Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 22

കാല്‍പന്തുകളിയില്‍ നിന്ന് രാഷ്ട്ര വ്യവഹാരത്തിന്റെ തീച്ചൂളയിലേക്ക്

ഹുസൈന്‍ ബിസലി, ഉമര്‍ ഒസ്ബായ് /ജീവചരിത്രം

റജബ് തയ്യിബ് ഉര്‍ദുഗാന്‍ ബിര്‍ലീഡറില്‍ ദൊഗൂസു എന്ന ഉര്‍ദുഗാന്റെ ജീവചരിത്ര കൃതിയില്‍നിന്ന്. ഹുസൈന്‍ ബിസലി, ഉമര്‍ ഒസ്ബായ് എന്നിവരാണ് ഗ്രന്ഥകര്‍ത്താക്കള്‍. അറബി വിവര്‍ത്തനം: റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഖിസ്വതു സഈം.

         തുര്‍ക്കിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉര്‍ദുഗാന്‍ മികച്ചൊരു ഫുട്‌ബോള്‍ താരമായിരുന്നുവെന്നത് അധികമാര്‍ക്കും അറിയില്ല. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് തന്നെ കാല്‍പന്തു കളിയെ പ്രണയിച്ച റജബ് ത്വയ്യിബ് ഉര്‍ദുഗാന് സെക്കന്ററി കാലമായപ്പോഴേക്ക് കളിയുമായി ഇഴപിരിയാനാകാത്ത ബന്ധമായി. കഴിവും വ്യക്തിത്വവും വികസിപ്പിച്ചെടുക്കുന്നതിന് തന്റെ കായികക്ഷമതയെ അദ്ദേഹം ഉപയോഗിക്കുകയായിരുന്നു. പ്രമുഖ ക്ലബ്ബുകള്‍ അദ്ദേഹത്തെ നോട്ടമിട്ടു. മാസം ആയിരം ലീറ പ്രതിഫലം പറ്റുന്ന കളിക്കാരനായി എല്‍.ടി മോസ്‌ക് ക്ലബ്ബിലേക്ക് ചേക്കേറി. കളി മികവ് കാരണം ക്ലബ്ബ് അംഗങ്ങള്‍ ഉര്‍ദുഗാനെ 'ബെക്കന്‍ ബോവര്‍' എന്നാണ് വിളിച്ചിരുന്നത്. 1975-ല്‍ ട്രാംവെ ഹര്‍ക്കാമ എന്ന ക്ലബ്ബിലെത്തി. മകന്‍ പന്തു കളിച്ച് നടക്കുന്നതില്‍ പിതാവ് അഹ്മദ് ഉര്‍ദുഗാന് താല്‍പര്യമുണ്ടായിരുന്നില്ല. അവന്‍ ഭാവിയില്‍ എന്തായിത്തീരണമെന്ന തന്റെ സങ്കല്‍പവുമായി യാതൊരു സാമ്യവുമില്ലാത്ത പണിയാണിതെന്നായിരുന്നു പിതാവിന്റെ നിലപാട്. എസ്‌കിശഹിര്‍ ക്ലബ്ബിലേക്ക് ചേക്കാറാന്‍ വേണ്ടി അവര്‍ മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍ കേട്ട് അഹമദ് ഉര്‍ദുഗാന്‍ പൊട്ടിത്തെറിച്ചു. അദ്ദേഹം പറഞ്ഞു: ''ഞാന്‍ നിന്നെ ഒരു മനുഷ്യനായിക്കാണാനാണ് ആഗ്രഹിക്കുന്നത്. നീയാണെങ്കില്‍ നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളുടെ പിറകേ നടക്കുകയാണ്.'' പിതാവിന്റെ പിടിവാശി കാരണം കായിക ജീവിതത്തില്‍ അനേകം അവസരങ്ങള്‍ തനിക്ക് നഷ്ടമായെന്ന് ഉര്‍ദുഗാന്‍ പിന്നീട് ഓര്‍ത്തെടുക്കുന്നുണ്ട്. 'ഫനാര്‍ ബാദുഷ' എന്ന ക്ലബ്ബ് മുന്നോട്ടുവെച്ച അവസരം നഷ്ടപ്പെട്ടതാണ് അക്കൂട്ടത്തിലെ വലിയതെന്നും അദ്ദേഹം പറയുന്നു.

