Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 22

മുഖദ്ദിമയുടെ സാമൂഹിക ദര്‍ശനം

ശരീഫ് തോടന്നൂര്‍ /പഠനം

         ചരിത്രകാരന്‍, ദാര്‍ശനികന്‍, സാമൂഹിക ശാസ്ത്രജ്ഞന്‍, സാമ്പത്തിക വിശാരദന്‍, അനേകം വിജ്ഞാനീയങ്ങളില്‍ അഗാധമായ വ്യുല്‍പ്പത്തി നേടിയ മഹാ പണ്ഡിതന്‍ തുടങ്ങി ഒട്ടനേകം വിശേഷണങ്ങള്‍ക്കര്‍ഹനാണ് ഇബ്‌നു ഖല്‍ദൂന്‍. ക്രി.1332 മെയ്27-ന് തുനീഷ്യയിലാണ് ഇബ്‌നു ഖല്‍ദൂന്‍ ജനിക്കുന്നത്. വലിയ്യുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ ഹസന്‍ ബിന്‍ ജാബിര്‍ ബിന്‍ മുഹമ്മദ് ബിന്‍ ഇബ്‌റാഹീം ബിന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഇബ്‌നു ഖല്‍ദൂന്‍ എന്നാണ് യഥാര്‍ഥ നാമം. തന്റെ തന്നെ ഗ്രന്ഥമായ കിതാബുല്‍ ഇബറിന്റെ ആമുഖമായി എഴുതിയ മുഖദ്ദിമ മൂലഗ്രന്ഥത്തെക്കാള്‍ പ്രശസ്തിയാര്‍ജിക്കുകയും സമൂഹശാസ്ത്രമെന്ന പുതിയ ശാസ്ത്രശാഖക്ക് അടിത്തറപാവുകയും ചെയ്തു. സോഷ്യോളജിയുടെ പിതാവായറിയപ്പെടുന്ന ഒഗസ്റ്റ് കോംറ്റെ സമൂഹശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ നിര്‍മിക്കുന്നതിനും നൂറ്റാണ്ടുകള്‍ മുമ്പെ മുഖദ്ദിമയില്‍ ഇബ്‌നു ഖല്‍ദൂന്‍ അവയെ വളരെ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. 

 ഇതര മുസ്‌ലിം ചരിത്രകാരന്മാരില്‍ നിന്ന് ഇബ്‌നു ഖല്‍ദൂന്‍ ഏറെ വ്യത്യസ്തനാകുന്നത് ചരിത്രത്തോടുള്ള അദ്ദേഹത്തിന്റെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ കാഴ്ചപ്പാടുകള്‍ മൂലമാണ്. കേവല സംഭവ വിവരണത്തിന്റെ ലാഘവത്തില്‍ നിന്നുയര്‍ന്ന് ചരിത്രത്തെ ഒരു ശാസ്ത്ര ശാഖയായി കാണാനും മൗലികമായ ചില തത്ത്വങ്ങളെയടിസ്ഥാനപ്പെടുത്തി ചരിത്രശാഖയെ സൈദ്ധാന്തികവത്കരിക്കാനും കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. യുക്ത്യാധിഷ്ഠിത വിവരണങ്ങളും ചിന്താബദ്ധമായ വിശകലനങ്ങളും അങ്ങനെ ഒരു സാമൂഹിക തത്ത്വശാസ്ത്ര ശാഖക്കു തന്നെ പ്രാരംഭം കുറിച്ചു. ചരിത്ര വായനയുടെ ശുദ്ധമായ രീതിശാസ്ത്രവും ചരിത്ര രചനയുടെ ദാര്‍ശനികമായ ഉള്ളടക്കവും എന്താണ് എന്ന് മുഖദ്ദിമയിലൂടെ അദ്ദേഹം  പറഞ്ഞു തരുന്നുണ്ട്. ചരിത്ര പാരായണത്തിന്റെ ഈ പുതുരീതിയെ മറ്റൊരു സ്വതന്ത്ര ശാസ്ത്ര ശാഖയായ സമൂഹ ശാസ്ത്ര(സോഷ്യോളജി)ത്തോടൊപ്പമാണ് അദ്ദേഹം വിശദീകരിക്കുന്നത്. നവീനവും ചിരപരിചിതമല്ലാത്ത സ്വഭാവമുള്ളതും എന്നാല്‍ അതോടൊപ്പം അഗാധമായ താല്‍പര്യമുണര്‍ത്തുന്നതെന്നുമാണ് അദ്ദേഹം സമൂഹശാസ്ത്രത്തെ കുറിച്ച് മുഖദ്ദിമയില്‍ വാചാലനാകുന്നത്. സമാനമായ മുന്‍ മാതൃകകളോ ഗവേഷണാത്മകമോ നിര്‍മാണാത്മകമോ ആയ വാര്‍പ്പു രൂപങ്ങളെയോ മുന്‍നിര്‍ത്തിയല്ല, മറിച്ച് സ്വന്തമായ അന്വേഷണത്തിന്റെയും ചിന്തയുടെയും ഗവേഷണത്തിന്റെയും പിന്‍ബലത്തിലാണ് അദ്ദേഹം പുതിയൊരു അറിവു രൂപത്തിന് ശില പാകുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. 

