Prabodhanm Weekly

Pages

Search

2014 ജൂണ്‍ 27

ദോവലിന്റെ കാലത്ത് എന്തു പ്രതീക്ഷിക്കണം?

ഇഹ്‌സാന്‍

         ന്ത്യയുടെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് കുമാര്‍ ദോവല്‍ റോയുടെ മുന്‍ മേധാവി എന്നതിലപ്പുറം വിവേകാനന്ദ ഫൗണ്ടേഷന്റെ ഡയറക്ടര്‍ എന്ന നിലയിലും അറിയപ്പെട്ടിരുന്നു. ദേശസുരക്ഷയെ കുറിച്ചും ഇന്ത്യയുടെ അയല്‍പക്ക ബന്ധങ്ങളെ കുറിച്ചുമൊക്കെ ഫൗണ്ടേഷനിലിരുന്ന് ദോവല്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന് പരമപ്രധാനമായ ഈ കസേരയിലേക്കുള്ള വഴി തുറന്നതും. എ.കെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ ഇന്ത്യയിലെ ആയുധ നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനെ കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ അടിവേരുകള്‍ പോലും ഇതേ വിവേകാനന്ദ കേന്ദ്രം വെച്ചു പുലര്‍ത്തിയ അഭിപ്രായങ്ങള്‍ ആണെന്ന് സംശയിക്കപ്പെട്ടിരുന്നു. രാജ്യത്തെ വിദേശ, പ്രതിരോധ മേഖലകളിലെ നയങ്ങളെ ഇങ്ങനെയൊരു ലോബി സ്വാധീനിക്കുന്നതായും അതിന്റെ പിറകില്‍ ശക്തമായ സംഘ്പരിവാര്‍ തലച്ചോറുകള്‍ ഉണ്ടായിരുന്നതായും കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സംശയമാണ് ദോവലിന്റെ നിയമനത്തോടെ മറനീക്കി പുറത്തു വരുന്നത്. ഒരു മതനിരപേക്ഷ രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്ന അജണ്ടകളുടെ സ്ഥാനത്ത് ദോവലും മോദിയും കൊണ്ടുവരാന്‍ പോകുന്നത് എന്താണെന്നതിന്റെ സൂചനകള്‍ ഇതിനകം പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്.

         ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളില്‍ മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ദേശവിരുദ്ധ ശക്തികളുടെ അഭിപ്രായങ്ങള്‍ക്ക് ആവശ്യത്തിലധികം ഇടം കൊടുക്കുന്നതാണ് ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തെ പ്രതിസന്ധിയിലാക്കിയതെന്ന് 2011 ഫെബ്രുവരിയില്‍ എഴുതിയ ലേഖനത്തില്‍ ദോവല്‍ സമര്‍ഥിക്കുന്നു. യുദ്ധം, പാകിസ്താന്‍, ഭീകരത മുതലായ വിഷയങ്ങളില്‍ അദ്ദേഹം നിരന്തരമായി അക്കാലത്ത് എഴുതാറുണ്ടായിരുന്നു. പരമ്പരാഗത യുദ്ധ സങ്കല്‍പ്പങ്ങള്‍ കാലാനുസൃതമായി പുനരവലോകനം ചെയ്യണമെന്നും പൊതുസമൂഹത്തിലെ ചില ഘടകങ്ങള്‍ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് ലോകത്തെല്ലായിടത്തും തടസ്സം സൃഷ്ടിക്കുന്നതായും ദോവല്‍ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധവും റഷ്യയുടെ അഫ്ഗാന്‍ അധിനിവേശവും മുതല്‍ ഇറാഖ്-അഫ്ഗാന്‍ യുദ്ധങ്ങള്‍ വരെ പരാജയപ്പെട്ടത് ഇത്തരം ഘടകങ്ങള്‍ അന്താരാഷ്ട്ര മേഖലയില്‍ ശക്തി പ്രാപിച്ചതു കൊണ്ടാണത്രെ. അമേരിക്ക ഇറാഖിലും വിയറ്റ്‌നാമിലും അഫ്ഗാനിസ്താനിലും നടത്തിയ ആക്രമണങ്ങള്‍ ഏതോ പ്രകാരത്തില്‍ വിജയിക്കേണ്ടവ ആയിരുന്നുവെന്ന ദുസ്സൂചനയാണ് ഈ ലേഖനത്തില്‍ നിന്ന് വായിച്ചെടുക്കാനാവുക. ശത്രുരാജ്യങ്ങളിലെ ഭരണകൂട വിമതര്‍ക്ക് ആയുധം എത്തിക്കുക എന്ന ആശയമാണ് ഏറ്റവും ചെലവു കുറഞ്ഞ ആധുനിക യുദ്ധതന്ത്രമെന്ന ആശയവും ഇദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഒരേസമയം സ്വന്തം രാജ്യത്തെ മാവോയിസ്റ്റ് ഭീകരതയെ കുറ്റപ്പെടുത്തുകയും അതിന്റെ പിറകില്‍ അന്താരാഷ്ട്രശക്തികള്‍ ഉണ്ടായിരിക്കാമെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം പാകിസ്താനിലെ ഭീകരരുടെ കാര്യത്തില്‍ ഇന്ത്യയുടെ നയങ്ങള്‍ ശുദ്ധ പരാജയമാണെന്ന് കുറ്റപ്പെടുത്താനും ദോവല്‍ മുതിരുന്നു. അന്താരാഷ്ട്ര ആയുധ റാക്കറ്റുകളുമായും മയക്കുമരുന്ന് - കള്ളനോട്ട് സംഘങ്ങളുമായുള്ള ബന്ധമാണ് പാകിസ്താനിലെ ഇസ്‌ലാമിക ഭീകരരുടെ കാര്യത്തില്‍ ഇന്ത്യക്കു മുമ്പിലുള്ള പ്രതിസന്ധിയെന്നും ഈ ലേഖനത്തിലുണ്ട്. നേരത്തെ റോയുടെ ഡയറക്ടര്‍ ആയ കാലത്ത് ഇദ്ദേഹം തന്നെയാവുമല്ലോ നയനിലപാടുകള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടാവുക!

