Prabodhanm Weekly

Pages

Search

2014 ജൂണ്‍ 27

വിശ്വമാനവികതയുടെ സാന്ത്വന സ്പര്‍ശം

ഗോപി നെടുങ്ങാടി /അനുഭവം

         രു സാധാരണ ദിവസം രാവിലെ പ്രഭാത നടത്തം കഴിഞ്ഞെത്തുമ്പോള്‍ ഭാര്യ ലതയുടെ നിലവിളി- ഗോപ്യേട്ടാ, വേഗം വരൂ, അര്‍ജുന്‍ ആകെ കുഴഞ്ഞിരിക്കുന്നു. നില്‍ക്കാന്‍ പറ്റുന്നില്ല... ഞങ്ങളുടെ ഏക മകന്‍ രാവിലെ സ്‌കൂളിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് സംഭവം. പെട്ടെന്ന് ആശുപത്രിയിലെത്തി വേണ്ട നിരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം ഒരാഴ്ച കഴിഞ്ഞ് പ്രത്യേകിച്ച് മാറ്റമൊന്നും കാണാത്തതിനാല്‍ വിശദമായി ഒരു ന്യൂറോളജിസ്റ്റിനെ കാണാനും കൂടുതല്‍ സൗകര്യമുള്ള ഒരാശുപത്രിയിലേക്ക് മാറ്റാനും നിര്‍ദേശമുണ്ടായി. പത്തു വയസ്സുള്ള മകന്‍ തീര്‍ത്തും ശയ്യാവലംബിയായി. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ എമര്‍ജന്‍സിയില്‍ അഡ്മിറ്റായ ശേഷം അവിടത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ അസുഖം ഗിലെ ബാരെ സിന്‍ഡ്രോം എന്ന ഓട്ടോ ഇമ്യൂണ്‍ അസുഖമാണെന്നും ചുരുങ്ങിയത് ഒരു മാസമെങ്കിലും കിടത്തി ചികിത്സിക്കേണ്ടിവരുമെന്നും പറഞ്ഞു.

         ഈ അസുഖത്തിനുള്ള ഏക ചികിത്സ ഹ്യൂമന്‍ ഇമ്യൂണോ ഗ്ലോബിന്‍ എന്ന മരുന്ന് ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും രക്തത്തിലേക്ക് കുത്തിവെക്കലാണ്. ഇപ്പറഞ്ഞ ഐ.വി തെറാപ്പി ചികിത്സക്ക് ഒരു കുപ്പിക്ക് എണ്ണൂറ് രിയാലോളം വരും. അങ്ങനെയുള്ള കുപ്പികള്‍ ദിവസവും വേണ്ടിവരും.  ഇത്രയൊക്കെ ചെലവഴിച്ചാലും രോഗം തീര്‍ത്തും മാറുമോ എന്നുറപ്പിച്ച് പറയാന്‍ ഡോക്ടര്‍മാരാരും തയാറാകുന്നില്ല താനും. ചുരുങ്ങിയത് ഒരാഴ്ചത്തെ ആശുപത്രി വാസവും മരുന്നുമെല്ലാം കൂടി ലക്ഷം രിയാലിനപ്പുറമുള്ള ചികിത്സ ഉടനെ ചെയ്‌തേ പറ്റൂ. തളര്‍ച്ച ശ്വാസകോശത്തെ ബാധിക്കുമെന്നതുകൊണ്ട് ഐ.സിയുവില്‍ കിടക്കേണ്ടതും അത്യന്താപേക്ഷിതം.

         ഒരു ഗവണ്‍മെന്റ് ആശുപത്രിയില്‍ അഡ്മിഷന്‍ കിട്ടി. പക്ഷേ, കുത്തിവെക്കേണ്ട മരുന്ന് തല്‍ക്കാലം സ്റ്റോക്കില്ലെന്നും സ്റ്റോക്കിന് അപേക്ഷിച്ചിട്ടുണ്ടെന്നും അന്നേക്കുവേണ്ട മരുന്ന് വാങ്ങിക്കൊണ്ടുവരാനും പറഞ്ഞു. ഓടിപ്പാഞ്ഞ് പണമൊപ്പിച്ച് കാര്യം നടത്തി. രണ്ടാമത്തെ ദിവസം രാവിലെയായപ്പോഴേക്കും വീണ്ടും കുഴഞ്ഞു. മരുന്ന് ഏതു വിധേനയും എത്തിച്ചേ പറ്റൂ. മകന്റെ ഭാഗ്യമാകാം, ഭാര്യയുടെയും കൂടെയുള്ളവരുടെയും പ്രാര്‍ഥനയാകാം, മരുന്ന് വാങ്ങാന്‍ പോകുന്ന തിന്റെ തൊട്ടു മുമ്പ് ആശുപത്രിയില്‍ മരുന്ന് എത്തിയിട്ടുണ്ടെന്ന വിവരം വലിയ ആശ്വാസമായി. ഒരാഴ്ചത്തെ ചികിത്സ ഫലിക്കാന്‍ തുടങ്ങി. ഒരു മാസത്തോളം ഇന്‍പേഷ്യന്റായി ഫിസിയോ തെറാപ്പിക്ക് നിര്‍ദേശവും കിട്ടി.

         ഞങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ തൊട്ടപ്പുറത്ത് അലി ഹസന്‍ അബ്ദുല്‍ ബാഗി എന്ന ഒരു സുഡാനി താമസിക്കുന്നുണ്ട്. സഹൃദയന്‍, വിദ്യാസമ്പന്നന്‍. അദ്ദേഹത്തിന്റെ മൂന്ന് ആണ്‍കുട്ടികളുമായി എന്റെ മകന്‍ ദിവസവും വൈകീട്ട് ഫ്‌ളാറ്റ് മുറ്റത്തും പുറത്തും കളിക്കാറുണ്ടായിരുന്നു. മൂത്ത മകന്റെ പേര് മാസിന്‍ എന്നായതുകൊണ്ട് സാധാരണ അറബി രീതിയനുസരിച്ച് ഞാനദ്ദേഹത്തെ അബു മാസിനെന്നും എന്നെ തിരിച്ച് അബു അര്‍ജുനെന്നും വിളിക്കും. കുട്ടികളുടെ അമ്മ ഉമ്മി മാസിന്‍. ഭാഷയറിയില്ലെങ്കിലും എന്റെ ഭാര്യയുമായി അറബിയിലും, ലത അറിയുന്ന അറബിയിലും മലയാളത്തിലുമായി അത്യാവശ്യം ആശയവിനിമയം നടത്തും. സുഡാനികളുടെ രീതിയനുസരിച്ച് അവര്‍ക്ക് വല്ല വീട്ടുസാധനങ്ങളുടെയും കുറവുണ്ടെങ്കില്‍, അത് ഉപ്പോ മുളകോ ഉള്ളിയോ വെളുത്തുള്ളിയോ ആവട്ടെ, നേരെ നമ്മുടെ അടുക്കളയോളം വരുകയും യാതൊരു മടിയുമില്ലാതെ വാങ്ങിക്കൊണ്ടുപോവുകയും ചെയ്യും. തിരിച്ച് നമുക്കും ആ സ്വാതന്ത്ര്യം അവര്‍ നല്‍കുന്നുണ്ട്.

