Prabodhanm Weekly

Pages

Search

2014 ജൂണ്‍ 27

വ്രതത്തിന്റെ സ്വാധീന തലങ്ങള്‍

ഫസ്‌ലുര്‍റഹ്മാന്‍ കൊടുവള്ളി /കവര്‍‌സ്റ്റോറി

         അതിവേഗതയാണ് പുതിയ കാലത്തിന്റെയും ലോകത്തിന്റെയും പ്രത്യേകത. ജീവിത നിലവാരവും സാങ്കേതികവിദ്യയും കുതിച്ചു മുന്നേറുന്നു. മനുഷ്യന്‍  ലോകത്തിന്റെ കുതിപ്പിനൊപ്പമെത്താനുള്ള ധൃതിപിടിച്ച  ഓട്ടത്തിലാണ്. സ്വാസ്ഥ്യം നഷ്ടപ്പെട്ട മനുഷ്യന്റെ ഈ വെപ്രാളപ്പാച്ചില്‍  കരിമ്പിന്‍ തോട്ടത്തില്‍ കയറിയ കാട്ടാനയുടേതിനു തുല്യമാണ്. അവ പലപ്പോഴും നിയതമായ നിയമാവലികളെ പൊളിച്ചിടുന്നു. മഹിത മൂല്യങ്ങളെ ചവിട്ടി മെതിച്ചു കടന്നുപോകുന്നു. അപരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് അവകാശ നിഷേധം ആഘോഷമാക്കുന്നു. ഈ ജീവിത മത്സരപ്പേമാരിയില്‍ അവന്റെ നിലപാട് വളരെ  ലളിതമാണ്. 'ജീവിച്ചു പോകണ്ടേ' എന്ന്! 

         ഇത് കാണുമ്പോള്‍ ഭൗതിക സുഖ സമൃദ്ധിയില്‍ ആറാടി ജീവിക്കണമെന്ന ഏകമുഖ അജണ്ടയേ മനുഷ്യനുള്ളൂവെന്ന് ആര്‍ക്കും തോന്നും. ആ ജീവിതം എങ്ങനെ എന്നതിന് 'എങ്ങനെയും' എന്നതാണ്  അവന്റെ പക്കലുള്ള ഒരേയൊരു ഉത്തരം. 'നാണം കെട്ടും പണം നേടിയാല്‍ നാണക്കേടാ പണം തീര്‍ത്തുകൊള്ളും' എന്ന് അവന്റെ ശരീരഭാഷ പറയാതെ പറയുന്നു. ദൈവ വിരുദ്ധത മാത്രമല്ല, പ്രകൃതി വിരുദ്ധതയും ജനവിരുദ്ധതയും എല്ലാം ഉള്‍ചേര്‍ന്ന മറുപടിയാണത്. മൂല്യ നിരപേക്ഷമായ ഈ മുരത്ത ഭൗതികപ്രമത്തത  ഭൂമിയില്‍ സര്‍വത്ര നാശം വിതച്ചതിന് ചരിത്രം സാക്ഷി. അതിന്റെ വര്‍ത്തമാന സാക്ഷ്യമാകട്ടെ കൂടുതല്‍ ദുരന്തപൂര്‍ണമായിക്കൊണ്ടിരിക്കുന്നു. ശരീര കേന്ദ്രീകൃത ജീവിത വീക്ഷണത്തിന്റെ സ്വാഭാവിക പരിണതി.  അങ്ങനെ   മനുഷ്യമനസ്സ് മരുഭൂസമാനമായി. തദ്ഫലമായി ഭൗതികാസക്തി പകര്‍ച്ചവ്യാധി പോലെ സമൂഹഗാത്രത്തെ കടന്നാക്രമിച്ചു. അതിന്റെ ദുഃസ്വാധീനം സമൂഹത്തിലങ്ങോളമിങ്ങോളം പരന്നൊഴുകി.

