Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 22

ഹയ്യ്‌ ബ്‌നു യഖ്ദാന്‍

ഇബ്‌നു തുഫൈല്‍ /നോവല്‍

         നമ്മുടെ സച്ചരിതരായ പൂര്‍വികന്മാര്‍ ഇന്ത്യയിലെ ഒരു ദ്വീപിനെപ്പറ്റി പറയുന്നുണ്ട്. വിഷുവരേഖക്ക് താഴെയാണത് സ്ഥിതി ചെയ്യുന്നത്. അവിടെ മനുഷ്യന്‍ പിറവിയെടുക്കുന്നത് സ്ത്രീപുരുഷ സംസര്‍ഗം കൂടാതെയാണത്രെ. കാരണം ലോകത്ത് ഏറ്റവും സുസ്ഥിരവും സമതുലിതവുമായ താപനിലയുള്ള പ്രദേശമാണത്. ആകാശത്തിന്റെ പരമാവധി ഉയരത്തില്‍നിന്ന് സൂര്യപ്രകാശം ലഭിക്കുന്നതിന്റെ ഫലമാണത്. എന്നാല്‍, ഭൂരിപക്ഷം തത്ത്വചിന്തകന്മാരും ഭൗതിക ശാസ്ത്രജ്ഞരും ഇതിനോട് യോജിക്കുന്നില്ല. ഭൂമിയിലെ ജനവാസമുള്ള പ്രദേശങ്ങളില്‍ ഏറ്റവും സന്തുലിതമായ താപനില കാണപ്പെടുന്നത് നാലാം മേഖല*യിലാണെന്നത്രെ അവരുടെ വീക്ഷണം.

ഭൂസംബന്ധിയായ ചില തടസ്സങ്ങളാല്‍ വിഷുവരേഖക്ക് താഴെ ജനവാസമുള്ള പ്രദേശങ്ങളൊന്നുമില്ലെന്ന് മനസ്സിലാക്കിയിട്ടാണ്, ഏറ്റവും പരിപാകമായ താപനില കാണപ്പെടുന്ന നാലാം മേഖലയിലാണെന്ന് അവര്‍ വാദിക്കുന്നതെങ്കില്‍ അതിലൊരു യുക്തിയുണ്ട്. എന്നാല്‍, വിഷുവരേഖക്ക് താഴെയുള്ള പ്രദേശങ്ങളിലെ അതികഠിനമായ ഉഷ്ണത്തെയാണ് അവരിലധികപേരും കാരണമായി പറയുന്നത്. ഇത് അങ്ങേയറ്റം അസംബന്ധമാണ്. കാരണം, സംഗതി മറിച്ചാണെന്ന് നിഷേധിക്കാനാവാത്ത തെളിവുകള്‍ കൊണ്ട് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

ഇക്കാര്യം പൂര്‍ണമായി വിശദീകരിക്കണമെങ്കില്‍ വളരെയധികം പറയേണ്ടതുണ്ട്. പക്ഷേ, അതല്ല നമ്മുടെ ഉദ്ദേശ്യം, അങ്ങനെയുള്ള സമതുലിതമായ താപനിലയില്‍ സ്ത്രീപുരുഷ സംസര്‍ഗം കൂടാതെ മനുഷ്യര്‍ ജന്മമെടുക്കുക സാധ്യമാണെന്ന് വ്യക്തമാക്കുകയാണ്. അതിനാവശ്യമായ ചെറിയൊരു സൂചന നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഹയ്യ്ബ്‌നു യഖ്ദാന്‍ ജനിച്ചത് അപ്രകാരമാണെന്നാണ് ചിലര്‍ പറയുന്നത്. പക്ഷേ, മറ്റുചിലര്‍ അതു നിഷേധിക്കുന്നു. അവര്‍ പറയുന്ന കഥ ഇപ്രകാരമാണ്.

