Prabodhanm Weekly

Pages

Search

2014 ജൂണ്‍ 27

ആഫ്രിക്കന്‍ റമദാന്‍ കാഴ്ചകള്‍

മൂസക്കുട്ടി വെട്ടിക്കാട്ടിരി /കവര്‍‌സ്റ്റോറി

         സുഊദിയിലെ പഠനകാലത്ത് ആഫ്രിക്കന്‍ വിദ്യാര്‍ഥികളുമായി ഇടപഴകുന്നത് വേറിട്ട അനുഭവം തന്നെയായിരുന്നു. 50 ലേറെ വിദേശ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍ മഹാഭൂരിഭാഗവും ആഫ്രിക്കന്‍ നാടുകളില്‍ നിന്നുള്ളവര്‍. കറുത്തിരുണ്ട കരിമ്പാറ പോലെയുള്ള ശരീരമുള്ളവരും എണ്ണമയമുള്ള തിളങ്ങുന്ന കറുപ്പഴകുള്ളവരും അക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ ചുരുണ്ട മുടിയും ചുളിഞ്ഞ നെറ്റിയും എതാണ്ട് എല്ലാവരും പങ്കിട്ടു.

         മിക്ക ആഫ്രിക്കന്‍ നാടുകളിലെയും മുസ്‌ലിം ജനസാമാന്യത്തിന് വ്രതമാസം ഒരു 'കുമ്പസാര'ത്തിന്റെ അവസരമാണെന്ന് അവര്‍ പറയാറുണ്ട്. ലോകജനതയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന അനേകം പ്രത്യേകതകള്‍ നിറഞ്ഞതാണ് ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ കറുത്ത വര്‍ഗക്കാരുടെ ജീവിതം. കറുത്തിരുണ്ട തൊലിക്കുള്ളില്‍ വെളുത്ത് നനുത്ത മനസ്സ് സൂക്ഷിക്കുന്നവരാണ് ഇവരിലധികവും. പുറമെ നിന്നുള്ള ഇടപെടലുകളാണ് ഈ ജനതയുടെ തനതായ ജീവിത ശൈലി മാറ്റിമറിച്ചത്.  

         മൊറീതാനിയ, സുഡാന്‍, സോമാലിയ, ജിബൂത്തി, എത്യോപ്യ, ഐരിത്ര്യ, തന്‍സാനിയ, മൊസാംബിക്, ജുസുറുല്‍ ഖമര്‍ (Comoros),  ഛാഡ്, കാമറൂണ്‍, നൈജീരിയ, മാലി, നൈജര്‍, ബുര്‍കിനാ ഫാസൊ,  ഐവറി കോസ്റ്റ്, ഗീനിയ, ഗാമ്പിയ, സിറലിയോ, സെനിഗല്‍, ഗാബ (Gabon), ഉഗാണ്ട തുടങ്ങി 25 ഓളം രാഷ്ട്രങ്ങള്‍ ആഫ്രിക്കന്‍ മുസ്‌ലിം നാടുകളായി ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെല്ലാം റമദാന്‍ ശീലങ്ങള്‍ ഏറെക്കുറെ സാമ്യമുള്ളതാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തില്‍ കണ്ടതും കേട്ടതും വായിച്ചെടുത്തതുമായ ഏതാനും ചില ആഫ്രിക്കന്‍ റമദാന്‍ ശീലങ്ങളെ കോറിയിടുകയാണിവിടെ. 

