മലേഷ്യയിലെ റമദാന്‍ രാപ്പകലുകള്‍

റമദാന്‍ മാസത്തിന്റെ പൊതുവായ സവിശേഷതകള്‍ക്കപ്പുറം ഓരോ നാട്ടിലെയും റമദാന്‍ അനുഭവങ്ങള്‍ വ്യത്യസ്തമാണ്. കാലഘട്ടങ്ങള്‍ മാറുമ്പോഴുമുണ്ട് നിരവധി വ്യത്യാസങ്ങള്‍. നമ്മുടെ നാട്ടില്‍ തന്നെയും രണ്ടു മൂന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന ദാരിദ്ര്യത്തിന്റെ നോമ്പനുഭവങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കുന്നു ഇന്നത്തെ സമൃദ്ധിയുടെ നോമ്പു കാലം. സൂക്ഷ്മാര്‍ത്ഥത്തില്‍ ഈ വ്യത്യസ്തതകള്‍ ഓരോ നോമ്പു കാലത്തും ഓരോ വ്യക്തിയിലും ഉണ്ടാകും. സ്ഥല-കാല-ദൂരങ്ങള്‍ കൂടുതല്‍ താണ്ടുമ്പോള്‍ ഈ അനുഭവങ്ങള്‍ കൂടുതല്‍ വ്യത്യസ്തതകളും വൈവിധ്യങ്ങളും കൈവരിക്കുന്നു.
ഒരൊറ്റ പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന ഒരു സമൂഹം, വ്യത്യസ്ത സ്ഥല-കാല-സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അതിന്റെ സത്തയെ നിലനിര്‍ത്തിക്കൊണ്ടു തന്നെ ബഹുവര്‍ണങ്ങളും വൈവിധ്യങ്ങളും പ്രതിഫലിപ്പിക്കും. ഈ വൈവിധ്യങ്ങളുടെ പ്രതിഫലനങ്ങളെ ബഹുവര്‍ണ ഇസ്‌ലാമെന്നും മഴവില്‍ ഇസ്‌ലാമെന്നുമൊക്കെ പലരും പരിചയപ്പെടുത്താറുണ്ട്. ഇസ്‌ലാമിന്റെ കാലാതിവര്‍ത്തിത്വത്തെയും യൂനിവേഴ്‌സാലിറ്റിയെയുമാണ് ഈ പ്രത്യേകതകള്‍ സൂചിപ്പിക്കുന്നത്.
എല്ലാ കാലത്തെയും എല്ലാ ജനതക്കും നോമ്പിന്റെ ആത്യന്തിക ലക്ഷ്യവും ചൈതന്യവും അതിന്റെ സന്ദേശവും ഒന്നാണ്. എന്നാല്‍ അതിന് വൈവിധ്യത്തിന്റെ നിറഭേദങ്ങളുണ്ട്. വ്യത്യസ്ത ജനതകളും പ്രദേശങ്ങളും കാലവും തീര്‍ക്കുന്നതാണ് വൈവിധ്യങ്ങളുടെ ഈ ബഹുവര്‍ണ്ണ മുഖം. അങ്ങനെയല്ലായിരുന്നുവെങ്കില്‍ അമേരിക്കയിലെയും ഇന്ത്യയിലെയും സുഊദി അറേബ്യയിലെയും റമദാന്‍ അനുഭവങ്ങള്‍ക്കിടയില്‍ വ്യത്യസ്തതയും പുതുമയും ഉണ്ടാകുമായിരുന്നില്ല. പ്രവാചക കാലത്തെ റമദാന്‍ അനുഭവങ്ങളെയും ഇക്കാലത്തെ റമദാന്‍ നാളുകളെയും മാറ്റുരക്കുന്നതില്‍ അര്‍ത്ഥമില്ലാതായിപ്പോയേനേ. മലേഷ്യയിലെ റമദാന്‍ അനുഭവങ്ങള്‍ക്കുമുണ്ട് നമ്മുടേതില്‍ നിന്ന് ഏറെ വ്യത്യാസങ്ങള്‍.
