Prabodhanm Weekly

Pages

Search

2014 ജൂണ്‍ 27

ശ്യാം ഗോവിന്ദിന്റെ കാത്തിരിപ്പ്

എം.അഷ്‌റഫ് /അനുഭവം

         അനുഷ്ഠാനത്തിനപ്പുറത്ത് കൗതുകമായും ആരോഗ്യ നേട്ടങ്ങള്‍ക്കായും നോമ്പ് നോല്‍ക്കുന്നവരുണ്ട്. അക്കൂട്ടത്തിലല്ല, ജിദ്ദയില്‍ ഗള്‍ഫ് എയര്‍ ഉദ്യോഗസ്ഥനും കോഴിക്കോട് നടക്കാവ് സ്വദേശിയുമായ ശ്യാം ഗോവിന്ദ്. 

         വ്രതാനുഷ്ഠാനത്തിന്റെ സവിശേഷത അതിന്റെ ആത്മീയ വശത്തിലാണ് ഉള്‍ചേര്‍ന്നു കിടക്കുന്നതെന്നും ആരോഗ്യ നേട്ടങ്ങള്‍ രണ്ടാമതായേ പരിഗണിക്കാവൂ എന്നും അദ്ദേഹം കരുതുന്നു. 

         ഇതര മതസ്ഥരായ ആളുകള്‍ പലപ്പോഴും നോമ്പിലേക്ക് ആകര്‍ഷിക്കപ്പെടാറുള്ളത് അത് സമ്മാനിക്കുന്ന ആരോഗ്യനേട്ടങ്ങളിലൂടെയോ ഒപ്പം താമസിക്കുന്നവര്‍ നോമ്പനുഷ്ഠിക്കുമ്പോഴുള്ള കൗതുകത്തിലൂടെയോ ആണ്. 

         എന്നാല്‍ വിശുദ്ധ ഖുര്‍ആനിലൂടെ നോമ്പിന്റെ സവിശേഷതകളും അതിന്റെ ആത്മീയതയും അറിഞ്ഞതിനുശേഷമാണ് ഓരോ വര്‍ഷവും നോമ്പ് കാലത്തിനായുള്ള തന്റെ കാത്തിരിപ്പ് തുടങ്ങാറുള്ളതെന്ന് പത്ത് വര്‍ഷത്തിലേറെയായി വിശുദ്ധ റമദാനില്‍ വ്രതാനുഷ്ഠാനം ഒഴിവാക്കാത്ത ശ്യാം ഗോവിന്ദ് പറയുന്നു.

         ജോലി ആവശ്യാര്‍ഥം 1995-ല്‍ സുഊദി അറേബ്യയില്‍ എത്തിയ ശേഷം ഇംഗ്ലീഷ് പത്രത്തിലെ പ്രത്യേക പേജില്‍ അച്ചടിച്ചുവരാറുള്ള ഇസ്‌ലാം പംക്തിയാണ് മതാനുഷ്ഠാനങ്ങളെ കുറിച്ചും ഇസ്‌ലാമിക ദര്‍ശനത്തെ കുറിച്ചും കൂടുതല്‍ വായിക്കാന്‍ പ്രേരണയായത്. അക്കാലത്ത് സൗദി ഗസറ്റ് ദിനപത്രത്തിലെ ഇസ്‌ലാം പേജില്‍ പ്രവാചകചര്യയെ കുറിച്ച് വരാറുള്ള പംക്തി ആകര്‍ഷകമായിരുന്നു. ലളിതമായ ഒരു പ്രവാചക വചനത്തിലേക്കാണ് ആദ്യം ശ്രദ്ധ പതിഞ്ഞത്. ആ ഹദീസിന്റെ വായന ഇസ്‌ലാമിക ദര്‍ശനത്തിന്റെ വിവിധ വശങ്ങള്‍ അറിയാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആന്‍ ഇംഗ്ലീഷ് തര്‍ജമ സംഘടിപ്പിച്ച് വായന തുടങ്ങി.