         ദുഷിച്ചു നാറിയ സംസ്‌കാരങ്ങളുടെ ദംശനങ്ങളില്‍ നിന്നും പെരുത്ത  ജീവിതാസക്തിയില്‍ നിന്നും വിശ്വാസിയുടെ മനസ്സും ജീവിതവും സുരക്ഷിതമാക്കാനുതകുന്ന വ്യവസ്ഥാപിത സംവിധാനം പ്രപഞ്ച നാഥന്‍ തന്നെ  ഒരുക്കി വെച്ചിട്ടുണ്ട്. അവയാണ് ആരാധനാനുഷ്ഠാനങ്ങള്‍. ശരീരത്തിനും മനസ്സിനും തുല്യ പങ്കാളിത്തമുള്ള നിര്‍ബന്ധാരാധനകളിലൂടെ വിശ്വാസി സമൂഹം തിന്മകളുടെ അധിനിവേശങ്ങളെ അതിജയിച്ചു  വിശുദ്ധിയുടെ ഔന്നത്യം പുല്‍കുന്നു.

         ഈ ആരാധനകളുടെ കൂട്ടത്തില്‍ രൂപഭാവങ്ങളിലും ത്യാഗോജ്ജ്വലതയിലും പ്രതിഫലാധിക്യത്തിലും ഒട്ടേറെ സവിശേഷതകള്‍ ഉള്‍വഹിക്കുന്നതാണ്,  റമദാന്‍ വ്രതം. തിന്മകള്‍ക്കും അപചയങ്ങള്‍ക്കുമെതിരില്‍  വിശ്വാസി എടുത്തണിയുന്ന വാളും പരിചയുമാണത്. ഒളിഞ്ഞതും തെളിഞ്ഞതുമായ ശത്രുവിനെതിരില്‍ വ്രതവീര്യത്തിന്റെ  പടച്ചട്ടയണിഞ്ഞു, പോരാട്ട വീഥിയില്‍ നിറസാന്നിധ്യമാണ്, റമദാനിലെ വിശ്വാസി. വ്രതം ഒരു ആഹ്വാനമാണ്; ജീവിതത്തിന്റെ അഴിച്ചുപണിക്കും തിരുത്തിനുമുള്ള ഉണര്‍ത്തുപാട്ട്.

         ഭൗതിക ജാഹിലിയ്യത്ത് വിശ്വാസി സമൂഹത്തില്‍ പോലും ഒരുതരം അടിമത്തവും ആരാധനയും വളര്‍ത്തുന്നതാണ് നിലവിലെ സാഹചര്യം. 'ആരെങ്കിലും ഐഹിക ജീവിതത്തെ അത്യധികമായി സ്‌നേഹിക്കുകയും അതില്‍ ആനന്ദം അനുഭവിക്കുകയുമാണെങ്കില്‍, പരലോക ഭയം അവന്റെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാകും' എന്നാണ്  പ്രവാചക മൊഴി. ലോകത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങി ദുന്‍യാവിനെ പൂജിക്കുന്നവര്‍ക്ക് പ്രവാചകന്‍ ശക്തമായ താക്കീത് നല്‍കി. 'വിറകു തീ തിന്നുന്നത് പോലെ നിങ്ങളുടെ ഈമാന്‍ തിന്നപ്പെടുന്ന ഒരു കാലഘട്ടം എനിക്ക് ശേഷം നിങ്ങള്‍ക്ക് വരിക തന്നെ ചെയ്യും.' ഈ പ്രവചനങ്ങളുടെ പുലര്‍ച്ചയെന്നോണം ഭൗതികപൂജ മുസ്‌ലിം ഉമ്മത്തിലും പിടിമുറുക്കി.  കുറ്റകൃത്യങ്ങളിലും അസാന്മാര്‍ഗികതകളിലും സമുദായ പ്രാതിനിധ്യം ഗണ്യമായി  പെരുകി.   അനന്തര  സ്വത്ത് തട്ടിയെടുക്കാന്‍ സ്വന്തം പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ ഒഴുക്കി മാന്യന്മാരായി  വിലസുന്ന മക്കള്‍. രണ്ടാമതൊരു വിവാഹം കഴിക്കാന്‍  കുരുന്നു മക്കളെയും ഭാര്യയെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി സ്വാഭാവിക അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ നോക്കുന്ന ചെറുപ്പക്കാരന്‍....  ഈ പട്ടിക നീണ്ടതാണ്. ഇങ്ങനെ പലതരം ഇരുട്ടുകളുടെ  മരുഭൂമിയില്‍  ഗതികിട്ടാ പ്രേതമായി  അലയുന്ന മനുഷ്യന് മുമ്പില്‍ മോചനത്തിന്റെ ഏക വഴിയേയുള്ളൂ. സ്വന്തത്തെയും ദൈവത്തെയും ജീവിത യാഥാര്‍ഥ്യങ്ങളെയും   തിരിച്ചറിയുന്ന ആത്മീയതയുടെ വഴി. പരലോകോന്മുഖ ജീവിതത്തിന്റെ അഥവാ സന്തുലിതമായ വിരക്തിയുടെ മാര്‍ഗേണ ഭക്തി നേടി ശക്തരാവുമ്പോഴേ മനുഷ്യന്‍ വിമോചിതനാവൂ. വ്രതം അതിലേക്കുള്ള രാജരഥ്യയാണ്.

