Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 22

പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ പുത്തനാചാരങ്ങള്‍ക്ക് രാജപാത തീര്‍ക്കുന്നവര്‍

ഇ.എന്‍ ഇബ്‌റാഹീം മൗലവി /ലേഖനം

         പ്രവാചകനെ സ്‌നേഹിക്കുക എന്ന് പറയുന്നതിന്റെ താല്‍പര്യമെന്താണ്? ഏതൊരു മുസ്‌ലിമിനെയും സദാ അലട്ടിക്കൊണ്ടിരിക്കേണ്ട ചോദ്യമാണ്.

സ്‌നേഹത്തിന്റെ ഉറവിടം മനസ്സാണ്. പക്ഷെ, അത് ജീവിതത്തില്‍ പ്രകടമാവേണ്ടതുണ്ട്. സ്‌നേഹം മനസ്സില്‍ ഒതുക്കിവെക്കാനുള്ളതല്ല. അതുകൊണ്ടാണ് 'നീ ആരെയെങ്കിലും സ്‌നേഹിക്കുന്നുവെങ്കില്‍ അത് അവനോട് പറയണം' എന്ന് നബി (സ) പറഞ്ഞത്.

പ്രവാചക സ്‌നേഹത്തിന്റെ പ്രായോഗിക രൂപം പ്രവാചകചര്യ പിന്‍പറ്റലാണ്. അല്ലാഹുവിനെ സ്‌നേഹിക്കുന്നതിന്റെ പ്രായോഗിക രൂപവും പ്രവാചകചര്യ പിന്തുടരല്‍ തന്നെ. ഖുര്‍ആന്‍ പറയുന്നു: ''പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നവരെങ്കില്‍ എന്നെ പിന്‍തുടരുവിന്‍'' (3:31).

നബി (സ) പറഞ്ഞു: ''ഞാന്‍ കൊണ്ടുവന്നതെന്തോ അത് പിന്തുടരുക എന്നത് സ്വന്തം താല്‍പര്യമാവാത്ത കാലത്തോളം നിങ്ങളില്‍ ആരും വിശ്വാസിയാവുകയില്ല'' (ശറഹുസ്സുന്നഃ).

ഒരു മൂവര്‍ സംഘത്തെ പരാമര്‍ശിക്കുന്നുണ്ട് ഹദീസില്‍. അത് ഇപ്രകാരമാണ്.

ഒരു മൂന്നംഗ സംഘം പ്രവാചകന്റെ വീട്ടില്‍ വരുന്നു. അവര്‍ പ്രവാചക പത്‌നി ആഇശ (റ) യോട്  നബിയുടെ അനുഷ്ഠാന രീതിയെക്കുറിച്ചന്വേഷിക്കുന്നു. ആഇശ അത് വിശദീകരിച്ചു കൊടുക്കുന്നു. അവര്‍ക്ക് തൃപ്തിയായില്ല. പ്രവാചകന്റെ അനുഷ്ഠാനങ്ങള്‍ പോരാ എന്ന ഒരു തോന്നല്‍ അവരില്‍ ഉളവാകുന്നു. പക്ഷെ, അവര്‍ സമാധാനം കണ്ടെത്തിയത് ഇങ്ങനെ: 'പ്രവാചകരല്ലേ, കഴിഞ്ഞതും വരാനിരിക്കുന്നതുമെല്ലാം പൊറുത്തു കിട്ടിയ ആള്‍. പക്ഷെ, നമ്മള്‍ അങ്ങനെയല്ലല്ലോ'. അതിനാല്‍ അവര്‍ ഒരു തീരുമാനമെടുത്തു.

ഒരാള്‍ പറഞ്ഞു: ''ഞാന്‍ ഇനി മേലില്‍ രാത്രി ഉറങ്ങുകയേ ഇല്ല. നമസ്‌കാരം തന്നെ; രാത്രി തീര്‍ത്തും നമസ്‌ക്കാരം.''

രണ്ടാമന്‍: ''ഞാന്‍ മേലില്‍ നിത്യവും നോമ്പനുഷ്ഠിക്കും. ഒറ്റ ദിവസം പോലും നോമ്പുപേക്ഷിക്കുകയില്ല.''

