Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 22

ആരോഗ്യം, സമയം എന്നീ അനുഗ്രഹങ്ങളില്‍ അശ്രദ്ധരായി എത്ര പേരാണ്

മുഹമ്മദുല്‍ ഗസ്സാലി

         കര്‍മനൈരന്തര്യം ജീവിക്കുന്നതിന്റെ സന്ദേശമാണെങ്കില്‍, നിഷ്‌ക്രിയത്വം നിര്‍ജീവതയുടേതാണ്. തൊഴില്‍രാഹിത്യത്തിന്റെ മറവില്‍ ധാരാളം തിന്മകളാണ് ജന്മമെടുക്കുന്നത്. സമൂഹത്തെ ഉന്മൂലനാശം വരുത്താന്‍ കഴിവുള്ള അണുക്കള്‍ വരെ അതിലൊളിഞ്ഞിരിപ്പുണ്ട്. ഐഹികലോകം ഭാവി ജീവിതത്തിലേക്ക് വിത്തുകള്‍ കൊയ്‌തെടുക്കേണ്ട വിളയിടമാണ്. ഇവിടെ നിഷ്‌ക്രിയരായിരിക്കുന്നവര്‍ നഷ്ടവും നാശവും മാത്രം കൈമുതലാക്കിയവരാണ്. ആരോഗ്യം, സമയം എന്നീ അനുഗ്രഹങ്ങളെക്കുറിച്ച് അശ്രദ്ധരായി കഴിയുന്നതിനെതിരെ പ്രവാചകന്‍ ഉണര്‍ത്തിയിട്ടുണ്ട്. പ്രവാചകന്‍ പറഞ്ഞു: ''ആരോഗ്യം, ഒഴിവുവേള എന്നീ രണ്ട് അനുഗ്രഹങ്ങളെക്കുറിച്ച് ജനങ്ങളിലധികപേരും അശ്രദ്ധരാണ്'' (ബുഖാരി). ആരോഗ്യവും സമയവുമുള്ള എത്ര ആളുകളാണ് യാതൊരു കര്‍മങ്ങളിലുമേര്‍പ്പെടാതെ അസ്വസ്ഥരായി കഴിഞ്ഞുകൊണ്ടിരിക്കുന്നത്! ഇതിനാണോ മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചത്? അല്ലാഹു പറഞ്ഞു: ''നിങ്ങളെ നാം കേവലം വൃഥാ സൃഷ്ടിച്ചുവെന്നും നിങ്ങള്‍ ഒരിക്കലും നമ്മിലേക്ക് മടക്കപ്പെടുകയേ ഇല്ലെന്നും നിങ്ങള്‍ ധരിച്ചുവെച്ചിരുന്നുവോ?  എന്നാല്‍ അല്ലാഹു, അത്യുന്നതന്‍ ആകുന്നു യഥാര്‍ഥ രാജാവ്'' (അല്‍മുഅ്മിനൂന്‍ 115-116).

മനുഷ്യന്റെ സൃഷ്ടിപ്പില്‍ വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങളുണ്ട്; ആകാശ ഭൂമികളുടെയും അവക്കിടയിലെ സകലതിന്റെയും സൃഷ്ടിപ്പിലും. ഈയൊരു തിരിച്ചറിവ് മനുഷ്യന് അനിവാര്യമാണ്. കുടുസ്സായ മോഹങ്ങളില്‍ കുടുങ്ങി അശ്രദ്ധനായി കഴിഞ്ഞുകൂടുക അവനൊരിക്കലും ഭൂഷണമല്ല. 'തര്‍ബിയത്തി'ന്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് വിശദീകരിച്ച് ഇമാം ശാഫിഈ പറഞ്ഞത് എത്ര മഹത്തരമാണ്! അദ്ദേഹം പറഞ്ഞു: ''ധര്‍മം കൊണ്ട് മനസ്സിനെ നീ കര്‍മനിരതമാക്കിയിട്ടില്ലെങ്കില്‍ അധര്‍മത്താല്‍ അതു നിന്നെ വ്യാപൃതനാക്കും.''