ജനതതിയുടെ ചരിത്ര നൈരന്തര്യത്തെ കുറിച്ചുള്ള വ്യതിരിക്തമായ ഈ ശാസ്ത്രശാഖ ഏറെ പരിഗണനയര്‍ഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ തന്നെ അഭിപ്രായമനുസരിച്ച് ചരിത്ര കഥനത്തിലെ വാസ്തവികതയെയും അവാസ്തവികതയെയും വേര്‍തിരിക്കാനും, സാധ്യതയെയും അസാധ്യതയെയും മനസ്സിലാക്കാനും മാത്രമല്ല സമൂഹ പ്രവര്‍ത്തനത്തിന്റെ ചലനാത്മകതയെ സുബദ്ധമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനും സഹായകമായ ശാസ്ത്ര ശാഖയാണ് കാലം ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ ഈ ചിന്തയാണ് 'ഇല്‍മുല്‍ ഉംറാനില്‍ ബശരി' എന്ന ശാസ്ത്ര ശാഖയുടെ നിര്‍മാണത്തിലേക്ക് നയിക്കുന്നത്. 

ഈ വിഷയത്തെ വ്യത്യസ്തമായ വീക്ഷണകോണിലൂടെയാണ് അദ്ദേഹം നോക്കിക്കാണുന്നത്. മുഴുവന്‍ സാമൂഹിക പ്രതിഭാസങ്ങളെയും പരസ്പര ശൃംഖലാ ബന്ധിതമായ പ്രവര്‍ത്തന സമുച്ചയമായി കാണുകയും അവയെ ഏറ്റവും വസ്തു നിഷ്ഠമായി തന്റെ ചിന്തക്ക് വിഷയീഭവിപ്പിക്കുകയും ചെയ്യുകയാണ് ഇബ്‌നു ഖല്‍ദൂന്‍ തന്റെ നവ ശാസ്ത്ര ശാഖയിലൂടെ ചെയ്യുന്നത്. ഒരു സമൂഹത്തിന്റെ വളര്‍ച്ചയുടെ പ്രാരംഭ ദശയും അതിന്റെ നാടോടി കാലഘട്ടവുമടക്കം സംഘടിതമായ ഒരു സമൂഹ വ്യവസ്ഥിതിയോ വ്യവസ്ഥാപിത രാഷ്ട്രമോ ആകുന്നത് വരെയുള്ള വിവിധ പരിണാമ ദശകളെയും,  അവയുടെ സ്വഭാവ രൂപീകരണത്തിന്റെയും കൈമാറ്റത്തിന്റെയും വൈവിധ്യമാര്‍ന്ന തലങ്ങളെയും വളരെ കൃത്യവും വസ്തുനിഷ്ഠവുമായാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. ഒരു ദേശരാഷ്ട്രത്തിന്റെയോ സമൂഹത്തിന്റെയോ സ്വഭാവം, അത് നിര്‍മിതമായിരിക്കുന്ന ഘടകങ്ങള്‍, സംഘടനാ പരമായ സവിശേഷതകള്‍ തുടങ്ങിയ മൂലഘടകങ്ങള്‍ വൈയക്തിക, പൊതു ജീവിതത്തിലനുഭവിക്കുന്ന പരിതസ്ഥിതികള്‍, സമൂഹ സംരക്ഷണത്തിന്റെ അവശ്യ ഘടകങ്ങള്‍, തകര്‍ച്ചയുടെ അടയാളങ്ങള്‍, കാരണങ്ങള്‍ തുടങ്ങി സമൂഹ രൂപീകരണത്തിന്റെ വിവിധ തലങ്ങളെയാണ് ഇബ്‌നു ഖല്‍ദൂന്‍ ചര്‍ച്ചക്ക് വിധേയമാക്കുന്നത്. മുഖദ്ദിമയില്‍ തന്റെ പഠന വിഷയത്തെ ആറ് പ്രധാന ഭാഗങ്ങളായി തിരിക്കുന്നുണ്ട്. 