സമുദ്രത്തില്‍ ഒഴുകിവന്നവന്‍

നടേ പറഞ്ഞ ദ്വീപില്‍നിന്ന് വളരെയൊന്നും അകലെയല്ലാതെ മറ്റൊരു ദ്വീപ് ഉണ്ടായിരുന്നു. ഫലഭൂയിഷ്ഠവും ജനനിബിഡവുമായ വലിയൊരു ദ്വീപായിരുന്നു അത്. അഹങ്കാരിയും ആര്‍ത്തനുമായ ഒരു രാജകുമാരനാണ് അവിടെ ഭരണം നടത്തിയിരുന്നത്. അയാള്‍ക്ക് അതീവ സുന്ദരിയായ ഒരു സഹോദരി ഉണ്ടായിരുന്നു. അവളെ വിവാഹം കഴിപ്പിച്ചയക്കാതെ അടച്ചുപൂട്ടി വളര്‍ത്തുകയായിരുന്നു അയാള്‍. യോഗ്യനായ ഒരു വരനെ കണ്ടെത്താന്‍ സാധിക്കാത്തതായിരുന്നു കാരണം. യഖ്ദാന്‍ എന്നുപേരായ ഒരു അടുത്ത ബന്ധുവുണ്ടായിരുന്നു അയാള്‍ക്ക്. അക്കാലത്ത് അവര്‍ക്കിടയില്‍ നടപ്പുണ്ടായിരുന്ന ഒരു ആചാരമനുസരിച്ച് അവന്‍ അവളെ രഹസ്യവിവാഹം ചെയ്തു. അധികം കഴിഞ്ഞില്ല, അവള്‍ ഗര്‍ഭിണിയാവുകയും ഒരാണ്‍കുട്ടിയെ പ്രസവിക്കുകയും ചെയ്തു. രഹസ്യം പുറത്താകുമെന്ന് ഭയപ്പെട്ട അവള്‍ വൈകുന്നേരം ആ കുഞ്ഞിനെ ഒരു പെട്ടകത്തില്‍ കിടത്തി ഭദ്രമായി അടച്ച്, തന്റെ വിശ്വസ്തരായ ചില പരിചാരകരും സുഹൃത്തുക്കളും മുഖേന കടല്‍ത്തീരത്ത് അയച്ചു. അവിടെ എത്തി, സ്‌നേഹ-ഭയ സമ്മിശ്രമായ ഹൃദയത്തോടെ അവനെ യാത്രയാക്കിക്കൊണ്ട് അവള്‍ പറഞ്ഞു: ''പടച്ചവനേ, നീയാണ് ഇവനെ ഇല്ലായ്മയില്‍നിന്ന് സൃഷ്ടിച്ചത്. അവന്റെ എല്ലാ അവയവങ്ങളും പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നത് വരെ എന്റെ ഗര്‍ഭപാത്രത്തിന്റെ ഇരുട്ടറയില്‍ നീയാണവനെ വളര്‍ത്തിയത്. ഇപ്പോള്‍, അക്രമിയും അഹങ്കാരിയുമായ ഈ രാജാവിന്റെ ക്രൂരതയെ ഭയന്നുകൊണ്ട് ഞാന്‍ അവനെ നിന്നെത്തന്നെ ഏല്‍പിക്കുകയാണ്. പരമദയാലുവായ നീ അവനെ സംരക്ഷിക്കുമെന്നും ഒരിക്കലും നിന്റെ കാവലില്‍നിന്ന് അവനെ അകറ്റുകയില്ലെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.''

അനന്തരം അവളാ പെട്ടകം കടലിലേക്ക് ഒഴുക്കിവിട്ടു. ആ രാത്രി തന്നെ ശക്തമായ ഒരു വേലിയേറ്റം അതിനെ നാം ആദ്യം പറഞ്ഞ ആ ദ്വീപിന്റെ കരയിലേക്ക് കൊണ്ടുവന്നു. ജലം വളരെയധികം പൊങ്ങിയിരുന്നതുകൊണ്ട് കരയില്‍ കുറേ ദൂരം ചെന്നാണ് പെട്ടകം അടിഞ്ഞത്. മറ്റൊരു സമയത്തായിരുന്നുവെങ്കില്‍ ഒരിക്കലുമത് അത്രയും ദൂരം ചെല്ലുമായിരുന്നില്ല (വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് ജലം അത്രമേല്‍ ഉയരത്തില്‍ പൊങ്ങാറുള്ളത്).

