വര്‍ഗീയ ധ്രുവീകരണം ജനാധിപത്യത്തെ പുനര്‍നിര്‍ണയിക്കുമ്പോള്‍
മീറത്ത് നഗരത്തില്‍ നിന്ന് കര്‍ക്കോഡയിലൂടെ സരാവയിലേക്ക് മൊബൈല്‍ ജി.പി.എസ് വരച്ചുകാട്ടുന്ന നാട്ടുവഴി. ഇരുഭാഗത്തും മാങ്ങയും പേരക്കയും വിളയുന്ന ചെറുതും വലുതുമായ തോട്ടങ്ങള്‍. ഹിന്ദി പത്രങ്ങള്‍ വായിച്ച് ഹാപ്പൂര്‍ ജില്ലയിലെ ഈ ഗ്രാമം തിരക്കി പോകുന്ന ഏതൊരാളും ഒരു നിമിഷം അമ്പരക്കും. മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് വര്‍ഗീയ സംഘര്‍ഷത്തിന്റെ ആറ്റംബോംബിന് മേല്‍ അടയിരിക്കുന്ന ഗ്രാമമായിരുന്നു സരാവ. സവര്‍ണജാതിക്കാരിയായ ഹിന്ദി അധ്യാപികയെ ഇവിടത്തെ മദ്‌റസയിലാണ് സ്ഥലത്തെ പ്രധാന മതപണ്ഡിതനായ സനാവുല്ലയും സഹമുല്ലമാരും ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. മതംമാറ്റവും കിഡ്‌നി മോഷണവും പെണ്‍വാണിഭവുമൊക്കെ ചേര്‍ന്ന് മാധ്യമ ഭാഷയിലെ ആ സംഘര്‍ഷം മീറത്ത് ജില്ലയിലുടനീളം ഭീതി സൃഷ്ടിക്കുമ്പോഴും എല്ലാറ്റിനും കാരണമായ ഈ ഗ്രാമം ശാന്തമായിരുന്നു. 'അത്യാസന്ന നിലയില്‍' സ്വകാര്യ ആശുപത്രിയുടെ ഐ.സി.യുവില്‍ കഴിയുന്ന യുവതിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മീറത്ത്, ഹാപ്പൂര്‍, കാര്‍ക്കോഡ നഗരങ്ങളില്‍ ആയിരക്കണക്കിന് ആളുകളുടെ പ്രകടനങ്ങള്‍ നടക്കുന്നുവെന്നും ഈ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. സരാവയുടെ അഞ്ച് കിലോമീറ്റര്‍ ഇപ്പുറം ഉല്‍ജന്‍ എന്ന ഗ്രാമത്തില്‍ പോലും പേടിപ്പെടുത്തുന്ന ഒരുതരം ശാന്തതയാണ് കാണാനുണ്ടായിരുന്നത്. അജ്ഞാതമായ ഏതു വാഹനത്തെയും ആളുകള്‍ ഭയപ്പാടോടെ തുറിച്ചു നോക്കി. അവരെ വാര്‍ത്താ മാധ്യമങ്ങള്‍ സ്വാധീനിച്ചതിന്റെ തെളിവായിരുന്നു അത്. പക്ഷേ സരാവയോട് അടുക്കുന്തോറും ചിത്രം മറ്റൊന്നായിരുന്നു.
അങ്ങാടിയിലേക്ക് കടക്കുന്നിടത്ത് നാലു പോലീസുകാരുടെ കാവലില്‍ വി.ഐ.പി സ്റ്റിക്കറൊട്ടിച്ച ഫോര്‍ച്യൂണര്‍ കാര്‍. ബി.ജെ.പിയുടെ ചേരിനിവാസി സംഘടനയുടെ അഖിലേന്ത്യാ ഉപാധ്യക്ഷനായ സുനില്‍ ബരാലയുടേതാണ് ഈ വാഹനം. ഞങ്ങളുടെ കാറിന് കൂടി ഗലിയിലേക്ക് കടക്കാന്‍ ഇടമില്ലാത്തതു കൊണ്ട് അവിടെയിറങ്ങി. സരാവ യുവതിയുടെ വീട് ഇനിയുമൊരു നൂറു മീറ്റര്‍ ദൂരത്തിലാണ്. അവളുടെ വീട്ടിനു മുന്നില്‍ യു.പി പോലീസിന്റെ വന്‍ ബറ്റാലിയന്‍ കാവലുണ്ട്. അപ്പോഴേക്കും സുനില്‍ ബരാല സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി വരുന്നുണ്ടായിരുന്നു. ടെലിവിഷന്‍ ചാനലിന് ബൈറ്റ് കൊടുക്കാന്‍ നേതാക്കള്‍ക്ക് പൊതുവെ വലിയ ഇഷ്ടമാണല്ലോ. കാവിയും പച്ചയും വരകളുള്ള വേഷ്ടി ചുമലിലേക്ക് വലിച്ചിട്ട് ബരാല കേസിനെ കുറിച്ച പാര്‍ട്ടിയുടെ നിലപാടുകള്‍ വിശദീകരിച്ചു. മതംമാറ്റത്തിന്റെയും കൂട്ടബലാത്സംഗങ്ങളുടെയും കേന്ദ്രങ്ങളായി മദ്‌റസകള്‍ മാറുന്ന സ്ഥിതിക്ക് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാറിന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണം. ബി.ജെ.