1. പൊതു മനുഷ്യസമൂഹം, വിഭാഗങ്ങള്‍, നിര്‍വഹണങ്ങള്‍ 

2- നാടോടി സമുദായങ്ങള്‍, ഗോത്ര അപരിഷ്‌കൃത രാഷ്ട്രങ്ങള്‍

3- രാഷ്ട്രങ്ങള്‍, ഖിലാഫത്ത്, പരമാധികാര രാഷ്ട്രങ്ങള്‍, രാജ വാഴ്ചകള്‍ 

4. ഉപജീവന മാര്‍ഗങ്ങള്‍

5. വൈജ്ഞാനിക മേഖലയോടുള്ള സമീപനം 

സമൂഹ ശാസ്ത്രം എങ്ങനെയായിരിക്കണമെന്നുള്ള ഇബ്‌നു ഖല്‍ദൂന്റെ ചിന്തകളെ ഈ വര്‍ഗീകരണം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. മുഖദ്ദിമയില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വ്യാപ്തിയും അഗാധതയും വസ്തുനിഷ്ഠതയും അദ്ദേഹത്തിന്റെ വരിഷ്ഠമായ ചിന്താശക്തിയെയും അത്യപൂര്‍വമായ അനുഭവത്തികവിനെയുമാണ് സാക്ഷ്യപ്പെടുത്തുന്നത്. സര്‍വ്വ തലസ്പര്‍ശിയായ ഒരു ഗവേഷണത്തിന്റെ അനുസ്യൂതമായ നൈരന്തര്യം ഈ കൃതിയിലുടനീളം ദൃശ്യമാണ്. 

മുഖദ്ദിമയില്‍ അദ്ദേഹം വിശകലനം ചെയ്യുന്ന സമൂഹ ശാസ്ത്രത്തിന്റെ സ്വഭാവവിശേഷങ്ങളെയാണ് നാമിവിടെ പഠന വിധേയമാക്കുന്നത്. ചരിത്രത്തിന്റെ വൈവിധ്യമാര്‍ന്ന മാനങ്ങളെയും അതുള്‍ക്കൊള്ളുന്ന മൂല്യങ്ങളെയും ധാരണപ്പിശക് കൊണ്ടോ, സ്വയം ബോധ്യത്തോടെ പക്ഷപാത പ്രേരിതമായോ ചരിത്രകാരന്മാര്‍ക്ക് സംഭവിക്കുന്ന ചരിത്രപരമായ അസംബന്ധങ്ങളെ കുറിച്ച് പ്രതിപാദിച്ചു കൊണ്ടാണ് മുഖദ്ദിമയുടെ ആദ്യ ഭാഗം ആരംഭിക്കുന്നത്. ചരിത്ര രചനയില്‍ സംഭവിക്കുന്ന ഇത്തരം അസംഗത പരാമര്‍ശങ്ങള്‍ സോദാഹരണം ഇബ്‌നു ഖല്‍ദൂന്‍ വിശദീകരിക്കുന്നുണ്ട്. സമകാലീനരും പൂര്‍വികരുമായ പല ചരിത്രകാരന്മാര്‍ക്കു നേരെയും രൂക്ഷവിമര്‍ശനം നടത്തുകയും തന്റെ ശാസ്ത്രീയമായ കണ്ടെത്തലുകള്‍ സമൂഹത്തിനു സമര്‍പ്പിക്കുകയും ചെയ്ത അദ്ദേഹം സമൂഹ ശാസ്ത്രത്തിന്റെ സഹായത്തോടെ നിര്‍മ്മിക്കപ്പെടുന്ന കണിശമായ നിയമങ്ങളുടെ ചട്ടക്കൂട്ടില്‍ നിന്നായിരിക്കണം ചരിത്ര നിര്‍മ്മിതി നടത്തേണ്ടത് എന്ന് സിദ്ധാന്തിച്ചു. തൊട്ടുടനെയാണ്  താന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്ര ശാഖയെ പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് സമൂഹ ശാസ്ത്രത്തിന്റെ സ്വഭാവം, ആവശ്യകത, പ്രകൃതിപരമായ കാലാവസ്ഥകള്‍ക്കും പരിതസ്ഥിതികള്‍ക്കും സമൂഹ രൂപീകരണത്തിലുള്ള പങ്ക് തുടങ്ങിയ വിഷയങ്ങളെ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു. അന്ന് നിലനില്‍ക്കുന്ന ഭൂമിശാസ്ത്രപരമായ ഘടനയെ അടിസ്ഥാനപ്പെടുത്തിയാണ്  വിശദീകരണം. 

