നോമ്പ് ആത്മസമരമാണ്

ആത്മീയ വളര്‍ച്ചക്ക് വ്യവസ്ഥാപിതമാര്‍ഗം നിശ്ചയിച്ച ജീവിത ദര്‍ശനമാണ് ഇസ്‌ലാം. അതില്‍ മുഖ്യമായത് അഞ്ചു നേരത്തെ നമസ്‌കാരം തന്നെയാണ്. ദൈംദിന ജീവിതത്തിന്റെ ചിട്ടയാര്‍ന്ന ക്രമീകരണമാണ് നമസ്‌കാരത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്. അതൊരു നിരന്തര സന്ദര്‍ശനമാണ്. റബ്ബും (രക്ഷിതാവ്) മലിക്കും (ഭരണകര്‍ത്താവ്) ഇലാഹും (ആരാധ്യന്‍) ആയ (അന്നാസ് 1-3) അല്ലാഹുവിനെ സന്ദര്‍ശിച്ച് പ്രജ നടത്തുന്ന സ്വകാര്യ സംഭാഷണമാണ് നമസ്‌കാരം. സര്‍വലോക പരിപാലകന് (റബ്ബുല്‍ ആലമീന്‍) സമര്‍പ്പിക്കുന്ന സ്തുതികീര്‍ത്തനമാണ് (ഹംദ്) നമസ്‌കാരം (അല്‍ ഫാത്തിഹ 2).
എന്നെ ഓര്‍ക്കാന്‍ വേണ്ടി നമസ്‌കരിക്കണമെന്ന് പരിശുദ്ധമായ ത്വുവാ താഴ്‌വാരത്ത് വെച്ച് അല്ലാഹു മൂസാ നബി(അ)യോട് കല്‍പിക്കുകയുണ്ടായി (ത്വാഹാ 14). അല്ലാഹുവിനെ കുറിച്ച ഓര്‍മ ജീവിതത്തിന്റെ ഡിസൈനിംഗ് ആണ്. രണ്ട് രീതിയില്‍ ഖുര്‍ആന്‍ ആ ഡിസൈനിംഗിനെക്കുറിച്ച് പറയുന്നുണ്ട്. ഒന്ന്, മനുഷ്യന്റെ ഇബാദത്തുകളെ പ്രമാണശൂന്യമായ പാരമ്പര്യങ്ങളില്‍ നിന്ന് മോചിപ്പിച്ച് ദൈവമാര്‍ഗത്തില്‍ പ്രതിഷ്ഠിക്കുകയും ജീവിതത്തിന്റെ സാമ്പത്തിക അച്ചടക്കം സവിശേഷം ഉറപ്പുവരുത്തുകയും ചെയ്യുന്ന നമസ്‌കാരം (ഹൂദ് 87). രണ്ട്, സര്‍വ തിന്മകളോടും മ്ലേഛതകളോടും ബഹിഷ്‌കരണം പ്രഖ്യാപിക്കുന്ന നമസ്‌കാരം (അല്‍അന്‍കബൂത്ത് 45). അഥവാ ചിലത് കല്‍പിക്കാനും ചിലത് വിലക്കാനും ശേഷിയുള്ള ആത്മീയ അധികാര കേന്ദ്രമാണ് നമസ്‌കാരമെന്ന് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. അതാകുന്നു 'ദിക്‌റുല്ലാഹി'യുടെ അകം പൊരുള്‍.
ഏറ്റവും ജനകീയമായ, ദൈനംദിന ജീവിതത്തില്‍ അഞ്ചു തവണ നിര്‍ബന്ധമായും, പുറമെ ഐഛികമായും ആവര്‍ത്തിക്കുന്ന നമസ്‌കാരത്തെ നമുക്ക് ആരാധനകളുടെ രാജഗുരു എന്ന് വിളിക്കാവുന്നതാണ്.
