Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 22

അത്രമേല്‍ ദുര്‍ബലമല്ല ഇന്ത്യന്‍ മതേതരത്വം

ടി. ആരിഫലി/ സദ്‌റുദ്ദീന്‍ വാഴക്കാട്/ അഭിമുഖം

ആനുകാലിക സംഭവവികാസങ്ങളെ വിലയിരുത്തി ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അധ്യക്ഷന്‍ ടി. ആരിഫലി സംസാരിക്കുന്നു.

ജനാധിപത്യവും മതനിരപേക്ഷതയുമാണ് ഇന്ത്യയുടെ ശക്തി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബഹുസ്വരത അവ രണ്ടിനെയും കരുത്തുറ്റതാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു.  ഈ അടിസ്ഥാന തത്ത്വങ്ങളോട് വിയോജിച്ച് മറ്റുചില സമീപനങ്ങള്‍ മുന്നോട്ടുവെക്കുന്ന ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പിയാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. 2002-ലെ ഗുജറാത്ത് കലാപകാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന പുതിയ ഭരണത്തെ താങ്കള്‍ എങ്ങനെ കാണുന്നു?

സ്വതന്ത്ര ഇന്ത്യയില്‍ ഇന്നോളം ഉണ്ടായിട്ടുള്ള ഭരണമാറ്റങ്ങളില്‍നിന്ന് ഭിന്നമായി, ആഴവും പരപ്പുമുള്ളതാണ് പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുള്ള ബി.ജെ.പിയുടെ അധികാര പ്രവേശം. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭരണത്തിലേറിയ ബി.ജെ.പി സ്വയം തന്നെ ഇതൊരു നിര്‍ണായക മുന്നേറ്റമായാണ് വിലയിരുത്തിയിട്ടുള്ളത്. സഹസ്രാബ്ദത്തിന് ശേഷം, ഇന്ത്യയില്‍ യഥാര്‍ഥ ഹിന്ദു ആഭിമുഖ്യമുള്ള ഭരണം വരുന്നു, ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനും മതചിന്താഗതികള്‍ക്കും തീര്‍ത്തും അനുപൂരകമാണ് ഈ ഭരണം എന്നൊക്കെയാണ് അവര്‍ ആഹ്ലാദിക്കുന്നത്. ഏഴോ എട്ടോ നൂറ്റാണ്ടുകള്‍ ഇന്ത്യയില്‍ മുസ്‌ലിം ഭരണമായിരുന്നു, പിന്നീടുള്ള നൂറ്റാണ്ടുകള്‍ ക്രൈസ്തവരാണ് ഭരിച്ചത്, ശേഷം മതേതരത്വമായിരുന്നു അധികാരം കൈയാളിയത്, ഒരു യഥാര്‍ഥ ഹിന്ദുവിന്റെ നേതൃത്വത്തിലുള്ള ഭരണം വരുന്നത് ഇപ്പോഴാണ് എന്നെല്ലാമാണ് അവരുടെ സന്തോഷം. അതുകൊണ്ട്, ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് അധികാരം മാറി എന്ന ലാഘവത്തോടെ പുതിയ ഭരണത്തെ കാണുക സാധ്യമല്ല. ഇതിന്റെ ഗുണപരവും ദോഷപരവുമായ അനുരണനങ്ങള്‍ വരുംനാളുകളില്‍ രാജ്യത്ത് ഉണ്ടാകും.

വര്‍ഗീയ ഫാഷിസം അധികാരം പിടിച്ചടക്കിയെന്നോ, ഇന്ത്യയുടെ മതേതര-ജനാധിപത്യ മൂല്യങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നോ പറയാവുന്ന സ്വഭാവം ഭരണമാറ്റത്തിന് ഉണ്ടോ?

തീവ്രഹിന്ദുത്വവാദം ഉയര്‍ത്തിപ്പിടിക്കുന്ന സംഘപരിവാര്‍ ശക്തികളാണ് ബി.ജെ.പി ഗവണ്‍മെന്റിന് നേതൃത്വം കൊടുക്കുന്നത് എന്നത് ശരിയാണ്. പക്ഷേ, അതുകൊണ്ടു മാത്രം ഇന്ത്യയുടെ കരുത്തും സവിശേഷതയുമായ മതനിരപേക്ഷത അട്ടിമറിക്കപ്പെട്ടുവെന്ന് പറയാന്‍ കഴിയില്ല. ഹിന്ദുത്വ ഭരണമാണ് ഇന്ത്യയിലുള്ളതെന്ന് വിലയിരുത്തുന്നതും തെറ്റാണ്. കാരണം, ഇന്ത്യന്‍ ജനതയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലാതെയാണ് ബി.ജെ.പി അധികാരത്തില്‍ വന്നിട്ടുള്ളത്. പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, ബി.ജെ.പിക്ക് മാത്രം ലഭിച്ചത് 31 ശതമാനം വോട്ടാണ്. സഖ്യകക്ഷികളുടെ 7 ശതമാനവും ചേര്‍ന്നാല്‍ 38 ശതമാനമാണ് ഭരണമുന്നണിക്ക് ലഭിച്ച ആകെ വോട്ട്. അപ്പോള്‍, 62 ശതമാനം പേരും ബി.ജെ.പി മുന്നണിക്ക് എതിരാണെന്നര്‍ഥം. ഇനി, ബി.ജെ.പി മുന്നണിക്ക് ലഭിച്ച 38 ശതമാനം വോട്ടില്‍, കോണ്‍ഗ്രസ് വിരുദ്ധ വോട്ടും, വികസനത്തെക്കുറിച്ച പ്രചാരണത്തില്‍ വീണുപോയവരുടെ വോട്ടും കേവല ഭരണമാറ്റം ആഗ്രഹിക്കുന്നവരുടെ വോട്ടുമെല്ലാം ഉള്‍പ്പെടുന്നു. ഇതെല്ലാം മാറ്റിനിര്‍ത്തിയാല്‍, സംഘപരിവാറിന്റെ ഹിന്ദുത്വ ആശയത്തിനുള്ള വോട്ട് തീരെ കുറവായിരിക്കും. മതേതര കക്ഷികളുടെ ദൗര്‍ബല്യവും ശൈഥില്യവും, ബി.ജെ.പിക്ക് അനുകൂലമായി സംഭവിച്ചുവെന്ന് പറയപ്പെടുന്ന ധ്രുവീകരണവും ഉണ്ടായിട്ടും ഇന്ത്യയിലെ ഭൂരിപക്ഷം പേരുടെ പിന്തുണ നേടിയെടുക്കാന്‍ എന്‍.ഡി.എക്ക് കഴിഞ്ഞിട്ടില്ല.

