Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 22

ആ മകന്‍ ഞാന്‍ തന്നെ!

ടി.കെ അബ്ദുല്ല /നടന്നുതീരാത്ത വഴികളില്‍-46

         ഞാന്‍ മംഗലാപുരത്തുനിന്ന് ട്രെയ്‌നില്‍ കോഴിക്കോട്ടേക്ക് വരികയായിരുന്നു. 1960-കളിലാണ് സംഭവം. കാസര്‍കോട് എത്തിയപ്പോള്‍, മതപണ്ഡിത വേഷത്തിലുള്ള ഒരാള്‍ എന്റെ കമ്പാര്‍ട്ടുമെന്റില്‍ കയറി. ആളൊഴിഞ്ഞ കമ്പാര്‍ട്ടുമെന്റ്. അതുകൊണ്ടു തന്നെ ആഗതന്‍ എന്റെ അടുത്ത് വന്നിരിക്കാന്‍ തല്‍പരനായി. കുശലാന്വേഷണങ്ങള്‍ക്കിടെ അദ്ദേഹം സ്വയം പരിചയപ്പെടുത്തി; 'തങ്ങളാണ്; മതപണ്ഡിതനുമാണ്.' തിരൂരങ്ങാടി-കൊടിഞ്ഞി ഭാഗത്താണെന്നും പറഞ്ഞു. ഞാനാരാണെന്ന് ചോദിച്ചപ്പോള്‍ കുറ്റിയാടിയിലാണെന്ന് മാത്രമേ മറുപടി പറഞ്ഞുള്ളൂ. 'കുറ്റിയാടി' എന്നു കേട്ടപ്പോള്‍ സഹയാത്രികന്‍ കൂടുതല്‍ ആവേശഭരിതനായി സംസാരിച്ചു തുടങ്ങി. 

കുറ്റിയാടിയിലെ പ്രമുഖ പണ്ഡിതന്‍ എം. അബ്ദുല്ലക്കുട്ടി മൗലവിയെ അറിയാം എന്ന മുഖവുരയോടെ തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ക്ഷമയോടെ കേട്ടിരുന്നു. വിശദീകരണത്തിനല്ലാതെ വിമര്‍ശനമായോ എതിര്‍ത്തു കൊണ്ടോ ഒരക്ഷരം എന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. എന്റെ ക്ഷമയെ പരീക്ഷിക്കുന്ന പലതും തങ്ങള്‍ പറഞ്ഞെങ്കിലും, ക്ഷമ കൈവിടാതെ കേട്ട് ആസ്വദിക്കാന്‍ എനിക്ക് കഴിഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ ഈ കുറിപ്പ് പ്രസക്തമാകുന്നത്. തങ്ങള്‍ അവര്‍കള്‍ പറഞ്ഞതിന്റെ ചുരുക്കം: 'കുറ്റിയാടിയിലെ അബ്ദുല്ലക്കുട്ടി മൗലവിയെ ഞാന്‍ അറിയും. റമദാനിലെ യാത്രയിലും മറ്റും മൗലവിയുടെ വീട്ടില്‍ പോയിട്ടുണ്ട്. വഹാബികളുടെ നേതാവാണ്. നാദാപുരം വാദപ്രതിവാദത്തില്‍ 'ലാ' കട്ട മൗലവിമാരില്‍ പ്രധാനിയായിരുന്നു. എങ്കിലും വീട്ടില്‍ ചെന്നാല്‍ നല്ല പെരുമാറ്റമാണ്. എന്നെ വേണ്ടവിധം സല്‍ക്കരിക്കുകയും സന്തോഷത്തില്‍ യാത്രയയക്കുകയും ചെയ്യുമായിരുന്നു. അതില്‍ എനിക്ക് നന്ദിയുണ്ട്.... 