നമസ്‌കാരം കഴിഞ്ഞാല്‍, നമ്മുടെ ആരാധനാ- അനുഷ്ഠാന ജീവിതത്തിലെ ഏറ്റവും തീവ്രമായ അനുഭവമാണ് നോമ്പ്. നമസ്‌കാരത്തിന്റെ സവിശേഷത അതിന്റെ നൈരന്തര്യവും ആവര്‍ത്തനവുമാണ്. നോമ്പിന്റെ സവിശേഷത അത് തീവ്രമായി ശരീരത്തെയും ആത്മാവിനെയും സ്പര്‍ശിക്കുന്നു എന്നതാണ്. ശരീരത്തെയും മനസ്സിനെയും 'ദിക്‌റുല്ലാഹ്' എന്ന ബിന്ദുവില്‍ തളച്ചിടാനുള്ള ശേഷി നോമ്പിനുണ്ട്. ആ ശേഷിയെയാണ് ഖുര്‍ആന്‍ 'തഖ്‌വ' എന്ന് വിളിക്കുന്നത്.
ഖുര്‍ആന്‍ ഒരാളെ മുത്തഖിയാക്കി മാറ്റും (അല്‍ബഖറ 2). ഇബാദത്ത് ഒരാളെ മുത്തഖിയാക്കി മാറ്റും (അല്‍ബഖറ 21). നോമ്പ് ഒരാളെ മുത്തഖിയാക്കി മാറ്റും (അല്‍ബഖറ 183). ഖുര്‍ആന്‍, ഇബാദത്ത്, നോമ്പ് ഇവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണ്. മൂന്നിന്റെയും ലക്ഷ്യം 'മുത്തഖി'യെ സൃഷ്ടിക്കലാണ്. ഖുര്‍ആനും ഇബാദത്തും തമ്മിലുള്ള ബന്ധം എന്താണ്, ഇബാദത്ത് എന്താകുന്നു എന്നതിന്റെ വിശദീകരണമാകുന്നു ഖുര്‍ആന്‍. ഖുര്‍ആനിക പ്രമേയമനുസരിച്ച് ജീവിതത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്നതിന്റെ പേരാണ് ഇബാദത്ത്. അല്ലാഹുവിന്റെ മുമ്പില്‍ സുജൂദ് ചെയ്യലും അല്ലാഹുവിന്റെ കല്‍പനയനുസരിച്ച് ആദമിന്റെ മുമ്പില്‍ സുജൂദ് ചെയ്യലും അല്ലാഹുവിനുള്ള ഇബാദത്താണ്. വെള്ളിയാഴ്ച കടയടച്ച്, കൃഷിഭൂമി വിട്ടിറങ്ങി, വിദ്യാലയവും തൊഴില്‍ശാലയും അടച്ചുപൂട്ടി പള്ളിയില്‍ എത്തിച്ചേരല്‍ അല്ലാഹുവിനുള്ള ഇബാദത്താണ്. ജുമുഅ പൂര്‍ത്തിയായാല്‍ പള്ളിവിട്ടിറങ്ങി കട തുറക്കലും കൃഷിപ്പണി പുനരാരംഭിക്കലും തൊഴില്‍ശാലയിലും ക്ലാസ് മുറിയിലും പോയി ഡ്യൂട്ടി നിര്‍വഹിക്കലും അല്ലാഹുവിനുള്ള ഇബാദത്ത് തന്നെയാണ്. ജീവിതത്തെ തൊടുന്ന ഈ ഇബാദത്തിന് നമ്മെ പ്രാപ്തരാക്കുന്നു ഖുര്‍ആന്‍. ആ ഖുര്‍ആന്‍ മനുഷ്യന് സമര്‍പ്പിക്കാന്‍ അല്ലാഹു തെരഞ്ഞെടുത്ത മാസമാണ് റമദാന്‍. റമദാന്‍ നോമ്പുകാലമായി മാറുന്നതിന്റെ കാരണം തന്നെ ഖുര്‍ആന്‍ ആകാശത്ത് നിന്ന് ഭൂമിക്ക് ലഭിച്ച മാസമാകുന്നു അതെന്നുള്ളതാണ്.