രണ്ടാമതായി, സംഘപരിവാര്‍ ശക്തികള്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യയില്‍ ഫാഷിസം വന്നു എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. അത്ര പെട്ടെന്ന്, തകര്‍ക്കാവുന്നതല്ല ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും. പതിറ്റാണ്ടുകളുടെ പാരമ്പര്യവും ആബാലവൃദ്ധം ജനങ്ങളുടെ പിന്തുണയും ശക്തമായൊരു ഭരണഘടനയുടെ പിന്‍ബലവും അതിനുണ്ട്. ഫാഷിസ്റ്റ് സ്വഭാവമുള്ളവര്‍ അധികാരം കൈയാളുന്നു എന്നതിനര്‍ഥം ഫാഷിസം ഭരിക്കുന്നു എന്നല്ല. 1957-ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് കേരളത്തില്‍ അധികാരത്തിലേറിയത്. പക്ഷേ, കമ്യൂണിസം വന്നുവെന്ന് ആരും പറയില്ലല്ലോ. രാജ്യത്തിന്റെ ഭരണഘടനാ തത്ത്വങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഭരിച്ചത്. കമ്യൂണിസം കേരളത്തില്‍ നടപ്പിലാക്കാം എന്ന് ഭരണത്തിലിരുന്ന് അവര്‍ ചിന്തിക്കുന്നതിന് അടിസ്ഥാനമുണ്ടായിരുന്നില്ല. കാരണം, ശക്തമായ ഒരു ജനാധിപത്യ പ്രക്രിയക്ക് അകത്താണ് ഒരു പാര്‍ട്ടി/മുന്നണി അധികാരത്തില്‍ വരുന്നത്. ആ ജനാധിപത്യ വ്യവസ്ഥയെ തകര്‍ത്തെറിയാന്‍, 120 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ എളുപ്പത്തില്‍ സാധിക്കുകയില്ല. 67 വര്‍ഷത്തെ പാരമ്പര്യമുണ്ട് നമ്മുടെ ജനാധിപത്യത്തിന്. പരിപക്വമായ ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജനത, ഇന്ത്യയെപ്പോലെ ലോകത്ത് വേറെ ഏതുണ്ടെന്നത് പരിശോധിക്കേണ്ടതാണ്. അതുകൊണ്ട് വലിയ തോതിലുള്ള ആശങ്കക്കോ ഭീതിക്കോ അവസരമില്ല.

നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത നിലനിര്‍ത്തിക്കൊണ്ടല്ലാതെ ബി.ജെ.പി ഗവണ്‍മെന്റിന് മുന്നോട്ടുപോകാനാകില്ല. ഭാഷാ വൈവിധ്യങ്ങള്‍, ഗോത്ര-ജാതി വൈജാത്യങ്ങള്‍, മതന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെയെല്ലാം ഉള്‍ക്കൊണ്ടും പരിഗണിച്ചും മാത്രമേ ഇന്ത്യ ഭരിക്കാന്‍ കഴിയൂ. ദേശീയതയെയും സാംസ്‌കാരിക ഏകത്വത്തെയും കുറിച്ച് സംഘപരിവാറിന്റെ താത്വിക വിചാരങ്ങള്‍ക്കും അപ്പുറത്താണ് പ്രായോഗിക കാര്യങ്ങള്‍. താത്ത്വികമായി പറയാന്‍ കഴിയുന്ന വിഷയങ്ങളും അധികാരത്തിലിരുന്ന് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന കാര്യങ്ങളും തമ്മില്‍ വലിയ അന്തരമുണ്ടാകും.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ അധികാര പ്രവേശം ഇന്ത്യന്‍ മതേതരത്വത്തെ ഏതുവിധത്തിലായിരിക്കും ബാധിക്കുക?