മരങ്ങള്‍ ഇടതിങ്ങിനില്‍ക്കുന്ന, കാറ്റും മഴയും കടന്നുചെല്ലാത്ത, മനോഹരമായ ഒരു മേട്ടിലാണ് പെട്ടകം ചെന്നുനിന്നത്. ഉദിക്കുമ്പോഴോ അസ്തമിക്കുമ്പോഴോ അതിനുള്ളിലേക്ക് വെയിലിന് നുഴഞ്ഞുകേറാനാവാത്തവിധം സൂര്യന്‍ മറയ്ക്കപ്പെട്ടിരുന്നു. വേലിയിറക്കത്തില്‍ വെള്ളം പിന്‍വലിഞ്ഞപ്പോള്‍ ഒരു പെട്ടകം അവിടെ തങ്ങിനിന്നു. ഒരു കാറ്റ് വന്ന് മണല്‍ അടിച്ചുകൂട്ടി പെട്ടകത്തിനും കടലിനുമിടയില്‍ വലിയൊരു കൂന ഉയര്‍ത്തി. ഭാവിയില്‍ ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കത്തില്‍നിന്ന് പെട്ടകത്തെ രക്ഷിക്കാന്‍ മാത്രം പൊക്കവും ഭദ്രതയും അതിനുണ്ടായിരുന്നു.

തിരമാലകള്‍ പെട്ടകത്തെ ഒരു കാട്ടിലേക്ക് തള്ളിയപ്പോള്‍ അതിന്റെ ആണികള്‍ ഇളകിയിരുന്നു. വിശപ്പ് കഠിനമായപ്പോള്‍ കുഞ്ഞ് കാലിട്ടടിച്ച് കരഞ്ഞു. കിടാവിനെ നഷ്ടപ്പെട്ട ഒരു മാന്‍പേട ആ കരച്ചില്‍ കേള്‍ക്കാനിടയായി. തന്റെ കുഞ്ഞിന്റെ കരച്ചിലാവാമെന്ന് അവള്‍ ഊഹിച്ചു. അങ്ങനെ ആ നിലവിളിയെ പിന്തുടര്‍ന്ന് പെട്ടകത്തിന്റെ അരികിലെത്തി. പുറത്ത്‌നിന്ന് മാന്‍പേടയുടെ കുളമ്പുകൊണ്ടുള്ള ചവിട്ടും, അകത്ത്‌നിന്ന് കുഞ്ഞിന്റെ തള്ളലും. ഒടുവില്‍ പെട്ടകത്തിന്റെ മൂടി പൊളിഞ്ഞു. കുഞ്ഞിനോട് അനുകമ്പയും സ്‌നേഹവും തോന്നിയ മാന്‍പേട തന്റെ മുലപ്പാല്‍ യഥേഷ്ടം ഈമ്പിക്കുടിക്കാന്‍ അവന് നല്‍കി. അതിനുശേഷം അവള്‍ തുടര്‍ച്ചയായി അവനെ സന്ദര്‍ശിച്ച് മുലപ്പാല്‍ നല്‍കി. എല്ലാവിധ ഉപദ്രവങ്ങളില്‍നിന്നും അവനെ സംരക്ഷിച്ചു.

ഇതാണ് ഹയ്യ്ബ്‌നു യഖ്ദാന്റെ ജനനത്തെക്കുറിച്ച് അവര്‍ പറയുന്ന കഥ. അവന്‍ എങ്ങനെ വളര്‍ന്നുവെന്നും ഒരവസ്ഥയില്‍നിന്ന് മറ്റൊരവസ്ഥയിലേക്ക് എങ്ങനെ പുരോഗമിച്ചുവെന്നും അവസാനം പരിപൂര്‍ണതയുടെ അത്യുന്നത പദവി എങ്ങനെ പ്രാപിച്ചുവെന്നും നാം പിന്നീട് വിവരിക്കുന്നതാണ്.

