ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍
ഇസ്‌ലാമിക ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ എക്കാലത്തെയും പണ്ഡിതന്മാരുടെ ആലോചനാ വിഷയമായിട്ടുണ്ട്. ഒരു വിഷയത്തില്‍/പ്രശ്‌നത്തില്‍ നിയമദാതാവായ അല്ലാഹു ഒരു വിധി നല്‍കുമ്പോള്‍ അതിന് നമ്മുടെ സാമാന്യ ബുദ്ധിക്കും യുക്തിക്കും ബോധ്യപ്പെടുന്ന കാരണങ്ങള്‍ പൊതുവേ കണ്ടെത്താന്‍ കഴിയും. ഇമാം റാസി പറയുന്നത് ഏതൊരു ദൈവവിധിക്കും അങ്ങനെയൊരു ന്യായവും കാരണവും (ഇല്ലത്ത്) ഉണ്ടാകാതെ തരമില്ല എന്നാണ്. അല്ലാഹുവിന്റെ പ്രവൃത്തികളിലും ആ സോദ്ദേശ്യത കാണാം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിലും അതിലെ പ്രതിഭാസങ്ങളിലും ഒരു ദൈവിക യുക്തി പ്രവര്‍ത്തിക്കുന്നുണ്ട്. ആ യുക്തിക്കനുസരിച്ച പ്രവൃത്തിയേ അല്ലാഹുവില്‍ നിന്നുണ്ടാവൂ. അതുകൊണ്ടാണ് പ്രപഞ്ചം അത് ഉള്ള നിലയില്‍ തന്നെ തുടര്‍ന്നു പോകുന്നത്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് മാത്രമല്ല, ആസൂത്രകനും ദൈവം തന്നെയാണല്ലോ. ആ ആസൂത്രണം, അവന്‍ തന്നെ നിര്‍ണയിച്ചുവെച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍, വളരെ മനോഹരമായി അവന്‍ നടത്തിക്കൊണ്ട് പോകുന്നു. മുഅ്തസലി പക്ഷക്കാര്‍ പറയുന്നത്, പ്രപഞ്ചനാഥന്‍ നല്‍കുന്ന ഓരോ നിയമവും അവന്റെ അടിയാറുകളായ മനുഷ്യരുടെ നന്മക്ക് വേണ്ടി മാത്രമായിരിക്കും എന്നാണ്. സകല നിയമങ്ങളും മനുഷ്യരുടെ നന്മക്ക് വേണ്ടി മാത്രമേ ആകാവൂ എന്നൊരു നിര്‍ബന്ധിതാവസ്ഥ സ്രഷ്ടാവില്‍ ആരോപിക്കുന്നതിനോട് അഹ്‌ലുസ്സുന്ന വിഭാഗം യോജിക്കുന്നില്ലെങ്കിലും, ദൈവേഛക്ക് അനുസൃതമായി ഭൂമിയെ മാറ്റിപ്പണിയുകയും അങ്ങനെ മനുഷ്യന്റെ മുക്തി സാധ്യമാക്കുകയുമാണ് ദൈവിക നിയമങ്ങള്‍ എന്ന കാര്യത്തില്‍ അവര്‍ക്കും എതിരാഭിപ്രായമില്ല.