മലായ് മുസ്‌ലിംകള്‍
കുറെയേറെ പ്രത്യേകതകളാല്‍ കേരളത്തിനു സമാനമാണ് മലേഷ്യയും മലേഷ്യന്‍ മുസ്‌ലിംകളും. ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനം മാത്രമായ കേരളത്തിന്റെ അത്ര പോലും ജനസംഖ്യയില്ല, കേരളത്തേക്കാള്‍ എട്ടിരട്ടിയിലധികം വലിപ്പമുള്ള മലേഷ്യയില്‍. രണ്ടായിരത്തിപ്പത്തിലെ കണക്കു പ്രകാരം രാജ്യത്തെ 2.85 കോടി ജനതയില്‍ അറുപത് ശതമാനവും മുസ്‌ലിംകളാണ്. അതു തന്നെയും ശാഫിഈ മദ്ഹബ് പിന്‍പറ്റുന്നവര്‍. രാജ്യത്തിന്റെ ഔദ്യോഗിക മതം ഇസ്‌ലാമാണെങ്കിലും ഇസ്‌ലാമിക ശരീഅത്ത് വ്യക്തി-കുടുംബ നിയമങ്ങളില്‍ പരിമിതമാണ്. മുമ്പ് ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യത്തിന്റെ ഭരണം ഇംഗ്ലീഷ് കോമണ്‍ ലോയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
വ്യക്തി ജീവിതത്തില്‍ ഒരു ശരാശരി കേരളീയ മുസ്‌ലിമിനേക്കാള്‍ മദ്ഹബിന്റെ കല്‍പ്പനകള്‍ അനുശാസിക്കുന്ന ഒരു മലയ്ക്കാരന്‍, എന്നാല്‍ പൊതു ജീവിതത്തില്‍ കുറേ കൂടി സഹിഷ്ണുവും മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ പോന്ന വിശാലമനസ്‌ക്കനുമാണ്. മദ്ഹബീ സംഘടനാ പക്ഷപാത ചിന്തകള്‍ മലയ്ക്കാര്‍ക്കിടയില്‍ കാണുക പ്രയാസം.
ഇസ്‌ലാമുമായി ബന്ധപ്പെട്ട എന്തിനും മലായ് മുസ്‌ലിംകള്‍ക്കിടയില്‍ വലിയ സ്ഥാനമാണ്. ഇസ്‌ലാമിക ചിഹ്നങ്ങള്‍, ഇസ്‌ലാമിക് വാസ്തു വിദ്യ, ഇസ്‌ലാമിക് ബാങ്കുകള്‍, ഹലാല്‍ മുദ്ര പതിച്ച ഭക്ഷണ പാനീയങ്ങള്‍, ഇസ്‌ലാമിക് സര്‍വകലാശാലകള്‍, ഇസ്‌ലാമികകല തുടങ്ങി ഇസ്‌ലാമിക നാമങ്ങളുള്ള ഏതു സംരംഭത്തിനും മലായ് മുസ്‌ലിംകളുടെ പിന്തുണയും ആശീര്‍വാദവുമുണ്ട്. ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന മലേഷ്യയില്‍ നിരവധി ഇസ്‌ലാമിക് ബാങ്കുകള്‍ വിജയകരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കു പുറമെ വേറെയും യൂനിവേഴ്‌സിറ്റികള്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മാതൃകയില്‍ ഉയര്‍ന്ന അക്കാദമിക നിലവാരം പുലര്‍ത്തുന്നു. ഇത്തരം ഇസ്‌ലാമിക സംരംഭങ്ങളുടെ വിജയഗാഥകള്‍ക്ക് മലേഷ്യന്‍ ജനതയുടെ ഇസ്‌ലാം ആഭിമുഖ്യത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. ഇസ്‌ലാമിക സംഗീത കച്ചേരികള്‍ക്കും മലേഷ്യന്‍ ജനതക്കിടയില്‍ പ്രിയമേറെയാണ്. മെഹര്‍സെന്‍, സാമി യുസുഫ് പോലുള്ള ആധുനിക ഇസ്‌ലാം ഗായകരുടെ മ്യൂസിക് കണ്‍സേര്‍ട്ടുകള്‍ ഇവിടെ വലിയ വിജയമാകാറുണ്ട്. ചുരുക്കത്തില്‍, ആധുനികതയെയും ഇസ്‌ലാമിനെയും ഒരു പോലെ ചേര്‍ത്തു പിടിക്കുന്ന ഒരു ജനവിഭാഗമാണെന്നു പറയാം. നിലപാടുകളിലും വീക്ഷണങ്ങളിലുമുള്ള മലേഷ്യന്‍ ഭരണകൂടത്തിന്റെയും ജനതയുടെയും മിതത്വവും മധ്യമനിലപാടും മറ്റു പല മുസ്‌ലിം രാജ്യങ്ങള്‍ക്കും മാതൃകയായി പലരും എടുത്തു കാണിക്കാറുണ്ട്. തുര്‍ക്കി കഴിഞ്ഞാല്‍ പാശ്ചാത്യ നിരൂപകര്‍ മാതൃകയായി മറ്റു മുസ്‌ലിം രാജ്യങ്ങള്‍ക്കു പരിചയപ്പെടുത്തുന്നതും മലേഷ്യയെത്തന്നെ.
