Prabodhanm Weekly

Pages

Search

2014 ജൂണ്‍ 27

മോദി സര്‍ക്കാറിന്റെ ന്യൂനപക്ഷ നയം

മുജീബ് /ചോദ്യോത്തരം

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റിരിക്കുകയാണല്ലോ. ന്യൂനപക്ഷങ്ങളോടുള്ള അദ്ദേഹത്തിന്റെ ഇനിയുള്ള സമീപനം എങ്ങനെയായിരിക്കും?

അബ്ദുല്‍ മലിക് മുടിക്കല്‍

         രേന്ദ്രമോദി സര്‍ക്കാറിന്റെ നയപ്രഖ്യാപനം നടക്കാനിരിക്കുന്നേയുള്ളൂ. പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിമുഖീകരിച്ച് രാഷ്ട്രപതി ചെയ്യുന്ന പ്രസംഗത്തില്‍ നിന്ന് ഒരു പരിധിവരെ അത് വ്യക്തമാവും. എന്നാല്‍, എല്ലാം ആ പ്രസംഗത്തിലുണ്ടാവില്ല. മനസ്സിലാക്കേണ്ട കാര്യം മോദി സംഘ്പരിവാറിന്റെ യഥാര്‍ഥ പ്രതിനിധിയാണെന്നുള്ളതാണ്. ആര്‍.എസ്.എസാണ് അദ്ദേഹത്തെ മത്സരിപ്പിച്ചത്. സംഘത്തിന്റെ മുഴുവന്‍ ശേഷിയും ആസൂത്രിതമായി മോദിയെ ജയിപ്പിച്ചെടുക്കാന്‍ വിനിയോഗിക്കപ്പെട്ടു. ബി.ജെ.പി അധികാരത്തിലേറാന്‍ മുഖ്യ തടസ്സം കോണ്‍ഗ്രസ്സാണെന്ന് തിരിച്ചറിഞ്ഞ് ആ പാര്‍ട്ടിയെ നിലംപരിശാക്കാന്‍ ദ്വിമുഖ തന്ത്രമാണ് ഹിന്ദുത്വശക്തികള്‍ പയറ്റിയത്. ഒന്ന്, നെഹ്‌റു കുടുംബത്തെ പരമാവധി താഴ്ത്തിക്കെട്ടി, അവരോടുള്ള സാമ്പ്രദായിക വൈകാരിക വശ്യതയും വിധേയത്വവും ഇല്ലാതാക്കി. രണ്ട്, അണ്ണാ ഹസാരെയുടെ ലോക്പാല്‍ പ്രക്ഷോഭത്തിലൂടെ ദേശീയമായി രൂപപ്പെട്ട അഴിമതി വിരുദ്ധ വികാരത്തെ യു.പി.എ സര്‍ക്കാറിനെതിരെ തിരിച്ചുവിടുക. രണ്ടു തന്ത്രവും വിജയിപ്പിക്കാന്‍ കോര്‍പറേറ്റുകളുടെയും മീഡിയയുടെയും പൂര്‍ണ സഹകരണത്തോടെ മോദി ടീമിനായി. അങ്ങനെ നേടിയ വിജയമാണ് ബി.ജെ.പി ഒറ്റക്ക് കൈവരിച്ച കേവല ഭൂരിപക്ഷം. വാസ്തവത്തില്‍ 31 ശതമാനം സമ്മതിദായകരുടെ പിന്തുണയേ ഹിന്ദുത്വ പാര്‍ട്ടിക്ക് ലഭിച്ചിട്ടുള്ളൂ. പക്ഷേ, ഇന്ത്യയിലെ ഇലക്ഷന്‍ രീതിയുടെ വൈകല്യം കാരണം രാജ്യം അടക്കി ഭരിക്കാന്‍ ഈ വോട്ടുകള്‍ മതിയായി.

