ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ ഭ്രഷ്ടനാണ് മുസ്‌ലിം
ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറാണ് ഡോ. അജയ് ഗുഡവര്‍ത്തി. മാര്‍ക്‌സിസാനന്തര, കൊളോണിയലാനന്തര പഠനങ്ങളിലാണ് സവിശേഷ ശ്രദ്ധ പുലര്‍ത്തുന്നതെങ്കിലും, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന യുവഗവേഷകരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. കേന്ദ്രത്തില്‍ ബി.ജെ.പി ഭരണത്തിലിരിക്കെ രാജ്യത്തിന്റെ പല ഭാഗങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളുടെ പിടിയിലമരുകയും സമൂഹത്തെ ധ്രുവീകരിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളാണ് ഇതിന്റെ പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ജെ.എന്‍.യു പി.എച്ച്.ഡി വിദ്യാര്‍ഥികളായ മിസ്വ്അബ് ഇരിക്കൂറും അഭയ്കുമാറും പ്രബോധനത്തിന് വേണ്ടി ഈ വിഷയം ചര്‍ച്ച ചെയ്യാനായി അദ്ദേഹത്തോടൊപ്പം അല്‍പസമയം ചെലവഴിക്കുകയുണ്ടായി. ദലിതുകളെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും കാവിവല്‍ക്കരിച്ചതാണ് മുസ്‌ലിം വിരുദ്ധ കലാപങ്ങളുടെ മുഖ്യകാരണമെന്ന് ഡോ. അജയ് സമര്‍ഥിക്കുന്നു. വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ഏത് സമയവും പാഞ്ഞുകേറാന്‍ കഴിയുന്നവിധം ഇന്ത്യന്‍ മുസ്‌ലിംകള്‍ ദുര്‍ബലരാക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ ഈ 'പുതിയ കീഴാളര്‍' (New Subalterns), മറ്റു അധഃസ്ഥിത വിഭാഗങ്ങളില്‍നിന്ന് ഭിന്നമായി, മൂന്ന് തലങ്ങളിലും-സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം-പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
ഈയിടെയായി മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും-പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍-തല പൊക്കുന്നു. ഇതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?
വര്‍ഗീയ കലാപങ്ങളുടെ നീണ്ട പാരമ്പര്യമുണ്ട് ഇന്ത്യക്ക്. പക്ഷേ അടുത്ത കാലത്ത് യു.പിയില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ പ്രത്യേക തരത്തിലുള്ളതാണ്. പ്രത്യേകതരം എന്നുപറയാന്‍ കാരണമുണ്ട്. രൂക്ഷത കുറഞ്ഞ കലാപങ്ങളാണ് അവയൊക്കെയും. അവ തുടര്‍ച്ചയായി നടക്കുകയും ചെയ്യുന്നുണ്ട്. അതേസമയം സംഘര്‍ഷങ്ങള്‍ക്ക് ഒട്ടും കുറവില്ലതാനും. അവയിലധികവും നടന്നിട്ടുള്ളത് ദലിതുകളും മുസ്‌ലിംകളും തമ്മിലും, 'മറ്റു പിന്നാക്ക ജാതിക്കാരും' (ഒ.ബി.സി) മുസ്‌ലിംകളും തമ്മിലുമാണ്. ആര്‍.എസ്.എസും ബി.ജെ.പിയും ദലിതുകളെയും പിന്നാക്ക വിഭാഗങ്ങളെയും കാവിവല്‍ക്കരിക്കുന്നതില്‍ വിജയിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇന്ന് കീഴാളരില്‍ വലിയൊരു വിഭാഗം ആര്‍.എസ്.എസ്-ബി.ജെ.പി പാളയത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. താഴ്ന്ന ജാതികള്‍ക്കിടയിലെ ആഭ്യന്തര വൈരുധ്യങ്ങള്‍ മുതലെടുത്താണ് സംഘ്പരിവാര്‍ ഇത് സാധ്യമാക്കിയത്. താഴ്ന്ന ജാതികളിലെ തന്നെ മേലേക്കിടയിലും താഴെക്കിടയിലുമായി ഉപജാതികളുമുണ്ട്. മേലേക്കിടയിലുള്ളവരുടെ ആധിപത്യമായിരിക്കും അവിടെ. വിഭവങ്ങളും തൊഴിലവസരങ്ങളും രാഷ്ട്രീയത്തിലെ സ്ഥാനമാനങ്ങളുമെല്ലാം ഓരോ ജാതിയിലെയും മേല്‍ത്തട്ടുകാര്‍ സ്വന്തമാക്കും. ഇങ്ങനെ ഓരോ ജാതിയിലെയും അരിക്‌വത്കരിക്കപ്പെടുന്ന ദലിതുകളും ഒ.ബി.സികളും സാമൂഹിക മുന്നേറ്റത്തിന് ബി.ജെ.പി തങ്ങളെ സഹായിക്കുമെന്ന് കരുതുകയാണ്. ഹിന്ദുത്വ ശക്തികള്‍ക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും ഈ കീഴ്ജാതി രാഷ്ട്രീയം പിടികിട്ടിയിട്ടില്ല. ഇങ്ങനെ ബി.ജെ.പിയില്‍ എത്തിപ്പെടുന്ന ദലിതുകളും ഒ.ബി.സികളുമാണ് മുഖ്യമായും ആര്‍.എസ്.എസിന്റെ മുസ്‌ലിം വിരുദ്ധ അജണ്ടയുടെ നടത്തിപ്പുകാര്‍.
