സയണിസത്തിന് പിന്തുണ പറയാന്‍ അക്ഷരങ്ങള്‍ ശേഖരിക്കുന്ന യൂറോപ്യന്‍ ബുദ്ധിജീവികള്‍
ഇടതുപക്ഷത്തിരിക്കുന്ന പല യൂറോപ്യന്‍ ബുദ്ധിജീവികള്‍ക്കും സയണിസത്തിലലിഞ്ഞു ചേര്‍ന്നിരിക്കുന്ന വംശീയതയും അധിനിവേശ പദ്ധതികളും മനസ്സിലാക്കാന്‍ എന്താണിത്ര ബുദ്ധിമുട്ട്? ഴാങ്ങ് പോള്‍ സാര്‍ത്ര്, മിഷേല്‍ ഫൂക്കോ തുടങ്ങിയ പ്രമുഖ ഇടതുബുദ്ധിജീവികളുടെ നാമമാത്ര പിന്തുണക്കും ഴാക് ദെരിദ, പിയറെ ബോര്‍ദിയോ, എതിയന്‍ ബലിബാര്‍, ശ്ലാവോയ് ഷിഷാക് തുടങ്ങിയവരില്‍നിന്ന് ഉപാധിപൂര്‍വമായ സഹാനുഭൂതിക്കും മാത്രം ഫലസ്ത്വീനികള്‍ പാത്രമാവുന്നതെന്തുകൊണ്ട്? ഫലസ്ത്വീന്‍ വിരുദ്ധരായ സാര്‍ത്ര്, ഫൂക്കോ എന്നിവരുമായും സയണിസ്റ്റ് വിരുദ്ധനായ ഴീല്‍ ഡെല്യൂസുമായുമുള്ള തന്റെ കൂട്ടിമുട്ടലുകളെ കുറിച്ച് എഡ്വേര്‍ഡ് സെയ്ദ് ഒരിക്കല്‍ എഴുതിയിട്ടുണ്ട്. സയണിസ്റ്റ് അനുകൂലിയായ സാര്‍ത്ര് ഉദ്ഘാടനം ചെയ്യുകയും സെയ്ദ് കൃത്യമായി നിരീക്ഷിക്കുകയും ചെയ്ത ബൗദ്ധിക രാഷ്ട്രീയ ബാധ്യതകള്‍ യൂറോപ്പിലെ ഇടതു ലിബറല്‍ ബുദ്ധിജീവികളില്‍ ഇന്നും ബാധയായി തുടരുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം.
ഈ ബുദ്ധിജീവികളില്‍ പലരും വംശീയതക്കും വെള്ളക്കാരുടെ ആധിപത്യ മനോഭാവത്തിനുമെതിരെ പരസ്യമായ നിലപാടെടുത്തവരാണ്. നാസിസത്തെയും ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡിനെയും എതിര്‍ത്തവരാണ്. സാമ്രാജ്യത്വത്തിന്റെ പഴയതും പുതിയതുമായ രൂപങ്ങളെ എതിര്‍ക്കുന്നുവെന്ന് തോന്നിക്കുന്നവരുമാണ്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും ഇപ്പോഴും ഹോളോകോസ്റ്റ് അതിജീവന പ്രതിനിധാനങ്ങളിലൂടെ മാത്രം പ്രത്യക്ഷമാവുന്ന യൂറോപ്പിലെ ജൂതന്മാരുടെ പദവിയില്‍ വന്ന മാറ്റത്തിന് നേരെ കണ്ണടക്കുന്ന സാര്‍ത്രിയന്‍ ധാരയുടെ പങ്കുപറ്റുന്നവരാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഫലസ്തീനിയന്‍ ജനതക്ക് നേരെ വംശീയ, അധിനിവേശ അതിക്രമങ്ങള്‍ നടത്തുന്ന യൂറോപ്യന്‍ ജൂതന്റെ പുതുപദവിയെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന അവര്‍ ഈ യാഥാര്‍ഥ്യത്തെ ശക്തമായി പ്രതിരോധിക്കുകയും ചെയ്യുന്നു.
ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും ഇസ്രയേലീ ജൂത അധിനിവേശങ്ങളിലെ അതിക്രമങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും സായുധരായ അധിനിവേശ കുടിയേറ്റക്കാര്‍ സ്ഥാപിച്ച രാഷ്ട്രമെന്നതില്‍നിന്ന് ഭിന്നമായി ഹോളോകോസ്റ്റ് പീഡനപര്‍വ്വങ്ങള്‍ താണ്ടിവന്നവര്‍ സ്ഥാപിച്ച രാഷ്ട്രമെന്ന, ഇസ്രയേലിനെ കുറിച്ചുള്ള പാപമുക്തമായ പ്രതിച്ഛായയില്‍ ഇപ്പോഴും കടിച്ചുതൂങ്ങുന്നവരാണ് ഈ ബുദ്ധിജീവികളില്‍ ചിലരെങ്കിലും. റെവ്യുട്ട് ദെറ്റിയുഡ് പാലസ്തിന്യന് നല്‍കിയ അഭിമുഖത്തില്‍ യശശ്ശരീരനായ പിയറി ബോര്‍ദിയോ പറഞ്ഞു: ''പരസ്യമായ നിലപാടുകളെടുക്കാന്‍ ഞാന്‍ എപ്പോഴും വിമുഖത കാണിച്ചിട്ടുണ്ട്. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ദുഷ്‌കരവും ചോരയൂറ്റുന്നതുമായ ചോദ്യത്തിനു കൃത്യമായ വിശദീകരണം നല്‍കാന്‍ മാത്രം ത്രാണിയെനിക്കുണ്ടോ എന്ന സംശയമാണ് കാരണം (വംശീയാതിക്രമങ്ങളുടെ ഏറ്റവും മികച്ച ഇരകള്‍ക്കും അവരുടെ ഇരകള്‍ക്കുമിടയില്‍ എങ്ങനെ തെരഞ്ഞെടുപ്പു നടത്തും?).''
ഇതുകൊണ്ട് ബോര്‍ദിയോ ഹോളോകോസ്റ്റിനെയാണ് ഉദ്ദേശിച്ചതെങ്കില്‍ അദ്ദേഹം സയണിസ്റ്റ് പ്രചാരവേലയുടെ ഇരയാണ്. ഹോളോകോസ്‌റ്റോര്‍മകളെ പുനരുജ്ജീവിപ്പിക്കാനും ഫലസ്ത്വീനികള്‍ക്ക് നേരെയുള്ള വംശീയാതിക്രമങ്ങള്‍ക്കുള്ള ഒഴികഴിവായി അതുപയോഗിക്കാനും സയണിസ്റ്റുകള്‍ എത്രതന്നെ ശ്രമിച്ചാലും ഹോളോകോസ്റ്റ് ഇസ്രയേലിന്റെ വംശീയാതിക്രമങ്ങളെ ന്യായീകരിക്കുന്നില്ല. ഈ വസ്തുത ബോര്‍ദിയോ അംഗീകരിച്ചിരുന്നുവെങ്കില്‍ ഇസ്രയേലിന്റെയും അതിന്റെ ഇരകളുടെയുമിടയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അദ്ദേഹത്തിനു മനഃപ്രയാസം നേരിടേണ്ടി വരില്ലായിരുന്നു.
അധിനിവിഷ്ട ജറൂസലമില്‍ 1986-ല്‍ പ്രഭാഷണം നടത്തുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കിയ ഴാക് ദെറിദയെ മറ്റൊരുദാഹരണമായെടുക്കാം. 'അക്രമത്തിന് അറുതിയാവണമെന്ന് ആവശ്യപ്പെടുന്ന, ഭീകരവാദ-സൈനിക കുറ്റകൃത്യങ്ങളെയും പൊലീസ് അടിച്ചമര്‍ത്തലുകളെയും അപലപിക്കുന്ന, അധിനിവിഷ്ട മേഖലയില്‍നിന്ന് ഇസ്രയേലി ട്രൂപ്പുകള്‍ പിന്‍മാറണമെന്നാവശ്യപ്പെടുന്ന, ചര്‍ച്ചകളില്‍ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ഫലസ്ത്വീനികളുടെ അവകാശത്തെ അംഗീകരിക്കുന്ന-ഇത് എന്നെത്തേക്കാളുമേറെ ഇപ്പോഴാണാവശ്യം-ഈ ഭൂമിയിലെ മുഴുവന്‍ പേരുമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഞാനാഗ്രഹിക്കുന്നു.' ഇങ്ങനെയൊക്കെയാണെങ്കിലും 'ഇസ്രയേല്‍ രാഷ്ട്രത്തിന്റെ അസ്തിത്വം എല്ലാവരും അംഗീകരിച്ചേ മതിയാവൂ എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ' എന്ന് പ്രഭാഷണത്തില്‍ ഊന്നിപ്പറയേണ്ടത് അനിവാര്യമാണെന്ന് ദെറിദ കരുതി.