റമദാന്‍ ഖുര്‍ആന്റെ മാസമാണ്. റമദാനിലെ നോമ്പ് ഖുര്‍ആനിക ജീവിതം പരിശീലിക്കാനുള്ള ആത്മീയ പരിപാടിയാണ്. അഥവാ ജീവിതത്തെ മുഴുവന്‍ ഇബാദത്താക്കി മാറ്റാനുള്ള ട്രെയിനിംഗ് പ്രോഗ്രാമാകുന്നു നോമ്പ്. ഖുര്‍ആനിലൂടെ, ഇബാദത്തിലൂടെ, നോമ്പിലൂടെ മനുഷ്യന്‍ പ്രാപിക്കുന്ന ഉന്നത പദവിയാണ് 'മുത്തഖി' എന്ന അവസ്ഥ.
ആരാണ് 'മുത്തഖി' എന്ന് ചോദിച്ചാല്‍ ജീവിതം അല്ലാഹുവിന് സമര്‍പ്പിച്ചവന്‍ എന്നതാണ് ശരിയുത്തരം. 'സമര്‍പ്പണ സന്നദ്ധനാകുന്നു ഞാന്‍' എന്ന് മുപ്പതുനാളുകള്‍ നീളുന്ന ജീവിതം കൊണ്ട് തീവ്രമായി പ്രഖ്യാപിക്കുകയാണ് നോമ്പുകാരന്‍. 'അല്ലാഹുവിന്റെ നിയമ വ്യവസ്ഥക്ക് വിധേയനാവാന്‍ ഞാനിതാ റെഡി' എന്നതാണ് നോമ്പിന്റെ വിളംബരം. ഹലാല്‍-ഹറാമുകള്‍ നിശ്ചയിക്കാനുള്ള അല്ലാഹുവിന്റെ അധികാരത്തെയാണ് നോമ്പുകാരന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ആ അധികാരകേന്ദ്രത്തിന് അനുസൃതമായി ജീവിതത്തെ ചിട്ടപ്പെടുത്തലാണ് തഖ്‌വ.
സുബ്ഹി മുതല്‍ മഗ്‌രിബ് വരെ ഞാന്‍ വെള്ളം കുടിക്കില്ല, ഭക്ഷണം കഴിക്കില്ല, ലൈംഗികതയില്‍ ഏര്‍പ്പെടില്ല; എന്തുകൊണ്ട്? എനിക്ക് അല്ലാഹു അത് വിലക്കിയിരിക്കുന്നു. അതുകൊണ്ട് മാത്രം. അല്ലാഹുവിന്റെ വിലക്കുകള്‍ മാത്രമാണ് വിലക്ക് എന്ന് അംഗീകരിക്കുന്ന മാനസിക വളര്‍ച്ചയാണ് തഖ്‌വ. അല്ലാഹു അനുവദിച്ചതേ എനിക്ക് ഹിതകരമായി തീരുകയുള്ളൂവെന്ന നിലപാടാണ് തഖ്‌വ. മഗ്‌രിബായി കഴിഞ്ഞാല്‍ എനിക്ക് വെള്ളം കുടിക്കാതെ നിര്‍വാഹമില്ല; ഭക്ഷണം കഴിക്കാതെ നിവൃത്തിയില്ല. മഗ്‌രിബിന്റെ സമയമായിക്കഴിഞ്ഞാല്‍ ഇനിയും നോമ്പ് നീട്ടിക്കൊണ്ടുപോകാന്‍ എനിക്ക് ആരോഗ്യവും പ്രാപ്തിയും ഉണ്ട്; അല്‍പം കഴിയട്ടെ എന്നിട്ടാവാം ഇഫ്ത്വാര്‍ എന്ന നിലപാട് തഖ്‌വയല്ല, തഖ്‌വക്ക് വിരുദ്ധമാണത്.
നോമ്പ് ആത്മസമരമാണ്. ആത്മസമരത്തില്‍ ജയിക്കലാണ് മറ്റെല്ലാ സമരങ്ങളിലെയും ജയം ഉറപ്പുവരുത്താനുള്ള അനിവാര്യമായ മുന്നുപാധി. നോമ്പെടുത്ത് മുത്തഖിയായവന്റെ പരിപാടി അടുത്ത നോമ്പുകാലവും കാത്തിരിപ്പല്ല. നിരന്തരമായ അധ്വാനത്തിലൂടെ ജീവിതമാകുന്ന സമരഭൂമിയെ സജീവമാക്കലും അതില്‍ ജയിച്ച് മുന്നേറലുമാണ്.