ഫീല്‍ഡ് പഠനത്തിന്റെ ഭാഗമായി ഞാന്‍ ഈയിടെ തെലുങ്കാനയില്‍ പോയപ്പോള്‍, ഒ.ബി.സിയിലെ വലിയൊരു വിഭാഗം ബി.ജെ.പിയിലേക്ക് കൂടുമാറുന്നതായി കണ്ടു. ഈ പ്രവണത തുടരുന്ന പക്ഷം, ഒ.ബി.സിയിലെ മുഴുവിഭാഗങ്ങളും പത്ത് വര്‍ഷത്തിനകം ബി.ജെ.പി കൂടാരത്തിലെത്തിയേക്കും. ആ പ്രവണത വളരെ അപകടകരമാണെന്ന് മുസഫര്‍ നഗര്‍ അനുഭവത്തില്‍നിന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. അവിടെ ഒ.ബി.സി വിഭാഗങ്ങള്‍ വളരെക്കൂടുതലായി ബി.ജെ.പിയെ പിന്തുണക്കുകയായിരുന്നു.
ഹിന്ദു സാമൂഹിക ശ്രേണിയുടെ യഥാര്‍ഥ ഇരകള്‍ ദലിതുകളും ഒ.ബി.സികളുമാണല്ലോ. പിന്നെ എങ്ങനെയാണ് ആര്‍.എസ്.എസും ബി.ജെ.പിയും അവരെ കാവിവത്കരിക്കുന്നതില്‍ വിജയിച്ചത്?
പതിറ്റാണ്ടുകളായി ഇന്ത്യയിലെ കീഴ്ജാതിക്കാര്‍ ക്രമേണ വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് കളംമാറുന്ന പ്രവണത ദൃശ്യമാണ്. ഇതെന്തുകൊണ്ട്? ഞാനൊരു സാമൂഹിക ശാസ്ത്ര വിശകലനം നല്‍കാം. ഈ പ്രവണതയെ ഞാന്‍ Entrenched Caste Psyche എന്നാണ് വിളിക്കുന്നത്. ജാതിഘടനക്കകത്ത് പ്രവര്‍ത്തിക്കുന്ന ഒരു മനോഭാവമാണിത്. ഗോവണി രൂപത്തിലുള്ള ജാതിഘടനയില്‍ ഒരു തരത്തിലുള്ള അസമത്വം എല്ലാ തലങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ഇരട്ട വ്യക്തിത്വമാണ് ഓരോ ജാതിക്കും ഉള്ളതെന്നര്‍ഥം. ഏതൊരു ജാതിയും അതിന്റെ മുകളിലുള്ള ജാതിയുടെ പീഡനം ഏറ്റുവാങ്ങുമ്പോള്‍ തന്നെ, അതിന്റെ താഴെയുള്ള ജാതിയെ അടിച്ചമര്‍ത്തുകയും ചെയ്യുന്നുണ്ട്. ഒരു ജാതി തന്നെ ഇരയും വേട്ടക്കാരനുമാണ്. നമ്മുടെ നാട്ടിലെ ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളൊക്കെയും ഉയര്‍ന്ന ജാതികളുടെ മേധാവിത്തം ചോദ്യം ചെയ്യുന്നതില്‍ ഒതുങ്ങുന്നു. ഒരേ ജാതിയിലെ ഉപ/അവാന്തര ജാതികള്‍ തൊട്ടുതാഴെയുള്ള വിഭാഗങ്ങളുടെമേല്‍ പ്രയോഗിക്കുന്ന അധീശത്വത്തെ തിരിച്ചറിയാന്‍ ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞില്ല. ഉദാഹരണത്തിന്, ദലിതുകളും ഒ.ബി.സികളുമൊക്കെ അവരേക്കാള്‍ താഴ്ന്ന ശ്രേണിയിലുള്ള വിഭാഗങ്ങളോട് മോശമായി പെരുമാറുകയും അവരെ അപമാനിക്കുകയും ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. ജാതിക്കകത്തുള്ള ഈ അധീശത്വ പ്രവണതകള്‍ ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ അജണ്ടയായിരുന്നിട്ടില്ല. ബ്രാഹ്മണര്‍, ബ്രാഹ്മണരല്ലാത്തവര്‍, വരേണ്യജാതി, ഒ.