മാതാപിതാക്കളില്ലാതെ ജനിച്ചവന്‍

മറുവശത്ത്, അവന്റെ ജനനം ഉമ്മയും ബാപ്പയും ഇല്ലാതെയാണെന്ന് പറയുന്നവരുടെ വിശദീകരണം ഇപ്രകാരമാണ്: പ്രസ്തുത ദ്വീപിലെ ഒരു താഴ്ന്ന നിലത്ത് മണ്‍കട്ട വര്‍ഷങ്ങളായി തിളച്ചുമറിഞ്ഞ് അതില്‍ ചൂടും തണുപ്പും ഈര്‍പ്പവും വരള്‍ച്ചയും ഒന്ന് മറ്റേതിനെ മറികടക്കാത്തവിധം തുല്യഅളവില്‍ കൂടിക്കലരാന്‍ സംഗതിയായി. സാമാന്യം വലിപ്പമുണ്ടായിരുന്ന ആ മണ്‍കട്ടയുടെ ചില ഭാഗങ്ങള്‍ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ നന്നായും സമമായും പതപ്പെട്ടിരുന്നു. ശുക്ലരസം രൂപപ്പെടാന്‍ ഏറ്റവും ഉചിതമായ പാകത്തിലായിരുന്നു അവ. പ്രത്യേകിച്ചും അതിന്റെ മധ്യഭാഗം മനുഷ്യശരീരത്തിന്റെ പ്രകൃതത്തോട് വളരെ അടുത്തുനിന്നിരുന്നു. അപ്പോഴും തിളച്ചുകൊണ്ടിരുന്നതിനാല്‍ ആ മണ്‍കട്ടയില്‍നിന്ന്, അതിന്റെ പശിമയും അര്‍ധദ്രവാവസ്ഥയും കാരണമായി, ഏതാനും കുമിളകള്‍ ഉയര്‍ന്നുവന്നു. കൂട്ടത്തില്‍ ഒരു ചെറുകുമിള ഒരു നേര്‍ത്ത ഭിത്തി കൊണ്ട് രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. അതിന്റെ ഉള്‍ഭാഗം നിറയെ അരൂപിയും വായു സമാനവുമായ ഒരു വസ്തുവായിരുന്നു. സങ്കല്‍പിക്കാന്‍ കഴിയുന്നതില്‍വെച്ച് ഏറ്റവും സമതുലിതമായ പ്രകൃതവുമായിരുന്നു അതിന്. ആ സാധനത്തിലേക്ക് ദൈവത്തിന്റെ ആജ്ഞപ്രകാരം ഒരാത്മാവ് ഊതപ്പെടുകയും ചിന്തയില്‍ പോലും വേര്‍പ്പെടുത്താനാവാത്തവിധം അതുമായി കൂടിച്ചേരുകയും ചെയ്തു. അത്യുന്നതനും മഹാനുമായ ദൈവത്തില്‍നിന്ന് അനുസ്യൂതമായും സമൃദ്ധമായും പ്രസരിക്കുന്നതാകയാല്‍ അതിനെ സൂര്യനില്‍നിന്ന് ഇടമുറിയാതെയും വന്‍തോതിലും പ്രസരിച്ചുകൊണ്ടിരിക്കുന്ന പ്രകാശവുമായി താരതമ്യപ്പെടുത്താവുന്നതാണ്.

