Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 22

എന്തുകൊണ്ട് മന്ത്രവാദക്കൊലകള്‍?

         ബഹുദൈവാരാധനക്കും ദൈവനിഷേധത്തിനും സമാനമായ പാപമാണ് ഇസ്‌ലാമിക ദൃഷ്ട്യാ സിഹ്‌റ്-ആഭിചാരം. മൂന്നിനെയും സമാനമാക്കുന്ന ഘടകം തൗഹീദിനു വിരുദ്ധമായി മൂന്നിലുമുള്ള വിഗ്രഹാരാധനാപരമായ വിശ്വാസവും ആചാരങ്ങളുമാണ്. ദൈവത്തിന്റെ സൃഷ്ടികളെ ദൈവത്തിന്റെ പങ്കാളികളും ദിവ്യശക്തികള്‍ക്കവകാശികളുമായി വിശ്വസിച്ച് അവയുടെ പുരോഹിതരും പൂജാരികളും പ്രചരിപ്പിക്കുന്ന മിഥ്യാ ദര്‍ശനങ്ങളും അനാചാരങ്ങളും പിന്തുടരുകയാണ് ശിര്‍ക്ക്-ബഹുദൈവത്വം. ദൈവനിഷേധി തന്നെത്തന്നെ ദൈവമാക്കി തന്നിഷ്ടങ്ങളെ സത്യവും ധര്‍മവുമായി ആചരിക്കുന്നു. ദൈവത്തിനു പുറമേ, ജിന്ന്, റൂഹാനി, ഗ്രഹങ്ങള്‍, ഭൂതപ്രേത രക്ഷസ്സാദി നിരവധി അഭൗമിക ശക്തികള്‍ക്ക് മനുഷ്യനെ രക്ഷിക്കാനും ശിക്ഷിക്കാനും കഴിവുണ്ടെന്നും അവയെ സേവിച്ച് ആപത് രക്ഷയും ആഗ്രഹ സാഫല്യവും നേടാനാകുമെന്നുമുള്ള വിശ്വാസവും തജ്ജന്യമായ അനുഷ്ഠാനങ്ങളുമാണ് സിഹ്‌റ്-മന്ത്രവാദം. ശത്രുസംഹാരത്തിനും പരദ്രോഹത്തിനും മറ്റുമുള്ള മന്ത്രവാദം  കൂടോത്രം, ദുര്‍മന്ത്രവാദം, സിഹ്‌റ് എന്നൊക്കെ അറിയപ്പെടുന്നു. ആപത്‌രക്ഷ, ധനലാഭം, രോഗശാന്തി, ആഗ്രഹ സാഫല്യം, മനസ്സമാധാനം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കുള്ള മന്ത്രവാദത്തിന് യജ്ഞം, പൂജ, ബാധയൊഴിപ്പിക്കല്‍, ജിന്നുസേവ, അറബിമാന്ത്രികം, ഇസ്മിന്റെ പണി എന്നിങ്ങനെ പല പേരുകളും രൂപങ്ങളുമുണ്ട്. സാക്ഷാല്‍ ദൈവമല്ലാത്ത കേവല മിഥ്യകളെ രക്ഷകരായി സങ്കല്‍പിക്കുകയും സേവിക്കുകയും ചെയ്യുന്നു എന്ന അടിസ്ഥാനത്തില്‍ എല്ലാ മന്ത്രവാദങ്ങളും ബഹുദൈവവിശ്വാസവുമായി ബന്ധപ്പെട്ടതാണ്.