രണ്ടാം അധ്യായം നാടോടി, ബദൂവിയന്‍ സമൂഹത്തിലൂടെയും അവയുടെ പൊതു സ്വഭാവ സവിശേഷതകളിലൂടെയുമാണ് കടന്നു പോകുന്നത്. തുടര്‍ന്ന് നഗരവത്കൃത സമൂഹവുമായി അവയെ താതതമ്യപ്പെടുത്തുന്നു. ഇവിടെയാണ് തന്റെ വിശ്രുത സമൂഹ ശാസ്ത്രസംജ്ഞയായ അസ്വബിയ്യയെ അദ്ദേഹം പരിചയപ്പെടുത്തുന്നത്. കുടുംബത്തിന്റെയോ സമാനമായ രാഷ്ട്രീയ സ്ഥാപനങ്ങളുടെയോ രാഷ്ട്രീയ ശക്തിയെയും സ്വാധീനത്തെയുമാണ് അസ്വബിയ്യ പ്രതിനിധാനം ചെയ്യുന്നത്. ഇതാണ് ഒരു സമൂഹത്തില്‍ അധികാരത്തിന്റെയും ശക്തിയുടെയും കേന്ദ്രവും ബദൂവിയന്‍ സമൂഹത്തില്‍ രാഷ്ട്രവും.  ഖല്‍ദൂനിയന്‍ സിദ്ധാന്തമനുസരിച്ച് ഇത് നാല് തലമുറകള്‍ വരെ തുടരും, ഒരു പക്ഷെ, അഞ്ചോ ആറോ തലമുറകള്‍ വരെ നീളുമെങ്കിലും അത് കടുത്ത പ്രതിസന്ധിയിലും തകര്‍ച്ചയിലുമായിരിക്കും. ക്രമേണ ആ കുടുംബത്തില്‍ നിന്ന് അധികാരം നഷ്ടപ്പെടുകയും ശക്തിയും പ്രതാപവുമുള്ള മറ്റൊരു കുടുംബത്തില്‍ അല്ലെങ്കില്‍ അധികാരി കുടുംബത്തില്‍ അത് കേന്ദ്രിതമാവുകയും ചെയ്യും. അസ്വബിയ്യയുടെ ലക്ഷ്യം പരമാധികാരമാണ്. പരമാധികാരത്തിന്റെ സ്വഭാവവും, പ്രാദേശികവും ചരിത്രപരവുമായ അതിന്റെ വ്യതിയാനങ്ങളും അധിനിവിഷ്ടരുടെ മേല്‍ അധിനിവേശകരുടെ സ്വാധീനവുമെല്ലാം അദ്ദേഹം പഠനവിധേയമാക്കുന്നുണ്ട്. 

അറബികളെ കടുത്ത വിമര്‍ശനത്തിനു വിധേയമാക്കുന്നുണ്ട് ഇബ്‌നു ഖല്‍ദൂന്‍. അദ്ദേഹം നല്‍കുന്ന വിശദീകരണമനുസരിച്ച്, അറബികള്‍ അപരിഷ്‌കൃതരും അവര്‍ നേടിയെടുത്ത രാഷ്ട്രീയ വിജയങ്ങള്‍ നാശഹേതുകവുമായിരുന്നു. മാത്രവുമല്ല, എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയുന്ന രാഷ്ട്രങ്ങളെ മാത്രമേ അവര്‍ക്ക് കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളു. കീഴടക്കിയ രാജ്യങ്ങള്‍ തന്നെ രചനാത്മകമായി പുനര്‍നിര്‍മിക്കാനോ പഴയ പ്രതാപത്തിന്റെ തണലില്‍ നിലനിര്‍ത്താനോ അവര്‍ക്ക് കഴിഞ്ഞില്ല. അനുസരണ രാഹിത്യം, പ്രാകൃത സ്വഭാവ ദൂഷ്യങ്ങള്‍ തുടങ്ങിയ സഹജമായ ഗോത്ര സ്വഭാവങ്ങള്‍ കാരണമാണ് ഇത്  സംഭവിച്ചിരിക്കുന്നതെന്നും ഇബ്‌നു ഖല്‍ദൂന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അറബികളെ കുറിച്ചുള്ള ഇത്തരം വിമര്‍ശനങ്ങളുടെ ചരിത്രപരവും സാന്ദര്‍ഭികവുമായ കാരണങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. 20-ാം നൂറ്റാണ്ടിലെ പ്രമുഖ ഈജിപ്ഷ്യന്‍ ചരിത്രകാരനായ മുഹമ്മദ് അബ്ദുല്ലാ ഇനാന്‍, തന്റെ ഇബ്‌നു ഖല്‍ദൂന്‍ ഹിസ് ലൈഫ് ആന്റ് വര്‍ക്‌സ് എന്ന പുസ്തകത്തില്‍ ഈ വിമര്‍ശനങ്ങളെ വിവരിക്കുന്നുണ്ട്. 

