Prabodhanm Weekly

Pages

Search

2014 ജൂണ്‍ 27

മാലാഖമാരുടെ ചിറകിലേറി വരുന്ന പുണ്യങ്ങളുടെ പൂക്കാലം

ബഷീര്‍ ഉളിയില്‍ /പരദേശി

         മാലാഖമാരുടെ ചിറകിലേറി വരുന്ന പുണ്യങ്ങളുടെ പൂക്കാലത്താണ്, 2007-ല്‍ ഐക്യ അറബ് നാടുകളില്‍ 'പൊതു മാപ്പ്' വിരുന്ന് വന്നത്. രണ്ട് മാസം മുമ്പ് പ്രഖ്യാപിക്കപ്പെട്ട 'ആംനസ്റ്റി'  ഒരു മാസത്തേക്ക് കൂടി നീട്ടിയപ്പോള്‍ റമദാനുമായി സംഗമിക്കുകയായിരുന്നു. യാദൃഛികമെങ്കിലും സാര്‍ഥകമായിരുന്നു ഈ സംഗമം. വംശ-ദേശ-ഭാഷാ വൈവിധ്യങ്ങളുടെ ഒരു 'കള്‍ച്ചറല്‍ മെല്‍റ്റിംഗ് പോട്ട്' എന്ന് വിശേഷിപ്പിക്കാവുന്ന ഗള്‍ഫ് നാടുകളില്‍ സാര്‍വലൗകിക മനുഷ്യ സാഹോദര്യത്തിന്റെ മൂര്‍ത്ത ഭാവമാണ് റമദാനില്‍ ഇതള്‍ വിരിയുന്നത്. ദീനാനുകമ്പയുടെ സവിശേഷമായ കൈയൊപ്പോടു കൂടി വ്രതാനുഷ്ഠാനം ഇവിടെ ആത്മീയോത്സവത്തിന്റെ നിറമണിയുന്നു. ഉദാരത വീശുന്ന ഈ വസന്തകാലം പൊതു മാപ്പുമായി സംഗമിച്ച നാളുകളില്‍ തൊഴില്‍ വശാല്‍ അതിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചപ്പോള്‍ ഗള്‍ഫിലെ പകല്‍ ചൂടില്‍ വെന്തുരുകുന്ന നോമ്പുകള്‍ക്ക് ശീതീകൃത മുറികളിലേതിനേക്കാള്‍ വ്രതശുദ്ധി ഉണ്ടെന്നു തോന്നി. വോട്ടെടുപ്പ് കാലത്ത് നമ്മുടെ നാട്ടിലെ ക്യൂവിനെ ഓര്‍മപ്പെടുത്തുന്ന മനുഷ്യച്ചങ്ങലകളാണ് പൊതു മാപ്പ് കാലത്ത് എമിഗ്രേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ രൂപപ്പെടുന്നത്. റമദാന്‍കാല ജോലിസമയം പകുതിയായും നാലില്‍ മൂന്നായും കുറക്കുക എന്ന മാമൂല്‍, പൊതുമാപ്പ് കാലത്ത് പാലിക്കപ്പെടാറില്ല. പ്രഭാതം തൊട്ട് രാത്രി വൈകും വരെ പ്രവര്‍ത്തനനിരതമായ പകലിരവുകള്‍. നോമ്പ് തുറ സമയത്ത് എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്ക് ചെറിയ ഒരു ഇടവേള. സന്ധ്യയടുക്കുമ്പോള്‍ ഗള്‍ഫിലെ റമദാനിനു നിറപ്പകിട്ടേറെയാണ്. അലസമായ നഗര വീഥികള്‍ പെട്ടെന്ന് ഉത്സവഛായ അണിഞ്ഞ് ഉയിര്‍ത്തെഴുന്നേല്‍ക്കും. പള്ളിയങ്കണങ്ങള്‍ക്ക് പുറമെ കെട്ടിയുയര്‍ത്തപ്പെട്ട എയര്‍ കണ്ടീഷന്‍ ചെയ്ത ടെന്റുകളില്‍ സമൃദ്ധമായി നിരത്തപ്പെടുന്ന ഇഫ്ത്വാര്‍ വിഭവങ്ങള്‍. അബൂദബിയിലെ ശൈഖ് സായിദ് പള്ളിയില്‍ മാത്രം ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് ഇഫ്ത്വാര്‍ വിരുന്ന് ഒരുക്കപ്പെടുന്നത്. നോമ്പനുഷ്ഠിക്കാത്ത അന്യ മതസ്ഥരിലേക്ക് പോലും നീളുന്നു ഉദാരതയുടെ ഈ ഇസ്‌ലാമിക ഹസ്തം. 

