പ്രസിഡന്റ് ഉര്‍ദുഗാന്‍ തന്നെ
കഴിഞ്ഞ ആഗസ്റ്റ് പത്തിന് നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനമൊഴിയാന്‍ പോകുന്ന തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് രാഷ്ട്രത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ തന്നെ ഉര്‍ദുഗാന്‍ 52 ശതമാനം വോട്ട് നേടിയതിനാല്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് വേണ്ടിവന്നില്ല. മുഖ്യ പ്രതിപക്ഷ കക്ഷികളായ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെയും നാഷ്‌നല്‍ മൂവ്‌മെന്റ് പാര്‍ട്ടിയുടെയും സംയുക്ത സ്ഥാനാര്‍ഥി അക്മലുദ്ദീന്‍ ഇഹ്‌സാന്‍ ഓഗ്‌ലു 38 ശതമാനവും കുര്‍ദ് കൂട്ടായ്മകളുടെ സ്ഥാനാര്‍ഥി സ്വലാഹ് ദീമര്‍ത്വാശ് പത്ത് ശതമാനവും വോട്ട് നേടി. ഉര്‍ദുഗാന് 55-56 ശതമാനം വോട്ട് ലഭിക്കുമെന്ന് സര്‍വെകള്‍ പ്രവചിച്ചിരുന്നെങ്കിലും കഴിഞ്ഞ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ പോളിംഗ് ശതമാനം താഴോട്ട് പോയത് ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിക്കാണ് കൂടുതല്‍ ക്ഷീണമുണ്ടാക്കിയത്.
സാധാരണഗതിയില്‍ പ്രസിഡന്റിനെ പാര്‍ലമെന്റാണ് തെരഞ്ഞെടുക്കുക. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള കക്ഷി പിന്തുണക്കുന്ന സ്ഥാനാര്‍ഥി വിജയിക്കും. പാര്‍ലമെന്ററി ഭരണരീതി നിലനില്‍ക്കുന്ന തുര്‍ക്കിയില്‍ പ്രസിഡന്റ് ഒരു അലങ്കാര പദവി മാത്രമാണ്. അതിനാല്‍ ഒരാള്‍ പ്രസിഡന്റാവുന്നതും സ്ഥാനമൊഴിയുന്നതും വാര്‍ത്തയാകാറേയില്ല. പക്ഷേ, ഇത്തവണ ജനങ്ങള്‍ നേരിട്ടാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. നാലു വര്‍ഷം മുമ്പ് തന്നെ ഇതിനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിരുന്നു. രാജ്യത്തെ ക്രമേണ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് കൊണ്ടുവരാനും അങ്ങനെ സൈനിക നേതൃത്വത്തിന്റെ ഇടപെടലുകളെ ഫലപ്രദമായി ചെറുക്കാനും എ.കെ പാര്‍ട്ടി ആവിഷ്‌കരിച്ച തന്ത്രമാണിതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനം ഇനിമേല്‍ അലങ്കാര പദവിയായിരിക്കില്ലെന്ന് ഉര്‍ദുഗാന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പല കാരണങ്ങളാല്‍ തന്റെ രണ്ട് എതിരാളികളേക്കാളും വ്യക്തമായ മുന്‍തൂക്കം ഉര്‍ദുഗാന് തുടക്കത്തിലേ ഉണ്ടായിരുന്നു. അതിലൊന്ന് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ ഉര്‍ദുഗാന്റെ ഭരണ നേട്ടങ്ങള്‍ തന്നെ. അതിന് മുമ്പ് മൂന്ന് വര്‍ഷം അദ്ദേഹം ഇസ്തംബൂള്‍ മേയറുമായിരുന്നു. മാത്രവുമല്ല, എ.കെ പാര്‍ട്ടി ഏറ്റവുമധികം വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കെ കഴിഞ്ഞ മാര്‍ച്ചില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 43 ശതമാനം വോട്ട് നേടി അവര്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കുകയും ചെയ്തിരുന്നു. മുഖ്യ എതിരാളി അക്മലുദ്ദീന്‍ തികഞ്ഞ അരാഷ്ട്രീയക്കാരനാണെന്നതാണ് ഉര്‍ദുഗാനെ തുണച്ച മറ്റൊരു ഘടകം. രണ്ട് മുഖ്യ പ്രതിപക്ഷ കക്ഷികള്‍ക്ക് പുറമെ അഞ്ച് വേറെ കക്ഷികളും പിന്തുണച്ചിട്ടും അക്മലുദ്ദീന് അത് മുതലാക്കാന്‍ കഴിയാതിരുന്നത് അതുകൊണ്ടാണ്. ഇസ്‌ലാം-മുസ്‌ലിം പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടിരുന്ന ഈ മുന്‍ ഒ.ഐ.സി സെക്രട്ടറി ജനറലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിപക്ഷത്തെ അള്‍ട്രാ സെക്യുലരിസ്റ്റുകള്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കുര്‍ദ് പശ്ചാത്തലമുള്ള ദീമര്‍ത്വാശിന് കുര്‍ദ് സ്വാധീന മേഖലകള്‍ക്ക് പുറത്ത് ചലനമുണ്ടാക്കാന്‍ കഴിയില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. കുര്‍ദു പ്രശ്‌നം പരിഹരിക്കാന്‍ ഒട്ടേറെ ചുവട് വെപ്പുകള്‍ നടത്തിയ ഉര്‍ദുഗാനോട് കുര്‍ദ് സംഘടനകള്‍ക്ക് സോഫ്റ്റ് കോര്‍ണര്‍ ഉണ്ടെന്നതും രഹസ്യമല്ല.