വിമര്‍ശനങ്ങളും പ്രതിവിമര്‍ശനങ്ങളും എന്തു തന്നെയായാലും ഇബ്‌നു ഖല്‍ദൂന്റെ ശാസ്ത്രാധിഷ്ഠിതവും ദേശീയാധിഷ്ഠിതവുമായ കാഴ്ചപ്പാടുകളാണ് ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നത്. അറബികള്‍ക്കെതിരെ കേവല ആരോപണങ്ങളുന്നയിക്കുക എന്നതിലുപരി, ചരിത്രപരമായും സൈദ്ധാന്തികമായും അവ തെളിയിക്കാനുള്ള മുഴുവന്‍ ആയുധവും ഉപയോഗിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. പരമ്പരാഗതവും അശാസ്ത്രീയവുമായ ചരിത്രവായനയെ പ്രായോഗികമായി നിരാകരിക്കുകയാണ് അദ്ദേഹമിവിടെ ചെയ്യുന്നത്. വളരെ ശ്രദ്ധേയമായ മറ്റൊരു വസ്തുത, ദേശീയ ബോധത്തിന്റെ വ്യതിരിക്തമായ ഭൂമികയില്‍ നിന്നു കൊണ്ടായിരുന്നു അദ്ദേഹം തന്റെ നിരീക്ഷണങ്ങളൊക്കെ രൂപപ്പെടുത്തിയത് എന്നതാണ്. തന്റെ ബര്‍ബേറിയന്‍ പിതൃപാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന അറബികളോടുള്ള ഗുപ്തമായ നിഷേധാത്മക നിലപാടുകള്‍ ഇവിടെ സ്പഷ്ടമാണ്. 

മൂന്നാം അധ്യായത്തില്‍ രാഷ്ട്രം, പരമാധികാരം തുടങ്ങിയ സങ്കല്‍പങ്ങളെയാണ് ഇബ്‌നു ഖല്‍ദൂന്‍ പഠനവിധേയമാക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രം നിലവില്‍ വരുന്നത് ഗോത്രോത്ഭവമായ ശക്തിയിലൂടെയും തജ്ജന്യമായ അസ്വബീ ബോധത്തിലൂടെയുമാണ്. നിയന്ത്രകന്റെ സ്വഭാവ വൈജാത്യമനുസരിച്ച് അവയുടെ രൂപക്രമത്തിലും മാറ്റങ്ങളുണ്ടായിരിക്കും. ഭരണക്രമത്തില്‍ മത തത്ത്വശാസ്ത്രങ്ങള്‍ക്ക് അതിന്റേതായ സ്വാധീനമുണ്ടാകാം. അവിടെയും അസ്വബിയ്യ ഒരു അവശ്യ ഘടകം തന്നെയായിരിക്കും. പരമാധികാരത്തിനും രാഷ്ട്ര സങ്കല്‍പത്തെപ്പോലെ ചില സ്വഭാവഘടകങ്ങളുണ്ട്.   മഹത്വം, ആഡംബരം, സൗഖ്യം തുടങ്ങിയ വിശേഷണങ്ങളുടെ കുത്തകവല്‍ക്കരണമാണ് പരമാധികാര രാഷ്ട്രത്തെ താങ്ങി നിര്‍ത്തുന്നത്. ഇവയുടെ അഭാവം രാഷ്ട്രത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. 

 ഇബ്‌നു ഖല്‍ദൂന്റെ സ്റ്റേറ്റ് സംബന്ധമായ കൗതുകമുണര്‍ത്തുന്ന നിരീക്ഷണങ്ങള്‍ അവയുടെ പ്രായവുമായി ബന്ധപ്പെട്ടാണ്. ഖല്‍ദൂനിയന്‍ രാഷ്ട്രീയ സിദ്ധാന്തമനുസരിച്ച് ഒരു വ്യക്തിയെപ്പോലെ ഒരു രാഷ്ട്രത്തിനും പ്രായപരിധിയുണ്ട്. ഉദയം, യുവത്വം, വാര്‍ദ്ധക്യം, തകര്‍ച്ച എന്നീ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു രാഷ്ട്ര സ്ഥാപനം മൂന്നു തലമുറകള്‍ വരെ നിലനില്‍ക്കുന്നതാണ്. ഇതില്‍ നാല്‍പത് വര്‍ഷമായിരിക്കും ഓരോ ഘട്ടങ്ങളുടെയും കാലാവധി. ഇബ്‌നു ഖല്‍ദൂന്റെ ചിന്താപരമായ പ്രാഗത്ഭ്യത്തിന്റെയും ചരിത്ര നിരീക്ഷണ പാടവത്തിന്റെയും വ്യക്തമായ നിദര്‍ശനമായി രൂപാന്തരപ്പെടുന്ന സ്റ്റേറ്റ് പരമാധികാരം സംബന്ധിച്ച അദ്ദേഹത്തിന്റെ ഈ അധ്യായം ഏറെക്കുറെ ദീര്‍ഘിച്ചതാണ്.