ചില വസ്തുക്കള്‍ പ്രകാശത്തെ പ്രതിഫലിപ്പിക്കാറില്ല. നേര്‍ത്ത വായു ഒരുദാഹരണമാണ്. മറ്റുചില വസ്തുക്കള്‍ പ്രകാശത്തെ അപൂര്‍ണമായി പ്രതിഫലിപ്പിക്കുന്നത് കാണുവാനാകും. മിനുസപ്പെടുത്താത്ത അതാര്യ വസ്തുക്കളാണ് ഇതിനുദാഹരണം (ഇവയുടെ നിറങ്ങളില്‍ കാണുന്ന വ്യത്യാസം അവ പ്രകാശത്തെ സ്വീകരിക്കുന്ന രീതിയുടെ വ്യത്യാസം കൊണ്ട് ഉണ്ടാകുന്നതാണ്). എന്നാല്‍, കണ്ണാടി പോലെ മിനുസമാര്‍ന്ന മറ്റുചില വസ്തുക്കള്‍ പ്രകാശത്തെ ഉയര്‍ന്ന തോതില്‍ പ്രതിഫലിപ്പിക്കുന്നു.

ഇത്തരം ചില്ലുകളെ ഒരു പ്രത്യേക രീതിയില്‍ കുഴിക്കുകയാണെങ്കില്‍ അവ ധാരാളം പ്രകാശത്തെ ശേഖരിച്ച് തീ ഉല്‍പാദിപ്പിക്കും. അപ്രകാരം ദൈവകല്‍പനയനുസരിച്ച് ആഗതമാകുന്ന ആത്മാവ് എല്ലാ വസ്തുക്കളിലും പ്രവര്‍ത്തിച്ചെങ്കിലും ചിലതില്‍ അതിന്റെ സ്വാധീനം പ്രത്യക്ഷമാവുകയില്ല. അതിനു കാരണം ആ വസ്തുക്കള്‍ക്ക് അതിനു യോഗ്യത ഇല്ലെന്നതാണ്. അചേതന വസ്തുക്കള്‍ ഈ ഗണത്തില്‍പെടുന്നു. മുന്‍ ഉദാഹരണത്തിലെ നേര്‍ത്ത വായുവിന്റെ സ്ഥാനത്താണ് അവ. മറ്റൊരു ഗണത്തില്‍പെട്ട വസ്തുക്കളില്‍ അതിന്റെ ചില സ്വാധീനങ്ങള്‍ മാത്രം പ്രകടമാകുന്നതാണ്. സസ്യങ്ങള്‍ അവയില്‍ പെടുന്നു. നാം പറഞ്ഞ ഉദാഹരണത്തിലെ മിനുസപ്പെടുത്താത്ത അതാര്യ വസ്തുക്കളുടെ സ്ഥാനമാണ് അവക്കുള്ളത്. അവസാനത്തെ ഗണത്തില്‍പെട്ടവ ആത്മാവിന്റെ സ്വാധീനം ശരിക്കും പ്രകടമാക്കുന്നവയാണ്. നമ്മുടെ ഉദാഹരണത്തിലെ മിനുസപ്പെടുത്തിയ വസ്തുക്കളുടെ സ്ഥാനത്താണവ. എല്ലാ ജീവജാലങ്ങളും ഈ ഗണത്തില്‍പെടുന്നവയാണ്.

മിനുസപ്പെടുത്തപ്പെട്ട വസ്തുക്കളില്‍ ചിലതിന്, സൂര്യപ്രകാശം സ്വീകരിക്കാനുള്ള മികച്ച ശേഷി ഉള്ളതിനുപുറമെ, സൂര്യസമാനമായ ഒരു രൂപം അവ നല്‍കുകയും ചെയ്യുന്നു. അതുപോലെ ജീവികളില്‍ ചിലതിന് ആത്മാവിനെ സ്വീകരിക്കാന്‍ കഴിവുള്ളതോടൊപ്പം അതിനോട് സാദൃശ്യവും പുലര്‍ത്തുന്നു. ആത്മാവിന്റെ പ്രതിഛായയിലാണ് അവ രൂപപ്പെട്ടിരിക്കുന്നത്. - പ്രത്യേകിച്ചും മനുഷ്യന്‍. അതിനെക്കുറിച്ചാണ് പ്രവാചകന്‍ പറഞ്ഞത്, 'ദൈവം ആദമിനെ സ്വന്തം പ്രതിഛായയില്‍ സൃഷ്ടിച്ചിരിക്കുന്നു' എന്ന്.