1976-ല്‍ ഇസ്താംബൂള്‍ പട്ടണത്തിലെ 'വഫാ' സ്റ്റേഡിയത്തില്‍ ക്ലബ്ബ് ഫുട്‌ബോള്‍ ഫൈനല്‍ നടക്കുകയാണ്. ട്രാംവെയുടെ മുന്നേറ്റ നിരയില്‍ കളിക്കുന്ന ഉര്‍ദുഗാനെ കണ്ട് ഫനാര്‍ ബാദുഷയുടെ മാനേജര്‍ അത്ഭുതം കൂറി. അദ്ദേഹം ട്രാംവെ ക്ലബ്ബ് അധികൃതരുമായി ബന്ധപ്പെട്ട് ഉര്‍ദുഗാന്റെ കൂടുമാറ്റത്തെക്കുറിച്ചന്വേഷിച്ചു. വിവരമറിഞ്ഞ ഉര്‍ദുഗാന് വലിയ സന്തോഷമൊന്നും തോന്നിയില്ല. കാരണം, ഇതിന് പിതാവ് സമ്മതിക്കില്ല എന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. അതിനെക്കുറിച്ച് ചിന്തിക്കാന്‍ ക്ലബ്ബ് രണ്ട് ദിവസത്തെ ഇടവേള നല്‍കി. പിതാവിനെ തൃപ്തിപ്പെടുത്താന്‍ നോക്കിയാല്‍ അധ്വാനം വെറുതെയാകുമെന്നുറപ്പുള്ള ഉര്‍ദുഗാന്‍ പിന്തിരിയാന്‍ നിര്‍ബന്ധിതനായി. അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു അത്. കാല്‍പന്തു കളിയില്‍ കാണിച്ച അതേ ആവേശത്തോടെ തന്നെ ഉര്‍ദുഗാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സജീവമായി നിന്നു. തുര്‍ക്കി ദേശീയ വിദ്യാര്‍ഥി സഖ്യത്തിലും* നാഷ്‌നല്‍ സാല്‍വേഷന്‍ പാര്‍ട്ടിയിലും ഏറ്റെടുത്ത എല്ലാ ജോലികളും അദ്ദേഹം വളരെ ഭംഗിയായി നിറവേറ്റിയിരുന്നു. അതുവഴി രാഷ്ട്രീയ ജീവിതത്തിലേക്ക് വഴിതുറക്കപ്പെടുകയും ചെയ്തു. 1976-ല്‍ നാഷ്‌നല്‍ സാല്‍വേഷന്‍ പാര്‍ട്ടിയുടെ ബയൊഗ്‌ലൂ ഘടകത്തില്‍ യുവജന വിഭാഗത്തിന്റെ പ്രസിഡന്റായപ്പോള്‍, രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് ഇനി മടക്കമില്ല എന്നദ്ദേഹം തീരുമാനിച്ചു.

രാഷ്ട്രീയത്തിനും പന്തുകളിക്കും നികത്താനാകാത്ത വിടവ് ജീവിതത്തിലുണ്ടെന്ന് ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഉര്‍ദുഗാന് മനസ്സിലായി. വിവാഹം കഴിക്കണമെന്ന മോഹമുദിച്ചു. 1977-ല്‍ സാല്‍വേഷന്‍ പാര്‍ട്ടി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വെച്ച് അമീനയെ പരിചയപ്പെട്ടത് മുതല്‍ ജീവിതത്തിലെ വിടവ് പെട്ടെന്നുതന്നെ നികത്തപ്പെടുമെന്നും അദ്ദേഹത്തിന് തോന്നിത്തുടങ്ങി. പക്ഷേ ആഗ്രഹം പുറത്ത് പറയാതെ ഉള്ളിലൊതുക്കി നടന്നു.

