Prabodhanm Weekly

Pages

Search

2014 ജൂണ്‍ 27

യമന്‍ റമദാന്‍

കെ.വി ഹഫീസുല്ല /കവര്‍‌സ്റ്റോറി

         റേബ്യന്‍ പെനിന്‍സുലയിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാഷ്ട്രങ്ങളിലൊന്നാണ് യമന്‍. അറബ് ലോകത്തെ 'ദരിദ്ര' രാഷ്ട്രമായിട്ടാണ് യമനിനെ ലോകം എണ്ണിയിരിക്കുന്നത്. അറബ് ലോകത്തെ ഒരേയൊരു 'റിപ്പബ്ലിക്കന്‍' രാഷ്ട്രവും യമന്‍ തന്നെ. ഇന്ത്യയെപ്പോലെ യമനും ബ്രിട്ടീഷ് അധീനതയിലായിരുന്നു. തെക്കെ യമനും വടക്കെ യമനും നേരത്തെ രണ്ടു രാജ്യങ്ങളായിരുന്നു. ഏദന്‍ കേന്ദ്രമായ തെക്കെ യമന്‍ (സൗത്ത് യമന്‍) ബ്രിട്ടീഷുകാരുടെ അധീനതയില്‍. വടക്കേ യമന്‍ ഭരിച്ചിരുന്നത് ഇമാമുമാരും. 1967-ല്‍ ബ്രിട്ടീഷുകാര്‍ സ്ഥലം വിട്ടെങ്കിലും രണ്ടു യമനും കൂടി ഒരുമിക്കാന്‍ 1992 വരെ കാത്തിരിക്കേണ്ടിവന്നു. ഈയിടെ സ്ഥാനഭ്രഷ്ടനായ അലി സ്വാലിഹാണ് യമനിനെ  ഒന്നിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

         അറേബ്യന്‍ ചരിത്രത്തോളം പഴക്കമുള്ളതാണ് യമനിന്റെ ചരിത്രവും. ഒരുപാട് ഗോത്രങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് യമന്‍. യമന്‍ ജനതയുടെ പകുതിയിലധികവും സുന്നികളും ബാക്കി വരുന്നവര്‍ ശീഈ, സൈദി, ഹൂത്തി വിഭാഗത്തില്‍ പെടുന്നവരുമാണ്. മറ്റു സ്ഥലങ്ങളില്‍ കണ്ടുവരുന്ന ശീഈ-സുന്നി പ്രശ്‌നങ്ങള്‍ യമനില്‍ താരതമ്യേന കുറവാണ്. തലസ്ഥാന നഗരമായ സന്‍ആയില്‍ ഇവര്‍ ഒന്നിച്ചു ഒരേ പള്ളികളില്‍ തന്നെ നമ്‌സകരിക്കുകയും കല്യാണമടക്കമുള്ള ആഘോഷങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് പങ്കെടുക്കുകയും ചെയ്യുന്നു.

         നമ്മുടെ നാട്ടിലേക്ക് ഇസ്‌ലാം കടന്നുവന്നത് യമന്‍ വഴിയാണ് എന്നാണ് ചരിത്രം. യമനികളുടെ ജീവിത രീതിയും കേരള മുസ്‌ലിംകളുടെ  ജീവിത രീതിയും തമ്മില്‍ ഒരുപാട് സാമ്യതകള്‍ കാണാം. അവര്‍ ഉടുക്കുന്ന മുണ്ട് മുതല്‍ അരയില്‍ തിരുകുന്ന ജംബിയ (ഒരു തരം കത്തി) വരെ; നേരത്തെ 'മലപ്പുറം കത്തി' എന്ന് നാട്ടില്‍ പറഞ്ഞു കേട്ടിരുന്നില്ലേ, അതുപോലെ ഒരെണ്ണം. നമ്മുടെ കാരണവന്മാര്‍ ഉപയോഗിച്ചിരുന്ന അരപ്പട്ട, അവരുടെ ഭക്ഷണ രീതികള്‍, രൂപ സാദൃശ്യം പോലും നമ്മോട് അത്രയധികം സാമ്യമുള്ളതാണ്. മറ്റു അറബ്‌നാടുകളില്‍ നിന്ന് വ്യത്യസ്തമായി ഇവര്‍ കൂടുതല്‍ ആതിഥേയ മര്യാദ കാണിക്കുന്നവരും വളരെ സൗഹൃദത്തോടെ നമ്മോട് സംസാരിക്കുന്നവരുമാണ്. തലസ്ഥാനമായ സന്‍ആ ഒരു സമാധാന നഗരിയാണ്. ഒരു പെണ്‍കുട്ടിക്ക് പോലും ഏതു പാതിരാത്രിയിലും പേടി കൂടാതെ റോഡിലൂടെ സഞ്ചരിക്കുന്നതിനു യാതൊരു പ്രയാസവുമില്ല.

