Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 22

ഇനി നമുക്ക് പൊട്ടിച്ചു തീര്‍ക്കാം; നോമ്പ് നേരങ്ങളില്‍ നാം നേടിയ പുണ്യങ്ങളുടെ ശേഖരം!

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

ഇനി നമുക്ക് പൊട്ടിച്ചു തീര്‍ക്കാം; നോമ്പ് നേരങ്ങളില്‍ നാം നേടിയ പുണ്യങ്ങളുടെ ശേഖരം!

         പുണ്യങ്ങളുടെ മഹാ വസന്തം മറഞ്ഞു. ഭക്തിയുടെയും കാരുണ്യത്തിന്റെയും നിറവില്‍ കുളിച്ചുനിന്ന നാളുകള്‍ക്ക് വിശ്വാസികള്‍ വേദനയോടെ വിടചൊല്ലി. ഒരു മാസത്തെ നോമ്പിലൂടെയും പ്രാര്‍ഥനകളിലൂടെയും ദാനധര്‍മങ്ങളിലൂടെയും സേവന പ്രവര്‍ത്തനങ്ങളിലൂടെയും നേടിയെടുത്ത പുണ്യങ്ങളുടെ ശേഖരം പതിനൊന്നു മാസത്തെ ജീവിതത്തില്‍ ചെലവഴിക്കാന്‍ കഴിയണം. ആഘോഷങ്ങളിലെ വെടിക്കെട്ടുപോലെ പെരുന്നാള്‍ ദിനത്തില്‍ തന്നെ എല്ലാ നന്മകളും പൊട്ടിച്ചുതീര്‍ത്ത് ധാര്‍മിക ദാരിദ്ര്യത്തിന്റെ തരംതാണ ജീവിതത്തിലേക്ക് കൂപ്പുകുത്തുന്നത് അങ്ങേയറ്റം ഖേദകരമാണ്.

റമദാന്‍ കഴിയുന്നതോടെ പൊട്ടിച്ചുതീര്‍ക്കാനും അടിച്ചുവാരി വലിച്ചെറിയാനും സദാചാരം വെടിക്കെട്ടല്ല. ധര്‍മബോധം നശിച്ച സമൂഹത്തിന് ഒന്നും കരുതിവെക്കാനില്ല. മദ്യവും മയക്കുമരുന്നും കരിഞ്ചന്തയും കച്ചവടത്തിലെ കൃത്രിമവും പലിശയും ബ്ലേഡ് ഇടപാടുകളും സമുദായത്തിലെ അംഗങ്ങള്‍ക്കിടയിലേക്കും അരിച്ചിറങ്ങുകയല്ല പടര്‍ന്നു കയറുകയാണെന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഭയാനകവും നാശകരവുമായ ഈ അപകടത്തിനെതിരെ മതനേതൃത്വവും രാഷ്ട്രീയ നേതൃത്വവും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

കാലഘട്ടത്തിന്റെ ഘടനകള്‍ക്കനുസരിച്ച് 
സംഘടനകള്‍ പുരോഗമിക്കണം

         വ്യക്തികളും സംഘടനകളും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകില്ല. വ്യക്തികള്‍ സാമൂഹിക പ്രതിബദ്ധതയും ഈശ്വരവിശ്വാസവും ഉള്ളവരാണെങ്കില്‍ അവരിലെ ഇഛാശക്തി ഒരിക്കലും ചോര്‍ന്നുപോവുകയില്ല. സാമൂഹികവും സാംസ്‌കാരികവും മറ്റുമായ പ്രവര്‍ത്തനങ്ങള്‍ ദൈവമാര്‍ഗത്തിലൂടെയാകുമ്പോള്‍ സംഘടനക്കു മാത്രമല്ല തലമുറകള്‍ക്കു കൂടി അതൊരു സംരക്ഷണ കവചം നല്‍കുന്നു.