മൂന്നാമന്‍: ''ഞാന്‍ വിവാഹം ചെയ്യുകയേയില്ല''

അല്‍പം കഴിഞ്ഞു. നബി (സ) അവരെ കണ്ടു, ചോദിച്ചു: ''നിങ്ങളാണോ ഇന്നയിന്ന രീതിയിലൊക്കെ പറഞ്ഞത്''. അവര്‍ പറഞ്ഞു:''അതെ''

നബി (സ) പറഞ്ഞു: ''അറിഞ്ഞിരിക്കുക. അല്ലാഹുവാണ, നിങ്ങളെക്കാളൊക്കെ അല്ലാഹുവിനെ ഭയക്കുന്നവനാണ് ഞാന്‍. നിങ്ങളെക്കാളൊക്കെ സൂക്ഷ്മ ജീവിതം നയിക്കുന്നവനും ഞാന്‍ തന്നെ. ഞാന്‍ നോമ്പനുഷ്ഠിക്കാറുണ്ട്, നോമ്പുപേക്ഷിക്കാറുമുണ്ട്. ഞാന്‍ രാത്രി നമസ്‌കരിക്കാറുണ്ട്. ഉറങ്ങാറുമുണ്ട്. ഞാന്‍ വിവാഹജീവിതം നയിക്കുന്നുമുണ്ട്. എന്റെ ചര്യ ഇഷ്‌പ്പെടാത്തവര്‍ക്ക് ഞാനുമായി ബന്ധമില്ല'' (ബുഖാരി 5063).

ഈ സംഭവം നമ്മെ പഠിപ്പിക്കുന്ന കാര്യം ഇതാണ്. പ്രവാചക സ്‌നേഹം വാചാടോപമല്ല. തോന്നിയ പോലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മെനയലുമല്ല.

ഇസ്‌ലാമിന്റെ മൗലിക പ്രമാണം ഖുര്‍ആനും സുന്നത്തുമാണ്. സുന്നത്താണ് ഖുര്‍ആന്റെ പ്രാമാണിക വ്യാഖ്യാനം. പിന്നെ പ്രവാചകാനുചരന്മാരുടെ വിശദീകരണവും പ്രവര്‍ത്തനവുമുണ്ട്. അതില്‍ തന്നെ ഖുലഫാഉര്‍റാശിദുകളുടെ തീരുമാനവും സ്വഹാബിമാരുടെ ഏകകണ്ഠാഭിപ്രായവും പ്രധാനമാണ്.  പില്‍ക്കാല മുജ്തഹിദുകളുടെ ഇജ്തിഹാദ്പരമായ അനുമാനങ്ങളും (ഖിയാസ്) പ്രമാണമാണ്. അതില്‍ ശരിക്ക് മാത്രമല്ല, തെറ്റിനും സാധ്യതയുണ്ട്. തെറ്റിന് മാത്രമല്ല, ശരിക്കും സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഖുര്‍ആന്നും സുന്നത്തിനും സ്വഹാബിമാരുടെ തീര്‍പ്പുകള്‍ക്കും ശേഷമേ അതിന് പരിഗണന ലഭിക്കൂ. അതു തന്നെയും മുജ്തഹിദുകളുടെ അഭിപ്രായത്തിനും അനുമാനത്തിനുമാണ് ഈ ആനുകൂല്യം. മുഖല്ലിദുകള്‍ (അന്ധമായി അനുകരിക്കുന്നവര്‍)  ആയിരം പേര്‍ കൂടിയാലും ഒരു മുജ്തഹിദിന് സമമല്ല.

ആധികാരിക പണ്ഡിത സംഘടന

കേരളീയ മുസ്‌ലിംകളില്‍, അതും മലബാറില്‍ മുസ്‌ലിംകള്‍ കൂടുതലും സമസ്തയെ പിന്തുടരുന്നവരാണ്. ഇരു സമസ്തയും ഇവിടെ ഉദ്ദേശ്യമാണ്. അവരുടെ വാദം തങ്ങളാണ് ആധികാരിക പണ്ഡിത സംഘം എന്നാണ്. ഈ വാദം രണ്ടു സമസ്തയും പരസ്പരം ഉന്നയിക്കുന്ന അവകാശ വാദം കൂടിയാണ്. മുജാഹിദ്, ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പോലെയുള്ള സംഘടനകളെ നേരിടാനാണ് ആദ്യം അവിഭക്ത സമസ്ത ഈ വാദം ഉന്നയിച്ചുപോന്നത്. തങ്ങള്‍ പറയുന്നതാണ് അഹ്‌ലുസ്സുന്നത്തിന്റെ ആധികാരിക തീര്‍പ്പ് എന്നും അവര്‍ അവകാശവാദമുന്നയിക്കാറുണ്ട്.