ബി.സികള്‍, ദലിതുകള്‍ തുടങ്ങി വളരെ വലിയ തരംതിരിവുകള്‍ നടത്തിയാണ് അത്തരം പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഞാന്‍ പറഞ്ഞുവരുന്നത്, ജാതിഘടനയില്‍ താഴെ ശ്രേണിയിലുള്ളതിന്റെ മേല്‍ അധീശത്വം പുലര്‍ത്താനുള്ള മേല്‍ശ്രേണി വിഭാഗത്തിന്റെ മനോഘടനയെ ഇതേവരെ ആരും ചോദ്യം ചെയ്തിട്ടില്ല എന്നാണ്. ജാതിഘടനയില്‍ അന്തര്‍ഹിതമായ ഇതേ മനോഭാവമാണ് മുസ്‌ലിംകള്‍ക്കെതിരെ തിരിയുന്ന ദലിതുകളിലും ഒ.ബി.സികളിലും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാവുന്നത്. എളുപ്പത്തില്‍ ആക്രമിക്കാവുന്ന, കീഴ്‌പ്പെടുത്താവുന്ന വിഭാഗമായി മുസ്‌ലിംകള്‍ മാറിയതുകൊണ്ടാണിത് സംഭവിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, ഇടത്പക്ഷത്തിനോ പുരോഗമന വിഭാഗങ്ങള്‍ക്കോ പ്രശ്‌നത്തിന്റെ ഈയൊരു തലത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല. കീഴാള രാഷ്ട്രീയത്തില്‍ അഭിരമിക്കുകയും കീഴാളമായതെന്തും ആഘോഷിക്കുകയും ചെയ്യുക മാത്രമാണവര്‍.
കീഴ്ജാതികളുടെ അവകാശ പ്രഖ്യാപനങ്ങളിലൊന്നും പുരോഗമനാത്മകത ഇല്ലെന്നാണോ?
കീഴ്ജാതി രാഷ്ട്രീയം പുരോഗമനാത്മകമല്ല എന്നൊന്നും ഞാന്‍ പറഞ്ഞില്ല. അത്തരം അവകാശ പ്രഖ്യാപനങ്ങള്‍ ജനാധിപത്യവത്കരണത്തിന്റെ ഭാഗമായിട്ട് തന്നെയാണ് ഞാന്‍ കാണുന്നത്. അതേസമയം ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ പരാജയവും നാം കാണണം. അംബേദ്കര്‍ വളരെ മുമ്പ് തന്നെ ജാതി ഉന്മൂലനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. പക്ഷേ ഇന്നത് കേവലം ഉട്ട്യോപ്യയായി എഴുതിത്തള്ളപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ ഘട്ടം, ജാതിയുടെ സെക്യുലര്‍വല്‍ക്കരണമാണ്. ഇതിന്റെ വക്താക്കള്‍ അവകാശപ്പെട്ടത്, കീഴ്ജാതികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് തന്നെ ഒരു മതേതര പ്രവര്‍ത്തനമാണെന്നാണ്. കാരണം മതങ്ങള്‍ക്കതീതമായി വിവിധ ജാതികള്‍ ഇവിടെ സാമൂഹിക നീതിക്കായി ഒന്നിച്ച് പോരാട്ടത്തിനിറങ്ങുകയാണ്. ഈ ചിന്താധാരക്ക് തുടക്കത്തില്‍ ചില വിജയങ്ങള്‍ ഉണ്ടായെങ്കിലും, ആര്‍.എസ്.എസ്-ബി.ജെ.പി പരിവാരം ബഹുജനത്തെ ഹിന്ദുത്വവല്‍ക്കരിച്ചതോടെ ആ ജാതി രാഷ്ട്രീയം കുത്തൊഴുക്കില്‍ പെട്ടു.