         കുടിയേറ്റ വകുപ്പിലെ സ്വദേശികളായ ഉദ്യോഗസ്ഥരോടൊപ്പം നയതന്ത്ര കാര്യാലയങ്ങളും സന്നദ്ധ സംഘടനകളും ആംനസ്റ്റിയില്‍ കണ്ണി ചേര്‍ന്നപ്പോള്‍ പൂവണിഞ്ഞത് തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ പ്രവാസത്തിന്റെ ചതിക്കുഴികളില്‍ അകപ്പെട്ട് വര്‍ഷങ്ങളായി ഉറ്റവരെ കാണാന്‍ കഴിയാതെ പോയ പരശ്ശതം ഹതാശരുടെ സ്വപ്നങ്ങളായിരുന്നു. പൊതുമാപ്പ് ആനുകൂല്യത്തിന്റെ ഗുണഭോക്താക്കളില്‍ കള്ള നാണയങ്ങളുണ്ടാവാമെങ്കിലും അറിയാതെ അബദ്ധത്തില്‍ ചാടുന്നവര്‍ തന്നെയാണ് മഹാ ഭൂരിപക്ഷം. സന്ദര്‍ശക വിസയില്‍ എത്തി കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്തവര്‍, സ്‌പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവര്‍, വിസയൊന്നുമില്ലാതെ അയല്‍ നാടുകളില്‍ നിന്ന് നുഴഞ്ഞു കയറുന്നവര്‍ തുടങ്ങി നിയമ ലംഘകരുടെ തരാ തരങ്ങള്‍ അനവധിയാണ്. വര്‍ഷങ്ങളോളം ഈ അനധികൃത വാസം തുടര്‍ന്ന് പോരുന്നവരും, പിടിക്കപ്പെട്ട് നാട്ടിലേക്ക് കയറ്റി വിട്ടാലും ബൂമറാങ്ങ് പോലെ തിരിച്ചു വരുന്നവരും ഈ കൂട്ടത്തിലുണ്ടാകും. അധികൃതര്‍, പക്ഷേ അഭയം തേടിയെത്തുന്ന ആരെയും ആട്ടിയോടിച്ചില്ല. കതിരും പതിരും വേര്‍തിരിച്ചില്ല. ഏതൊരു നാടിന്റെയും ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ കുറ്റമാണ് അനധികൃത കുടിയേറ്റം. ഗള്‍ഫ് നാടുകളെ സംബന്ധിച്ചേടത്തോളം ആഭ്യന്തര വരുമാനത്തിന്റെ മുഖ്യ സ്രോതസ്സിനേല്‍ക്കുന്ന കനത്ത ആഘാതം കൂടിയാണിത്. എന്നിട്ടു പോലും വര്‍ഷങ്ങളുടെ ഇടവേളകളില്‍ ഇമ്മട്ടില്‍ പൊതു മാപ്പ് പ്രഖ്യാപിക്കുകയും, പിഴ ചുമത്തുകയോ ജയിലില്‍ അടക്കുകയോ ചെയ്യാതെ നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് കയറ്റി വിടുകയും ചെയ്യാന്‍ മാത്രം വിശാലമാണ് മരുഭൂമിയിലെ ഈ ഗോത്ര മനസ്സ്. നിയമ വ്യവസ്ഥയുടെ കാര്‍ക്കശ്യത്തിനപ്പുറം കാരുണ്യത്തിന്റെ ഉദാത്ത ഭാവമാണ് ഇവിടെ ഇതള്‍ വിരിയുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് അന്നവും അക്ഷരവും തേടിയെത്തുന്ന അനാഥ ബാല്യങ്ങളെ 'കടലാസ് സാങ്കേതികത'യുടെ പേരില്‍ പൊരിവെയിലത്ത് പൊരിച്ചെടുത്ത് തിരിച്ചയക്കുന്ന 'സാക്ഷര സംസ്‌കൃതി'യുടെ എതിര്‍ മുഖം.