ഈ ആധികാരികത ഉന്നയിച്ചുകൊണ്ടാണ് അവര്‍ ഇസ്‌ലാമിലില്ലാത്ത പല ആചാര-വിശ്വാസങ്ങള്‍ക്കും അംഗീകാരം നല്‍കിയിട്ടുള്ളത്. സമസ്ത അംഗീകരിച്ചാല്‍ അത് അഹ്‌ലുസ്സുന്നത്തിന്റെ വേലിക്കെട്ടിനുള്ളില്‍ വരുന്ന കാര്യമായിരിക്കുമെന്ന് മുസ്‌ലിം ബഹുജനവും വിശ്വസിച്ചുവശായിരിക്കുന്നു. പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇസ്‌ലാമിന്റെ ഭാഗം മാത്രമല്ല, അവിഭാജ്യഘടകമായിത്തന്നെ മുസ്‌ലിംകളും അല്ലാത്തവരും തെറ്റിദ്ധരിക്കാന്‍ കാരണം ഈ ഒരു വികല വിശ്വാസമാണ്. ഇത്തരമൊരു വാദമുന്നയിക്കാന്‍ അവര്‍ക്ക് ഇത്ര ചങ്കൂറ്റമുണ്ടായതിന് കാരണമെന്തെന്ന് നമുക്കറിയില്ല. ഒരു കാലത്തും ഇസ്‌ലാമിലെ പ്രമാണിക പണ്ഡിതന്മാരാരും ഉന്നയിക്കാന്‍ ധൈര്യപ്പെടാത്ത ഒരു വല്ലാത്ത വാദമാണിത്. ഇത്തരമൊരു വാദമുന്നയിക്കാന്‍ അവരെ പ്രചോദിപ്പിക്കുന്ന രണ്ട് സംഗതികളുണ്ട്.

ഒന്ന്, അവരുടെ സംഘത്തിന്റെ അംഗസംഖ്യയാണ്. നാല്‍പത് എന്ന സംഖ്യ. നാല്‍പതാള്‍ കൂടിയാല്‍ അവരില്‍ ഒരു വലിയ്യുണ്ടാവും എന്ന വിശ്വാസം. ഇതിന്റെ തുടര്‍ന്യായീകരണം വ്യക്തമല്ല. വലിയ്യിന് വഹ്‌യ് ലഭിക്കുമോ, വലിയ്യിന്റെ തീരുമാനത്തിന് ഇസ്‌ലാം പ്രാമാണികത കല്‍പിച്ചിട്ടുണ്ടോ, വലിയ്യ് എന്നത് ഒരു പ്രത്യേക തസ്തികയാണോ എന്നിത്യാദി ചോദ്യങ്ങള്‍ അതുമായി ബന്ധപ്പെട്ട് വേറെയുമുണ്ട്.

ഉസ്താദ് പറഞ്ഞതിന് വിപരീതം പാടില്ല എന്നതാണ് മറ്റൊരു അബദ്ധവിശ്വാസം. ഉസ്താദ് പറയുന്നത് ചോദ്യം ചെയ്താല്‍, അല്ലെങ്കില്‍ അതിന് വിരുദ്ധം പ്രവര്‍ത്തിച്ചാല്‍, അല്ലെങ്കില്‍ എതിര് പറഞ്ഞാല്‍ ഗുരുത്തക്കേട് തട്ടും എന്ന വിശ്വാസം.

നബിമാര്‍ക്കല്ലാതെ ഇസ്മത്ത് (തെറ്റ്പറ്റായ്ക) ഇല്ല എന്ന് വിശ്വസിക്കുമ്പോള്‍ തന്നെയാണ് ഈ ആളുകള്‍ ഇത്തരമൊരു വിശ്വാസംകൂടി വെച്ചുപുലര്‍ത്തുന്നത്. നാല്‍പത് പേര്‍ കൂടിയാല്‍ അതിലൊരു വലിയ്യുണ്ടാവും, അതിനാല്‍ അവര്‍ക്ക് തെറ്റു പറ്റുകയില്ല, ഉസ്താദ് പറയുന്നതിന് എതിര് പാടില്ല എന്നീ വിശ്വാസങ്ങള്‍ക്കും വാദഗതികള്‍ക്കും തെളിവെന്ത് എന്ന് ചോദിച്ചിട്ട് കാര്യമില്ല. സ്വഹാബിമാരുടെ പോലും അഭിപ്രായം പ്രമാണമാണോ അല്ലേ എന്നത് നിദാനശാസ്ത്ര ഗ്രന്ഥങ്ങളില്‍ സജീവ ചര്‍ച്ചയാണ്. മുജ്തഹിദിന്റെ പോലും അഭിപ്രായം തള്ളാനും കൊള്ളാനും സാധ്യത കാണുന്ന ഒരു സമൂഹത്തിന്റെ പിന്‍മുറക്കാരാണ് ഇത്തരം അബദ്ധവിശ്വാസങ്ങളും അസംബന്ധങ്ങളും വെച്ച് പുലര്‍ത്തുന്നത്. നമ്മുടെ പണ്ഡിതന്മാരുടെ ഒരു അവസ്ഥ! ശീഈ വിശ്വാസങ്ങളും മറ്റു മതവിശ്വാസങ്ങളും ആചാരങ്ങളും വരെ ഇവരില്‍ ചിലര്‍ വെച്ചുപുലര്‍ത്തുന്നതായി കാണുന്നു. ശീഈകള്‍ക്ക് പന്ത്രണ്ട് ഇമാമുമാരുണ്ട് തെറ്റു പറ്റാത്തവരായി എന്ന ഒരു തെറ്റായ വിശ്വാസമുണ്ട്. അത് പന്ത്രണ്ടു ഇമാമുമാരിലെങ്കിലും പരിമിതമാണ്. ഇവിടെ ഏത് ഉസ്താദും അപ്രമാദിത്തമുള്ളവനായി മനസ്സിലാക്കപ്പെടുന്നു. ശീഇകളുടെ 'വിലായതുല്‍ മുജ്തഹിദി'നെയും കടത്തിവെട്ടുന്നതാണ്  ഉസ്താദുമാരിലുള്ള ഈ വിശ്വാസം. എന്നിട്ടും ഉസ്താദുമാര്‍ തമ്മില്‍ വഴക്കും വക്കാണവും തീര്‍ന്ന സമയമില്ല. സംഘടനയില്‍ നിന്ന് പുറത്ത് പോവലും പുറത്താക്കലും അകത്ത് കടത്തലും തട്ടിക്കൊണ്ടുപോകലുമൊക്കെ സജീവം. തങ്ങള്‍ മെനഞ്ഞെടുക്കുന്ന ഏതുതരം ആചാരത്തിനും ഖുര്‍ആനും ഹദീസും ദുര്‍വ്യാഖ്യാനിച്ച് തെളിവുണ്ടാക്കാന്‍ ബഹുകേമന്മാര്‍. അത് സ്വീകരിക്കാത്തവര്‍ അഹ്‌ലുസ്സുന്നത്തിന് പുറത്ത് എന്നാണ് തീര്‍പ്പ്; 'ഗുരുത്തക്കേട്' പറ്റിയവരും. ഹൂദ് നബി (അ)യോട് പണ്ട് അദ്ദേഹത്തിന്റെ ജനത പറഞ്ഞില്ലേ: ''ഞങ്ങളുടെ ഏതോ ദേവന്റെ ഗുരുത്തക്കേട് പറ്റിയതാണ് തനിക്കെന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ'' (11:54).

