Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 29

ഫലസ്ത്വീനികള്‍ മലയാളത്തില്‍ സംസാരിക്കുമ്പോള്‍

ജിബ്രാന്‍ /റീഡിംഗ് റൂം

         ഫലസ്ത്വീനില്‍നിന്ന് തദ്ദേശീയരായ അറബികളെ പുറത്താക്കി സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രയേല്‍ നിലവില്‍ വന്നത് മുതല്‍ ആ നാടിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന് നമ്മുടെ നാട് പിന്തുണ നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ തലത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യം. നമ്മുടെ കഥകളിലും കവിതയിലും ലേഖനങ്ങളിലും വിവര്‍ത്തന സാഹിത്യങ്ങളിലുമെല്ലാം ഫലസ്ത്വീനുണ്ടായിരുന്നു. മലയാളത്തിലെ പ്രമുഖരായ ചില എഴുത്തുകാര്‍ ഫലസ്ത്വീനിലെ ചോരപ്പാടുകള്‍ മഷിയാക്കി കവിതകളും കഥകളും കോറിയിട്ടിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒ.എന്‍.വി കുറിച്ചിട്ട ചില വരികള്‍ ഇങ്ങനെ.

നിന്റെ ശബ്ദം പലസ്തീന്‍! പത്രപംക്തികള്‍
തിന്നുതുപ്പും വെറും വാര്‍ത്തയായ് മായുമോ?
ഉത്തരം കാലം പറയട്ടെയെങ്കിലും
ഇത്രമാത്രം ഞാനിവിടെ കുറിക്കട്ടെ
നീ തനിച്ചല്ല പലസ്തീന്‍! ഒരു വീര
ഗാഥയായെന്നില്‍ പടരുകയാണ് നീ.

പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടക്കം ആയിരത്തിലേറെപ്പേര്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട ഇസ്രയേലിന്റെ പുതിയ ആക്രമണ പശ്ചാത്തലത്തിലും കേരളവും മലയാളവും ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യം അക്ഷരങ്ങള്‍ കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വാരങ്ങളിലെ മലയാളത്തിലെ മുഖ്യ ആനുകാലികങ്ങളിലെ ചര്‍ച്ചാവിഷയങ്ങളിലൊന്ന് ഫലസ്ത്വീന്‍ പോരാട്ടവും ഇസ്രയേല്‍ അധിനിവേശവുമായിരുന്നു. ഗസ്സയിലെ കരളലിയിപ്പിക്കുന്ന ദുരന്തങ്ങളുടെ വിവരണവും ഇസ്രയേല്‍ അധിനിവേശത്തിന്റെ ചരിത്രവും പുതിയ ആക്രമണത്തിന്റെ കാരണങ്ങളും വര്‍ത്തമാനങ്ങളും ചികയുന്ന ലേഖനങ്ങള്‍ക്കൊപ്പം ഫലസ്ത്വീനിയന്‍ കവിതകളും ചിത്രങ്ങളും ഇത്തവണ മലയാള ആനുകാലികങ്ങളില്‍ ഇടംപിടിച്ചു. ഫലസ്ത്വീനെ കുറിച്ച് എന്നും വാചാലനായ ഒ.എന്‍.വിയുടെ പുതിയ കവിത പ്രസിദ്ധീകരിച്ചത് ആഗസ്റ്റ് 9 ലെ ചന്ദ്രിക ആഴ്ചപ്പതിപ്പാണ്. ഫലസ്ത്വീനൊപ്പം ശ്രീലങ്കയിലെ തമിഴ്-സിംഹള പ്രശ്‌നവും കവിതയില്‍ കടന്നുവരുന്നുണ്ട്. കവിതയിലെ അവസാന വരികള്‍ ഇങ്ങനെ:

പുണ്യഭൂമിയാം പാലസ്തീന്‍ പെറ്റ കിടാങ്ങളേ!
കണ്ണീരായുരുകിത്തീരേണ്ടവരല്ലാ നിങ്ങള്‍!
തളര്‍ന്നു വീണൊരമ്മസ്സിംഹത്തെ കണ്ടു, താണു-
പറന്നുകൊക്കുനീട്ടിയടുക്കും കഴുകനെ
ഒന്നിച്ചൊരമറലാല്‍ പേടിപ്പിച്ചകറ്റുന്ന
സിംഹക്കുട്ടികളാകൂ!
എതിര്‍ക്കാന്‍ വരും ശത്രുഗോത്രത്തെ വീഴ്ത്തും
കാട്ടുകടന്നല്‍ക്കൊമ്പാവുക!
'ഗോലിയാത്തി'നെ വീഴ്ത്തും
കവണക്കല്ലാവുക.

