നേടാനൊരു ലക്ഷ്യവുമില്ലാതിരിക്കുമ്പോള്‍ മടുപ്പും മുഷിപ്പും നമ്മില്‍ വിരുന്നെത്തുന്നു
അയാള്‍ പറഞ്ഞു തുടങ്ങി: ''ആഡംബര ജീവിതമാണ് ഞാന്‍ നയിക്കുന്നത്. ആശിച്ചതെല്ലാം ഞാന്‍ സ്വന്തമാക്കിയിട്ടുണ്ട്. സ്വന്തമായി നല്ല ഒരു ഭവനമുണ്ട്. വാഹനമുണ്ട്. കുട്ടികളോടും കുടുംബത്തോടുമൊപ്പമാണ് ജീവിക്കുന്നത്. ഉയര്‍ന്ന ജോലി, നല്ല ശമ്പളം. ബിസിനസില്‍ നിന്നുള്ള വരുമാനം വേറെ. സമൂഹത്തിലും വിലയും നിലയും അംഗീകാരവുമുണ്ട്. ഇതൊക്കെയുണ്ടായിട്ടും ഞാന്‍ സന്തുഷ്ടനല്ല. എന്റെ അസന്തുഷ്ടിക്കെന്താണ് കാരണമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.''
ഞാന്‍ മൗനം അവലംബിച്ചു. ഒന്നും സംസാരിച്ചില്ല. അയാള്‍ തെല്ലിട എന്റെ മുഖത്തേക്ക് പകച്ചുനോക്കി വീണ്ടും സംസാരം തുടര്‍ന്നു: ''ജീവിതത്തിലെ അസന്തുഷ്ടിക്ക് എന്താണ് കാരണമെന്ന് തീരെ തിരിയുന്നില്ല. മതവിശ്വാസം പരീക്ഷിച്ചു. കുറച്ചുകാലം നല്ല മതനിഷ്ഠയോടെ ജീവിച്ചുനോക്കി. നമസ്‌കാരം, നോമ്പ് തുടങ്ങി എല്ലാ ആരാധനാ കര്‍മങ്ങളും ചിട്ടയോടെ നിര്‍വഹിച്ചു. എന്നിട്ടും അസന്തുഷ്ടി തന്നെ. നിങ്ങളുടെ അഭിപ്രായത്തില്‍ ഇതിനെന്താണ് വ്യാഖ്യാനം?''
ഞാന്‍ ആത്മഗതം ചെയ്തു: ''നീ മൗനം പാലിക്കൂ. അയാള്‍ നല്ലവണ്ണം പറഞ്ഞ് തീരട്ടെ. സംസാരത്തിന്റെ കെട്ടഴിക്കാന്‍ വിടുന്നതും ചികിത്സയുടെ ഒരു ഭാഗം തന്നെയാണ്.''
പിന്നെ മേശപ്പുറത്ത് ഉറക്കെ അടിച്ചു അയാള്‍ വീണ്ടും തുടര്‍ന്നു: ''എനിക്ക് എല്ലാം മടുത്തു. നിരാശനാണ് ഞാന്‍. ജീവിതം കഥകെട്ടതാണെന്ന് തോന്നിത്തുടങ്ങിയ ഞാന്‍ ഇപ്പോള്‍ അധികമാരോടും ഇടപെടാറില്ല. എന്റെ ഏകാന്തതയില്‍ ഒറ്റക്കങ്ങനെ കഴിഞ്ഞുകൂടുന്നു. എല്ലാറ്റിനോടും ഒരു വിരക്തി, വീര്‍പ്പുമുട്ടല്‍.'' അതും പറഞ്ഞ് അയാള്‍ നീണ്ട മൗനത്തിലാണ്ടു. മൗനം ഭഞ്ജിച്ചു ഞാന്‍ പറഞ്ഞു: ''നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു കാര്യം വിശദീകരിച്ചുതരാം. നിങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞ സ്വത്തും മുതലും സാമൂഹിക പദവിയും കുടുംബവും വീടുമെല്ലാം ഞങ്ങളുടെ ഭാഷയില്‍ ജീവിതത്തിന്റെ ചമയങ്ങളാണ്. അവ നിങ്ങള്‍ക്ക് സൗഭാഗ്യവും സന്തോഷവും നല്‍കണമെന്നില്ല. നിങ്ങളുടെ സന്തോഷത്തില്‍ പങ്ക് വഹിക്കുന്ന ഘടകങ്ങള്‍ മാത്രമാണവ. ഒന്ന് കൂടി വിശദമായി പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ഭാവി പദ്ധതികള്‍ മുന്നിലുണ്ടെങ്കില്‍ അവ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായകമാവുന്ന ഉപാധികളാണവ.''