ലോകപ്രശസ്തരായ പൂര്‍വ്വകാല പണ്ഡിതന്മാര്‍-മദ്ഹബിന്റെ ഇമാമുമാരടക്കം - ഉസ്താദുമാരുടെ അഭിപ്രായങ്ങളെ തെളിവിന്റെ പിന്‍ബലം നോക്കിമാത്രം കൊള്ളുകയോ തള്ളുകയോ ചെയ്തവരാണ്. നാലു ഇമാമുമാരുടെ മാത്രം കാര്യമെടുക്കാം. ഇമാം അബൂഹനീഫയും ഇമാം ശാഫിഈയും ഇമാം മാലിക്കിന്റെ ശിഷ്യന്മാരാണ്. ഇമാം അഹ്മദ് ഇമാം ശാഫിഈയുടെ ശിഷ്യനാണ്. ഗുരുനാഥന്മാരും ശിഷ്യന്മാരും പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം പുലര്‍ത്തിയവരാണ്. മറ്റു പലരെയും ഇതുപോലെ ഉദാഹരിക്കാം. തങ്ങള്‍ പറയുന്നതത്രയും നിര്‍ബന്ധമായും അംഗീകരിച്ചുകൊള്ളണമെന്ന് അവര്‍ ആരും തന്നെ ശിഷ്യന്മാരെ ഉപദേശിച്ചിരുന്നില്ല. മറിച്ച് ഉപദേശിച്ചിട്ടുമുണ്ട്; ഖുര്‍ആന്റെയും സുന്നത്തിന്റെയും പിന്‍ബലമില്ലാത്തതൊന്നും സ്വീകരിക്കരുതെന്ന്. ശിഷ്യന്മാരെ 'ഗുരുത്തക്കേട്' പറഞ്ഞ് പേടിപ്പിച്ചു നിറുത്തിയുമില്ല അവരാരും. പഠിക്കാനും ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ബോധ്യപ്പെട്ടത് മാത്രം സ്വീകരിക്കാനും പകര്‍ത്താനും ശിഷ്യന്മാര്‍ക്ക് ധൈര്യം പകരുകയായിരുന്നു അവര്‍ ചെയ്തത്. അവരാരും തന്നെ പുതിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും മെനഞ്ഞിട്ടുമില്ല. പാട്ടിനും ബൈതിനും കവിതകള്‍ക്കും കവിഞ്ഞ പ്രാധാന്യം നല്‍കിയില്ല. അവ ആലപിച്ചാല്‍ ലഭിക്കാവുന്ന നേട്ടങ്ങളെപ്പറ്റി പറഞ്ഞില്ല. ഖുര്‍ആന്നും സുന്നത്തിനുമില്ലാത്ത പരിഗണനയാണ് നമ്മുടെ ചില ആളുകള്‍ പാട്ടിനും ബൈതിനും മാലകള്‍ക്കും ഖസീദകള്‍ക്കുമൊക്കെ നല്‍കുന്നത്.