         മോദിസര്‍ക്കാര്‍ മുച്ചൂടും ആര്‍.എസ്.എസ്സിന്റെ മൂശയില്‍ വാര്‍ക്കപ്പെട്ടതായതിനാല്‍ ന്യൂനപക്ഷങ്ങളോടുള്ള സമീപനം സ്വാഭാവികമായും സംഘ്പരിവാറിന്റേതായിരിക്കും. സംഘ്പരിവാറാകട്ടെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ന്യൂനപക്ഷങ്ങളായി അംഗീകരിക്കുന്നേയില്ല. ഭരണഘടന അംഗീകരിച്ച എല്ലാ ന്യൂനപക്ഷാവകാശങ്ങളും അവര്‍ നിരാകരിക്കുന്നു. ന്യൂനപക്ഷ കമീഷന്‍ പിരിച്ചുവിടണമെന്നാണ് പ്രഖ്യാപിത നയം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ബി.ജെ.പി നേരത്തെ നിരാകരിച്ചതാണ്. അധിനിവേശത്തിലൂടെ ഇന്ത്യയിലേക്ക് കടന്നുവന്നവരെന്ന് അവര്‍ വിശേഷിപ്പിക്കുന്ന മുസ്‌ലിംകള്‍ പിന്നീട് അവരിലെ കണ്ണില്‍ വിഭജനത്തിനു ഉത്തരവാദികളാവുക കൂടി ചെയ്തതോടെ രാജ്യത്തിനും ഹിന്ദുത്വത്തിനും ഭീഷണിയാണെന്നാണ് ആര്‍.എസ്.എസ് ഇന്നേവരെ ധരിപ്പിച്ചുവന്നിട്ടുള്ളത്. പോരാഞ്ഞ് രാഷ്ട്രാന്തരീയ തലത്തില്‍ ഇസ്രയേലുമായുള്ള കൂട്ടുകെട്ട് കൂടി ശക്തിപ്പെട്ടതോടെ സമ്പൂര്‍ണ മുസ്‌ലിംവിരോധമാണ് സംഘ്പരിവാര്‍ വളര്‍ത്തിയെടുത്തിരിക്കുന്നത്. മോദി തന്റെ മന്ത്രിസഭയിലേക്ക് പൊക്കിക്കൊണ്ടുവന്ന ഒരേയൊരു മുസ്‌ലിം നാമധാരി നജ്മ ഹിബത്തുല്ലയാണ്. അവര്‍ ന്യൂനപക്ഷ കാര്യമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തതെങ്കിലും മുസ്‌ലിംകളെ ന്യൂനപക്ഷമായി കാണുന്നില്ലെന്ന് ഒന്നാമത്തെ ദിവസം തന്നെ പറഞ്ഞുകഴിഞ്ഞു. പാഴ്‌സികളാണത്രെ ഒരേയൊരു ന്യൂനപക്ഷം! ടാറ്റയുടെയും നരിമാന്റെയുമൊക്കെ സമുദായമാണ് പാര്‍സികള്‍. ആ നിലക്ക് മോദി സര്‍ക്കാറില്‍ നിന്ന് മതന്യൂനപക്ഷങ്ങള്‍ക്ക് നല്ലതൊന്നും പ്രതീക്ഷിക്കാനില്ല.

         അതേയവസരത്തില്‍ ഇതിലും കടുത്ത പരീക്ഷണങ്ങള്‍ നേരിട്ട ചരിത്രമുള്ള മുസ്‌ലിം ന്യൂനപക്ഷം ക്ഷമയും പ്രാര്‍ഥനയും ആയുധമാക്കി സ്ഥിതിഗതികളെ നേരിടാനുള്ള നിശ്ചയദാര്‍ഢ്യമാണ് പ്രകടിപ്പിക്കേണ്ടത്. ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് ജനാധിപത്യപരമായി പോരാടുക. വൈരുധ്യങ്ങളുടെ സമാഹാരമായ തീവ്ര ഹിന്ദുത്വ പ്രസ്ഥാനം ശത്രുവിനെ സങ്കല്‍പിച്ചുകൊണ്ടാണ് തല്‍ക്കാലത്തെ ഏകീകരണം സാധിച്ചിരിക്കുന്നത്. അധികാരത്തിലേറിയിരിക്കെ സങ്കീര്‍ണമായ ജനകീയ പ്രശ്‌നങ്ങളെ വിവേകപൂര്‍വം കൈയാളാനും പരിഹരിക്കാനും കഴിഞ്ഞില്ലെങ്കില്‍ ന്യൂനപക്ഷ വിരോധം മാത്രം അവരുടെ രക്ഷക്കെത്തുകയില്ല. എല്‍.കെ അദ്വാനി, സുഷമ പ്രഭൃതികളുടെ പിണക്കം പോലുള്ള ശല്യങ്ങള്‍ വേറെയും. മോദിയിലെ ഏകാധിപതിക്ക് ഇതൊക്കെ പരിഹരിക്കാനാവുമെന്ന കണക്കുകൂട്ടല്‍ യാഥാര്‍ഥ്യ നിഷ്ഠമല്ല. 