         മലയാളി കടന്നുചെല്ലാത്ത ഭൂപ്രദേശമില്ലെങ്കിലും മലയാളിക്ക് അധികമൊന്നും പരിചിതമല്ലാത്ത, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ -അറബിയില്‍  ജുസുറുല്‍ ഖമര്‍ എന്ന പേരിലറിയപ്പെടുന്ന-Comoros ല്‍ നിന്ന് തുടങ്ങാം ആഫ്രിക്കന്‍ റമദാന്‍ കാഴ്ചകള്‍. ഒരു മാസം മുമ്പ് 'ശഅബാനി'ല്‍ തന്നെ തുടങ്ങും കോമറോസുകാരുടെ റമദാന്‍ മുന്നൊരുക്കങ്ങള്‍. പള്ളികള്‍ അലങ്കരിക്കുകയാണ് ആദ്യമായി ചെയ്യുക. വൈദ്യുതി വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന പള്ളി മിനാരങ്ങള്‍ ഭക്തിയുടെ ചിഹ്നങ്ങളായാണ് ഇവര്‍ കാണുന്നത്. ലോകത്തെവിടെയുമുള്ള മുസ്‌ലിം സമൂഹത്തെപ്പോലെ റമദാന്റെ രാപ്പകലുകള്‍ ഖുര്‍ആന്‍ പാരായണവും 'ദിക്‌റു'കളും കൊണ്ട് ആര്‍ദ്രമാകും. റമദാനെ എതിരേല്‍ക്കാന്‍ കോമറോസുകാര്‍ കൊട്ടും കുരവയുമേന്തി കായലോരങ്ങളിലേക്ക് നീങ്ങുന്ന പതിവ,് കാലങ്ങളായി തെറ്റിക്കാതെ തുടരുന്നു. അത്താഴം കഴിക്കാന്‍ സമയമാകുന്നത് വരെ തബല വാദ്യ മേളങ്ങളുമായി തീരത്ത് കഴിയുകയാണ് ആചാരം. 

         റമദാനില്‍ കോമറോസുകാര്‍ ഒരു കുടംബം പോലെയാണ് കഴിച്ചുകൂട്ടുന്നത്. പങ്കുവെപ്പിന്റെ നാളുകളാണ് റമദാന്‍. ഇഫ്ത്വാറിനു മുമ്പ് തന്നെ എല്ലാ വഴികളും പള്ളികളിലേക്കൊഴുകിത്തുടങ്ങും. ഇഫ്ത്വാര്‍ സുപ്രകളില്‍ സ്‌നേഹ സഹകരണങ്ങളുടെ കൈമാറ്റം നടക്കും. ആഫ്രിക്കന്‍ അറബ് നാടുകളില്‍ പ്രസിദ്ധമായ 'അല്‍ഥരീദ്' എന്ന വിഭവം സുപ്രകളിലെ മുഖ്യ ഇനമാണ്. അത്താഴത്തിന് കോമറോസുകാര്‍ക്ക് സാധാരണ ചോറും പച്ചക്കറിയുമായിരിക്കും. രാത്രി നമസ്‌കാര ശേഷം മതപ്രഭാഷണം പതിവാണ്. നാട്ടിലെ ആബാലവൃന്ദം ജനങ്ങള്‍ പ്രഭാഷണം കേള്‍ക്കാനെത്തും. മതപരമായ അറിവുകള്‍ ലഭിക്കുന്നത് മുഖ്യമായും ഇത്തരം സദസ്സുകളില്‍ നിന്നാണ്. 

         എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ റമദാന്‍ തികച്ചും വേറിട്ട അനുഭവമാണ്. ഇവിടെയുള്ളത് മഴവില്‍ മുസ്‌ലിം സമൂഹമാണ് എന്നത് തന്നെ പ്രധാന കാരണം. വിവിധ ആഫ്രിക്കന്‍ നാടുകളില്‍നിന്ന് കുടിയേറി താമസിക്കുന്നവര്‍ക്ക് പുറമെ മുഖ്യമായും ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ മിശ്രിതമാണ് ദക്ഷിണാഫ്രിക്കന്‍ മുസ്‌ലിം സമൂഹം. ദക്ഷിണാഫ്രിക്കയിലെ റമദാനും വൈജാത്യങ്ങളുടെ സംഗമമാണ്. ഭക്ഷണത്തിലും ആചാരാനുഷ്ഠാനങ്ങളിലുമെല്ലാം ഈ മഴവില്‍ മനോഹാരിത ദൃശ്യമാണ്. 

         മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ റമദാന്റെ വരവറിയിക്കുന്നത് സമൂഹ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ്. നൈജീരിയക്കാരില്‍ ഭൂരിഭാഗവും ഗോത്രവര്‍ഗ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവരാണ്. അല്‍ജൂരിയ, അല്‍അമാല, അല്‍അയ്ബാമ തുടങ്ങിയ ഗോത്രങ്ങള്‍ പ്രസിദ്ധം. റമദാന്‍ ഉല്‍സവ ലഹരിയാണ് നൈജീരിയയില്‍. ഇഫ്ത്വാറും സുഹൂറു(അത്താഴം)മെല്ലാം ആഘോഷങ്ങളാണ്. അത്താഴത്തിന് വിളിച്ചുണര്‍ത്താന്‍ 'ഫറഖുല്‍ ഈഖാള്' എന്ന പേരില്‍ പ്രത്യേക വാദ്യസംഘം തന്നെയുണ്ട്. നൈജീരിയക്കാരുടെ പാരമ്പര്യ റമദാന്‍ അത്താഴ വിഭവം 'അല്‍തൗ' എന്ന പേരിലറിയപ്പെടുന്നു. 

         പടിഞ്ഞാറെ ആഫ്രിക്കന്‍ രാജ്യമായ, 98 ശതമാനത്തിലധികം മുസ്‌ലിംകളുള്ള നൈജര്‍ റമദാനെ വരവേല്‍ക്കുന്നത് പരമ്പരാഗത ആചാര ശീലങ്ങളില്‍ ഭക്തിയുടെ ചേരുവ നിറച്ചാണ്. വ്രതമാസം കേവലം ഭക്തിമാസമാണ് നൈജറുകാര്‍ക്ക്. നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും ദീനീ ദര്‍സുകളും കൊണ്ട് പട്ടണങ്ങളും ഗ്രാമാന്തരങ്ങളുമെല്ലാം ഭക്തിസാന്ദ്രമാകും. അത്താഴത്തിന് തബല കൊട്ടിവിളിക്കുന്ന 'മീതാദാമോതാനിയ' നൈജര്‍ റമദാന്‍ രാവുകളുടെ ഭാഗമാണ്. വ്യാപകമായ ഭക്ഷണ വിതരണവും ദാനധര്‍മങ്ങളും നൈജര്‍ മുസ്‌ലിംകളുടെ റമദാന്‍ പതിവുകള്‍. ചെറിയ കൂട്ടായ്മകളാണ് ഇത്തരം സല്‍ക്കര്‍മങ്ങള്‍ ചെയ്തുവരുന്നത്. 

         പൂര്‍വാഫ്രിക്കന്‍ രാജ്യമായ തന്‍സാനിയയില്‍ ശഅബാന്‍ മധ്യത്തോടെ തന്നെ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം റമദാന്‍ ഉത്സവ ലഹരിയില്‍ മുഴുകും. പള്ളികളും വ്യാപാര കേന്ദ്രങ്ങളും റോഡുകളും കവലകളും നടവഴികളുമെല്ലാം വൈദ്യുത ദീപാലങ്കാരങ്ങള്‍ കൊണ്ട് നിറയും. മുന്നൊരുക്കത്തിന്റെ ഭാഗമായി കുടുംബ സന്ദര്‍ശനം, ആശംസകള്‍ കൈമാറല്‍ തുടങ്ങിയ തിരക്കുകള്‍. കുട്ടികള്‍ 12 വയസ്സ് മുതല്‍ തന്നെ നോമ്പെടുക്കണമെന്നത് തന്‍സാനിയന്‍ മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാണ്. റമദാന്‍ പകലുകളില്‍ പരസ്യമായി ഭക്ഷണം കഴിക്കുന്നതും ഭക്ഷണ ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതും 'വന്‍ പാപ'മായാണ് ഇവര്‍ കാണുന്നത്. തീരദേശ രാജ്യമായ താന്‍സാനിയക്കാരുടെ റമദാന്‍ വിഭവങ്ങളില്‍ കാരക്കയും നാടന്‍ ജ്യൂസ് ഇനങ്ങളുമാണ് മുഖ്യം. സുലഭമായി ലഭിക്കുന്ന മത്സ്യവും പച്ചക്കറികളും അടങ്ങിയ വൈവിധ്യമാര്‍ന്ന വിഭവങ്ങളും തന്‍സാനിയന്‍ റമദാന്‍ രുചിഭേദങ്ങളാണ്. 

