മൗലാനാ സയ്യിദ് ഹാമിദ് ഹുസൈന്‍ (1920-1982)<br> പ്രതിസന്ധികളെ വകഞ്ഞ് മുന്നില്‍ കുതിക്കാന്‍ ഊര്‍ജം പകര്‍ന്ന നേതാവ്
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ സാരഥികളില്‍ ഒരാള്‍, ലക്ഷണമൊത്ത സംഘാടകന്‍, മികവുറ്റ പ്രഭാഷകന്‍ എന്നീ സവിശേഷതകള്‍ക്കുടമയായിരുന്നു മൗലാനാ സയ്യിദ് ഹാമിദ് ഹുസൈന്‍. 1940-കളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ അദ്ദേഹം മരണം വരെയും കര്‍മഭൂമിയില്‍ ചടുലതയോടെ നിലയുറപ്പിച്ചു. 1920 ഫെബ്രുവരിയില്‍ മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ എല്‍ച്ച്പൂര്‍ ഗ്രാമത്തിലാണ് മൗലാനാ ജനിച്ചത്. എല്‍ച്ച്പൂര്‍, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം കരസ്ഥമാക്കി 1940-ല്‍ ജോലിയില്‍ പ്രവേശിച്ചു. കുറച്ചുകാലം സൈന്യത്തിലും സേവനമനുഷ്ഠിച്ചു. ഇത് അദ്ദേഹത്തിന്റെ പ്രാസ്ഥാനിക ജീവിതത്തെയും സ്വാധീനിക്കുകയുണ്ടായി. അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനവും, അച്ചടക്കവും ഏകാഗ്രതയുമുള്ള നീക്കങ്ങളും സയ്യിദ് ഹാമിദ് ഹുസൈന്റെ പ്രത്യേകതകളായിരുന്നു. 1945-ല്‍ വിവാഹിതനായതോടെയാണ് ഇസ്‌ലാമിക പ്രസ്ഥാനവുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നത്. സയ്യിദ് മൗദൂദിയുടെ ഗ്രന്ഥങ്ങള്‍ വായിച്ചാണ് പ്രസ്ഥാനത്തിലേക്ക് അദ്ദേഹം കടന്നുവന്നത്. 1949-ല്‍ ജമാഅത്ത് അംഗമായി. 1951-ല്‍ ആന്ധ്രപ്രദേശ് ഘടകത്തിന്റെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അതേവര്‍ഷം കേന്ദ്ര കൂടിയാലോചനാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1953-ല്‍ വീണ്ടും ആന്ധ്രാ ജമാഅത്തിന്റെ സെക്രട്ടറിയായി. 1954-ല്‍ മൗലാനാ അബുല്ലൈസ് ഇസ്വ്‌ലാഹി നദ്‌വിയും മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹിയും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ റാംപൂരിലെ കേന്ദ്ര ഓഫീസില്‍ ഉടനടി എത്തിച്ചേരണമെന്ന നിര്‍ദേശം സയ്യിദ് ഹാമിദ് ഹുസൈന് ലഭിച്ചു. അങ്ങനെ 1954 സെപ്റ്റംബര്‍ മുതല്‍ 1955 ഫെബ്രുവരി വരെ സംഘടനയുടെ ആക്ടിംഗ് അമീറായി അദ്ദേഹം നേതൃപദവി വഹിച്ചു.
മൗലാനാ അബുല്ലൈസ് സാഹിബ് ജയില്‍ മോചിതനായ ശേഷം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം 1955 ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള അഞ്ച് മാസക്കാലം രാജ്യത്തൊന്നാകെ അദ്ദേഹം പ്രാസ്ഥാനിക പര്യടനം നടത്തി. 1954-ല്‍ ജമാഅത്ത് കേന്ദ്ര ആസ്ഥാനത്ത് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം പിന്നീട് ഉത്തര്‍പ്രദേശ് ഘടകം അമീറായി. 1973-ല്‍ മൗലാനാ യൂസുഫ് സാഹിബ് സംഘടനയുടെ അഖിലേന്ത്യാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഹാമിദ് ഹുസൈന്‍ വീണ്ടും കേന്ദ്ര ഓഫീസില്‍ എത്തുന്നത്. അവിടെ സാമ്പത്തികം, ജാവര സ്വത്തുക്കള്‍, ട്രസ്റ്റുകള്‍ എന്നിവയുടെ ചുമതലയാണ് അദ്ദേഹത്തെ ഏല്‍പിച്ചത്. അടിയന്തരാവസ്ഥയില്‍ മറ്റു സംഘടനാ നേതാക്കളോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിഞ്ഞു.