ഉസ്‌കുതാര്‍ ജില്ലയിലെ ഐഡിയല്‍ ലേഡീസ് വിംഗിന്റെ വൈസ് പ്രസിഡന്റായിരുന്നു അമീന ഗുല്‍ബറാന്‍. അവരുടെ തന്നെ ഒരു കൂട്ടുകാരി പറയുന്നു: ''ഉയര്‍ന്ന മാനവിക ചിന്തകളുടെ ഉടമയാണ് അമീന. സഹന ശക്തിയും വൈകാരിക നിമിഷങ്ങളില്‍ സ്വയം നിയന്ത്രിക്കാന്‍ ശേഷിയുമുള്ള മഹതി. വളരെ മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു അവര്‍.''

അവര്‍ കരുതിവെച്ച ദിനം വന്നെത്തി. 1978 ജൂലൈ നാലിന് അമീന ഉര്‍ദുഗാന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ഈ ദമ്പതികള്‍ക്ക് നാല് മക്കള്‍: അഹ്മദ് ബുറാഖ്, നജ്മുദ്ദീന്‍ ബിലാല്‍, ഇസ്‌റ, സുമയ്യ. ഉര്‍ദുഗാന്റെ വിവാഹാഭ്യര്‍ഥന സ്വീകരിച്ചപ്പോള്‍ അമീനക്കറിയാമായിരുന്നു, ആരെയാണ് വിവാഹം കഴിക്കുന്നതെന്നും, എന്തിന്റെ പേരിലാണെന്നും. അവര്‍ ഒരിക്കല്‍ പറഞ്ഞു: ''വിവാഹിതയാകാനും മാതാവാകാനും ഏതൊരു പെണ്ണും ആഗ്രഹിക്കും. അതോടൊപ്പം ഭര്‍ത്താവിന്റെ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും മറ്റും ഭാഗഭാക്കാകാനും കൂടി ഞാനാഗ്രഹിച്ചു. അത്തരമൊരാളെ ഭര്‍ത്താവായി ലഭിക്കാന്‍ ഞാനെന്നും പ്രാര്‍ഥിക്കാറുണ്ടായിരുന്നു.''

രാഷ്ട്രീയ ജീവിതത്തിലെ തിരക്കിനിടയില്‍ മക്കളുടെ കാര്യങ്ങളും കുടുംബകാര്യങ്ങളുമൊക്കെ നോക്കി നടത്തേണ്ടത് അമീനയുടെ ബാധ്യതയായി. ഇസ്താംബൂള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വനിതാ വിഭാഗത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്ന സീബാല്‍ അര്‍സല പറയുന്നു: ''ഉര്‍ദുഗാന്‍ ജയിലിലടക്കപ്പെട്ടപ്പോള്‍ എല്ലാ കാര്യങ്ങളും അമീന സ്വന്തമായി നടത്തി. ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് ഒരു യോഗം വിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. അമീന പ്രസംഗിക്കുന്നുണ്ടെന്നറിഞ്ഞ പ്രവര്‍ത്തകരൊന്നടങ്കം ഓഡിറ്റോറിയത്തിലേക്ക് ഒഴുകി. പ്രവര്‍ത്തകരാകെ വിക്ഷുബ്ധരായി നില്‍ക്കുമ്പോള്‍ അമീന പ്രസംഗത്തില്‍ പറഞ്ഞു: 'ഈ ദിനങ്ങളിങ്ങനെ കടന്ന് പോയാലും നമ്മളാഗ്രഹിക്കുന്ന ദിനങ്ങള്‍ തീര്‍ച്ചയായും വരിക തന്നെ ചെയ്യും.' അപാരമായ വിശ്വാസവും, കരുത്തും ദൃഢപ്രതിജ്ഞയുമുള്ള അവരുടെ വാക്കുകള്‍ കേട്ടപ്പോള്‍ പ്രവര്‍ത്തകര്‍ സംയമനം കൈക്കൊണ്ടു. ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വളരെ മുന്‍പന്തിയില്‍ നിന്നിരുന്ന അവരെക്കുറിച്ച് വെറുമൊരു നേതാവിന്റെ ഭാര്യയെന്ന് എനിക്ക് പറയാന്‍ കഴിയില്ല. നേതൃപാടവവും സവിശേഷ ഗുണങ്ങളുമുള്ള മഹതിയാണവര്‍.''