ഏത് സാഹചര്യത്തിലും വ്യക്തിത്വ വികാസവും പുരോഗമനവും ലക്ഷ്യമാക്കി സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ സംഘടനകള്‍ക്കാവണം. കാലഘട്ടത്തിന്റെ ഘടനകള്‍ക്കും വര്‍ത്തമാനകാല സാഹചര്യങ്ങള്‍ക്കും അനുസരിച്ച് വ്യക്തികളുടെ കഴിവുകള്‍ തിരിച്ചറിയാനും കഴിവിന്റെ പരമാവധി സംഘടനകളുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും നമുക്കോരോരുത്തര്‍ക്കും കഴിയേണ്ടതുണ്ട്. നമ്മളില്‍ അന്തര്‍ലീനമായ കഴിവുകള്‍ സര്‍ഗാത്മകമായ രീതിയില്‍ സംഘടനകളിലൂടെ പരിപോഷിപ്പിക്കപ്പെടുകയും സമൂഹനന്മക്ക് ഉതകുംവിധം അതിനെ പ്രയോജനപ്പെടുത്തുകയും വേണം. എങ്കില്‍ മാത്രമേ സംഘടനകളുടെ നിലനില്‍പ് സാധൂകരിക്കപ്പെടൂ. പ്രബോധനത്തിലെ 'പ്രസ്ഥാന ചിന്തകള്‍' എന്ന പംക്തിയില്‍ വന്ന കുറിപ്പിന് (ലക്കം 2862) ഇന്ന് വളരെയേറെ പ്രസക്തിയുണ്ട്.

ആചാരി തിരുവത്ര, ചാവക്കാട്

ഈ ക്രൂരതക്കെതിരെ ഒന്ന് മിണ്ടരുതോ നമ്മുടെ നാടിന്

         അമേരിക്കന്‍ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന് നേതൃത്വം കൊടുത്ത മലാല യൂസുഫ് എന്ന പെണ്‍കുട്ടിക്ക് വേണ്ടി പാശ്ചാത്യ മാധ്യമങ്ങളും സന്നദ്ധ സംഘടനകളും കേരളത്തിലെ പുരോഗമന വിപ്ലവകാരികളും നടത്തിയ കണ്ണീരില്‍ കുതിര്‍ന്ന പ്രകടനങ്ങള്‍ എത്രത്തോളം കാപട്യം നിറഞ്ഞതും വിവേചനപരവുമായിരുന്നുവെന്ന് നമുക്കിപ്പോള്‍ മനസ്സിലാവുന്നു.

ഗസ്സയില്‍ മാതാപിതാക്കള്‍ക്കൊപ്പം കെട്ടിപ്പിടിച്ചുറങ്ങുന്ന പിഞ്ചു കുഞ്ഞുങ്ങളെ രാത്രിയില്‍ ബോംബിട്ട് കരിച്ചുകളയുന്ന നരാധന്മാര്‍ക്കെതിരെ അവര്‍ മൗനം പാലിക്കുന്നു. പിഞ്ചു കുഞ്ഞിന്റെ തലയില്‍ മറീനുകള്‍ തോക്കു ചൂണ്ടി നില്‍ക്കുന്നതും മാതാപിതാക്കളെ കുട്ടികളുടെ മുമ്പില്‍ വെച്ച് കൊല്ലുന്നതും ഇവര്‍ക്ക് മനുഷ്യാവകാശ ലംഘനമോ ഭീകരതയോ അല്ല!

രാജീവ് ഗാന്ധി ജീവിതത്തിന്റെ നട്ടുച്ചയില്‍ കൊല്ലപ്പെട്ടപ്പോള്‍ 'ഞങ്ങളുടെ വലതുകൈ നഷ്ടപ്പെട്ടു' എന്ന് പറഞ്ഞ്  കരഞ്ഞ അറഫാത്തിന്റെ ജനതയെ സയണിസ്റ്റ് കാപാലികര്‍ ബോംബിട്ട് ചുട്ടുകൊല്ലുമ്പോള്‍ കമാ എന്ന് മിണ്ടാന്‍ ത്രാണിയില്ലാതെ കാപട്യത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ചിരിക്കുന്നവര്‍ ഇന്ത്യയെ ലോകത്തിന് മുമ്പില്‍ നാണം കെടുത്തുകയാണ്.