ഞാന്‍ നേരത്തെ സൂചിപ്പിച്ചത്‌പോലെ, ഇവിടെ സംഘ്പരിവാര്‍ നീക്കങ്ങള്‍ വിജയിക്കാന്‍ കാരണം ഉപജാതികള്‍ക്കിടയിലെ ആധിപത്യ-അധീശത്വ പ്രവണതകളെ അഭിസംബോധന ചെയ്യുന്നതില്‍ ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടതാണ്. സംവരണത്തിന്റെ ഗുണഭോക്താക്കള്‍ യഥാര്‍ഥത്തില്‍ ആരാണ്? കീഴ്ജാതി രാഷ്ട്രീയത്തില്‍ മേധാവിത്തം പുലര്‍ത്തുന്നതാര്? ഇതൊക്കെയും കൃത്യമായി വിശകലനം ചെയ്യപ്പെടണം. ഉദാഹരണത്തിന്, ബിഹാറിലെ ഒ.ബി.സി രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്നത് രണ്ടാലൊരു ജാതിയാണ്. യാദവന്മാര്‍ അല്ലെങ്കില്‍ കുറുമികള്‍. മലാകളാണ് ആന്ധ്രയിലെ ദലിത് രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നത്. അതുപോലെ മഹാറുകള്‍ മഹാരാഷ്ട്രയിലും ചമാറുകള്‍ യു.പിയിലും ആധിപത്യം ചെലുത്തുന്നു. എന്നാല്‍ ദലിതുകളിലെയും ഒ.ബി.സികളിലെയും മറ്റു ഉപജാതികളൊന്നും രാഷ്ട്രീയമായി ശാക്തീകരിക്കപ്പെട്ടിട്ടേയില്ല.
ഈയൊരു പശ്ചാത്തലം വെച്ച് ജാതിഘടനയിലെ വൈരുധ്യങ്ങളെ തിരിച്ചറിയാന്‍ കഴിയണം. തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടാത്തതിനാല്‍ ഇതിനാരും മുതിരാറില്ല എന്നതാണ് വസ്തുത. പാമ്പാട്ടികളുടെ പ്രശ്‌നങ്ങള്‍ കീഴ്ജാതി രാഷ്ട്രീയം ചര്‍ച്ച ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയുമോ? കീഴ്ജാതി രാഷ്ട്രീയത്തിലൂടെ മുകളിലോട്ടുള്ള പ്രയാണം സാധ്യമാണ് എന്ന് കണക്ക് കൂട്ടിയാണ് ജാതികളിലെയും ഉപജാതികളിലെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ ഇപ്പോള്‍ ബി.ജെ.പിയില്‍ അണിനിരന്നിരിക്കുന്നത്. ഭൂരിപക്ഷത്തിന്റെ ഒപ്പമായതിനാല്‍ തങ്ങള്‍ ശാക്തീകരിക്കപ്പെടുന്നു എന്ന തോന്നലും അവര്‍ക്ക് ഉണ്ടാവുന്നുണ്ട്. ആന്ധ്ര, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലെ കീഴാള ദലിത് രാഷ്ട്രീയത്തിലെ പ്രമുഖ വിഭാഗങ്ങള്‍ ക്രൈസ്തവ, ബൗദ്ധ, ഇസ്‌ലാം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് നേരത്തേ പറഞ്ഞ വിഭാഗങ്ങളെ ആര്‍.എസ്.എസിലേക്ക് അടുപ്പിക്കുന്നുണ്ട്. ഹിന്ദൂയിസത്തിലേക്ക് വഴികണ്ടെത്തുകയാണ് അവര്‍. ബി.ജെ.പിയും ആര്‍.എസ്.എസും അവരെ ഹിന്ദൂയിസത്തിന്റെ പടയാളികളായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. അതിനാല്‍ തങ്ങളുടെ 'ഹിന്ദുയിസം' തെളിയിക്കാനുള്ള ഒരു ഉപാധികൂടിയാണ് ഈ കീഴാള ഉപജാതികള്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍.