         മലപ്പുറത്ത് നിന്നുള്ള മൊയ്തീന്‍ എന്ന എഴുപതുകാരന്‍ മേല്‍ പറഞ്ഞ ഗണത്തിലൊന്നും പെടുന്ന ആളായിരുന്നില്ല. വാര്‍ധക്യത്തിന്റെയും ആസ്ത്മയുടെയും അസ്‌കിതകള്‍ പേറുന്ന കൃശഗാത്രനായ ആ മനുഷ്യന്‍ നീണ്ട ചങ്ങലയില്‍ കണ്ണി ചേരാതെ ടെന്റിന്റെ ഓരം ചാരി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അടുത്ത് പോയി കാര്യം തിരക്കുകയായിരുന്നു. മൊയ്തീന്‍ക്ക പറഞ്ഞതാകട്ടെ  മറ്റൊരു 'പരദേശി' കഥ. കേരളപ്പിറവിക്ക് മുമ്പ് തന്നെ അന്നം തേടി കേരളം വിട്ട ആളാണ് മൊയ്തീന്‍. അമ്പതുകളിലെ ഒരു ശരാശരി മലയാളിയുടെ മോഹങ്ങള്‍ക്ക് ബോംബെയുടെ അതിരുകള്‍ക്കപ്പുറം പറക്കാന്‍ ചിറകുകള്‍ ഉണ്ടായിരുന്നില്ലല്ലോ. കൗമാരത്തിന്റെ പടവുകള്‍ കയറുന്ന മൊയ്തീനും  ബോംബെയിലേക്ക് തന്നെ കരിവണ്ടി കയറി. കേരളത്തില്‍ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ തുടങ്ങുന്നതിനു മുമ്പ് 'മദിരാശി' പാസ്‌പോര്‍ട്ടുമായാണ് ബോംബെയില്‍ എത്തിയത്.

         യഥാര്‍ഥത്തില്‍, ബോംബെ നഗരം കടല്‍ കടക്കാനെത്തുന്ന മലയാളികളുടെ ഒരു ഇടത്താവളമാണ് എന്നതാണ് ശരി. അവിടെ  വെച്ചാണ് പ്രവാസ മോഹത്തിന്റെ ചക്രവാളം വീണ്ടും വികാസം പ്രാപിക്കുന്നത്. സിലോണ്‍, സിംഗപ്പൂര്‍, ബര്‍മ തുടങ്ങിയ ദേശങ്ങളായിരുന്നു അക്കാലത്തെ ഏദന്‍ തോട്ടങ്ങള്‍. അഥവാ  അമ്പതുകളിലെ മലയാളി ദേശാടനത്തിനു പേര്‍ഷ്യന്‍ സ്പര്‍ശമുണ്ടായിരുന്നില്ല. ചെറുതും വലുതുമായ ലോക രാഷ്ട്രങ്ങള്‍ കോളോണിയല്‍ നുകത്തില്‍ നിന്ന് മോചനം നേടി സ്വതന്ത്ര രാഷ്ട്രങ്ങളായി തീര്‍ന്നുവെങ്കിലും നാട്ടതിരുകളുടെ   ലക്ഷ്മണ രേഖകള്‍ക്ക് ഇന്നത്തെ പോലെ ദേശീയ - വംശീയ വിചാരങ്ങളുടെ കടുത്ത നിറമുണ്ടായിരുന്നില്ല. അനായാസം അതിര്‍ത്തി കടക്കാന്‍ കഴിയുന്ന ഈ കാലാവസ്ഥയിലാണ് മലയാളികളുടെ പ്രവാസം പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ നാടുകളില്‍ പിച്ച വെക്കാന്‍ തുടങ്ങിയത്. ചരക്ക് ലോഞ്ചുകളില്‍ കയറി നടുക്കടലില്‍ ചാടി നീന്തി കരയടുക്കുന്ന, വിമാനക്കൂലിയെ കുറിച്ചോ അധിക ബാഗേജിനെ കുറിച്ചോ വേവലാതികളില്ലാത്ത മലയാളിയുടെ പ്രവാസക്കാലം. ബോംബെയില്‍ നിന്ന് നേരിട്ടല്ല പലരും പലപ്പോഴും അന്ന് 'പേര്‍ഷ്യ'യില്‍ എത്തിയിരുന്നത്. വീണ്ടും മറ്റൊരു ഇടത്താവളവും ഇടത്തട്ടുകാരും അവര്‍ക്ക് തരണം ചെയ്യേണ്ടിവരുമായിരുന്നു. ദാസനും വിജയനും പിന്നെ കുറേ ഗഫൂര്‍ക്കമാരും.  ബോംബെ ജീവിതകാലത്ത് പരിചയത്തിലായ ഏജന്റിലൂടെ മൊയ്തീന്‍ എത്തിയതാകട്ടെ കറാച്ചിയില്‍. 

