Prabodhanm Weekly

Pages

Search

2014 ജൂണ്‍ 27

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയും ന്യൂനപക്ഷങ്ങളും

അബ്ദുല്‍ അസീസ് കൊല്‍ക്കത്ത /യാത്ര-2

         സ്‌റുല്‍ ഇസ്‌ലാമും മഹ്മൂദുല്‍ മഅ്‌സൂമും ബംഗ്ലാദേശ് പത്രപ്രവര്‍ത്തകരാണ്. മാസങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്ത സന്ദര്‍ശിച്ച അവരെ പ്രമുഖ പത്രപ്രവര്‍ത്തകനായ എസ്.എന്‍.എം ആബിദി മുഖേന ഞാന്‍ പരിചയപ്പെട്ടിരുന്നു. ബിശ്വാസിന്റെ കൂടെ ധാക്കയിലെത്തിയപ്പോള്‍ ഇരുവരെയും ഫോണില്‍ ബന്ധപ്പെട്ട് ഞങ്ങളുടെ താമസസ്ഥലത്തെക്കുറിച്ച് വിവരം നല്‍കിയിരുന്നു. ഉച്ച നേരം ഞങ്ങളുടെ താമസസ്ഥലത്ത് അവാമി ലീഗുകാര്‍ അടക്കം ധാരാളം ആളുകളെത്തി. ആ സമയം നസ്‌റുല്‍ ഇസ്‌ലാമും മഹ്മൂദുല്‍ മഅ്‌സൂമും വന്നു. സ്വന്തം വീട്ടില്‍ താമസിക്കാന്‍ എന്നെയും ബിശ്വാസിനെയും അവര്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു. അവിടെ എത്തിച്ചേര്‍ന്നവരെ ഉപേക്ഷിച്ച് ഇവരുടെ കൂടെ പോവാന്‍ ബിശ്വാസിന്റെ മനസ്സ് സമ്മതിച്ചില്ല. കാരണം, വന്നവരുമായി അപ്പോള്‍ സംഭാഷണം തുടരുന്നുണ്ടായിരുന്നു. ബിശ്വാസിന്റെ പഴയ സ്‌നേഹിതന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. സുഹൃത്തുക്കളുടെ കൂടെ പോകാന്‍ ബിശ്വാസ് എനിക്ക് അനുമതി തന്നെങ്കിലും ബംഗ്ലാദേശ് ഗവണ്‍മെന്റിന്റെ മുന്‍ സെക്രട്ടറി ഹീരാലാല്‍ ബല്ലയുമായി കൂടിക്കാഴ്ചക്ക് സമയം നിര്‍ണയിച്ചത് എന്നെ ഓര്‍മപ്പെടുത്തി. കാരണം, ന്യൂനപക്ഷങ്ങളുടെ പ്രമുഖ നേതാവാണ് ഹീരാലാല്‍.

         ഞാന്‍ നസ്‌റുല്‍ ഇസ്‌ലാമിന്റെ ഓഫീസിലെത്തി. അദ്ദേഹം മുമ്പ് ഒരു ജര്‍മന്‍ പത്രത്തിന്റെ ലേഖകനായിരുന്നു. ഇപ്പോള്‍ ന്യൂസ് നെക്സ്റ്റ് എന്ന പേരില്‍ ഒരു ഇംഗ്ലീഷ് പത്രം നടത്തുകയാണ്. പ ത്രകാര്യാലയം വളരെ സജീവമാണ്. നസ്‌റുല്‍ ഇസ്‌ലാമിന് ഇസ്‌ലാമിലോ ഇതര മതങ്ങളിലോ പ്രത്യേക താല്‍പര്യമൊന്നുമില്ലെന്നാണ് സംഭാഷണത്തില്‍ നിന്ന് മനസ്സിലായത്. മൂന്ന് മണിയായപ്പോള്‍ എന്നെ ഹീരാലാലിന്റെ കോളനിയില്‍ കൊണ്ടുവിടാന്‍ മഅ്‌സൂമിനോട് ഞാന്‍ പറഞ്ഞു. നസ്‌റുല്‍ ഇസ്‌ലാമിന്റെ ഓഫീസിന് തൊട്ടടുത്ത് തന്നെയായിരുന്നു അത്. അഞ്ച് മിനിറ്റിനകം തന്നെ ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു.