         മധ്യാഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ റമദാന്‍ ആവേശത്തിന്റെ നാളുകളാണ്. റമദാനില്‍ പ്രത്യേകമായ ഒരു സംസ്‌കാരം കാത്തുസൂക്ഷിക്കുന്നവരാണ് കാമറൂണ്‍ മുസ്‌ലിംകള്‍. റമദാന്‍ മാസം മൂഴുവന്‍ ഇഫ്ത്വാര്‍ സമയങ്ങളില്‍ മുസ്‌ലിം വീടുകള്‍ വാതിലടക്കാറില്ല. വഴിയാത്രക്കാരോ മറ്റോ ഇഫ്ത്വാറിന് വഴിയില്‍ കുടുങ്ങിയാല്‍ അവരെ സ്വീകരിക്കാനാണിത്. റമദാന്‍ വിഭവങ്ങളില്‍ പ്രധാനം ഈത്തപ്പഴം തന്നെ. മാംസ വിഭവങ്ങള്‍ കൂടുതലായി റമദാനിലും ഉപയോഗിക്കുന്നവരാണ് കാമറൂണ്‍ മുസ്‌ലിം സമൂഹം. മതപ്രഭാഷണങ്ങള്‍ റമദാനിലെ ഒഴിച്ചുകൂടാനാകാത്ത കീഴ്‌വഴക്കമാണ്. രാത്രി നമസ്‌കാരത്തിനും മതപ്രഭാഷണത്തിനുമായി വിവിധ അറബ് നാടുകളില്‍ നിന്നുള്ള പണ്ഡിതന്മാര്‍ കാമറൂണിലെത്താറുണ്ട്. 

         മൊറീതാനിയ 100 ശതമാനം മുസ്‌ലിംകളുള്ള അറബ് ഉത്തരാഫ്രിക്കന്‍ രാജ്യമാണ്. മൊറീതാനിയന്‍ മുസ്‌ലിംകള്‍ക്ക് റമദാന്‍ ആഘോഷം മാത്രമല്ല 'നല്ല മുസ്‌ലി'മായി ജീവിക്കാനുള്ള അവസരവും കൂടിയാണ്. ഫ്രഞ്ച് സാംസ്‌കാരിക അധിനിവേശത്തിന്റെ അടയാളങ്ങള്‍ പേറുന്ന മൊറീതാനികള്‍ റമദാനിലാണ് ആത്മീയത ആര്‍ജിക്കുന്നത്. അതുകൊണ്ട് പരമാവധി 'ദീനി'യാകാനാണ് റമദാനില്‍ മൊറീതാനിയക്കാരുടെ ശ്രമം. പാചക കലയുടെ വൈവിധ്യങ്ങളാണ് മൊറീതാനിയന്‍ റമദാന്‍ സുപ്രകള്‍. പരമ്പരാഗതവും ആധുനികവുമായ അറബ് ആഫ്രിക്കന്‍ വിഭവങ്ങള്‍ സുപ്രകളില്‍ നിറയും. അതോടൊപ്പം ഈത്തപ്പഴവും ഗോതമ്പ് റൊട്ടിയും 'ഫൂല്‍ സുഡാനി'യും മുഖ്യ ഇനങ്ങള്‍ തന്നെ. ഒരു തരം പുളി രസമുള്ള 'കര്‍കദെ'യും പാലും പഞ്ചസാരയും വെള്ളവും കലര്‍ത്തിയ 'അസ്‌രീഖു' മാണ് മുഖ്യ പാനീയങ്ങള്‍. 'മവാഇദുര്‍റഹ്മാന്‍' എന്ന പേരില്‍ മെഗാ ഇഫ്ത്വാര്‍ സുപ്രകള്‍ ഒരുക്കും. വഴിയാത്രക്കാരടക്കം ഒരാളും ഇഫ്ത്വാര്‍ ലഭിക്കാതെ കഷ്ടപ്പെടരുതല്ലോ. റമദാന്റെ വരവറിയിക്കാന്‍ പുരുഷന്മാരും കുട്ടികളും തല മുണ്ഡനം ചെയ്യുന്ന വിചിത്രമായ രീതിയും മൊറീതാനിയയിലുണ്ട്. 