റമദാനും മലേഷ്യന്‍ ജനതയും
മലേഷ്യക്കാരുടെ ദീനീ ആഭിമുഖ്യം റമദാനില്‍ പൂര്‍വാധികം വര്‍ധിക്കുന്നു. മലേഷ്യയില്‍ റമദാന്‍ മുസ്‌ലിംകളുടേതു മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേതുമാണെന്ന മട്ടിലാണ് സര്‍ക്കാരും മറ്റു മതവിശ്വാസികളും നോക്കിക്കാണുന്നത്. അറുപത് ശതമാനമാണ് മുസ്‌ലിംകള്‍ എങ്കിലും ക്രിസ്തീയരും ഹിന്ദുക്കളും ബുദ്ധ മതക്കാരും മതമില്ലാത്തവരുമായി വലിയൊരു വിഭാഗം ന്യൂനപക്ഷങ്ങളുമുണ്ട്. ചന്ദ്രപ്പിറവിയെക്കുറിച്ച് സര്‍ക്കാരിന്റെ മതകാര്യ വകുപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിനാല്‍ മലേഷ്യയില്‍ എല്ലായിടത്തും ഒരേ ദിവസമാണ് റമദാന്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. മുസ്‌ലിംകളുടെ നോമ്പുകാലത്തെ മറ്റു മതസ്ഥരും സഹിഷ്ണുതയോടെ നോക്കിക്കാണുകയും പരസ്യമായി ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്യുന്നു. റമദാന്‍ മാസം മുഴുവനും മലേഷ്യ ഉത്സവഛായയിലായിരിക്കും. ഗ്രാമങ്ങളേക്കാള്‍ അതു കൂടുതല്‍ പ്രകടമാകുക നഗരങ്ങളിലാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഷോപ്പിംഗ് മാളുകളും കച്ചവട കേന്ദ്രങ്ങളും വൈദ്യുതി ദീപങ്ങളാല്‍ മോടിയായി അലങ്കരിക്കുകയും റമദാന്‍ മാസത്തെയും ഈദിനെയും വരവേല്‍ക്കുന്ന ബാനറുകള്‍ തൂക്കിയിടുകയും ചെയ്തിട്ടുണ്ടാകും. ബസാറുകള്‍ മാത്രമല്ല, മലേഷ്യയിലെ ഒട്ടുമിക്ക പള്ളികളും റമദാന്‍ നാളുകളില്‍ ദീപാലംകൃതങ്ങളാണ്.
കുഞ്ഞുങ്ങള്‍ക്ക് ഇസ്‌ലാമിക ശിക്ഷണം നല്‍കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന മലയക്കാര്‍ കുട്ടികളെ 10 വയസ്സില്‍ തന്നെ നോമ്പെടുക്കാന്‍ പരിശീലിപ്പിച്ചിരിക്കും. അതു കൊണ്ടു തന്നെ 12 വയസ്സാകുമ്പോഴേക്കും മിക്കവാറും കുട്ടികള്‍ മാസം മുഴുവനും നോമ്പെടുക്കാന്‍ പ്രാപ്തരായിരിക്കും.