ഈ വിഷയം തന്റെ 'അല്‍മുവാഫഖാത്' എന്ന കൃതിയില്‍ വളരെയേറെ ചര്‍ച്ച ചെയ്ത പണ്ഡിതനാണ് അബുഇസ്ഹാഖ് അല്‍ ശാത്വിബി. അദ്ദേഹം പറയുന്നു: ''ചെറുതോ വലുതോ ആകട്ടെ, അല്ലാഹു നല്‍കിയ ഏതൊരു നിയമവും നിങ്ങളെടുത്ത് പരിശോധിക്കുക. മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും നന്മക്ക് ഉതകുന്നവയാണ് അവയോരോന്നും എന്ന് കാണാന്‍ കഴിയും. എന്തിന് ഇങ്ങനെയൊരു നിയമം നല്‍കി/പ്രവൃത്തി ചെയ്തു എന്ന് അക്കാര്യം പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളില്‍ തന്നെ പലപ്പോഴും വ്യക്തമാക്കിയിരിക്കും. പ്രവാചകന്മാരെ നിയോഗിച്ചത് എന്തിനാണെന്ന് ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്. അവരെ അയച്ചത് മുന്നറിയിപ്പുകാരായും ശുഭവൃത്താന്തം അറിയിക്കുന്നവരുമായിട്ടാണ്. പ്രവാചകന്മാര്‍ വന്നു കഴിഞ്ഞാല്‍ അല്ലാഹുവിനെതിരെ ജനങ്ങള്‍ക്ക് ന്യായം പറയാനുണ്ടാവില്ലല്ലോ.'' മുഹമ്മദ് നബിയുടെ നിയോഗലക്ഷ്യമായി പറഞ്ഞത്, 'ലോകര്‍ക്കാകെ കാരുണ്യമായി' എന്നാണല്ലോ. അപ്പോള്‍ പ്രവാചകന്മാരെ അയക്കുക എന്ന ദൈവിക പ്രവൃത്തി എന്തിന് എന്ന കാര്യത്തില്‍ ഒരു അവ്യക്തതയുമില്ല. നന്മ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന് സന്തോഷ വാര്‍ത്ത അറിയിക്കുക. തിന്മ ചെയ്യുന്നവര്‍ക്ക് ശിക്ഷയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുക. പ്രവാചകന്മാര്‍ ആഗതരായി കഴിഞ്ഞാല്‍ പിന്നെ, 'ഞങ്ങള്‍ക്ക് ഈ സത്യങ്ങളൊന്നും അറിയുമായിരുന്നില്ലല്ലോ, ഞങ്ങളെ ആരും അറിയിച്ചിരുന്നില്ലല്ലോ' എന്നൊന്നും അല്ലാഹുവിനെതിരെ ന്യായം പറയാന്‍ ഒരാള്‍ക്കും സാധിക്കുകയില്ല.
ആകാശഭൂമികളെ എന്തിന് സൃഷ്ടിച്ചു എന്ന ചോദ്യത്തിന് ഖുര്‍ആന്‍ ഒരിടത്ത് മറുപടി നല്‍കുന്നത്, ''നിങ്ങളില്‍ ഏറ്റവും നല്ല പ്രവൃത്തി ആര് ചെയ്യുന്നു എന്ന് പരീക്ഷിക്കാന്‍ വേണ്ടി'' എന്നാണ്. ''ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചത് ദൈവത്തിന് വഴിപ്പെടാന്‍ വേണ്ടി മാത്രം'' എന്ന് മറ്റൊരിടത്ത് പറയുന്നു. ജീവിത-മരണങ്ങളെ സൃഷ്ടിച്ചതും 'സദ്‌വൃത്തന്‍ ആരെന്ന് പരീക്ഷിക്കാനാണെ'ന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. സൃഷ്ടിക്കുക എന്നത് ദൈവത്തിന്റെ അനിവാര്യ ഗുണങ്ങളിലൊന്നാണെങ്കില്‍ അവന്‍ സൃഷ്ടിച്ചിരിക്കും എന്നത് ഉറപ്പാണല്ലോ. പക്ഷേ ആ സൃഷ്ടിപ്പ് ഒരു കാരണവുമില്ലാതെ, വെറുതെ ആയിരിക്കില്ല. ലോകത്തെ സൃഷ്ടിച്ചതും അതിന്റെ കൈകാര്യകര്‍തൃത്വം മനുഷ്യനെ ഏല്‍പ്പിച്ചതും ആ ദൗത്യനിര്‍വഹണത്തില്‍ ദൈവപ്രതിനിധി (ഖലീഫ) എന്ന നിലക്ക് മനുഷ്യന്‍ എത്രത്തോളം ആത്മാര്‍ഥത പുലര്‍ത്തുന്നു എന്ന് തിരിച്ചറിയാന്‍ വേണ്ടി തന്നെയാണ്.