 പിന്നീട് അദ്ദേഹം ചര്‍ച്ച ചെയ്യുന്നത് രാഷ്ട്രത്തിന്റെ നാടോടി രൂപത്തില്‍ നിന്ന് സംസ്‌കൃത സ്വഭാവത്തിലേക്കുള്ള വ്യതിയാനത്തിന്റെ വിവിധ ഘട്ടങ്ങളെയാണ്. പരമാധികാരത്തിന്റെ വിവിധ ഭാവങ്ങള്‍, ഇമാമത്ത്, ഖിലാഫത്ത്, ശീഈ രാഷ്ട്രീയ സങ്കല്‍പങ്ങള്‍, ഖിലാഫത്തില്‍ നിന്നും രാജവാഴ്ചയിലേക്കുള്ള മാറ്റം, ഖിലാഫത്തിന്റെ മര്യാദകള്‍, നീതിന്യായ സ്ഥാപനങ്ങളുടെ വിവിധ രൂപങ്ങള്‍, രാജഭരണത്തിനു കീഴിലുള്ള രാഷ്ട്രീയ സ്ഥാപനങ്ങള്‍, മന്ത്രി സഭ, ഗവണ്‍മെന്റ് ഓഫീസുകള്‍, കരം പിരിവ്, പോലീസ്, യുദ്ധരീതികള്‍, സാമ്പത്തിക ഘടനകള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. സംസ്‌കാരത്തിന്റെയും രാഷ്ട്രീയത്തിന്റെ തന്നെയും തകര്‍ച്ചക്ക് കാരണമാകുന്ന അനീതി, അസമത്വം എന്നിവയെ കുറിച്ച് സംസാരിച്ചാണ് ഈ അധ്യായം അവസാനിപ്പിക്കുന്നത്.

തുടര്‍ന്ന് നാലാം അധ്യായത്തില്‍ രാജ്യങ്ങള്‍, പട്ടണങ്ങള്‍, അവയുടെ രൂപീകരണം, സ്വഭാവങ്ങള്‍, പുരോഗതി, സമൃദ്ധി, ദാരിദ്ര്യം തുടങ്ങിയവയും രാഷ്ട്രങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഉല്‍പന്നാധിഷ്ഠിതവും ഭാഷാധിഷ്ഠിതവുമായ അന്തര്‍ദേശീയ ബന്ധങ്ങളെയുമാണ് പ്രതിപാദിക്കുന്നത്. 

അഞ്ചാം അധ്യായത്തില്‍ ഇബ്‌നു ഖല്‍ദൂന്‍ വ്യാവസായികവും കച്ചവടപരവുമായ കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഉപജീവന മാര്‍ഗങ്ങള്‍, വാണിജ്യം, ചോദനയും വിതരണവും, കുത്തകവല്‍ക്കരണം, വില തുടങ്ങി ഇതുമായി ബന്ധപ്പെട്ടവ ഈ അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നു. അടിസ്ഥാന തൊഴിലുകളായി ഗണിക്കപ്പെടുന്ന കാര്‍ഷിക വൃത്തി, നിര്‍മാണം, തയ്യല്‍, വൈദ്യം തുടങ്ങിയവക്ക് ഒരു പ്രത്യേക ഭാഗം തന്നെ ഇബ്‌നു ഖല്‍ദൂന്‍ മാറ്റിവെക്കുന്നുണ്ട്. ആറാം അധ്യായം ശാസ്ത്രത്തിനും മറ്റു വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് അദ്ദേഹം സമര്‍പ്പിക്കുന്നത്. നാഗരികതയുടെ ഏറ്റവും വലിയ സവിശേഷതയാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം. മത സാമൂഹിക ശാസ്ത്രങ്ങളെ കുറിച്ച് വിശദമായൊരു പഠനം അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്.  തത്ത്വശാസ്ത്രത്തെയും തത്വാചാര്യന്മാരെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് എന്നതാണ് ഏറെ രസകരമായ വസ്തുത. അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ തത്ത്വശാസ്ത്രം ഉപയോഗ ശൂന്യമായ വിജ്ഞാനമാണെന്നു മാത്രമല്ല, മതത്തിനും സമൂഹത്തിനും ഭീഷണി പോലുമാണ്. വിദ്യാഭ്യാസം, പണ്ഡിതരുടെ സ്വഭാവ ഗുണങ്ങള്‍, ധര്‍മ്മങ്ങള്‍ എന്നിവയിലൂടെ പുരോഗമിക്കുന്ന ഈ അധ്യായം ഫിലോളജി, തര്‍ക്കശാസ്ത്രം, ഛന്ദശ് ശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകള്‍ സ്പര്‍ശിച്ച് അവസാനിക്കുന്നു.