പിയും ഹിന്ദു സംഘടനകളും കേസ് സജീവമാക്കും. അതിനിടക്ക് മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മതപരിവര്‍ത്തനത്തെ കുറിച്ച് ഗവര്‍ണറെക്കൊണ്ട് അന്വേഷിപ്പിക്കും എന്ന വാചകം, അറിയാതെ ബരാലയുടെ നാവില്‍ നിന്ന് വീണു. ഉടന്‍ അദ്ദേഹം തിരുത്തി, 'ഗവര്‍ണറോട് അന്വേഷിക്കാന്‍ ആവശ്യപ്പെടും.' ഒപ്പമുണ്ടായിരുന്ന മഹിളാ മോര്‍ച്ച നേതാവ് റിതു ശര്‍മയും, പെണ്‍കുട്ടിയുടെ നേര്‍ക്ക് നടന്ന ഈ അക്രമത്തെയും മദ്‌റസകളിലെ കാടത്തത്തെയും കുറിച്ച് വാചാലയായി. അറബ് രാജ്യങ്ങളിലേക്ക് ഹിന്ദു പെണ്‍കുട്ടികളെ കയറ്റി അയക്കുന്ന ഗൂഢസംഘം മേഖലയില്‍ സജീവമാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ തൂക്കിലേറ്റണമെന്നും പെണ്‍കുട്ടിയുടെ പിതാവ് നരേന്ദര്‍ ത്യാഗിയുടെ മൊഴി പുറകെവന്നു. ഈ മൊഴികള്‍ മാത്രമായിരുന്നു കഴിഞ്ഞ കുറെ ദിവസമായി മേഖലയില്‍ കേട്ടുകൊണ്ടിരുന്നത്. അതിന്റെ മറുവശം ഒരു മാധ്യമവും പറയുന്നുണ്ടായിരുന്നില്ല.
ഈ സംഭവത്തിന്റെ പുറംലോകമറിയുന്ന ഭാഷ്യം ഇങ്ങനെയാണ്. മദ്‌റസയില്‍ കൂട്ട ബലാത്സംഗത്തിന് വിധേയയാക്കിയ യുവതിയെ സരാവയിലെ മതപണ്ഡിതനായ മൗലവി സനാവുല്ലയും ഭാര്യയും ചേര്‍ന്ന് മതംമാറ്റാനായി ബൈക്കില്‍ മുസഫര്‍ നഗറിലേക്കും പിന്നീട് ഗഢ് മുക്‌തേശ്വറിനു സമീപമുള്ള ഒരു മുസ്‌ലിം കേന്ദ്രത്തിലേക്കും കൊണ്ടുപോയി. ഈ കുറ്റത്തിന് സനാവുല്ലയുടെ ഭാര്യ കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും ചെയ്തു. രണ്ടു മാസക്കാലം യുവതി ഇവരുടെ പിടിയിലായിരുന്നുവത്രെ. പിന്നീട് വീട്ടില്‍ മടങ്ങിയെത്തിയത് തികച്ചും അവശയായ നിലയിലാണ്. വയറില്‍ കണ്ട ഓപ്പറേഷന്‍ മുറിപ്പാടുകള്‍ എന്താണെന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് 'വിവരം' പുറത്തു വന്നത്. അപ്പോഴേക്കും മുറിവുകള്‍ക്ക് അണുബാധയേറ്റിരുന്നു.
രാഷ്ട്രീയക്കാരും മാധ്യമങ്ങളുമാണ് ഈ കഥയുടെ അടുത്ത അധ്യായങ്ങള്‍ രചിച്ചത്. ബി.ജെ.പിയുടെ ഉത്തര്‍പ്രദേശ് നേതാക്കളായ ലക്ഷ്മീ കാന്ത് ബാജ്‌പേയിയും ചന്ദ്രമോഹനും സരാവയിലെത്തി. ഇത്തരം സംഭവങ്ങള്‍ യു.പിയില്‍ വ്യാപകമാവുകയാണെന്നാണ് ഇരുവരും മാധ്യമങ്ങളോടു പറഞ്ഞത്. ഇത് ഹിന്ദു-മുസ്‌ലിം തര്‍ക്കം ആയതുകൊണ്ടല്ല പൊതു പ്രശ്‌നമായതു കൊണ്ടാണ് പാര്‍ട്ടി ഇടപെട്ടതെന്നും അവര്‍ വ്യക്തമാക്കി. ബി.ജെ.പിയുടെ ഈ അവകാശവാദത്തെ പക്ഷേ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ ശരിവെക്കുന്നുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ കേസ് പോലീസ് രജിസ്റ്റര്‍ ചെയ്ത കാര്‍ക്കോഡ സ്റ്റേഷനില്‍ തന്നെ മുസ്‌ലിം പെണ്‍കുട്ടികള്‍ കാണാതായ എത്രയോ കേസുകള്‍ മാസങ്ങളും വര്‍ഷങ്ങളുമായി കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. അവയില്‍ ഒന്നില്‍ പോലും ബാജ്‌പേയിയും കൂട്ടരും ഇടപെട്ടിരുന്നില്ല എന്നു മാത്രമല്ല ചില കേസുകളില്‍ തട്ടിക്കൊണ്ടുപോയവരോടൊപ്പം പാര്‍ട്ടി നിലയുറപ്പിച്ചതിനും ഈ മേഖലയില്‍ ഉദാഹരണങ്ങളുണ്ടായിരുന്നു.
