എന്നും ജനങ്ങള്‍ക്കൊപ്പമുള്ള പാര്‍ട്ടി
മൂന്നു വര്‍ഷം മുമ്പ് തുര്‍ക്കിയിലെ വ്യവസായ-ടൂറിസം നഗരമായ ഇസ്തംബൂള്‍ സന്ദര്‍ശിച്ചപ്പോള്‍, അവിടത്തെ ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ ഓഫീസില്‍ പോയി പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി മനസ്സിലാക്കാന്‍ ശ്രമിച്ചു. രണ്ടു പ്രാവശ്യവും പാര്‍ട്ടി ഓഫീസില്‍ ഒരാളെ അല്ലാതെ ആരെയും കണ്ടില്ല. പെരുന്നാള്‍ അവധിയായിരിക്കുമെന്ന് കരുതി മടങ്ങി. മൂന്നാം പ്രാവശ്യവും അദ്ദേഹം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ''ഇസ്തംബൂളിലെ ആസ്ഥാനം ഇതുതന്നെയാണോ?'' അദ്ദേഹം 'അതേ' എന്ന് മറുപടി പറഞ്ഞു. ഇവിടെ എല്ലാവരും എപ്പോഴാണ് ഉണ്ടാവുക എന്ന് ചോദിച്ചു. 'എല്ലാവരും ഇവിടെ സ്ഥിരമായി ഉണ്ടാവില്ല. അധികസമയവും ഞാന്‍ മാത്രമേ ഉണ്ടാവാറുള്ളൂ. രണ്ടു പേര്‍ അവധിയിലാണ്', അദ്ദേഹം പറഞ്ഞു. 'തുര്‍ക്കി ഭരിക്കുന്ന പാര്‍ട്ടിയുടെ ഇസ്തംബൂളിലെ ആസ്ഥാനം ഇതാണോ?' ഞാന്‍ ചോദിച്ചു. 'വലിയ യോഗങ്ങള്‍ പുറത്ത് ഹാളുകളിലാണ് നടക്കുക. ഓരോ ചെറിയ ടൗണുകളിലും ഓഫീസുകളുണ്ട്. പ്രവര്‍ത്തകരെല്ലാം ഫീല്‍ഡ് പ്രവര്‍ത്തനത്തിലാണ്. അത് കോര്‍ഡിനേറ്റ് ചെയ്യുക മാത്രമാണ് ഇവിടെത്തെ ജോലി.'
'എന്താണ് ഫീല്‍ഡ് പ്രവര്‍ത്തനം?'
'ഓരോ വീടും ഞങ്ങളുടെ പ്രവര്‍ത്തകര്‍ മാസം തോറും സന്ദര്‍ശിക്കും. ഓരോ കുടുംബത്തിലെയും വിദ്യാഭ്യാസാവശ്യങ്ങള്‍, ചികിത്സ, തൊഴില്‍ തുടങ്ങിയ എല്ലാം അന്വേഷിച്ചറിഞ്ഞ് അത് പരിഹരിക്കുകയാണ് ഫീല്‍ഡിലെ പ്രവര്‍ത്തകരുടെ ജോലി. അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കുകയാണ് ഈ ഓഫീസിന്റെ ഉത്തരവാദിത്വം.' അദ്ദേഹം ഇതു പറയുമ്പോള്‍ നമ്മുടെ രാജ്യത്തെ പാര്‍ട്ടികളുടെ ആസ്ഥാനത്തിന്റെ വലുപ്പവും അവിടത്തെ ജീവനക്കാരുടെ എണ്ണവുമാണ് എന്റെ മനസ്സില്‍ ഓടിവന്നത്.
ഇങ്ങനെ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന എ.കെ പാര്‍ട്ടി എങ്ങനെ വിജയിക്കാതിരിക്കും? പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റജബ് ഉര്‍ദുഗാന്‍ ഓരോ പ്രതിസന്ധി നേരിടുമ്പോഴും അദ്ദേഹത്തിന്റെ പാര്‍ട്ടി ഇതിനെ എല്ലാം തരണം ചെയ്യുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു. മറ്റു പാര്‍ട്ടികളും ഫീല്‍ഡ് പ്രവര്‍ത്തനത്തില്‍ സജീവമാണ്. പക്ഷേ, എ.കെ പാര്‍ട്ടിയുടെ അടുത്തൊന്നും എത്താന്‍ അവര്‍ക്കാര്‍ക്കും സാധിക്കില്ല.