എം. അശ്‌റഫ് ഫൈസി കാവനൂര്‍

യര്‍മൂക്കിലെ പാനപാത്രം 
ഇഫ്ത്വാര്‍ കോപ്പകളോടു പറയുന്നത്...

         സിറിയയുടെ തെക്ക്-കിഴക്ക് താഴ്‌വാരമാണ് യര്‍മൂക്ക്. ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ് ഇസ്‌ലാമിക രാഷ്ട്രം ഭരിക്കുന്ന കാലത്ത് റോമിനെതിരെ യുദ്ധം വിജയിച്ച പ്രദേശം. ഖാലിദുബ്‌നുല്‍ വലീദ്, അംറുബ്‌നുല്‍ ആസ്വ ്, യസീദുബ്‌നു അബീസുഫ്‌യാന്‍, അബു ഉബൈദ എന്നിവരുടെ അതിശക്തമായ നേതൃത്വത്തില്‍ നാല്‍പ്പതിനായിരം വരുന്ന മുസ്‌ലിം സൈന്യം രണ്ടുലക്ഷത്തി നാല്‍പ്പതിനായിരം വരുന്ന സൈന്യത്തെ തുരത്തിയോടിച്ച ഐതിഹാസിക സമരം. യര്‍മൂക്കിലെ അതിസാഹസികമായ യുദ്ധചരിത്രത്തേക്കാള്‍ അവിസ്മരണീയ സംഭവമായി നിലനില്‍ക്കുന്നത് ഒരു പാനപാത്രത്തിന്റെ കഥയാണ്.

ഐതിഹാസികമായ ചരിത്രവിജയം സമ്മാനിച്ച യര്‍മൂക്കിന്റെ നടുവിലൂടെ ഹുദൈഫ ചുറ്റിക്കറങ്ങുന്നു. ഉരുക്കുകോട്ട പോലെ അടിയുറച്ച് നിന്നു പോരാടി ജീവത്യാഗം ചെയ്ത സ്വഹാബികളെ നോക്കി അദ്ദേഹം നെടുവീര്‍പ്പിടുന്നു. പെട്ടെന്നൊരു പതുങ്ങിയ തേങ്ങല്‍ ഹുദൈഫ കേട്ടു. നിലച്ചുകൊണ്ടിരിക്കുന്ന ശ്വാസവുമായി വിടപറയാനിരിക്കെ ഒരിറ്റു വെള്ളത്തിനു വേണ്ടിയുള്ള അവസാന തേങ്ങല്‍. ഹാരിസ്ബ്‌നു ഹിശാമിന്റേതായിരുന്നു അത്. തോല്‍പാത്രത്തില്‍ വെള്ളമെടുത്ത് ഉടന്‍ ഹാരിസിന്റെ അരികിലെത്തി ഹുദൈഫ. നിലക്കാത്ത ദാഹം തീര്‍ക്കാനുള്ള ആര്‍ത്തിയോടെ ഹാരിസ് പാനപാത്രം ചുണ്ടോടടുപ്പിച്ചതേയുള്ളൂ, തൊട്ടപ്പുറത്ത് നിന്ന് മറ്റൊരു തേങ്ങല്‍. തുറന്ന വായ അടച്ചുതീരും മുമ്പേ ഹാരിസ് ആംഗ്യം കാണിച്ചു, വെള്ളം തന്റെ സഹോദരന് കൊടുക്കാന്‍. കുടിക്കാതെ അവശേഷിപ്പിച്ച വെള്ളപ്പാത്രവുമായി തേങ്ങല്‍ കേട്ട ഭാഗത്തേക്കു ഓടിച്ചെന്നു ഹുദൈഫ. വരണ്ട ചുണ്ടുമായി ദാഹാര്‍ത്തനായി കിടക്കുന്നു ഇക്‌രിമത്തുബ്‌നു അബീജഹല്‍. ഹുദൈഫ ചുണ്ടില്‍ വെച്ചു കൊടുത്ത വെള്ളം ആവേശപൂര്‍വം കുടിക്കാനൊരുങ്ങിയ ഇക്‌രിമ കേള്‍ക്കുന്നു, വെള്ളത്തിനു വേണ്ടിയുള്ള മറ്റൊരു വിലാപം. അയ്യാശുബ്‌നു അബീറബീഅ വെള്ളത്തിനു വേണ്ടി കേഴുന്നു. ഹൂദൈഫ അടുത്തെത്തിയപ്പോഴേക്കും ഓരോരുത്തരും അന്ത്യശ്വാസം വലിക്കുന്നു. ആരുമാരും കുടിക്കാതെ അവശേഷിപ്പിച്ച വെള്ളവുമായി ഹുദൈഫ ഹാരിസിന്റെ അടുത്തെത്തിയപ്പോഴേക്കും അദ്ദേഹം ലോകനാഥന്റെ സവിധത്തിലണഞ്ഞിരിക്കുന്നു. അതിവേഗം ഇക്‌രിമയുടെ അടുത്തെത്തിയപ്പോഴേക്കും പഞ്ചവര്‍ണക്കിളിയെപ്പോലെ അദ്ദേഹവും പരലോകയാത്ര നടത്തിയിരിക്കുന്നു.