ബി.ജെ.പിയുടെ അധികാരലബ്ധി ഗുരുതരമായ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഡീപ്‌സ്റ്റേറ്റിലെ കാവി മനസ്സിന് കേന്ദ്ര ഗവണ്‍മെന്റില്‍നിന്ന് ലഭിക്കുന്ന പിന്തുണയും സംരക്ഷണവുമാണ് അതില്‍ പ്രധാനം. ബ്യൂറോക്രസിയും ജുഡീഷ്യറിയും ഉള്‍പ്പെടുന്ന, ടെക്‌നോക്രാറ്റുകളുടെയും പോളിസി മേക്കേഴ്‌സിന്റെയും വ്യൂഹമാണ് ഡീപ്‌സ്റ്റേറ്റ്. ഈ രംഗത്ത് നേരത്തെ തന്നെ സംഘപരിവാറിന് സ്വാധീനമുണ്ട്. എന്നാല്‍, ഭരണകൂടം മതനിരപേക്ഷമാകുമ്പോള്‍, സംഘപരിവാര്‍ മനസ്സുള്ള ഡീപ്‌സ്റ്റേറ്റിന് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ പരിമിതികള്‍ ഉണ്ടായിരുന്നു. ആ പരിമിതികള്‍ മറികടക്കാന്‍ ഇനി ഡീപ്‌സ്റ്റേറ്റിന് സാധിക്കും. കാരണം, അവര്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള, അവരെ പിന്തുണക്കുന്ന ഒരു ഭരണകൂടമാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിട്ടുള്ളത്. സംഘപരിവാര്‍ അജണ്ട വേഗത്തില്‍ നടപ്പിലാക്കാന്‍ ഇത് സഹായകമായിത്തീരും എന്നതാണ് ഒരാശങ്ക.

ബി.ജെ.പിയെ രാഷ്ട്രീയ ശക്തിയെന്ന നിലയില്‍ സ്വീകരിച്ചിട്ടുള്ള സംസ്ഥാനമല്ല കേരളം. ഇവിടെ ആര്‍.എസ്.എസിന് ധാരാളം ശാഖകള്‍ ഉണ്ടെങ്കിലും അതിന്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പിക്ക് ഇവിടെ വേര്പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിലെ ജനത മതസൗഹാര്‍ദ മനസ്‌കരും മതനിരപേക്ഷതയെ കൂടുതലായി ഉള്‍ക്കൊണ്ടിട്ടുള്ളവരുമാണ് എന്നതാണിതിന്റെ കാരണം. എന്നാല്‍ കേരളം പോലുള്ള സ്റ്റേറ്റുകളിലെ വര്‍ഗീയ മനസ്സുള്ളവര്‍ക്ക് പരസ്യമായി രംഗത്ത്‌വരാനും തങ്ങളുടെ അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാനും ധൈര്യം ലഭിക്കുന്നു എന്നതാണ് ബി.ജെ.പി ഭരണത്തിലേറിയതിന്റെ മറ്റൊരു പ്രത്യാഘാതം.

ഇതിന്റെ പ്രായോഗിക രൂപങ്ങള്‍ എന്തായിരിക്കും?

വിദ്യാഭ്യാസ മേഖലയിലെ കടന്നുകയറ്റമാണ് അതില്‍ ഒന്നാമത്തേത്. നിലവിലുള്ള കരിക്കുലവും പാഠ്യപദ്ധതിയും മാറ്റി, ഏകപക്ഷീയ സ്വഭാവമുള്ള പുതിയ പാഠ്യപദ്ധതികള്‍ നടപ്പിലാക്കും. വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണം എന്ന് വിളിക്കപ്പെടുന്നത് ഇതാണ്. അനൗപചാരിക വിദ്യാഭ്യാസ മേഖലയില്‍, ഹിന്ദുത്വ സംസ്‌കാരം വളര്‍ത്തിക്കൊണ്ടു വരുന്നതാണ് രണ്ടാമത്തേത്. ടെലിവിഷന്‍ ചാനലുകള്‍, സിനിമ, റേഡിയോ, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങിയവ വ്യാപകമായി ഇതിന് ഉപയോഗിക്കപ്പെടും. നാട്ടിലുടനീളം ഹിന്ദു ആചാരങ്ങളുടെ വ്യാപനം നടക്കും. ഗവണ്‍മെന്റ് സ്‌പോണ്‍സേര്‍ഡ് പരിപാടികളുടെ രൂപത്തില്‍ ഇത് സാര്‍വത്രികമാക്കും. മൂന്നാമതായി, ചരിത്രത്തിലെ ഇടപെടലുകളാണ്. അഥവാ, ഇന്ത്യാചരിത്രം തിരുത്തി എഴുതി മുസ്‌ലിം സാന്നിധ്യം ഇല്ലാതാക്കാന്‍ ശ്രമിക്കും. ഇന്ത്യയുടെ ചരിത്ര പൈതൃകങ്ങളില്‍ മിക്കതും മുസ്‌ലിം ഭരണത്തിന്റെ ശേഷിപ്പുകളാണ്. ചെങ്കോട്ടയില്‍ നിന്നുകൊണ്ട് സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും രാഷ്ട്ര നായകര്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഉദാഹരണം. ആഴമുള്ള ചരിത്രപൈതൃകത്തെ പലവിധത്തിലും തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. ഇന്ത്യാചരിത്രത്തിലെ മുസ്‌ലിം പാരമ്പര്യത്തെ മായ്ച്ചുകളയുക വഴി, ന്യൂനപക്ഷത്തിന്റെ വര്‍ത്തമാനവും ഭാവിയും തന്നെ പ്രതിസന്ധിയിലാക്കാന്‍ സാധിച്ചേക്കും. ഈ മൂന്ന് വഴികളിലൂടെ മുസ്‌ലിം സമൂഹത്തിന്റെ അസ്തിത്വത്തിനുമേല്‍ പ്രഹരമേല്‍പ്പിക്കാന്‍ കഴിഞ്ഞെന്നുവരും.