സമരഭൂമിയില്‍ നാം ബഹുവിധ വെല്ലുവിളികളെ നേരിടുന്നവരാണ്. വെല്ലുവിളികള്‍ ഉയര്‍ത്തുന്നവരെല്ലാം നമ്മോട് വിധേയരാവാനാണ് ആവശ്യപ്പെടുന്നത്. അല്ലാഹുവിനല്ലാതെ ആര്‍ക്കും വിധേയരാവാന്‍ മനസ്സില്ലെന്ന ധിക്കാരമാണ് നോമ്പ്. അല്ലാഹുവിനു മാത്രമായുള്ള, അനുസരണത്തില്‍ ചാലിച്ചെടുത്ത വിനീത വിധേയമായ ധിക്കാരം.
ആഗോള മൂലധനശക്തികള്‍ നമ്മെ കീഴ്‌പ്പെടുത്താന്‍ നോക്കുന്നുണ്ട്, മതപൗരോഹിത്യം നമ്മെ കീഴ്‌പ്പെടുത്താന്‍ നോക്കുന്നുണ്ട്, ഫാഷിസ്റ്റ് അധികാരകേന്ദ്രങ്ങള്‍ നമ്മെ കീഴ്‌പ്പെടുത്താന്‍ നോക്കുന്നുണ്ട്, ഭൗതിക ആസക്തിക്ക് അടിമയായ നമ്മുടെ ശരീരം നമ്മെ കീഴ്‌പ്പെടുത്താന്‍ നോക്കുന്നുണ്ട്, വാണിജ്യ-വിനോദ ലോബികള്‍ കൡയാരവങ്ങളിലൂടെ നമ്മെ കീഴ്‌പ്പെടുത്താന്‍ നോക്കുന്നുണ്ട്, ലൈംഗിക-അരാജകവാദികള്‍ നമ്മെ കീഴ്‌പ്പെടുത്താന്‍ നോക്കുന്നുണ്ട്, മാധ്യമ തമ്പുരാക്കന്മാര്‍ നമ്മെ കീഴ്‌പ്പെടുത്താന്‍ നോക്കുന്നുണ്ട്. ബഹുവിധ വെല്ലുവിളികളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്ന ഈ ജീവിത സമരഭൂമിയില്‍ 'ഭക്തനനാവുക' എന്ന വിപ്ലവ ലക്ഷ്യമാണ് നോമ്പ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്.
'ഭക്തി' ആലസ്യമല്ല, മൃതാക്ഷരങ്ങള്‍ ഉരുവിടുന്ന അധരവൃത്തിയുമല്ല; ഭക്തിയെ ത്വരീഖത്ത് ഗാഹുകളിലോ സിദ്ധാശ്രമങ്ങളിലോ പള്ളിഭിത്തികള്‍ക്കകത്തോ തടവിലിടാന്‍ മതപൗരോഹിത്യവും ഭൗതികാസക്തിയുടെ അധികാര കേന്ദ്രങ്ങളും ആഗോള സാമ്പത്തിക ശക്തികളും ഒന്നുചേര്‍ന്ന് ശ്രമിക്കുമ്പോള്‍ റമദാന്‍ വീണ്ടും വരികയാണ്; 'ഭക്തി' ലോകത്തെ മാറ്റിപ്പണിയാനുള്ള സമരോര്‍ജ സമാഹരണമാണെന്ന സന്ദേശവുമായി.