നാട്ടില്‍ നടക്കുന്ന ഏത് മാമൂലിനും ഖുര്‍ആനും ഹദീസും നിരത്തി അവര്‍ തെളിവ് നല്‍കിക്കളയും. ഖുര്‍ആന്നും സുന്നത്തിനുമനുസരിച്ച് സ്വന്തം ധാരണകളും ചെയ്തികളും തിരുത്തുന്നില്ലെന്ന് മാത്രമല്ല പുതിയ പുതിയ ആവിഷ്‌ക്കാരങ്ങളും നല്‍കുന്നു. ആര് മരിച്ചാലും പുതിയ പുതിയ ഉറൂസുകള്‍ തട്ടിക്കൂട്ടുന്നത് ഇതിന്റെ ഫലമാണ്. മറ്റു മതവിഭാഗങ്ങള്‍ ഉത്സവം നടത്തുമ്പോള്‍ ഇവര്‍ ഉറൂസ് നടത്തുന്നു എന്ന് മാത്രം. മലയാള പദം ഒഴിവാക്കി അറബിച്ചുവയുള്ള പേര്‍ഷ്യന്‍ പദം 'ഉറൂസ്' ഉപയോഗിച്ചാല്‍ എല്ലാം ശരിയാവും എന്നാവും വിചാരം.

മുസ്‌ലിം സമൂഹത്തിന്റെ മാതൃക ആരാണെന്ന ചോദ്യത്തിന് ഏതൊരു മുസ്‌ലിമും നല്‍കുന്ന മറുപടി മുഹമ്മദുനബി (സ) എന്നാവും. പിന്നെ ഖുലഫാഉര്‍റാശിദഃ, സ്വഹാബിമാര്‍, താബിഉകള്‍,താബിഉത്താബിഉകള്‍ എന്നിങ്ങനെയൊക്കെ പറഞ്ഞെന്നു വരാം. മദ്ഹബിന്റെ ഇമാമുമാര്‍ എന്നും പറയാം. മേല്‍ വിവരിച്ച ആരുടെ ചരിത്രം എടുത്തു പരിശോധിച്ചാലും പരേതന്റെ വീട്ടിലോ ഖബ്‌റിടത്തിലോ വെച്ച് ഉറൂസുകള്‍ നടത്തിയിരുന്നതായി തെളിയിക്കാന്‍ സാധ്യമല്ല. എങ്കില്‍ പിന്നെ അത് വന്ന വഴി ഏതാണ്?

നിസ്സംശയം അതൊരു പേര്‍ഷ്യന്‍ ആചാരമാണ്. അഗ്നിയാരാധകരുടെ ആചാരം. അവരില്‍ നിന്ന് കടംകൊണ്ട് ശീഈ ധാരകളാണ് ഈ പുത്തനാചാരത്തിന് പ്രചാരം നല്‍കിയത്. സ്വഹാബിമാരുടെയോ താബിഉകളുടെയോ കാലത്ത് അത്തരം ഒരാചാരം രൂപെപ്പട്ടിരുന്നില്ല. ഖബ്‌റിന്മേല്‍ കൂടാരം പണിയുന്ന രീതിക്ക് തുടക്കം കുറിച്ചത് അലിയ്യുബ്‌നു അബീത്വാലിബിന്റെ മകന്‍ ഹസന്റെ മകന്‍ ഹസന്റെ മരണത്തെ തുടര്‍ന്നാവാനാണ് സാധ്യത. രണ്ടാമത്തെ ഹസന്റെ ഭാര്യയാണ് അത് ചെയ്തത്. ഇമാം ബുഖാരി ഉദ്ധരിച്ച ഈ സംഭവ വിവരണം ഇങ്ങനെ വായിക്കാം.

''അലിയുടെ മകന്‍ ഹസന്റെ മകന്‍ ഹസന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഒരു വര്‍ഷക്കാലം ആ ഖബ്‌റിന്മേല്‍ ഒരു തമ്പ് കെട്ടി കൂടി. പിന്നെ അത് പൊളിച്ച് മാറ്റി. അപ്പോള്‍ ആരോ ചോദിക്കുന്നത് കേട്ടു. അവര്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയോ?

മറ്റൊരാള്‍ മറുപടി പറഞ്ഞു: അവര്‍ നിരാശരായി തിരിച്ചുപോയതാണ്'' (സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജനാഇസ് 61).

മദീനയില്‍ വെച്ച് ഹിജ്‌റ: 97 / ക്രി. 717-ലാണ് ഹസനുബ്‌നുല്‍ ഹസനുബ്‌നു അലി മരിച്ചത്. ഹസന്റെ ഭാര്യ ഹുസൈനുബ്‌നു അലിയുടെ മകള്‍ ഫാത്വിമയാണ്. പക്ഷെ അന്ന്, ഇന്ന് ഉറൂസ് നടത്തുന്നവര്‍ പുലര്‍ത്തുന്ന വിശ്വാസവും ധാരണയുമൊന്നും അവര്‍ വെച്ചു പുലര്‍ത്തിയിരുന്നില്ല. ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി പ്രസ്തുത സംഭവം സംബന്ധിച്ച് ഇപ്രകാരം എഴുതുന്നു.