മുസ്‌ലിം വോട്ടുകള്‍ ശിഥിലീകരിക്കാന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരളവു വരെ കഴിഞ്ഞിട്ടുണ്ട്. അത് ഇനിയും സജീവമായി തുടരും. ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമങ്ങളും തഥാ. ഇതാണ് ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങളും വ്യാജ ഏറ്റുമുട്ടലുകളും സൃഷ്ടിക്കപ്പെടാനുള്ള പ്രധാന കാരണങ്ങള്‍. സമീപ ഭാവിയില്‍ ഇത് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കാരണം, ഇപ്പോള്‍ ബി.ജെ.പിക്ക് മികച്ച മുന്നേറ്റം സാധ്യമായ പല സംസ്ഥാനങ്ങളിലും ബി.ജെ.പിക്കല്ല ഭരണം. യു.പി, ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ഇതര പാര്‍ട്ടികളാണ്. മൂന്ന് വര്‍ഷത്തിനകം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഈ സ്റ്റേറ്റുകളില്‍ അധികാരം പിടിക്കാന്‍, ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിക്കുകയെന്ന തന്ത്രമായിരിക്കും ബി.ജെ.പി പയറ്റുക. വര്‍ഗീയ കലാപങ്ങളും വ്യാജ ഏറ്റുമുട്ടലുകളും അതിനായി ഉപയോഗിക്കപ്പെടാം. നിലവിലുള്ള കേന്ദ്രഭരണകൂടം ഏതെങ്കിലും നിലക്കുള്ള പ്രതിസന്ധികള്‍ നേരിടുകയാണെങ്കിലും ഇതൊക്കെയായിരിക്കും അതിജീവനത്തിന്റെ വഴികള്‍.

ബി.ജെ.പി ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ, വിശേഷിച്ചും മുസ്‌ലിംകളെ എങ്ങനെയായിരിക്കും ബാധിക്കുക?

ഇന്ത്യയില്‍ 18 കോടിയോളം മുസ്‌ലിംകളുണ്ട്. രാജ്യത്തെ ഈ ഏറ്റവും വലിയ ന്യൂനപക്ഷത്തെ വംശഹത്യ നടത്തി ഇല്ലാതാക്കാനോ, നാടുകടത്താനോ ഒന്നും സാധ്യമല്ല. കൂട്ടക്കൊലകളിലൂടെയുള്ള വംശീയ ഉന്മൂലനം ഇന്ത്യയെ അസ്ഥിരപ്പെടുത്തുകയും രാജ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാക്കുകയും ചെയ്യും. അതുകൊണ്ട് അത്തരമൊരു ശ്രമം ഉണ്ടാവുകയില്ല എന്ന് നമുക്ക് വിശ്വസിക്കാം. അതേസമയം, മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരിക സവിശേഷതകള്‍ ക്രമേണ ഇല്ലായ്മ ചെയ്യാനായിരിക്കും സംഘപരിവാര്‍ ശ്രമിക്കുക. സാംസ്‌കാരിക വ്യക്തിത്വം മുസ്‌ലിംകള്‍ക്ക് പ്രധാനമാണ്. അത് നഷ്ടപ്പെടുമ്പോഴോ, ഹനിക്കപ്പെടുമ്പോഴോ ആണ് അവര്‍ വേദനിക്കുന്നതും പ്രതികരിക്കുന്നതും. വിദ്യാഭ്യാസം, ഭക്ഷണം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയവ നിഷേധിക്കപ്പെടുമ്പോഴല്ല, സാംസ്‌കാരിക വ്യക്തിത്വത്തിന് ഹാനി സംഭവിക്കുമ്പോഴാണ് അവരുടെ വികാരങ്ങള്‍ വ്രണപ്പെടുക. അതുകൊണ്ട്, ഈ സാംസ്‌കാരിക സവിശേഷതകളെ തേച്ചുമായ്ച്ചുകളയാന്‍ ശ്രമങ്ങള്‍ നടന്നേക്കാം.

മുസ്‌ലിം വോട്ടുകളുടെ ശിഥിലീകരണത്തിന് ബി.ജെ.പി ശ്രമിക്കും എന്നതാണ് താങ്കളുടെ ഒരു നിരീക്ഷണം. യഥാര്‍ഥത്തില്‍, നവജാത മുസ്‌ലിം പാര്‍ട്ടികള്‍ മുസ്‌ലിം വോട്ടുകളുടെ ശിഥിലീകരണത്തിന് വലിയ അളവില്‍ കാരണമായിട്ടില്ലേ?