ഹീരാലാല്‍ ബല്ലയുടെ കൂടെ

         ഹിരാലാല്‍ ബല്ല ഹിന്ദുക്കളുടെയോ ഇതര ന്യൂനപക്ഷങ്ങളുടെയോ സംഘടനയൊന്നും ഉണ്ടാക്കിയിട്ടില്ല. അനുഭവ് കോര്‍പ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ ഒരു സഹകരണ സംഘത്തിന്റെ സ്ഥാപകനാണദ്ദേഹം. ഇപ്പോള്‍ അതിന്റെ ചെയര്‍മാന്‍. ഞാന്‍ എത്തിയപ്പോഴേക്ക് ബിശ്വാസ് അദ്ദേഹവുമായുള്ള സംഭാഷണം ആരംഭിച്ചുകഴിഞ്ഞിരുന്നു. കാര്‍ത്തിക് ഠാക്കൂറും ഗണേഷ് ഹല്‍ദാറും കൂടെയുണ്ടായിരുന്നു. ന്യൂനപക്ഷങ്ങളുടെ പതിതാവസ്ഥ വിസ്തരിച്ച് ബല്ല പറഞ്ഞുതന്നു. ഹിന്ദുക്കള്‍ക്ക് നേരിടേണ്ടിവന്ന അക്രമങ്ങളെക്കുറിച്ച്  വിവരിക്കുന്ന മൂന്ന് വാള്യങ്ങളുള്ള ഒരു പുസ്തകം കാട്ടിത്തന്നു. ഹുമയൂണ്‍ കബീറാണ് പുസ്തക കര്‍ത്താവ്. ഒമ്പത് ശതമാനമാണ് ബംഗ്ലാദേശിലെ ന്യൂനപക്ഷമെന്ന് അദ്ദേഹം പറഞ്ഞു. മുമ്പിത് 15-16 ശതമാനമുണ്ടായിരുന്നുവത്രെ. പരിഭ്രാന്തരായ ജനം ഇന്ത്യയിലേക്ക് കുടിയേറുന്നതിനാല്‍ ദിനംപ്രതി ഈ സംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ബല്ല പറഞ്ഞു. ഹീരാലാല്‍ അവാമി ലീഗിനെ പുകഴ്ത്തിപ്പറയാന്‍ തുടങ്ങിയപ്പോള്‍ കാര്‍ത്തിക് ഠാക്കൂര്‍ അതിനെ ഖണ്ഡിച്ചു. രണ്ടു പേരും പരസ്പരം തര്‍ക്കിക്കാന്‍ തുടങ്ങിയപ്പോള്‍ താമസസ്ഥലത്ത് മറ്റു ചിലര്‍ കൂടിക്കാഴ്ചക്ക് കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞ് ഞങ്ങള്‍ സംഭാഷണം അവസാനിപ്പിച്ചു.

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി

         ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായുള്ള അഭിമുഖത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ കാര്‍ത്തിക് ഠാക്കൂറും സുഹൃത്തുക്കളും കൈമലര്‍ത്തി. അവരുടെ ഓഫീസുകള്‍ അടച്ചുപൂട്ടിയിരിക്കുകയാണെന്നും നേതാക്കളെ കാണാന്‍ പ്രയാസമാണെന്നും ഇരുവരും പറഞ്ഞു. ജമാഅത്ത് പ്രവര്‍ത്തകരില്‍ പലരും ജയിലിലാണ്. ചിലരുടെ വിചാരണ നടന്നുകൊണ്ടിരിക്കുന്നു. മൗലാനാ അബ്ദുല്‍ ഖാദിര്‍ മുല്ലക്ക് വധശിക്ഷ നല്‍കി. മൗലാനാ സഈദി, മൗലാനാ മുത്വീഉര്‍റഹ്മാന്‍ എന്നിവരും വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ പെടും. മൗലാനാ സഈദി മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമല്ല, ഹിന്ദുക്കള്‍ക്കിടയിലും സ്വീകാര്യതയും ബഹുമാനവും നേടിയ വ്യക്തിത്വമാണെന്ന് ഞങ്ങളോടൊപ്പമുള്ള ഹിന്ദു സഹോദരന്മാര്‍ പറഞ്ഞു. മൗലാനാ സഈദിയുടെ പ്രസംഗ സീഡികള്‍ പശ്ചിമ ബംഗാളിലെ ഓരോ മുസ്‌ലിം ഗൃഹത്തിലും പ്രചുരമാണെന്നും അതില്‍ താല്‍പര്യമുള്ള ഹിന്ദു ശ്രോതാക്കളുമുണ്ടെന്നും സുകൃതി ബിശ്വാസ് പറഞ്ഞു.

         അതിനിടെ ജമാഅത്ത് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ഒരാള്‍ പോംവഴി കണ്ടെത്തി. അങ്ങനെ രാത്രി 7 മണിക്ക് ജയിലിന് പുറത്തുള്ള ജമാഅത്ത് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് സാധ്യത തെളിഞ്ഞു. ജമാഅത്ത് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ചുമത്തിയിരിക്കുകയാണെന്ന് കൂടിക്കാഴ്ചക്കിടയില്‍ ഈ നേതാക്കള്‍ പറഞ്ഞു. കണ്ടിടത്ത് വെച്ച് അവര്‍ അറസ്റ്റ് ചെയ്യപ്പെടുകയാണ്. അവരുടെ സ്വതന്ത്രമായ സഞ്ചാരത്തിന് കര്‍ശനമായ വിലക്കുണ്ട്. ഏതാണ്ട് അമ്പതിനായിരത്തോളം ജമാഅത്ത് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ജയിലിലുണ്ട്. ചെറുതും വലുതുമായ പല നേതാക്കള്‍ക്കും വധശിക്ഷ വിധിച്ചിരിക്കുന്നു. ഒരാള്‍ ഇതിനകം തൂക്കിലേറ്റപ്പെട്ടു. ഗുലാം അഅ്‌സമിനെതിരെ പരിഹാസ്യമായ ആരോപണങ്ങള്‍ ചുമത്തിയിരിക്കുകയാണ്. 270 ബലാത്സംഗക്കുറ്റമാണ് അദ്ദേഹത്തിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. അവശനും വൃദ്ധനുമായ അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജമാഅത്ത് സാഹിത്യങ്ങള്‍ ജിഹാദിന് പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിരോധിച്ചിരിക്കുകയാണ്. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ പോലും വായിക്കാന്‍ രാജ്യത്ത് അനുവാദമില്ല.

         ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ജമാഅത്ത് നേതാക്കളോട് സുകൃതി രജ്ഞന്‍ ബിശ്വാസ് ചോദിച്ചു. ന്യൂനപക്ഷങ്ങളോട്, വിശിഷ്യ ഏറ്റവും വലിയ ന്യൂനപക്ഷമായ ഹിന്ദുക്കളോട് മുസ്‌ലിം ബഹുജനങ്ങളുടെ പെരുമാറ്റം വേണ്ടത്ര അഭികാമ്യമായ രീതിയിലല്ലെന്ന് അവര്‍ പറഞ്ഞു. ഈയിടെയായി അവര്‍ ആക്രമിക്കപ്പെടുന്നുണ്ട്. എന്നാല്‍, അതിനെതിരെ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നില്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഈ ആക്രമണങ്ങള്‍ തുറന്ന മട്ടില്‍ പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. നേതാക്കളുടെ ആഗ്രഹപൂര്‍ത്തീകരണാര്‍ഥം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ക്ഷേത്രങ്ങളും തകര്‍ക്കപ്പെടുന്നുണ്ട്. അതൊക്കെ ജമാഅത്തിന്റെ തലയില്‍ വെച്ചുകെട്ടുകയാണ് സര്‍ക്കാര്‍. വര്‍ഗീയ കുഴപ്പങ്ങളുണ്ടാകുമ്പോള്‍ അത് തടയാനാണ് ജമാഅത്ത് പ്രവര്‍ത്തകര്‍ ശ്രമിച്ചുപോന്നിട്ടുള്ളത്. വര്‍ഗീയാക്രമണങ്ങളെ കേന്ദ്ര ജമാഅത്ത് കടുത്ത ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. ഏതാണ്ട് 100 പേജ് വരുന്ന പത്ര കട്ടിംഗുകള്‍ കാണിച്ചുകൊണ്ട്, ഇത് വായിച്ചാല്‍ മുസ്‌ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കുന്നത് ആരാണെന്ന് മനസ്സിലാകുമെന്ന് ഒരു ജമാഅത്ത് നേതാവ് ഞങ്ങളോട് പറഞ്ഞു.

         ഹിന്ദുക്കള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നതിന് പുറമെ രാഷ്ട്രീയ രംഗത്ത് അവര്‍ അരികിലാക്കപ്പെടുക കൂടി ചെയ്യുന്നുണ്ടെന്നാണ് അവരുടെ സംഘടനകളുമായി സംസാരിച്ചതില്‍നിന്ന് മനസ്സിലാകുന്നതെന്ന് ബിശ്വാസ് ജമാഅത്ത് പ്രവര്‍ത്തകരോട് പറഞ്ഞു. പല മേഖലകളിലും അവരുടെ പ്രാതിനിധ്യം കുറവാണ്. ഹിന്ദുക്കള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ജമാഅത്തിന്റെ നിലപാടെന്താണെന്ന് ബിശ്വാസ് അവരോട് ആരാഞ്ഞു. ഹിന്ദു സംവരണത്തിന് ജമാഅത്ത് അനുകൂലമാണെന്ന് അപ്പോള്‍ അവര്‍ പറഞ്ഞു.

         പോലീസിലും ജുഡീഷ്യറിയിലും സൈന്യത്തിലും അവാമി ലീഗ് തങ്ങളുടെ ആളുകളെ കുത്തിനിറച്ചതായി പറയപ്പെടുന്ന കാര്യത്തിലേക്ക് ബിശ്വാസ് ജമാഅത്ത് നേതാക്കളുടെ ശ്രദ്ധ ക്ഷണിച്ചു. 'നിങ്ങളുടെ ഭരണകാലത്ത് നിങ്ങള്‍ക്കും ആ രീതി സ്വീകരിക്കാമായിരുന്നില്ലേ' എന്ന് ബിശ്വാസ് അവരോട് ചോദിച്ചു. തങ്ങള്‍ നിയമം പാലിക്കുന്നവരാണെന്നും അവാമി ലീഗുകാരെ പോലെ നിയമത്തിന്റെ പരിധിവിട്ട് തങ്ങള്‍ക്ക് യാതൊന്നും ചെയ്യാന്‍ പറ്റില്ലെന്നുമായിരുന്നു അപ്പോള്‍ അവരുടെ മറുപടി.

ജമാഅത്ത്-ബി.എന്‍.പി ബന്ധം

         ജമാഅത്തും ബംഗ്ലാദേശ് നാഷ്‌നലിസ്റ്റ് പാര്‍ട്ടി(ബി.എന്‍.പി)യുമായുള്ള ബന്ധത്തെപ്പറ്റി ചോദിച്ചപ്പോള്‍ തങ്ങള്‍ക്കിടയില്‍ നല്ല സുഹൃദ് ബന്ധമാണെന്ന് ജമാഅത്ത് നേതാക്കള്‍ പറഞ്ഞു. ''ഒന്നോ രണ്ടോ സീറ്റുകളെ ചൊല്ലി ചിലപ്പോള്‍ തര്‍ക്കങ്ങളുണ്ടാകാറുണ്ട്. അതൊക്കെ പരസ്പരം സംസാരിച്ച് പരിഹരിക്കാറാണ് പതിവ്. പരിഹരിക്കാന്‍ കഴിയാത്തപ്പോള്‍ രണ്ട് വിഭാഗവും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തും. അത്തരം സന്ദര്‍ഭങ്ങളില്‍ ജമാഅത്ത് സ്ഥാനാര്‍ഥി ജയിക്കുന്നതാണ് കണ്ടുവരാറുള്ളത്''- അവര്‍ വിശദീകരിച്ചു.