പൊതുസിവില്‍ കോഡ്

''ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് ആവശ്യമാണെന്ന് ജസ്റ്റിസ് കെ.ടി തോമസ്. കുറിച്ചി അദൈ്വത വിദ്യാശ്രമം സ്‌കൂളില്‍ നടന്ന ആര്‍.എസ്.എസ് പ്രഥമ വര്‍ഷ സംഘ ശിക്ഷാവര്‍ഗ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം'' (മാധ്യമം 22-5-2014). പ്രതികരണം?

പി.വി.സി മുഹമ്മദ് പൊന്നാനി

         ര്‍.എസ്.എസ്സിന്റെ 'തര്‍ബിയത്ത്' ക്യാമ്പിലാണ് ജസ്റ്റിസ് തോമസിന്റെ അഭിപ്രായ പ്രകടനം. ഹിന്ദുത്വ വാദികളെ സുഖിപ്പിക്കുക എന്നതാവാം മുഖ്യ ലക്ഷ്യം. ഒപ്പം അദ്ദേഹമുള്‍പ്പെടെയുള്ള മുന്‍ ന്യായാധിപന്മാരും നിയമജ്ഞരും പൊതുവെ ഏകസിവില്‍ കോഡിനു വേണ്ടി വാദിക്കുന്നവരാണ്. മുസ്‌ലിം വ്യക്തിനിയമത്തിന്റെ സാന്നിധ്യമാണ് അവര്‍ക്കൊക്കെ കണ്ണിലെ കരട്. നിര്‍ഭാഗ്യവശാല്‍ വ്യക്തിനിയമത്തെ ദുരുപയോഗം ചെയ്യുന്ന വിവരദോഷികള്‍ പരോക്ഷമായി ഏകസിവില്‍ കോഡ് വാദികളെ സഹായിക്കുകയും ചെയ്യുന്നു. അനിയന്ത്രിത ബഹുഭാര്യാത്വം, നബിചര്യക്ക് തീര്‍ത്തും വിരുദ്ധമായ മുത്തലാഖ്, പൗത്രന്റെ അനന്തരാവകാശ നിഷേധം തുടങ്ങിയ തെറ്റായ നടപടികളാണ് ശരീഅത്ത് വിരുദ്ധര്‍ക്ക് ആയുധമാവുന്നത്. എന്നാല്‍, ഏത് ഏകീകത കോഡായാലും നിയമലംഘകര്‍ അതിനെയും ലംഘിക്കുമെന്ന് കാണാന്‍ അതിനു വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ കാണാതെ പോവുന്നു. സ്ത്രീധനം ശിക്ഷാര്‍ഹമല്ലാഞ്ഞിട്ടാണോ പരക്കെ സ്ത്രീധനം വാങ്ങുന്നത്? ബഹുഭാര്യാത്വം അനുവദിച്ചതുകൊണ്ടാണോ മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ഹൈന്ദവര്‍ ഭാര്യ നിലവിലിരിക്കെ കൂടുതല്‍ ഭാര്യമാരെ സ്വീകരിക്കുന്നത്? വിവാഹമോചനം പ്രയാസകരമായതിനാല്‍ ഭാര്യമാരുടെ കഥ കഴിച്ചു മോചനമാര്‍ഗം തേടുന്ന ഭര്‍ത്താക്കന്മാരില്ലേ? 

         ഭരണഘടന മതന്യൂനപക്ഷങ്ങള്‍ക്കനുവദിച്ച മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായ വ്യക്തിനിയമങ്ങള്‍ അപാകതകള്‍ പരിഹരിച്ചു ഫലപ്രദമായി നടപ്പാക്കിയാല്‍ തന്നെ സ്ത്രീപീഡനം ഇല്ലാതാവും. ദേശീയോദ്ഗ്രഥനത്തിനോ സ്ത്രീ നീതിക്കോ വേണ്ടിഏകസിവില്‍ കോഡ് നടപ്പാക്കേണ്ടതില്ല. നാനാത്വത്തില്‍ ഏകത്വമാണ് ജനാധിപത്യ ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷത. 

