്‍ നിന്നു മോചിപ്പിക്കാന്‍ വേണ്ടിയായിരുന്നു. രണ്ടു പോരാട്ടങ്ങളും അധിനിവേശ ശക്തികള്‍ക്കെതിരാണ്. രണ്ടും സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ളതാണ്. അപ്പോള്‍ പിന്നെ ഹമാസിന്റെ സ്വാതന്ത്ര്യപ്പോരാട്ടം തീവ്രവാദമാണെന്ന് പ്രചരിപ്പിച്ച് ഇസ്രായേലിനെ അനുകൂലിക്കുന്നത് എന്തുമാത്രം യുക്തിരഹിതവും വിരോധാഭാസവുമാണ്! ഇസ്രയേലിന് ഒരു രാഷ്ട്രമെന്നുപോലും അവകാശപ്പെടാന്‍ കഴിയില്ല. നൂറു ശതമാനവും നിയമ വിരുദ്ധമായി സ്ഥാപിതമായതാണത്. അതുകൊണ്ട് തന്നെ ഒരു നിയമസാധുതയും ഇസ്രയേലിനില്ല. ഇസ്രയേലിന്റെ അസ്തിത്വം ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിക്കുകയാണെങ്കില്‍ സ്വന്തം രാജ്യത്ത് കടന്നു കയറി സ്വത്തും സമ്പത്തും കൊള്ളയടിച്ച ബ്രീട്ടീഷുകാരെയും അംഗീകരിക്കേണ്ടതായി വരും.

അജാസ് എ. ചടയമംഗലം

ദൈവികനീതി 
പുലരുക തന്നെ ചെയ്യും

         ഏറെ അനുഗ്രഹിക്കപ്പെടുകയും ഉത്കൃഷ്ട പദവി നല്‍കപ്പെടുകയും ചെയ്ത സമൂഹമായിരുന്നു ഇസ്രാഈല്യര്‍. എന്നാല്‍, പിന്നീട് അവര്‍ അധഃപതിക്കുകയും പ്രവാചകന്മാരെ നിഷ്ഠുരം ആക്രമിക്കുകയും വധിക്കുകയും ചെയ്തതിന്റെ ഫലമായി അവര്‍ ദൈവത്തിന്റെ കോപത്തിന് പാത്രമായി. ഈ വിഭാഗം ഇപ്പോള്‍ മര്‍ദകരായി മാറുകയും ഫലസ്ത്വീനികളെ കൊന്നൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

സയണിസ്റ്റുകളുടെ അക്രമങ്ങള്‍ക്കെതിരെ നിസ്സഹായരായി പോരാടുന്നവര്‍ക്ക് തുണയായി ഇനി ദൈവം മാത്രമാണുള്ളത്. ദൈവിക നീതിയിലാണ് ഇനി ലോകത്തിന്റെ പ്രതീക്ഷ. അക്രമികളെ അധികകാലം അഴിഞ്ഞാടാന്‍ ദൈവം അനുവദിക്കില്ല. വേദഗ്രന്ഥം അതിന് സാക്ഷിയാണ്. ഈ വിശ്വാസമാണ് മര്‍ദിത സമൂഹത്തെ ആത്മാഭിമാനമുള്ളവരാക്കി മുന്നോട്ട് നയിക്കുന്നത്. അചഞ്ചലമായ നീതിവ്യവസ്ഥയാണ് ദൈവത്തിന്റേത്. വൈകാതെ ആ നീതി പുലരുക തന്നെ ചെയ്യും. 