സ്വാതന്ത്ര്യ സമരകാലം മുതല്‍ തന്നെ ഇന്ത്യയിലെ മുസ്‌ലിംകള്‍ പൊതുവേ പിന്തുണച്ചു പോന്നത് കോണ്‍ഗ്രസിനെയാണ്. സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യന്‍ മുസ്‌ലിംകള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു പോന്നു. മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട മുസ്‌ലിം ലീഗിനുപോലും ഒരു ജനതയെന്ന നിലക്ക് ഇന്ത്യയിലെ മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.  മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള മുസ്‌ലിം സാമുദായിക കക്ഷികള്‍ക്ക് ഇന്ത്യയില്‍ പിന്തുണ കുറഞ്ഞുവരികയാണ് ചെയ്തിട്ടുള്ളത്. കേരളത്തിലെ മലബാര്‍ മേഖലയില്‍ മാത്രമാണ് മുസ്‌ലിംലീഗിന് പിടിച്ചു നില്‍ക്കാനായത്. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ എല്ലാ മത-ജാതി വിഭാഗങ്ങളുടെയും ഒരു പൊതു പ്രസ്ഥാനമായിട്ടാണ് ദീര്‍ഘകാലം നിലനിന്നത്. എന്നാല്‍, 1980-കള്‍ക്ക് ശേഷം ബാബരി മസ്ജിദ് പ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍്രസിന്റെ നിലപാടുകളില്‍ മൃദു ഹിന്ദുത്വത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. 1990-കളില്‍ ലോകഘടനയില്‍ ഉണ്ടായിട്ടുള്ള മാറ്റത്തിനു ശേഷം അമേരിക്കന്‍ അനുകൂല നിലപാടുകള്‍ക്കൊപ്പം ഇസ്‌ലാമോഫോബിയ വളര്‍ന്നുവരുന്നതിന് അവസരമൊരുക്കാന്‍ കോണ്‍ഗ്രസിന്റെ നയങ്ങള്‍ കാരണമായിത്തീര്‍ന്നു. ഇതോടെ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള പല മുസ്‌ലിം വിഭാഗങ്ങളും മാറി ചിന്തിക്കാന്‍ ആരംഭിച്ചു. 

    ദരിദ്ര ജനവിഭാഗങ്ങളും പിന്നാക്ക സമൂഹങ്ങളും വലിയതോതില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരായിരുന്നു. ദാരിദ്ര്യത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും അവര്‍ക്ക് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അണിചേര്‍ന്നത്. പശ്ചിമ ബംഗാളിലും കേരളത്തിലും ധാരാളം മുസ്‌ലിംകള്‍  പാര്‍ട്ടിയില്‍ ചേര്‍ന്നു. ആഗോളതലത്തില്‍ കമ്യൂണിസം പരാജയപ്പെടുകയും കേവല രാഷ്ട്രീയപാര്‍ട്ടിയായി പരിണമിക്കുകയും ചെയ്തതോടെ പാര്‍ട്ടിയുടെ ജനകീയ അടിത്തറ ഇളകാന്‍ തുടങ്ങി. ജനങ്ങള്‍ക്ക് അവലംബിക്കാന്‍ കഴിയുന്ന ശക്തമായ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭാവം വ്യത്യസ്ത ജാതി-മത വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വരാന്‍ കാരണമായി. മുസ്‌ലിംസമൂഹവും ഇതില്‍ നിന്ന് ഭിന്നമായിരുന്നില്ല. അവര്‍ ദീര്‍ഘകാലം വിശ്വാസമര്‍പ്പിച്ച രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന്, പ്രതീക്ഷിച്ചതൊന്നും അവര്‍ക്ക് ലഭ്യമായില്ല. ദാരിദ്ര്യമകറ്റാനോ പിന്നാക്കാവസ്ഥ ദൂരീകരിക്കാനോ കഴിഞ്ഞില്ലെന്നു മാത്രമല്ല സമൂഹം അനുദിനം പിന്നോട്ട് സഞ്ചരിക്കുകയും ചെയ്തു. സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷി നേടുന്നതാണ് ബുദ്ധി എന്ന് അവര്‍ ചിന്തിക്കാന്‍ തുടങ്ങി. സാവധാനമെങ്കിലും ഒരു രാഷ്ട്രീയ ശക്തിയും വോട്ട്ബാങ്കും വികസിപ്പിച്ചെടുക്കുന്നതാണ് നല്ലത് എന്നവര്‍ വിലയിരുത്തി. അങ്ങനെയാണ് മുസ്‌ലിംകളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ജന്മംകൊണ്ടത്. മുസ്‌ലിംസമൂഹത്തിനകത്ത് വ്യത്യസ്ത ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് രാഷ്ട്രീയ രംഗത്ത് ഇടപെടണമെങ്കില്‍ അംഗീക്യതമായ പ്രത്യേക പ്ലാറ്റ്‌ഫോമുകള്‍ ആവശ്യമായി വന്നു. അങ്ങനെയാണ് ചില പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നത്. മതേതര കക്ഷികളുടെ വോട്ടുകള്‍ ഭിന്നിച്ചുപോകുമെന്ന താല്‍ക്കാലികമായ പ്രശ്‌നമുണ്ടെങ്കിലും സ്വന്തം രാഷ്ട്രീയ ഭൂമിക വികസിപ്പിച്ചെടുക്കുക എന്ന ദീര്‍ഘകാല അജണ്ടകള്‍ക്ക് ഈ പാര്‍ട്ടികള്‍ പ്രയോജനം ചെയ്‌തേക്കും. 

സാമ്പത്തിക നയങ്ങളിലും വികസന വിഷയങ്ങളിലും മറ്റും കോര്‍പറേറ്റ് അനുകൂലവും ജനവിരുദ്ധവുമായ സമീപനങ്ങളാണ് ബി.ജെ.പി ഗവണ്‍മെന്റും അനുവര്‍ത്തിക്കുന്നതെന്നാണ് ആദ്യ ഘട്ടത്തിലെ നിലപാടുകള്‍ നല്‍കുന്ന സൂചന. മുന്‍ യു.പി.എ ഗവണ്‍മെന്റിന്റെ നയങ്ങള്‍ അപ്പടി തുടരുന്നതാണ് പല വിഷയങ്ങളിലും അനുഭവം. എന്താണ് താങ്കളുടെ വിലയിരുത്തല്‍?