വിരക്തി 

         ശരീരത്തിന്റെ അഥവാ ദുന്‍യാവിന്റെ തടവറ ഭേദിക്കാന്‍ മാത്രമുള്ള ആത്മീയ, ധാര്‍മിക കരുത്താര്‍ജിക്കുന്ന വിതാനത്തിലേക്ക് സ്വന്തം ഈമാനിനെ വളര്‍ത്തി ഉയര്‍ത്തിയെടുക്കുന്നതില്‍ മുസ്‌ലിം ഉമ്മത്തിലെ ബഹു ഭൂരിപക്ഷവും പരാജയമാണ്. അത്തരമൊരു ഉമ്മത്തിന് നോമ്പ് സാക്ഷാല്‍ പരീക്ഷണമാണ്. അവര്‍ക്ക് മുമ്പില്‍ നോമ്പ് ജയിച്ചടക്കേണ്ട മേഖലകളും വിപുലമാണ്. പദാര്‍ഥ ലോകത്തിനും അതിലെ വിഭവങ്ങള്‍ക്കും ഒരു സ്ഥാനമുണ്ട്. യഥാര്‍ഥവും ശാശ്വതവുമായ പാരത്രിക ലോകത്ത് വിജയം വരിക്കാന്‍ അവ മാധ്യമമായിത്തീരണം എന്നതാണ് ഇസ്‌ലാമിക വീക്ഷണം. 'ഇഹലോകം പരലോകത്തിന്റെ കൃഷിയിടമാണ്' എന്ന പ്രവാചക മൊഴിയുടെ പൊരുളും മറ്റൊന്നല്ല. ''അല്ലാഹു നിനക്കേകിയ വിഭവങ്ങള്‍ മുഖേന പാരത്രിക ജീവിതമോക്ഷം കൊതിക്കുക. എന്നാല്‍ ഇഹലോകത്തെ നിന്റെ ഓഹരി നീ വിസ്മരിക്കാതിരിക്കുക'' (അല്‍ഖസ്വസ്വ് 77).