''ഈ അദ്ധ്യായത്തിലെ ഹദീസുമായി ഈ 'അഥറി'നുള്ള ചേര്‍ച്ച ഇതാണ്. തമ്പില്‍ കഴിയുന്നയാള്‍ അവിടെ വെച്ച് നമസ്‌ക്കരിക്കേണ്ടിവരും. അത് ഖബ്‌റിനടുത്ത് സുജൂദിനുള്ള സ്ഥലം സ്വീകരിക്കലായി വരും. ഖബ്‌റാക്‌ട്ടെ ഖിബ്‌ലയുടെ ഭാഗത്ത് വരാനും സാധ്യതയുണ്ട്. അപ്പോള്‍ അനഭികാമ്യത (കറാഹത്ത്) വര്‍ദ്ധിക്കുകയാവും '' (ഫത്ഹുല്‍ ബാരി 4/329)

അദ്ദേഹം തുടര്‍ന്നെഴുതുന്നു: ''ഇബ്‌നുല്‍ മുനീര്‍ പറഞ്ഞു: മയ്യിത്തുമായി അടുത്ത് കഴിയുക വഴി സുഖം അനുഭവിക്കാനാണ് അവിടെ തമ്പ് പണിതത്. മനസ്സിന് ആശ്വാസ കാരണം കണ്ടെത്തിക്കൊടുക്കുക, പരിചിത വ്യക്തിയുമായി ഭാവനാ ലോകത്ത് സഹവസിക്കുക, ബോധേന്ദ്രിയത്തെ അതിജയിക്കുക എന്നിങ്ങനെയും ഉദ്ദേശ്യമാവാം; ഇടിഞ്ഞു പൊളിഞ്ഞ കുറ്റിച്ചുമരുകള്‍ക്കടുത്ത് നില്‍ക്കുക, ആള്‍ താമസമില്ലാത്ത വീടിനെ സംബോധന ചെയ്യുക തുടങ്ങിയുള്ള സംഗതികള്‍ ചെയ്യും പോലെ തന്നെ. തുടര്‍ന്ന് തങ്ങള്‍ ചെയ്യുന്നതിലടങ്ങിയ വഷളത്തം സംബന്ധിച്ച് വിളിച്ചറിയിക്കുന്നവരുടെ നാക്കിലൂടെ അവര്‍ക്ക് ഉപദേശം വന്നുകിട്ടി '' (ഫത്ഹുല്‍ ബാരി 4/329)

ഈയിടെയായി, മരിക്കുന്ന ഉസ്താദുമാരുടെയൊക്കെ പേരില്‍ ഉറൂസ് കൊണ്ടാടുന്ന പ്രവണത വളരുകയാണ്. ഇതിനെ മഹത്വവത്കരിക്കാന്‍ മതപ്രഭാഷണവും! വേദമോതി തന്നെയാണ് പണ്ടും പുരോഹിതര്‍ പുത്തനാചാരങ്ങള്‍ (ബിദ്അത്ത്) ഇറക്കുമതി ചെയ്തിട്ടുള്ളത്. ആ പ്രവണത ഇന്നും തുടരുന്നു എന്ന് മാത്രം. പുതിയ ആചാരങ്ങളും മാമൂലുകളും രൂപപ്പെടുത്തിയെടുക്കാന്‍ ഇവര്‍ മഹാകേമന്മാരാണ്. അവക്ക് ഖുര്‍ആനിന്റെയും ഹദീസിന്റെയും മേമ്പൊടി തൂവാനും അവര്‍ തെല്ലും മടിക്കില്ല. അല്ലാമാ ഇഖ്ബാല്‍ പാടിയല്ലോ:

'സ്വയം മാറ്റാനാളല്ലാത്തവന്‍
മാറ്റുന്നു ഖുര്‍ആനെത്തന്നെയും'

പുതിയ ആചാരാനുഷ്ഠാനാവിഷ്‌ക്കാരത്തിന്റെ ഒരു ഉദാഹരണം പറയാം. കര്‍ണ്ണാടക-കേരളാതിര്‍ത്തിക്കടുത്ത് ഒരു സ്ഥലമുണ്ട്. അവിടെ ഒരു പള്ളിയും അതിനോടനുബന്ധിച്ച് ഒരു ഖബ്‌റിസ്ഥാനും. ഒരു കുന്നിന്‍ ചെരിവിലാണ് ഖബ്‌റിസ്ഥാന്‍. പണമുണ്ടാക്കാന്‍ പള്ളിക്കമ്മിറ്റി ഒരു തന്ത്രം കണ്ടു പിടിച്ചു. അത് നടപ്പിലാക്കാന്‍ കേരളത്തിലെ പ്രഗത്ഭനായ ഒരു ഉസ്താദിനെ വിളിച്ചുവരുത്തി. അവര്‍ ഉസ്താദിനോട് പറഞ്ഞു: ''ഈ ഖബ്‌റിസ്ഥാനിലെ ഒരു ഖബ്‌റില്‍ നിന്ന് ഞങ്ങള്‍ ഇടയ്ക്ക് ബാങ്ക് കേള്‍ക്കാറുണ്ട്. ഖബ്ര്‍ ഏതെന്ന് തിരിച്ചറിയാനാവുന്നില്ല. അതിനാല്‍ ആ ഖബ്ര്‍ ഏതാണെന്ന് ഉസ്താദ് നിര്‍ണയിച്ചു തന്നാല്‍ ഉപകാരം''