അയാള്‍: ''സന്തോഷവും സൗഭാഗ്യവും കൈവരുത്തുന്ന പദ്ധതിയെന്നത് കൊണ്ട് താങ്കള്‍ എന്താണുദ്ദേശിച്ചത്?''
ഞാന്‍ പറഞ്ഞു: ''പൂര്‍ണ സന്തോഷവാനാവാന്‍ ഒന്നാമതായി വേണ്ടത് നിങ്ങള്‍ സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും മൂന്ന് അടിസ്ഥാന ഉപാധികള്‍ സ്വായത്തമാക്കുകയാണ്.
ഒന്ന്: നിങ്ങളുടെ സ്വത്വത്തെയും ശരീരത്തെയും കുറിച്ച ശ്രദ്ധയും പരിഗണനയും.
രണ്ട്: ആത്മാവിനുള്ള കരുതലും ശ്രദ്ധയും.
മൂന്ന്: നിങ്ങളുടെ വികാരങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും നല്‍കുന്ന പരിഗണന.
അയാള്‍: ''ഈ അടിസ്ഥാനങ്ങള്‍ മൂന്നും ഒന്ന് വിശദീകരിക്കാമോ?''
''സ്വത്വത്തെയും ശരീരത്തെയും കുറിച്ച ശ്രദ്ധയും പരിഗണനയുമാണല്ലോ ഒന്നാമത്തേത്. ജീവിതത്തില്‍ നിങ്ങള്‍ക്കൊരു ലക്ഷ്യം വേണം. ആ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന് വേണ്ടി നടത്തുന്ന പ്രയത്‌നങ്ങളും ഉണ്ടാവണം. ജീവിതം, മുന്നിലുള്ള ലക്ഷ്യത്തിലെത്താനുള്ള ചുവടുവെപ്പുകളാണെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടാവും. അതാണ് ജീവിതത്തിന് അര്‍ഥം പകരുന്നത്. നേടാന്‍ ഒരു ലക്ഷ്യമില്ലാതിരിക്കുമ്പോഴാണ് മനുഷ്യന് മടുപ്പും മുഷിപ്പുമൊക്കെ അനുഭവപ്പെടുന്നത്. ലക്ഷ്യമെത്തിപ്പിടിക്കാനുള്ള കഠിനാധ്വാനത്തിലും വെല്ലുവിളികള്‍ നേരിടാനുള്ള കരുത്തിലും നിശ്ചയദാര്‍ഢ്യത്തിലുമാണ് ജീവിതത്തിന്റെ സൗന്ദര്യം. ശരീരത്തെക്കുറിച്ച ശ്രദ്ധയെന്നാല്‍ ആവശ്യത്തിന് ഉറക്കവും വിശ്രമവും വിനോദവും വ്യായാമവും വേണമെന്നാണ്. ഇവയെല്ലാം നിങ്ങളുടെ സന്തോഷത്തില്‍ പങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. ആത്മാവിന് നല്‍കുന്ന പരിഗണനയെന്നത് ആത്മീയ വിഷയങ്ങളില്‍ താല്‍പര്യവും അഭിനിവേശവും ഉണ്ടാക്കിയെടുക്കലാണ്. അല്ലാഹുവുമായുള്ള ബന്ധവും നമസ്‌കാരവും ദിക്‌റും പ്രാര്‍ഥനയും വിഷമവേളകളില്‍ ഓടിച്ചെന്ന് അവന്റെ സവിധത്തില്‍ സങ്കടം സമര്‍പ്പിക്കാനുള്ള വെമ്പലും നിങ്ങള്‍ക്ക് കരുത്ത് പകരും. നിങ്ങളുടെ മനോദാര്‍ഢ്യം വര്‍ധിപ്പിക്കും. പ്രശ്‌നങ്ങളില്‍ ഉറച്ച നിലപാടു സ്വീകരിക്കാന്‍ നിങ്ങളെ സഹായിക്കും. ദൈവനിശ്ചയത്തിലും വിധിയിലു(ഖദ്ര്‍, ഖളാഅ്)മുള്ള വിശ്വാസം നിങ്ങളുടെ മനസ്സില്‍ സമാധാനമുളവാക്കും. ബന്ധങ്ങള്‍ക്കും വികാരങ്ങള്‍ക്കുമുള്ള പരിഗണനകൊണ്ട് അര്‍ഥമാക്കുന്നത് നമ്മുടെ വിചാരങ്ങളും വികാരങ്ങളും ചിന്തകളും ശരിയായ വിധത്തില്‍ പ്രകടിപ്പിക്കാന്‍ ശീലിക്കുകയാണ്. നിരന്തര സാധന വേണ്ട രംഗമാണത്. മറ്റുള്ളവരുമായുള്ള കലങ്ങിയ ബന്ധം മൂലമോ മറ്റുള്ളവരെ കൈകാര്യം ചെയ്യുന്നതില്‍ നമ്മുടെ പിടിപ്പുകേടോ കാരണമായുണ്ടാവുന്നതാണ് നമ്മോടു തന്നെ നമുക്ക് തോന്നുന്ന അസംതൃപ്തി.