         വിശ്വാസി ജീവിതത്തില്‍ പുലര്‍ത്തേണ്ട വിരക്തി (സുഹ്ദ്)യുടെ സവിശേഷ ദര്‍ശനം ഈ ദിവ്യ സൂക്തത്തിലുണ്ട്. വിരക്തിയുടെ ജീവിതമാര്‍ഗത്തെക്കുറിച്ച് ചിലര്‍ വെച്ച് പുലര്‍ത്തുന്ന അബദ്ധ ധാരണകള്‍ക്ക് കൃത്യമായ തിരുത്തും. 'അനുവദനീയതകളെ  ഉപേക്ഷിക്കലോ സമ്പത്ത് കൈവിട്ടുകളയലോ അല്ല യഥാര്‍ഥ  ഭൗതിക വിരക്തി.  നിന്റെ  കൈവശമുള്ളതിനേക്കാള്‍ അല്ലാഹുവിങ്കലുള്ളതിന് വില കല്‍പിക്കുന്ന മാനസിക ഔന്നത്യമാണത്' എന്നാണ് പ്രവാചക പാഠം. ഭൗതിക വിഭവങ്ങളോടുള്ള  ഒരാളുടെ വീക്ഷണത്തിലാണ് മാറ്റം വേണ്ടത്.  ഇമാം അഹ്മദിനോട് ഒരാള്‍  ചോദിച്ചു: ''കൈയില്‍ ആയിരം ദീനാറുള്ളവര്‍ ദുന്‍യാവിരക്തനാ(സാഹിദ്)വുമോ?''  അദ്ദേഹം പറഞ്ഞു: ''അതെ. ആ പണത്തില്‍ വല്ല കുറവും വന്നാല്‍ ദുഃഖിക്കുകയോ  വര്‍ധനവുണ്ടായാല്‍ സന്തോഷിക്കുകയോ ചെയ്യുന്നില്ലെങ്കില്‍.'' ദുന്‍യാവിനെ പാടെ പരിത്യജിക്കാനും  സുഖ സൗകര്യങ്ങളോട്  മുച്ചൂടും മുഖം തിരിക്കാനും ഇസ്‌ലാം അതിന്റെ അനുയായികളോട്  ആവശ്യപ്പെടുന്നില്ല. പ്രവാചകനും അനുചരന്മാരും സമ്പത്ത് അനുഭവിക്കുകയും കുടുംബം പുലര്‍ത്തുകയും ജീവിത സൗന്ദര്യം ആസ്വദിക്കുകയും ചെയ്തവര്‍ തന്നെയായിരുന്നു. പക്ഷേ ഭൗതിക ജീവിതത്തിലെ യാതൊന്നും അവരെ ദൈവവിസ്മൃതിയില്‍ അകപ്പെടുത്തിയില്ല. ഭൗതിക ജീവിതത്തെ അവര്‍ ഏകാവലംബമായി കണ്ടില്ല. സ്വന്തം മനസ്സിനെ വൈകാരികമായി ദുന്‍യാവിനോട് ബന്ധിച്ചില്ല. ഐഹിക ജീവിതത്തോടു അനര്‍ഹവും അമിതവുമായ തോതില്‍   അനുരാഗം തോന്നുന്നതിനെ അവര്‍ ജാഗ്രതയോടെ കണ്ടു. ജീവിതത്തില്‍ നിന്ന് ഒളിച്ചോടാതെയുള്ള വിരക്തിയുടെ  ജീവിതപാഠം അവര്‍ സമൂഹത്തിന് പകര്‍ന്നു നല്‍കി.