അടുത്ത കാലത്ത് പടിഞ്ഞാറന്‍ യു.പിയിലുണ്ടായ വര്‍ഗീയ കലാപങ്ങളെക്കുറിച്ച്?
രണ്ട് തന്ത്രങ്ങള്‍ പയറ്റിക്കൊണ്ടാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. 'തീക്ഷ്ണത കൂടിയ വളര്‍ച്ചാനിരക്ക്, തീക്ഷ്ണത കുറഞ്ഞ വര്‍ഗീയത' എന്നാണ് ഞാനതിനെ വിളിക്കുക. വിശദീകരിക്കാം. കേന്ദ്രത്തിലെ മോദി ഗവണ്‍മെന്റ് ഗുജറാത്തിലെ നവലിബറല്‍ സാമ്പത്തിക നയത്തിന്റെ ചുവടൊപ്പിച്ചാണ് നീങ്ങുന്നത്. വന്‍ വളര്‍ച്ചയാണ് ലക്ഷ്യം. കഴിഞ്ഞ കാലങ്ങളിലേതുപോലെ വന്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ഇക്കാര്യം നടക്കാതെ പോകും. 2002-ലെ ഗുജറാത്ത് കൂട്ടക്കൊല പോലുള്ള ഹിംസകള്‍ക്ക് നിക്ഷേപകര്‍ക്കിടയിലോ മധ്യവര്‍ഗങ്ങള്‍ക്കിടയിലോ ഒട്ടും സ്വീകാര്യതയില്ലെന്ന് ബി.ജെ.പി തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. മോദി പറയുന്ന നല്ല ഭരണവും കഴിഞ്ഞ കാലത്തേതു പോലുള്ള വന്‍ കലാപങ്ങളും ഒത്തുപോവുകയില്ല.
അതിനാലാണ് സംഘപരിവാര്‍ ശക്തികള്‍ വന്‍കലാപങ്ങള്‍ക്ക് മുതിരാത്തത്. പല കെണികളും ഒരുക്കി മുസ്‌ലിംകളെ തന്ത്രപരമായി നിഷ്‌കാസനം ചെയ്യുക എന്ന രീതിയാണ് അവര്‍ സ്വീകരിക്കുന്നത്. മുസ്‌ലിംകള്‍ക്ക് സാമ്പത്തികാവസരങ്ങള്‍ നിഷേധിച്ചും അവരെ രാഷ്ട്രീയമായി അപ്രസക്തമാക്കിയുമൊക്കെയാണ് ഈ ദൈനംദിന നിഷ്‌കാസനം അരങ്ങേറുക. നോക്കൂ, കോണ്‍ഗ്രസ് പോലും മുസ്‌ലിംകള്‍ക്ക് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കാന്‍ മടിക്കുന്നു. കാരണം മുസ്‌ലിം അനുകൂലവും അങ്ങനെ ഹിന്ദുവിരുദ്ധവുമായി പ്രത്യക്ഷപ്പെടാന്‍ ആ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. വര്‍ഗീയ മനസ്സ് എത്രമാത്രം സമൂഹത്തിന്റെ അടിത്തട്ടിലേക്ക് വരെ ഇറങ്ങിച്ചെന്നിട്ടുണ്ട് എന്നതിന് ഒരു ഉദാഹരണം പറയാം. പഞ്ചാബിലെ ഒരു ദലിത് വോട്ടറോട് ഞാന്‍ ചോദിച്ചു, 'തെരഞ്ഞെടുപ്പില്‍ ജാതി നിങ്ങള്‍ക്ക് ഒരു പ്രശ്‌നമാണോ' എന്ന്. യോഗ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്കാണ് താന്‍ വോട്ട് ചെയ്യുക എന്ന് അദ്ദേഹം പറഞ്ഞു. ഈ യോഗ്യതയുള്ളവരില്‍ മുസ്‌ലിം സ്ഥാനാര്‍ഥി പെടുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി: 'മുസ്‌ലിം ഹമാരാ ആദ്മി നഹീ ഹെ' (മുസ്‌ലിം നമ്മുടെ ആളല്ല). ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ ഭ്രഷ്ടനാണ് മുസ്‌ലിം.