പൊതുവേ ശാന്തപ്രകൃതരും സൗഹൃദപ്രിയരുമായ മലേഷ്യക്കാര്‍ റമദാനില്‍ കൂടുതല്‍ സഹജീവി സ്‌നേഹികളും സഹിഷ്ണുക്കളുമാകുന്നു. നമസ്‌കാരം കഴിഞ്ഞ് പരസ്പരം ഹസ്തദാനം ചെയ്തും പുഞ്ചിരി തൂകിയും തങ്ങളുടെ സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കുന്നത് റമദാനിലെ മാത്രം കാഴ്ചയല്ല. വിദേശികളോടുള്ള മലേഷ്യക്കാരുടെ പെരുമാറ്റവും സൗഹാര്‍ദപൂര്‍ണമാണ്. ഇടക്കിടെ ലഘുഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്ന പതിവുള്ള മലയക്കാര്‍ക്ക് നോമ്പ് വല്ലാതെ പ്രയാസം സൃഷ്ടിക്കുമെന്ന് തോന്നാം (ഓഫീസുകളിലും ക്ലാസ് റൂമുകളിലും തിന്നും കൊറിച്ചുമിരിക്കുന്നത് മലയക്കാരുടെ പതിവാണ്). എന്നാല്‍ അത്തരം പതിവു ശീലങ്ങളെ മാറ്റി വച്ചു റമദാനെ അത്യുത്സാഹത്തോടെ വരവേല്‍ക്കുന്നതിലും നെഞ്ചേറ്റുന്നതിലും മലേഷ്യക്കാര്‍ ഉത്സുകരാണ്. മാത്രമല്ല, നോമ്പ് ഭക്ഷണപ്പെരുമയുടെയും വിഭവസമൃദ്ധിയുടെയും മാസമല്ലെന്ന് കേരളീയരേക്കാള്‍ നന്നായി അവര്‍ക്കറിയാം.
കേരളീയരേക്കാള്‍, പൊതുവേ ഭക്ഷണ പ്രിയരും നിരവധി ഭക്ഷണവിഭവങ്ങളുടെ ആളുകളുമാണ് മലയ്ക്കാരെങ്കിലും റമദാനില്‍ ഭക്ഷണവിഭവങ്ങളുണ്ടാക്കി സമയം കൊല്ലുന്ന ഏര്‍പ്പാട് മലയ് സ്ത്രീകളില്‍ കുറവാണ്. കുട്ടികളും സത്രീകളുമടക്കം റമദാന്‍ കാലങ്ങളില്‍ പള്ളികളില്‍ ആരാധനാനിരതരാണ്. നോമ്പു തുറക്കാനും അത്താഴത്തിനും ലളിതമായ വിഭവങ്ങള്‍ മാത്രം. അതും ചോറുപോലുള്ള വിഭവങ്ങളാണ് അത്താഴത്തിനും നോമ്പുതുറക്കുമുള്ള കാര്യപ്പെട്ട ഭക്ഷണം. ബൂബൂര്‍ ലാംബൂക് എന്നറിയപ്പെടുന്ന ഒരു തരം കഞ്ഞി മലേഷ്യയുടെ റമദാന്‍ ദേശീയ ഭക്ഷണമാണ്. ഇറച്ചിയും പോഷകസമൃദ്ധമായ മറ്റു പല ചേരുവകളും ചേര്‍ത്ത ഈ കഞ്ഞി എരിവുള്ളതാണ്. നമ്മുടെ നാട്ടിലെ ജീരോക്കഞ്ഞി (ചീരോക്കഞ്ഞി) യെ അനുസ്മരിപ്പിക്കുന്ന ഇതിന്, റമദാന്‍ കാലത്ത് ചെന്നൈയിലെ പള്ളികളില്‍ ലഭിക്കുന്ന ആടുകഞ്ഞിയോടാണ് കൂടുതല്‍ സാമ്യം. ആടിന് പകരം 'ബൂബര്‍ ലംബൂകില്‍' കോഴിയിറച്ചിയായിരിക്കുമെന്നു മാത്രം. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആബാലവൃദ്ധം ജനങ്ങളും പള്ളികളിലാണ് അധികവും നോമ്പു തുറക്കുക.