സരാവയിലെ ജനങ്ങള്‍ പറഞ്ഞത് ഇതൊന്നുമല്ല. മിക്ക വൈകുന്നേരവും നഗരങ്ങളിലേക്ക് പുറപ്പെട്ടു പോകുന്ന ഈ പെണ്‍കുട്ടി അയല്‍ഗ്രാമത്തിലെ ഒരു യുവാവുമായാണ് ഏറ്റവുമൊടുവില്‍ 'പ്രണയ'ത്തിലായിരുന്നത്. സനാവുല്ലയുടെ പിടിയിലായെന്നു അവകാശപ്പെട്ട കാലയളവില്‍ മൂന്നു തവണ അവള്‍ ഗ്രാമത്തില്‍ വന്നിട്ടുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കലീമുദ്ദീന്‍ എന്നായിരുന്നു യുവാവിന്റെ പേര്. ഏഴു ദിവസം പ്രാദേശിക മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും കത്തിച്ചെടുത്ത കൂട്ടബലാത്സംഗക്കഥ തെറ്റാണെന്നും പെണ്‍കുട്ടിയുടെ സ്വഭാവം മോശമായിരുന്നുവെന്നും മീറത്ത് പോലീസ് ഒടുവില്‍ വിളിച്ചു പറഞ്ഞു. മുസഫര്‍ നഗറിലെ സ്വകാര്യ ആശുപത്രിയിലാണ് ഓപ്പറേഷന്‍ നടന്നതെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയിലുള്ളത്. പക്ഷേ യഥാര്‍ഥ ഓപ്പറേഷന്‍ നടന്നത് മീറത്ത് മെഡിക്കല്‍ കോളേജിലായിരുന്നു. ഗര്‍ഭാശയത്തിനു പുറത്തു വളര്‍ന്ന ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവിന്റെ അനുമതിപത്രം വേണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടപ്പോഴാണ് അഞ്ചുരൂപയുടെ സ്റ്റാമ്പൊട്ടിച്ച് മുദ്രപത്രത്തില്‍ വ്യാജ പേരില്‍ വിവാഹ സര്‍ട്ടിഫിക്കറ്റും മതംമാറ്റ സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കിയത്. ഓപ്പറേഷന് കൊണ്ടുവരുമ്പോള്‍ ഒരു ഹിന്ദു യുവാവും കലീമുല്ലയുടെ ഒപ്പമുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പോലീസിന് നല്‍കിയ വിവരം. ഇതെല്ലാം യുവതി പൂര്‍ണബോധ്യത്തോടെ ചെയ്തതാണെന്നും പോലീസ് ഡി.ഐ.ജി സത്യനാരായണ വാര്‍ത്താ സമ്മേളനം നടത്തി വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ സനാവുല്ലയായിരുന്നു സഹായിച്ചത്. അതേസമയം മുമ്പെന്നോ ഒരു വഴിതര്‍ക്കത്തില്‍ ത്യാഗി സമുദായത്തിനെതിരെ കേസ് കൊടുത്ത് വിജയിച്ച ഗ്രാമമുഖ്യന്‍ നവാബ് ഖാനെ പോലും ഈ കേസുമായി പെണ്‍കുട്ടിയുടെ കുടുംബം ബന്ധപ്പെടുത്തിയതോടെയാണ് രാഷ്ട്രീയമാണ്, വസ്തുതകളല്ല കേസിനു പുറകിലെന്ന് പകല്‍ പോലെ വ്യക്തമായത്.