ആരുടെ ഫാന്‍സ് ആകണമെന്നത് ന്യൂജനറേഷന്‍ നേരിടുന്ന വലിയൊരു വര്‍ത്തമാനകാല ചോദ്യമാണ്. കാല്‍പന്തുകളിയുടെ ഈ ഉന്മാദകാലത്ത് ആ ചോദ്യം കൂര്‍ത്തതാണ്. ഫാഷിസ്റ്റ് വീരാരാധനാ ഉന്മാദത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഭ്രാന്തമായ വിനോദ ഉന്മാദവും. രണ്ടും ചേര്‍ന്ന് ചോര്‍ത്തിക്കളയുന്നത് നമ്മുടെ മൂല്യബോധത്തെയും ജനാധിപത്യ ബോധത്തെയുമാണ്. ഇവിടെ പ്രപഞ്ചത്തിന്റെ അര്‍ഥവും മൂല്യബോധത്തിന്റെ സ്രോതസ്സും ജനാധിപത്യവത്കരണത്തിന്റെ പ്രചോദനവുമായ ദൈവചിന്തയുടെ വിചാരവിപ്ലവമാണ് റമദാന്‍നോമ്പിന്റെ ആഹ്വാനമെന്ന് പറയുന്നത്.
ഏത് സംഗീതത്തിന്റെ മാസ്മരികതയിലാണ് നമ്മുടെ രാവുകള്‍ ജീവത്തായി തീരേണ്ടതെന്ന ചോദ്യവും സമകാലിക പ്രസക്തിയുള്ളതാണ്. ഖുര്‍ആനിക സംഗീതത്തിന്റെ ഭക്തിനിര്‍ഭര രാവുകളാല്‍ ഉണര്‍ത്തുപാട്ടിന്റെ പ്രഘോഷങ്ങളുയര്‍ത്തി പ്രതിലോമപരതയുടെ അലസ സംഗീതത്തോട് കലഹിച്ചുകൊണ്ടിരിക്കാന്‍ കൂടിയാണ് റമദാന്‍ ഊഴം വെച്ച് വന്നുകൊണ്ടിരിക്കുന്നത്.
'തിലാവത്തുല്‍ ഖുര്‍ആന്റെ' മധുരം അനുഭവിക്കുക
തിലാവത്തുല്‍ ഖുര്‍ആന്‍ റമദാനിലെ പ്രധാന ആരാധനാ കര്‍മമാണ്. അല്‍ ഫാത്തിഹയില്‍ തുടങ്ങി അന്നാസില്‍ വിരാമം കുറിക്കുന്ന ഖുര്‍ആനിലൂടെയുള്ള ഒരു തീര്‍ഥയാത്രയാണത്. അഥവാ ദൈവചിന്ത മനുഷ്യചിന്തയായി മൊഴിമാറ്റം ചെയ്യപ്പെടുന്ന അന്യാദൃശമായ ഒരു ആത്മീയാനുഭവമാണ് തിലാവത്തുല്‍ ഖുര്‍ആന്‍. തിലാവത്ത് റസൂല്‍(സ) അല്ലാഹുവില്‍നിന്നേറ്റെടുത്ത ദൗത്യത്തിന്റെ പേരാണ്. ''നിരക്ഷരര്‍ക്ക് നിരക്ഷരനായ റസൂല്‍ നിയോഗിതനായിരിക്കുന്നു. അല്ലാഹുവിന്റെ വചനങ്ങളുടെ തിലാവത്ത് നിര്‍വഹിക്കുന്ന റസൂല്‍. ജനങ്ങളുടെ തസ്‌കിയത്ത് ദൗത്യമായി ഏറ്റെടുത്ത റസൂല്‍. ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുന്ന റസൂല്‍'' (അല്‍ജുമുഅ 2).
തിലാവത്ത്, തസ്‌കിയത്ത്, തഅ്‌ലീം (പാരായണം+സംസ്‌കരണം+ അധ്യാപനം) ഇവ മൂന്നും ഒന്ന് ഒന്നിനോട് ചേര്‍ന്നു നില്‍ക്കുന്ന പരസ്പര ബന്ധിതമായ ദൗത്യമാണെന്ന് പ്രസ്തുത ഖുര്‍ആന്‍ വചനം നമ്മെ ബോധ്യപ്പെടുത്തുന്നു. നോമ്പുകാലത്തെ തിലാവത്തുല്‍ ഖുര്‍ആന്‍ സംസ്‌കരണ ദൗത്യവും അധ്യാപന ദൗത്യവും ഏറ്റെടുക്കാന്‍ നമ്മെ പ്രാപ്തമാക്കുന്ന ആരാധനയായിത്തീരണം.