1980-കളിലെ വെള്ള വരേണ്യ വംശീയ ദക്ഷിണാഫ്രിക്കയെ എതിര്‍ത്ത ദെറിദ ജൂതവംശീയ രാഷ്ട്രമായ ഇസ്രയേലിനെ എല്ലാവരും അംഗീകരിക്കണമെന്ന് വിശ്വസിക്കുന്നു. ജൂതരാഷ്ട്രത്തിനുള്ളിലും അധിനിവിഷ്ട മേഖലകളിലും ഇസ്രയേലി കൊളോണിയലിസവും ഇസ്രയേലീ വംശീയതയും വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണെങ്കിലും ഒരേ തീവ്രതയിലും സൈനികശക്തിയിന്‍മേലുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണാനും അംഗീകരിക്കാനുമുള്ള അദ്ദേഹത്തിന്റെ വിസമ്മതം ഇസ്രയേലിനോടുള്ള അദ്ദേഹത്തിന്റെ വൈകാരിക അടുപ്പത്തെയാണ് പുറത്തുചാടിക്കുന്നത്. തന്റെ പ്രസ്താവനയുടെ പ്രേരകം അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്. 'ഇവിടെയുള്ള എന്റെ സാന്നിധ്യത്തില്‍ നിന്ന് വ്യക്തമാകുന്നതു പോലെ ഈ പ്രഖ്യാപനം നീതിയോടുള്ള പ്രതിബദ്ധതയില്‍ നിന്നും ഫലസ്ത്വീനികളോടും ഇസ്രയേലികളോടുമുള്ള എന്റെ സൗഹൃദത്തില്‍നിന്നും മാത്രമല്ല അക്ഷരങ്ങള്‍ ശേഖരിക്കുന്നത്. ഇസ്രയേലിന്റെ ഒരു പ്രത്യേക പ്രതിച്ഛായയോടുള്ള എന്റെ ആദരവും അതിന്റെ ഭാവിയെ കുറിച്ചുള്ള എന്റെ പ്രതീക്ഷയുടെ പ്രകടനവും കൂടിയാണിത്.'
ദെറിദ ഇസ്രയേലിന്റെ ഒരു പ്രത്യേക പ്രതിച്ഛായയോട് (അധിനിവേശം പോലുള്ള അതിന്റെ തന്നെ ചെയ്തികളാല്‍ ദൂഷിതമായ) ആഭിമുഖ്യം പുലര്‍ത്തുന്നയാളാണെന്ന് വ്യക്തം. സയണിസ്റ്റ് ലിബറലുകളും ദെറിദയും ഇവിടെ ഒരേ തൂവല്‍ പക്ഷികളാവുന്നു. തുടര്‍ന്നുവരുന്ന ലേബര്‍ പാര്‍ട്ടി സര്‍ക്കാറുകള്‍ ഫലസ്ത്വീനികളെ കൂട്ടക്കൊല ചെയ്യുമ്പോഴും അടിച്ചമര്‍ത്തുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയും ലിക്കുഡ് സര്‍ക്കാറുകള്‍ ഇസ്രയേലിന്റെ ലബനാന്‍ അധിനിവേശങ്ങളില്‍ സമാനപാത പിന്തുടരുമ്പോള്‍ കോലാഹലങ്ങളുണ്ടാക്കുകയും ചെയ്യുന്നവരാണ് സയണിസ്റ്റ് ലിബറലുകള്‍.