അപ്പോള്‍ മനുഷ്യ സൃഷ്ടിപ്പിനുള്ള കാരണവും യുക്തിയും, അവന്‍ സ്രഷ്ടാവായ തന്റെ ദൈവത്തിന് ഇബാദത്ത് ചെയ്യുക/സര്‍വാത്മനാ വഴിപ്പെടുക എന്നതാണ് ഇബാദത്ത്. എന്നാല്‍ കര്‍മരാഹിത്യമോ ഇഹലോക വിരക്തിയോ അല്ല. ഇബാദത്തെടുക്കുക എന്നത് ഈ ലോകജീവിതത്തില്‍ സംഭവിക്കേണ്ട ഒന്നാണ്. ദൈവാജ്ഞകള്‍ക്കനുസരിച്ച് ഭൂമിയില്‍ സമാധാന ജീവിതം സാധ്യമാക്കുക (തഅ്മീര്‍) എന്ന ദൗത്യത്തിന് വിരുദ്ധമായി ലോകത്ത് എന്തൊക്കെ സംഭവിച്ചാലും അതിന് മനുഷ്യന്‍ ഉത്തരവാദിയാകും. അതിനാല്‍ ആദ്യം വേണ്ടത് ഭൂമിയില്‍ സ്വസ്ഥ ജീവിതം സാധ്യമാക്കുന്ന ദൈവിക നടപടി ക്രമങ്ങളുടെയും നിയമങ്ങളുടെയും യുക്തിയും രഹസ്യവും എന്തൊക്കെയെന്ന് മനുഷ്യന്‍ അറിഞ്ഞുവെക്കലാണ്.
*****
മനുഷ്യനും അല്ലാഹുവും തമ്മിലുള്ളത് സ്ഥായിയും പണ്ടേക്കും പണ്ടേ ഉള്ളതുമായ ഒരു ബന്ധമാണ്. മനുഷ്യാത്മാക്കളെയെല്ലാം ഒരുമിച്ചുകൂട്ടി ഭൂമിയില്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ച് അവരെ ഓര്‍മിപ്പിച്ചതായി ഖുര്‍ആന്‍ വെളിപ്പെടുത്തുന്നുണ്ട്! ''ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലേ? അതെ, ഞങ്ങള്‍ സാക്ഷി എന്നവര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ഇതെക്കുറിച്ചൊന്നും അറിയില്ലായിരുന്നല്ലോ എന്നവര്‍ പറയാതിരിക്കാന്‍ വേണ്ടിയാണിത്'' (7:172). അല്ലാഹുവിന്റെ രക്ഷാധികാരം മനുഷ്യന്‍ അംഗീകരിച്ചപ്പോള്‍ പകരമായി മനുഷ്യന് നല്‍കിയതാണ് ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി എന്ന സ്ഥാനം. ഇതിനെ കുറിക്കാന്‍ ഖിലാഫത്ത്, ഇമാറത്ത് എന്നീ പദങ്ങളാണ് ഖുര്‍ആന്‍ ഉപയോഗിക്കുന്നത്.
ചുരുക്കത്തില്‍ ദൈവവും മനുഷ്യനും തമ്മില്‍ ഒരു ഉടമ്പടിയുണ്ട്. അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിക്കാനും മനുഷ്യനെ ആദരിക്കാനും വിവിധ ചുമതലകള്‍ നല്‍കി അവനെ പരീക്ഷണഘട്ടങ്ങളിലൂടെ കടത്തിക്കൊണ്ട് പോകാനും നിമിത്തമാവുന്നത് ഈ ഉടമ്പടിയാണ്. ഈ ഉടമ്പടി എവിടെ എന്ന് ചോദിച്ചാല്‍ അത് മനുഷ്യന്റെ 'ഫിത്വ്‌റ'യില്‍ ഉണ്ട് എന്നാണ് മറുപടി. 'മനുഷ്യപ്രകൃതി' എന്നാണ് നാം സാധാരണ 'ഫിത്വ്‌റ'ക്ക് അര്‍ഥം പറയാറുള്ളത്. ജീവികളുടെ അടിസ്ഥാന ജൈവിക ഗുണത്തിനാണ് പ്രകൃതി എന്നുപറയുന്നത്. അത് ഓരോ ജീവിക്കും ഉണ്ട്. ഈ പ്രാപഞ്ചിക ഘടനയില്‍ നിന്ന് ഒരു ജീവിക്കും വിട്ടുനില്‍ക്കാനാവില്ല. എന്നാല്‍ 'ഫിത്വ്‌റ' എന്ന വാക്ക് വേറിട്ടുനില്‍ക്കുക എന്നര്‍ഥമുള്ള 'ഫത്വറ' എന്ന ക്രിയയില്‍ നിന്ന് ഉണ്ടായതാണ്. അതായത് മനുഷ്യഗുണം എന്നത് കേവലം ഒരു ജൈവിക പ്രതിഭാസമല്ലെന്നും അത് വേറെത്തന്നെ സ്രഷ്ടാവ് മനുഷ്യനില്‍ നിക്ഷേപിച്ചതാണെന്നും സാരം.