         ഭരണകക്ഷി ജമാഅത്തിനെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുമ്പോഴൊക്കെ ജമാഅത്തിന് ജനപിന്തുണ വര്‍ധിക്കാറാണുള്ളതെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ജമാഅത്ത് നേതാക്കള്‍ വ്യക്തമാക്കി. മുമ്പ് 9-10 ശതമാനം വോട്ടു കിട്ടിയിടത്ത് പില്‍ക്കാലത്ത് അത് 18-20 ശതമാനമായി വര്‍ധിച്ചത് അവര്‍ ചൂണ്ടിക്കാട്ടി.

ജെസൂര്‍ യാത്ര

         മാര്‍ച്ച് 21-ന് ജെസൂര്‍ ജില്ലയില്‍ തന്റെ 90 വയസ് പ്രായമുള്ള അമ്മയെ കാണാന്‍ പോകേണ്ടതുണ്ടായിരുന്നു ബിശ്വാസിന്. ധാക്കയില്‍ നിന്ന് 370 നാഴിക ദൂരെ ഇന്ത്യന്‍ അതിര്‍ത്തിക്ക് 20 മീറ്റര്‍ മാത്രം അകലെ വളരെ സമീപമായിട്ടാണ് ജെസൂര്‍ സ്ഥിതി ചെയ്യുന്നത്. മുറിയില്‍ കുത്തിയിരിക്കുന്നതിലും ഭേദം ബിശ്വാസിനെ അനുഗമിക്കുന്നതാണെന്ന് എനിക്കും തോന്നി. യാത്രയില്‍ ബംഗ്ലാദേശിന്റെ ഗ്രാമ്യദൃശ്യങ്ങള്‍ കാണാനും വഴിക്കിറങ്ങി ആളുകളുമായി സംവദിക്കാനും അതൊരു അവസരമാകുമെന്ന് കരുതി.

         അതിരാവിലെ ഞങ്ങള്‍ പുറപ്പെട്ടു. ബിശ്വാസിന്റെ സഹോദരന്റെ ജാമാതാവും ഞങ്ങളുടെ സഹയാത്രികനായുണ്ടായിരുന്നു. ഒരു കോളേജ് പ്രഫസറായ അദ്ദേഹം യാത്രയില്‍ ഞങ്ങള്‍ക്ക് വളരെ സഹായകമായി. വെള്ളിയാഴ്ചയായിരുന്നു. ജുമുഅ പ്രാര്‍ഥനക്ക് സമയമായപ്പോള്‍ വണ്ടി അടുത്ത് കണ്ട ഒരു പള്ളിക്ക് സമീപം നിര്‍ത്തിയിട്ടു. നമസ്‌കാരത്തിനായി ഞാന്‍ പള്ളിയിലേക്ക് തിരിച്ചു. യുവാവായ ഖത്വീബ് പ്രസംഗപീഠത്തില്‍ മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ നിവര്‍ത്തിപ്പിടിച്ച് 'അല്‍ഫുര്‍ഖാന്‍' അധ്യായം വായിച്ച് പ്രഭാഷണം നടത്തുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. പ്രാര്‍ഥനക്കെത്തിയവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു പള്ളി. നമസ്‌കാരാനന്തരം ഞങ്ങള്‍ യാത്ര തുടര്‍ന്നു. അല്‍പം ദൂരെ ഒരു ഗ്രാമം കണ്ടപ്പോള്‍ ചായകുടിക്കാന്‍ അവിടെ ഇറങ്ങി. അഞ്ചാറ് കുട്ടികള്‍ അവിടെ കൂടി നില്‍ക്കുന്നത് കണ്ടു. ഞങ്ങള്‍ അങ്ങോട്ട് നീങ്ങി. അതിനടുത്ത് ഒരു ക്ഷേത്രം തകര്‍ത്തിട്ടുണ്ടായിരുന്നു. രാഷ്ട്രീയ പാര്‍ട്ടിക്കാരാണ് തകര്‍ത്തതെന്ന് അവിടെ കൂടി നില്‍ക്കുന്ന യുവാക്കള്‍ ഏകസ്വരത്തില്‍ പറഞ്ഞു. വെറുതെ ജമാഅത്തിന്റെ പേരില്‍ ആരോപിക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ ഞാന്‍ ബിശ്വാസിന്റെ നേരെ നോക്കി. അദ്ദേഹം അര്‍ഥഗര്‍ഭമായി പുഞ്ചിരിച്ചു.

