സി.എന്‍ അഹ്മദ് മൗലവിയും വൈക്കം മുഹമ്മദ് ബഷീറും

അറബി അധ്യാപക പരിശീലനത്തിനുവേണ്ടി കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജില്‍ എത്തിയത് 1969 ജൂലൈയിലാണ്. എന്റെ വൈജ്ഞാനിക മേഖലയും ചിന്താമണ്ഡലവും ഏറെ വികസിക്കുകയും വലിയ അനുഭവസമ്പത്ത് കരഗതമാവുകയും ചെയ്ത കാലഘട്ടമായിരുന്നു അത്. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും സ്വതന്ത്ര ഇസ്‌ലാമിക ചിന്തകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമൊക്കെയായ സി.എന്‍ അഹ്മദ് മൗലവിയുമായി അടുത്തിടപഴകാന്‍ അവസരമുണ്ടായതാണ് അതിന്റെ പ്രധാന കാരണം.
കോഴിക്കോട് നടക്കാവിലായിരുന്നു ട്രെയിനിംഗ് സെന്റര്‍. ഫ്രാന്‍സിസ് റോഡിലെ ശൈഖിന്റെ പള്ളിക്കു സമീപം ലോഡ്ജില്‍ സുഹൃത്തുക്കളോടൊപ്പമായിരുന്നു എന്റെ താമസം. ഇടക്ക് വെള്ളിമാട്കുന്നില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന ഓഫീസില്‍ പോകാറുണ്ടായിരുന്നു. അന്ന് ജമാഅത്ത് അമീര്‍ കെ.സി അബ്ദുല്ല മൗലവിയാണ്. ഒരു ദിവസം അമീറിന്റെ നിര്‍ദേശപ്രകാരം ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ് എന്നോട് ഒരു ചോദ്യമുന്നയിച്ചു: 'സ്വഹീഹുല്‍ ബുഖാരി ക്ലാസ്സെടുക്കാന്‍ സാധിക്കുമോ?' ശാന്തപുരം കോളേജില്‍ നാലു വര്‍ഷം പഠിച്ചതിന്റെ ആത്മവിശ്വാസത്തില്‍ 'ശ്രമിക്കാം' എന്നു ഞാന്‍ പറഞ്ഞു. സി.എന്‍ അഹ്മദ് മൗലവിക്ക് സ്വഹീഹുല്‍ ബുഖാരി പരിഭാഷപ്പെടുത്താന്‍ ഒരാളെ ആവശ്യമുണ്ട്. അദ്ദേഹം കെ.സിയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് എന്നോട് അന്വേഷിച്ചത് എന്ന് പിന്നീടാണ് മനസ്സിലായത്. ഭാരിച്ച ഉത്തരവാദിത്തമായതുകൊണ്ട് ചെറിയ ആശങ്കയൊക്കെ മനസ്സിലുണ്ടായിരുന്നെങ്കിലും പഠനവും എഴുത്തും എനിക്ക് താല്‍പര്യമുള്ള മേഖലയായതിനാല്‍ ആ ദൗത്യം ഏറ്റെടുത്തു. സി.എന്‍ അഹ്മദ് മൗലവിയോടൊപ്പം ഒരു വര്‍ഷക്കാലം സ്വഹീഹുല്‍ ബുഖാരിയുടെ പരിഭാഷയില്‍ ഏര്‍പ്പെട്ടു.
കോഴിക്കോട് മിഠായിത്തെരുവിലെ കൗസര്‍ സ്റ്റോഴ്‌സിലാണ് സി.എന്നിനെ ആദ്യമായി കാണാന്‍ ചെന്നത്. ഹൃദ്യമായ സ്വീകരണമായിരുന്നു. ഞാന്‍ ചെയ്യേണ്ട ജോലിയെക്കുറിച്ച് വിവരിച്ചുതന്നു. സ്വഹീഹുല്‍ ബുഖാരിയുടെ പരിഭാഷ ഉടന്‍ പുറത്തിറങ്ങുന്നുവെന്ന് പരസ്യം കൊടുത്തു കഴിഞ്ഞിരുന്നു. പക്ഷേ, മൗലവിക്ക് ഒറ്റക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിയുകയില്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഒരാളെ അതില്‍ പങ്കാളിയാക്കാന്‍ തീരുമാനിച്ചതെന്ന് എന്നോട് പറഞ്ഞു.