പിന്നീട് 2000 മാര്‍ച്ചില്‍ തന്റെ ഈജിപ്ത് സന്ദര്‍ശനവേളയില്‍ അല്‍ഹയാത് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ദെറിദ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള തന്റെ നിലപാടും ഫലസ്ത്വീനിയന്‍ പ്രതിരോധത്തിനുള്ള തന്റെ പിന്തുണയും ഊന്നിപ്പറഞ്ഞു. അതിനിടയിലും അദ്ദേഹം ഒരു മുന്നറിയിപ്പ് കൂട്ടിച്ചേര്‍ത്തു. 'ജൂതവിരുദ്ധ പ്രവണതകളുടെ പക്ഷവും ഞാന്‍ പിടിക്കില്ല.' ജൂതവംശീയാതിക്രമങ്ങള്‍ക്കെതിരെയുള്ള ഫലസ്ത്വീനിയന്‍ പ്രതിരോധത്തെയും ജൂതവിരുദ്ധ പ്രവണതകളെയും ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച് ദെറിദ ഒരിക്കലും വിശദീകരിച്ചിട്ടില്ല.
ബോര്‍ദിയോയുടെയും ദെറിദയുടെയും ഇസ്രയേലിനെ കുറിച്ചുള്ള നിലപാട് ഒറ്റപ്പെട്ടതൊന്നുമല്ല. പ്രമുഖ ഫ്രഞ്ച് ഇടതുപക്ഷ ബുദ്ധിജീവിയായ എതിയന്‍ ബലിബാര്‍ താന്‍ നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനത്തെ ന്യായീകരിച്ച് ഈയിടെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് മെയില്‍ അയക്കുകയുണ്ടായി. ചില ഫ്രഞ്ച് അക്കാദമിക്കുകളും സ്ഥാപനങ്ങളും അനുഷ്ഠിച്ചു പോരുന്ന, ഇസ്രയേലിനോടുള്ള അക്കാദമിക ബഹിഷ്‌കരണത്തിന്റെ ഗുണദോഷങ്ങളെ കുറിച്ച് തര്‍ക്കിക്കുന്നതിനിടയില്‍ തുറന്നു പറഞ്ഞില്ലെങ്കിലും അദ്ദേഹം ബഹിഷ്‌കരണ വിരുദ്ധപക്ഷത്താണ് അണിചേരുന്നത്. ബഹിഷ്‌കരണത്തെ പിന്തുണക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഇസ്രയേല്‍ സന്ദര്‍ശനവും പ്രഭാഷണവും അതിന്റെ പൊള്ളത്തരത്തെ തുറന്നുകാട്ടുന്നു. സന്ദര്‍ശനത്തെ ന്യായീകരിക്കുന്നതിനിടെ തന്റെ കാഴ്ചപ്പാട് 'വൈരുധ്യം' നിറഞ്ഞതല്ലെന്നും മറിച്ച് 'പ്രയാസം' നിറഞ്ഞതാണെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഒരുവശത്ത് ഇസ്രയേലി അധിനിവേശത്തെ എതിര്‍ക്കുന്ന ഇസ്രേയേലി അക്കാദമിക്കുകളെ ഒറ്റപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അതേ സമയം തന്നെ അത്തരം ഇസ്രയേലി അക്കാദമിക്കുകള്‍ തുലോം തുച്ഛമാണെന്നും അദ്ദേഹം ആണയിടുന്നു.
തന്റെ ഇസ്രയേല്‍ സന്ദര്‍ശനം എങ്ങനെയാണ് ഈ അക്കാദമിക്കുകളെ ഒറ്റപ്പെടലിന്റെ തോടില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിച്ചതെന്ന് ബാലിബര്‍ വ്യക്തമാക്കുന്നില്ല. ലോകപ്രശസ്ത ബുദ്ധിജീവികള്‍ക്ക് ആതിഥ്യമരുളുകയും അതിഥികള്‍ ആതിഥേയരുടെ മണ്ണില്‍ നിന്നു കൊണ്ട് അവരെ തന്നെ വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്യുന്ന രാഷ്ട്രം എന്ന നിലയില്‍ കുറഞ്ഞ ചെലവില്‍ ഇസ്രയേലിന് നിയമസാധുത നല്‍കാനും അതു വഴി 'പശ്ചിമേഷ്യയിലെ ഒരേയൊരു ജനാധിപത്യം' എന്ന ഇസ്രയേലി പ്രചാരവേല അരക്കിട്ടുറപ്പിക്കാനും മാത്രമല്ലേ തന്റെ സന്ദര്‍ശനം സഹായിച്ചതെന്നും അദ്ദേഹം തുറന്നുപറയുന്നില്ല. തന്റെ ന്യായീകരണത്തിലെവിടെയും ഇസ്രയേല്‍ ഒരു ജൂതവംശീയ രാഷ്ട്രമാണെന്ന കാര്യം ബലിബാര്‍ സ്പര്‍ശിക്കുന്നു പോലുമില്ല. വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും അധിനിവേശങ്ങളോട് മാത്രമാണ് അദ്ദേഹത്തിന്റെ എതിര്‍പ്പ്. ഫലസ്ത്വീനിയന്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും അക്കാദമിക്കുകളുമായി കൂടിക്കാഴ്ച നടത്തുകയും അവരെ തന്റെ ശ്രോതാക്കളിലുള്‍പ്പെടുത്തുകയും ചെയ്താല്‍ തന്റെ സന്ദര്‍ശനം ന്യായീകരിക്കപ്പെടുമെന്ന് ബലിബാര്‍ വിശ്വസിക്കുന്നുവെന്നാണ് തോന്നുന്നത്.