ഉര്‍ദുഗാന്റെ വിജയത്തില്‍ തുര്‍ക്കി ലിറയുടെ മൂല്യം ഉയര്‍ത്തിയതും യൂറോപ്യന്‍ യൂനിയനില്‍ ചേരാനുള്ള സമ്മര്‍ദം വര്‍ധിപ്പിച്ചതും അമേരിക്കയോടും അറബ്-മുസ്‌ലിം രാജ്യങ്ങളോടും ഒരുപോലെ ബന്ധം പുലര്‍ത്തുന്ന നയതന്ത്രജ്ഞതയും എല്ലാം അനുകൂല കാരണങ്ങളാണെന്ന് നിരീക്ഷകര്‍ പറയുമെങ്കിലും, വോട്ട് പെട്ടിയില്‍ വീഴ്ത്തിയത് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ താഴെക്കിടയിലുള്ള പ്രവര്‍ത്തനമാണ് എന്ന് തുര്‍ക്കിയിലെ ജനങ്ങളുമായി ബന്ധമുള്ള ആര്‍ക്കും ബോധ്യപ്പെടും.
ഉര്‍ദുഗാന്റെ വിജയത്തെ 'ജനങ്ങളുടെ പ്രസിഡന്റ്' എന്നാണ് പ്രധാന തുര്‍ക്കിഷ് പത്രമായ അക്‌സാം വിശേഷിപ്പിച്ചത്. അങ്കാറയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചെയ്ത പ്രസംഗത്തില്‍ സാധാരണ വിജയികള്‍ ചെയ്യാറുള്ളതുപോലെ പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ടല്ല ഉര്‍ദുഗാന്‍ തുടങ്ങിയത്. ''എനിക്ക് വോട്ട് ചെയ്തവരുടെ മാത്രം പ്രസിഡന്റായിരിക്കുകയില്ല ഞാന്‍. രാജ്യത്തെ എല്ലാ ജനങ്ങളുടെയും പ്രസിഡന്റായിരിക്കും.''
1994-'98 കാലത്ത് ഇസ്തംബൂള്‍ മേയറായി ജനങ്ങള്‍ക്കിടയില്‍ ജീവിച്ച പരിചയമാണ് പതിനൊന്ന് വര്‍ഷം പ്രധാനമന്ത്രിയായിട്ടും തുര്‍ക്കിയുടെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാകാന്‍ ഉര്‍ദുഗാന് സാധിച്ചത്.
ഇസ്തംബൂളിലുണ്ടായിരുന്നപ്പോള്‍ ഒരു പത്രവാര്‍ത്ത ശ്രദ്ധയില്‍ പെട്ടു. ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ തൊട്ടടുത്ത് തുര്‍ക്കിയിലെ കൊമേഴ്‌സ് വകുപ്പ് മന്ത്രി വ്യാപാരികളുടെ യോഗത്തില്‍ പങ്കെടുത്ത വാര്‍ത്തയായിരുന്നു അത്. ഏതാനും വ്യാപാരികള്‍ ചെറിയ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിക്ക് നിവേദനം നല്‍കിയപ്പോള്‍ അവരെ നേരില്‍ സന്ദര്‍ശിച്ച് പ്രശ്‌നപരിഹാരത്തിന് വന്നതായിരുന്നു തലസ്ഥാനമായ അങ്കാറയില്‍ നിന്നും മന്ത്രി. ബലിപെരുന്നാള്‍ ദിവസമായിട്ടും ഇങ്ങനെ ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്ന മന്ത്രിമാരുടെ പാര്‍ട്ടിക്കൊപ്പം ജനങ്ങളുണ്ടാവില്ലേ?
തുര്‍ക്കി ജനതയുടെ എന്ത് ആവശ്യങ്ങളുടെയും അഭയ കേന്ദ്രമാണ് എ.കെ പാര്‍ട്ടി പ്രവര്‍ത്തകര്‍. കുട്ടികള്‍ക്ക് സ്‌കൂളിലോ കോളേജിലോ അഡ്മിഷന്‍ ലഭിക്കുന്നില്ലെങ്കില്‍ എ.കെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചാല്‍ മതി. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെങ്കിലും എ.കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിഹാരം കാണും. തുര്‍ക്കി തെരുവുകളില്‍ പോസ്റ്റുകളോ ഫ്‌ളക്‌സ് ബോര്‍ഡുകളോ പ്രകടനങ്ങളോ കാണുക അപൂര്‍വമാണ്. ഇതിനൊന്നും സ്വാതന്ത്ര്യമില്ലാഞ്ഞിട്ടല്ല. പാര്‍ട്ടികള്‍ മത്സരിക്കുന്നത് ഇതിനൊന്നുമല്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിലാണ് അവരുടെ മത്സരം.
Comments