രാത്രിനേരം ഉസ്താദും പള്ളിക്കമ്മിറ്റിക്കാരും പെട്രോ മാക്‌സുമായി ഖബ്‌റിസ്ഥാനിലെ മുഴുവന്‍ ഖബ്‌റും അരിച്ചുപെറുക്കി പരിശോധിച്ചു. അത്ഭുതം വെളിപ്പെടുന്ന ഖബ്‌റ് കണ്ടെത്താനായില്ല. ഉസ്താദിന്റെ തിരുവരുള്‍: ''എടോ, അത് ഈ കുന്നിനപ്പുറത്തുള്ള ഏതോ പള്ളിയില്‍ നിന്ന് കാറ്റില്‍ ഒഴുകിയെത്തുന്ന ബാങ്കിന്റെ ശബ്ദമാണ്. അത് ഖബറിസ്ഥാനില്‍ നിന്നാണെന്ന് നിങ്ങള്‍ക്ക് വെറുതെ തോന്നിയതാവും''.

കമ്മിറ്റിക്കാര്‍ വിടുമോ! ലക്ഷ്യം നേടാതെ ഉസ്താദിനെ തിരിച്ചയച്ചാല്‍ 'ഓറെ' കൊണ്ടുവന്ന ചെലവടക്കം നഷ്ടമാവും. ഭാവി കച്ചവടം നടക്കാതെയും പോവും. അതിനാല്‍ രണ്ടാമതൊരു ശ്രമം കൂടി നടത്താന്‍ അവര്‍ ഉസ്താദിനോട് കെഞ്ചി. അപ്പോള്‍ ഉസ്താദ്: ''എങ്കില്‍ വാ, ഒരിക്കല്‍ കൂടി നോക്കാം.''

ഒരിക്കല്‍ കൂടി ഖബ്‌റുകള്‍ നിരീക്ഷിച്ചു. നടന്ന് നടന്ന് ഒരു ഖബ്‌റിനടുത്തെത്തി. ഉസ്താദ് പെട്ടെന്ന് സ്തബ്ധനായി. അദ്ദേഹം കാത് കൂര്‍പ്പിച്ചു. ആ ഖബ്‌റില്‍ നിന്ന് എന്തോ കേള്‍ക്കും പോലെ.

''ഇതാ, ഇതുതന്നെ ആ ഖബര്‍.'' ഉസ്താദിന്റെ തീര്‍പ്പുണ്ടായി.

ഉസ്താദും ജയിച്ചു. കമ്മിറ്റിയും ജയിച്ചു. ഉസ്താദിന് കിട്ടേണ്ടത് ചില്ലിക്കാശ്. കമ്മിറ്റിക്ക് നിത്യവരുമാനവും. 'അല്ലാഹുവിന്റെ ആയത്തുകള്‍ അവര്‍ തുഛവിലയ്ക്ക് വിറ്റുകളയുന്നു' എന്ന് ഖുര്‍ആന്‍ പറഞ്ഞുവല്ലോ.

കാസര്‍കോട്ടെ ഒരു പള്ളി ശ്മശാനത്തിനടുത്ത് ഒരു ബോര്‍ഡില്‍ കണ്ടു: 'ഉദയാസ്തമയ ഉറൂസ്.' തൊട്ടടുത്തുള്ള ഒരു ഉറൂസിന്റെ പരസ്യമാണെന്നാണ് അന്വേഷണത്തില്‍ കിട്ടിയ വിവരം. ഹൈന്ദവ ക്ഷേത്രങ്ങളോട് ചേര്‍ന്നു 'അസ്തമയ പൂജ', 'ഉദയപൂജ' എന്നിങ്ങനെ എഴുതിവെക്കാറുണ്ട്. ആചാരങ്ങളും മാമൂലുകളും വരുന്ന വഴി! പുതിയ കാലത്തെ പുതിയ സാമിരിമാര്‍ എന്നോ പുതിയ അംറുബ്‌നുലുഹയ്യിമാര്‍ എന്നോ പറയാവുന്നവര്‍. നബി (സ) പറഞ്ഞില്ലേ: 'ചാണിന് ചാണായും മുഴത്തിന് മുഴമായും നിങ്ങള്‍ അവരെ പിന്തുടരും. അവര്‍ കടന്നു ചെന്നത് ഉടുമ്പിന്‍മാളത്തിലെങ്കില്‍ നിങ്ങളും അതില്‍ കടന്നു ചെല്ലും.'