നടപ്പുള്ള ഖുര്‍ആന്‍ ഓത്തും, ഖുര്‍ആന്‍ റസൂലിനെ ചുമതലപ്പെടുത്തിയതും നമ്മിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതുമായ തിലാവത്തുല്‍ ഖുര്‍ആനും ഒന്നുതന്നെയാണോ? ഒരിക്കലുമല്ല. നടപ്പുള്ള ഖുര്‍ആന്‍ ഓത്ത് തീര്‍ത്തും നിഷ്‌ക്രിയവും നിസ്സംഗവുമായ ഒരു ചുണ്ടനക്കം മാത്രമാണ്. സമൂഹത്തിന്റെ സംസ്‌കരണ ദൗത്യം ഏറ്റെടുക്കാനുള്ള മുന്നൊരുക്കമാണ് തിലാവത്തുല്‍ ഖുര്‍ആന്‍. ഖുര്‍ആന്റെയും ഖുര്‍ആനില്‍ നിന്നുത്ഭവിക്കുന്ന ഹിക്മത്തി(യുക്തിഭദ്രമായ ജ്ഞാനവും കാലാനുസൃതമായ വികാസവും)ന്റെയും അധ്യാപനത്തിന് പ്രബോധകനെ സജ്ജമാക്കുന്ന അനുഷ്ഠാനമാണ് തിലാവത്തുല്‍ ഖുര്‍ആന്‍.
തിലാവത്ത് (പാരായണം) തദബ്ബുറോടെ (മനനം) നിര്‍വഹിച്ചാലേ ലക്ഷ്യം നേടുകയുള്ളൂ. ''അവര്‍ ഖുര്‍ആനില്‍ തദബ്ബുര്‍ (മനനം) നടത്തുന്നില്ലയോ? അല്ലാഹുവിന്റെ അടുക്കല്‍ നിന്നല്ല ഈ ഗ്രന്ഥമെങ്കില്‍ നിരവധി വൈരുധ്യങ്ങള്‍ ഇതില്‍ ഇടംപിടിച്ചേനേ!'' (അന്നിസാഅ് 82).
പാരായണവും മനനവും ഒത്തുവരുമ്പോഴേ ഖുര്‍ആന്റെ ആഴമുള്ള പരസ്പര ചേര്‍ച്ചയും, വചനങ്ങള്‍ക്കും അധ്യായങ്ങള്‍ക്കുമിടയിലെ പൂര്‍വാപര ബന്ധങ്ങളും നമ്മുടെ ബുദ്ധിയില്‍ തെളിഞ്ഞുവരികയുള്ളൂ.
തദബ്ബുര്‍ എന്ന് പറഞ്ഞാല്‍ ഖുര്‍ആനിനു മുന്നില്‍ ഹൃദയം തുറക്കലാണ്. വിശ്വാസിയെ അല്ലാഹു ചുമതലപ്പെടുത്തിയത് ഖുര്‍ആന്നു മുന്നില്‍ ഹൃദയം തുറക്കാനാണ്. ''അവരെന്തേ ഖുര്‍ആനില്‍ മനനം നടത്താത്തത്? അവരുടെ ഹൃദയങ്ങള്‍ അടഞ്ഞുകിടപ്പാണോ?'' (മുഹമ്മദ് 24). ''ഇതൊരു അനുഗൃഹീത മഹല്‍ ഗ്രന്ഥമാകുന്നു. നാമിത് നിനക്ക് ഇറക്കിത്തന്നു; ഈ ജനം ഇതിലെ പ്രമാണങ്ങളില്‍ മനനം നടത്തേണ്ടതിനും ബുദ്ധിയും വിവേകവും ഉള്ളവര്‍ അതുവഴി പാഠം ഉള്‍ക്കൊള്ളേണ്ടതിനും'' (സ്വാദ് 29).