മുസ്‌ലിം സൗഹൃദവേദികളും മുസ്‌ലിം സംഘടനകളും രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളും മാധ്യമ സ്ഥാപനങ്ങളും ഇഫ്ത്വാര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ജൂസ് കഴിച്ചും ചായ കുടിച്ചും ഐസ്‌ക്രീമുകള്‍ നുണഞ്ഞും കുറെ ഡിസ്‌പോസിബ്ള്‍ ഗ്ലാസുകള്‍ ഓരോരുത്തരും വലിച്ചെറിയുന്നു. അവസാനം നഗരവീഥിയിലെ ഏതോ മാലിന്യ കൂമ്പാരത്തില്‍  ഞെരിഞ്ഞമര്‍ന്നുപോകുന്ന ആ പേപ്പര്‍ ഗ്ലാസുകള്‍ ചോദിക്കുന്നു, ഞാനും യര്‍മൂക്കിലെ പാനപാത്രവും ആദര്‍ശസഹോദരങ്ങളുടെ ആദരങ്ങളിലൂടെ കടന്നുവന്ന ചരിത്രത്തിലെ  അവിസ്മരണീയ ചഷകമല്ലേ? ശീതീകരിച്ച ആഡംബര ഹാളുകളില്‍ ചാനല്‍കാമറകള്‍ക്കു നടുവില്‍ ബഫേ ഇഫ്ത്വാറില്‍ സംഗമിക്കുമ്പോള്‍ മുസ്‌ലിം നേതാക്കള്‍ ഓര്‍ക്കണം, തങ്ങളുടെ ചുണ്ടിലും ഒരു പാനപാത്രമുണ്ടെന്ന്. സ്വഹാബികള്‍ യര്‍മൂക്കില്‍ അവശേഷിപ്പിച്ച വെറും പച്ചവെള്ളം നിറച്ച അനശ്വരമായ പാനപാത്രത്തിന്റെ തുടര്‍ച്ച. 