ഇസ്രയേലിനെയും അതിന്റെ വംശീയനയങ്ങളെയും കുറിച്ച് അറിയാത്തയാളൊന്നുമല്ല ബലിബാര്‍. ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡ് വ്യവസ്ഥയോടാണ് അദ്ദേഹം അതിനെ ഉപമിക്കുന്നത്. അങ്ങനെയാണെങ്കില്‍ 1980കളുടെ മധ്യത്തില്‍ അദ്ദേഹത്തിന് ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ച് അംഗോളയിലെയും നമീബിയയിലെയും ദക്ഷിണാഫ്രിക്കന്‍ ട്രൂപ്പുകളുടെ പിന്‍മാറ്റം ആവശ്യപ്പെടരുതായിരുന്നോ? മുഴുവന്‍ സമയവും ദക്ഷിണാഫ്രിക്കന്‍ വംശീയതയെക്കുറിച്ച് മൗനം പാലിച്ച് നമീബിയന്‍ അക്കാദമിക്കുകളെ സമീപിച്ച് കൂടിക്കാഴ്ച ആവശ്യപ്പെടുകയുമാവാമായിരുന്നില്ലേ?ഇതിനെ 'വൈരുധ്യ'മായിട്ടാണോ 'പ്രയാസ'മായിട്ടാണോ ബാലിബര്‍ കാണുന്നതെന്നറിയാന്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ട്.
ഈയിടെ പുറത്തിറങ്ങിയ 'യാഥാര്‍ഥ്യത്തിന്റെ മരുഭൂമിയിലേക്ക് സ്വാഗതം' എന്ന തന്റെ പുസ്തകത്തില്‍ പ്രമുഖ സ്ലോവേനിയന്‍ സോഷ്യലിസ്റ്റ് ബുദ്ധിജീവി ശ്ലാവോജ് ഷിഷാക്ക് ഫലസ്ത്വീന്‍ ചോദ്യത്തെ ചാടിക്കടക്കുന്നത് ഏറ്റവും പ്രാകൃതമായ രീതിയിലാണ്. സയണിസത്തിന്റെ അടിസ്ഥാനമായ വംശീയതയോ അതിന്റെ സന്തതിയായ ജൂതവംശീയ രാഷ്ട്രമോ, വംശീയ മുന്‍വിധിയോടെയുള്ള ഇസ്രയേലി മാധ്യമങ്ങളുടെ ഫലസ്ത്വീന്‍ പ്രതിനിധാനങ്ങളോ, ഇസ്രയേലി ജൂത കരിക്കുലങ്ങളിലെ വംശീയ കരിക്കുലമോ, ഇടത്തും വലത്തുമിരിക്കുന്ന ഇസ്രയേലി ജൂതനേതാക്കളുടെ വംശീയ പ്രഖ്യാപനങ്ങളോ, സയണിസത്തെയും ഇസ്രയേല്‍ രാഷ്ട്രത്തിന്റെ നിയമങ്ങളെയും നയങ്ങളെയും നയിക്കുന്ന ജൂതവംശീയ വരേണ്യ അവകാശങ്ങളോ ഒന്നുമല്ല അദ്ദേഹത്തെ അലോസരപ്പെടുത്തുന്നത്. ഒരിക്കലും 'സഹിഷ്ണുതാപരമായ സമീപനം സ്വീകരിക്കാനാവാത്ത' തരത്തിലുള്ള 'അറബ് സെമിറ്റിക് വിരുദ്ധതയാണ്' അദ്ദേഹത്തെ ചൊടിപ്പിക്കുന്നത്. ഭൂരിഭാഗം അറബ് രാജ്യങ്ങളിലും ഹിറ്റ്‌ലര്‍ ഇപ്പോഴും ഹീറോ ആയാണ് പരിഗണിക്കപ്പെടുന്നത്, അറബ് പ്രൈമറി സ്‌കൂള്‍ ടെക്സ്റ്റ് ബുക്കുകളില്‍ ഇപ്പോഴും 