Prabodhanm Weekly

Pages

Search

2014 ജൂണ്‍ 27

നന്മയുടെ പ്രവാഹമായൊരു റമദാന്‍ കൂടി

ടി. ആരിഫലി അമീര്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള ഹല്‍ഖ /മുഖവാക്ക്

പ്രിയ സഹോദരരേ!

         ഒരിക്കല്‍കൂടി റമദാന്‍ ആഗതമാവുകയാണ്. പരന്നൊഴുകുന്ന നന്മയുടെ പ്രവാഹവുമായിട്ടാണ് റമദാന്‍ നമ്മിലേക്കെത്തുന്നത്. അകവും പുറവും വൃത്തിയാക്കി ആ പ്രഭാവലയത്തില്‍ ഉള്‍ച്ചേരാന്‍ നമ്മള്‍ സന്നദ്ധരാകണം. അനുഷ്ഠാനങ്ങളിലൂടെ, ദാനധര്‍മങ്ങളിലൂടെ, ദിക്‌റിലൂടെ, ഖുര്‍ആന്‍ പാരായണത്തിലൂടെ വിശുദ്ധിയുടെ ആഴങ്ങളിലേക്ക് എത്തിച്ചേരാന്‍ ഈ റമദാന്‍ ഒരു നിമിത്തമായി നമ്മള്‍ ഏറ്റെടുക്കണം. വിശ്വാസികളെ സംബന്ധിച്ച് ഓരോ നോമ്പും പുതിയ പാഠങ്ങളാണ് പകര്‍ന്നുനല്‍കുന്നത്. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് ഒരു പ്രത്യേക സാഹചര്യത്തിലാണ് ഈ നോമ്പിനെ സ്വീകരിക്കേണ്ടിവരുന്നത്. ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങള്‍ക്ക് ആഴത്തില്‍ പരിക്കേല്‍പിച്ചുകൊണ്ട് ഫാഷിസ്റ്റ് സ്വഭാവമുള്ള കക്ഷികള്‍ അധികാരത്തിലേറിയിരിക്കുകയാണ്. യു.പി.എ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും കോര്‍പറേറ്റ് ഉദാര സാമ്പത്തിക, വികസന നയങ്ങളുമാണ് എന്‍.ഡി.എയെ അധികാരത്തിലേറ്റിയത്. ബി.ജെ.പിക്ക് 31 ശതമാനം വോട്ട് മാത്രമാണ് നേടാനായത് (17.62 കോടി വോട്ട്). ഇന്ത്യയിലെ അറുപത് ശതമാനത്തിലധികം ജനങ്ങള്‍ വര്‍ഗീയ ഫാഷിസ്റ്റ് സ്വഭാവത്തെ എതിര്‍ക്കുന്നവരാണ്. ഇന്ത്യയുടെ ബഹുസ്വര സ്വഭാവത്തെ ആഗ്രഹിക്കുകയും ഏകാധിപത്യ പ്രവണതകളെ വെറുക്കുകയും ചെയ്യുന്ന ഭൂരിഭാഗം വരുന്ന ജനങ്ങളുടെ മേല്‍ സാങ്കേതികമായ വിജയമാണ് നിലവിലെ ഭരണകൂടം നേടിയിട്ടുള്ളത്. 

         എന്നാല്‍, ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ വലിയ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. അവരുടെ മതപഠന സംവിധാനങ്ങളും വിശ്വാസാചാരവും പ്രബോധനവുമെല്ലാം സംശയത്തിന്റെ നിഴലിലാവും. പൊതുവിദ്യാഭ്യാസ സംവിധാനം ഏകദൈവത്വത്തെ പ്രത്യക്ഷമായി നിരാകരിക്കുന്ന രീതിയില്‍ തയാറാക്കപ്പെടും. നിലവില്‍ അവര്‍ അഭിമുഖീകരിക്കുന്ന കൊടിയ ദാരിദ്ര്യത്തിന്റെ കൂടെ അഗാധമായ ഭീതിയും നേരിടേണ്ടിവരും. നമ്മുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം വിഘാതങ്ങള്‍ സൃഷ്ടിക്കും.  അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മുസ്‌ലിം സമുദായത്തിന്റെ ഐക്യം ഈ സന്ദര്‍ഭത്തില്‍ വളരെ അനിവാര്യമാണ്. വിയോജിപ്പിന്റെ തലങ്ങളില്‍നിന്ന് പരമാവധി യോജിപ്പിന്റെ ഇടങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. റമദാനിലെ ഇഫ്ത്വാറുകളില്‍ ദീനീപഠന സംവിധാനങ്ങളില്‍ ഇത്തരത്തിലുള്ള സഹകരണങ്ങളെയും കൂട്ടായ്മകളെയും ധാരാളമായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. വിവിധ മതവിശ്വാസികളുമായിട്ടുള്ള സൗഹൃദങ്ങള്‍ ദൃഢപ്പെടുത്താനും അതീവ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്.