വിഗ്രഹാരാധന പോലെ അസത്യവും മിഥ്യയുമായതുകൊണ്ടാണ് ഇസ്‌ലാം മന്ത്രവാദം നിഷിദ്ധമാക്കിയത്. നിഷിദ്ധമാക്കി എന്നതുതന്നെ അതിനു യാഥാര്‍ഥ്യമുണ്ടെന്നതിനു തെളിവായി പ്രചരിപ്പിക്കുന്ന വിചിത്രമായ കാഴ്ചയാണ് പില്‍ക്കാലത്തു കണ്ടത്. വിശുദ്ധ ഖുര്‍ആന്‍ വിഗ്രഹ ദൈവങ്ങളുടെ അശക്തിയും അര്‍ഥശൂന്യതയും ഇബ്‌റാഹീ(അ)മിന്റെ വിഗ്രഹഭഞ്ജനകഥയിലൂടെ വ്യക്തമാക്കിയതുപോലെ, മൂസാ നബിയും ആഭിചാരകന്മാരും തമ്മില്‍ നടന്ന മാന്ത്രിക വിദ്യാ മത്സരം വിവരിച്ചുകൊണ്ട് സിഹ്‌റിന്റെ അര്‍ഥശൂന്യതയും അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രവാദികള്‍ എവിടെ ചെന്നാലും സത്യത്തെ ജയിക്കാന്‍ പോകുന്നില്ലെന്ന് അസന്ദിഗ്ധമായി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു(20:69). എന്നിട്ടും മാരകമായ മന്ത്രവാദ വിശ്വാസം സമുദായത്തില്‍ വളര്‍ന്നുനില്‍ക്കുകയാണ്. മന്ത്രവാദത്തിന്റെ അങ്ങേയറ്റം രോഗചികിത്സാ കൊലപാതകങ്ങളാണെങ്കില്‍ ഇങ്ങേത്തല ജിന്നുകളിലും, ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായ മഹാന്മാരുടെയും സിദ്ധന്മാരുടെയും കറാമത്തിലും അനുഗ്രഹത്തിലുമുള്ള വിശ്വാസമാണ്. സമുദായത്തിലെ ഭൂരിപക്ഷ പ്രാതിനിധ്യമുള്ള മത നേതൃത്വങ്ങളുടെ മുഖ്യ ബലമാണീ വിശ്വാസം. അന്ധവിശ്വാസ കേന്ദ്രങ്ങള്‍ അവരുടെ മികച്ച വരുമാന സ്രോതസ്സുകളാണ്. മത നേതൃത്വത്തിന്റെ പുണ്യത്തിലും ബര്‍ക്കത്തിലുമുള്ള ജനവിശ്വാസത്തിന്റെ ബലത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലുമുണ്ട്. ഏതാണ്ട് എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും എല്ലാ മതവിഭാഗങ്ങളിലെയും മന്ത്രവാദികളുടെയും സിദ്ധന്മാരുടെയും ആശ്രിതരാണ്. മന്ത്രവാദ സ്ഥാനങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും മഠങ്ങളിലുമൊക്കെ ആളുകള്‍ ക്രൂരമായി കൊല്ലപ്പെടുന്നു. അതൊന്നും ചോദിക്കാനാരുമില്ല. ചോദിക്കാന്‍ മുതിരുന്നവരെ ചോദ്യം ചെയ്യാനും കേസെടുക്കാനുമാണ് സര്‍ക്കാര്‍ ഉണരുന്നത്.

ശാസ്ത്രീയമായി വൈദ്യം പഠിച്ച ഭിഷഗ്വരന് ഒരു കൈയബദ്ധം പറ്റിയാല്‍ ജനം അയാളെ കൈകാര്യം ചെയ്യുന്നു. അയാള്‍ ജോലി ചെയ്യുന്ന ആതുരാലയം തല്ലിത്തകര്‍ക്കുന്നു. പോലീസ് കേസെടുക്കുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് വെച്ച് ചികിത്സിക്കുന്നവര്‍ക്ക് അബദ്ധമൊന്നും പറ്റിയില്ലെങ്കിലും അത്തരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കും. എന്നാല്‍ സിദ്ധന്മാരുടെ വ്യാജ ചികിത്സ കൊണ്ട് രോഗം കലശലായാലോ രോഗി മരണപ്പെട്ടാലോ രോഗിയുടെ ഉറ്റവര്‍ക്കു പോലും ഒരു പരാതിയുമില്ല. കരുനാഗപ്പള്ളിയിലും പൊന്നാനിയിലും ഈയിടെ നടന്ന മന്ത്രവാദക്കൊലകള്‍ പോലീസിലെത്തിച്ചത് പുറമേ നിന്നുള്ളവരാണ്. പത്രങ്ങള്‍ സംഭവം വിശദമായി റിപ്പോര്‍ട്ട് ചെയ്തു. മുഖപ്രസംഗങ്ങളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചു. അതേ പത്രങ്ങള്‍ തന്നെ മോഹിപ്പിക്കുന്ന പരസ്യങ്ങളിലൂടെ സാമാന്യ ജനത്തെ മന്ത്രവാദ കേന്ദ്രങ്ങളിലേക്ക് ആട്ടിത്തെളിക്കുകയും ചെയ്യുന്നു. മന്ത്രവാദവും കൂടോത്രവും ഇന്റര്‍നെറ്റിലേക്കു വരെ വ്യാപിച്ചുകഴിഞ്ഞു.