അതിനാല്‍ നമ്മുടെ വികാരങ്ങളെക്കുറിച്ചും അന്തര്‍ഹിതങ്ങളെ സംബന്ധിച്ചും നമുക്ക് നല്ല കരുതലും ശ്രദ്ധയും വേണം. പ്രതികാരവാഞ്ഛ, ദേഷ്യം, വൈരാഗ്യം, മോഹഭംഗം തുടങ്ങിയ വിധ്വംസക പ്രവണതകളാല്‍ നാം നമ്മെത്തന്നെ നശിപ്പിക്കരുത്. പകരം സ്‌നേഹിച്ചും വിട്ടുവീഴ്ച ചെയ്തും സൗമനസ്യം പ്രകടിപ്പിച്ചും അത്തരം സന്ദര്‍ഭങ്ങളെ നമുക്ക് കൈകാര്യം ചെയ്യാം. സാമൂഹിക ബന്ധങ്ങള്‍ അറ്റുപോവാതെ പരിപാലിച്ചു പോരുകയെന്നത് അത്ര എളുപ്പമല്ല, എന്ന് മാത്രമല്ല പ്രയാസകരം കൂടിയാണ്; പ്രത്യേകിച്ചും സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമ്പോള്‍. ഓരോരുത്തരും തങ്ങളുടെ ശരികളില്‍ ഉറച്ചുനില്‍ക്കുകയും തങ്ങളുടെ നിലപാടിനെ ന്യായീകരിക്കാന്‍ ഒരുമ്പെടുകയും ചെയ്യുമ്പോള്‍ ശബ്ദങ്ങള്‍ ഉയര്‍ന്നുപൊങ്ങും, പരുക്കന്‍ വാക്കുകള്‍ എടുത്തു പ്രയോഗിക്കും, കടിച്ചുകീറി സംസാരിക്കും. ഇത്തരം ഒരവസ്ഥയില്‍ സ്‌നേഹബന്ധത്തിന്റെ ചരടറ്റ് പോവാതെ ശുദ്ധമനസ്‌കനായി പുറത്തുകടക്കാനായാല്‍ നിങ്ങള്‍ സാമൂഹികജീവി എന്ന നിലയില്‍ വിജയിച്ചു എന്ന് കരുതണം.''
എല്ലാം ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്ന അയാളോട് ഞാന്‍ അവസാനമായി പറഞ്ഞു: ''ഈ മൂന്ന് കാര്യങ്ങളും നിങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ നിറവേറ്റിക്കഴിയുന്നതോടെ നിങ്ങള്‍ തുടക്കത്തില്‍ പറഞ്ഞ സമ്പത്തും പദവിയും സുഹൃത്തുക്കളും കുടുംബവും നിങ്ങളുടെ സന്തോഷം വര്‍ധിപ്പിക്കുന്ന ഘടകമായിത്തീരും. ഈ മൂന്ന് പ്രധാന ഘടകങ്ങളും അവഗണിച്ച് മറ്റുള്ളവര്‍ നിങ്ങള്‍ക്ക് സന്തോഷം നേടിത്തരണമെന്ന് വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല.''
''താങ്കള്‍ ഇപ്പോള്‍ വിശദീകരിച്ച സിദ്ധാന്തങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ ജീവിതം ആനന്ദപൂര്‍ണമാവുമോ?''
''അതേ, തീര്‍ച്ചയായും. പൊട്ടിവിടരുന്ന ഓരോ പ്രഭാതവും ഓരോ പുതിയ അനുഭവത്തിലേക്കുള്ള പ്രവേശനമായി നിങ്ങള്‍ക്കിതോടെ തോന്നിത്തുടങ്ങും. സന്തോഷത്തിന്നുള്ള ആശയും സ്വപ്നവും ഉണ്ടായത് കൊണ്ടു മാത്രമായില്ല, അവ സാക്ഷാല്‍കരിക്കാനുള്ള നിശ്ചയദാര്‍ഢ്യവും നിങ്ങള്‍ക്ക് വേണം.''
ചില പുതിയ തീരുമാനങ്ങളുമായി അയാള്‍ മുറി വിട്ടിറങ്ങുമ്പോള്‍ ഞാന്‍ ഓര്‍മിപ്പിച്ചു: ''നിങ്ങളുടെ ജീവിതത്തിലെ സന്തോഷം നിങ്ങള്‍ തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ്. പുറമെയൊരാള്‍ക്ക് അത് ഉണ്ടാക്കിത്തരാന്‍ കഴിയില്ല.''
വിവ: പി.കെ ജമാല്‍
Comments