ലക്ഷണമൊത്തെ പ്രഭാഷകനായിരുന്ന മൗലാനാ ഹാമിദ് ഹുസൈന്‍ സംഘടനക്കകത്ത് തന്റെ സവിശേഷ വാക്ചാതുരി കൊണ്ട് ശ്രദ്ധേയനായിരുന്നു. സദസ്സ് ആ വാഗ്‌ധോരണി ഏറെ നേരം ശ്വാസമടക്കിപ്പിടിച്ച് കേട്ടുകൊണ്ടിരിക്കും. മാസ്മരികതയില്‍ പൊതിഞ്ഞ വാചാലത അദ്ദേഹത്തിന്റെ പ്രഭാഷണ കലയില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. വിദൂരത്ത് നിന്ന് പോലും ജനങ്ങള്‍ ആ പ്രഭാഷണം കേള്‍ക്കാന്‍ ഒഴുകിയെത്തും. ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം ദേശവാസികള്‍ക്ക് മുമ്പാകെ പ്രഭാഷണത്തിലൂടെ മാതൃകാപരമായി കൈമാറിയവരില്‍ മുന്‍നിരയിലാണ് സയ്യിദ് ഹാമിദ് ഹുസൈന്റെ സ്ഥാനം. ജമാഅത്തിന്റെ ഔദ്യോഗിക വക്താവ് എന്ന നിലയില്‍ രാജ്യത്തിനകത്തും വിദേശത്തും സംഘടനയുടെ സന്ദേശവും ലക്ഷ്യവും അദ്ദേഹം പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെല്ലാം പൊതുപരിപാടികള്‍ക്ക് പുറമെ മാധ്യമ പ്രവര്‍ത്തകരെ കണ്ട് വാര്‍ത്താ സമ്മേളനം നടത്താനും ശ്രദ്ധ ചെലുത്തി. മാധ്യമ പ്രവര്‍ത്തകരെ എങ്ങനെ അഭിമുഖീകരിക്കണമെന്ന കലയില്‍ പുതുതലമുറക്ക് അദ്ദേഹത്തില്‍ നിന്ന് നിരവധി മാതൃകകള്‍ പകര്‍ത്താനുണ്ട്. പ്രഭാഷണ കലയിലെന്ന പോലെ എഴുത്തിലും കിടയറ്റ ശൈലിക്കുടമയായിരുന്നു ഹാമിദ് സാഹിബ്. പക്ഷേ, പ്രാസ്ഥാനിക തിരക്കുകളാല്‍ കൂടുതല്‍ രചനകള്‍ നടത്താന്‍ സാധിച്ചില്ല. എഴുതപ്പെട്ടവയുടെ ഘടനയും സ്വഭാവവും കനപ്പെട്ട ഒരു തൂലികക്കുടമ കൂടിയായിരുന്നു അദ്ദേഹമെന്ന് തെളിയിക്കുന്നതാണ്.
ദേശീയ വിഷയങ്ങളിലെന്ന പോലെ അന്തര്‍ദേശീയ വിഷയങ്ങളിലും താല്‍പര്യമുള്ള വ്യക്തിത്വമായിരുന്നു സയ്യിദ് ഹാമിദ് ഹുസൈന്‍. വിശിഷ്യ അന്തര്‍ദേശീയ മുസ്‌ലിം പ്രശ്‌നങ്ങളെ വളരെ സൂക്ഷ്മമായി അദ്ദേഹം പഠനവിധേയമാക്കിയിരുന്നു. ബ്രിട്ടന്‍, പാകിസ്താന്‍, ഇറാന്‍, സുഊദി അറേബ്യ എന്നിവിടങ്ങളില്‍ അദ്ദേഹം പര്യടനം നടത്തുകയുണ്ടായി.
വീണ്ടും ഉത്തര്‍ പ്രദേശ് അമീറായി നിശ്ചയിക്കപ്പെട്ട അദ്ദേഹം അക്കാലത്ത് ഹജ്ജിനു പോകുന്ന വഴിയില്‍ രിയാദിലുണ്ടായ ഒരു വാഹനാപകടത്തെത്തുടര്‍ന്നാണ് ഇഹലോകവാസം വെടിഞ്ഞത്. ഏതുതരം പ്രതിസന്ധികളെയും ഏറ്റെടുത്ത് മറികടന്ന് മുന്നോട്ടുകുതിക്കാനുള്ള ജീവിതപാഠം പിന്നില്‍ വരുന്നവര്‍ക്ക് പകര്‍ന്നുനല്‍കിയാണ് ആ ധീരനേതാവ് അല്ലാഹുവിങ്കലേക്ക് യാത്രയായത്.
Comments