പ്രസിദ്ധ ഉര്‍ദു കവി ഹാലി പാടി:

'അപരന്‍ വിഗ്രഹത്തെ പൂജിച്ചുപോയാല്‍ കാഫിര്‍
ദൈവത്തിനുണ്ടു പുത്രനെന്നു പറഞ്ഞാലും കാഫിര്‍
അഗ്നിക്കു മുമ്പില്‍ കുമ്പിട്ടുപോയെന്നാലും കാഫിര്‍
താരകങ്ങള്‍ക്കുണ്ടു ദിവ്യാംശമെന്നു ചൊന്നാലും കാഫിര്‍
വിശ്വാസികള്‍ക്കു മാര്‍ഗമെത്ര, ഹാ! വിശാലം
വേണമെങ്കില്‍ യഥേഷ്ടം പൂജിച്ചിടാമാരെയും
ദൈവം തന്നെയായി വാഴിച്ചിടാം പ്രവാചകനെ
ഇമാമുമാര്‍ക്ക് പ്രവാചകനെക്കാള്‍ സ്ഥാനം നല്‍കിടാം
നേര്‍ന്നിടാം നേര്‍ച്ചകള്‍ ജാറങ്ങളില്‍
ശുഹദാക്കളോട് എന്തും വേണേലും പ്രാര്‍ഥിച്ചിടാം
ഇല്ല, തെല്ലും കോട്ടം വരില്ല തൗഹീദിന്
ഇല്ല, തകരില്ലിസ്‌ലാം, തെല്ലും തെറ്റില്ല ഈമാന്‍'

ഇമാം ഗസ്സാലി പണ്ഡിതന്മാരെ വിമര്‍ശിച്ചു കൊണ്ടെഴുതുന്നു: 'ജിന്നുവര്‍ഗ്ഗ ചെകുത്താന്മാരെക്കുറിച്ച് നിനക്ക് നിര്‍ഭയരായി കഴിയാം. എന്നാല്‍ മനുഷ്യവര്‍ഗ ചെകുത്താന്മാരെ കരുതിയിരിക്കണം. കാരണം വഴിപിഴപ്പിക്കാന്‍ കൂടുതല്‍ പണിയെടുക്കേണ്ടതില്ലാത്ത വിധം അവര്‍ ജിന്നുവര്‍ഗ ചെകുത്താന്മാര്‍ക്ക് വിശ്രമമനുവദിച്ചിരിക്കുന്നു.' (ഇഹ്‌യാ ഉലൂമിദ്ദീന്‍ 1/91)

മറ്റു വാക്കുകളില്‍ മുഹ്‌യിദ്ദീന്‍ ശൈഖും ഇതേ കാര്യം പറയുന്നുണ്ട്: 'കൂട്ടീ, കിതാബും സുന്നത്തും മുറുകെ പിടിക്കണമെന്നും അവ രണ്ടിനുമൊത്താവണം പ്രവര്‍ത്തിക്കുന്നതെന്നും കര്‍മ്മരംഗത്ത് നിഷ്‌ക്കളങ്കത പുലര്‍ത്തണമെന്നും ഞാന്‍ നിന്നോട് വിസതരിച്ച് പറഞ്ഞുവല്ലോ. നിങ്ങളിലെ പണ്ഡിതന്മാരെ പമ്പര വിഡ്ഢികളായും വൈരാഗികളെ ദുരമൂത്ത ഭൗതിക പൂജകരായും അല്ലാഹുവിനെ മറന്ന് സൃഷ്ടികളെ ആശ്രയിക്കുന്നവരായും ഞാന്‍ കാണുന്നു. അല്ലാഹു അല്ലാത്തവരില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍, പ്രവാചകന്റെ ശാപത്തിന് പാത്രമായവര്‍. അവിടന്ന് പറഞ്ഞുവല്ലോ: തനിക്കു സമാനനായ സൃഷ്ടിയില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍ അഭിശപ്തനത്രെ. സൃഷ്ടിയെ തന്റെ പ്രതാപകാരണമായി കാണുന്നവന്‍ നിന്ദ്യന്‍ തന്നെ' (അല്‍ ഗുന്‍യാ)

പണ്ഡിതന്മാര്‍ ഇസ്‌ലാമിനെ വില്‍പനച്ചരക്കാക്കി ബഹുജനത്തെ മാര്‍ഗഭ്രംശത്തിലേക്ക് തള്ളിവിടുമ്പോള്‍ ഇസ്‌ലാമിക മനഃസാക്ഷിക്ക് എങ്ങനെ സ്വസ്ഥമായിരിക്കാന്‍ കഴിയുന്നു?! 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 131-135
എ.വൈ.ആര്‍