വികസനത്തെ സംബന്ധിച്ച കാഴ്ചപ്പാടു തന്നെയാണ് മൗലിക വിഷയം. യു.പി.എ ഗവണ്‍മെന്റിന്റെ നയങ്ങളില്‍നിന്ന് മനസ്സിലായതനുസരിച്ച് വികസനം എന്നാല്‍ ജി.ഡി.പിയുടെ വര്‍ധനവ്, നഗരങ്ങളുടെ പ്രൗഢി, വന്‍കിട ബിസിനസ് സാമ്രാജ്യങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് തുടങ്ങിയവയാണ്. എന്നാല്‍ ഇതാണോ യഥാര്‍ഥത്തില്‍ വികസനം? രാഷ്ട്ര പിതാവ് ഗാന്ധിജിയുള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെച്ച വികസനം ഇതല്ല. രാജ്യത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ള ആളുകളുടെ ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും അവര്‍ക്ക് വളര്‍ച്ചയുണ്ടാവുകയും ചെയ്യുന്നതാണ് ശരിയായ വികസനം. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ പറഞ്ഞ ഒരു പ്രധാന കാര്യം, ഗ്രാമീണ ജനതക്ക് സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയുമ്പോഴാണ് അത് അര്‍ഥപൂര്‍ണമാകുന്നത് എന്നായിരുന്നു. ഈ ഒരു കാഴ്ചപ്പാട് യു.പി.എ ഗവണ്‍മെന്റിന് നഷ്ടമായി. സോഷ്യലിസത്തെ പ്രയോഗതലത്തില്‍ കൈയൊഴിക്കുകയും ആഗോളവല്‍ക്കരണത്തിന്റെ നവസാമ്രാജ്യത്വ അജണ്ടകള്‍ ഇന്ത്യ സ്വീകരിക്കുകയും ചെയ്തതു മുതലാണ് ഇതു സംഭവിച്ചത്. ഇതില്‍നിന്ന് വ്യത്യസ്തമായ ഒരു വികസന സമീപനം വികസിപ്പിച്ചുകൊണ്ടു വരാനുള്ള ശേഷി ബി.ജെ.പിക്ക് ആശയപരമായി ഉണ്ടാകേണ്ടതാണ്. 'സ്വദേശി' എന്ന ദേശീയതയുടെ ഉണര്‍വിലാണ് ബി.ജെ.പിയുടെ അസ്തിത്വം നിലനില്‍ക്കുന്നത്. അത് അവര്‍ പ്രയോജനപ്പെടുത്തുന്നില്ല. എന്നുമാത്രമല്ല, അത് കൈയൊഴിച്ച് മള്‍ട്ടി നാഷ്ണല്‍ കമ്പനികളുടെ പിറകെ പോവുകയാണ് ചെയ്യുന്നത്.

ഇത് യു.പി.എ നയങ്ങളുടെ തുടര്‍ച്ച തന്നെയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വര്‍ധിച്ചു, വിലക്കയറ്റം ജനജീവിതത്തെ ദുരിതപൂര്‍ണമാക്കി, കെടുകാര്യസ്ഥത വര്‍ധിച്ചു, രാജ്യസമ്പത്ത് വന്‍കിട മുതലാളിമാരുടെ കൈയിലേക്കും വിദേശ ബാങ്കുകളിലേക്കും എത്തി തുടങ്ങിയവയാണ് യു.പി.എ ഭരണത്തിന്റെ ദുരന്തങ്ങള്‍. ഇതെല്ലാം ബി.ജെ.പിയുടെ ഭരണകാലത്ത് അതിനെക്കാള്‍ കൂടുതലായി ഉണ്ടാകാന്‍ പോകുന്നുവെന്നാണ് മനസ്സിലാകുന്നത്. മോദി ഗവണ്‍മെന്റിന്റെ ആദ്യഘട്ട നയസമീപനങ്ങള്‍ അതിന്റെ സൂചനയാണ്. യു.പി.എ ഗവണ്‍മെന്റിന് എതിരില്‍ ഉയര്‍ന്ന ജനരോഷം ബി.ജെ.പി ഭരണത്തിനും നേരിടേണ്ടിവരും. ആഗോളതലത്തിലുള്ള ഒരു വ്യാപാര കരാറില്‍ നമ്മുടെ രാജ്യത്തിന്റെ താല്‍പര്യത്തിന് അനുസൃതമായി മാത്രമേ ഒപ്പിടൂ എന്ന ബി.ജെ.പി ഗവണ്‍മെന്റിന്റെ നിലപാട് ആര്‍ജവമുള്ളതാണെന്നു പറയാം. ഇതുമായി എത്ര മുന്നോട്ടുപോകും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഇന്ത്യ-അമേരിക്ക സൗഹൃദം നിലനില്‍ക്കുമ്പോള്‍, വ്യാപാര കരാറുകളില്‍ വേറിട്ട നിലപാടുമായി നമുക്ക് എത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും എന്നത് ചിന്തിക്കേണ്ടതാണ്. ഈ വിഷയത്തില്‍ ആശയപരമായ അടിത്തറയോടു കൂടിയ, താരതമ്യേന മെച്ചപ്പെട്ട നിലപാടുള്ളത് ഇന്ത്യയിലെ ഇടതുപക്ഷത്തിനാണ്. അതുകൊണ്ടാണ് കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ പിന്തുണച്ചതും അവര്‍ നല്ല ഒരു ബ്ലോക്കായി പാര്‍ലമെന്റില്‍ ഉണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്നതും.