ഇപ്പോള്‍ വെളിക്കു വന്നത് മന്ത്രവാദ ചികിത്സ നേരിട്ടു നടത്തിയ കൊലകളാണ്. നേരിട്ടല്ലാതെയും ധാരാളം കൊലകള്‍ നടക്കുന്നുണ്ട്; ശാസ്ത്രീയ ചികിത്സ മുടക്കുന്നതിലൂടെയും വിലക്കുന്നതിലൂടെയും. ഇതെഴുന്നയാളുടെ ഗ്രാമത്തില്‍ പലപ്പോഴായി നടന്ന മൂന്ന് സര്‍പ്പ ദംശനങ്ങള്‍ ഓര്‍ക്കുന്നു. മൂന്നു പേരെയും ആദ്യം കൊണ്ടുപോയത് അടുത്ത പ്രദേശത്തുള്ള 'ജാറ'ത്തിലേക്കാണ്. അവിടത്തെ വെള്ളം കുടിച്ചാല്‍ വിഷം താനേ ഇറങ്ങിപ്പോകുമത്രേ. ഇറങ്ങിപ്പോയത് മൂന്നു പേരുടെയും ജീവനാണെന്നു മാത്രം. അതില്‍ ഒടുവിലത്തെ കേസ് ഏറെ ദാരുണമായിരുന്നു. അസഹനീയമായ വേദനയാല്‍ 24 മണിക്കൂറോളം കിടന്നു പിടഞ്ഞ ആ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ചിലര്‍ മുതിര്‍ന്നെങ്കിലും സ്വന്തം പിതാവ് കര്‍ശനമായി വിലക്കി. 'ജാറ'ത്തിലെ വെള്ളം കുടിച്ച രോഗിയെ ഇതര ചികിത്സക്കു വിധേയമാക്കിയാല്‍ മരിച്ചുപോകുമെന്നായിരുന്നു മതപണ്ഡിതന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ വിശ്വാസം. ഒടുവില്‍ രോഗി ചക്രശ്വാസം വലിക്കാന്‍ തുടങ്ങിയപ്പോഴാണ് മകനെ ആശുപത്രിയിലേക്കെടുക്കാന്‍ പിതാവ് മനമില്ലാ മനസ്സോടെ അനുവദിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും ആ യുവാവിന്റെ ജീവന്‍ ശരീരത്തില്‍നിന്നിറങ്ങിപ്പോയിരുന്നു.

രണ്ട് യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ടിട്ടും സമുദായത്തിലെ ഭൂരിപക്ഷ മത സംഘടനകളില്‍ നിന്ന് കാര്യമായ പ്രതികരണമുണ്ടാകാതിരുന്നത് അര്‍ഥഗര്‍ഭമാണ്. മന്ത്രവാദം പോലുള്ള മതവിരുദ്ധമായ ആചാരങ്ങള്‍ക്കെതിരെ ജനകീയ ബോധവത്കരണം നടത്താനുള്ള മുസ്‌ലിം ജമാഅത്ത് കരുനാഗപ്പള്ളി താലൂക്ക് കൗണ്‍സിലിന്റെ നീക്കം ശ്ലാഘനീയമാകുന്നു. മഹാരാഷ്ട്രയില്‍ മന്ത്രവാദ തട്ടിപ്പുകള്‍ക്കെതിരെ ഏറ്റം ശക്തമായി പോരാടിയത് നാസ്തികനായ നരേന്ദ്ര ധാബോല്‍ക്കറാണ്. മന്ത്രവാദാനുകൂല ചൂഷകശക്തികള്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു. എങ്കിലും ധാബോല്‍ക്കര്‍ രൂപം നല്‍കിയ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ നിയമമാക്കാന്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് നിര്‍ബന്ധിതമായി. കേരളത്തിലും ഒരു മന്ത്രവാദ നിയന്ത്രണ നിയമം അനിവാര്യമായിരിക്കുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ഭാരതീയ യുക്തിവാദി സംഘത്തിന്റെയും നേതാക്കള്‍ അതാവശ്യപ്പെട്ടു കഴിഞ്ഞു. അവരെക്കാള്‍ മുമ്പേ ആവശ്യപ്പെടേണ്ടിയിരുന്നത് മത സംഘടനകളും പണ്ഡിതന്മാരുമായിരുന്നില്ലേ? അവര്‍ക്കല്ലേ സര്‍ക്കാറിന്റെ കണ്ണ് തുറപ്പിക്കാന്‍ മറ്റാരേക്കാളും കഴിയുക? മുസ്‌ലിം സമുദായത്തില്‍ മന്ത്രവാദക്കൊലകള്‍ക്കും പീഡനങ്ങള്‍ക്കും ഏറെ ഇരയാകുന്നത് സ്ത്രീകളാണ്. മുസ്‌ലിം വനിതാ സംഘടനകളുടെയും സംസ്ഥാന വനിതാ കമീഷന്റെയും സത്വരമായ ശ്രദ്ധ പതിയേണ്ടതാണീ വിഷയം. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 131-135
എ.വൈ.ആര്‍