പശ്ചിമ യു.പിയുടെ പൊതു ചിത്രമായിരുന്നു ഇത്. സരാവയിലെ അങ്ങാടിയില്‍ കണ്ടുമുട്ടിയ ചിട്ടാ സിംഗും ഗുല്‍ഫാം മുഹമ്മദും ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ഗ്രാമീണര്‍ ചൂണ്ടിക്കാട്ടിയത് ഈ യാഥാര്‍ഥ്യമാണ്. ഗ്രാമത്തിനകത്തെ ആളുകള്‍ക്കറിയുന്ന സത്യങ്ങളല്ല പത്രങ്ങളില്‍ വരുന്നതെന്നും കര്‍ക്കോഡയിലും മറ്റും ഈ പെണ്‍കുട്ടിക്കു വേണ്ടി നടക്കുന്ന പ്രകടനങ്ങളും ധര്‍ണയും കഥയറിയാതെയാണെന്നും അവര്‍ ഭയപ്പാടോടെ ചൂണ്ടിക്കാട്ടി. ഇത് പുറത്തു പറയാനാവില്ല. പറയുന്ന ഹിന്ദു ബഹിഷ്‌കരിക്കപ്പെടുകയും മുസ്‌ലിം ആക്രമിക്കപ്പെടുകയും ചെയ്യും. ഈ വിഷയത്തില്‍ ഗ്രാമീണര്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും അവിടത്തെ സൈ്വര്യജീവിതം തകര്‍ക്കരുതെന്നും അവര്‍ മാധ്യമങ്ങളോട് അപേക്ഷിക്കുന്നു. ഹിന്ദി ഭാഷക്കു പുറത്തുള്ള മാധ്യമമാണെന്ന് അറിഞ്ഞപ്പോള്‍ മുഹമ്മദ് ആസിഫ് എന്ന പൗരമുഖ്യന്‍ വീട്ടിലേക്കു ക്ഷണിച്ചു. ''ചില കാര്യങ്ങള്‍ റോഡില്‍ നിന്നു പറയാനാവില്ല. നാലഞ്ചു ഗുണ്ടകള്‍ ചേര്‍ന്ന് ബാക്കിയുള്ള മര്യാദക്കാരെ ഭീഷണിപ്പെടുത്തി അടക്കിയിരുത്തുകയാണ് സരാവയില്‍. യാഥാര്‍ഥ്യം എന്താണെന്ന് ബി.ജെ.പി ഉള്‍പ്പെടെ എല്ലാവര്‍ക്കുമറിയാം. അവര്‍ കഥ മെനയുകയാണ്. പക്ഷേ സരാവക്കു പുറത്ത് ആളുകളെ തമ്മിലടിപ്പിക്കാന്‍ ഇത് അവരെ സഹായിക്കുന്നുമുണ്ട്. 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരമാണ് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയില്‍ അയാള്‍ മനപ്പായസമുണ്ട് ഈ കള്ളക്കളിക്ക് കൂട്ടുനില്‍ക്കുകയാണ്''- ആസിഫ് കുറ്റപ്പെടുത്തി.
സരാവയില്‍ മാത്രമല്ല മേഖലയിലുടനീളം ഇത്തരം സംഭവങ്ങളില്‍ ഉത്തരവാദിത്തത്തോടെയല്ല കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടുകൊണ്ടിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇതുപോലുള്ള 652 സംഭവങ്ങളാണ് ഉത്തര്‍പ്രദേശില്‍ മുസഫര്‍ നഗര്‍ ഉള്‍പ്പെടെ പശ്ചിമ യു.പിയില്‍ ഉണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.പിമാരായി ജയിച്ചു കയറിയ നിയമസഭാംഗങ്ങള്‍ ഒഴിച്ചിട്ട 12 അസംബ്ലി സീറ്റുകള്‍ കേന്ദ്രീകരിച്ച് മേഖല വീണ്ടും പുകയാന്‍ തുടങ്ങിയിരിക്കുന്നു. മുസഫര്‍ നഗര്‍, ഷംലി, മീറത്ത്, അംറോഹ, മൊറാദാബാദ്, സംഭല്‍, ബുലന്ദ് ശഹര്‍, സഹാരന്‍പൂര്‍, ഗാസിയാബാദ്, ഭാഗ്പത്, രാംപൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബഹ്‌റായിച്ച്, ബല്‍റാംപൂര്‍, ഖേരി, ശ്രാവസ്തി, ഹാമിര്‍പൂര്‍, മഹോബ, വാരാണസി, പ്രതാപ്ഗഢ്, ഫത്തേപ്പൂര്‍, കൗശാമ്പി, മിര്‍സാപ്പൂര്‍, ലഖ്‌നൗ, ഉന്നാവ്, കാണ്‍പൂര്‍, ബാരാബങ്കി മുതലായ മണ്ഡലങ്ങളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. മുസ്‌ലിംകള്‍ 20 മുതല്‍ 65 വരെ ശതമാനമുള്ള മണ്ഡലങ്ങളാണ് ഇവയെല്ലാം. തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയിലാണ് ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്; 258 സംഭവങ്ങള്‍. പെറ്റികേസുകളില്‍ ഒതുങ്ങാറുള്ള അനിഷ്ട സംഭവങ്ങള്‍ പോലും അതിലുള്‍പ്പെട്ടവര്‍ ഭിന്ന മതസ്ഥരാണെങ്കില്‍ വര്‍ഗീയ സംഘര്‍ഷത്തിന്റെ മാനം കൈവരിക്കുന്നതായിരുന്നു ഈ സംസ്ഥാനങ്ങളിലെ കാഴ്ച. ക്ഷേത്രവും മസ്ജിദും ഒന്നിച്ചു സ്ഥിതി ചെയ്യുന്ന എല്ലാ പ്രദേശങ്ങളിലും സംഘര്‍ഷം അനിവാര്യമായ സാമൂഹിക യാഥാര്‍ഥ്യമാവുകയാണ്.