ഒരു വര്‍ഷക്കാലമാണ് സ്വഹീഹുല്‍ ബുഖാരിയുടെ പരിഭാഷയില്‍ ഞാന്‍ പങ്കാളിയായത്. മൗലവിയുടെ വീട്ടില്‍ എന്നും രാവിലെ ഞങ്ങള്‍ ഒത്തുകൂടും. ബുഖാരിയിലെ പ്രസക്ത ഭാഗങ്ങള്‍ ഞാന്‍ വായിക്കും. മൗലവി ആശയങ്ങള്‍ പറയും. ഞങ്ങള്‍ തമ്മില്‍ പലപ്പോഴും ആശയപരമായി ഭിന്നാഭിപ്രായങ്ങളുണ്ടായി. മൗലവിയുടെ പ്രത്യേക വീക്ഷണങ്ങളോട് ജമാഅത്ത് പ്രവര്‍ത്തകനായ എനിക്ക് വിയോജിപ്പുണ്ടാവുക സ്വാഭാവികം. 'എന്റെ പേരിലാണ് പരിഭാഷ പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ട് എന്റെ അഭിപ്രായം എഴുതിയാല്‍ മതി' എന്നായിരുന്നു മൗലവിയുടെ നിലപാട്. അതോടെ തര്‍ക്കങ്ങള്‍ തീരും. സ്വഹീഹായ ഹദീസുകളെക്കുറിച്ചും നിവേദകരെക്കുറിച്ചുമൊക്കെ മൗലവിക്കുള്ള സവിശേഷ കാഴ്ചപ്പാട് പരിഭാഷയില്‍ പ്രതിഫലിച്ചിട്ടുണ്ട്. മാത്രമല്ല, സ്വഹീഹുല്‍ ബുഖാരിയുടെ പരിഭാഷയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളും ചിലപ്പോള്‍ ഏറെ ദൈര്‍ഘ്യമുള്ള തര്‍ക്കങ്ങളും സി.എന്‍ അഹ്മദ് മൗലവിയുടെ പാണ്ഡിത്യ ഗരിമയെ ബോധ്യപ്പെടുത്തുന്നതായിരുന്നു. ആധികാരികമായ അറിവും കൃത്യമായ ധാരണകളും മൗലവിയുടെ പ്രത്യേകതയായിരുന്നു. അതിനാവശ്യമായ പരന്ന വായനയും അന്വേഷണ വാഞ്ഛയും അദ്ദേഹത്തിനുണ്ടായിരുന്നു. ജ്ഞാനാന്വേഷണം ഒരു തപസ്യയാക്കി കൊണ്ടുനടന്ന വ്യക്തിത്വം. ഇന്ത്യയിലെ പ്രമുഖ ലൈബ്രറികള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. ആഴ്ചകള്‍ അവിടെ ചെലവഴിച്ച്, വായിച്ചും കുറിപ്പെടുത്തും അദ്ദേഹം തന്റെ വൈജ്ഞാനിക മേഖല സമ്പന്നമാക്കും.
ഉദാരമനസ്‌കനും വിനയാന്വിതനുമായ പ്രതിഭയും പണ്ഡിതനുമായിരുന്നു സി.എന്‍ അഹ്മദ് മൗലവി എന്ന് എനിക്ക് അനുഭവിച്ചറിയാന്‍ കഴിഞ്ഞു. ഒരു വര്‍ഷം വൈജ്ഞാനിക ചര്‍ച്ചകളില്‍ ഒരുമിച്ചു കഴിഞ്ഞ എനിക്ക് അദ്ദേഹത്തിന്റെ വ്യക്തി-കുടുംബ ജീവിതം അടുത്തറിയാനായി. പരിഭാഷയില്‍ വ്യാപൃതനായതോടെ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് താമസം മാറ്റി. കോഴിക്കോട് ഇടിയങ്ങര ശൈഖിന്റെ പള്ളിക്ക് സമീപം ഒരു വാടക വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ആദ്യ ഭാര്യയിലുള്ള മകനും രണ്ടാം ഭാര്യയിലുള്ള മകള്‍ റഹ്മത്തുമാണ് കൂടെയുണ്ടായിരുന്നത്. ഫറൂഖ് കോളേജില്‍ പ്രഫസറായിരുന്ന, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകന്‍ പ്രഫ. സുബൈറാണ് റഹ്മത്തിനെ വിവാഹം കഴിച്ചത്.
കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയിലെ ഒറ്റയാനായിരുന്നു സി.എന്‍. ഖുര്‍ആന്‍ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര ചിന്തയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഖുര്‍ആന്‍ അദ്ദേഹം ആഴത്തില്‍ പഠിച്ചു. സ്വതന്ത്രമായി വ്യാഖ്യാനിച്ചു. ആ വ്യാഖ്യാനങ്ങളില്‍ ചിലത് മുസ്‌ലിം സമുദായത്തില്‍ ചര്‍ച്ചയാവുക മാത്രമല്ല, വിവാദമാവുകയും ചെയ്തു. പല കോണുകളില്‍ നിന്ന് അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ഉല്‍പതിഷ്ണു പണ്ഡിതരുള്‍പ്പെടെ ചേര്‍ന്ന് അദ്ദേഹത്തെ എതിര്‍ത്തു. സി.എന്നിനെ വിമര്‍ശിച്ച് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. അതിന് മറുപടിയായി സി.എന്‍ എഴുതിയ ചെറു ഗ്രന്ഥമാണ് 'മരണഗോഷ്ഠികള്‍'. വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തിയില്ല. ഹദീസുകള്‍ ഖുര്‍ആന്‍ മുന്നില്‍ വെച്ച് വ്യാഖ്യാനിക്കണം എന്ന നിലപാട് സി.എന്‍ ശക്തിയായി മുന്നോട്ടുവെച്ചു. ഹദീസുകളെ ഖുര്‍ആനികാശയങ്ങളുടെ അടിത്തറയില്‍ അദ്ദേഹം നിരൂപണം ചെയ്തു. ഹദീസുകള്‍ക്ക് ഖുര്‍ആനെക്കാള്‍ പ്രാധാന്യം നല്‍കുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തു. സ്വഹീഹുല്‍ ബുഖാരി തെറ്റുപറ്റാത്ത ഹദീസ് സമാഹാരമല്ല എന്ന് അദ്ദേഹം പറയുകയുണ്ടായി. 'ജിബ്‌രീലിന്റെ കണ്ണ് അടിച്ചുപൊട്ടിച്ച' ഹദീസ് അദ്ദേഹം ഉദാഹരിക്കുമായിരുന്നു.
ഖുര്‍ആനെ അടിസ്ഥാനമാക്കിയുള്ളതുകൊണ്ടാകണം അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് മൗലികതയുണ്ടായിരുന്നു. ഖുര്‍ആനില്‍ ഊന്നി ചിന്തിക്കുന്നവരില്‍ പലര്‍ക്കും ഇത്തരത്തില്‍ ചിന്തയുടെ മൗലികതയുണ്ടെന്നാണ് തോന്നുന്നത്. ശാന്തപുരത്തെ മര്‍ഹൂം കെ.ടി അബ്ദുര്‍റഹീം സാഹിബ് ഉദാഹരണം. നല്ല ഓര്‍മശക്തിയുടെ ഉടമയായിരുന്ന സി.എന്നിന്റെ ഖുര്‍ആന്‍ പാണ്ഡിത്യം അപാരമായിരുന്നു. ഒരിക്കല്‍ സി.എന്‍ ഉമറാബാദ് ദാറുല്‍ ഉലൂം സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാണ്ഡിത്യത്തെക്കുറിച്ച് കേട്ട അവിടത്തെ അധ്യാപകര്‍ അദ്ദേഹത്തെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഒരു ആയത്തിന്റെ തുടക്കം കൊടുത്ത് സി.എന്നിനോട് ബാക്കി ഓതാന്‍ പറയും, സി.എന്‍ ഓതും. ഏതു സൂറത്തിലാണ് ആയത്തെന്ന് ചോദിക്കും, അദ്ദേഹം സൂറത്തിന്റെ പേര് പറയും. അതിന്റെ അവതരണ പശ്ചാത്തലം അന്വേഷിക്കും, സി.