'വികസനം' ഉറപ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് അധികാരമേറ്റ മോദി അതില്‍ പരാജയപ്പെട്ടു എന്ന വാദമുണ്ടല്ലോ. താങ്കള്‍ അതിനോട് യോജിക്കുന്നുണ്ടോ? അദ്ദേഹത്തിന്റെ തന്നെ ഗവണ്‍മെന്റ് തയാറാക്കിയ കണക്ക് പ്രകാരം കഴിഞ്ഞ ആറ് മാസത്തിനിടക്ക് 308 വര്‍ഗീയ കലാപങ്ങളുണ്ടായി; അതില്‍ അമ്പത്തിയാറും യു.പിയില്‍ തന്നെ.
കഴിഞ്ഞ യു.പി.എ ഗവണ്‍മെന്റ് പത്ത് വര്‍ഷക്കാലം തത്ത്വത്തിലെങ്കിലും അംഗീകരിച്ചിരുന്നത്-പ്രയോഗത്തില്‍ പരാജയപ്പെട്ടു എന്നത് വേറെ കാര്യം-സാമൂഹിക നീതിയും സാമൂഹിക ക്ഷേവുമായിരുന്നു. ഇതിന് വിരുദ്ധമായി ബി.ജെ.പി ഗവണ്‍മെന്റ് മുസ്‌ലിംകള്‍ക്കെതിരെ 'തീക്ഷ്ണത കുറഞ്ഞ വര്‍ഗീയത' എന്ന നയമാണ് സ്വീകരിക്കുന്നത്. അതേസമയം പഴയ മോദി ഇപ്പോള്‍ ഇല്ല എന്ന കാര്യവും നാം ശ്രദ്ധിക്കണം. മോദി ചെയ്തിരുന്ന കാര്യങ്ങളൊക്കെ ബി.ജെ.പി പ്രസിഡന്റും മോദിയുടെ വലംകൈയുമായി അമിത്ഷാ വഴിയാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മന്‍മോഹനും ചിദംബരവും ആലുവാലിയയും വളര്‍ച്ചയുടെയും, ഗാന്ധി കുടുംബം സാമൂഹിക നീതിയുടെയും മുഖമായി ചിത്രീകരിക്കപ്പെട്ടപ്പോള്‍ മോദിയുടേത് 'സദ്ഭരണ'മായിരുന്നു. അതിനാല്‍ മോദി വര്‍ഗീയ പ്രശ്‌നങ്ങളില്‍ മൗനമവലംബിക്കുകയും അമിത്ഷാ നേരെ വിരുദ്ധമായ അജണ്ടകള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. ഈ രണ്ട് വിരുദ്ധ സംഗതികളും ഒരേ സമയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തന ക്ഷമമായിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ അഭൂതപൂര്‍വമായ വിജയം (പ്രത്യേകിച്ച് യു.പിയില്‍) വര്‍ഗീയ സംഘര്‍ഷം അണയാതെ നിലനിര്‍ത്താന്‍ ആ പാര്‍ട്ടിക്ക് കഴിഞ്ഞത് കൊണ്ടാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
കീഴ്ജാതിക്കാരുടെ കാവിവല്‍ക്കരണം മാത്രമല്ല, വേറെയും പല ഘടകങ്ങളുണ്ട് ബി.ജെ.പി വിജയത്തിന്. കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തിലേറിയാണ് മോദിയുടെ വരവ്. ഭരണം കൂടുതല്‍ ജനക്ഷേമകരമാവണം എന്നതായിരുന്നു ഈ കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തിന്റെ കാതല്‍. വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെയുള്ള ജനവികാരമാണ് പ്രതിഫലിച്ചത്. ഈ അസ്വസ്ഥതകള്‍ക്കിടയില്‍, പരിഹാരം തന്റെ കൈയിലുണ്ടെന്ന് ജനത്തെ ബോധ്യപ്പെടുത്തുന്നതില്‍ മോദി വിജയിച്ചു.