പരമകാരുണികനാണ് അല്ലാഹു

         തവക്കുലിനെക്കുറിച്ചും പ്രാര്‍ഥനയെക്കുറിച്ചും പറയുമ്പോള്‍ ഉണ്ടാവുന്ന ഒരു സംശയം ചോദിക്കട്ടെ. ചില മനുഷ്യരുടെ ജീവിതം കഠിന പരീക്ഷണത്തിലകപ്പെട്ടതായി കാണപ്പെടുന്നു. അവരുടെ സാമ്പത്തിക നിലവാരം ഒരിക്കലും ഉയരുന്നില്ല. കഷ്ടപ്പാടുകളും ദുരിതങ്ങളും കൊണ്ട് നിറഞ്ഞതാണ് അവരുടെ ജീവിതം. ചിലര്‍ പത്തും പതിനാലും വര്‍ഷം രോഗശയ്യയില്‍ നരകിച്ചു കിടക്കുന്നു. ഇവരുടെ പ്രാര്‍ഥനകള്‍ക്ക് എന്നും ഒരേ ചൈതന്യം ഉണ്ടാവുമോ? പ്രതീക്ഷയോടെയും ശുഭാപ്തി വിശ്വാസത്തോടെയും ജീവിതകാലം മുഴുവന്‍ പ്രാര്‍ഥിക്കാന്‍, ഈമാനിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കുന്ന സാധാരണക്കാര്‍ക്ക് സാധിക്കുമോ? അഥവാ ആ പ്രാരാബ്ധങ്ങള്‍ ശീലിച്ച് ജീവിതത്തിന്റെ തന്നെ ഭാഗമായിത്തീര്‍ന്നാല്‍ പിന്നെ അവര്‍ പ്രാര്‍ഥിക്കാന്‍ തന്നെ മറന്നുപോവുകയില്ലേ?

ഉമ്മു അന്‍വര്‍ തലശ്ശേരി

         നുഷ്യരെന്നല്ല ഏതു ജീവിയോടും അളവറ്റ കാരുണ്യവും ദയയും ഉള്ളവനാണ് അല്ലാഹു, അവന്റെ കരുണ എന്ന ഗുണം മറ്റേത് ഗുണത്തേക്കാളും മികച്ചു നില്‍ക്കുന്നു, തന്റെ ദാസരില്‍ ഒരാളോടും അവന്‍ കടുകിട അനീതി കാണിക്കുകയില്ല എന്നെല്ലാം വിശുദ്ധ ഖുര്‍ആന്‍ ഖണ്ഡിതമായി പ്രസ്താവിച്ചിട്ടുള്ളതാണ്. അല്ലാഹുവിന്റെ 99 ഗുണങ്ങളില്‍ ശിക്ഷയെയും ബലപ്രയോഗത്തെയും കുറിക്കുന്ന വിശേഷണങ്ങള്‍ 10-ല്‍ താഴെയേ വരൂ. ഇതിന്റെ വെളിച്ചത്തില്‍ വേണം ചോദ്യത്തില്‍ പ്രതിപാദിച്ച പരീക്ഷണത്തെക്കുറിച്ച് ചിന്തിക്കാന്‍. ദൈവകല്‍പനകള്‍ പാലിക്കാത്തത് മൂലവും പ്രകതിനിയമങ്ങള്‍ക്കെതിരായി നീങ്ങിയ കാരണത്താലും മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായുമൊക്കെ തീരാദുരിതങ്ങള്‍ ഏറ്റുവാങ്ങുന്നവരുണ്ടാവാം. അവരെയും പക്ഷേ, അല്ലാഹു കൈയൊഴിയുകയില്ല. ആത്മാര്‍ഥമായി പശ്ചാത്തപിച്ചാല്‍ അത് അവന്‍ സ്വീകരിക്കും. ഒരുവേള ഇഹലോകത്ത് തന്നെ അതിന്റെ അടയാളങ്ങള്‍ കണ്ടെന്ന് വരാം. അല്ലെങ്കില്‍ പരലോകത്ത് നിശ്ചയമായും. ഏത് പാപിയോടും നിരന്തരം പ്രാര്‍ഥിക്കാനാണ് അല്ലാഹു ആവശ്യപ്പെട്ടിരിക്കുന്നത്. ദൈവവിധി തടുക്കാന്‍ പ്രാര്‍ഥന കൊണ്ടേ കഴിയൂ എന്നാണ് പ്രവാചക വചനം. ബലഹീനതയോ അവശതയോ മറവിയോ മൂലം പ്രാര്‍ഥനയില്‍ സംഭവിക്കാവുന്ന വീഴ്ചകള്‍ അല്ലാഹു പൊറുക്കും. 'എന്റെ സമുദായത്തിന്റെ അബദ്ധവും മറവിയും മൂലം സംഭവിക്കുന്ന തെറ്റുകള്‍ അല്ലാഹു ഒഴിവാക്കിക്കൊടുത്തിരിക്കുന്നു' എന്നത് നബി(സ)യുടെ അധ്യാപനമാണ്. കഷ്ടപ്പെടുന്ന രോഗികളെ സന്ദര്‍ശിക്കുന്നതും പരിചരിക്കുന്നതും ആശ്വസിപ്പിക്കുന്നതും മഹത്തായ പുണ്യകര്‍മങ്ങളാണെന്നതും മറക്കാതിരിക്കുക. എന്നാല്‍, ഒരു പ്രത്യേക വ്യക്തി എന്തുകൊണ്ട് കഷ്ടപ്പെടുന്നു എന്ന കാര്യം സര്‍വജ്ഞനായ അല്ലാഹുവിന് മാത്രമേ അറിയൂ. 