എന്‍ അതും വിശദീകരിക്കും. അവര്‍ എങ്ങനെ ശ്രമിച്ചിട്ടും അദ്ദേഹത്തെ തോല്‍പിക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍, സി.എന്‍ 'അഹ്‌ലുല്‍ ഖുര്‍ആന്‍' വാദിയോ ഹദീസ് നിഷേധിയോ ആയിരുന്നില്ല. ഹദീസിന്റെ പ്രാമാണികത അദ്ദേഹം അംഗീകരിച്ചിരുന്നു. ഖുര്‍ആന്ന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ സമീപനം ഒരു ഭാഗത്ത് ചില വിവാദങ്ങള്‍ക്ക് നിമിത്തമായെങ്കിലും മറുഭാഗത്ത്, ഖുര്‍ആന്‍ കൂടുതല്‍ ചര്‍ച്ചയാകാന്‍ അത് സഹായകമായി. ഖുര്‍ആനുമായുള്ള മുസ്‌ലിം സമൂഹത്തിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഖുര്‍ആന്‍ ഗൗരവത്തില്‍ പഠിക്കുന്നതിലും സി.എന്‍ ഗുണപരമായ സ്വാധീനം ചെലുത്തിയത് കാണാതിരിക്കാനാകില്ല. മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യത്തെ സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷ സി.എന്നിന്റേതായിരുന്നുവെന്നും ഓര്‍ക്കണം. പെരുമ്പാവൂരിലെ മജീദ് മരിക്കാരുടെ 'ഭാരതചന്ദ്രിക' പ്രസ്സില്‍ നിന്നായിരുന്നു ആദ്യം പരിഭാഷ അച്ചടിച്ചത്. തുടക്കത്തില്‍ സി.എന്‍ വളരെ പ്രയാസപ്പെട്ടുകൊണ്ടാണ് ഖുര്‍ആന്‍ പരിഭാഷ പുറത്തിറക്കിയത്. അച്ചടി, പ്രൂഫ് റീഡിംഗ് തുടങ്ങിയവ വരെ അദ്ദേഹം നേരിട്ട് ശ്രദ്ധിക്കേണ്ടിവന്നു. സാമ്പത്തികമായും പ്രയാസങ്ങളുണ്ടായി. പിന്നീട് കേരള ഗവണ്‍മെന്റിന്റെ സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടുകയും ചെയ്തു. മജീദ് മരിക്കാരുമായി ചേര്‍ന്ന് അന്‍സാരി മാസികയും സി.എന്‍ പുറത്തിറക്കിയിരുന്നു. ഇസ്‌ലാം സമഗ്ര പഠനം ഉള്‍പ്പെടെയുള്ള നിരവധി പുസ്തകങ്ങള്‍ സി.എന്‍ എഴുതുകയുണ്ടായി. ലളിത ഭാഷയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഏതൊരാള്‍ക്കും വായിച്ചു മനസ്സിലാക്കാന്‍ പ്രയാസപ്പെടേണ്ടതില്ല. അതേസമയം ഉയര്‍ന്നു ചിന്തിക്കുന്നവര്‍ക്ക് വ്യതിരിക്തമായ ചിന്തകളും ഉന്നതമായ കാഴ്ചപ്പാടുകളും അവയില്‍ നിന്ന് ലഭിക്കുകയും ചെയ്യും. എന്നാല്‍ അദ്ദേഹത്തിന്റെ പ്രഭാഷണം വളരെ പതിഞ്ഞ ശബ്ദത്തിലായിരുന്നു. വികാരഭരിതനാകാത്ത മിതഭാഷി. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ച ശേഷം പ്രസംഗം കേട്ടാല്‍, ഇദ്ദേഹം തന്നെയാണോ അവ എഴുതിയത് എന്ന് തോന്നിപ്പോകും. വിഷയങ്ങള്‍ ഭംഗിയായി പറയുമെങ്കിലും അതൊരിക്കലും പ്രസംഗമാണെന്ന് തോന്നുകയേ ഇല്ല.