യു.പി.എ ഭരണ കാലത്ത് നവലിബറലിസത്തിന്റെ 'മുഖമില്ലായ്മ' നാം ശരിക്കും കണ്ടതാണ്. പ്രതിസന്ധികള്‍ ഉടലെടുക്കുമ്പോള്‍ ഒരാളും അതിന്റെ ഉത്തരവാദിത്തം ഏല്‍ക്കാന്‍ ഉണ്ടായിരുന്നില്ല. അത് വിലക്കയറ്റവും സാമ്പത്തിക മുരടിപ്പും രൂക്ഷമാക്കി. പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന് പകരം വൈദേശിക ഘടകങ്ങള്‍ അതിന് പിന്നില്‍ കണ്ടെത്താനാണ് യു.പി.എ ഗവണ്‍മെന്റ് വരെ ശ്രമിച്ചത്. ഉത്തരവാദിത്തമേറ്റെടുക്കാനോ ജനത്തിന് ആശ്വാസം നല്‍കാനോ ഗാന്ധി കുടുംബം പോലും ഉണ്ടായിരുന്നില്ല. ഈയൊരു പശ്ചാത്തലത്തില്‍ മോദിയില്‍ വിശ്വാസമര്‍പ്പിച്ച് ആര്‍.എസ്.എസ് പൊതുസമൂഹത്തെ വന്‍തോതില്‍ സംഘടിപ്പിക്കുകയായിരുന്നു. ആര്‍.എസ്.എസ് വളരെ സൂക്ഷ്മമായി ഓരോ പദ്ധതിയും ആവിഷ്‌കരിച്ചു. ഓരോ ലോക്‌സഭാ മണ്ഡലത്തെയും ആഴത്തില്‍ പഠിച്ചു. മുസ്‌ലിം വോട്ട് ഭിന്നിപ്പിക്കുന്നതിന് ഡമ്മി സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ മാത്രമായി ബി.ജെ.പി മുന്നൂറ് കോടി ചെലവാക്കി എന്ന് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് 31% മാത്രം വോട്ട് ലഭിച്ച ബി.ജെ.പിക്ക് മുന്നൂറോളം സീറ്റുകള്‍ നേടാനായത്.
അന്നാ ഹസാരെയുടെയും ആംആദ്മിയുടെയും രംഗപ്രവേശവും ബി.ജെ.പി വിജയത്തെ തുണച്ചിട്ടുണ്ട്. അന്നയുടെയും 'ആപ്പി'ന്റെയും അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ അടിസ്ഥാനപരമായി ഒരു മധ്യവര്‍ഗ മുന്നേറ്റമാണെന്നും കൃത്യമായ അജണ്ടകളൊന്നുമില്ലാതെ 'ഭൂരിപക്ഷ'ത്തിന്റെ ഭാഷയിലാണ് അവര്‍ സംസാരിക്കുന്നതെന്നും കുറെ കാലമായി ഞാന്‍ വാദിച്ചുകൊണ്ടിരുന്നതാണ്. 1970 കളിലെ ജെ.പി പ്രസ്ഥാനത്തോട് ഇതിന് സാദൃശ്യമുണ്ട്. അഴിമതിക്ക് പല പല ഉറവിടങ്ങളുണ്ടെന്ന യാഥാര്‍ഥ്യം അവര്‍ കണക്കിലെടുത്തില്ല. രാഷ്ട്രത്തിന്റെ സാമ്പത്തിക ഘടനയുടെ സ്വഭാവം, സാമ്പത്തിക ഉദാരവല്‍ക്കരണം, സ്വജനതല്‍പ്പരത, ബ്യൂറോക്രസിയിലെ ജാതി വലയം-ഇങ്ങനെ പലതും. ഇതിന്റെ ഫലമായി മധ്യവര്‍ഗത്തില്‍ ആഴത്തില്‍ വേരൂന്നിയ വെറുപ്പും അമര്‍ഷവുമാണ് അവരെ മോദിയോട് അടുപ്പിച്ചത്.
പടിഞ്ഞാറന്‍ യു.പിയില്‍ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിലും ബി.ജെ.പി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് മീഡിയ റിപ്പോര്‍ട്ടുണ്ട്. മറ്റൊരു വാക്കില്‍, തെരഞ്ഞെടുപ്പും വര്‍ഗീയ ധ്രുവീകരണവും തമ്മിലുള്ള ബന്ധമെന്താണ്?
നേരത്തേ പറഞ്ഞപോലെ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്നത് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനാണ്; ഭാവിയിലും ആ നയം അവര്‍ തുടരാന്‍ തന്നെയാണ് സാധ്യത. പക്ഷേ ഇവിടെ മര്‍മപ്രധാനമായ ചോദ്യം ഇതാണ്: എന്തുകൊണ്ടാണ് ബി.ജെ.പിക്ക് അവരുടെ പദ്ധതികള്‍ വിജയിപ്പിച്ചെടുക്കാന്‍ കഴിയുന്നത്? തങ്ങളുടെ പരമ്പരാഗത വോട്ടര്‍മാരായ ബ്രാഹ്മണരിലും ബനിയക്കാരിലും മാത്രമല്ല വലിയൊരു വിഭാഗം കീഴാളരിലും ബി.ജെ.പി വന്‍ സ്വീകാര്യത ആര്‍ജിച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ ഉത്തരം.