അപ്പോള്‍ എല്ലാ ജീവജാലങ്ങളുടെയും ജൈവപ്രകൃതി (ത്വബീഅഃ) ഉള്ളതോടൊപ്പം മനുഷ്യന് മനുഷ്യത്വം (ഇന്‍സാനിയത്ത്) എന്ന ഒരു ആധ്യാത്മിക തലവുമുണ്ട്. ഭൂമിയില്‍ ജീവിതം തുടങ്ങുമ്പോള്‍ മറ്റേതൊരു ജീവിയെയും പോലെയാണ് മനുഷ്യനും. അജൈവവസ്തുക്കളാല്‍ നിര്‍മിക്കപ്പെട്ട അവന്‍ ഒരു ജൈവവസ്തുവായി മാറുകയാണ്. പിന്നെയവന്‍ പക്ഷികളെയും ഉറുമ്പുകളെയും മറ്റു ജീവജാലങ്ങളെയും നിരീക്ഷിച്ച് സാമൂഹിക ജീവിതത്തിന്റെ ചില ബാലപാഠങ്ങള്‍ പഠിക്കുന്നു. വംശസംരക്ഷണത്തിനുള്ള ഒരു ജൈവിക പ്രേരണ എന്നേ ഇതിനെപ്പറ്റി പറയാനാവൂ. നാഗരികതയും സംസ്‌കാരവുമൊന്നും കെട്ടിപ്പടുക്കാന്‍ ഈ ജൈവിക പ്രേരണകള്‍ മതിയാവുകയില്ല. തന്നില്‍ സവിശേഷമായി നിക്ഷിപ്തമായ 'ഫിത്വ്‌റ'യെ തിരിച്ചറിയുകയും അങ്ങനെ ദൈവവുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ പ്രായോഗിക തലങ്ങള്‍ അന്വേഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമായിത്തീരുന്നത് ഇവിടെ വെച്ചാണ്. ഈ ഉടമ്പടിയെക്കുറിച്ച് മനുഷ്യനെ ഓര്‍മപ്പെടുത്തുകയും അതിന്റെ പ്രായോഗിക വിശദാംശങ്ങള്‍ അവനെ പഠിപ്പിക്കുകയും ചെയ്യാന്‍ പ്രവാചകന്മാരെ നിയോഗിക്കുക എന്ന രീതിയാണ് ദൈവം സ്വീകരിക്കുന്നത്. പ്രവാചക അധ്യാപനങ്ങളിലൂടെ മാത്രമേ മനുഷ്യന് തന്റെ 'ഫിത്വ്‌റ'യെ കണ്ടെത്താന്‍ കഴിയുകയുള്ളൂ. ഓരോ പ്രവാചകന്റെ നിയോഗവും മനുഷ്യന്റെ ഈ അധ്യാത്മികതലം വളരുന്നതിന്റെ ഓരോ ഘട്ടമാണ്. ആ വളര്‍ച്ചയുടെ പൂര്‍ണതയാണ് മുഹമ്മദ്‌നബിയുടെ നിയോഗത്തോടെ സംഭവിച്ച് കഴിഞ്ഞിരിക്കുന്നത്. മുന്‍കഴിഞ്ഞ പ്രവാചക സന്ദേശങ്ങളുടെ സാരാംശം ഇസ്‌ലാമില്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്നത് അതുകൊണ്ടാണ്. ആധ്യാത്മിക ജീവിതത്തിന്റെ സമ്പൂര്‍ണ മാതൃക മുഹമ്മദ് നബിയിലൂടെ സമര്‍പ്പിക്കപ്പെട്ടതിനാല്‍ ഇനിയൊരു പ്രവാചകന്റെ ആവശ്യമില്ല. അതിനാല്‍ മുഹമ്മദ് നബിയുടെ സന്ദേശം ശാശ്വതവും കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമില്ലാത്തതുമാണ്.