പ്രസ്തുത പ്രതിഛായ ശക്തിപ്പെടുകയും അതിന്റെ മുമ്പില്‍ മറ്റുള്ളതെല്ലാം ഒന്നുമല്ലാതായിത്തീരുകയും, അതിന്റെ പ്രകാശത്തിന്റെ ശക്തി കൊണ്ട് അതിനുമുമ്പില്‍ വരുന്ന എന്തിനെയും വിഴുങ്ങിക്കൊണ്ട് അത് അദൈ്വതമാവുകയും ചെയ്യുമ്പോള്‍, അതിനെ-പ്രകാശത്തെ-തന്നില്‍ത്തനെ പ്രതിഫലിപ്പിക്കുകയും മറ്റെല്ലാറ്റിനെയും കരിച്ചുകളയുകയും ചെയ്യുന്ന ഗ്ലാസിനോട് താരതമ്യപ്പെടുത്താവുന്നതാണ്. എന്നാല്‍ ഈ ഒന്നത്യം പ്രവാചകന്മാര്‍ക്ക് (അല്ലാഹു അവരെ അനുഗ്രഹിക്കുമാറാകട്ടെ) മാത്രം പ്രാപ്യമായ ഒരവസ്ഥയാണ്.

ഇതെല്ലാം സന്ദര്‍ഭോചിതം ഞാന്‍ വിശദീകരിക്കുന്നതാണ്. ഇപ്പോള്‍ നമ്മള്‍ പറഞ്ഞുവന്ന സൃഷ്ടിപ്പിന്റെ കഥയിലേക്കു നമുക്ക് മടങ്ങിവരാം. അവര്‍ പറയുന്നു: ആത്മാവ് അറയില്‍ വന്നിറങ്ങിയ ഉടനെ മറ്റെല്ലാ കഴിവുകളും ദൈവത്തിന്റെ അനുമതി പ്രകാരം അതിന് സ്വയം സമര്‍പ്പിച്ചു. അനന്തരം, പ്രസ്തുത എതിര്‍വശത്തായി മറ്റൊരു കുമിള പൊങ്ങിവരുകയും, നേര്‍ത്ത പാടകള്‍കൊണ്ട് വേര്‍തിരിക്കപ്പെട്ട മൂന്ന് കീഴറകളായി വിഭജിക്കുകയും ചെയ്തു. വായു സമാനമായ ഒരു വസ്തു അവയില്‍ നിറഞ്ഞുനിന്നിരുന്നു. ആദ്യത്തെ അറയിലുള്ളതില്‍നിന്ന് ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ല അത്. എന്നാല്‍, ആദ്യത്തേതിനേക്കാള്‍ സ്‌നിഗ്ധമായിരുന്നു.

ഒന്നാമത്തെ അറയില്‍ കുടിയിരുത്തപ്പെട്ട ആത്മാവിനെപറ്റി പറയുകയുണ്ടായല്ലോ. അതിന് ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും എത്തിച്ചുകൊടുക്കാന്‍ നിയുക്തമായ എല്ലാ കഴിവുകളും ഈ മൂന്ന് അറകളിലാണ് വെക്കപ്പെട്ടിരുന്നത്. പിന്നെ ഒന്നാമത്തെ അറയുടെ വലതു ഭാഗത്തും രണ്ടാമത്തെ അറയുടെ എതിര്‍വശത്തുമായി മൂന്നാമതൊരു കുമിള പൊന്തിവന്നു. മറ്റു രണ്ടു അറകളിലുമുള്ളതിനേക്കാള്‍ സാന്ദ്രതയുള്ള, വായു സമാനമായ ഒരു വസ്തു അതില്‍ നിറക്കപ്പെട്ടിരുന്നു. മറ്റു ചില ചെറുകഴിവുകളെ കുടിയിരുത്തുന്നതിനുവേണ്ടിയാണ് ഈ അറ ഉണ്ടാക്കപ്പെട്ടത്.