ഇതു പൂര്‍ണമായും ശരിയാണ്. നന്മകളും പുണ്യങ്ങളും ധര്‍മസമരങ്ങളുമായി ജീവിതം സമ്പുഷ്ടമാക്കുകയും അതിനനുസരിച്ച് ചലിപ്പിക്കുകയും ചെയ്തിട്ടില്ലെങ്കില്‍ ദുഷിച്ചതും ഉപകാരശൂന്യവുമായ ചിന്തകള്‍ മനസ്സിനെ വലയം ചെയ്യും. അങ്ങനെയുള്ള മനസ്സിന് ഒരിക്കലും സമാധാനമുണ്ടാകില്ല. ജീവിതം സുരക്ഷിതമാകാന്‍ വേണ്ടത് ഉപകാരപ്രദവും വ്യക്തവും ഉത്തമവുമായൊരു മാര്‍ഗരേഖ അതിന് ഉണ്ടാക്കലാണ്.  ദുര്‍ബോധനങ്ങളിലും വഴികേടിലും അകപ്പെടാനുളള അവസരം പിശാചിനു നല്‍കാതിരിക്കലുമാണ്. ഇസ്‌ലാമിലെ നിര്‍ബന്ധ ബാധ്യതകള്‍ നിര്‍ണയിച്ചപ്പോള്‍ ഈയൊരു വസ്തുത പരിഗണിച്ചതായി കാണാം. അധര്‍മങ്ങള്‍ക്ക് മനസ്സിലൊരു ഇടവും ഉണ്ടാക്കാത്ത വിധത്തിലാണ് അവ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പ്രമുഖ അമേരിക്കന്‍ ചിന്തകനും എഴുത്തുകാരനുമായ ഡേല്‍ കാര്‍നേഗ് പറയുന്നു: ''കര്‍മനിരതരാകുമ്പോള്‍ അസ്വസ്ഥത ഒട്ടും ഞങ്ങളെ പിടികൂടാറില്ല. അതിനു തുടര്‍ച്ചയെന്നോണം ലഭിക്കുന്ന ഇടവേള വലിയ അപകടം പിണഞ്ഞതാണ്. ഒഴിവുവേള ലഭിക്കുമ്പോഴൊക്കെ അസ്വസ്ഥതയാകുന്ന പിശാച് ഞങ്ങളെ കടന്നാക്രമിക്കാന്‍  അമാന്തം കാണിക്കാറില്ല. ജോലികളില്‍ നിന്ന് വിരമിക്കുമ്പോള്‍ മനസ്സ് ചിന്തകളില്‍നിന്ന് ശൂന്യമാകുന്നതായി കാണാം.  ഒഴിവുവേള പ്രകൃതി കോപിക്കുന്ന പോലെയുണ്ട്. പ്രകൃതി ശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതറിയാം. ഒരു പരീക്ഷണത്തിലൂടെ അതു മനസ്സിലാക്കാം. വായുശൂന്യമായ ഒരു ഇലക്ട്രിക്ക് ബള്‍ബിന് ദ്വാരമുണ്ടാക്കി നോക്കൂ. ഉടനെ വായു അതിലേക്ക് പ്രവേശിക്കുകയും അതു നിറയുകയും ചെയ്യും. ഇപ്രകാരമാണ് ശൂന്യമായ മനസ്സ്. അതിനെ നിറക്കാന്‍ പ്രകൃതി ധൃതികൂട്ടും. അധികവും വികാരങ്ങളും വിചാരങ്ങളും കൊണ്ടായിരിക്കും. അസ്വസ്ഥത, ഭീതി, പക, ദേഷ്യം, അസൂയ തുടങ്ങിയവ പണ്ട് കാലം മുതലേ മനുഷ്യ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവയുടെ ശക്തിയാല്‍ ചിലപ്പോള്‍ മനസ്സമാധാനവും ബുദ്ധിസ്ഥിരതയും കരിഞ്ഞുപോകുന്നു.''