****
ദൈവത്തിന്റെ കല്‍പനകള്‍ എന്നത് പഴയ ആ കരാറിനെ ഓര്‍മിപ്പിക്കുന്ന ദൈവിക സംബോധനകളാണ്. ചിലപ്പോള്‍ ആ കല്‍പനകള്‍ അവയവങ്ങള്‍കൊണ്ട് ചെയ്യേണ്ട കര്‍മമായിരിക്കും; അല്ലെങ്കില്‍ നാവ് കൊണ്ട് ഉച്ചരിക്കേണ്ട വാക്കുകളായിരിക്കും; അതുമല്ലെങ്കില്‍ മനസ്സില്‍ ഉണ്ടാവേണ്ട ചിന്തയും ബോധവുമായിരിക്കും. ഒരു പ്രവൃത്തി ചെയ്യാന്‍ പാടുണ്ടോ പാടില്ലേ എന്ന് വ്യക്തമാക്കിയിരിക്കും. പാടുണ്ടെങ്കില്‍ എന്തുകൊണ്ട്, പാടില്ലെങ്കില്‍ എന്ത്‌കൊണ്ട് എന്നും വിശദീകരിച്ചിരിക്കും. ഇതിനെയാണ് നിയമനിര്‍മാണത്തിന്റെ അടിസ്ഥാന സ്രോതസ്സ് എന്നുപറയുന്നത്. അതിനാല്‍ ഏതൊരു നിയമം ചര്‍ച്ചക്കെടുക്കുമ്പോഴും എന്തുകൊണ്ട് ആ നിയമം ആവിഷ്‌കരിക്കപ്പെട്ടു എന്ന ചര്‍ച്ച പ്രധാനമാണ്. അനുവദിച്ചുകൊണ്ടോ നിരോധിച്ചുകൊണ്ടോ ഒരു നിയമം വരുന്നുണ്ടെങ്കില്‍ അതിന്റെ കാരണം അവിടെ വിശദീകരിക്കപ്പെട്ടിരിക്കും; അല്ലെങ്കില്‍ സാധര്‍മ്യം (ഖിയാസ്) പോലുള്ള നിര്‍ധാരണ രീതികളിലൂടെ നിയമനിര്‍മാണത്തിന്റെ കാരണത്തിലേക്ക് നമുക്ക് എത്തിച്ചേരാന്‍ കഴിയും.
വിശ്വാസം (ഈമാന്‍) തീര്‍ത്തും ആന്തരികമായ ഒരു ബോധമാണെങ്കിലും അതിന്റെ പ്രതിഫലനങ്ങള്‍ മനുഷ്യന്റെ ചിന്താഗതിയിലും ഇടപാടുകളിലും പ്രതിഫലിക്കാതിരിക്കില്ല. മനുഷ്യന്‍ തന്റെ ബുദ്ധിയും യുക്തിയും അന്വേഷണത്വരയുമെല്ലാം ദൈവാസ്തിക്യം സ്വയം ബോധ്യപ്പെടുന്നതിനായി പ്രയോജനപ്പെടുത്തുമ്പോള്‍ മാത്രമാണ് ആ വിശ്വാസത്തിന് രൂഢതയും കരുത്തും കൈവരിക. അതായത് വിശ്വാസത്തിന് ബുദ്ധിയുടെയും ചിന്തയുടെയും പിന്‍ബലം കൂടി വേണം. അങ്ങനെ കാര്യങ്ങളെയും സംഭവങ്ങളെയും വിലയിരുത്തി അവയുടെ ദൈവിക തീരുമാനം എന്ത് എന്ന് കണ്ടെത്തുന്നതിന് ബുദ്ധിയെ ആശ്രയിക്കാതെ നിവൃത്തിയില്ലെന്ന് വരുന്നു. ഇവിടെയാണ്, വിവിധ വിഷയങ്ങളില്‍ ഇസ്‌ലാമിക വിധികള്‍ ഗ്രഹിച്ചെടുക്കേണ്ടതിന്റെ (ഫിഖ്ഹ്)യും അതിന്റെ ന്യായങ്ങളും യുക്തികളും ബുദ്ധിയുടെ വെളിച്ചത്തില്‍ വിലയിരുത്തേണ്ടതിന്റെയും ആവശ്യകത. പ്രപഞ്ചത്തിന് ഒരു നാഥനുണ്ടെന്നും ആ പ്രപഞ്ചത്തിന്റെ ഉണ്‍മക്ക് കാരണം ആ നാഥനാണെന്നും ബോധ്യപ്പെടുന്ന ഒരാള്‍ക്ക് പ്രപഞ്ചത്തിന്റെ യഥാര്‍ഥ ഭരണാധികാരി ആ മഹാശക്തി വിശേഷം തന്നെ എന്ന വസ്തുതയും ബോധ്യമാവാതിരിക്കില്ല. അപ്പോള്‍ ദൈവവും മനുഷ്യനും തമ്മില്‍ ഒരു ബന്ധം സ്ഥാപിച്ചെടുക്കേണ്ടത് അനിവാര്യമായിത്തീരുന്നു. ദൈവിക നിയമ ക്രമങ്ങളെ അനുധാവനം ചെയ്യുക (ത്വാഅത്ത്) എന്നതാണ് ഈ ബന്ധം സ്ഥാപിച്ചെടുക്കാനുള്ള വഴി. ആ നിയമക്രമങ്ങള്‍ സ്വാംശീകരിക്കാനും അത് ജീവിത ശൈലിയായി എടുത്തണിയാനുമുള്ള പരമാവധി യത്‌നവും മനുഷ്യനില്‍നിന്ന് ഉണ്ടാവണം.