         മറ്റു മുസ്‌ലിം നാടുകള്‍ പോലെ തന്നെ യമനിലും റമദാനിനെ വരവേല്‍ക്കാന്‍ പ്രത്യേക തയാറെടുപ്പുകള്‍ നടത്താറുണ്ട്. ശഅ്ബാന്‍ മാസം സമാഗതമായാല്‍, തങ്ങളുടെ ജീവിത രീതിയില്‍ മാറ്റം വരുത്തുന്നതില്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. റമദാന് വേണ്ട  ഭക്ഷണ സാധനങ്ങള്‍ ഇവര്‍ കൂടിയ അളവില്‍ സ്വരൂപിക്കും. എരിവ് കുറഞ്ഞ, മധുരം കൂടുതലുള്ള ഭക്ഷണങ്ങളാണ് കൂടുതലായും യമനികള്‍ ഇഷ്ടപ്പെടുന്നത്. ശഅ്ബാന്‍ മാസത്തിലെ അവസാന ദിവസം ഇവിടെ അറിയപ്പെടുന്നത് 'ആത്മാവ് ആഗ്രഹിക്കുന്ന ദിവസം' എന്നാണ്. ഇതില്‍ നിന്നു തന്നെ മനസ്സിലാവും അവര്‍ എത്രമാത്രം റമദാനിനെ പ്രതീക്ഷിക്കുന്നു എന്ന്. റമദാന് മുന്നോടിയായി വീടുകളും പള്ളികളും അലങ്കരിക്കും. അധിക കമ്പനികളും റമദാനില്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക്  ഒരുമാസ ശമ്പളം ബോണസായി നല്‍കുന്നു. റമദാനു വേണ്ട അരിയും പഞ്ചസാരയും ഈത്തപ്പഴവും അടക്കമുള്ള വലിയ കിറ്റ് തൊഴിലാളികള്‍ക്ക് നല്‍കുന്ന കമ്പനികളും കുറവല്ല. യമനികളുടെ ഉദാരതയാണ് ഇത് സൂചിപ്പിക്കുന്നത്.

         യമനികളില്‍ പൊതുവേ കണ്ടുവരുന്ന ശീലമാണ് ഖാത്ത് (ഒരുതരം ഇല) ചവയ്ക്കുക/കഴിക്കുക എന്നത്. നമ്മുടെ നാട്ടിലെ മുറുക്കാനോട് വേണമെങ്കില്‍ ഇതിനെ ഉപമിക്കാം. യമനികള്‍ ഖാത്തിനു അഡിക്റ്റാണ് എന്നു പോലും പറയാം. അവരുടെ ദിവസം ആരംഭിക്കുന്നത് തന്നെ അന്നത്തെ ഖാത്തിനെ കുറിച്ചുള്ള ചിന്തയോടെയാണ് എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. സന്‍ആയിലുള്ളവരും തായിസ്, ഹദര്‍മൗത്തുകാരുമാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്. ഏദനികള്‍ ഇത് വളരെ കുറച്ചു മാത്രമേ ഉപയോഗിക്കാറുള്ളൂ. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സാധാരണ ദിവസങ്ങളില്‍ ഉച്ച ഭക്ഷണ ശേഷവും രാത്രിയും ഒരുമിച്ചിരുന്നു ഇവര്‍ ഇത് ചവച്ചുകൊണ്ടേയിരിക്കും. കല്യാണവീടുകളില്‍ ഇതിനു വേണ്ടി മാത്രമായി പ്രത്യേക ടെന്റുകള്‍ തന്നെ ഒരുക്കും. റമദാന്‍ സമാഗതമാവുന്നതോടെ ഇവരുടെ പകലുകള്‍ രാത്രിയിലേക്കും രാത്രി പകലിലേക്കുമായി വഴിമാറും. ഒട്ടു മിക്ക കമ്പനികളുടെയും ജോലി സമയത്തിലും ഈ മാറ്റം ദൃശ്യമാകും. പകല്‍ സമയങ്ങളില്‍ ളുഹ്ര്‍ മുതല്‍ അസ്വ്ര്‍ അതായത് പന്ത്രണ്ട് മുതല്‍ മൂന്നു അല്ലെങ്കില്‍ ഒന്ന് മുതല്‍ നാല് മണി വരെയും രാത്രി ഒമ്പത് മണി മുതല്‍ പന്ത്രണ്ടു / ഒരു മണി വരെയാണ് റമദാന്‍ മാസത്തിലെ ജോലി സമയം. റമദാന്‍ മാസമായാല്‍ ഇവര്‍ രാത്രി ഉറങ്ങുന്നത് വളരെ കുറവാണ്. അത്താഴവും സ്വുബ്ഹി നമസ്‌കാരവും കഴിഞ്ഞ് വീടണയും. രാവിലെ മുതല്‍ ഉച്ചവരെ സാധാരണ നിരത്തുകളൊക്കെയും വിജനമായിരിക്കും.