മനനത്തിലേക്ക്, ചിന്തയിലേക്ക്, പാഠം ഉള്‍ക്കൊള്ളലിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന തിലാവത്തുല്‍ ഖുര്‍ആന്‍ എന്ന ആരാധന റമദാന്‍ മുഴുനീളെ വിശ്വാസി നിര്‍വഹിക്കേണ്ടതുണ്ട്. അപ്പോഴേ നോമ്പ് അതുള്‍ക്കൊള്ളുന്ന അര്‍ഥവ്യാപ്തിയുടെ ആഴം തൊടുകയുള്ളൂ.
രാത്രി നമസ്‌കാരം റമദാന്റെ അലങ്കാരമാണ്
തിലാവത്തുല്‍ ഖുര്‍ആന്‍ നോമ്പിന്റെ മധുരമാണെങ്കില്‍ ഖിയാമുല്ലൈല്‍ (രാത്രി നമസ്‌കാരം) റമദാന്റെ അലങ്കാരമാണ്. ദീര്‍ഘനേരം നിന്നുള്ള തിലാവത്തുല്‍ ഖുര്‍ആന്‍ തന്നെയാണ് ഖിയാമുല്ലൈലിന്റെയും മര്‍മം. നീണ്ട റുകൂഉകളും സുജൂദുകളും ചമയം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ സാമീപ്യ ലഹരി ആസ്വദിക്കാവുന്ന അസുലഭ സന്ദര്‍ഭമാണ് റമദാന്‍കാലത്തെ ഖിയാമുല്ലൈലും തറാവീഹും. വ്യക്തികള്‍ക്ക് അത് ഒറ്റക്ക് തന്നെ നിര്‍വഹിക്കാവുന്നതാണ്. പള്ളികളില്‍ കൂട്ടായും അത് നിര്‍വഹിക്കാവുന്നതാണ്. പാതിരാ സമയത്ത് നിര്‍വഹിക്കുന്നത് കൂടുതല്‍ ഹൃദ്യതയുള്ള അനുഭവമായിരിക്കും. ''രാത്രികാലത്ത് കുറച്ച് ഉറങ്ങുന്നവരും, പാതിരാ നേരത്ത് പാപമോചനത്തിനായി കേഴുന്നവരുമാണവര്‍'' (അദ്ദാരിയാത്ത് 17,18).
നന്മകള്‍ പൂത്തുലയട്ടെ
റമദാന്‍ നന്മകളുടെ വസന്തകാലമാണ്. സര്‍വ നന്മകളും റമദാനില്‍ പൂത്തുലയട്ടെ. അഞ്ചു നേരത്തെ നമസ്‌കാരം പള്ളിയില്‍ സംഘടിതമായി നിര്‍വഹിക്കാന്‍ നാം പ്രതിജ്ഞ ചെയ്യണം. സഹോദരിമാര്‍ക്കും അക്കാര്യത്തില്‍ നിഷ്ഠ വേണ്ടതുണ്ട്. പള്ളികളില്‍ എത്താന്‍ കഴിയില്ലെങ്കില്‍ വീടുകളില്‍ സംഘടിത നമസ്‌കാരമൊരുക്കാന്‍ വിശ്വാസിനികള്‍ ജാഗ്രത പുലര്‍ത്തണം. ഒരു നോമ്പു പോലും നഷ്ടപ്പെടുത്തുകയില്ലെന്ന് ഉറപ്പുവരുത്തണം. അല്ലാഹു നല്‍കിയ ഇളവുകളുള്ളവരേ റമദാനില്‍ നോമ്പ് ഉപേക്ഷിക്കാന്‍ പാടുള്ളൂ. അകാരണമായി ഉപേക്ഷിക്കപ്പെടുന്ന റമദാന്‍ നോമ്പിന് പകരം നോമ്പില്ല. ഒരു വര്‍ഷം നീളെ നോമ്പെടുത്താലും ഒരു റമദാന്‍ നോമ്പിന് പകരമാവില്ല. സകാത്തും മറ്റു ദാനധര്‍മങ്ങളും നിര്‍വഹിക്കാനും റമദാന്‍ നല്ല കാലമാണ്. മനസ്സും ശരീരവും ധനവും ശുദ്ധമാക്കി നമുക്ക് വിജയം ഉറപ്പുവരുത്താമല്ലോ. ദാനധര്‍മങ്ങള്‍ സമ്പന്നര്‍ക്ക് മാത്രം നിര്‍വഹിക്കാവുന്ന സല്‍ക്കര്‍മമല്ല. ഇല്ലായ്മയിലെ സ്വദഖ അല്ലാഹുവുമായി നമ്മെ വല്ലാതെ അടുപ്പിച്ചു നിര്‍ത്തുന്ന ത്യാഗശീലമാണ്. പരസ്പര ബന്ധം ശക്തിപ്പെടുത്താവുന്ന ഇഫ്ത്വാര്‍ പാര്‍ട്ടികള്‍ സ്വാഗതാര്‍ഹമാണ്. പക്ഷേ, ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും ഭക്ഷ്യമേളകള്‍ ബഹിഷ്‌കരിക്കുകയാണ് വേണ്ടത്.