         രണ്ടു ദിവസം തുടര്‍ച്ചയായി മകനെ കളിക്കാന്‍ കാണാതിരിക്കുകയാല്‍ അബു മാസിന്‍ അന്വേഷിച്ചപ്പോള്‍ വിവരങ്ങളൊക്കെ പറഞ്ഞു. സ്വന്തം മകനെപ്പോലെ കരുതിയിരുന്ന അര്‍ജുന്റെ അസുഖം അദ്ദേഹത്തെയും കുടുംബത്തെയും വല്ലാതെ വിഷമിപ്പിച്ചു. പല തവണ ആശുപത്രിയില്‍ വന്ന് ഞങ്ങളെ സമാശ്വസിപ്പിച്ചു. ഇതിനിടെ ആ വര്‍ഷത്തെ റമദാന് ആരംഭം കുറിച്ചു. ഞങ്ങള്‍ ഹിന്ദുക്കളാണെന്നും ഉപവസിക്കാറില്ലെന്നുമൊക്കെ അവര്‍ക്കറിയാം. റമദാനിലെ ആദ്യത്തെ വ്യാഴാഴ്ച അബു മാസിന്‍ എന്റെയരികില്‍ വന്ന് ഒരു കാര്യം പ്രത്യേകം പറയാനുണ്ടെന്ന് പറഞ്ഞു: ''റമദാന്‍ ഞങ്ങള്‍ക്ക് സവിശേഷ മാസമാണ്. പ്രാര്‍ഥനകള്‍ക്കും സമര്‍പ്പണങ്ങള്‍ക്കും വലിയ മഹത്വമുള്ള മാസം. അതുകൊണ്ട് താങ്കളുടെ മകനു വേണ്ടി നാളെ വെള്ളിയാഴ്ച രാവിലെ ഞാന്‍ താങ്കളുടെ വീട്ടില്‍ വന്ന് പ്രത്യേക പ്രാര്‍ഥന നടത്താന്‍ ഉദ്ദേശിക്കുന്നു.'' മതത്തിനും വിശ്വാസത്തിനുമപ്പുറം ഇത് ഒരു സ്‌നേഹിതന്റെ ആഗ്രഹമായി കരുതി വീട്ടുകാരിയോടു കൂടി ചോദിച്ച് തീരുമാനമറിയിക്കാം എന്ന് മറുപടിയും പറഞ്ഞു. എനിക്കും ലതക്കും അക്ഷരാര്‍ഥത്തില്‍ ഹൃദയസ്പര്‍ശിയായിരുന്നു ഈ കരുണാമയമായ സമീപനം. ഞങ്ങള്‍ സമ്മതം കൊടുത്തതനുസരിച്ച് പിറ്റേ ദിവസം രാവിലെ അബു മാസിന്‍ പുതുവസ്ത്രം ധരിച്ച്, നോമ്പനുഷ്ഠിച്ച്, അംഗശുദ്ധി വരുത്തി വീട്ടില്‍ വന്ന് ഒരു പ്രത്യേക സ്ഥലത്ത് മക്കക്കഭിമുഖമായി നിലത്തിരുന്ന് തന്റെ കൈയില്‍ കരുതിയിരുന്ന വിശുദ്ധ ഖുര്‍ആനില്‍ പ്രത്യേകം അടയാളപ്പെടുത്തിയ ഭാഗങ്ങളത്രയും നീണ്ട മൂന്ന് മണിക്കൂറെടുത്ത് പാരായണം ചെയ്ത്, പലപ്പോഴും ആകാശത്തേക്ക് കൈകളുയര്‍ത്തി ഞങ്ങളുടെ മകനു വേണ്ടി പ്രാര്‍ഥിച്ചു. തന്റെ ദൗത്യം കഴിഞ്ഞ് മടങ്ങുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ ഞാന്‍ അദ്ദേഹത്തോട് നന്ദി പറയാനൊരുങ്ങിയപ്പോള്‍, സാധാരണ സുഡാനികള്‍ ചെയ്യാറുള്ളതുപോലെ സ്‌നേഹത്തോടെ പുറത്ത് തട്ടി അദ്ദേഹം പറഞ്ഞു: ''നമ്മള്‍ അയല്‍വാസികള്‍ മാത്രമല്ല, സഹോദരങ്ങളാണ്. അര്‍ജുന്‍ എനിക്ക് മകനാണ്. എല്ലാം ശരിയാവും. അവന്‍ പഴയപോലെയാവും. നമ്മുടെ കുട്ടികള്‍ ഒന്നിച്ച് വീണ്ടും കളിക്കുകയും ചെയ്യും. എന്റെ കൈയിലുള്ള ഈ ഗ്രന്ഥത്തെയും അതിന്റെ നാഥനെയും സാക്ഷിയാക്കി ഞാന്‍ താങ്കള്‍ക്ക് വാക്ക് തരുന്നു, പേടിക്കണ്ട.'' വിതുമ്പലോടെ അദ്ദേഹത്തെ യാത്രയാക്കിയപ്പോള്‍ അറിയാതെ ഓര്‍ത്തുപോയി- ഞങ്ങള്‍ ഒരു ദേശക്കാരല്ല, മതക്കാരുമല്ല, ഭാഷയിലും ഭക്ഷണത്തിലും വസ്ത്രത്തിലും സമാനതകളില്ല. ഒരയല്‍വാസിക്കപ്പുറമുള്ള അത്ര വലിയ ആത്മ ബന്ധവുമില്ല. താരതമ്യം ചെയ്യാനാവാത്ത വിധം അദ്ദേഹത്തില്‍ പുലര്‍ന്നു കണ്ട ഇസ്‌ലാമിലെ വിശ്വമാനവികതയും വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്ന വിശ്വാസ്യതയും ഞങ്ങള്‍ക്ക് അവാച്യ മധുരമായ അനുഭൂതിയാണ് നല്‍കിയത്. 

         മകന്റെ ചികിത്സ ഫലിച്ചു; നാട്ടില്‍ പോയി കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ തുടര്‍ ചികിത്സയും കഴിഞ്ഞ് അബു മാസിന്‍ പ്രവചിച്ച പോലെ ഞങ്ങളുടെ കുട്ടികള്‍ ഒന്നിച്ച് കളിച്ച് വളര്‍ന്നു. ഇപ്പോഴും ഞാന്‍ ഫ്‌ളാറ്റ് മാറിയെങ്കിലും ഇടക്ക് സൂപ്പര്‍മാര്‍ക്കറ്റിലും അങ്ങാടിയിലും അദ്ദേഹത്തെ കണ്ടുമുട്ടാറുണ്ട്. അപ്പോഴുള്ള ആദ്യത്തെ ചോദ്യം- 'കേഫ് അര്‍ജുന്‍, വള്ളാഹി, റബ്ബനാ സാഹില്‍' എന്നദ്ദേഹം ഓര്‍മിപ്പിക്കും.

         ഒരു റമദാന്‍ കൂടി കടന്നുവരുമ്പോള്‍ എന്റെ ജീവിതത്തിലെ അതീവ സങ്കടകരവും നിരാലംബവുമായൊരവസ്ഥയില്‍ ചികിത്സക്കും മരുന്നിനും പരിചരണത്തിനുമപ്പുറം ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ പ്രാര്‍ഥനയുടെയും സമര്‍പ്പണത്തിന്റെയും സഹാനുഭൂതിയുടെയും ജീവിക്കുന്ന പ്രതീകമായി മാറിയ അബു മാസിനെ ഓര്‍ക്കാതിരിക്കാനാവില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 108-111
എ.വൈ.ആര്‍