യു.പിയില്‍ ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ (അഅ്‌സംഗഢ്), സിക്കുകാര്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ (സഹാരന്‍പൂര്‍) വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നതിനെ എങ്ങനെ കാണുന്നു?
വിഭജനത്തിന്റെ ഓര്‍മകളെ പുനരുജ്ജീവിപ്പിച്ചുകൊണ്ടാണ് ആര്‍.എസ്.എസ് സിക്കുകാര്‍ക്കിടയില്‍ മുസ്‌ലിംവിരുദ്ധ വികാരം വളര്‍ത്തുന്നത്. ജാതിഘടനയുടെ താഴ്ത്തട്ടില്‍ ജാതി വികാരം എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്ന് നേരത്തേ വിശദീകരിച്ചല്ലോ. അത് മുതലാക്കിയാണ് ദലിതുകളില്‍ മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിക്കുന്നത്. പിന്നെ താഴ്ന്ന ജാതിക്കാര്‍ വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് കൂടുമാറുന്ന പ്രവണത വ്യാപകമാണ് താനും. സെക്യുലര്‍ ആവുന്നതിനുള്ള പ്രേരണകളൊന്നും ഇന്ന് അധികമില്ല. സെക്യുലര്‍ കക്ഷികള്‍ പോലും സ്വന്തം കാര്യം മാത്രമേ ഇപ്പോള്‍ നോക്കുന്നുള്ളൂ. ജാതിയും മതവും കടന്നുള്ള ഇടപെടലിന് സമൂഹം പൊതുവേ ഒരുക്കമല്ല. എത്ര ദലിതുകളുണ്ട് ഇന്ന് മുസ്‌ലിം പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കുന്നവരായി? ആദിവാസി പ്രശ്‌നങ്ങളെക്കുറിച്ച് എത്ര മുസ്‌ലിംകള്‍ സംസാരിക്കുന്നുണ്ട്? ഈ സെക്യുലര്‍ വിഭാഗീയത കൈയൊഴിക്കാന്‍ നേരമായി.
മുസ്‌ലിംകളാണ് ഇന്ത്യയിലെ പുതിയ കീഴാള വര്‍ഗം എന്ന് താങ്കള്‍ പറയുകയുണ്ടായി. ഒന്നു വിശദീകരിക്കാമോ?
പുതിയ കീഴാള വര്‍ഗം എന്നുപറയാന്‍ കാരണം, മൂന്ന് മണ്ഡലങ്ങളിലും-സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം-മുസ്‌ലിംകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടത് കൊണ്ടാണ്. സാമൂഹികമായി ഭ്രഷ്ട് കല്‍പിക്കപ്പെട്ടും സാമ്പത്തികമായി പുറന്തള്ളപ്പെട്ടും രാഷ്ട്രീയമായി പ്രാതിനിധ്യമില്ലാതെയുമാണ് അവര്‍ കഴിഞ്ഞുകൂടുന്നത്. പ്രാന്തവത്കരിക്കപ്പെട്ടവരെന്ന് നാം പറയുന്ന ദലിതുകളും ഒ.ബി.സികളും ഈ മൂന്ന് തലങ്ങളിലും ഒരുപോലെ പുറന്തള്ളപ്പെട്ടവരല്ല. ഹിന്ദുജാതി ശ്രേണിയുടെ ഏറ്റവും താഴെ തട്ടിലുള്ള വിഭാഗങ്ങളുടെ പോലും ആക്രമണങ്ങള്‍ക്ക് ഈസി ടാര്‍ഗറ്റ് ആയിത്തീരുകയാണ് മുസ്‌ലിംകള്‍. അതിനാല്‍ മുസ്‌ലിംകള്‍ക്ക് 10 മുതല്‍ 12 വരെ ശതമാനം സംവരണം നല്‍കുന്നതിനെ ഞാന്‍ അനുകൂലിക്കും. മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കരുത് എന്നുപറയുന്നവര്‍ അതിന് മതിയായ ന്യായങ്ങള്‍ നിരത്തുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് അവരെ ശാക്തീകരിക്കുന്ന നീക്കങ്ങള്‍ (Affirmative Actions) ആവശ്യമുണ്ട്.
Comments