         ഈ ജീവിത പാഠം സ്വായത്തമാക്കുമ്പോഴേ പുതു കാലത്തെ നോമ്പിനു അര്‍ഥഭംഗി കൈവരൂ. അല്ലാത്ത പക്ഷം ആത്മാവില്ലാത്ത ആചാരമായി വ്രതം മാറും. ലോകവും അതിലെ മനുഷ്യരും അത്രമാത്രം  വശംകെട്ട് പോയിരിക്കുന്നു. ഇഹലോകത്തിന്റെ നശ്വരതയുടെ ഓര്‍മപ്പെടുത്തലും നിത്യ ശാശ്വത പരലോകം അനുഭവിപ്പിക്കലുമാണ് ആരാധനകളുടെ കാതല്‍. ഭൂമിയില്‍ നിന്ന് വിട പറയുന്നവന്റെ മനോഭാവത്തോടെ നമസ്‌കാരത്തില്‍ അണിനിരക്കാന്‍ ആഹ്വാനം ചെയ്യുക നിര്‍ബന്ധ നമസ്‌കാര വേളകളില്‍ പ്രവാചകന്റെ പതിവായിരുന്നു. വ്രതാനുഷ്ഠാനത്തിലെ ശാരീരിക ഭൗതിക സുഖവര്‍ജനം ശരീരവും പദാര്‍ഥലോകവും അപ്രസക്തമാവുന്ന ഒരു ലോകത്തെയും  അതിലെ ജീവിതാനുഭവത്തെയും  ഒരു വിശിഷ്ട ലക്ഷ്യത്തിനു വേണ്ടി ആത്മാവില്‍ ഏറ്റുവാങ്ങുന്ന വിശുദ്ധ പ്രക്രിയയാണ്. സാക്ഷാല്‍ ജീവിതമാകുന്ന പരലോകം തന്നെയാണ് സുപ്രധാനമെന്ന സത്യവാങ്മൂലമാണത്. നോമ്പുകാരന്റെ ചിന്തകള്‍, വരാനുള്ള തന്റെ  പരലോക ജീവിതത്തിലാണ് ഏറിയകൂറും ചുറ്റിത്തിരിയുന്നത്. പ്രാര്‍ഥനകള്‍ക്ക് വലിയ പ്രാധാന്യമുള്ള റമദാന്‍ രാപ്പകലുകളിലെ നോമ്പുകാരുടെ പ്രാര്‍ഥനകളില്‍ നിറഞ്ഞുകവിയുന്നത് പരലോക മോക്ഷത്തിനും നരക വിമോചനത്തിനുമുള്ള ഉള്ളുരുകിയ, കണ്ണീരണിഞ്ഞ തേട്ടങ്ങളാണ്. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകവിമുക്തിയുടെയും മൂന്നു പത്തുകളായി റമദാന്‍ ക്രമീകരിച്ചതിലും ഈ പരലോക പ്രാധാന്യം ദീക്ഷിച്ചത് ശ്രദ്ധേയമാണ്. 

         അപ്പോള്‍ ഐഹിക ജീവിതത്തോടുള്ള മാനസികാടിമത്തം നിലനിര്‍ത്തിക്കൊണ്ട്, നോമ്പിന്റെ  ലക്ഷ്യം നേടാന്‍ സാധ്യമല്ല. ഒരര്‍ഥത്തില്‍ ഈ മാനസിക അടിമത്തത്തിന്റെ കെട്ട് പൊട്ടിച്ചെറിയുമ്പോഴാണ് റമദാന്റെ ആത്മാവിനെ ഒരാള്‍ തൊട്ടറിയുന്നത്. സമ്പന്നനായ അബ്ദുര്‍റഹ്മാനു ഔഫ് (റ),  തനിക്കു നോമ്പുതുറക്കാന്‍ കൊണ്ട് വെച്ച ഭക്ഷണ സാധനങ്ങളുടെ മുമ്പാകെ ഇരുന്ന് പൊട്ടിക്കരയുന്ന ഒരു രംഗമുണ്ട് ചരിത്രത്തില്‍. ഈ അനുഗ്രഹ നിറവില്‍, അദ്ദേഹത്തിന്റെ നിനവിലേക്ക് പൊടുന്നനവേ മിസ്അബു ബ്‌നു ഉമൈറി(റ)ന്റെ  ത്യാഗോജ്ജല സ്മരണകള്‍ അലയടിച്ചു വന്നതാണ് ഇബ്‌നു ഔഫിനെ ഇത്രമേല്‍ വികാരാധീനനാക്കിയത്. സമ്പന്ന കുടുംബത്തില്‍ പിറന്നു ഇസ്‌ലാമിനു വേണ്ടി എല്ലാം വെടിഞ്ഞു, ഒടുവില്‍ ശഹീദാവുമ്പോള്‍ ശരീരം  മൂടാന്‍ തക്ക ഒരു കഫന്‍പുടവ പോലും ലഭിക്കാതെ ഈ ലോകം വിട്ടുപോയ  മിസ്അബിന്റെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി അദ്ദേഹം പറഞ്ഞു: ''ഇപ്പോള്‍ അല്ലാഹു നമുക്ക് ധാരാളം ഭൗതിക വിഭവങ്ങള്‍ നല്‍കി. കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം ദുന്‍യാവില്‍ വെച്ച് തന്നെ അവന്‍ മുഴുവനായി നല്‍കുകയാണോ?'' മുമ്പില്‍ കൊണ്ട് വെച്ച ഭക്ഷണം പോലും കഴിക്കാന്‍ അദ്ദേഹത്തിനു ആ മാനസികാവസ്ഥയില്‍ സാധിക്കുകയുണ്ടായില്ല. മഹാരഥന്മാര്‍ ദുന്‍യാവിനെ വിലയിരുത്തിയതും വീക്ഷിച്ചതും ഈ വിധമായിരുന്നു. വൃക്ഷങ്ങളെയും പറവകളെയും കാണുമ്പോള്‍ മഹാനായ രണ്ടാം ഖലീഫ അബൂബക്ര്‍ സിദ്ദീഖ്(റ), വിചാരണയോ രക്ഷാശിക്ഷകളോ ഇല്ലാത്ത അവറ്റകളുടെ സ്ഥിതി തന്റെതിനേക്കാള്‍ എത്ര ഭേദമാണെന്ന് പറയുമായിരുന്നു. പാരത്രിക ലോക ജീവിതത്തെ   ഭയപാരവശ്യത്തോടെ വീക്ഷിച്ച  മഹാരഥന്മാരുടെ ചിത്രമാണിത്. പരലോക സ്മരണയുടെ വര്‍ണത്തില്‍ സ്വന്തം ജീവിതത്തെ  മുക്കിയെടുക്കാന്‍ അവര്‍ക്ക് സാധ്യമായി. വ്രതാനുഷ്ഠാനം  ഉള്‍പ്പെടെയുള്ള ആരാധനാകര്‍മങ്ങള്‍ അതിനവരെ പ്രാപ്തരും യോഗ്യരുമാക്കി.