ദല്‍ഹിയിലെയും ബംഗാളിലെയും തെരുവുകളില്‍ റിക്ഷ ചവിട്ടി കണ്ണും കവിളും കുഴിഞ്ഞുപോയ ഉത്തരേന്ത്യന്‍ മുസ്‌ലിമും ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ട അനാഥശാല റെയ്ഡില്‍ ഭയത്താല്‍ ഹൃദയം തൊണ്ടക്കുഴിയിലെത്തിയ ദക്ഷിണേന്ത്യന്‍ മുസ്‌ലിമും അനുഭവിക്കുന്ന അനാഥത്വത്തിനു നടുവില്‍ ഒരു പാത്രവുമായി എഴുന്നേറ്റുനില്‍ക്കാന്‍ കാലം ഒരു ഹുദൈഫയെ തേടുന്നു. സലാം ചൊല്ലി ഒരുമിക്കാനും ഒന്നിച്ചുനിന്നു നമസ്‌കരിക്കാനും കഴിയാത്ത ഒരു സമുദായമായി, ഫിഖ്ഹിന്റെ മസ്അലകളിലും സംവാദത്തിന്റെ 'ക്ലിപ്പിംഗ്' നവോത്ഥാനത്തിലും പണ്ഡിതന്മാര്‍ സായൂജ്യമടയുമ്പോള്‍ ഇഫ്ത്വാര്‍ സംഗമത്തിലെ ആശംസകള്‍ ആശയം ചോര്‍ന്നുപോയ വെറും ഭംഗി വാക്കുകള്‍ മാത്രം. വരണ്ട ചുണ്ടും വറ്റിയ നാവും രക്തം വാര്‍ന്നൊഴുകി ഒട്ടിയ ശരീരവുമായി മരണത്തോട് മല്ലടിച്ചപ്പോഴും സ്വഹാബികള്‍ അവശേഷിപ്പിച്ചത് സപ്തസാഗരങ്ങളെയും അതിശയിക്കുന്ന ഇസ്‌ലാമിക സാഹോദര്യത്തിന്റെ സ്‌നേഹത്തിരമാലകളാണ്. ആധുനിക മുസ്‌ലിം സമുദായം പ്രദക്ഷിണം നിലക്കാത്ത കഅ്ബാലയത്തെയും പാരായണം നിലക്കാത്ത ഖുര്‍ആനെയും നോക്കി ചോദിക്കുന്നു: ആരാണീ യര്‍മൂക്കിലെ പാനപാത്രത്തില്‍ ഛിദ്രതയുടെ വിഷം കലര്‍ത്തിയത്?

ടി. ഇ. എം റാഫി  വടുതല

         'നിലവിലെ കാലത്തിന് പാകപ്പെടാതെ പുതിയ വഴി കീറുന്നവര്‍' എന്ന മുഹമ്മദ് ശമീമിന്റെ ലേഖനം സമയോചിതവും, നോവ് അനുഭവിക്കാതെ വിപ്ലവത്തെ കുറിച്ച് വലിയ വായില്‍ സംസാരിക്കുകയും സുഖലോലുപതയില്‍ അഭിരമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ഓര്‍മപ്പെടുത്തലുമായി.

ശിഹാബ് രിയാദ്

         'പോരാളികളുടെ പറുദീസ' എന്ന പുസ്തകത്തെക്കുറിച്ച ശിഹാബ് പൂക്കോട്ടൂരിന്റെ നിരീക്ഷണം ശ്രദ്ധേയമായിരുന്നു. പുസ്തകത്തില്‍ വന്ന വസ്തുതാപരമായ ഒരു പിശക് ചൂണ്ടിക്കാട്ടട്ടെ. ഗസ്സയുടെ ജനസംഖ്യ 17 ദശലക്ഷമാണ് (പേജ് 13) എന്നത് തെറ്റാണ്. അറിഞ്ഞേടത്തോളം 17 ലക്ഷമാണ് ശരി.

ഹസനുല്‍ ബന്ന കണ്ണൂര്‍

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 131-135
എ.വൈ.ആര്‍