         പരമ ദരിദ്രമെന്ന് പുറംലോകത്ത് അറിയപ്പെടുന്ന മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് സേമാലിയ. പ്രകൃതി വിഭവങ്ങളാല്‍ ധന്യമായ, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കടലോര പ്രദേശമുള്ള ഈ കറുപ്പിന്റെ അഴക് പക്ഷേ രാഷ്ട്രീയ അസ്ഥിരത കാരണം വികൃതമാക്കപ്പെടുകയാണ്. റമദാനില്‍ എല്ലാം മറന്ന് ഐക്യപ്പെടുന്ന സോമാലിയന്‍ മുസ്‌ലിംകള്‍ വിചിത്ര രീതികളിലൂടെയാണ് വ്രതമാസത്തെ എതിരേല്‍ക്കുന്നത്. വീടിന്റെ മുന്‍ഭാഗങ്ങള്‍ക്ക് വെള്ള കളര്‍ പൂശും. അടുത്തിടെ വിവാഹിതരാകുന്ന വധൂവരന്മാര്‍ ആദ്യമായി ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് റമദാനിലേക്ക് മാറ്റിവെക്കും. ഏറ്റവും വിലകൂടിയ അത്തര്‍ പൂശി പുറത്തിറങ്ങുന്ന വധുവിനെ ദഫ്മുട്ടി, നാടന്‍ പാട്ടുകളുടെ അകമ്പടിയോടെ കൂട്ടുകാരികള്‍ അനുഗമിക്കും. ഒരു 'മൊഹല്ല' യിലെ ആളുകളില്‍ ഓരോ ദിവസവും ഓരോ വീട്ടില്‍ എന്ന കണക്കില്‍ ഒത്തുകൂടി ഇഫ്ത്വാര്‍ പങ്കിടുകയും ദീനീ ദര്‍സുകള്‍ ശ്രവിക്കുകയും ചെയ്യുക എന്നതും റമദാന്‍ ആചാരങ്ങളുടെ ഭാഗമാണ്. റമദാന്റെ വരവറിയിച്ച് കുട്ടികള്‍ വഴിയോരങ്ങളില്‍ മണ്ണുകൊണ്ടുള്ള പള്ളികള്‍ നിര്‍മിക്കും. 

         ജിബൂത്തിയിലും റമദാന്‍ ആത്മീയാഘോഷങ്ങളുടെ മാസമാണ്. വൈവിധ്യമാര്‍ന്ന പരമ്പരാഗത  സാംസ്‌കാരിക ഘോഷയാത്രകളോടെയാണ് ജിബൂത്തി റമദാന്റെ വരവറിയിക്കുന്നത്. വ്രതമാസം പട്ടിണി വിമുക്തമായിരിക്കണമെന്ന നിര്‍ബന്ധമുള്ളതുകൊണ്ട് തന്നെ ജിബൂത്തിക്കാര്‍ റമദാന്‍ വരുന്നതോടെ റമദാന്‍ വിഭവങ്ങളുടെ വിതരണം നടത്തും. മാംസമാണ് വ്യാപകമായി വിതരണം ചെയ്യുന്നത്. വഴിയോരങ്ങളും പള്ളികളുമെല്ലാം വൈദ്യുതി വിളക്കുകളാല്‍ ദീപ്തമാകും. ദീനീ ദര്‍സുകളും ദിക്‌റുകളും റമദാന്‍ രാവുകള്‍ക്ക് ആത്മീയ ചേരുവ പകരും. അറബ് വിഭവങ്ങളായ ഈത്തപ്പഴവും 'സമ്പൂസ'യും തന്നെയാണ് ജിബൂത്തിക്കാരുടെ ഇഫ്ത്വാര്‍ വിഭവങ്ങളില്‍ മുഖ്യം. അരി, ഗോതമ്പ്, മാംസം തുടങ്ങിയവ ചേര്‍ത്തുണ്ടാക്കിയ 'അല്‍ബാസിത' ജിബൂതി മുസ്‌ലിംകളുടെ പ്രത്യേക റമദാന്‍ വിഭവമാണ്. സ്ത്രീകളും പുരുഷന്മാരുമെല്ലാം വ്യാപകമായി പള്ളികളില്‍ 'ഇഅ്തികാഫ്' അനുഷ്ഠിക്കുന്നതും ജിബൂത്തിയന്‍ റമദാന്റെ പ്രത്യേകതയാണ്. 