         ''എന്നാല്‍ നിങ്ങള്‍ ഈ ലോകജീവിതത്തിനാണ് പ്രാധാന്യം നല്‍കുന്നത്. പരലോകമാണ് ഏറ്റം ഉത്തമവും ശാശ്വതവും. സംശയം വേണ്ട, ഇത് പൂര്‍വ ഗ്രന്ഥങ്ങളിലുണ്ട്; ഇബ്‌റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്‍'' (അല്‍അഅ്‌ലാ 16-19). മനുഷ്യന്റെ ഐഹിക പ്രതിപത്തി  ഖുര്‍ആന്‍ പലവുരു വിശകലനം  ചെയ്തിട്ടുണ്ട്. പലപ്പോഴും  വിസ്മൃതിയും  പൈശാചിക പ്രലോഭനങ്ങളുമാണ്, പരലോകം അവഗണിക്കാന്‍ മനുഷ്യന് പ്രേരണയാവുന്നത്. അതിനാല്‍ ഖുര്‍ആന്‍, പരലോക സംബന്ധിയായ ഉണര്‍ത്തലുകള്‍ ആവര്‍ത്തിച്ചും അതിശക്തമായും നല്‍കിയതായി കാണാം. പാരത്രിക സ്മരണ  അകതാരില്‍ നിറയുമ്പോഴാണ് മനുഷ്യനില്‍ 'തഖ്‌വ' അഥവാ ഭയഭക്തി ഉടലെടുക്കുന്നത്. നിരോധിത  വഴികളില്‍ നിന്ന്  വിട്ടകലാനും  ദൈവ നിര്‍ദിഷ്ട മാര്‍ഗങ്ങളെ ആലിംഗനം ചെയ്യാനുമുള്ള വിശ്വാസിയുടെ ജാഗ്രത്തായ  പരിശ്രമങ്ങള്‍ക്ക് പറയുന്ന പേരാണ് 'തഖ്‌വ.' വിശ്വാസം (ഈമാന്‍) ആകുന്ന ദീനീ അടിത്തറ, ഭദ്രത നേടിയെടുക്കേണ്ടത് ഈ പരിശ്രമങ്ങള്‍ വഴിയാണ്. അതുവഴി ഇഹപര ലോകങ്ങളില്‍ എണ്ണമറ്റ സദ്ഫലങ്ങളാണ്  വിശ്വാസികളെ കാത്തിരിക്കുന്നത്.  വിശ്വാസിയുടെ ജീവിതത്തെ നയിക്കേണ്ട ആത്മബോധമായി തഖ്‌വ മാറുന്നതങ്ങനെയാണ്.  തഖ്‌വാ ബോധമാണ്   മനുഷ്യന്റെ സ്വഭാവചര്യകളെ സംസ്‌കരിക്കുന്നത്. 

