ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസം: വേണ്ടത് സമഗ്രമായ ഉടച്ചുവാര്‍ക്കല്‍

ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസം:
വേണ്ടത് സമഗ്രമായ ഉടച്ചുവാര്‍ക്കല്‍
ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് ലക്കം 2854-ല്‍ വന്ന ലേഖനങ്ങള്‍ എന്തുകൊണ്ടും സന്ദര്‍ഭോചിതമായി. പ്രാഥമിക ഇസ്‌ലാമിക പഠന സംരംഭങ്ങള്‍ തന്നെ കടുത്ത മുരടിപ്പ് നേരിടുന്ന ഘട്ടത്തില്‍ ഇസ്‌ലാമിക പഠന സമ്പ്രദായത്തിന്റെ ശാസ്ത്രീയമായ പുനഃക്രമീകരണത്തെ കുറിച്ച ചര്‍ച്ച ഏറെ പ്രസക്തമാണ്. എന്നാല്‍, സൈദ്ധാന്തിക വ്യായാമങ്ങള്‍ക്കപ്പുറം പ്രായോഗിക തലത്തില്‍ ചര്‍ച്ച നടന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ഇസ്‌ലാമിക നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ ഗൗരവതരവും അടിയന്തരവുമായ ഇടപെടല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇസ്‌ലാം സൈദ്ധാന്തികമായി വെല്ലുവിളിക്കപ്പെട്ട ചരിത്ര ഘട്ടങ്ങളിലൊക്കെ അവക്ക് ഇസ്‌ലാമിക ദാര്‍ശനിക പരിസരത്ത്‌നിന്ന് പ്രതിരോധങ്ങള്‍ തീര്‍ത്തിരുന്നത് മേല്‍സൂചിപ്പിച്ച ഇസ്‌ലാമിക ഉന്നത പഠന സമ്പ്രദായത്തിന്റെ ഉല്‍പന്നങ്ങളായ പണ്ഡിതരായിരുന്നു. എന്നാല്‍, ഈ വിഭാഗത്തിന് വംശനാശം വന്നുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം ഏറെ ആശങ്കയോടെ നാം തിരിച്ചറിയേണ്ടതുണ്ട്. ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസ രംഗത്ത് എടുത്തു കാണിക്കാന്‍ പോന്ന സ്ഥാപനങ്ങള്‍ എന്തുകൊണ്ട് കേരളത്തില്‍ ഇല്ലാതെ പോയി എന്ന ഇ. യാസിറിന്റെ സന്ദേഹം പ്രസക്തമാണ്. പരിഹാരമായി അദ്ദേഹം മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങളില്‍ 'എല്ലാ മതസംഘടനകളുടെയും ആശയങ്ങള്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിക സര്‍വകലാശാല' എന്ന ആശയം ഗൗരവമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. അത്തരം ഒരാശയത്തില്‍ മുസ്‌ലിം സംഘടനകള്‍ ഏകോപിക്കാനുള്ള സാധ്യത തുലോം കുറവാണെങ്കില്‍ കൂടി അക്കാദമിക രംഗത്തെ ദീര്‍ഘകാല ലക്ഷ്യമായി അതിനെ കാണുന്നതില്‍ ഔചിത്യക്കുറവില്ല. എന്നാല്‍, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക പഠന സംവിധാനങ്ങളുടെ പുനരുജ്ജീവനത്തിന് എന്തുണ്ട് വഴി എന്നതിനെ കുറിച്ച ചര്‍ച്ചയല്ലേ ആദ്യ ഘട്ടത്തില്‍ നടക്കേണ്ടത്?
പത്തു വര്‍ഷം മുമ്പ് കേരളത്തിലെ പ്രമുഖ മതകലാലയത്തില്‍ പ്രവേശനം ആഗ്രഹിച്ച് ചെന്നതോര്‍ക്കുന്നു. അഭിമുഖത്തിനെത്തിയത് 300-ഓളം പേര്‍. സീറ്റ് 60. എഴുത്തുപരീക്ഷക്കും അഭിമുഖത്തിനും ശേഷമായിരുന്നു അഡ്മിഷന്‍. പത്ത് വര്‍ഷം പിന്നിടുമ്പോള്‍, ഇന്ന് കുട്ടികളെ തേടി പോവേണ്ട സഥിതിയിലാണ് ഇതടക്കമുള്ള കേരളത്തിലെ ഇസ്‌ലാമിക കലാലയങ്ങള്‍. മതപഠനത്തോടുള്ള സമൂഹത്തിന്റെ താല്‍പര്യക്കുറവ്, കോഴ്‌സുകളുടെ അനാകര്‍ഷണീയത, കഴിവുള്ള അധ്യാപകരുടെ അഭാവം, സിലബസ് നിശ്ചയിക്കുന്നതിലെ അശാസ്ത്രീയത, ഭൗതിക സംവിധാനങ്ങളുടെ അപര്യാപ്തത, സ്വാശ്രയ സ്ഥാപനങ്ങളുടെ കടന്നുവരവ് തുടങ്ങി അതിന്റെ കാരണങ്ങള്‍ എല്ലാം ഒരോ തലക്കെട്ടായി വിശദീകരിക്കേണ്ടവയാണ്.