ഈ പറഞ്ഞ അബ്ദുല്ലക്കുട്ടി മൗലവിയുടെ ഒരു മകളെയാണ് ആയഞ്ചേരി തറക്കണ്ടിയില്‍ ബഹുമാനപ്പെട്ട അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ മകന്‍ കുഞ്ഞഹമ്മദ് വിവാഹം കഴിച്ചത്. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ മഹാനായ സുന്നിപണ്ഡിതനായിരുന്നു. അവരുടെ മഖ്ബറ ചേരാപുരത്ത് പള്ളിയിലാണ്. അത് സുന്നികളുടെ പള്ളി മഖ്ബറയായതുകൊണ്ട് മുസ്‌ലിയാരുടെ ഖബ്‌റിന്മേല്‍ ഉലുവാന്‍ പുകക്കുക പതിവായിരുന്നു. വഹാബിയായ മകന്‍ കുഞ്ഞഹമ്മദ് വാപ്പയുടെ ഖബ്‌റിന്‍പുറത്തുള്ള ഉലുവാന്‍കൂട് എറിഞ്ഞ് പൊളിച്ചതായി പറഞ്ഞുകേള്‍ക്കുന്നു. അതുകൊണ്ട് അയാള്‍ക്ക് ഏതോ വലിയ രോഗം പിടിപെട്ടതായും വര്‍ത്തമാനമുണ്ട്. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ രണ്ട് മക്കളും പിഴച്ചുപോയിരിക്കുന്നു. രണ്ടാളും വഹാബിയായി, പിന്നെ മൗദൂദിയും ആയി. രണ്ടാമത്തെ മകന്‍ മൗദൂദികളുടെ നേതാവാണ്. കോഴിക്കോട് വെള്ളിമാട്കുന്നില്‍ പ്രബോധനം പത്രത്തിന്റെ ആളായി അവിടെയാണ് താമസം എന്ന് കേള്‍ക്കുന്നു. പ്രബോധനത്തിന് നല്ല ഒരു ഓഫീസ് ഉണ്ടാക്കി കൊടുത്തത് കുന്ദമംഗലത്തെ പണക്കാരനായ ഭൂപതി മൊയ്തീന്‍ ഹാജിയാണ്.' 

ഇത്രയും പറഞ്ഞപ്പോള്‍, ഞാന്‍ തങ്ങളോട് ഒരു വിശദീകരണം ചോദിച്ചു; ''മൊയ്തീന്‍ ഹാജി പണിയെടുപ്പിച്ചതാണോ അതല്ല, സ്വന്തം ചെലവില്‍ ഉണ്ടാക്കി കൊടുത്തതാണോ?'' ഇതായിരുന്നു എന്റെ അന്വേഷണം. ''മുതലാളി തന്നെ ഉണ്ടാക്കി കൊടുത്തതാണ് എന്നാണ് കേട്ടത്. അങ്ങനെ ചില മുതലാളിമാരും അവരുടെ പിടിയില്‍ പെട്ടു പോയിട്ടുണ്ട്.'' അദ്ദേഹം വിശദീകരിച്ചു. ഇത്രയും വാചകത്തില്‍ ചുരുക്കിപ്പറഞ്ഞ ഈ കാര്യങ്ങള്‍ പറഞ്ഞു തീര്‍ന്നതോടെ ഞങ്ങള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. ഉച്ചഭക്ഷണ സമയമായതുകൊണ്ട് ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് വരുന്നവഴി റഹ്മാനിയാ ഹോട്ടലില്‍ കയറി. നന്നായി ഭക്ഷണം കഴിച്ചശേഷം, ഞാന്‍ ബില്ല് വാങ്ങാന്‍ തെരക്കിയെങ്കിലും തങ്ങളുടെ ഭാഗത്തുനിന്ന് തെരക്കലൊന്നും ഉണ്ടായില്ല. ഞാന്‍ പൈസ കൊടുക്കുന്നത് അദ്ദേഹത്തിനും സന്തോഷമായിരുന്നു. ഭക്ഷണം കഴിച്ച് വര്‍ത്തമാനം പറഞ്ഞുകൊണ്ട് ഞങ്ങള്‍ എവറസ്റ്റ് ഹോട്ടലിന്റെ മുന്നിലെത്തി. അവിടെയായിരുന്നു അക്കാലത്ത് വെള്ളിമാട്കുന്ന് ഭാഗത്തേക്കുള്ള സിറ്റി ബസ്സ്റ്റാന്റ്. വെള്ളിമാട്കുന്ന് ബസ് വന്നുനില്‍ക്കുന്നു. 

ഒരു കാല്‍ ബസിന്റെ സ്റ്റെപ്പില്‍ വെച്ചുകൊണ്ട് സഹയാത്രികനായ തങ്ങളെ ഒന്നുകൂടി അടുപ്പിച്ച് നിര്‍ത്തി ഞാന്‍ ആ 'സ്വകാര്യം' വെളിപ്പെടുത്തി; 'നിങ്ങള്‍ പറഞ്ഞ സംഭവത്തിലെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ രണ്ടാമത്തെ മകനില്ലേ, അത് ഞാനാണ്. ഇപ്പോള്‍ ഞാന്‍ വെള്ളിമാട്കുന്നിലെ പ്രബോധനം ഓഫീസിലേക്കാണ് ബസ് കയറുന്നത്.' ഇത്രയും പറഞ്ഞു തീര്‍ന്നതും തങ്ങളെന്നെ കെട്ടിപ്പിടിക്കാന്‍ മുന്നോട്ടാഞ്ഞതും ഞാന്‍ ബസില്‍ കയറലും ഒരുമിച്ചായിരുന്നു. ഈ സംഭവത്തിനുശേഷം തങ്ങള്‍ എന്നെയോ ഞാന്‍ തങ്ങളെയോ കണ്ടിട്ടും കേട്ടിട്ടുമില്ല. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 131-135
എ.വൈ.ആര്‍