         കറാച്ചി! തന്റെ പേരിനോടും വംശത്തോടുമൊപ്പം ഒരിക്കലും ചേരുംപടി ചേരാത്ത സ്ഥലനാമമാണ് അത് എന്ന തിരിച്ചറിവൊന്നും ഉണ്ടായിരുന്നില്ല അയാള്‍ക്ക്. മരുപ്പച്ചകള്‍ക്ക് പിറകെ പായുന്ന സഞ്ചാരികള്‍ വഴിയിലെ ദുര്‍ഘട പാതകളെയോര്‍ത്ത് വല്ലാതെയൊന്നും വേവലാതിപ്പെടാറില്ല. എല്ലാറ്റിനുമപ്പുറം, നാമെത്ര തന്നെ മുന്‍കരുതലുകള്‍ എടുത്താലും വിധി എന്ന ഭാഗധേയം വളരെ കൃത്യമായി അതിന്റെ നിയോഗം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. മൊയ്തീന്‍ ഇപ്പോള്‍ പാകിസ്താനിലാണുള്ളത്. സാങ്കേതികമായി ഒരു പാക് പൗരനാണയാള്‍. എന്നാല്‍ ഗള്‍ഫ് എന്ന സ്വപ്നഭൂമിയിലെത്താനുള്ള ഒരു കടവ് മാത്രമായിരുന്നു അയാള്‍ക്ക് കറാച്ചി. 

         ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പാകിസ്താനില്‍ തങ്ങുന്നത് അപകടമാണെന്ന കൂട്ടുകാരുടെ ഉപദേശത്തെ തുടര്‍ന്ന് മൊയ്തീന്‍ ഒരു പാകിസ്താന്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു. ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ പാസ്‌പോര്‍ട്ട് എന്നത് പൗരത്വത്തിന്റെ പ്രഖ്യാപനമാണെന്നോ രാജ്യദ്രോഹത്തിന്റെ ചാപ്പ കുത്തപ്പെടാന്‍ തക്ക ശക്തിയുള്ള ഉരുപ്പടിയാണെന്നോ ഉള്ള അറിവുകളൊന്നും ആരും അയാള്‍ക്ക് പകര്‍ന്ന് കൊടുത്തില്ല. പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായകമായ ഒരു കൈപ്പുസ്തകം! ഏറെ താമസിയാതെ മൊയ്തീനും വന്നു 'പേര്‍ഷ്യ'യില്‍ നിന്നുള്ള വിളിയാളം. ലോഞ്ചില്‍ ഒടുക്കാനുള്ള കാശും നീന്തല്‍ വൈദഗ്ധ്യവും ഏതെങ്കിലുമൊരു യാത്രാരേഖയും ആയിരുന്നു അക്കാലത്ത് ദുബൈയിലെത്താനുള്ള പ്രാഥമിക യോഗ്യതകള്‍. ഇത് മൂന്നും ഇപ്പോള്‍ അയാള്‍ക്കുണ്ട്. ഐക്യപ്പെടാതെ കിടന്ന ഏഴ് എമിറേറ്റുകളില്‍ ഏതിലേക്കായാലും ദുബൈയിലേക്ക് പോവുക എന്നതാണ് അക്കാലത്ത് ഗള്‍ഫ് കുടിയേറ്റത്തിന്റെ പേര്. കറാച്ചിയില്‍ നിന്നുള്ള ഒരു ലോഞ്ചില്‍ ഖോര്‍ഫുക്കാന്‍ കടല്‍ തീരത്ത് എത്തിയ മൊയ്തീന്‍ ആദ്യം ചെയ്തത് മനസാ താനിഷ്ടപ്പെടാത്ത പൗരത്വത്തിന്റെ യാത്രാ രേഖ നശിപ്പിക്കുക എന്നതായിരുന്നു. അങ്ങനെ, ദുബൈയിലെത്തിയതോടെ രേഖകളുടെ ബന്ധനങ്ങള്‍ ഇല്ലാത്ത വിശ്വ പൗരനായി മാറി മൊയ്തീന്‍. അറുപതുകളില്‍ ചിറക് മുളച്ചു വരുന്ന ഗള്‍ഫ് വികസനത്തില്‍ മൊയ്തീനും കണ്ണി ചേര്‍ന്നു. ചെറിയ ചെറിയ കച്ചവടങ്ങള്‍ ചെയ്തു പണം സമ്പാദിച്ചു. നാട്ടിലുള്ള ഉറ്റവരെയും ഉടയവരെയും തീറ്റിപ്പോറ്റി.