അതേസമയം, വളരെ വൈകി ഇത്തരം പഠന സമ്പ്രദായങ്ങളെക്കുറിച്ച് ചിന്തിച്ച യാഥാസ്ഥിതിക മത സംഘടനകള്‍ ഈ വിഷയത്തില്‍ ബഹുദൂരം മുന്നോട്ട് കുതിച്ചുവെന്നതും യാഥാര്‍ഥ്യമാണ്. അക്കാദമിക രംഗത്ത് അവര്‍ക്ക് സൃഷ്ടിക്കാനായ ചലനങ്ങള്‍ വളരെ വലുതാണ്.
നിരന്തരമായ പുതുക്കലുകള്‍ക്ക് വിധേയമാകുന്നു എന്നതാണ് കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രകടമായ സവിശേഷത. ഇസ്‌ലാമിക പ്രബോധനത്തിന്റെ ബഹുമുഖമായ വശങ്ങളില്‍ ഈ പുതുക്കലുകള്‍ പ്രകടമായി. സേവന മേഖലയിലും മാധ്യമ രംഗത്തും സാമൂഹിക, രാഷ്ട്രീയ ഇടപെടലുകളിലും പ്രസ്ഥാനം എന്നും അനുകരണീയ മാതൃകകള്‍ മുന്നോട്ടുവെക്കുന്ന മുമ്പേ പറക്കുന്ന പക്ഷിയായി. ദൗര്‍ഭാഗ്യവശാല്‍ ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം ഭാവനാസമ്പന്നമായ ഇടപെടലുകള്‍ പ്രസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് കാണുന്നില്ല. പഴയകാലത്ത് ഇത്തരം ഇസ്‌ലാമിക സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങിയവരുടെ സാന്നിധ്യം ഇന്നും കേരളീയ ഇസ്‌ലാമിക മണ്ഡലത്തില്‍ സജീവമായതിനാലാകും ഈ പ്രതിസന്ധിയുടെ ആഴം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത്.
ഈ ഘട്ടത്തില്‍, കേരളത്തിലെ ഇസ്‌ലാമിക സ്ഥാപനങ്ങളുടെ നിലവിലെ അവസ്ഥയെ കുറിച്ച് സമഗ്രമായ അന്വേഷണവും പഠനവും ആദ്യം നടക്കണം. ഈ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അക്കാദമിക വിദഗ്ധരെയും പണ്ഡിതരെയും ഉള്‍പ്പെടുത്തി നിരന്തരമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണം. അതുപ്രകാരം സമഗ്രമായ ഉടച്ചുവാര്‍ക്കലിന് നേതൃത്വം മുന്‍കൈ എടുക്കുകയും വേണം.
ഷെബീന്‍ പെരിമ്പലം
ഇന്ത്യയോളം വിശാലമാകുമോ മോദി?
പ്രബോധനം വാള്യം 71 ലക്കം 2853-ല്‍ മോദി വന്ന വിധം അപഗ്രഥിച്ചത് വസ്തുനിഷ്ഠമായി. 'ഹിന്ദുത്വമെന്നാല്‍ വെറും മതന്യൂനപക്ഷ വിരോധമല്ലെന്നും രാഷ്ട്രീയവും സാമ്പത്തികവും വികസനപരവുമായ കാഴ്ചപ്പാടുകളുള്ള പ്രത്യയശാസ്ത്രമാണെന്നും തെളിയിക്കേണ്ട ബാധ്യത മോദി സര്‍ക്കാരിനുമേല്‍ വന്നുകൂടിയിരിക്കുന്നു. അവകാശപ്പെട്ടപോലെ ഇന്ത്യന്‍ പൗരന്മാരെ മുഴുവന്‍ ഒന്നായിക്കാണാനുള്ള വിശാലത പുതിയ സാഹചര്യത്തില്‍ നരേന്ദ്ര മോദിക്കുണ്ടാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.' അധികാരം നിലനിര്‍ത്തുക എന്നത് മോദിയുടെ ആവശ്യമായതിനാലും കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് പാഠം പഠിച്ചതിനാലും ഭരണം നന്നാവുമെന്ന് തന്നെയാണ് സാമാന്യ ജനം കരുതുന്നത്. അദ്വാനിയെപ്പോലും മിതവാദിയാക്കും വിധം ഉഗ്രശേഷിയുള്ള വര്‍ഗീയക്കാര്‍ഡുമായാണ് മോദി വരുന്നത്; അതും ആര്‍.എസ്.എസ് എന്ന തീവ്ര ഫാഷിസ്റ്റ് സംഘത്തിന്റെ ഒത്താശയോടെ ഗുജറാത്ത് വംശഹത്യയുടെ ലേബലില്‍. ഭരണം എത്ര നന്നായാലും ഈ പശ്ചാത്തലം അത്ര പെട്ടെന്നൊന്നും മറക്കാന്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കാവില്ല.