         റമദാനില്‍ ദീനിയായ ഒരന്തരീക്ഷം നമ്മുടെ വീടകങ്ങളില്‍ ശക്തിപ്പെടുത്തണം. ഇസ്‌ലാമിന്റെ അധ്യാപനങ്ങളും സംസ്‌കാരങ്ങളും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ടി നമ്മുടെ തലമുറ ശരിയാവണ്ണം ഇസ്‌ലാമിനെ മനസ്സിലാക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ടതുണ്ട്. വ്യവസ്ഥാപിതമായ മതപഠന സംവിധാനങ്ങള്‍ക്ക് പരിമിതികളും തടസ്സങ്ങളും സൃഷ്ടിക്കപ്പെട്ടേക്കാവുന്ന സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ തെളിമയുള്ള സംസ്‌കാരം തലമുറകളിലൂടെ കൈമാറ്റം ചെയ്യണം. ഓരോ മഹല്ലിലും ഇസ്‌ലാമിക സമൂഹത്തിന്റെ ദീനിയായ ജീവിതത്തിന് പ്രത്യേകമായ പരിഗണന നല്‍കേണ്ടതുണ്ട്. ധാര്‍മികവും ആത്മീയവുമായ ഉയര്‍ച്ചക്ക് ഇസ്‌ലാമിക സമൂഹത്തെ സജ്ജരാക്കാനുള്ള പാക്കേജുകളാണ് മഹല്ലുകള്‍ തയാറാക്കേണ്ടത്.

         റമദാന്‍ ഇത്രയധികം പവിത്രമായത് അത് ഖുര്‍ആന്റെ മാസമായതുകൊണ്ടാണ്. ഖുര്‍ആനുമായുള്ള ആത്മബന്ധമാണ് നമ്മുടെ റമദാനിനെ ധന്യമാക്കേണ്ടത്. രാവും പകലും ഖുര്‍ആന്റെ വരികളിലൂടെയുള്ള സഞ്ചാരമാണ് ഇരുലോകത്തും നമുക്കേറ്റവും ഗുണകരമായത്. ഖുര്‍ആന്‍ വായിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അവസരങ്ങള്‍ ധാരാളമുണ്ടാകണം. ഖുര്‍ആന്‍ നമ്മുടെ ഹൃദയത്തെയും കണ്ണുകളെയും നനയിപ്പിക്കുമ്പോഴാണ് വ്രതത്തിന് ഇരട്ടി മധുരമുണ്ടാകുന്നത്. നമ്മുടെ മനസ്സില്‍ സഹജീവികളോടുള്ള കനിവും തിന്മയോടുള്ള കനലും ജ്വലിപ്പിച്ച് നിര്‍ത്താന്‍ ഖുര്‍ആന് സാധിക്കും. അങ്ങനെയാണ് ഖുര്‍ആന്റെ മാസത്തോട് നാം കൂറ് പുലര്‍ത്തേണ്ടത്.

         ലോകത്തെമ്പാടുമുള്ള പീഡിതരും മര്‍ദിതരുമായ നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി ഉള്ളുരുകി പ്രാര്‍ഥിക്കാന്‍ പാതിരാവുകളെ നാം നീക്കിവെക്കണം. അല്ലാഹുവിനോട് പശ്ചാത്തപിച്ച് പുതിയൊരു കാലത്തെ അഭിമുഖീകരിക്കാന്‍ ഇഛാശക്തിയുള്ള വിശ്വാസത്തെ നേടിയെടുക്കുക. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 108-111
എ.വൈ.ആര്‍