         വണ്ടി വീണ്ടും പുറപ്പെട്ടു. കാണെക്കാണെ പദ്മാ നദിയുടെ തീരത്തെത്തി. മറുകരയിലെത്തണമെങ്കില്‍ സ്റ്റീമര്‍ പത്തേമാരിയുടെ സഹായം വേണം. വലിയ ബസുകളും യാത്രക്കാരും സാമാനങ്ങളുമൊക്കെ പത്തേമാരിയില്‍ കയറിയാണ് മറുകരയിലെത്തുന്നത്. അതില്‍ റസ്റ്റോറന്റുമുണ്ട്. ഞങ്ങള്‍ അവിടെ നിന്ന് ആഹാരം കഴിച്ചു. മറുകരയിലെത്താന്‍ ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റെടുത്തു. ബിശ്വാസിന്റെ ഗ്രാമത്തിലെത്തുന്നതിന് മുമ്പ് ഞങ്ങള്‍ ഒരു ലഹളബാധിത പ്രദേശം സന്ദര്‍ശിച്ചു. ജെസൂറിനടുത്തായിരുന്നു അത്. പ്രധാനമന്ത്രി ഹസീനയും ആ സ്ഥലം സന്ദര്‍ശിച്ചതായി അറിഞ്ഞു. ആദ്യം ഹിന്ദു സ്ത്രീകളും പുരുഷന്മാരും ഞങ്ങളുടെ അടുത്തുവന്നു. അക്രമികളായ മുസ്‌ലിംകളെക്കുറിച്ച് അവര്‍ പരാതി പറഞ്ഞു. ഇതറിഞ്ഞ് മുസ്‌ലിം മൊഹല്ലയില്‍ നിന്നും സ്ത്രീകളും ഒന്ന് രണ്ട് പുരുഷന്മാരും ഞങ്ങളെ കാണാനെത്തി. തങ്ങളുടെ വീടുകള്‍ തകര്‍ത്ത കഥകള്‍ അവരും വിവരിച്ചു. രാത്രി ഇരുട്ടിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വണ്ടിയിലേക്ക് തന്നെ മടങ്ങി യാത്ര പുനരാരംഭിച്ചു. അല്‍പസമയത്തിനകം ഞങ്ങള്‍ ബിശ്വാസിന്റെ മൊഹല്ലയിലെത്തി. ബിശ്വാസിനെ കണ്ട മൊഹല്ല നിവാസികള്‍ എല്ലാവരും കൂടി അദ്ദേഹത്തെ വലയം ചെയ്തു. അവരെ പാടുപെട്ട് ഒഴിവാക്കി ഞങ്ങള്‍ ബിശ്വാസിന്റെ അമ്മയുടെ വീട്ടിലെത്തി. അവര്‍ മകനെ ആശീര്‍വദിച്ചു. ബിശ്വാസിന്റെ മുതിര്‍ന്ന സഹോദരനോടൊപ്പമാണ് അമ്മ താമസിക്കുന്നത്. ബിശ്വാസിന്റെ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം ഈ ഗ്രാമത്തിലായിരുന്നു. അതിനു ശേഷം ചില പ്രത്യേക സാഹചര്യത്തില്‍ കുടുംബത്തെ ഉപേക്ഷിച്ച് നാടുവിടാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു. എല്ലാ കൊല്ലവും അമ്മയെ കാണാന്‍ ഒരു തവണ അദ്ദേഹം ഗ്രാമത്തിലെത്തും.

         അവാമി ലീഗുകാരും ഇപ്പോള്‍ ജമാഅത്തിന് വോട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്ന് തന്റെ ഒരു അയല്‍വാസി പറഞ്ഞതായി ബിശ്വാസ് വെളിപ്പെടുത്തി. ഒറ്റ മുസ്‌ലിമുമില്ലാത്ത അലിപൂര്‍ വാര്‍ഡില്‍ ജമാഅത്ത് സ്ഥാനാര്‍ഥിക്ക് 109 വോട്ട് കിട്ടിയതായി ആ അയല്‍വാസി പറഞ്ഞത്രെ. ശുജാഅത്ത്പൂരിലും സ്ഥിതി വ്യത്യസ്തമല്ല. അവിടെ ആകെ 55 വോട്ടുകളില്‍ 49-ഉം ജമാഅത്തിന് കിട്ടി. മുമ്പ് ജമാഅത്തില്‍നിന്ന് അകലം പാലിച്ചിരുന്ന ഹിന്ദുസഹോദരന്മാരും ഇപ്പോള്‍ ജമാഅത്തിനോട് അടുക്കുകയാണ്.

         പിറ്റേന്ന് അതിരാവിലെ ഒരു കോളേജ് പ്രിന്‍സിപ്പല്‍ ബിശ്വാസിനെ കാണാനെത്തി. റിട്ടയര്‍മെന്റിന് ശേഷം ഗ്രാമം വിട്ടുപോകാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിശ്വാസ് അദ്ദേഹത്തെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സ്വയം നാടുവിട്ടുപോയ ആള്‍ക്ക് മറ്റുള്ളവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ എങ്ങനെ കഴിയും എന്ന് ആളുകള്‍ ബിശ്വാസിനെ കളിയാക്കി.