പ്രബോധനം വാള്യം 71 ലക്കം 2853-ല്‍ മോദി വന്ന വിധം അപഗ്രഥിച്ചത് വസ്തുനിഷ്ഠമായി. 'ഹിന്ദുത്വമെന്നാല്‍ വെറും മതന്യൂനപക്ഷ വിരോധമല്ലെന്നും രാഷ്ട്രീയവും സാമ്പത്തികവും വികസനപരവുമായ കാഴ്ചപ്പാടുകളുള്ള പ്രത്യയശാസ്ത്രമാണെന്നും തെളിയിക്കേണ്ട ബാധ്യത മോദി സര്‍ക്കാരിനുമേല്‍ വന്നുകൂടിയിരിക്കുന്നു. അവകാശപ്പെട്ടപോലെ ഇന്ത്യന്‍ പൗരന്മാരെ മുഴുവന്‍ ഒന്നായിക്കാണാനുള്ള വിശാലത പുതിയ സാഹചര്യത്തില്‍ നരേന്ദ്ര മോദിക്കുണ്ടാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.' അധികാരം നിലനിര്‍ത്തുക എന്നത് മോദിയുടെ ആവശ്യമായതിനാലും കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് പാഠം പഠിച്ചതിനാലും ഭരണം നന്നാവുമെന്ന് തന്നെയാണ് സാമാന്യ ജനം കരുതുന്നത്. അദ്വാനിയെപ്പോലും മിതവാദിയാക്കും വിധം ഉഗ്രശേഷിയുള്ള വര്‍ഗീയക്കാര്‍ഡുമായാണ് മോദി വരുന്നത്; അതും ആര്‍.എസ്.എസ് എന്ന തീവ്ര ഫാഷിസ്റ്റ് സംഘത്തിന്റെ ഒത്താശയോടെ ഗുജറാത്ത് വംശഹത്യയുടെ ലേബലില്‍. ഭരണം എത്ര നന്നായാലും ഈ പശ്ചാത്തലം അത്ര പെട്ടെന്നൊന്നും മറക്കാന്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കാവില്ല.
സി.എച്ച് മുഹമ്മദലി കൂട്ടിലങ്ങാടി
ഖല്‍ബ് പിടഞ്ഞു, കണ്ണ് നിറഞ്ഞു
സിദ്ദീഖ് ഹസന്‍ സാഹിബിനെയും വിഷന്‍ 2016-ന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരെയും അല്ലാഹു അനുഗ്രഹിക്കട്ടെ. പ്രബോധനത്തില്‍ വരുന്ന, ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ച യാത്രാ വിവരണം വായിക്കുന്നവര്‍ക്ക് വിഷന്‍ 2016-നു വേണ്ടി എന്തെങ്കിലും ചെയ്യാതെ കിടന്നുറങ്ങാന്‍ കഴിയില്ല. പച്ചില പറിച്ചിട്ടു ചോറിന്റെ ദുര്‍ഗന്ധം കളഞ്ഞ് ചോറ് വെച്ച് കൊടുക്കേണ്ടിവരുന്ന ഉമ്മമാരെ കുറിച്ചും അത് തിന്നേണ്ടി വരുന്ന കുട്ടികളെ കുറിച്ചും ഓര്‍ക്കുമ്പോള്‍ ഭക്ഷണം പാഴാക്കാന്‍ കഴിയില്ല. മലയാളത്തില്‍ മലര്‍വാടിയും മദ്‌റസയിലെ പാഠ പുസ്തകങ്ങളും മാത്രം വായിച്ചു ശീലമുള്ള മക്കളെ ഇരുത്തി ആ പ്രബോധനം ലേഖനം വായിപ്പിച്ചു. കുറച്ചു നേരത്തേക്ക് അവര്‍ ഒന്നും മിണ്ടിയില്ല. കരച്ചിലിന്റെ വക്കോളം എത്തുകയും ചെയ്തു. രണ്ടു ദിവസം മുമ്പ് സാമ്പാറിലെ പച്ചക്കറി കഷണങ്ങള്‍ ബാക്കിയായപ്പോള്‍ 'എനിക്കിതു വെയ്സ്റ്റില്‍ ഇടാന്‍ വയ്യ, നിങ്ങള്‍ തന്നെ ഇട്ടോളൂ. ഒപ്പം ആ കുട്ടികളെ ഓര്‍ക്കുകയും ചെയ്യണം' എന്ന് പറഞ്ഞപ്പോഴും അവര്‍ വല്ലാത്ത അവസ്ഥയിലായി. അതിനു ശേഷം കരുതലോടെ മാത്രമേ ഭക്ഷണം എടുക്കുകയുള്ളൂ. മൂന്നു നേരം സുഭിക്ഷമായി ഭക്ഷണം കഴിക്കുന്ന നമ്മള്‍ക്ക് ഇത്തരം ജന്മങ്ങളെ കുറിച്ചൊന്നും ഓര്‍ക്കാന്‍ സമയം കിട്ടാറില്ല. കിട്ടിയാലും നമ്മള്‍ സ്വയം അതില്‍ നിന്നൊരു എസ്‌കേപിസ്റ്റ് മനോഭാവത്തോടെ ഒഴിഞ്ഞു മാറും. വിഷന്‍ 2016-ന് വേണ്ടി ഫീല്‍ഡില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരുപാട് പേരുണ്ട്. എന്നാല്‍ വിഷന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ആവശ്യമായ പണം കഴിവിനനുസരിച്ച് സംഭാവന ചെയ്തും കളക്ഷന്‍ നടത്തി കൊടുത്തും നമുക്കും സഹായിക്കാവുന്നതേയുള്ളൂ. 'പിരിവിനു നടക്കാന്‍' മടിയുള്ള നമ്മള്‍ ഒരു ചെറിയ ഷെയര്‍ പോക്കറ്റില്‍ നിന്നെടുത്തു തടിയൂരുന്നതും സ്വാഭാവികമാണ്.
പക്ഷേ, ഞാനടക്കമുള്ള വായനക്കാരെ ആ ലേഖനങ്ങള്‍ സ്വാധീനിച്ചു എന്ന് ഉറപ്പുവരുത്തേണ്ടത് വിഷന്‍ 2016-ന്റെ കളക്ഷനു വേണ്ടിയെങ്കിലും കഠിനാധ്വാനം ചെയ്തു കൊണ്ടാണ്. ഉദാരമായ കൈകളിലേക്ക് സഹായം തേടി നമുക്കും കടന്നുചെല്ലാം.
ആരിഫ നജൂം, സുഊദി അറേബ്യ
പ്രബോധനം തുടര്‍ച്ചയായി വായിക്കാറുണ്ട്. 2853-ല്‍ എ.ആര്‍ എഴുതിയ 'മതേതര ഇന്ത്യയില്‍ മോദി വന്ന വിധം' എന്ന ലേഖനവും ഇന്നത്തെ പരിതസ്ഥിതിയെ തൊട്ടറിയുന്ന 'പതിനാറാം ലോക്‌സഭ' എന്ന മുഖക്കുറിപ്പും 'മോദിയും കോര്‍പ്പറേറ്റുകളും പിന്നെ മുസ്‌ലിം സമുദായവും' എന്ന ലേഖനവും അര്‍ഥവത്തായിരിക്കുന്നു. തിരുത്ത്, പ്രവാസം, സൗഹൃദം എന്നീ കവിതകള്‍ നന്നായി.
വിജയന്‍ വി.എന്‍ മുതുവറ, തൃശൂര്‍
കേരളത്തിലെ യത്തീംഖാനയിലേക്ക് അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കൊണ്ടു വന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് കാര്യമായ വീഴ്ച പറ്റിയിട്ടുണ്ടെന്നത് പറയാതെ വയ്യ. ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്ത അനാഥരായ കുഞ്ഞുങ്ങള്‍ക്ക് നല്ല ഭക്ഷണവും തരക്കേടില്ലാത്ത വിദ്യാഭ്യാസവും നല്‍കാന്‍ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ മാറിയ സാഹചര്യത്തിലെങ്കിലും അല്‍പം വകതിരിവോടെ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
സലിം നൂര്‍, ഒരുമനയൂര്‍
Comments