മുഖദ്ദിമയില്‍ ഇബ്‌നു ഖല്‍ദൂന്‍ സമര്‍പ്പിക്കുന്ന സമൂഹ ശാസ്ത്ര ദര്‍ശനത്തിന്റെ തനിമയും ഗരിമയും കൃത്യമായി ബോധ്യപ്പെടണമെങ്കില്‍ ഉപരി സൂചിത വൈജ്ഞാനിക മേഖലയില്‍ മുഖദ്ദിമക്ക് മുമ്പ് വിരചിതമായ ഗവേഷണ, പഠന, രചനകളെ കുറിച്ചും അവ അതത് സമൂഹങ്ങള്‍ക്കിടയില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും പഠിക്കേണ്ടിവരും. ഇബ്‌നു ഖല്‍ദൂന്റെ തന്നെ അവകാശവാദമനുസരിച്ച് അദ്ദേഹം നിര്‍മിച്ചെടുത്ത ഈ വൈജ്ഞാനിക ശാഖ നവീനവും സ്വയപ്രചോദിതവുമാണ്. ഏതെങ്കിലും മുന്‍കാല പണ്ഡിതര്‍ രൂപീകരിച്ച വൈജ്ഞാനിക സിദ്ധാന്തങ്ങളുടെ വിപുലീകരണമോ അവയുടെ കൂട്ടെഴുത്തോ ആയി തന്റെ ചിന്തകളെ കാണാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.  ഈ വസ്തുതയുടെ ചരിത്രപരവും വസ്തുനിഷ്ഠവുമായ അപഗ്രഥനമാണ് മുഖദ്ദിമയുടെ ഔന്നത്യത്തെ കൂടി നിര്‍ണയിക്കുന്നത്. ഇബ്‌നു ഖല്‍ദൂന് മുമ്പ് സമൂഹത്തെ വിശാലാര്‍ത്ഥത്തില്‍ അപഗ്രഥിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന പഠനങ്ങളെ കണ്ടെത്തുക സാധ്യമല്ലെങ്കിലും അതുമായി ചെറിയ രീതിയില്‍ ബന്ധപ്പെടുന്ന രചനകള്‍ കണ്ടെത്താന്‍ കഴിയും. 

ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ തന്നെ രാഷ്ട്രീയത്തെ ഒരു പ്രത്യേക മേഖലയാക്കി മാറ്റി നിര്‍ത്തി പഠനവിധേയമാക്കുന്ന ഒരു പ്രവണത നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതു പക്ഷെ, കേവലം രാജാവിന്റെ ബാധ്യതകളെ കുറിച്ചും കര്‍ത്തവ്യ നിര്‍വ്വഹണത്തെ കുറിച്ചും മന്ത്രിമാര്‍, അമീറുമാര്‍, വിവിധ ഡിപാര്‍ട്ടുമെന്റുകള്‍ തുടങ്ങിയവയുടെ അധികാര പരിധികളെ കുറിച്ചുമുള്ള വിവരണങ്ങളിലൊതുങ്ങുന്നു. ഇവ്വിഷയകമായി ഏറ്റവും പുരാതന ഗ്രന്ഥമായി കണ്ടെത്തപ്പെട്ടത് ഇബ്‌നു ഖുതൈബയുടെ ഉയൂനുല്‍ അക്ബര്‍ എന്ന ഗ്രന്ഥമാണ്. അതിലദ്ദേഹം കിതാബുസ്വല്‍ത്താന്‍ എന്ന പ്രത്യേക അധ്യായം തന്നെ മാറ്റി വെക്കുന്നുണ്ട്. പേര്‍ഷ്യന്‍, ഭാരതീയ ചരിത്ര പരാമര്‍ശങ്ങളെയും ഇബ്‌നു ഖൂതൈബ ഇതില്‍ കൂട്ടുപിടിക്കുന്നുണ്ട്. ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ജീവിച്ച അബൂനസ്ര്‍ അല്‍ ഫാറാബിയുടെ ആറാഉ അഹ്‌ലില്‍ മദീനത്തില്‍ ഫദീല ( ദി പ്രിന്‍സിപ്പിള്‍ ഓഫ് ദി കമ്യൂണിറ്റി ഓഫ് ദി ഐഡിയല്‍ സ്റ്റേറ്റ്) യാണ് ഇവ്വിഷയ സംബന്ധിയായി വന്ന മറ്റൊരു പ്രധാന രചന. ഇതില്‍ സമൂഹത്തെ വളരെ ദാര്‍ശനികമായി സമീപിക്കുന്നു ഫാറാബി. പക്ഷേ, ഇബ്‌നു ഖല്‍ദൂന്റെ കണിശമായ ചരിത്രബോധം ഈ രചനയില്‍ ദീക്ഷിച്ചതായി കാണുന്നില്ല. നാലാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് നിലനിന്നിരുന്ന ദാര്‍ശനിക കൂട്ടായ്മയായ 'ഇഖ്‌വാനുസ്സ്വഫാ'യുടെ റസാഇലു ഇഖ്‌വാനിസ്സ്വഫായില്‍ സമൂഹ സംബന്ധിയായി വിജ്ഞാനത്തിന്റെ കാതലായ ചില വശങ്ങള്‍ കണ്ടെത്താന്‍ കഴിയും. രാഷ്ട്രീയത്തെ തനതായ ശാസ്ത്ര ശാഖയായി കാണുകയും അവയെ  പ്രവാചക പ്രോക്തം, രാജകീയം, പൊതു, സ്വകാര്യം, വൈയക്തികം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളാക്കിത്തിരിക്കുകയും അവയോരോന്നിനെയും വിശദമായി വിശകലനം ചെയ്യുകയും ചെയ്യുന്ന വളരെ പുരോഗമനപരമായ വൈജ്ഞാനിക ധാരയെ റസാഇലില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. 