         ഒരു വശത്ത് കലാപങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. മറുവശത്ത് ഇന്ത്യയുടെ സാമീപ്യവും ചുറ്റുപാടും അവിടെ  അഭയം തേടാന്‍ ഹിന്ദു സഹോദരന്മാര്‍ക്ക് പ്രലോഭനമാകുന്നു. നമ്മുടെ രാജ്യത്ത് ബംഗ്ലാ ശരണാര്‍ഥികള്‍ക്ക് വീടും ഭൂമിയും എളുപ്പം ലഭിക്കുന്നു. അതുകൊണ്ടാണ് പശ്ചിമബംഗാളില്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരുടെ എണ്ണം ഇത്ര പെരുകിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പു തുടങ്ങിയ ഈ പ്രവാഹം ഇപ്പോഴും തുടരുകയാണ്. പശ്ചിമബംഗാളിലെ ഏഴ് മുഖ്യമന്ത്രിമാരില്‍ അഞ്ച് പേരും കിഴക്കന്‍ ബംഗാളില്‍(ഇപ്പോള്‍ ബംഗ്ലാദേശ്) നിന്നുള്ളവരായിരുന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും കിഴക്കന്‍ ബംഗാള്‍കാരനാണ്. രണ്ട് രാജ്യങ്ങളുടെയും കള്‍ച്ചറില്‍ പല സാമ്യതകളുമുണ്ട്. ധാക്ക യൂനിവേഴ്‌സിറ്റിയിലെ 98 ശതമാനം പെണ്‍കുട്ടികളും സാല്‍വാറും ജംബറും ധരിക്കുന്നവരാണ്. രണ്ട് ശതമാനം സാരിയും പാന്റ്‌സും ധരിക്കുന്നു. മിക്ക പെണ്‍കുട്ടികളും തലയില്‍ ദുപ്പട്ടയോ ഓഡണിയോ ഇട്ടു കാണുന്നു. തലമറക്കാത്ത പെണ്‍കുട്ടികളും ധാരാളം.

         മടക്കയാത്രയിലും ഞങ്ങള്‍ ഒരു ലഹള ബാധിത പ്രദേശം സന്ദര്‍ശിക്കുകയുണ്ടായി. അവിടെ അവാമി ലീഗ് പ്രവര്‍ത്തകരായിരുന്നു കൂടുതലും. ലഹളയുടെ ഉത്തരവാദിത്തം ജമാഅത്തിലും ബി.എന്‍.പിയിലുമാണ് അവര്‍ ചുമത്തിയത്. എന്നാല്‍, അങ്ങാടിയിലെ ആളുകള്‍ ഒരു സ്‌കൂള്‍ ടീച്ചറോടൊപ്പം ഈ ആരോപണം ഖണ്ഡിച്ചു. അവിടത്തെ ഹിന്ദുക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമൊന്നും കാണപ്പെട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടമുഖത്തെയാണ് വിമര്‍ശിച്ചത്.

         പോയ വഴിയില്‍ നിന്ന് ഭിന്നമായി മറ്റൊരു വഴിയിലൂടെയായിരുന്നു ഞങ്ങളുടെ മടക്ക യാത്ര. ധാക്കക്കടുത്ത് എത്താറായപ്പോള്‍ ആ വഴിയിലാണ് മുജീബുര്‍റഹ്മാന്റെ ശവകുടീരമെന്ന് ഡ്രൈവര്‍ പറഞ്ഞു. അതിനാല്‍ നിരത്തുകള്‍ ഭദ്രവും സുന്ദരവുമായിരുന്നു. മുജീബിനെ വധിച്ചവര്‍ തന്നെ ജഡം ഇവിടെ കൊണ്ടുവന്ന് സംസ്‌കരിക്കുകയായിരുന്നുവത്രെ. ഹസീന വാജിദ് പലപ്പോഴും പിതാവിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ ഇവിടെ വരാറുണ്ട്.

         രാത്രി താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ കാര്‍ത്തിക് ഠാക്കൂറിനൊപ്പം ഒരുപാടാളുകള്‍ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് പന്ത്രണ്ട് മണിക്ക് ബംഗ്ലാദേശ് നാഷ്‌നലിസ്റ്റ് പാര്‍ട്ടി ജോ. സെക്രട്ടറിയും സുപ്രീം കോടതി അഡ്വക്കറ്റുമായ മുഹമ്മദ് റൂഹുല്‍ കബീര്‍ റിസ്‌വി അഭിമുഖത്തിന് അപ്പോയ്‌മെന്റ് തന്നിട്ടുണ്ടെന്ന് കാര്‍ത്തിക് അറിയിച്ചു. അത് കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമായി. ഫഖ്‌റുല്‍ ഹസന്റെ സ്ഥാനത്ത് ഇപ്പോള്‍ ഇദ്ദേഹമാണ് പാര്‍ട്ടി വക്താവ്. ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകാരണം അവാമി ലീഗിന്റെ ആരും അഭിമുഖത്തിന് തയാറല്ലെന്നും കാര്‍ത്തിക് പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ കൃത്രിമം നടന്നതായി ബിശ്വാസിന്റെ മുസ്‌ലിം സുഹൃത്ത് വ്യക്തമാക്കി. യഥാര്‍ഥത്തില്‍ അഞ്ചു ശതമാനം പോളിംഗ് മാത്രമേ നടന്നിട്ടുള്ളൂ. അതാണ് 24-25 ശതമാനമാക്കിയിരിക്കുന്നത്. തന്റെ ഒരു സഹോദരി പ്രിസൈഡിംഗ് ഓഫീസറായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത വോട്ട് 16 മാത്രമായിരുന്നു. അവാമി ലീഗുകാര്‍ വന്ന് ബഹളം വെച്ച് അതിന്റെ കൂടെ രണ്ടു പൂജ്യം കൂടി ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചു. നിസ്സഹായയായ അവര്‍ക്ക് അങ്ങനെ ചെയ്യേണ്ടിവന്നു. 25 ശതമാനം പോളിംഗ് ആക്കിയത് ഇങ്ങനെയാണ്. പ്രതിപക്ഷം ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പൊതുജനപിന്തുണ വളരെ ശുഷ്‌കമാണെന്ന് സര്‍ക്കാറിന് തന്നെ അറിയാതെയല്ല.