         മറ്റ് ആരാധനാ കര്‍മങ്ങളില്‍നിന്ന് വ്യത്യസ്തമായി നോമ്പിനെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ പറയുന്ന കാര്യങ്ങളില്‍ 'നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് അതിന്റെ പ്രതിഫലം നല്‍കുന്നതെ'ന്ന ദൈവിക വചനം ഏറെ മനസ്സില്‍ തറച്ചു. ആത്മീയമായി മനുഷ്യനെ പരിവര്‍ത്തിപ്പിക്കുകയാണ് നോമ്പിന്റെ പ്രഥമ ലക്ഷ്യം. ബാക്കി എന്തൊക്കെ ഗുണഫലങ്ങള്‍ ഉണ്ടാകുന്നുണ്ടോ അതൊക്കെയും രണ്ടാമത് മാത്രമേ പരിഗണിക്കപ്പെടേണ്ടതുള്ളൂ. 

         ഈ മനുഷ്യ ജന്മവും വിശേഷ ബുദ്ധിയും നല്‍കിയതിന് കാരുണ്യവാനോടുള്ള കടപ്പാടും കൃതജ്ഞതയും പ്രകടിപ്പിക്കാന്‍ മറ്റെന്താണ് വഴിയുള്ളത്! ദയാപരനായ ദൈവത്തോട് അളവില്ലാതെ നന്ദി പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് നോമ്പ് കാലം.

         '95-ല്‍ സുഊദിയിലെത്തിയെങ്കിലും 2001-ലാണ് ആദ്യമായി നോമ്പെടുത്തത്. അതൊരു അനുഭവം തന്നെയായിരുന്നു. രണ്ടു നോമ്പ് മാത്രമേ ആ വര്‍ഷം നോറ്റുള്ളൂ. ആ രണ്ട് ദിവസം അനുഭവിച്ച വിശപ്പും കഠിനമായ തലവേദനയും ഇപ്പോഴും ഓര്‍മയിലുണ്ട്. പക്ഷേ, അടുത്ത വര്‍ഷം മുതല്‍ റമദാനിന്റെ വരവ് ആവേശമായി. പിന്നീട് നോമ്പിനും വിശുദ്ധ റമദാനും വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. കൂടുതല്‍ വായിച്ചും മനസ്സിലാക്കിയും വ്രതാനുഷ്ഠാനത്തിന്റെ ആത്മീയതയിലേക്ക് ഇറങ്ങിയതു കൊണ്ടാകാം ഇത്. 

         ഇപ്പോള്‍ നോമ്പ് കാലത്തെ വരവേല്‍ക്കാന്‍ ജിദ്ദയിലെ തലാല്‍ സ്‌കൂളില്‍ അധ്യാപികയായ ഭാര്യ സലീനയും, ഈ വര്‍ഷം മൈസൂരിലേക്ക് ഉപരിപഠനത്തിനു പോകുന്ന മകന്‍ അതുല്‍ ജയ് ശ്യാമും കൂട്ടിനുണ്ട്. അഞ്ചാറു വര്‍ഷമായി സലീനയും ശ്യാം ഗോവിന്ദിനോടൊപ്പം കൃത്യമായി നോമ്പെടുക്കുന്നു.

         റമദാന്‍ വന്നെത്തുന്നതോടെ ആത്മീയ അന്തരീക്ഷം കൂടുതല്‍ പ്രകടമാകുന്ന സുഊദി അറേബ്യയാണ് വ്രതാനുഷ്ഠാനത്തിന് നല്ലതെങ്കിലും നാട്ടിലെ നോമ്പാണ് നോമ്പെന്ന് കഴിഞ്ഞ വര്‍ഷം റമദാനില്‍ പകുതിയോളം നാട്ടിലായിരുന്ന ശ്യാം ഗോവിന്ദ് പറയുന്നു.

         എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ ഇവിടെ വിശ്രമത്തിനു കൂടുതല്‍ സമയം കിട്ടുമ്പോള്‍ നാട്ടില്‍ ഓട്ടമല്ലേ എന്നായിരുന്നു മറുപടി. 

         വിശുദ്ധ റമദാനില്‍ ടെലിവിഷന്‍ ചാനലുകളിലൂടെയുള്ള ഖുര്‍ആന്‍ പാരായണവും നമസ്‌കാരവും ശ്രദ്ധിക്കാറുള്ള ശ്യാം അഞ്ച് നേരവും നമസ്‌കരിക്കാറുമുണ്ട്. ദൈവ കല്‍പനകള്‍ അനുസരിച്ചുകൊണ്ടാണ് തന്റെ ജീവിതമെന്നും സമ്പത്തില്‍ പാവങ്ങള്‍ക്കുള്ള അവകാശമാണ് സകാത്ത് എന്നു മനസ്സിലാക്കി അതും നിര്‍വഹിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സകാത്തില്‍നിന്ന് ഒരു വിഹിതം സംഘടിതമായി വിതരണം ചെയ്യാന്‍ ഏല്‍പിക്കുന്നതിനു പുറമെ, അടുത്തറിയുന്നവരുടെ പ്രയാസമകറ്റാനും നീക്കിവെക്കാറുണ്ട്. 

         ലളിത വിഭവങ്ങളാണ് നോമ്പ് തുറക്ക് ഇഷ്ടമെങ്കിലും അയല്‍പക്കക്കാര്‍ സലീന ടീച്ചറിലും വിഭവ സമ്മര്‍ദം ചെലുത്താറുണ്ട്. അയല്‍ ഫഌറ്റുകാര്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ ഇങ്ങോട്ടും ഇവിടെ നിന്നുണ്ടാക്കുന്നവ അങ്ങോട്ടും എത്തിക്കുന്നു.

         നോമ്പ് കാലത്ത് എങ്ങോട്ടു തിരിഞ്ഞാലും കാണുന്ന സമൂഹ ഇഫ്ത്വാറുകളും സവിശേഷതയായി എടുത്തു പറയുന്നു ശ്യാം ഗോവിന്ദ്. മൂന്നോ നാലോ പേരാണ് കൂട്ടം കൂടിയിരുന്ന് നോമ്പു തുറക്കുന്നതെങ്കിലും അവിടേക്ക് പിടിച്ചിരുത്തി പങ്കാളിയാക്കുന്നത് വല്ലാത്തൊരു അനുഭവമാണ്. വിവിധ സംഘടനകള്‍ ഒരുക്കാറുള്ള ഇഫ്ത്വാറുകളിലേക്കും ക്ഷണിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

         പൈശാചിക പ്രലോഭനങ്ങളില്‍നിന്ന് മനസ്സിനെ ശുദ്ധീകരിക്കാനും ദൈവം ഇഷ്ടപ്പെടുന്ന നല്ല ഗുണങ്ങള്‍ ആര്‍ജിക്കാനുമാണ് നോമ്പ് സഹായകമാകേണ്ടതെന്ന് പറയുന്ന ശ്യാം പ്രവാസ ജീവിതം നഷ്ടപ്പെടുത്തിയ വായനാശീലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. 

         കരുണാമയനായ ദൈവത്തോടുള്ള കടപ്പാട് അളവില്ലാതെ അറിയിക്കാന്‍ സാധ്യമാകുന്ന ഏറ്റവും മികച്ച ആത്മീയാനുഷ്ഠാനമെന്ന തിരിച്ചറിവോടെയാണ് ശ്യാം ഗോവിന്ദ് ഓരോ വര്‍ഷവും റമദാനിലെ ഭക്തിയുടെ ദിനരാത്രങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 108-111
എ.വൈ.ആര്‍