മറ്റൊരു രചനയാണ് അബുല്‍ ഹസനില്‍ മാവര്‍ദിയുടെ കിതാബുല്‍ അഹ്കാമി സ്സ്വുല്‍ത്വാനിയ്യ. സുല്‍ത്വന്‍, മന്ത്രി സഭ, ഭൂനികുതി, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയ അടിസ്ഥാന രാഷ്ട്രീയ ഘടകങ്ങളെ കുറിച്ച ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ട്. പ്രമുഖ സ്പാനിഷ് പണ്ഡിതനായിരുന്ന അബൂബക്ര്‍ അത്തിര്‍തുഷിയുടെ സിറാജുല്‍ മുലൂക് ആണ് ഈയിനത്തില്‍ പ്രഗല്‍ഭമായ മറ്റൊരു ഗ്രന്ഥം. പ്രമുഖ ഇസ്‌ലാമിക ദാര്‍ശനികനായ അബൂ ഹാമിദില്‍ ഗസാലിയുടെ അത്തിബ്‌റുല്‍ മസ്ബൂക്ക് ഫീ നസ്വീഹത്തില്‍ മുലൂക്ക്, എട്ടാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ധത്തില്‍ ജീവിച്ച അല്‍ തിഖ്തഖിയുടെ അല്‍ അഫ്ക്കാര്‍ ഫില്‍ ആദാബി സ്സ്വൂല്‍ത്താനിയ്യ വ ദ്ദുവല്‍ അല്‍ ഇസ്‌ലാമിയ്യ തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായി വന്ന പ്രധാന രചനകളാണ്. 

ഇബ്‌നു ഖല്‍ദൂന്റെ ചിന്തയുടെ തനിമയും ദാര്‍ശനിക ഗാംഭീര്യവും മനസ്സിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ മുന്‍ഗാമികളുടെ ഈദൃശ രചനകള്‍ പരിശോധിച്ചാല്‍ മതിയാകും. ഇതില്‍ നിന്നൊക്കെ മുഖദ്ദിമ വ്യത്യസ്തമാകുന്നത് അതു മുന്നോട്ട് വെക്കുന്ന സമൂഹ ദര്‍ശനം കൊണ്ടും ചരിത്രപരമായ വസ്തുനിഷ്ഠത കൊണ്ടുമാണ്. 

 

Reference

1. muqaddimath ibni qaldun ( arabic text)

2. ibnu qaldun his life and works, muhammad abdullah enan.  the other books kolalampur.

3. ibnu qaldun's philosophy of history by muhsin mahdi. the other books kolalampur. 

4. ibnu qaldun, historian, sociologist and philosopher  by schimidit ( new york 1930)

5. മുഖദ്ദിമ:  മാനുഷിക ചരിത്രത്തിനൊരാമുഖം, മുട്ടാണിശ്ശേരി കോയാക്കുട്ടി മൗലവി. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 131-135
എ.വൈ.ആര്‍