ദൈവിക നിയമങ്ങളിലെ അടിസ്ഥാന വിഷയമേത് എന്ന് ചോദിച്ചാല്‍ ഉത്തരം മനുഷ്യപ്രവൃത്തികള്‍ എന്നാണ്. എന്നാല്‍ മനുഷ്യരുടെ പ്രവൃത്തികള്‍കൊണ്ട് ദൈവത്തിനാകട്ടെ ഒരു പ്രയോജനവും ലഭിക്കാനില്ല; പ്രയോജനം മുഴുവന്‍ മനുഷ്യര്‍ക്ക് തന്നെയാണ്. ഒരാള്‍ ദൈവിക നിയമങ്ങള്‍ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ഉദ്യമിക്കുമ്പോള്‍ അയാളുടെ ആത്മാവ് സംസ്‌കരിക്കപ്പെടുകയും അതില്‍ ദൈവഭക്തി വന്നുനിറയുകയും ദൈവധിക്കാരത്തിന് ഇടമില്ലാത്തവിധം അയാളുടെ പ്രവൃത്തികള്‍ ദൈവേഛക്ക് അനുഗുണമായിത്തീരുകയും ചെയ്യുന്നു. ഐഹിക ജീവിതത്തിലുണ്ടാകുന്ന ഈ മാറ്റത്തെയാണ് നാം അനുധാവനം (ത്വാഅത്ത്) എന്നുപറയുന്നത്. നമ്മുടെ ഭൗതിക ജീവിത വ്യവഹാരങ്ങളത്രയും ദൈവേഛക്ക് അനുഗുണമായിത്തീരലാണത്.
മനുഷ്യന് ഒരു ജൈവപ്രകൃതമുണ്ട്. മൃഗങ്ങളെപ്പോലെ ദേഹേഛക്ക് വഴിപ്പെടാനുള്ള വാസനയാണ് അവിടെയുള്ളത്. സാമൂഹികജീവി എന്ന നിലക്കുള്ള അവന്റെ വികാസവും വളര്‍ച്ചയുമാണ് ഈ ദേഹേഛകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന മറ്റൊരു തലം. ഇത് എല്ലാറ്റിനും ഒരു പരിധി നിശ്ചയിക്കുന്നു. ഈ സംഘട്ടനത്തില്‍ മനുഷ്യന് വഴികാട്ടിയാവുക ദൈവിക വരദാനമായ 'ഫിത്വ്‌റ' വഴി അവന്‍ സ്വീകരിക്കുന്ന ദൈവിക നിയമസംഹിതകളാണ്. അതിനെ നാം ശറഅ് എന്നോ ശരീഅത്ത് എന്നോ വിളിക്കുന്നു. ബാധ്യതകളുടെയും ഉത്തരവാദിത്തങ്ങളുടെയും രൂപത്തിലാണ് ശരീഅത്ത് മനുഷ്യനോട് സംവദിക്കുക. അപ്പോള്‍ ശരീഅത്ത് എന്നുപറഞ്ഞാല്‍ മനുഷ്യപ്രവൃത്തികളുടെ സ്വഭാവം നിര്‍ണയിക്കലും നിര്‍വചിക്കലും തന്നെയാണ്; ആ പ്രവൃത്തികളുടെ ബന്ധങ്ങളെയും സ്വാധീനങ്ങളെയും വിശദീകരിക്കലും.
(മൊറോക്കന്‍ പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്ന അല്ലാല്‍ അല്‍ഫാസി (1910-74)യുടെ 'മഖാസ്വിദുശ്ശരീഅതില്‍ ഇസ്‌ലാമിയ്യ വ മകാരിമുഹാ' എന്ന കൃതിയില്‍നിന്ന്).
Comments