ആഗസ്റ്റ് 24 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ. ജയകുമാര്‍ എഴുതിയ 'അവരും നിങ്ങളും' എന്ന കവിത ഇസ്രയേലിന്റെ വംശീയവാദത്തെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടാണ് തുടങ്ങുന്നത്. ആ വരികള്‍:

അവരുടെ രക്തവും നിങ്ങളുടെ രക്തവും
ഒന്നല്ലെന്ന് ആദ്യമേ ധരിക്കണം
അവരുടെ ആകാശവും നിങ്ങളുടെ ആകാശവും
ആകാശത്തിലെ ഒളികെട്ട ചന്ദ്രക്കലയും
ഒന്നല്ലെന്ന് വിശ്വസിക്കണം.
അത്രയുമായാല്‍ പിന്നെ എന്തുമാകാം
നിങ്ങളുടെ കാണാതായ മൂന്നോ നാലോ പേര്‍ക്കു പകരം
പത്തഞ്ഞൂറ് പേരെയെങ്കിലും ഉളുപ്പില്ലാതെ കൊല്ലാം.
അവരുടെ ജീവിതത്തിന്റെ ആകാശത്തേക്ക്
തീ തുപ്പുന്ന കഴുകന്മാരെയയക്കാം.
അവരുടെ ചങ്കൂറ്റമുള്ള ആണുങ്ങളെ
ചാവേറുകളെന്ന് പേരിട്ട്
ആരും ഒരക്ഷരം മിണ്ടുന്നില്ലെന്ന് ഉറപ്പിച്ച്
തോന്നുമ്പോലെ വെടിവെച്ച് വീഴ്ത്താം.

ആഗസ്റ്റ് ഒന്നിന്റെ മലയാളം വാരിക ആരംഭിക്കുന്നത് 'അനശ്വരതയിലേക്കുള്ള തീര്‍ഥാടനം' എന്ന പി.കെ പാറക്കടവിന്റെ ഫലസ്ത്വീന്‍ പശ്ചാത്തലമായുള്ള മനോഹരമായ കഥ കൊണ്ടാണ്. ഗസ്സയില്‍ നടക്കുന്ന പോരാട്ട പശ്ചാത്തലത്തില്‍ തന്റെ കാമുകിയോടുള്ള പ്രണയത്തേക്കാള്‍ ആ പോരാട്ടത്തില്‍ പങ്കുചേരാനുള്ള ഫലസ്ത്വീനിയായ കഥാനായകന്‍ ഫര്‍നാസിന്റെ വികാരങ്ങളാണ് കഥാവൃത്തം. കഥയിലെ ചില വരികള്‍: ''ഒരിക്കല്‍ ഫര്‍നാസിന്റെ വീടിന്റെ ഭിത്തിയില്‍ തൂങ്ങിയ സ്വാസ്ഥ്യം കെടുത്തുന്ന ഒരു പെയിന്റിംഗ് കണ്ട് അവള്‍ അവനോട് ചോദിച്ചു: 'ഫര്‍നാസ്, ഈ പെയിന്റിംഗ് മാറ്റി അവിടെ പൂക്കളുടെയും കിളികളുടെയും ചിത്രം വെച്ചുകൂടേ?' ഫര്‍നാസ് ചുണ്ടില്‍ വിരിഞ്ഞ ചിരി കടിച്ചമര്‍ത്തി അവളെ നോക്കി. അവളുടെ ചുമലില്‍ കൈവെച്ച് ചോദിച്ചു: 'ആ പെയിന്റിംഗ് ആരുടേതാണെന്നറിയാമോ?' അവള്‍ കേട്ടിരുന്നു. 'ഗ്രീക്ക് ചിത്രകാരന്‍ കാറ്റ്‌സിം കോവിയത്തബിന്റെ പെയിന്റിംഗാണത്. സബ്ര-ശാത്തില കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് വരച്ച പെയിന്റിംഗ്.' ഇവിടെ പലസ്തീനില്‍ അവള്‍ ചോര കൊണ്ട് ചിത്രമെഴുതുമ്പോള്‍ നമ്മളെങ്ങനെയാണ് പൂക്കളെയും കിളികളെയും കിനാവ് കാണുക. ഫര്‍നാസ് അവളെ തന്നോട് ചേര്‍ത്തുനിര്‍ത്തി കാതുകളില്‍ മൊഴിഞ്ഞു: 'ഞാന്‍ നിന്നെ ഏറെ സ്‌നേഹിക്കുന്നു. പക്ഷേ, പലസ്തീനെ നിന്നേക്കാള്‍ സ്‌നേഹിക്കുന്നു....'