അബ്ദുല്‍ മലിക് മുടിക്കല്‍

അഡ്വ. കെ. മുഹമ്മദിനെക്കുറിച്ച് വിട്ടുപോയത്

         അഡ്വ. കെ. മുഹമ്മദ് (കൊച്ചഹമ്മദ്) സാഹിബിന്റെ അനുസ്മരണക്കുറിപ്പില്‍ (ലക്കം 2861) ഗള്‍ഫിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കപ്പെടാതെ പോയിട്ടുണ്ട്. ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിത രൂപമോ ആസ്ഥാനമോ ഇല്ലാതിരുന്ന എഴുപതുകളുടെ തുടക്കത്തില്‍, ബര്‍ദുബയിലെ അദ്ദേഹത്തിന്റെ വില്ല കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. കേന്ദ്ര-സംസ്ഥാന നേതാക്കളും ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നായകന്മാരും പങ്കെടുത്ത തര്‍ബിയത്ത് ക്യാമ്പുകള്‍ മുതല്‍ വാരാന്ത പഠന ക്ലാസ്സുകള്‍ വരെ നടന്നിരുന്നത് അവിടെ വെച്ചുതന്നെ. സംഘടനാ ധ്രുവീകരണങ്ങള്‍ കടല്‍ കടന്നെത്തിയിട്ടില്ലാത്ത അന്നാളുകളില്‍ എല്ലാ വിഭാഗമാളുകളും ക്ലാസ്സുകളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. വിദ്യാഭ്യാസമന്ത്രിയായിരിക്കെ യു.എ.ഇ സന്ദര്‍ശിച്ച മര്‍ഹൂം സി.എച്ച് മുഹമ്മദ് കോയ സാഹിബിന് ദുബൈ ടൂറിസ്റ്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നല്‍കിയ സ്വീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചത് ജമാഅത്തെ ഇസ്‌ലാമിക്കാരനായ കൊച്ചഹമ്മദ് സാഹിബായിരുന്നു.

അബ്ദുര്‍റഹ്മാന്‍ എടച്ചേരി

ജീവിക്കുകയെന്ന മൗലികാവകാശത്തിന് 
പോരാടുകയാണ് ഹമാസ്

         ജന്മനാട്ടില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള മൗലികാവകാശം നേടിയെടുക്കാന്‍ വേണ്ടി മരണ ഭീതിയില്ലാതെ പോരാടുന്ന വിമോചന പോരാട്ട സംഘടനയാണ് ഹമാസ്. അമേരിക്കക്കും ഇസ്രയേലിനും ചില അറബ് രാഷ്ട്രങ്ങള്‍ക്കു പോലും ഹമാസ് ഭീകര സംഘടനയാണ്. നമ്മുടെ സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ ദൃഷ്ടിയില്‍ പോലും അങ്ങനെ തന്നെ. പ്രശസ്ത ഇസ്രയേലി പത്രപ്രവര്‍ത്തക സൂസന്‍ നദാന്‍, 'ഫലസ്ത്വീന്‍ വിമോചന സംഘടനകളായ ഹമാസും ഹിസ്ബുല്ലയും ഭീകര സംഘടനകളല്ലെന്നും ഈ പോരാട്ട പ്രസ്ഥാനങ്ങള്‍ ഭീകര സംഘടനകളാണെങ്കില്‍ താന്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും ഭീകരരാണ്' എന്ന് തുറന്നടിച്ച് പറയുന്നു. ഹമാസ് തീവ്രവാദികളല്ല, മറിച്ച് ഗസ്സയിലെ ഭരണവര്‍ഗമാണെന്നും ഹമാസിനെ രാഷ്ട്രീയ ശക്തിയായി അമേരിക്കന്‍ ഭരണകൂടം അംഗീകരിക്കണമെന്നും അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഫോറിന്‍ പോളിസി ജേണലില്‍ എഴുതിയ ലേഖനത്തില്‍ ആവശ്യപ്പെടുന്നു (മാധ്യമം 7.8.2014). ഇസ്രയേലും ഫലസ്ത്വീനും തമ്മില്‍ ഭാവിയില്‍ ഉണ്ടാകുന്ന ഏത് കരാറിലും ഹമാസിനെ കൂടി ഉള്‍പ്പെടുത്താതെ മേഖലയില്‍ സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ജിമ്മി കാര്‍ട്ടര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്, പുതിയ വെടിനിര്‍ത്തല്‍ പശ്ചാത്തലത്തില്‍ അന്വര്‍ഥമായിരിക്കുകയാണ്.

റഹ്മാന്‍ മധുരക്കുഴി

ഇപ്പോള്‍ പള്ളികളില്‍ തിരക്കില്ല, 
ഖത്തം തീര്‍ക്കലില്ല, എത്ര ശാന്തം!