         ആയിടക്കാണ് പാസ്‌പോര്‍ട്ടില്ലാത്ത മുഴുവന്‍ ഇന്ത്യക്കാര്‍ക്കും റേഷന്‍ കാര്‍ഡ് പോലുള്ള പ്രാഥമിക രേഖകള്‍ കാണിച്ചാല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കിട്ടാന്‍ സൗകര്യമൊരുങ്ങിയത്. ഇന്ത്യക്കാരോട് പ്രത്യേകം മമതയുണ്ടായിരുന്ന അന്നത്തെ ദുബൈ ഭരണാധികാരി ശൈഖ് റാശിദിന്റെ പ്രത്യേക താല്‍പര്യ പ്രകാരം കൂടി ആയിരുന്നു ആ നടപടി എന്ന്  പ്രവാസി പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നു. അപ്രകാരം, 1967-ല്‍ വിണ്ടുമൊരിക്കല്‍ കൂടി മൊയ്തീന്‍ രേഖാമൂലം 'ഭാരതീയ'നായി. അന്ന് ലഭിച്ച പത്ത് വര്‍ഷത്തെ പാസ്‌പോര്‍ട്ടിനു ശേഷം വീണ്ടും മൂന്ന് തവണ കൂടി മൊയ്തീന്റെ 'ഭാരതീയത' ഇന്ത്യന്‍ നയതന്ത്ര കാര്യാലയം സ്ഥിരീകരിച്ചു. പാസ്‌പോര്‍ട്ട് പുതുക്കാന്‍ മലയാളവും അത്യാവശ്യം ഉര്‍ദുവും മാത്രം അറിയുന്ന മൊയ്തീനു യാതൊരു തടസ്സവും ഈ കാലയളവില്‍ ഉണ്ടായിരുന്നില്ല എന്ന് ചുരുക്കം. 2007-ല്‍ നാലാം തവണ പുതുക്കാനായി രേഖകള്‍ ഇന്ത്യന്‍ എംബസിയില്‍ സമര്‍പ്പിച്ചപ്പോഴാണത്രെ അഞ്ചു പതിറ്റാണ്ട് മുമ്പ് മൊയ്തീന്റെ ജീവിതത്തില്‍ 'പച്ച'കുത്തിയ വിവരം എംബസി അധികൃതര്‍ കണ്ടെത്തുന്നത്.

         മനുഷ്യാത്മാവിനു ദിക്കാലാതിവര്‍ത്തിയായി സഞ്ചരിക്കാന്‍ കഴിയും എന്നതാണ് റമദാന്‍ നല്‍കുന്ന ഒരു പാഠം. ഉടല്‍ സഞ്ചാരത്തിനു, പക്ഷേ മനുഷ്യ നിര്‍മിത നിയമങ്ങളുടെ അനുമതി വേണം. ചട്ടങ്ങളുടെ ചട്ടക്കൂടുകളിലൂടെ സഞ്ചരിക്കണം. ദേശാതിവര്‍ത്തിയായ വിശ്വമാനവികത ഇവിടെ പ്രാവര്‍ത്തികമാക്കാനുള്ള തത്ത്വ സംഹിതയല്ലെന്ന്, നാട്ടിന്‍പുറത്തിന്റെ നന്മയും നൈര്‍മല്യവും മനസ്സില്‍ സൂക്ഷിക്കുന്ന നിരക്ഷര ശുദ്ധരായ സാധാരണ മനുഷ്യര്‍ക്കില്ലാതെ പോകുന്നത് പലപ്പോഴും അപ്രതീക്ഷിത ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കും. മൊയ്തീന്‍ എന്ന വൃദ്ധനും സംഭവിച്ചത് മറ്റൊന്നല്ല. നാല് പതിറ്റാണ്ടായി അബൂദബിയില്‍ 'ബക്കാല' എന്ന പല ചരക്കു കട നടത്തിവരുന്ന ആളാണ് മൊയ്തീന്‍. മലയാളികളായ, സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് കോര്‍പറേറ്റ് ഭീമന്മാര്‍ അരങ്ങ് വാഴുന്നതിനു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചില്ലറ വ്യാപാര രംഗത്ത് ഇറങ്ങിയ മൊയ്തീന്‍ അധികമായൊന്നും വെട്ടിപ്പിടിക്കാതെയും വലിയ ബഹളങ്ങളൊന്നും ഉണ്ടാക്കാതെയും, ഒരു ശരാശരി പരദേശിയെ പോലെ സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് പ്രകാശം പരത്തി ജീവിതം ഉന്തി നീക്കുന്നതിനിടെയാണ് 'നയതന്ത്രപരമായ' അടിയുടെ ആഘാതത്തില്‍ ഇവിടെ തകര്‍ന്ന് പോയത്. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അന്നം തേടിയുള്ള യാത്രയില്‍ വഴി തെറ്റി 'ശത്രു'വിന്റെ മണ്ണില്‍ പാദമൂന്നിയതിനുള്ള കടുത്ത ശിക്ഷ.