         എന്താണ് ഐഹിക വിരക്തി (സുഹ്ദ്) എന്ന ചോദ്യത്തിന് ഇമാം മാലിക് (റ) ഒരിക്കല്‍ നല്‍കിയ മറുപടി 'തഖ്‌വ'  എന്നായിരുന്നു. അനുവദനീയവും ശുദ്ധവുമായ സമ്പാദ്യങ്ങളും അമിതമാകാത്ത ആഗ്രഹങ്ങളും സുഹ്ദിന് വിരുദ്ധമാവില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു ഐഹിക ലോകത്ത് ഔദാര്യവും അനുഗ്രഹവുമായി നല്‍കിയ ജീവിതോപാധികള്‍ അഹന്തയേതുമില്ലാതെ നന്ദിബോധത്തോടെ വിനിയോഗിക്കുന്നതിനെ തഖ്‌വയെന്ന് വിശേഷിപ്പിച്ചത് അര്‍ഥപൂര്‍ണമാണ്. ഐഹിക പ്രേമത്തെ  മനസ്സില്‍ നിന്ന് പടിയിറക്കി പരലോകബോധത്തെ  തദ്സ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോള്‍ വിശ്വാസി മുത്തഖിയാവുന്നു. സകാത്തിനെയും നമസ്‌കാരത്തെയും നോമ്പിനെയും  ഹജ്ജിനെയും ഈമാനെയും ഇഹ്‌സാനെയും മാത്രമല്ല ഖുര്‍ആന്‍ തഖ്‌വയോടു ചേര്‍ത്ത് പറഞ്ഞത്. കരാര്‍ പാലനം, പാപവര്‍ജനം, പ്രതിക്രിയ, ഗ്രന്ഥാവതരണം, ഇബാദത്ത്, ഉപദേശം ചെവിക്കൊള്ളല്‍ തുടങ്ങി അനവധി  കാര്യങ്ങളെ ഖുര്‍ആന്‍ തഖ്‌വയുമായി ബന്ധപ്പെടുത്തി കൈകാര്യം ചെയ്യുന്നത് കാണാം. ജീവിതത്തെ മൊത്തം ദിവ്യബോധനത്തിന്റെ വെള്ളിവെളിച്ചത്തില്‍ ക്രമീകരിക്കലാണ് തഖ്‌വയെന്ന് വ്യക്തം. ഇസ്‌ലാമിക ജീവിതത്തിന്റെ ശക്തിയും ചൈതന്യവും മഹനീയ മൂല്യവുമായി തഖ്‌വ വ്യവഹരിക്കപ്പെടുന്നത്, അതിന്റെ സംസ്‌കരണശേഷിയും സമഗ്രഭാവവും കണക്കിലെടുത്താണ്. റമദാന്‍ വ്രതത്തിന്റെ സമുന്നത ലക്ഷ്യമായി സ്രഷ്ടാവ് തഖ്‌വയെ അടിവരയിട്ട് അടയാളപ്പെടുത്തുമ്പോള്‍ ആരാധനയും ലക്ഷ്യവും ഒരുപോലെ മഹത്വമാര്‍ജിക്കുന്നതായി നമുക്ക് അനുഭവേവദ്യമാവും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 108-111
എ.വൈ.ആര്‍