തര്‍ബിയത്ത് നല്‍കുന്നവര്‍ ഒഴിവ് വേള എന്ന വിപത്തിനെക്കുറിച്ച് ആളുകള്‍ക്ക് മുന്നറിയിപ്പു നല്‍കേണ്ടതുണ്ട്. അതിന്റെ നാശത്തില്‍നിന്നു മനസ്സുകളെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ഗൗരവം അവരെ ഉണര്‍ത്തേണ്ടതുണ്ട്. ജിവിതത്തിന്റെ ഉയര്‍ച്ചക്കും പുരോഗതിക്കും വ്യക്തവും സ്ഥായിയുമായൊരു രീതിശാസ്ത്രം നിര്‍ണയിക്കലാണ് ഇങ്ങനെയുളള അവസ്ഥകളില്‍ ഏറ്റവും ഉത്തമം. നിര്‍ബന്ധ കര്‍മങ്ങളാല്‍ സമയത്തെ ധന്യമാക്കുക. ഒരു കര്‍മത്തില്‍നിന്നു മറ്റൊരു കര്‍മത്തിലേക്ക് വ്യാപൃതനാവുക. നിഷ്‌ക്രിയത്വം, ഒഴിവുവേള എന്നിവയില്‍ നിന്നുണ്ടാകുന്ന രോഗങ്ങളില്‍ നിന്നും വിപത്തുക്കളില്‍ നിന്നും രക്ഷപ്പെടാനുളള മാര്‍ഗങ്ങളാണിത്.

ഒഴിവുവേള നിയന്ത്രിച്ചാല്‍ സമൂഹത്തിന് ഒരുപാട് നാശങ്ങളില്‍ നിന്നു രക്ഷപ്രാപിക്കാന്‍ സാധിക്കുമെന്നാണ് എന്റെ അഭിപ്രായം. അത് കേവലം വാക്കുകളില്‍ പരിമിതപ്പെടുത്തലല്ല, മുഴുവന്‍ വിഭവങ്ങളും തന്റെ ഇഹപര നേട്ടങ്ങള്‍ക്കായി വിനിയോഗിക്കലാണ്. അപ്പോള്‍ നിഷ്‌ക്രിയനായിരിക്കുക എന്നൊരു അവസ്ഥ ഉണ്ടാകില്ല. ധനികരുടെ നിഷ്‌ക്രിയത്വം അധാര്‍മികതയിലേക്ക് നയിക്കുമെന്നതിന് ഉദാഹരണങ്ങള്‍ വേണ്ട. എന്നാല്‍ ദരിദ്രരുടെ നിഷ്‌ക്രിയത്വമോ? അത്  വലിയയൊരളവോളം മനുഷ്യ വിഭവങ്ങളെ നഷ്ടപ്പെടുത്തുന്നുണ്ട്. അല്ലാഹു നല്‍കിയനുഗ്രഹിച്ച ആരോഗ്യവും കഴിവുകളും മോശമായ രൂപത്തില്‍ വിനിയോഗിക്കുകയാണ്. ഒഴിവ്‌വേളയെ അവര്‍ ശരിക്കും ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ലോകം തന്നെ മാറ്റിമറിക്കാനാവും. മനുഷ്യന്‍ പിന്തുടരേണ്ടത് ഇങ്ങനെയുള്ള വ്യവസ്ഥയാണ്. ഇസ്‌ലാം ഇത് നന്നായി പരിഗണിച്ചിട്ടുണ്ട്. 

ഇസ്‌ലാമിക ശരീഅത്ത് അധികവും സ്വന്തത്തോടും ജനങ്ങളോടുമുള്ള ജിഹാദാണ്. പാപങ്ങളില്‍ നിന്നും കുറ്റങ്ങളില്‍ നിന്നും മനസ്സിനെ അകറ്റിനിര്‍ത്തലാണ് സ്വന്തത്തോടുള്ള ജിഹാദ്. ജീവിതത്തെ നാശത്തിലേക്ക് നയിക്കുന്ന, വിശ്വാസത്തിന് കളങ്കമേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനങ്ങളെ തടയലും അവരെ സംസ്‌കരിക്കലുമാണ് ജനങ്ങളോടുള്ള ജിഹാദ്. രണ്ട് ജിഹാദും മനുഷ്യന്റെ മുഴുവന്‍ ആയുഷ്‌ക്കാലവുമായി ബന്ധിതമാണ്. അതിനെ നിസ്സാരമായി കാണാനോ, അതില്‍നിന്ന് അശ്രദ്ധനാകാനോ ഒരവസരവും ലഭിക്കുകയില്ല. ഹൃദയമിടിപ്പ് നിലനില്‍ക്കുമ്പോള്‍ തന്നെ ദീനിന്റെ മാര്‍ഗത്തില്‍ അടിയുറച്ച് നിര്‍ത്തണമേയെന്ന് പ്രവാചകന്‍ പ്രാര്‍ഥിച്ചിരുന്നു. ''ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ അടിയുറച്ച് നിലനിര്‍ത്തണമേ'' (തിര്‍മിദി).  ''അല്ലാഹുവേ നിന്റെ കാരുണ്യത്തെ ഞാന്‍ കൊതിക്കുന്നു. എന്നെ ഒരു നിമിഷംപോലും സ്വന്തം കൈയില്‍ ഏല്‍പിക്കരുതേ. എന്റെ കാര്യങ്ങളെല്ലാം നീ നന്നാക്കണമേ, നീയല്ലാതെ മറ്റൊരു ഇലാഹുമില്ല'' (മുസ്‌നദ് അഹ്മദ്).

മുഴുസമയം ധര്‍മസമരങ്ങളിലേര്‍പ്പെടുക പ്രവാചകചര്യയില്‍പ്പെട്ടതാണ്. ദൈവനിഷേധത്തിനെതിരെ ജാഗ്രത പുലര്‍ത്തുന്നതില്‍ പ്രവാചകന് വിശ്രമമുണ്ടായിരുന്നില്ല. അറേബ്യന്‍ ഉപദ്വീപിന്റെ മുക്കും മൂലയും സത്യവിശ്വാസവും ദൈവഭക്തിയും നിറഞ്ഞതാക്കി മാറ്റാന്‍ അവിടുന്ന് അഹോരാത്രം ശ്രമിച്ചു. അബൂബക്‌റും(റ) ഉമറും(റ) അതേ പാത പിന്തുടര്‍ന്നു. വിശ്രമിക്കാനവിടെ അവസരമൊരുക്കിയിരുന്നില്ല. സ്വേഛാധിപതികളുടെ കോട്ടകള്‍ തകര്‍ക്കാന്‍ മുസ്‌ലിംകള്‍ മുന്നേറി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകമാകെ സത്യപ്രകാശം നിറഞ്ഞു. പില്‍ക്കാലത്ത് ഈ മുഴുസമയ ബാധ്യതാ നിര്‍വഹണത്തില്‍നിന്ന് മുസ്‌ലിംകള്‍ അകന്നു. അവര്‍ 'വിശ്രമിച്ചു.' അത് കൊടിയ നാശം വിതച്ചു. മറ്റൊരു വിഭാഗം രംഗത്ത് വന്നു. അവരാകട്ടെ ഖുര്‍ആനിലെ 'മുതശാബിഹാത്തി' ന്റെ വിശദീകരണവും തേടി ധാരാളം സമയം വൃഥാവിലാക്കി. 