         'പാസ്‌പോര്‍ട്ട് ഓഫീസറോട് പലവട്ടം കെഞ്ചി നോക്കി. ഒരു വട്ടം കൂടി പാസ്‌പോര്‍ട്ട് പുതുക്കിക്കിട്ടിയാല്‍ 'ബക്കാല' അടക്കമുള്ള ആസ്തികള്‍ മകന്റെ പേരിലേക്ക് മാറ്റാന്‍ കഴിയുമായിരുന്നു. വലിയ മോഹങ്ങളൊന്നും പണ്ടേയില്ല. പിന്നെ നാട്ടില്‍ പോയി നീണ്ടു നിവര്‍ന്ന് കിടന്ന് മരിക്കണം.' മൊയ്തീന്‍ക്കയുടെ വാക്കുകളില്‍ നിസ്സഹായതയുടെ നൊമ്പരപ്പാടുകള്‍. പക്ഷേ, ആ സങ്കടക്കരച്ചിലിനു ആപ്പീസര്‍ ചെവി കൊടുത്തില്ല. ആവശ്യം പറയുന്നവന്റേതാണെങ്കില്‍ എങ്ങനെ പറഞ്ഞാലും കേള്‍ക്കുന്നവനു ഒന്നും മനസ്സിലാകുകയില്ല എന്നതാണ് ലോക രീതി. എംബസി നടയില്‍ ആയിരം വട്ടം കയറിയിറങ്ങിയ മൊയ്തീനു ഒടുവില്‍ പാസ്‌പോര്‍ട്ട് 'മരവിപ്പിച്ച്' ഔട്ട് പാസ് എന്ന താല്‍കാലിക 'കടത്ത് രേഖ' നല്‍കാമെന്ന അറിയിപ്പ് കിട്ടി. സാധാരണ ഗതിയില്‍ ഇഷ്യൂ ചെയ്ത ഓഫീസുകളില്‍ പുതുക്കാന്‍ സമര്‍പ്പിക്കപ്പെടുന്ന പാസ്‌പോര്‍ട്ടുകള്‍ക്ക് വീണ്ടുമൊരു വെരിഫിക്കേഷന്‍ ആവശ്യമുണ്ടാകാറില്ല. ഇവിടെയാണ് 'പേരിലാണ് എല്ലാമിരിക്കുന്നത്' എന്ന പുതുമൊഴി അന്വര്‍ത്ഥമാകുന്നത്. മാറിയ ഇന്ത്യനവസ്ഥയില്‍ മൊയ്തീന്‍, മലപ്പുറം എന്നീ നാമങ്ങള്‍  ഇങ്ങനെ ചില അസംഗത നടപടിക്രമങ്ങള്‍ക്ക് ഹേതുവായി തീരുന്നു എന്നതാണ് വാസ്തവം. ഇത് പറയുമ്പോഴും നിസ്സംഗമായിരുന്നു മൊയ്തീന്റെ ഭാവം. എത്ര തീക്ഷ്ണമായ വേദനയും എത്ര തീക്ഷണമായ പ്രയാസങ്ങളും കാലം കൊണ്ട് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുമെന്ന് 'ആടു ജീവിത'ക്കാരന്‍ പറയുന്നുണ്ട്. മൊയ്തീനും ഏതാണ്ട് ആ മാനസികാവസ്ഥയില്‍ തന്നെയായിരുന്നു. ''എന്നാലും ആപ്പീസര്‍ നല്ലവനാണ്. പാകിസ്താനിലേക്ക് പോകാന്‍ കല്‍പിക്കാതെ നാട്ടിലെത്താനുള്ള ഔട്ട് പാസ് തരാമെന്നു സമ്മതിച്ചല്ലോ.'' കളങ്കമില്ലാത്ത ഗ്രാമീണ മനസ്സിന്റെ ആത്മ ഗതം. പാസ്‌പോര്‍ട്ടിനു പകരം എംബസി 'കനിഞ്ഞ്' നല്‍കിയ ഔട്ട് പാസ് എന്ന ഒറ്റക്കടലാസും കൈയിലേന്തി റമദാന്‍ രണ്ടാം പത്തിലെ ചൂടുള്ള ഒരു പകലില്‍ ഒരു കുറ്റവാളിയെ പോലെ വരിയില്‍ നിന്ന് കണ്ണടയാളവും കൈയടയാളവും അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച് മൊയ്തീന്‍ എക്‌സിറ്റ് പെര്‍മിറ്റ് കരസ്ഥമാക്കി. 