റമദാന്റെ പുണ്യം സഹോദരിമാര്‍ക്ക് നിഷേധിക്കുന്ന 'ഭക്ഷണക്രമം' നാം പൂര്‍ണമായും ഉപേക്ഷിക്കണം. ലളിത ഭക്ഷണമായിരിക്കണം നോമ്പുകാല മെനു. കൂടുതല്‍ സമയം ദിക്‌റിലും ദുആയിലും തിലാവത്തിലും സ്വലാത്തിലും ചെലവഴിക്കണം. കുറഞ്ഞ സമയമേ അടുക്കളയില്‍ ചെലവഴിക്കാവൂ. 'ഇഖ്‌റഇ'ന്റെ വിളംബര മാസമാണ് റമദാന്‍. നല്ല പുസ്തകങ്ങളുടെ വായനക്ക് റമദാന്‍ നാം ഉപയോഗപ്പെടുത്തണം.
ഓരോ നിമിഷവും റമദാന്‍ കാലത്ത് ഏറെ വിലപ്പെട്ടതാണ്. അത് നമുക്ക് അല്‍പം പോലും നഷ്ടപ്പെട്ടുപോകരുത്. ഇബ്‌ലീസ് പൂര്‍ണമായും നിരാശപ്പെട്ടുപോകണം ഈ വിശുദ്ധ കാലത്ത്. നാവിന്റെ സമ്പൂര്‍ണമായ നിയന്ത്രണം നോമ്പിന്റെ അവിഭാജ്യ ഘടകമാണ്. മൗനവും ആരാധനയാണ്. കുറഞ്ഞ സംസാരവും കൂടിയ ചിന്തയും നോമ്പുകാലത്ത് നമ്മെ നയിക്കേണ്ടതുണ്ട്.
നിരന്തരമായ പ്രാര്‍ഥന കൊണ്ട് നോമ്പുകാലത്തെ നാം ധന്യമാക്കണം. പ്രാര്‍ഥന വിശ്വാസിയുടെ ആയുധമാണ്. ആത്മീയ വിപ്ലവത്തിന്റെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമാണ് പ്രാര്‍ഥന. ഞാന്‍, എന്റെ മാതാവ്, എന്റെ പിതാവ്, എന്റെ സഹോദരീ-സഹോദരന്മാര്‍, ചങ്ങാതിമാര്‍, ഇരകള്‍, അനാഥര്‍, അരികു ചേര്‍ക്കപ്പെട്ടവര്‍, തടവറയില്‍ കഴിയുന്നവര്‍, പോരാളികള്‍... എല്ലാവര്‍ക്കും നമ്മുടെ പ്രാര്‍ഥനയില്‍ ഇടം ലഭിക്കണം. എന്നിലെ ഞാന്‍ എന്ന വിഗ്രഹം ഉടയ്ക്കപ്പെടുകയും പ്രപഞ്ചത്തേക്കാള്‍ വിശാലമായ വിശ്വാസിയുടെ ഹൃദയലോകത്ത് എല്ലാവരുടെയും ഐക്യനിര കെട്ടിപ്പടുക്കുകയും ചെയ്യുന്ന ആത്മീയ സാധനയായി മാറണം നമ്മുടെ പ്രാര്‍ഥന.
Comments