ചുരുക്കത്തില്‍, നാം വിവരിച്ചുകഴിഞ്ഞ ഇതേ ക്രമത്തിലാണ് പ്രസ്തുത മൂന്ന് അറകളും ഉണ്ടാക്കപ്പെട്ടത്. ആ വലിയ മണ്‍പിണ്ഡത്തില്‍നിന്ന് രൂപംകൊണ്ട ആദ്യത്തെ അവയവം അതായിരുന്നു. പരസ്പര സഹായം അത്യാവശ്യമായ അവസ്ഥയിലായിരുന്നു അവ. ആദ്യത്തേതിന് മറ്റു രണ്ടിനെയും സേവകരായി വേണ്ടിയിരുന്നു. അവ രണ്ടിനുമാകട്ടെ യജമാനനും കാര്യദര്‍ശിയുമായി ഒന്നാമത്തേതിനെയും ആവശ്യമായിരുന്നു. ഈ രണ്ടു അറകളുടെമേല്‍ ആദ്യത്തെ അറക്ക് മേധാവിത്വം രണ്ടാമത്തേതിനേക്കാള്‍ അധികാരമുണ്ടായിരുന്നു. അവ രണ്ടുമാകട്ടെ അവക്കുശേഷം രൂപം കൊണ്ട മറ്റെല്ലാ അവയവങ്ങളെക്കാളും മേധാവിത്വം പുലര്‍ത്തി. ഏറ്റവും ആദ്യത്തെ അറ, അതില്‍ വന്നിറങ്ങിയ ആത്മാവിന്റെ ശക്തി കൊണ്ടും അനുസ്യൂതമായ തിളച്ചുമറിയലിന്റെ ചൂട്‌കൊണ്ടും അഗ്നിയെപ്പോലെ കോണാകൃതിയുള്ള ഒരു രൂപമായി മാറി. അതുമുഖേന ആ കട്ടിയുള്ള വസ്തുവിനും അതേ രൂപം ലഭിച്ചു. അതൊരു ഉറച്ച മാംസമാവുകയും അതിനെ സംരക്ഷിച്ചുകൊണ്ട് ഒരു കട്ടിയുള്ള പാട മൂടുകയും ചെയ്തു. ഈ അവയവത്തിനു മൊത്തമായി നാം പറയുന്ന പേരാണ് ഹൃദയം.

ധാരാളം ചൂടുള്ള ഇടങ്ങളില്‍ വലിയ അളവില്‍ ഈര്‍പ്പം നഷ്ടപ്പെടുമല്ലോ. അതിനാല്‍, അത് നിരന്തരം പരിഹരിച്ചുകൊണ്ടിരിക്കുന്ന ഒരവയവം അത്യാവശ്യമാണ്. അല്ലാത്തപക്ഷം അധിക കാലം അത് നിലനില്‍ക്കുകയില്ല. അതോടൊപ്പം തന്നെ, ഗുണകരമായതെന്തെന്നറിഞ്ഞ് സ്വീകരിക്കാനും ദോഷകരമായതെന്തെന്ന് മനസ്സിലാക്കി തിരസ്‌കരിക്കാനുമുള്ള ഒരു ബോധവും അതിന് ആവശ്യമാണ്. ഈ സേവനം നിര്‍വഹിക്കുവാനായി രണ്ട് അവയവങ്ങള്‍ രൂപപ്പെട്ടു. മസ്തിഷ്‌കവും കരളും. ഒന്നാമത്തേത് ബോധവുമായി ബന്ധപ്പെട്ട സകല കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചു. രണ്ടാമത്തേതിനെ ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഏല്‍പിക്കപ്പെട്ടത്. അവ രണ്ടും അവക്കാവശ്യമായ ചൂടിനും, അവയുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ വേണ്ട കഴിവുകള്‍ക്കും ഹൃദയത്തെയാണ് ആശ്രയിച്ചത്. അവയുടെ വിതരണത്തിന് വേണ്ടി, ആവശ്യാനുസൃതം വലുതും ചെറുതുമായ കുഴലുകളും നാളികളും കൂട്ടിപ്പിണച്ചു. അവയാണ് നാഡികളും ഞരമ്പുകളും.