         പിന്നീട്, റമദാന്‍ അവസാനത്തെ പത്തിലെ ഒരു സായം സന്ധ്യയില്‍ ശൈഖ് സായിദ് പള്ളിയങ്കണത്തിലെ ഇഫ്ത്വാറില്‍ പങ്കെടുത്ത ശേഷം മൊയ്തീന്‍ക്ക വിളിച്ചു. നാട്ടില്‍ പോകുന്ന വിവരം അറിയിക്കാനായിരുന്നു വിളി. ''പെരുന്നാളിനു നാട്ടിലെത്തണം. കടകള്‍ സ്‌പോണ്‍സറെ തിരിച്ചേല്‍പിച്ചു. മകന്‍ മറ്റൊരിടത്ത് ജോലിക്ക് കയറി. ദുആ ചെയ്യണം.'' കിതപ്പും തളര്‍ച്ചയുമുണ്ടെങ്കിലും ശാന്തമായിരുന്നു ആ സ്വരം. പ്രതികൂലാവസ്ഥകളുടെ നെരിപ്പോടുകളിലൂടെ പലവട്ടം കടന്നു പോയിട്ടും ജീവിതത്തിന്റെ ഇത്തിരി വെളിച്ചത്തിനായി പിന്നെയും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ മനുഷ്യനോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഒരു നിമിഷാര്‍ധം മൗനിയായി. പിന്നെ സര്‍വ മംഗളങ്ങളും നേര്‍ന്നു. ഇന്‍ശാ  അല്ലാഹ്. ഇത് ജീവിതമാണ്. ചൂടു വരും, തണുപ്പു വരും. കാറ്റും പൊടിക്കാറ്റും വരും. എന്നാല്‍ എല്ലാ ഇരുട്ടുകള്‍ക്കുമപ്പുറം ഒരു വെളിച്ചമുണ്ട്. 'നിശ്ചയം പ്രയാസത്തോടൊപ്പം എളുപ്പവും ഉണ്ട്' എന്ന് പറഞ്ഞത് അല്ലാഹു ആണല്ലോ.  ദുന്‍യാവ് ഇങ്ങനെയൊക്കെയാണ്. വെറും ആശ്വാസ വാക്കുകള്‍! വെറുതെയാണെന്ന് കേള്‍ക്കുന്നവനേക്കാള്‍ പറയുന്നവനു ബോധ്യമുള്ള ഈ വാക്കുകളിലും ചിലപ്പോള്‍ ആശ്വാസത്തിന്റെ ഒരു മാന്ത്രിക സ്പര്‍ശമുണ്ടാകാറുണ്ട്! കണ്ണടയാളവും കൈയടയാളങ്ങളും ഇലക്‌ട്രോണിക് യന്ത്രങ്ങളിലൂടെ ഒപ്പിയെടുത്ത് ഇമിഗ്രേഷന്‍ വകുപ്പിന്റെ സുരക്ഷിതമായ സര്‍വറില്‍ സൂക്ഷിച്ചാണ് ഔട്ട്പാസില്‍ പോകുന്നവരെ അധികൃതര്‍ കയറ്റിവിടുന്നത്. അത്തരക്കാര്‍ക്ക് പിന്നീട് ഒരിക്കലും ഈ മണ്ണില്‍ കാല്‍ കുത്താന്‍ കഴിയില്ല. സാഹസത്തിനു മുതിരുന്നവര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന മാത്രയില്‍ പിടിക്കപ്പെടും. പൊതു മാപ്പ് ആനുകൂല്യം നേടുന്നവര്‍ തിരിച്ചുവരാന്‍ വേണ്ടി പോകുന്നവരല്ല. ഇതെല്ലാം മൊയ്തീന്‍ക്കയെ പോലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. എന്നിട്ടും അദ്ദേഹത്തോട് പ്രതീക്ഷയുണര്‍ത്തുന്ന ആ നാടന്‍ മൊഴി മാത്രമേ ഉരിയാടാന്‍ കഴിഞ്ഞുള്ളൂ: പോയി വരൂ.