മാംസാഹാരം

മാംസാഹാരം ഉപയോഗിക്കുന്ന കേരളീയരുടെ എണ്ണം 80 ശതമാനത്തില്‍ എത്തിയിരിക്കുന്നു എന്ന് 24-04-2014-ലെ മാതൃഭൂമിയുടെ എഡിറ്റോറിയല്‍ കോളത്തില്‍ എഴുതിക്കണ്ടു. അളവറ്റ സസ്യവിഭവങ്ങളും ബഹുഭൂരിപക്ഷം െൈദവഭക്തരും യഥേഷ്ടം ദേവാലയങ്ങളും ഉണ്ടായിട്ടും ദുര്‍ബല പ്രാണികളായ മത്സ്യാദി ജന്തുക്കളുടെ മാംസം ഭക്ഷിക്കുന്നവര്‍ നമ്മുടെ കേരളത്തില്‍ 80 ശതമാനത്തില്‍ എത്തിയത് എന്തുകൊണ്ടാണ്? ഇതാണോ മനുഷ്യരുടെ സംസ്‌കാര വൈഭവം?

കെ.വി വാസുദേവന്‍, കുന്നക്കാവ്

         സ്രഷ്ടാവായ ദൈവം മനുഷ്യര്‍ക്ക് കനിഞ്ഞരുളിയ ജീവിത വിഭവങ്ങളില്‍ മത്സ്യ മാംസാദികളും ഉള്‍പ്പെടുന്നു. പച്ചക്കറികളും പഴങ്ങളും കൊണ്ട് മാത്രം 650 കോടി മനുഷ്യരുടെ പോഷകാഹാരാവശ്യം നിറവേറ്റാനാവില്ല. മനുഷ്യര്‍ ഉല്‍പത്തി മുതല്‍ക്കേ മാംസഭുക്കുകളായിരുന്നു താനും. ഇന്നും ഉത്തരധ്രുവത്തോടടുത്ത് താമസിക്കുന്ന വര്‍ഗങ്ങളുടെ മുഖ്യാഹാരം മത്സ്യങ്ങളാണ്. എന്നാല്‍ കേരളീയരുടെ മാംസാഹാര ഭ്രമം പരിധിക്ക് പുറത്താണ്. ആരോഗ്യത്തിന് ഹാനികരമല്ലാത്ത മത്സ്യ മാംസാദികള്‍ മിതമായി ഭക്ഷിക്കാം. സസ്യാഹാരികളെ അതിന് നിര്‍ബന്ധിക്കുന്നതും ശരിയല്ല. അതിരു കടന്നു ചിന്തിച്ചാല്‍ പാല്‍ കുടിക്കുന്നതും തെറ്റാവും. മൃഗങ്ങളുടെ പാല്‍ അവയുടെ കുട്ടികള്‍ക്ക് കുടിക്കാനുള്ളതാണെന്ന് പറയാമല്ലോ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 108-111
എ.വൈ.ആര്‍