ഇവ്വിധം, ഗര്‍ഭാശയത്തില്‍ ഭ്രൂണം രൂപപ്പെടുന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ വിവരിക്കുന്നത്‌പോലെ, ഓരോ അവയവത്തിന്റെയും വളര്‍ച്ചയെപ്പറ്റി യാതൊന്നും വിട്ടുകളയാതെ പൂര്‍വികര്‍ വിവരിക്കുന്നുണ്ട്. അങ്ങനെ അവ പൂര്‍ണമായും രൂപംകൊണ്ട്, പ്രസവത്തിന് പാകമായ ഗര്‍ഭസ്ഥ ശിശുവിന്റെ അവസ്ഥയിലെത്തി. തിളച്ചുമറിയുന്ന ആ വലിയ മണ്‍കട്ടയില്‍ മനുഷ്യ സൃഷ്ടിപ്പിന് ആവശ്യമായ സകല സാമഗ്രികളും, ശരീരത്തെ പൊതിയാനാവശ്യമായ തൊലിയും മറ്റെല്ലാ വസ്തുക്കളും അടക്കം, ഉണ്ടായിരുന്നുവത്രെ. അവസാനം എല്ലാ അവയവങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അതിനെ പൊതിഞ്ഞുനിന്നിരുന്ന ആവരണം പിളരുകയും അവശേഷിച്ച മണ്ണ് ഉണങ്ങി കഷ്ണങ്ങളായി അടര്‍ന്നു വീഴുകയും ചെയ്തു.

അവ്വിധം പുറംലോകത്തേക്ക് ആഗതനായ ശിശു തനിക്കു ലഭിച്ചുകൊണ്ടിരുന്ന ഭക്ഷണം മുട്ടിയതറിഞ്ഞു നിലവിളിക്കാന്‍ തുടങ്ങി. ആ നിലവിളിയാണ് കിടാവിനെ നഷ്ടപ്പെട്ട മാന്‍പേട കേള്‍ക്കാനിടയായത്.

ഇവിടം മുതല്‍ കഥയുടെ ബാക്കി ഭാഗത്തെക്കുറിച്ച് രണ്ടു വീക്ഷണക്കാര്‍ക്കും ഒരേ അഭിപ്രായമാണുള്ളത്. അവന്റെ വളര്‍ച്ച, വിദ്യാഭ്യാസം തുടങ്ങി ഒരു കാര്യത്തിലും അവര്‍ക്കിടയില്‍ വീക്ഷണ വ്യത്യാസമില്ല. അതു സംബന്ധിച്ചുള്ള പൂര്‍വികന്മാരുടെ വിവരണമാണ് ഇനി പറയാന്‍ പോകുന്നത്. 

(തുടരും)

* മധ്യകാല മുസ്‌ലിം ഭൂമിശാസ്ത്രജ്ഞന്മാര്‍ ജനവാസമുള്ള ഭൂപ്രദേശങ്ങളെ ഏഴ് കാലാവസ്ഥാ മേഖലകളായി തിരിച്ചിരുന്നു. ഇഖ്‌ലീം എന്ന പേരിലാണ് അവ അറിയപ്പെട്ടിരുന്നത്. ക്ലൈമറ്റ് എന്ന ഇംഗ്ലീഷ് പദം ഇതില്‍നിന്ന് ഉണ്ടായതാവാം - വിവ.

വിവ: റഹ്മാന്‍ മുന്നൂര്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 131-135
എ.വൈ.ആര്‍