         'കാന്തതയിലും നമ്മോടൊപ്പം നാലു പേര്‍' എന്ന അമീന്‍ വി. ചൂനൂരിന്റെ (ലക്കം 2862) ലേഖനം ചിന്തോദ്ദീപകമാണ്. ഏകാന്തതകളിലാണ് മനുഷ്യന്‍ കൂടുതലും തിന്മകള്‍ക്ക് പിടികൊടുക്കാറുള്ളത്. സമൂഹത്തിന് മാതൃകകളായ ഒട്ടേറെ വ്യക്തിത്വങ്ങള്‍ പലപ്പോഴും ഏകാന്തതകളില്‍ പരാജയപ്പെടുന്നു. ഇവിടെയാണ് യഥാര്‍ഥത്തില്‍ നമ്മുടെ വിശ്വാസം മാറ്റുരക്കപ്പെടുന്നത്. വിശ്വാസം കേവലമൊരു ജല്‍പനമോ ആചാരമോ അല്ല. മറിച്ച് ഹൃദയാന്തരാളങ്ങളില്‍ ജ്വലിച്ചു നില്‍ക്കേണ്ട ഒന്നാണ്. ഈമാന്‍ എത്രമാത്രം ശക്തിയോടെ ജ്വലിക്കുന്നുവോ അത്രയും തിന്മകള്‍ ആ ജ്വാലയില്‍ കരിഞ്ഞുപോകും. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് നമ്മെ പിടികൂടിയിരിക്കുന്നത് ഈമാന്റെ കുറവാണ്. ഇന്ന് എല്ലാം കുറെ കാട്ടിക്കൂട്ടലുകള്‍ മാത്രമായിരിക്കുന്നു. റമദാനിലെ നടപ്പുരീതികള്‍ ഉദാഹരണം. 'ഖത്തം' തീര്‍ക്കല്‍, ഇഫ്ത്വാര്‍ പാര്‍ട്ടികള്‍, 27-ാം രാവിന് പ്രത്യേക ജല്‍സകള്‍, പ്രാര്‍ഥനാ സമ്മേളനങ്ങള്‍, ഇവ ഏതെങ്കിലും നിലക്ക് ജീവിതത്തെ സ്വാധീനിക്കുന്നുണ്ടോ? പെരുന്നാള്‍ കഴിഞ്ഞാല്‍ വീണ്ടും ചക്രം പിന്നോട്ട് തിരിയുന്നതിന്റെ കാരണമെന്താണ്? ഇപ്പോള്‍ പള്ളികളില്‍ തിരക്കില്ല, ആരവങ്ങളില്ല. എല്ലാം ശാന്തം! ഇസ്‌ലാമിക ലോകത്ത് മുമ്പും ഇപ്പോഴും വിരേതിഹാസങ്ങള്‍ രചിക്കപ്പെടുന്നത് ഏകാന്തതകളില്‍, ഈമാന്റെ ശക്തിയുള്ള കുറച്ചാളുകളെക്കൊണ്ടാണ്. അത്തരമൊരു ഈമാന്‍ നമുക്ക് ഉണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈയൊരു ചിന്തയിലേക്കുള്ള ചൂണ്ടുപലകയാണ് അമീനിന്റെ ലേഖനം.

എം. അഷ്‌റഫ് എടവണ്ണപ്പാറ

  വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി താലിബാന്‍ തീവ്രവാദികളെ ചോദ്യം ചെയ്ത് വെടിയുണ്ട ഏല്‍ക്കേണ്ടിവന്ന മലാല എന്ന 15 വയസ്സുകാരി പെണ്‍കുട്ടിയെ ഏവര്‍ക്കുമറിയാം. അന്ന് അവള്‍ക്ക് വേണ്ടി മുറവിളികൂട്ടാനും അവളെ സംരക്ഷിക്കാനും മെനക്കെട്ട ഐക്യരാഷ്ട്ര സംഘടനകള്‍ ഇന്നും 'ജീവിച്ചിരിപ്പു'ണ്ടെങ്കില്‍ ഓര്‍ക്കണം, ഗസ്സയിലും ഇതിനോടകം നിരവധി മലാലമാരെ മാലാഖമാര്‍ വരവേറ്റു കൊണ്ടുപോയിരിക്കുന്നു എന്ന സത്യം.

ജെസല്‍ കെ. 

ഇസ്‌ലാഹിയ ചേന്ദമംഗല്ലൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 <br>അല്‍അമ്പിയാഅ്
എ.വൈ.ആര്‍