ബുഖാരി പരിഭാഷയില്‍ വ്യാപൃതനായിരുന്ന കാലത്താണ് ഞാന്‍ വൈക്കം മുഹമ്മദ് ബഷീറിനെ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നത്. ബഷീര്‍ ഓര്‍മയുടെ അറകള്‍ എഴുതി പൂര്‍ത്തിയാക്കുന്ന കാലമായിരുന്നു അത്. പുസ്തകത്തിലെ ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ച പരാമര്‍ശങ്ങളില്‍ തെറ്റുപറ്റരുതെന്ന് ബഷീറിന് നിര്‍ബന്ധമുണ്ടായിരുന്നു. അത് വായിച്ച് ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം സി.എന്നിനെ കണ്ടിരുന്നത്. അവര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ രസകരവും വിജ്ഞാനപ്രദവുമായിരുന്നു. വളരെ സൂക്ഷ്മതയോടെയാണ് ബഷീര്‍ ഓര്‍മയുടെ അറകള്‍ എഴുതിയിരുന്നത്. ഇസ്‌ലാമിനും ഖുര്‍ആനിനും എതിരായ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ വരരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ബഷീര്‍ ഇസ്‌ലാമിനെ അതിയായി സ്‌നേഹിച്ചിരുന്നു. ബഷീറിന്റെ രചനകളുടെ അകത്ത് നിറഞ്ഞുനില്‍ക്കുന്നത് തൗഹീദും ഇസ്‌ലാമുമാണ്. പ്രത്യക്ഷത്തില്‍ സാധാരണ വായനക്കാര്‍ക്ക് അത് മനസ്സിലായിക്കൊള്ളണമെന്നില്ല. നേരിട്ട് (ഡയറക്ട് മെത്തേഡ്) അല്ല, പരോക്ഷമായാണ് അദ്ദേഹം ഇസ്‌ലാമിനെ തന്റെ രചനകളില്‍ സന്നിവേശിപ്പിച്ചിട്ടുള്ളത്. എന്നാല്‍ പരമ്പരാഗത യാഥാസ്ഥിതിക ചിന്താഗതികള്‍ക്ക് സി.എന്നിനെ പോലെ ബഷീറും ശക്തമായി എതിരായിരുന്നു. പുരോഗമന ചിന്താഗതിക്കാരായ, പൗരോഹിത്യത്തിന്റെ ശത്രുക്കളായ, എന്നാല്‍ ഇസ്‌ലാമിനോടും സമുദായത്തോടും അങ്ങേയറ്റം സ്‌നേഹമുള്ള രണ്ടു പ്രതിഭകളുടെ ചര്‍ച്ചകള്‍ നേരിട്ട് കേള്‍ക്കാനും അവരോടൊപ്പമിരിക്കാനും അവസരം ലഭിച്ചുവെന്നത് വൈജ്ഞാനിക ജീവിതത്തിലെ അമൂല്യ അനുഭവമാണ്.
സ്‌നേഹവാത്സല്യ നിര്‍ഭരമായിരുന്നു മൗലവിയുടെ പെരുമാറ്റം. പരിഭാഷാ ജോലികള്‍ക്കു വേണ്ടി മൗലവിയുടെ വീട്ടിലേക്ക് താമസം മാറ്റിയതോടെ അവരുടെ കുടുംബാംഗമായി ഞാന്‍ മാറി. വല്ലാത്ത ഒരു അടുപ്പം അവരുമായി എനിക്കുണ്ടായിരുന്നു. ഒരു വാടകവീട്, ഒരു മുറിയും അടുക്കളയും പരിമിതമായ സൗകര്യവും. അവിടെയാണ് ഒരു വലിയ പണ്ഡിതന്‍ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയത്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം ഒരു വീട് സ്വന്തമാക്കുന്നത്. അതീവ ലളിതവും വിനയം നിറഞ്ഞതുമായിരുന്നു മൗലവിയുടെ വ്യക്തിത്വവും ജീവിതവും. ഞാന്‍ ആദ്യം കാണാന്‍ ചെന്നപ്പോള്‍ എഴുന്നേറ്റ് നിന്നാണ് എന്നെ സ്വീകരിച്ചത്. ഞാന്‍ ഇരുന്ന ശേഷമേ അദ്ദേഹം ഇരുന്നുള്ളൂ. അത്രക്കുണ്ടായിരുന്നു ആ വിനയം. മൗലവിയുടെ ഉടുപ്പും ഇരിപ്പും നടപ്പുമൊക്കെ അങ്ങനെയായിരുന്നു. ഒരു പണ്ഡിതന്‍ എത്രത്തോളം വിനയാന്വിതനും വിജ്ഞാനദാഹിയും ലാളിത്യത്തിന്റെ ഉടമയുമാകണം എന്ന് ജീവിതത്തിലൂടെ തെളിയിച്ച മഹാനായിരുന്നു സി.എന്‍ അഹ്മദ് മൗലവിയെന്ന് തീര്‍ച്ചയായും പറയാം. അദ്ദേഹവുമൊത്തു കഴിഞ്ഞ ഒരു വര്‍ഷം എന്റെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.
(തുടരും)
തയാറാക്കിയത്:സദ്‌റുദ്ദീന്‍ വാഴക്കാട് [email protected]
Comments