'എല്‍ഡേസ് ഓഫ് ദ പ്രോട്ടോക്കോള്‍ ഓഫ് സിയോണ്‍ മുതലായ സെമിറ്റിക് വിരുദ്ധ മിത്തുകള്‍ കാണപ്പെടുന്നു' തുടങ്ങി സയണിസ്റ്റ് പ്രചാരവേലയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യാഥാര്‍ഥ്യത്തോട് പുലബന്ധംപോലുമില്ലാത്ത ആരോപണങ്ങളാണ് ഷിഷാക്ക് ഉന്നയിക്കുന്നത്.
ഇസ്രയേലിലെ ഫലസ്ത്വീനിയന്‍ പൗരന്മാര്‍ക്കെതിരെയുള്ള ഇസ്രയേലിന്റെ വിവേചനപരമായ നയങ്ങളും വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികള്‍ക്ക് മീതെ ദിനേനയെന്നോണം പതിക്കുന്ന ഇസ്രയേലി ഭീകരതയും ഷിഷാക്കിന്റെ ശ്രദ്ധയില്‍ പെടുന്നുണ്ടെങ്കിലും, അത് അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം പരസ്പരം മത്സരിക്കുന്ന ദേശീയതകള്‍ തമ്മിലുള്ള സംഘര്‍ഷമാണ്. നാറ്റോയുടെ ഇടപെടല്‍ കൊണ്ട് പരിഹരിക്കാനാവുന്നതേയുള്ളൂ അത്.
ഷിഷാക്കിന്റെ വീക്ഷണപ്രകാരം സയണിസ്റ്റ് കൊളോണിയലിസത്തെയോ ജൂത പ്രച്ഛന്നതയിലൂടെ യൂറോപ്യന്‍ വെള്ളക്കാരുടെ ആധിപത്യം ഉറപ്പിക്കുന്ന അതിന്റെ ജന്മനിയോഗത്തെയോ പ്രതിരോധിക്കുകയല്ല അറബികള്‍ ചെയ്യുന്നത്, മറിച്ച് 'ജൂത കോസ്‌മോപൊളിറ്റനിസ'ത്തിന്റെ ഫലമായി ഉടലെടുത്ത 'ആധുനികതയോടുള്ള ഇസ്‌ലാമിന്റെ വിപ്രതിപത്തി'യാണത്രെ ഈ സംഘര്‍ഷത്തിനു കാരണം. പാശ്ചാത്യ ലിബറല്‍ സഹിഷ്ണുതക്ക് വേണ്ടിയുള്ള ഇസ്രയേലിന്റെ നിലപാടുകളെ അതിന്റെ നവകൊളോണിയല്‍ വേഷം ചൂണ്ടിക്കാണിച്ച് ഷിഷാക്ക് ഇടിച്ചുതാഴ്ത്തുന്നുണ്ടെങ്കിലും ഇതൊന്നും ജൂതവംശീയ രാഷ്ട്രം സന്ദര്‍ശിക്കുന്നതില്‍നിന്ന് അദ്ദേഹത്തെ തടയുന്നില്ല. ഹാരെറ്റസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ഇസ്രയേലില്‍ അദ്ദേഹം നടത്തിയ നാലു പ്രഭാഷണങ്ങളില്‍ ഒരിക്കല്‍ പോലും അദ്ദേഹം ഫലസ്ത്വീനികളെ കുറിച്ചോ ഇസ്രയേലീ വംശീയഭീകരതയെ കുറിച്ചോ ഒരക്ഷരം ഉരിയാടിയില്ല. യൂറോപ്യന്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയില്‍ ഴാന്‍പോള്‍ സാര്‍ത്രിന്റെ ശേഷിപ്പുകള്‍ പടരുന്നതിങ്ങനെയൊക്കെയാണ്.