ബി.എന്‍.പി ഓഫീസില്‍

         പിറ്റേന്ന് കൃത്യം 12 മണിക്ക് ഞങ്ങള്‍ ബി.എന്‍.പി ഓഫീസിലെത്തി. ബി.എന്‍.പി കേന്ദ്രകമ്മിറ്റി അംഗമായിരുന്ന കാര്‍ത്തിക്കും കൂടെ ഉണ്ടായിരുന്നു. ഞങ്ങളെ സ്വാഗതം ചെയ്ത റിസ്‌വി ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ വരാനിരിക്കുകയാണെന്ന് ഞങ്ങളെ അറിയിച്ചു. സംഭാഷണം നടന്നുകൊണ്ടിരിക്കെ മാധ്യമ പ്രവര്‍ത്തകരുടെ വിളി വന്നു. സംഭാഷണം പാതിവെച്ച് നിര്‍ത്തി മാധ്യമ പ്രവര്‍ത്തകരെ കണ്ട ശേഷം തുടരാമെന്ന് പറഞ്ഞു അദ്ദേഹം അങ്ങോട്ടു പോയി. റിസ്‌വിയുടെ ഓഫീസില്‍ മൂന്ന് വലിയ ഫോട്ടോകള്‍ ഫ്രൈം ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. ഒന്ന്, ജനറല്‍ സിയാഉര്‍റഹ്മാന്റേത്; പിന്നെ അദ്ദേഹത്തിന്റെ ഭാര്യ ഖാലിദ സിയായുടേതും മകന്‍ താരിഖ് സിയായുടേതും.

         കുറച്ച് കഴിഞ്ഞപ്പോള്‍ എയര്‍ കണ്ടീഷന്‍ ചെയ്ത വലിയൊരു മുറിയിലേക്ക് ഞങ്ങളെ ആനയിച്ചു. ഖാലിദ സിയയുടെ ഓഫീസാണ് അതെന്ന് മനസ്സിലായി. താരീഖ് സിയായും ഈ ഓഫീസിലാണ് ഇരിക്കാറ്. ആദ്യത്തെ മുറിയില്‍ നിന്ന് ഈ ഓഫീസിലേക്കുള്ള വഴിയില്‍ ചാനല്‍ കാമറകളെ കൊണ്ടുനിറഞ്ഞ ഒരു ഹാള്‍ കണ്ടു. ബി.എന്‍.പിയുടെ പ്രസ് ഹാളായിരുന്നു അത്.

         പ്രസ് കോണ്‍ഫറന്‍സിനു ശേഷം റിസ്‌വി ഞങ്ങളുമായുള്ള സംഭാഷണം തുടര്‍ന്നു. ന്യൂനപക്ഷ നേതാക്കളെ കണ്ട വിവരവും അവരുടെ പരാതികളും ബിശ്വാസ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. പിന്നാക്കാവസ്ഥയിലുള്ള അവര്‍ ഉന്നയിക്കുന്ന സംവരണാവശ്യകതയെക്കുറിച്ചും പറഞ്ഞു. പൊതുവേയുള്ള രാഷ്ട്രീയാവസ്ഥയെക്കുറിച്ച് ഞാന്‍ ചോദിച്ചു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നായിരുന്നു റിസ്‌വിയുടെ പ്രതികരണം. പ്രതിപക്ഷ നേതാക്കള്‍ എപ്പോള്‍, എവിടെ അറസ്റ്റ് ചെയ്യപ്പെടുന്നു എന്നു പോലും ആരും അറിയുന്നില്ല. ''ഞങ്ങളുടെ പ്രധാന വക്താവും സെക്രട്ടറി ജനറലുമായ ഫഖ്‌റുല്‍ ഹസന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടു. എന്താണ് കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല. ഞങ്ങളുടെ നൂറുക്കണക്കില്‍ പ്രവര്‍ത്തകര്‍ ജയിലിലാണ്. അഞ്ചു ശതമാനം മാത്രം വോട്ടു നേടിയ കക്ഷിയാണ് ഇവിടെ ഭരിക്കുന്നത്''-റിസ്‌വി പറഞ്ഞു.

         'നിങ്ങളുടെ പാര്‍ട്ടി ഓഫീസ് തുറന്ന് കിടക്കുമ്പോള്‍ ജമാഅത്തിന്റെ ഓഫീസുകള്‍ അടഞ്ഞുകിടക്കുന്നതെന്താണെ'ന്ന് ചോദിച്ചു. ജമാഅത്തിനെയാണ് ഗവണ്‍മെന്റ് കൂടുതല്‍ ടാര്‍ഗറ്റ് ചെയ്യുന്നതെന്നായിരുന്നു റിസ്‌വിയുടെ പ്രതികരണം. ബംഗ്ലാദേശില്‍ ഒരു ഇസ്‌ലാംവിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതായി കരുതുന്നുണ്ടോ എന്ന് ഞാന്‍ ആരാഞ്ഞു. അത് ശരിവെച്ച് അദ്ദേഹം അതൊരു കൃത്രിമ സൃഷ്ടിയാണെന്നും ആ പൊടിപടലം വൈകാതെ നീങ്ങിപ്പോകുമെന്നും പറഞ്ഞു. ഗവണ്‍മെന്റിന്റെ ഇന്റര്‍നാഷ്‌നല്‍ ക്രൈം ട്രൈബ്യൂണലും ഞങ്ങളുടെ സംസാരത്തില്‍ പരാമര്‍ശിക്കപ്പെട്ടു. ട്രൈബ്യൂണലിലെ ജഡ്ജും തല്‍പര കക്ഷികളും തമ്മില്‍ നടന്ന സംഭാഷണം ലണ്ടനിലെ ഇക്കോണമിസ്റ്റ് ചോര്‍ത്തി പ്രസിദ്ധീകരിച്ചതില്‍ നിന്ന് ഈ ട്രൈബ്യൂണല്‍ ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലോകം മുഴുക്കെ അറിഞ്ഞുകഴിഞ്ഞിരിക്കുകയാണെന്ന് റിസ്‌വി ചൂണ്ടിക്കാട്ടി.

         അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് വെച്ച് അതെന്നെന്നും തുടരുമെന്ന് അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം, ലോകത്തൊരിടത്തും അടിയന്തരാവസ്ഥ ശാശ്വതമായി നിലനിന്ന ചരിത്രമില്ല.

         ബി.എന്‍.പിയും ജമാഅത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച ചോദ്യത്തിന്, രണ്ട് പാര്‍ട്ടികള്‍ക്കുമിടയില്‍ ഈടുറ്റ രാഷ്ട്രീയ സഖ്യമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ സൗഹാര്‍ദപരമായ ബന്ധങ്ങളാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിന് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധമാണ് ആദ്യം ഊട്ടിയുറപ്പിക്കേണ്ടതെന്ന് റിസ്‌വി ചൂണ്ടിക്കാട്ടി. എന്നാല്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി മാത്രം പക്ഷപാതപരമായ ബന്ധം സ്ഥാപിക്കുന്നത് ഒരു രാജ്യത്തിനും ഗുണകരമായി ഭവിക്കുകയില്ലെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

         റിസ്‌വിക്ക് ഞങ്ങളോട് കുറെകൂടി സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, മൂന്ന് മണിക്കുള്ള ഫ്‌ളൈറ്റിന് വിമാനത്താവളത്തിലെത്തേണ്ടതുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അദ്ദേഹത്തോട് നന്ദി പറഞ്ഞ് ഞങ്ങള്‍ ഓട്ടോ റിക്ഷയില്‍ താമസസ്ഥലത്തേക്ക് മടങ്ങി. അവിടെ നിന്ന് എയര്‍പോര്‍ട്ടിലെത്തി യാത്രാ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എയര്‍ ജെറ്റും കാത്തിരുന്നു. ഷാജഹാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പൊങ്ങിയ വിമാനം താമസിയാതെ കൊല്‍ക്കത്തയില്‍ ഇറങ്ങി.

         എന്റെ ആദ്യത്തെ ബംഗ്ലാദേശ് യാത്രയായിരുന്നു ഇത്. അവിടെ ദാരിദ്ര്യത്തേക്കാളേറെ രാഷ്ട്രീയ കാലുഷ്യങ്ങളാണ് പ്രകടമായി കണ്ടത്. ഭരണഘടനയില്‍ 'ഇസ്‌ലാം' രാഷ്ട്രമതമാണെന്ന് എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും അത് ബാഹ്യ ചിഹ്നങ്ങളില്‍ പരിമിതമാണ്. വെള്ളിയാഴ്ച ഒഴിവ് ദിനമാണ്. മുമ്പ് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശ് എന്നായിരുന്നു പേരെങ്കിലും ഇപ്പോള്‍ 'ഇസ്‌ലാമിക്' എന്ന വിശേഷണം നീക്കം ചെയ്തിരിക്കുകയാണ്. എന്നാല്‍, 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍ റഹീം' എന്ന ദൈവനാമത്തിലാണ് ഭരണഘടന തുടങ്ങുന്നത്. ഭരണഘടനയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പ്രയോഗം ഇപ്പോഴും അവശേഷിക്കുന്നുമുണ്ട്. മുസ്‌ലിംകളാണെന്ന് അവകാശപ്പെടുന്ന ഗണ്യമായൊരു വിഭാഗം ഇസ്‌ലാമിന്റെ അടയാളങ്ങള്‍ തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ്. ഇസ്‌ലാമും ഇസ്‌ലാമേതര ശക്തികളും തമ്മില്‍ ഒരു ആന്തരിക യുദ്ധം സജീവമാണവിടെ. ജനാധിപത്യം പുനഃസ്ഥാപിതമാവുകയാണ് ഇപ്പോള്‍ ബംഗ്ലാദേശിന്റെ അടിയന്തരാവശ്യം. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ലഭ്യമാകണം. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. എങ്കില്‍ മാത്രമേ രാജ്യത്ത് ക്ഷേമവും അഭിവൃദ്ധിയുമുണ്ടാവുകയുള്ളൂ. ഏകാധിപത്യമല്ല ജനാധിപത്യമാണ് ഏത് രാജ്യത്തിന്റെയും പുരോഗതിക്ക് ആസ്പദം.  (ദഅ്‌വത്ത്, ദല്‍ഹി)

വിവ: വി.എ.കെ

കഴിഞ്ഞ ലക്കത്തില്‍ ലേഖകന്‍ അബ്ദുല്‍ അസീസിന്റെ പേര് തെറ്റായിട്ടാണ് അച്ചടിച്ചുവന്നത്. പിശകു പറ്റിയതില്‍ ഖേദിക്കുന്നു. - എഡിറ്റര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 108-111
എ.വൈ.ആര്‍