അതിര്‍ത്തി തര്‍ക്കങ്ങളും ലൗഡ്‌സ്പീക്കര്‍ ഉപയോഗത്തെ ചൊല്ലിയുള്ള കേസുകളും വര്‍ഗീയ കലാപങ്ങളുടെ പതിവ് കാരണങ്ങളില്‍ പെട്ടതാണ്. മതഘോഷയാത്ര കടന്നുപോകുന്ന വഴിയെ ചൊല്ലിയും എണ്ണമറ്റ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇന്ത്യയില്‍ അരങ്ങേറി. ഇത്തരം കേസുകളുടെ ആധിക്യമാണ് കഴിഞ്ഞ മാര്‍ച്ച്-ഏപ്രില്‍ മാസം മുതല്‍ യു.പിയില്‍ ഉണ്ടാവുന്നത്. വഴിയെ പോകുന്ന യുവാക്കളെ തടഞ്ഞു നിര്‍ത്തി പേരു ചോദിക്കുകയും എതിര്‍വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ പെണ്‍കുട്ടിയെ കമന്റടിച്ചു എന്ന വ്യാജ ആരോപണം ഉന്നയിച്ച് മര്‍ദിക്കുകയും ചെയ്യുന്ന പുതിയ സമ്പ്രദായം മേഖലയില്‍ വര്‍ധിക്കുന്നുണ്ട്. ഇതും കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ നീക്കമാണെന്നാണ് സൂചന. കമന്റടിച്ചു എന്ന പരാതി കഴിഞ്ഞ മൂന്നു മാസത്തിനിടെ അസാധാരണമാം വിധം പെരുകിയിട്ടുണ്ട്. സ്വന്തം ഗലികള്‍ക്കു പുറത്ത് ഒറ്റക്ക് സഞ്ചരിക്കുന്ന മുസ്‌ലിം യുവാക്കള്‍ ജനക്കൂട്ടത്തിന്റെ മര്‍ദനത്തിനിരകളാവുക മാത്രമല്ല പോലീസ് കേസിലും പ്രതികളാകും. കമന്റടിക്കപ്പെട്ടുവെന്ന് ജനക്കൂട്ടം ആരോപിച്ച പെണ്‍കുട്ടിയാകട്ടെ ചിത്രത്തില്‍ എവിടെയുമുണ്ടാകില്ല. ആള്‍ക്കൂട്ടം പറയുന്നതനുസരിച്ചാണ് ഇത്തരം കേസുകളില്‍ പോലീസ് കേസെടുക്കുന്നത്. ഒറ്റക്കു സഞ്ചരിക്കാന്‍ പോലും യുവാക്കള്‍ ഭയക്കുകയാണ് പശ്ചിമ യു.പിയില്‍.
ആസൂത്രിത നീക്കങ്ങള്‍
വീണുകിട്ടുന്ന സംഭവങ്ങള്‍ ഉപയോഗപ്പെടുത്തി കലാപം പൊലിപ്പിക്കുന്നതിനിടയില്‍ തന്നെ കലാപത്തിന് ആക്കം കൂട്ടുന്ന ദുരൂഹമായ ചില സംഭവങ്ങളും മേഖലയില്‍ നടക്കുന്നുണ്ട്. 75 ശതമാനം മുസ്‌ലിംകളുള്ള ജലാലാബാദ് മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ പലതവണ കുഴപ്പണ്ടാക്കാനുള്ള ശ്രമങ്ങള്‍ അരങ്ങേറി. ഇവിടത്തെ ഹനുമാന്‍ ക്ഷേത്രത്തില്‍ വിഗ്രഹത്തിന്റെ കൈ ഒടിച്ചതുമായി ബന്ധപ്പെട്ടാണ് ആദ്യം കുഴപ്പം ഉടലെടുത്തത്. ക്ഷേത്രത്തിനകത്തു കയറി ഇത് ചെയ്യാന്‍ സാധാരണ ഗതിയില്‍ ആരും ധൈര്യപ്പെടാത്ത സ്ഥിതിക്ക് മുസ്‌ലിംകള്‍ അല്ലാത്തവരെ കുറിച്ചും പോലീസിന്റെ അന്വേഷണം മുന്നോട്ടു പോയി. സംഭവ ദിവസം രാത്രി ക്ഷേത്രമതില്‍ക്കെട്ടിനകത്തിരുന്ന് മദ്യപിച്ച രണ്ടുപേര്‍ ഹനുമാന് അല്‍പം മദ്യം വിളമ്പിയേക്കാമെന്ന് തീരുമാനിച്ച് ശ്രീകോവിലില്‍ കയറിയെന്നും മദ്യം കുടിപ്പിക്കാനുള്ള ശ്രമത്തിനിടെ വിഗ്രഹം താഴെ വീണ് കൈ ഒടിഞ്ഞുവെന്നുമാണ് ഥാന ഭവന്‍ പോലീസ് കണ്ടെത്തിയത്. പക്ഷേ ഈ രണ്ടു പേരില്‍ ഒരാള്‍ സ്ഥലത്തെ ബി.ജെ.പി ഉപാധ്യക്ഷനായിരുന്നു. പക്ഷേ സംഭവം നടന്നതിന്റെ പിറ്റേ ദിവസം കാലത്ത് ജനക്കൂട്ടത്തെ ഇളക്കിവിടുകയാണ് ബി.ജെ.പി ചെയ്തത്.