തുര്‍ക്കിയില്‍ പ്രധാനമന്ത്രിയായ ശേഷം പ്രസിഡന്റായ നാലാമത്തെയാളാണ് ഉര്‍ദുഗാന്‍. തുര്‍ഗത്ത് ഒസാല്‍, സുലൈമാന്‍ ദാമറേല്‍, അബ്ദുല്ല ഗുല്‍ എന്നിവരാണ് മറ്റു മൂന്ന് പേര്‍. 2019 വരെ ഉര്‍ദുഗാന്‍ പ്രസിഡന്റ് പദവിയില്‍ തുടരുന്ന പക്ഷം കമാല്‍ അത്താതുര്‍ക്കിന് ശേഷം ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിത്തീരും അദ്ദേഹം. പക്ഷേ, ഉര്‍ദുഗാന്‍ നോട്ടമിടുന്നത് 2023 ആണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ കാമ്പയിന്‍ മുദ്രാവാക്യം തന്നെ 'പുതിയ തുര്‍ക്കി 2023' എന്നായിരുന്നു. 1923-ല്‍ സ്ഥാപിതമായ ആധുനിക തുര്‍ക്കിക്ക് നൂറ് വയസ്സ് പൂര്‍ത്തിയാകുന്ന വര്‍ഷമാണത്. അപ്പോഴേക്കും തുര്‍ക്കിയെ ഒരു രാഷ്ട്രീയ - സാമ്പത്തിക വന്‍ ശക്തിയാക്കി മാറ്റാനുള്ള ഒരു ബൃഹദ് പദ്ധതി തന്നെ എ.കെ പാര്‍ട്ടി ആവിഷ്‌കരിച്ചിട്ടുണ്ട്.
പക്ഷേ, പ്രസിഡന്റാകുന്നതോടെ ഉര്‍ദുഗാന് തന്റെ പഴയ കുതിപ്പ് തുടരാനാവുമോ എന്ന് സംശയിക്കുന്നവരുണ്ട്. പ്രസിഡന്റായിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന് പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനം ഒഴിയേണ്ടിവരും. പിന്നെ തന്റെ വിശ്വസ്തരെ പാര്‍ട്ടിയിലും ഭരണത്തിലും മര്‍മസ്ഥാനങ്ങളില്‍ കൊണ്ടുവന്ന് പിന്‍ സീറ്റ് ഡ്രൈവിംഗേ സാധ്യമാവൂ. അത് എത്രത്തോളം ഫലപ്രദമാവും എന്ന് കണ്ടു തന്നെ അറിയണം. അത്തരം പരീക്ഷണങ്ങള്‍ പരാജയപ്പെട്ടതിനു തുര്‍ക്കി രാഷ്ട്രീയത്തില്‍ തന്നെ തെളിവുണ്ട്. 1983-ല്‍ തുര്‍ഗത്ത് ഒസാലിന്റെ മദര്‍ ലാന്റ് പാര്‍ട്ടി 45 ശതമാനം വോട്ട് നേടി അത്ഭുതം സൃഷ്ടിച്ചു. 1987-ല്‍ വോട്ട് കുറഞ്ഞെങ്കിലും 36 ശതമാനം വോട്ടോടെ അവര്‍ അധികാരം നിലനിര്‍ത്തി. തുടര്‍ന്നാണ് തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഒസാല്‍ രാജ്യത്തിന്റെ പ്രസിഡന്റാകുന്നത്. പാര്‍ട്ടിയെ നയിക്കാന്‍ പകരക്കാരനായി മസ്ഊദ് യല്‍മാള് വന്നു. അതോടെ അതിന്റെ കഷ്ടകാലവും തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ക്കകം തുര്‍ക്കി രാഷ്ട്രീയത്തില്‍ നിന്നുതന്നെ ആ പാര്‍ട്ടി ഏറക്കുറെ അപ്രത്യക്ഷമായി. ഈയൊരു ദുരന്തമാവുമോ എ.കെ പാര്‍ട്ടിയെ കാത്തിരിക്കുന്നത്?
മൂന്ന് തവണ പാര്‍ട്ടിയിലും ഭരണത്തിലും നേതൃത്വത്തിലിരുന്നവര്‍ മാറിക്കൊടുക്കണം എന്ന എ.കെ പാര്‍ട്ടി ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഉര്‍ദുഗാന്റെ ഈ സ്ഥാനമാറ്റം. ഇതനുസരിച്ച്, തുടക്കം മുതലേ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുഴുവന്‍ ടീമും മാറേണ്ടിവരും. ചെറുപ്പക്കാരെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാന്‍ ഇത് വഴിയൊരുക്കുമെങ്കിലും പാര്‍ട്ടിക്കകത്ത് ഇത് അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയേറെയാണ്. ഉര്‍ദുഗാനെപ്പോലുള്ള ഒരു കരിസ്മാറ്റിക് നേതാവിന്റെ അഭാവം പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യും. സംക്രമണകാലത്തെ ഈ പ്രതിസന്ധികളെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കുന്നു എ.കെ പാര്‍ട്ടിയുടെ ഭാവി.
Comments