         പൊതു മാപ്പ് കാലത്തെ ഓര്‍മച്ചെപ്പില്‍ കരുവാളിപ്പോടെ ബാക്കിയാവുന്ന അനുഭവ ഖണ്ഡങ്ങള്‍ വെറെയുമുണ്ടെങ്കിലും വാര്‍ധക്യത്തിലേക്ക് കടന്ന ആ കൃശഗാത്രന്റെ കളങ്കലേശമില്ലാത്ത മൊഴികള്‍, നിസ്സഹായത സ്ഫുരിച്ചതെങ്കിലും നിഷ്‌കളങ്കമായ ചിരി, ഒടുവില്‍ എല്ലാം വിട്ടെറിഞ്ഞ് പോകേണ്ടിവരുമ്പോഴും പ്രയാസപ്പെടുത്തിയവരെ കുറിച്ച് പോലും നല്ലത് മാത്രം വിചാരിക്കാന്‍ കഴിയുന്ന മനസ്സ്... ഇവയൊന്നും എളുപ്പം മറക്കാന്‍ കഴിയുന്ന കാര്യങ്ങളായിരുന്നില്ല. നൂറു ദിവസത്തിനു രണ്ട് നാള്‍ ബാക്കി നില്‍ക്കെ പൊതുമാപ്പിന്റെ ആരവങ്ങള്‍ക്ക് തിരശ്ശീല വീണു. ഭൂമി പിന്നെയും സുന്ദരമായി കറങ്ങിക്കൊണ്ടേയിരുന്നു. വെയിലും നിലാവും വന്നു. പ്രവാസത്തിന്റെ പ്രവാഹം പിന്നെയും അപ്രതിഹതമായി തുടര്‍ന്നു. തടിയാലും മുതലാലും ആവതില്ലാതെ, അടുത്ത പൊതുമാപ്പ് വരുന്നതും കാത്ത് ഏതെങ്കിലും ഒളിത്താവളങ്ങളില്‍ കഴിഞ്ഞ് പണിയെടുക്കുന്നവര്‍ ഇനിയുമുണ്ടാകാം. അവരില്‍ ഇതു പോലൊരു മൊയ്തീനുമുണ്ടാകുമെന്നു നിശ്ചയമില്ല. മാസം ഒന്ന് കഴിഞ്ഞപ്പോഴാണ് മൊയ്തീന്‍ക്കയെ കുറിച്ച മറ്റൊരു അറിയിപ്പ് കിട്ടുന്നത്. ഇത്തവണ വിളിച്ചത് പൊതുമാപ്പ് കാലത്തെ സഹ പ്രവര്‍ത്തകന്‍. നമ്മുടെ മൊയ്തീന്‍ക്ക പോയി! ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍. ഉള്ളില്‍ സങ്കടക്കടല്‍ അലയടിച്ചെങ്കിലും മനസ്സ് മൗനമായി മന്ത്രിച്ചു. സങ്കടപ്പെടാനെന്തിരിക്കുന്നു? അതിരുകള്‍ കെട്ടി ആധാരമുണ്ടാക്കാത്ത, വിസയും പാസ്‌പോര്‍ട്ടും ആവശ്യമില്ലാത്ത പരദേശത്തേക്കാണ് മൊയ്തീന്‍ക്ക യാത്രയായത്. അല്ലെങ്കിലും അയാള്‍ക്ക് വലിയ മോഹങ്ങളൊന്നുമുണ്ടായിരുന്നില്ലല്ലോ. 'നാട്ടില്‍പോകണം. നീണ്ടു നിവര്‍ന്ന് കിടന്ന് മരിക്കണം' അത്ര തന്നെ. ഇതിലും വലിയ എന്തുണ്ട് ഒരു പരദേശിക്ക് മോഹിക്കാന്‍!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 108-111
എ.വൈ.ആര്‍