മനുഷ്യനില്‍ അല്ലാഹു നിക്ഷേപിച്ച കഴിവുകള്‍ വേണ്ടവിധം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അധര്‍മത്തിന്  യാതൊരു ഇടവുമുണ്ടായിരിക്കില്ല. മനസ്സിനെയും ബുദ്ധിയെയും മനുഷ്യന്‍ അധീനപ്പെടുത്തുകയാണെങ്കില്‍ നിഷ്ഫലമായ തോന്നലുകള്‍ക്കും തെറ്റായ ചിന്തകള്‍ക്കും അവസരമുണ്ടാകില്ല. ഡേല്‍ കാര്‍നേഗ് ചോദിക്കുന്നു: ''അസ്വസ്ഥതകളെ ആട്ടിയോടിക്കാന്‍ കര്‍മനിരതരാവുന്നതിനുമപ്പുറം എളുപ്പമായ മറ്റെന്ത് മാര്‍ഗമാണുള്ളത്!'' ഈ തത്ത്വം മനഃശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ്. നോക്കൂ, എത്ര അരോഗദൃഢഗാത്രനായ മനുഷ്യനും ഒരേസമയത്ത് ഒന്നിലധികം ചിന്തകളില്‍ വ്യാപൃതനാകാന്‍ കഴിയില്ല. അല്ലാഹു പറഞ്ഞിരിക്കുന്നു: ''യാതൊരു മനുഷ്യനും അവന്റെ ഉള്ളില്‍ അല്ലാഹു രണ്ട് ഹൃദയങ്ങളുണ്ടാക്കിയിട്ടില്ല'' (അല്‍അഹ്‌സാബ് 4). അതുപോലെ ഒരേസമയത്ത് വിരുദ്ധ വിചാരങ്ങളെ സമന്വയിപ്പിക്കാനും മനുഷ്യന് കഴിയില്ല. കര്‍മങ്ങളില്‍ വ്യാപൃതനാവുക, അതേസമയം അസ്വസ്ഥനുമാവുക-ഇതൊരിക്കലും മനുഷ്യ പ്രകൃതിയില്‍പെട്ടതല്ല. ഒന്ന് മറ്റൊന്നിനെ അകറ്റിനിര്‍ത്തും. സൈനികരുമായി ഇടപഴകുന്ന മനശ്ശാസ്ത്രജ്ഞര്‍ യുദ്ധത്തിനിടയില്‍ ഈ തത്ത്വം പ്രയോഗിക്കാറുണ്ട്. യുദ്ധത്തിനിടയില്‍ പേശികള്‍ തളര്‍ന്ന സൈനികരെ അവരുടെയടുക്കല്‍ കൊണ്ടുവരുമ്പോള്‍ അവരിങ്ങനെ പറഞ്ഞിരുന്നു: ''അവരെ വല്ല പണികളിലും വ്യാപൃതരാക്കുക.''

ഒഴിവുവേള പൗരസ്ത്യ നാടുകളില്‍ ബുദ്ധിയും യോഗ്യതയുമുള്ള ധാരാളമാളുകളെ നാശത്തിലകപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണവും ഇരുമ്പും ഖനികളില്‍ ഒളിഞ്ഞിരിക്കുന്ന പോലെ ഒഴിവുവേളയാകുന്ന പര്‍വതത്തിന് പിറകില്‍ അവരുടെ ബുദ്ധിയും കഴിവുകളും മറഞ്ഞുപോയിരിക്കുന്നു.

സമയത്തിന്റെയും ഒഴിവുവേളയുടെയും വില മനസ്സിലാക്കാതിരുന്നാല്‍ പല മേഖലകളിലും വിപത്തുകള്‍ മനുഷ്യരെ പിന്തുടരും. ഉമര്‍(റ) പറഞ്ഞതായി ഒരു റിപ്പോര്‍ട്ടിലുണ്ട്. ''ഞാനൊരു മനുഷ്യനെ കണ്ടു. അദ്ദേഹം എന്നില്‍ മതിപ്പുളവാക്കി. അയാളെക്കുറിച്ച് ഞാന്‍ അന്വേഷിച്ചപ്പോള്‍, അയാള്‍ ജോലിക്ക് പോകുന്നില്ലെന്നറിഞ്ഞു. അപ്പോള്‍ എന്റെ ദൃഷ്ടിയില്‍ അയാള്‍ എത്ര നിസ്സാരനായിപ്പോയി!'' ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ''തീര്‍ച്ചയായും തൊഴിലെടുക്കുന്ന വിശ്വാസിയെ അല്ലാഹു ഇഷ്ടപ്പെടുന്നു'' (ത്വബ്‌റാനി, ബൈഹക്കി). മുസ്‌ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥക്ക് ഒന്നാമത്തെ കാരണം സാമൂഹികമായും മാനസികമായും അവരെ മടിയും അലസതയും നിഷ്‌ക്രിയത്വവും പിടികൂടിയതാണെന്ന് ഞാന്‍ കരുതുന്നു. ആ നിലപാടില്‍ മാറ്റം വരുത്താത്ത കാലത്തോളം ആര്‍ക്കും വിജയം വരിക്കുക സാധ്യമല്ല. 

വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 131-135
എ.വൈ.ആര്‍