*****

തുര്‍ക്കി ചരിത്രകാരന്‍ ജസ്മി യോര്‍ട്ട് ഉര്‍ദുഗാന്റെ കുടുംബ പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞത്, ഉസ്മാനിയാ ചരിത്ര രേഖകള്‍ പ്രകാരം അത് പതിനേഴാം നൂറ്റാണ്ട് വരെ നീണ്ടുകിടക്കുന്നുണ്ടെന്നാണ്. രീസ ജില്ലയിലെ ദോമന്‍ കലിയ എന്ന ഗ്രാമത്തിന്റെ പിതാവ് ബാഖാത്ത് ഒഗ്‌ലു അദ്ദേഹത്തിന്റെ പിതാമഹന്മാരില്‍ പെടുന്നു. അതിക്രമങ്ങളെ ചെറുത്ത് തോല്‍പിച്ച വിപ്ലവ വീര്യം കൊണ്ട് അറിയപ്പെട്ടയാളാണ് ബാഖാത്ത്. ആ പരമ്പരയില്‍ മറ്റൊരു പിതാമഹന്റെ പേരാണ് ത്വയ്യൂബ്. ഗ്രാമത്തിലെ വഖഫ് സ്വത്തുക്കള്‍ കൈയേറുന്നതിനെ തടഞ്ഞ അദ്ദേഹം പള്ളിയില്‍ നമസ്‌കരിച്ചുകൊണ്ടിരിക്കെ കുത്തേറ്റ് മരിച്ചു. ഉര്‍ദുഗാന്റെ പിതാക്കന്മാരെല്ലാം ഖാസിം പാഷയെന്ന പ്രദേശത്തിന്റെ സദ്ഗുണങ്ങള്‍ ആവാഹിച്ചവരാണ്.

ഖാസിംപാഷയില്‍ ജീവിച്ച ഉര്‍ദുഗാന് അവിടത്തുകാര്‍ക്ക് പൊതുവേയില്ലാത്ത പല ഗുണങ്ങളുമുള്ളത് കൊണ്ട് തുര്‍ക്കി ജനത അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അംഗീകരിക്കുക തന്നെ ചെയ്തു. ധീരതയും പൗരുഷവും അദ്ദേഹത്തിന്റെ കിരീടമായിട്ടാണവര്‍ കണ്ടത്. വിശ്വാസാദര്‍ശങ്ങളില്‍ അടിയുറച്ച് നിന്നപ്പോള്‍ സത്യത്തെയും മൂല്യങ്ങളെയും വിധിക്കു മുകളില്‍ അദ്ദേഹം പ്രതിഷ്ഠിച്ചു. ആള്‍ക്കൂട്ടത്തില്‍നിന്ന് വേറിട്ട് നില്‍ക്കാന്‍ വിശ്വാസം അദ്ദേഹത്തെ സമ്മതിച്ചില്ല. ജനാസ നമസ്‌കാരം കഴിഞ്ഞ് ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ആദ്യമെത്തുക ഉര്‍ദുഗാനായിരിക്കും. മയ്യത്ത് കട്ടില്‍ ചുമലിലേറ്റി നടക്കുന്ന അദ്ദേഹത്തെ കാണുമ്പോള്‍ ആളുകള്‍ക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയാത്തപോലെ. വലിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ വര്‍ഷങ്ങളോളം കളിച്ചു നടന്ന അദ്ദേഹം ആളുകളെ കാണിക്കാന്‍ വേണ്ടിയല്ല ഇത്തരം സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നതെന്ന് വ്യക്തം. 

സമ്പാ: സബാഹ് കോഡൂര്‍

* തുര്‍ക്കി ദേശീയ വിദ്യാര്‍ഥി സഖ്യം: നജ്മുദ്ദീന്‍ അര്‍ബകാന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക പ്രസ്ഥാനം രൂപം നല്‍കിയ സാംസ്‌കാരിക സംഘടനയാണിത്. ഇസ്‌ലാമിനെക്കുറിച്ചും തുര്‍ക്കികത്തും പുറത്തുമുള്ള ഇസ്‌ലാമിക നേതാക്കളുടെ ചിന്തകളെ കുറിച്ചും വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 131-135
എ.വൈ.ആര്‍