സാമ്രാജ്യത്വ-സയണിസ്റ്റ് രാഷ്ട്രങ്ങളോട് ചങ്ങാത്തം കൂടുന്നതും ആഗോള കച്ചവട ഭീമന്മാര്‍ക്ക് സഹായകരമാകുന്നതുമാണ് ഇന്ത്യയുടെ വിദേശനയം. ഇന്ത്യയുടെ ജനാധിപത്യ-മതനിരപേക്ഷതയെയും സാമ്പത്തിക സുസ്ഥിതിയെയും ഇത് എങ്ങനെ ബാധിക്കും?

അമേരിക്കയുമായി ബി.ജെ.പി ഗവണ്‍മെന്റിന് ഉള്ള സൗഹൃദത്തിന്, നേരത്തെ കോണ്‍ഗ്രസിന് ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ കാരണങ്ങള്‍ ഉണ്ട്. അമേരിക്കയും ഇസ്രയേലും മുന്നോട്ടു വെക്കുന്ന ലക്ഷ്യങ്ങളോടും പ്രവര്‍ത്തന പദ്ധതികളോടും ചേര്‍ന്നു നില്‍ക്കുന്നതാണ് ബി.ജെ.പിയുടെ പല താല്‍പര്യങ്ങളും. അതുകൊണ്ട് അമേരിക്ക-ഇസ്രയേല്‍- ഇന്ത്യ കൂട്ടുകെട്ട് ബി.ജെ.പി ഭരണത്തില്‍ കൂടുതല്‍ ശക്തിപ്പെടും. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റും വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന എന്‍.ഡി.എ ഗവണ്‍മെന്റും അമേരിക്കയും ഇസ്രയേലുമായി നിരവധി കരാറുകള്‍ ഉണ്ടാക്കിയിരുന്നു. അവ പരിശോധിച്ചാല്‍ മനസിലാകുന്ന ഒരു കാര്യം, അമേരിക്ക-ഇസ്രയേല്‍-ഇന്ത്യ അച്ചുതണ്ട് രൂപപ്പെട്ടു വരുന്നു എന്നതാണ്. ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങളിലാണ് ഈ കരാറുകള്‍ കൂടുതലുള്ളത്. വ്യാപാര കരാറുകളെക്കാള്‍ കൂടുതലുള്ളതും ഊന്നലുകളുള്ളതും തീവ്രവാദത്തെ നേരിടുന്ന വിഷയത്തിലുള്ള കരാറുകളാണ്. ഈ രംഗത്തുള്ള അമേരിക്കന്‍-ഇസ്രയേല്‍ സഹകരണം ഇന്ത്യക്ക് ഗുണകരമായിരിക്കുകയില്ല. തങ്ങള്‍ ചാരപ്രവര്‍ത്തനം നടത്തുന്ന രാജ്യങ്ങളിലെ ജനങ്ങളെ തമ്മിലടിപ്പിക്കുകയെന്നതാണ് ഇസ്രയേലിന്റെ രീതി. 120 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ പൗരന്മാരെ തമ്മിലടിപ്പിക്കുവാനോ, അതിനുള്ള മനോഭാവം സൃഷ്ടിക്കുവാനോ ഉള്ള ശ്രമങ്ങള്‍ നമ്മുടെ രാജ്യത്തെ ശിഥിലീകരിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ഇതിനെ കരുതിയിരിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയുന്നില്ല എന്നതാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നം.

പുതിയ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ അജണ്ടകള്‍ എന്തായിരിക്കണം?