എന്തുകൊണ്ടോ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വികാരം നിയന്ത്രിച്ച് അവള്‍ ഫര്‍നാസിനോട് പറഞ്ഞു: 'ഞാനും നിന്നോടൊപ്പമുണ്ട്.' ഒന്നുകൂടി ചേര്‍ത്തുപിടിച്ച് ഫര്‍നാസ് കൂട്ടിച്ചേര്‍ത്തു: 'അലാമിയാ, നീയും പലസ്തീനിനോടൊപ്പം.''

ജൂലൈ 27-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് 14 പേജിലായി പ്രസിദ്ധീകരിച്ച, ഗസ്സയില്‍നിന്നുള്ള നേര്‍ചിത്രങ്ങള്‍ മാത്രം മതിയാകും ഫലസ്ത്വീനില്‍ സംഭവിക്കുന്നതെന്തെന്നറിയാന്‍. മാതൃഭൂമി, മാധ്യമം, സമകാലിക മലയാളം, കലാകൗമുദി തുടങ്ങിയ വാരികകളില്‍വന്ന അര ഡസന്‍ ലേഖനങ്ങളെക്കാള്‍ ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തിന്റെ ക്രൂരത വെളിവാക്കുന്നതായിരുന്നു 'ഗസ്സ: ജീവിച്ചിരിക്കുന്നവര്‍ കാണുക, ഇസ്രയേല്‍ കൊന്നുകളഞ്ഞ മുഖങ്ങള്‍' എന്ന തലക്കെട്ടിനുകീഴില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍വന്ന 33 ഫലസ്ത്വീന്‍ ചിത്രങ്ങളും അതിന്റെ അടിക്കുറിപ്പുകളും.

വിവര്‍ത്തന കവിതകളില്‍ ഏറ്റവും മികച്ചതായി തോന്നിയത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (ആഗസ്റ്റ് 3) ഫലസ്ത്വീനിയന്‍ കവി ലെന ഖലാഫ് ടുഫാഫിന്റെ 'താക്കീതാണ്, കടന്നു പോ....' എന്ന കവിതയാണ്. വിവര്‍ത്തനം ചെയ്തത് സരിത മോഹനന്‍വര്‍മ. നാലു ഭാഗവും അടഞ്ഞ ഗസ്സയെന്ന തുറന്ന ജയിലില്‍ ബോംബിടുംമുമ്പ് ഇസ്രയേല്‍ വിമാനങ്ങള്‍ സിവിലിയന്മാര്‍ക്ക് രക്ഷപ്പെടാന്‍ സൈറണ്‍ മുഴക്കി അറിയിക്കുന്ന മുന്നറിയിപ്പ് എന്ന യുദ്ധചടങ്ങിന്റെ പരിഹാസ്യത വിളിച്ചുപറയുന്ന കവിതയുടെ ചില വരികള്‍:

ദേ അവരിപ്പോ ഞങ്ങളെ വിളിച്ചു,
ബോംബിടും മുമ്പേ. 
'ഓട്, രക്ഷപ്പെട്,
ഈ സന്ദേശത്തിനുശേഷം നിങ്ങള്‍ക്ക്
കിറുകൃത്യം 58 നിമിഷങ്ങളുണ്ട്.
അടുത്തത് നിങ്ങളുടെ വീടാണ്.
അവര്‍ക്കിതെന്തോ കുന്ത്രാണ്ടം
യുദ്ധോപചാരമാണുപോലും!
തുരത്തിവിട്ടാല്‍ ഓടിക്കേറാന്‍
ഒരിടവുമില്ലെന്നൊന്നും വിഷയമല്ല;
അതിര്‍ത്തികള്‍ കൊട്ടിയടച്ചിരിക്കുന്നു എന്നത്
അവര്‍ക്ക് ഒന്നുമല്ല; 
സര്‍വതും, സര്‍വരേയും
അടുക്കിപ്പെറുക്കി ഒത്തുകൂട്ടാന്‍
ഇനിയുള്ള 58 നിമിഷങ്ങള്‍ക്ക് നീളം പോരേ?
ഒരു കാര്യവുമില്ല നിങ്ങള്‍ എന്തൊക്കെ പദ്ധതിയിട്ടിട്ടും
ഒരു കാര്യവുമില്ല!
നിങ്ങള്‍ ആരായിട്ടും ഒരു കാര്യവുമില്ല
നിങ്ങള്‍ മനുഷ്യനാണെന്ന് കാട്ടിത്താ...
ഇരുകാലിയാണെന്ന് കാട്ടിത്താ...
ഒന്നു പോ, കടന്നു പോ...

ജൂലൈ 21 ലെ മാധ്യമം ആഴ്ചപ്പതിപ്പിന്റെ തുടക്കം പംക്തിയിലും ആഗസ്റ്റ് 4 ലെ ലക്കത്തിലും പി.കെ പാറക്കടവ് വിവര്‍ത്തനം ചെയ്ത ഫലസ്ത്വീനിയന്‍ കവിതകളുണ്ട്. ഫലസ്ത്വീനില്‍ ചോര ചിന്തുമ്പോള്‍ ലോകം മൗനത്തിലൊളിക്കുന്നതിനെ കുറിച്ചാണ് അഹ്മദ് ഫറാസിന്റെ വരികള്‍:

കൊട്ടാരങ്ങളില്‍
ഭാഗ്യവാന്മാരായ രാജാക്കന്മാര്‍ നിശബ്ദരാണ്
വിശ്വാസത്തിന്റെ സംരക്ഷകര്‍
ലോകത്തിന്റെ ഭരണകര്‍ത്താക്കള്‍
എല്ലാവരും നിശബ്ദരാണ്
ദൈവത്തിന്റെ പേരുച്ചരിക്കുന്ന
എല്ലാ കാപട്യക്കാരും നിശബ്ദരാണ്

പുതിയ തലമുറയിലെ ഫലസ്ത്വീന്‍ കവികളില്‍ പ്രമുഖനായ നജ്‌വാന്‍ ദര്‍വീശിന്റെ, മാധ്യമത്തിലെ കവിതകളിലൊന്ന് പങ്കുവെച്ച് മലയാള സാഹിത്യത്തിന്റെ ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ പകര്‍ത്തിയെഴുത്ത് അവസാനിപ്പിക്കട്ടെ;

കെണിയിലകപ്പെട്ട എലി പറയുന്നു
ചരിത്രം എന്റെ ഭാഗത്തല്ല
ഉരഗങ്ങളൊക്കെയും
മനുഷ്യവര്‍ഗത്തിന്റെ ഏജന്റുമാരാണ്
എല്ലാ മനുഷ്യവര്‍ഗവും എനിക്കെതിരാണ്
യാഥാര്‍ഥ്യവും എനിക്കെതിരാണ്
ഇങ്ങനെയൊക്കെയാണെങ്കിലും
എനിക്ക് വിശ്വാസമുണ്ട്
എന്റെ സന്തതിപരമ്പരകള്‍
അതിജീവിക്കുക തന്നെ ചെയ്യും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 <br>അല്‍അമ്പിയാഅ്
എ.വൈ.ആര്‍