ജലാലാബാദിലെ ശിവ ക്ഷേത്രത്തില്‍ ജയ്‌ശെ മുഹമ്മദിന്റെ പേരില്‍ എല്ലുപൊതിയും ഭീഷണിക്കത്തും കണ്ടെത്തിയെന്ന വാര്‍ത്തയും ഇക്കൂട്ടത്തില്‍ ഒന്നായിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ ജലാലാബാദില്‍ എത്തിയെന്നും ഗുജറാത്ത്, അസം, കശ്മീര്‍, മുസഫര്‍ നഗര്‍ തുടങ്ങിയ കലാപങ്ങള്‍ മുതല്‍ അഫ്‌സല്‍ ഗുരുവിന്റെയും അജ്മല്‍ കസബിന്റെയും വധശിക്ഷകള്‍ വരെയുള്ള വിഷയങ്ങളില്‍ സംഘടന പകരം വീട്ടാന്‍ തീരുമാനിച്ചതായും ഈ എഴുത്ത് പ്രഖ്യാപിച്ചു. ഒരു കെട്ട് കോഴിയെല്ല് പൊതിഞ്ഞു തൂക്കിയാല്‍ വിശ്വാസികളെ ഇളക്കിവിടാമെന്നല്ലാതെ പകരം വീട്ടുന്നതിന്റെ ഗുട്ടന്‍സ് മുസ്‌ലിംകള്‍ക്കു പോലും മനസ്സിലായില്ല. അപഹാസ്യമായ ഈ കത്തു പോലും മേഖലയില്‍ സംഘര്‍ഷത്തിനിടയാക്കി. സംഭവത്തിലെ പ്രതികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ജലാലാബാദിലെ മുനിസിപ്പല്‍ ചെയര്‍മാന്‍ അലി അശ്‌റഫ് ഖാന്റെ നേതൃത്വത്തില്‍ ശക്തമായി ആവശ്യപ്പെടുകയും, ഉണ്ടായ സംഭവത്തെ മുസ്‌ലിം നേതാക്കള്‍ ശക്തമായി അപലപിക്കുകയും ചെയ്ത് ഏതോ പ്രകാരത്തില്‍ സംഘര്‍ഷം ലഘൂകരിക്കുകയായിരുന്നു.
ജലാലാബാദിന്റെ സമീപത്തെ മറ്റൊരു മുസ്‌ലിം മുനിസിപ്പാലിറ്റിയായ ജിന്‍ജാനയിലും സമാനമായ രീതിയില്‍ കുഴപ്പം സൃഷ്ടിച്ചെടുക്കാനായിരുന്നു ശ്രമം. സര്‍ക്കാര്‍ ഭൂമിയില്‍ അര്‍ധരാത്രി പ്രത്യക്ഷപ്പെട്ട ആറ് ഖബ്‌റുകളായിരുന്നു ഇവിടെ കുഴപ്പത്തിന് വഴിമരുന്നിട്ടത്. മൊഹല്ലയില്‍ ആരും മരിച്ചിട്ടില്ലെന്നിരിക്കെ ഖബ്‌റുകളെ ചൊല്ലി മുസ്‌ലിംകളും ഹിന്ദുക്കളും ഏറ്റുമുട്ടാനിടയുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ട് ഇവിടത്തെ ചെയര്‍മാന്‍ ഹാജി സര്‍ഫറാസ് ഖാന്‍ സ്വയം മുന്നിട്ടിറങ്ങി ഈ ഖബ്‌റുകള്‍ പൊളിച്ചു മാറ്റുകയായിരുന്നു. സംഭവം ലോക്കല്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിനു മുമ്പെ തന്നെ പ്രദേശത്തെ ഒരു പാര്‍ട്ടി നേതാവ് ആളെക്കൂട്ടിയിരുന്നു. ഖബ്ര്‍ പൊളിക്കണമെന്ന് ബി.ജെ.പിയും, പൊളിക്കരുതെന്ന് മുസ്‌ലിംകളില്‍ ഒരു വിഭാഗവും ആവശ്യപ്പെട്ടു. ഈ പ്രാദേശിക നേതാവിന്റെ നീക്കങ്ങള്‍ സംശയാസ്പദമായിരുന്നുവെന്ന് മുസ്‌ലിംകള്‍ ചൂണ്ടിക്കാട്ടി. പക്ഷേ തല്‍ക്കാലം ഈ കേസില്‍ അന്വേഷണം വേണ്ടതില്ലെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പുതിയൊരു സംഘര്‍ഷത്തിന് അത് വഴിയൊരുക്കുമെന്ന ഭയമായിരുന്നു ജിന്‍ജാന കേസില്‍ അന്വേഷണം വേണ്ടെന്ന് പറയാന്‍ അവരെ പ്രേരിപ്പിച്ചത്. അത്തരമൊരു അന്വേഷണം ബി.ജെ.പിയിലേക്ക് തിരിയുമെന്ന് മുന്‍കൂട്ടി കണ്ട പാര്‍ട്ടി വിഷയത്തില്‍ നിശ്ശബ്ദരാവുന്നതും കാണാനുണ്ടായിരുന്നു.