ബി.ജെ.പി അധികാരത്തില്‍വന്നു എന്നതുകൊണ്ട് മുസ്‌ലിംകള്‍ ഭയപ്പെടുകയോ നിരാശരാവുകയോ ചെയ്യേണ്ട ആവശ്യമില്ല. ഇത്ര വലിയ ബഹളങ്ങളും, സംഭവിച്ചുവെന്ന് കരുതപ്പെടുന്ന ധ്രുവീകരണവും ബി.ജെ.പി മുന്നേറ്റവും ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും മതനിരപേക്ഷതയും സാമുദായിക സൗഹാര്‍ദവും ഉള്ളവരാണ് എന്ന്, ലഭിച്ച വോട്ടുകളുടെ ശതമാനത്തില്‍നിന്ന് വ്യക്തമാകുന്നു. രണ്ടാമതായി, മുസ്‌ലിം സമൂഹത്തിന് രാജ്യത്തുള്ള പൈതൃകം എന്താണെന്ന് നാം മനസ്സിലാക്കണം. നമ്മുടെ രാജ്യം കെട്ടിപ്പടുക്കുന്നതില്‍ വലിയ അളവില്‍ മുസ്‌ലിംകള്‍ പങ്കാളികളായിരുന്നു. അറബി കച്ചവടക്കാരിലൂടെ ഇസ്‌ലാമിന്റെ സന്ദേശം ഇവിടെ പ്രചരിക്കുകയും ഒരു മുസ്‌ലിം സമൂഹം ഇവിടെ രൂപപ്പെട്ടുവരികയും ചെയ്തതു മുതല്‍ ഈ പങ്കാളിത്തത്തിന്റെ, ആദാന പ്രദാനങ്ങളുടെ മഹദ് മാതൃകകള്‍ നമുക്ക് കാണാം. ഇതിലൂടെ രൂപപ്പെട്ടിട്ടുള്ള സാമൂഹിക ബന്ധങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സൗഹൃദവും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വവും വളര്‍ത്തിയെടുക്കുകയെന്നത് തന്നെയാണ് ഇന്ത്യയില്‍ മുസ്‌ലിംകള്‍ നിര്‍വഹിക്കേണ്ട പ്രധാന ദൗത്യം. ഇത് നമ്മുടെ പൈതൃകമാണ്. മുഗളര്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം ഭരണാധികാരികള്‍ ഇന്ത്യയെ കൊള്ളയടിക്കുകയോ, സമ്പത്ത് ഇവിടെനിന്ന് വിദേശത്തേക്ക് കടത്തിക്കൊണ്ടു പോവുകയോ അല്ല ചെയ്തിട്ടുള്ളത്. അവര്‍ ഇവിടത്തെ നാഗരികതയെ, സാമ്പത്തിക മേഖലയെ സമ്പുഷ്ടമാക്കുകയാണുണ്ടായത്. ബ്രിട്ടീഷുകാരില്‍നിന്ന് തികച്ചും വ്യത്യസ്തമാണിത്. ഗതകാല മുസ്‌ലിംകള്‍ രാജ്യനിര്‍മാണത്തിന് നല്‍കിയ സംഭാവനകള്‍, പുതിയ കാലത്തും കൂടുതല്‍ നന്നായി നല്‍കാന്‍ നമുക്ക് കഴിയണം. ഇന്ത്യന്‍ മുസ്‌ലിംകളുടെ കഴിവുകള്‍ വളര്‍ത്തിയെടുത്ത് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കണം. ഇത് മുസ്‌ലിംകളുടെ പ്രധാന അജണ്ടയാകണം. ബുദ്ധിജീവികളും ബ്യൂറോക്രാറ്റുകളും ഉള്‍പ്പെടെ നയരൂപീകരണ വിദഗ്ധരുമായുള്ള നമ്മുടെ ഇടപഴകലുകളും ആശയ സംവാദങ്ങളും കാര്യക്ഷമമാക്കണം. ഇപ്പോള്‍, തെരുവിലെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് മുസ്‌ലിം സമൂഹത്തെ അറിയാനും അവരുടെ വികാരങ്ങള്‍ മനസ്സിലാക്കാനും മറ്റുള്ളവര്‍ക്കുള്ള മാര്‍ഗം. മുസ്‌ലിംകള്‍ എങ്ങനെ ചിന്തിക്കുന്നു എന്നറിയണമെങ്കില്‍, തെരുവില്‍ അവര്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കണം; ഈ അവസ്ഥ ഏറെയൊന്നും ഗുണകരമല്ല. ഈ സ്ഥിതിക്ക് മാറ്റം വരണം. നയരൂപീകരണ മേഖലയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ മുസ്‌ലിംകള്‍ക്ക് കഴിയണം. വേറിട്ടു നില്‍പ് എന്ന മനോഭാവത്തെ തന്നെ നാം കൈയൊഴിക്കണം. വളരെ പ്രധാനപ്പെട്ട വിഷയമാണിത്.

നമ്മുടെ നാടുമായി ബന്ധപ്പെട്ട ബാധ്യതകള്‍ നിര്‍വഹിക്കുന്നതില്‍ മുസ്‌ലിം സമൂഹം കൂടുതല്‍ ജാഗ്രത പാലിക്കണം. രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും യഥാവിധി പാലിച്ചുകൊണ്ട് പൗരധര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിക്കണം. വിവിധ ഗവണ്‍മെന്റ് രേഖകളുടെ കൃത്യത ആവശ്യമായ രജിസ്‌ട്രേഷനുകള്‍, വൈദ്യുതി-റോഡ്-വെള്ളം എന്നിത്യാദി  പൊതുസമ്പത്തിന്റെ സംരക്ഷണം, വ്യക്തിപരമോ സംഘടിതമോ ആയ ഏതു പ്രവര്‍ത്തനത്തിലുമുള്ള നിയമപാലനം തുടങ്ങിയവയിലെല്ലാം രാജ്യത്തെ മാതൃകാ ജനതയായി ഉയരാന്‍ മുസ്‌ലിംകള്‍ക്ക് കഴിയണം. നിയമപരമല്ലാത്ത വിധത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് നാം വിട്ടുനില്‍ക്കണം. യതീംഖാനാ വിവാദത്തിന്റെ ഒരു വശം, പല കാര്യങ്ങളിലും നിയമം പാലിച്ചിരുന്നില്ല എന്നതാണ്. അങ്ങനെ വരുമ്പോള്‍ സ്ഥാപിത താല്‍പര്യക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിത്തീരും. എന്നാല്‍, നിയമപരമായി മാത്രം പ്രവര്‍ത്തിക്കുകയാണെങ്കില്‍ ആര്‍ക്കും നമ്മെ പ്രയാസപ്പെടുത്താന്‍ കഴിയില്ല. നമ്മുടെ സ്ഥാപനങ്ങളും ഇതര പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിന്റെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാകണം. അത് നന്മകള്‍ മാത്രം പ്രസരിപ്പിക്കുന്നതും ബഹുസ്വര സ്വഭാവത്തിലുള്ളതുമായിരിക്കണം. നമ്മുടെ ഏതു പ്രവര്‍ത്തനവും രാജ്യനിവാസികള്‍ക്ക് മൊത്തത്തില്‍ പ്രയോജനകരമായിരിക്കണം. ഈയൊരു സ്വഭാവത്തില്‍ പുനരാലോചനകള്‍ നടത്തി നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കാന്‍ സാധിക്കേണ്ടതുണ്ട്.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 131-135
എ.വൈ.ആര്‍