         ഉത്തര പൂര്‍വ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലേക്ക് വരുമ്പോള്‍ റമദാന് ആഫ്രിക്കന്‍ പാരമ്പര്യങ്ങളുടെ മുഴുവന്‍ ചാരുതയും കൈവരുന്നു. റമദാന്‍ ഭക്തിനിര്‍ഭരമായ ആഘോഷമാണ് സുഡാനില്‍. ഇഫ്ത്വാറും സുഹൂറുമെല്ലാം അതിഥികളെത്തേടി വീടുമുറ്റത്തേക്കും പൊതുസ്ഥലങ്ങളിലേക്കും ഇറങ്ങിവരും. അത്താഴത്തിനു വിളിക്കാന്‍ നാടന്‍ പാട്ടുകളുടെ ചിറകിലേറി യുവാക്കള്‍ ഊരുചുറ്റും. പൊതുവേ സല്‍സ്വഭാവികളും ദാനശീലരും ഹൃദയവിശാലതയുള്ളവരുമായ സുഡാന്‍കാര്‍ റമദാനില്‍ ഭക്തിമാര്‍ഗത്തില്‍ സ്വയം സമര്‍പ്പിച്ചാണ് അധിനിവേശ ശക്തികള്‍ക്കെതിരെ സമരസജ്ജരാകുന്നത്. 

         സുഡാനുമായി അതിര്‍ത്തി പങ്കിടുന്ന, പ്രകൃതി വിഭവങ്ങളാല്‍ ധന്യമായ മുസ്‌ലിം രാജ്യമാണ് ഐരിത്രിയ. പാട്ടും കളിയും മഹ്ഫിലുകളുമായാണ് ഐരിത്രിയന്‍ മുസ്‌ലിംകള്‍ റമദാനെ വരവേല്‍ക്കുക. പള്ളികളില്‍ ഭക്ഷണമെത്തിച്ച് ഒന്നിച്ച് കഴിക്കുന്ന പതിവാണ് റമദാന്‍ മുഴുവനും. ഭക്ഷണം എത്തിക്കുന്നതില്‍ മത്സരിക്കുന്ന ഗോത്രവര്‍ഗങ്ങളെയും കാണാം. ഇഫ്ത്വാറിന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പള്ളികളിലെത്തും.  'അല്‍മദീദ' എന്ന മാംസ വിഭവമാണ് ഇഫ്ത്വാറിന്  പ്രധാനമായി തയാറാക്കുന്നത്. 

         കാലത്തിന്റെ രുചിഭേദം ആഫ്രിക്കന്‍ റമദാന്‍ രാപ്പകലുകളില്‍ വേറിട്ടു കാണാം. വര്‍ത്തമാനകാല സാഹചര്യങ്ങളുടെ വേവും നോവും വേട്ടയാടുമ്പോഴും ലോകത്തെ മറ്റു ജനവിഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായി ആഫ്രിക്കന്‍ ജനതയുടെ പ്രത്യേകമായ ആചാര ശീലങ്ങള്‍ റമദാന്‍ വസന്തത്തിന് ചാരുത പകരുന്നു. അധിനിവേശ സംസ്‌കാരത്തിന്റെ ഇനിയും മായ്ക്കാനാകാത്ത നെറികേടുകള്‍ ഭക്തി മാര്‍ഗത്തെ നൊമ്പരപ്പെടുത്തുമ്പോഴും റമദാന്റെ രാപ്പകലുകള്‍ ആത്മീയത തുളുമ്പുന്നതാവണമെന്ന് ഈ ജനതക്ക് നിര്‍ബന്ധമുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 108-111
എ.വൈ.ആര്‍