ഹോളോകോസ്റ്റ് അഭയാര്‍ഥികളായി യൂറോപ്പുവിട്ട യൂറോപ്യന്‍ ജൂതന്‍മാര്‍ എങ്ങനെയാണ് ഫലസ്തീനില്‍ സായുധ അധിനിവേശകരായെത്തിയതെന്ന് മനസ്സിലാക്കുന്നതില്‍ സാര്‍ത്ര് പരാജയപ്പെട്ടെങ്കില്‍ ഷിഷാക്കിന്റെ സമീപനം കൂടുതല്‍ കുടിലമാണ്. ഹോളോകോസ്റ്റിന് ഫലസ്ത്വീന്‍ ഇസ്രയേല്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്ന് ഷിഷാക്ക് വ്യക്തമാക്കുന്നുണ്ടെങ്കിലും ജൂതകോളനിസ്റ്റുകളെ ഇപ്പോഴും അവശേഷിക്കുന്ന ഹോളോകോസ്റ്റ് അഭയാര്‍ഥികളായും അറബികളുടെ സെമിറ്റിക്ക് വിരുദ്ധതക്ക് ഇരകളാവാന്‍ സാധ്യതയുള്ളവരായും കാണുന്നതിലേക്കാണ് ഷിഷാക്ക് വികാസം പ്രാപിക്കുന്നത്. ഇവിടെയാണ് തങ്ങളുടെ വംശീയാതിക്രമങ്ങളെ ചെറുക്കുന്നവരില്‍നിന്ന് ജൂതന്മാര്‍ക്ക് നേരിടേണ്ടിവരുന്ന 'സെമിറ്റിക് വിരുദ്ധത'യെ എതിര്‍ക്കുന്നതിലുള്ള ഷിഷാക്കിന്റെ ബാധയുടെ വേരുകള്‍ കിടക്കുന്നത്.
യൂറോപ്യന്‍ ജൂതന്റെ പദവി ഹോളോകോസ്റ്റ് അതിജീവിച്ചതില്‍ നിശ്ചലമാക്കുന്ന ഈ യൂറോപ്യന്‍ ബുദ്ധിജീവികള്‍ സയണിസ്റ്റ് കൊളോണിയലിസം ഹോളോകോസ്റ്റിനും അരനൂറ്റാണ്ട് മുമ്പ് തുടങ്ങിയതാണെന്നത് കാണാതെ പോകുന്നു. ഹിറ്റ്‌ലര്‍ ജര്‍മന്‍ ജൂതന്മാര്‍ക്ക് നേരെ 'ക്രിസ്താള്‍നാഹ്ത്' അഴിച്ചുവിടുമ്പോള്‍ 1936-39 കാലഘട്ടത്തില്‍ ഫലസ്ത്വീന്‍ വിപ്ലവകാരികളെ കൊലപ്പെടുത്തുന്നതില്‍ വ്യാപൃതരായിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ മരണ സ്‌ക്വാഡുകളുടെ ഭാഗമായിരുന്നു ജൂതകോളനിസ്റ്റുകള്‍. വിവിധ ദേശങ്ങളിലായി ചിതറിക്കിടന്ന ജൂതസംസ്‌കാരങ്ങളെയും ഭാഷകളെയും യൂറോപ്പില്‍നിന്ന് ജൂതന്‍മാരെ ഒഴിപ്പിച്ച് അതുവരെ അവര്‍ ജീവിച്ചിട്ടില്ലാത്ത ഒരു ഏഷ്യന്‍ രാജ്യത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനു വേണ്ടിയും അതുവരെ അവര്‍ സംസാരിച്ചിട്ടില്ലാത്ത പുതുതായി ചമച്ച ഹിബ്രുവിനു വേണ്ടിയും നശിപ്പിച്ച സയണിസത്തിന്റെ സെമിറ്റിക് വിരുദ്ധ പദ്ധതി ഈ ബുദ്ധിജീവികളൊന്നും പരിശോധിച്ചിട്ടില്ല. സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരംഭം മുതല്‍ക്ക് തന്നെ സയണിസവും സെമിറ്റിക്ക് വിരുദ്ധതയും തമ്മിലുള്ള പ്രത്യയശാസ്ത്രപരവും പ്രായോഗികപരവുമായ ഉടക്കലുകളെ കുറിച്ചും അവര്‍ ഒരിക്കലും അന്വേഷിക്കില്ല.