സഹാരന്‍പൂര്‍ കലാപം
ജൂലൈ ഒടുവില്‍ നടന്ന സഹാരന്‍പൂരിലെ വര്‍ഗീയ കലാപമാണ് പട്ടികയില്‍ ഒടുവിലത്തേത്. സാധാരണ വര്‍ഗീയ കലാപങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുസ്‌ലിംകളും സിഖുകാരുമായിരുന്നു റമദാന്‍ അവസാന ദിവസങ്ങളില്‍ നഗരത്തില്‍ പരസ്പരം ഏറ്റുമുട്ടിയത്. മൂന്നു പേരുടെ മരണത്തിനും 244 കോടി രൂപയുടെ സ്വത്തുനാശത്തിനും ഇടയാക്കിയ ഈ കലാപത്തെ തുടര്‍ന്ന് സഹാരന്‍പൂര്‍ നഗരം ഒരാഴ്ചയോളം കര്‍ഫ്യൂവിന്റെ പിടിയിലമര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രാഘവ് ലഖന്‍പാല്‍ ജയിച്ച മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നു. മണ്ഡലത്തിലെ അഭൂതപൂര്‍വമായ മുസ്‌ലിം ഭൂരിപക്ഷം ലോക്‌സഭയില്‍ പോലും ബി.ജെ.പിയെ വിറപ്പിച്ചിരുന്നു. അസംബ്ലി ഉപതെരഞ്ഞെടുപ്പില്‍ സിഖുകാരെ ഒപ്പം നിര്‍ത്തുകയും ദലിതുകളെ ബി.എസ്.പിയില്‍ നിന്ന് അടര്‍ത്തിയെടുക്കുകയുമാണ് ബി.ജെ.പിക്ക് ജയം ഉറപ്പുവരുത്താന്‍ അനിവാര്യമായിരുന്നത്.
പക്ഷേ കലാപം നടന്നത് മുസ്‌ലിംകളും സിഖുകാരും തമ്മിലായിരുന്നു. ശൈഖ് ഹസന്‍ അസ്‌കരി എന്ന ഒരു പഴയ നവാബ് പാകിസ്താനിലേക്ക് പോകുന്നതിനു മുമ്പുള്ള കാലത്ത് വിറ്റ സ്ഥലത്തെ ചൊല്ലി സ്ഥലത്തെ മുസ്‌ലിംകളും സിഖുകാരും തമ്മില്‍ കഴിഞ്ഞ 14 വര്‍ഷമായി തര്‍ക്കം നിലനിന്നിരുന്നു. മുഹര്‍റം അലി പപ്പു എന്ന മുന്‍ കൗണ്‍സിലറായിരുന്നു ഈ തര്‍ക്കത്തിന് പിന്നില്‍. നിലവില്‍ സഹാരന്‍പൂരിലെ ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ കൈയിലുള്ള ഈ സ്ഥലത്ത് ഹസന്‍ അസ്‌കരിയുടെ സ്വകാര്യ മസ്ജിദ് ഉണ്ടായിരുന്നുവെന്നാണ് പപ്പു കണ്ടെത്തിയത്. പക്ഷേ ഇന്ന് സഹാരന്‍പൂരില്‍ ജീവിച്ചിരിക്കുന്ന ആരും കണ്ടിട്ടില്ലാത്ത ഈ മസ്ജിദിനെ ചൊല്ലിയാണ് കലാപം ഉടലെടുത്തതെന്നാണ് പൊതുവേയുള്ള വിശ്വാസം. അതേസമയം നഗരത്തിലെ ഖുതുബ് ശേര്‍ ജുമാ മസ്ജിദ് സിഖുകാര്‍ തകര്‍ത്തു എന്ന് ചിലര്‍ പ്രചരിപ്പിച്ചതായിരുന്നു കലാപത്തിന് വഴിമരുന്നിട്ടതെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. പുലര്‍ച്ചെ പള്ളികളില്‍ നിന്നും ഇങ്ങനെയൊരു അനൗണ്‍സ്‌മെന്റ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സിഖുകാരുടെ ഗുരുദ്വാരയോടു ചേര്‍ന്ന തര്‍ക്ക സ്ഥലത്ത് ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ചിലര്‍ പ്രചരിപ്പിച്ചതാണ് കലാപത്തിന് വഴിയൊരുക്കിയതെന്ന റിപ്പോര്‍ട്ടുമുണ്ട്. മസ്ജിദിലെ അനൗണ്‍സ്‌മെന്റിനു പുറകില്‍ പപ്പുവാണെന്ന് കണ്ടെത്തി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെങ്കിലും സിഖുകാരുടേതല്ലാത്ത ഏരിയകളിലാണ് ഈ കലാപം പടര്‍ന്നത് എന്ന യാഥാര്‍ഥ്യം ഇപ്പോഴും മതിയായ രീതിയില്‍ അന്വേഷിക്കപ്പെട്ടിട്ടില്ല.