മലേഷ്യയിലെ എല്ലാ പള്ളികളും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ളതാണ്. നമ്മുടെ നാട്ടിലേതു പോലെ സ്ത്രീകള്‍ക്കു പ്രവേശമുള്ള പ്രത്യേക പള്ളികള്‍ മലേഷ്യയിലില്ല. നമ്മുടെ നാട്ടിലേതു പോലെ, നോമ്പു തുറക്കു വേണ്ടി പാനീയങ്ങളും ലഘു ഭക്ഷണങ്ങളും പള്ളിവക ഉണ്ടാക്കുന്നതിനു പുറമേ, ഓരോ മലായ് വീട്ടുകാരും കൊണ്ടുവരും തങ്ങളുടേതായ വിഭവങ്ങള്‍ പള്ളിയില്‍. എന്നിട്ട് കഴിയുന്നേടത്തോളം അവര്‍ പരസ്പരം പങ്കു വെക്കും. മറ്റുള്ളവരെ വീട്ടില്‍ വിളിച്ച് നോമ്പു തുറകള്‍ നടത്തുന്ന ഏര്‍പ്പാട് മലേഷ്യക്കാര്‍ക്കിടയില്‍ ഇല്ലെന്നു തന്നെ പറയാം.
മലേഷ്യന്‍ ജനത പൊതുവേ പുറം ഭക്ഷണപ്രിയരാണെന്നു പറയാം. രാത്രികാലങ്ങളില്‍ കുടുംബത്തെയും കൂട്ടി റെസ്റ്റോറന്റുകളിലും പാസാര്‍ മാളുകളിലും വന്ന് ഭക്ഷണം കഴിക്കുന്ന ശീലക്കാരാണ് അധിക മലേഷ്യക്കാരും. സ്ത്രീകളധികവും ജോലിക്കാരായ ഒരു സമൂഹത്തില്‍ ഹോട്ടല്‍ ഭക്ഷണപ്രിയം കൂടുന്നതില്‍ അത്ഭുതപ്പെടാനില്ലല്ലോ. രാത്രി കമ്പോളങ്ങളെയാണ് മലേഷ്യക്കാര്‍ പാസാര്‍ മാളെന്ന് വിളിക്കുന്നത്. ഓരോ പ്രദേശത്തുമുണ്ടാകും ആഴ്ചയില്‍ ഒരു ദിവസമുള്ള രാത്രി ചന്തകള്‍. വൈകീട്ടോടെ ആരംഭിക്കുന്ന ചന്തകളില്‍ ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള എല്ലാ വിഭവങ്ങളും ഭക്ഷണ സാധനങ്ങളും ലഭ്യമാണ്. റമദാന്‍ മാസത്തോടെ ഈ പാസാര്‍മാളുകള്‍ റമദാന്‍ പാസാറുകളായി മാറുന്നു. റമദാന്‍ പാസാറില്‍ കൂടുതലും ഭക്ഷണ വിഭവങ്ങളായിരിക്കും. നോമ്പു തുറക്കുന്നതിനു മുമ്പേ ആരംഭിക്കുന്ന ഇത്തരം പാസാറുകള്‍ ഇഫ്താറിനു ശേഷം കൂടുതല്‍ സജീവമാകുന്നു. റമദാന്‍ പാസാറിലൂടെ കടന്നു പോകുന്നവരെ കൊതിയൂറുന്ന വിഭവങ്ങളാണ് കാത്തിരിക്കുക. ചെറിയ ഒരു കമ്പില്‍ കുത്തി പൊരിച്ചെടുക്കുന്ന വ്യത്യസ്ത രുചിക്കൂട്ടില്‍ തയ്യാറാക്കിയ കോഴിയിറച്ചി മലേഷ്യക്കാരുടെ ഇഷ്ടഭക്ഷണമാണ്. ഈ ഭക്ഷണ വിഭവങ്ങള്‍ ആസ്വദിക്കാനും പാസാറിലൂടെ കറങ്ങി നടക്കാനും മുസ്‌ലിംകള്‍ മാത്രമല്ല, മറ്റു മതസ്ഥരുമുണ്ടാകും.