തന്റെ മറ്റൊരു പ്രബന്ധത്തില്‍ സയണിസ്റ്റ് ജൂതന്‍മാര്‍ ഫലസ്ത്വീനികളെ വിശേഷിപ്പിക്കാന്‍ സെമിറ്റിക് വിരുദ്ധ മനോഗതികള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെടാന്‍ മാത്രം നിരീക്ഷണപാടവം ഷിഷാക്ക് പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇവിടെയും സയണിസം എല്ലാ കാലത്തും സെമിറ്റിക് വിരുദ്ധതയിന്‍മേലാണ് തഴച്ചുവളര്‍ന്നതെന്ന യാഥാര്‍ഥ്യത്തിലല്ല ഷിഷാക്ക് എത്തിച്ചേരുന്നത്. 'ജൂതരാഷ്ട്ര സ്ഥാപനത്തിന്റെ ഒടുക്കത്തെ വിലയായിരിക്കാം' ഇന്നത്തെ സയണിസവും സെമിറ്റിക് വിരുദ്ധതയും തമ്മിലുള്ള ബാന്ധവം എന്ന് സൂക്ഷ്മനിരീക്ഷണം നടത്തുന്നതിലേക്കാണ് ഷിഷാക്കിന്റെ തീര്‍പ്പ് എത്തിനില്‍ക്കുന്നത്.
'സെമിറ്റിക് വിരുദ്ധത' ഇസ്രയേലി കുടിയേറ്റക്കാരന്റെ കോളനിയെ അപകടപ്പെടുത്തുന്നതില്‍ ആശങ്കാകുലരാകുന്ന ഈ യൂറോപ്യന്‍ ബുദ്ധിജീവികള്‍, കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ ഇസ്രയേലിന്റെ ശേഷിക്കുന്ന നേട്ടത്തെ കുറിച്ച് അന്ധത നടിക്കുന്നു. ജൂതനെ സെമിറ്റിക് വിരുദ്ധനായും ഫലസ്ത്വീനിയെ ജൂതനാക്കിയും മാറ്റിമറിച്ചു എന്നതാണ് ആ നേട്ടം. ജൂതരാഷ്ട്രത്തിന്റെ വംശീയ അസ്ഥിവാരത്തെ എതിര്‍ക്കാത്തിടത്തോളം കാലം ഫലസ്ത്വീന്‍ പ്രതിരോധത്തിനുള്ള അവരുടെ പിന്തുണ പൊള്ളയായി തന്നെ തുടരും. മണ്‍മറഞ്ഞ ഴീല്‍ ഡെല്യൂസ് ഒരിക്കല്‍ പറഞ്ഞ പോലെ, തങ്ങളുടെ വംശീയ അതിക്രമങ്ങളെ ന്യായീകരിക്കുന്നതിനുള്ള സയണിസ്റ്റ് പ്രലാപം 'നമ്മള്‍ മറ്റുള്ളവരെ പോലെയല്ല' എന്നതാണ്. അതേസമയം പ്രതിരോധത്തിന്റെ ഫലസ്ത്വീന്‍ വിലാപം, 'നമ്മളും മറ്റുള്ളവരെ പോലെയാണ്' എന്നതാണ്. ഫലസ്ത്വീന്‍ ചോദ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഏത് ശബ്ദത്തിനാണ് കാതോര്‍ക്കേണ്ടതെന്ന് യൂറോപ്യന്‍ ബുദ്ധിജീവികള്‍ തീരുമാനിച്ചേ മതിയാകൂ.
(കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രഫസറാണ് ജോസഫ് മസദ്. ആധുനിക അറബ് ചരിത്രവും ധൈഷണിക ചരിത്രവുമാണ് അദ്ദേഹത്തിന്റെ മേഖലകള്‍). വിവ: ബിശ്ര്‍ മുഹമ്മദ്
Comments