ഹസന്‍ അസക്‌രിയുടെ മസ്ജിദിനെ ചൊല്ലി 2011 മുതല്‍ ഗുരുദ്വാര കമ്മിറ്റിയുമായി പപ്പു വിലപേശല്‍ നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തീര്‍ത്തും സ്വകാര്യ ആവശ്യത്തിന് പണികഴിപ്പിക്കപ്പെട്ട, മിനാരമോ മറ്റു അടയാളങ്ങളോ ഇല്ലാതിരുന്ന ഈ മസ്ജിദില്‍ പൊതുജനങ്ങള്‍ നമസ്‌കരിച്ചിട്ടില്ലാത്ത സ്ഥിതിക്ക് സിഖു സമുദായത്തിന് അനുകൂലമായി കോടതി വിധി ലഭിച്ചുവെന്നും, പണം ചോദിച്ചാണ് പപ്പു സിഖുകാരുമായി ചര്‍ച്ച നടത്തിയിരുന്നതെന്നും സിഖു നേതാക്കള്‍ പറയുന്നു. മുനിസിപ്പാലിറ്റി രേഖകളില്‍ ഈ സ്ഥലം മസ്ജിദ് ആയിരുന്നെന്നും ഈ മസ്ജിദിന്റെ വീഡിയോ ചിത്രം പപ്പുവിന്റെ കൈയില്‍ ഉണ്ടായിരുന്നെന്നുമാണ് പറയപ്പെടുന്നത്. ഇങ്ങനെയൊരു മസ്ജിദ് ഇല്ലെങ്കില്‍ എന്തിന് ഗുരുദ്വാര കമ്മിറ്റി പപ്പുവുമായി ചര്‍ച്ച നടത്തി എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇരു കൂട്ടരും 40 ലക്ഷത്തിന് ധാരണയിലെത്തി എന്നാണ് പറയപ്പെടുന്നത്. എന്തായാലും മുന്‍കാലത്ത് ക്രിമിനല്‍ പശ്ചാത്തലമുളള പപ്പു പണത്തിന് വേണ്ടിയാണ് ചര്‍ച്ച നടത്തിയതെങ്കില്‍ കലാപം പപ്പുവിന്റെ എല്ലാ സാധ്യതയും ഇല്ലാതാക്കുന്ന ഒന്നായിരുന്നു. അതിന് അദ്ദേഹം എന്തുകൊണ്ട് തുനിയണമെന്ന ചോദ്യം ബാക്കിയാവുന്നു.
ഖുതുബ് ശേര്‍ മസ്ജിദിനെ കുറിച്ച തെറ്റായ വിവരം പ്രചരിപ്പിച്ചത് ആരാണെന്ന് പോലീസ് ഇനിയും കണ്ടെത്തിയിട്ടില്ല. വെളുപ്പിന് മൂന്നര മണിക്ക് ആയുധങ്ങളുമായി നൂറു കണക്കിന് സിഖുകാര്‍ തടിച്ചു കൂടിയതിന്റെ ചേതോവികാരം എന്തായിരുന്നുവെന്നും ഇനിയും പുറത്തു വന്നിട്ടില്ല. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമാവുമ്പോഴേക്കും കലാപം നഗരത്തില്‍ പടര്‍ന്നു കഴിഞ്ഞിരുന്നു. സിഖുകാരുമായി ബന്ധമില്ലാത്ത ഏരിയകളിലെ മുസ്‌ലിംകളുടെ കടകളും പള്ളികളുമാണ് കൂടുതല്‍ തീവെച്ചു നശിപ്പിക്കപ്പെട്ടത്. പക്ഷേ നഗരത്തിലെ മുഖ്യ വാണിജ്യ മേഖലകളില്‍ സിഖുകാരും മുസ്‌ലിംകളും തന്നെയാണ് പരസ്പരം ഏറ്റുമുട്ടിയത്. കലാപം പടര്‍ത്തുന്നതില്‍ ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പി പിന്നണിയില്‍ ഉണ്ടായിരുന്നുവെന്നാണ് ആരോപണമുയരുന്നത്. പ്രത്യേകിച്ചും മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിയുടെ പുതിയ പാര്‍ലമെന്റംഗമായ രാഘവ് ലഖന്‍പാല്‍ കലാപം പടര്‍ത്തുന്നതില്‍ നേരിട്ട് പങ്ക് വഹിച്ചതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തു.
****
സഹാരന്‍പൂര്‍ കലാപത്തില്‍ പങ്കെടുത്ത എം.പിയും മുസഫറാബാദ് കലാപത്തിന് വഴിമരുന്നിട്ട സംഗീത് സോമും 30 വയസ്സില്‍ താഴെ മാത്രം പ്രായമുള്ളവരാണ് എന്നത് കൂടി അടിവരയിട്ടു വായിക്കുക. യോഗി ആദിത്യനാഥിന് ബി.ജെ.പിയില്‍ സമീപകാലത്ത് ലഭിച്ച ആദരവും ഇതോടൊപ്പം കണക്കിലെടുക്കുക. അതെ, കലാപം രാഷ്ട്രീയ പ്രവര്‍ത്തകന്റെ യോഗ്യതയാവുകയാണ് ഇന്ത്യയില്‍.
Comments