         ഇന്ത്യ ആഭ്യന്തര ആയുധ ഉല്‍പ്പാദനത്തില്‍ കൂടുതല്‍ മുതല്‍ മുടക്കണമെന്ന മട്ടില്‍ കഴിഞ്ഞ ദിവസം മോദി നടത്തിയ പ്രസ്താവന ദോവലിന്റെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന ആശയസംഘട്ടനങ്ങളുടെ പ്രതിഫലനമാണ്. 29 ശതമാനം മാത്രം വിദേശനിക്ഷേപം അനുവദിക്കപ്പെട്ടിരുന്ന ആയുധ നിര്‍മാണ മേഖല പൂര്‍ണമായും തുറന്നിടാനുള്ള തീരുമാനമെടുക്കാന്‍ മോദി സര്‍ക്കാര്‍ തയാറെടുക്കുന്നതായി മെയ് അവസാന വാരം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ തീരുമാനം മോദിയുടെ സ്വന്തം ഉപദേശകരുടെ വകയാണെന്ന് കരുതാനാണ് ന്യായം. ഒന്നുകില്‍ നമ്മുടെ ആഭ്യന്തര ഉല്‍പ്പാദനം, അല്ലെങ്കില്‍ വിദേശ അടിമത്തം. ഇതു രണ്ടും കൂടി ഒരുമിച്ചെങ്ങനെ സാധ്യമാകും? ഐ.എസ്.ആര്‍.ഒക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ റോക്കറ്റുകളും സാറ്റലൈറ്റുകളും വിക്ഷേപിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാനാവുമെങ്കില്‍ ഡി.ആര്‍.ഡി.ഒക്കും അത് കഴിയേണ്ടതാണല്ലോ. കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യക്ക് ഇത് കഴിയാതിരുന്നത് മോദി പ്രധാനമന്ത്രി ആവാതിരുന്നതു കൊണ്ടാണോ? രാജ്യം ഇത്രയും കാലം ശരിയെന്നു കരുതിയ നയം അത്രപെട്ടെന്നെങ്ങനെ, അതും പാര്‍ലമെന്റില്‍ പോലും കൂടിയാലോചിക്കുന്നതിനു മുമ്പെ തെറ്റാണെന്ന് മോദി സ്വയം തീരുമാനിച്ചു? അകത്തെയും പുറത്തെയും കച്ചവടക്കാരും ആയുധവ്യാപാരികളും രണ്ടു ഭാഗത്തും നിന്നുമായി സര്‍ക്കാറിനെ പിടിച്ചു വലിക്കുകയാണെന്ന് വ്യക്തം. ഇതിലൊക്കെ അന്തിമമായ അഭിപ്രായം പറയേണ്ടുന്ന കസേരയിലാണ് ദോവലിനെ പോലെയുള്ള ഒരു വ്യക്തി ഇരിക്കുന്നത്.

         തികച്ചും അപകടകരമായ സൂചനകള്‍ അദ്ദേഹത്തിന്റെ മിക്ക ലേഖനങ്ങളിലും കാണാനാവും. സൊഹ്‌റാബുദ്ദീന്‍ ശൈഖ് വധക്കേസിനെ കുറിച്ച് ദോവല്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം. ഒരു പ്രത്യേക സമുദായത്തിന് എതിരാണ് സര്‍ക്കാര്‍ എന്ന ധാരണ സൃഷ്ടിക്കാനാനാണ് സൊഹ്‌റാബുദ്ദീന്‍ വധത്തെ കുറിച്ച മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലുകള്‍ വഴിയൊരുക്കിയതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സൊഹ്‌റാബുദ്ദീന്‍ ഒരു മുന്‍ ഗുണ്ടയാണെന്നും അദ്ദേഹം മുസ്‌ലിംകളുടെ ശത്രു മാത്രമായിരുന്നില്ല മറുഭാഗത്ത് ഹിന്ദുക്കളുടെ സുഹൃത്തും കൂടി ആയിരുന്നു എന്നാണ് ദോവല്‍ ചൂണ്ടിക്കാട്ടുന്നത്. സെഹ്‌റാബുദ്ദീന്‍ വധക്കേസില്‍  നിയമവാഴ്ചയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നവും ഇല്ലെന്നാണോ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ അഭിപ്രായം? ഇതൊക്കെയാണ് ദോവലിന്റെ അഭിപ്രായങ്ങളെന്നിരിക്കെ, അദ്ദേഹത്തിന്റെ കാലത്ത് എന്താണ് ഇന്ത്യ മോദി സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്?  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 108-111
എ.വൈ.ആര്‍