ഈയൊരു മാസക്കാലം ഓഫീസുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സമയക്രമങ്ങളില്‍ നേരിയ മാറ്റം സംഭവിക്കുന്നു. റമദാന്‍ മാസത്തില്‍ ഓഫീസുകളിലെ പ്രവൃത്തി സമയം കുറവാണ്. മറ്റു മാസങ്ങളില്‍നിന്നു ഭിന്നമായി ഒരു മണിക്കൂര്‍ വൈകിയേ ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിക്കൂ. എന്നാല്‍ നോമ്പു കാലത്തു മുസ്‌ലിം സമുദായത്തില്‍ പൊതുവേ കാണുന്ന അലസതയും കര്‍മ്മരാഹിത്യവും മലായ്ക്കാരിലില്ലെന്നു പറയാം. പതിവു പോലെ തന്നെ തങ്ങളുടെ ജോലികളില്‍ മുഴുകുന്നതിനും കൂടുതല്‍ സമയം ആരാധനാനിരതരാകുന്നതിനും അവര്‍ക്ക് മടിയൊന്നുമില്ല. റമദാനില്‍ സ്വുബ്ഹ് നമസ്‌കാരത്തിനു ശേഷം കിടന്നുറങ്ങുന്ന ശീലവും മലായ്ക്കാര്‍ക്കിടയില്‍ കുറവാണ്. ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ ഭംഗിയായിത്തന്നെ റമദാനുകളില്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. മലാക, ജോഹോര്‍ കെദാഹ് പോലുള്ള സംസ്ഥാനങ്ങളില്‍ റമദാന്‍ ഒന്ന് പൊതു അവധിയാണ്. വ്യത്യസ്ത മത വംശ വിഭാഗങ്ങള്‍ താമസിക്കുന്ന മലേഷ്യയില്‍ അവരുടെ മതപരവും വംശീയവുമായ വിശിഷ്ട ദിവസങ്ങളിലും മലേഷ്യന്‍ ഭരണകൂടം പൊതു അവധി നല്‍കിയിട്ടുണ്ട്.
മലേഷ്യന്‍ പള്ളികള്‍ റമദാനില്‍
റമദാനിന്റെ എല്ലാ പ്രസരിപ്പും ഊര്‍ജ്ജസ്വലതയും വിളിച്ചറിയിക്കുന്ന ഇടങ്ങളാണ് മലേഷ്യയിലെ പള്ളികള്‍. റമദാന്‍ കാലങ്ങളില്‍ മലേഷ്യയിലെ പള്ളികള്‍ക്ക് നമ്മുടെ നാട്ടിലേതിനേക്കാള്‍ കൂടുതല്‍ സജീവതയുണ്ട്. എപ്പോഴുമുണ്ടാകും പള്ളികളില്‍ ആരാധനാനിരതരായി ഒരു കൂട്ടം ആളുകള്‍. രാത്രികാലങ്ങളില്‍ ആളുകള്‍ വീണ്ടും കൂടും. റമദാന്‍ ആരംഭിക്കുന്നതിനു മുമ്പേതന്നെ പള്ളികള്‍ കഴുകി വൃത്തിയാക്കുന്നതും റമദാന്‍ മാസത്തില്‍ മുഴുവനും ഈദുല്‍ ഫിത്വറിനു ശേഷം ഒരാഴ്ചയോളവും പള്ളികള്‍ ഭംഗിയായി ദീപങ്ങളാല്‍ അലങ്കരിക്കുന്നതും മലേഷ്യയില്‍ പതിവാണ്. നഗരങ്ങളിലെ പ്രധാന പള്ളികളില്‍ അറേബ്യന്‍ നാടുകളില്‍ നിന്നു അതിനിപുണരായ ഖാരിഉകളെ (ഖുര്‍ആന്‍ ഓത്തുകാരെ) കൊണ്ടുവരുന്ന പതിവ്, നമ്മുടെ നാട്ടില്‍ ഉത്തരേന്ത്യയില്‍ നിന്നു ഹാഫിദുകളെ കൊണ്ടു വരുന്നതു പോലെയാണ്. ഓരോ ദിവസവും ഓരോ ജുസ്അ് വീതം ഓതി റമദാന്‍ അവസാനിക്കുമ്പോഴേക്കും മുപ്പത് ജുസ്ഉം പൂര്‍ത്തിയാക്കുകയാണ് മലേഷ്യന്‍ പള്ളികളിലെ തറാവീഹ് രീതി. ഇരുപത് റക്അത് തറാവീഹിനു ശേഷം രാത്രിയില്‍ ഖിയാമുല്ലൈലുമുണ്ട് മലേഷ്യയിലെ മിക്കവാറും പള്ളികളില്‍.
Comments