റമദാനിലെ ഭക്ഷണ രീതികള്‍ 

         ഗള്‍ഫ് നാടുകളിലും ഇപ്പോള്‍ നമ്മുടെ നാട്ടിലും കാണുന്ന ഭക്ഷ്യ വിഭവങ്ങളില്‍ ഒട്ടു മിക്കതിന്റെയും ഉത്ഭവം യമനില്‍ നിന്നാണ്. ഭക്ഷ്യ വിഭവങ്ങളില്‍ ഇത്രയധികം വൈവിധ്യം മറ്റു അറബ് നാടുകളില്‍ കാണുമോ എന്ന് സംശയം. യമനിലെ റമദാന്‍ ഭക്ഷ്യ രീതിയെപ്പറ്റി പറയാം. ഇവരുടെ മെനുവില്‍ മുഖ്യ സ്ഥാനം നേടുന്ന വിഭവമാണ് യമന്‍ തേന്‍. യമനില്‍ തന്നെ ഉല്‍പാദിപ്പിക്കുന്ന യമന്‍ തേന്‍ അതിന്റെ വൈവിധ്യം കൊണ്ടും രുചി കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തേന്‍ കയറ്റി അയക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്ന് കൂടിയാണ് യമന്‍.

         സുഹൂറിന് അഥവാ അത്താഴത്തിന് അത്രയധികം പ്രാധാന്യം ഇവരുടെ ഭക്ഷണ കാര്യങ്ങളില്‍ നല്‍കാറില്ല. യമനി കാപ്പി പ്രധാനപ്പെട്ട ഒരു വിഭവമാണ്. അത് ഉണ്ടാക്കുന്ന രീതിക്കുമുണ്ട് പ്രത്യേകത. ചില പ്രത്യേക തരം ഇലകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അത് തയാറാക്കുന്നത്. മുട്ടയാണ് ഈ സമയത്തെ പ്രധാന വിഭവങ്ങളില്‍ ഒന്ന്. കൂടെ ഉരുളക്കിഴങ്ങു കൊണ്ടുണ്ടാക്കുന്ന ഭക്ഷണവും, നമ്മുടെ നാട്ടില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വ്യത്യസ്തമായ ഉരുളക്കിഴങ്ങാണ് ഇവിടെ ലഭിക്കുക.

ഇഫ്ത്വാര്‍

         യമനികളെ സംബന്ധിച്ചേടത്തോളം റമദാനിലെ ഏറ്റവും പ്രാധാന്യമേറിയതാണ് നോമ്പ് തുറകള്‍. പ്രവാചക ചര്യ അനുസരിച്ച് ഇത്തപ്പഴം, വെള്ളം എന്നിവ കൊണ്ടാണ് നോമ്പ് തുറക്കുക. കൂടെ ചെറിയ ജ്യൂസും സമൂസ, ലബന്‍ (മോര്), ശഫൂത്ത് എന്നിവയുമാണ് കഴിക്കുക. അത് കഴിഞ്ഞ് മഗ്‌രിബ് നമസ്‌കരിക്കാന്‍ പള്ളിയിലേക്ക്. അതിനു ശേഷമാണ് പ്രധാന വിഭവങ്ങള്‍ വിളമ്പുക. ഇവരുടെ ഭക്ഷണം കഴിക്കുന്ന രീതിക്കുമുണ്ട് പ്രത്യേകത. നമ്മുടെ വീടുകളിലൊക്കെ സാധാരണ വിഭവങ്ങള്‍ ഒരുമിച്ചാണ്  വിളമ്പാറുള്ളത്.  എന്നാല്‍, യമനില്‍ ഓരോന്നോരോന്നായിട്ടാണ് നല്‍കുക. ഒന്ന് കഴിഞ്ഞു അടുത്തത് എന്നിങ്ങനെ. നിങ്ങള്‍ ആദ്യമായിട്ടാണ് അവരുടെ ആതിഥ്യം സ്വീകരിക്കുന്നതെങ്കില്‍ കുടുങ്ങിപ്പോകും. പ്രധാന വിഭവങ്ങളായി ഒന്നുകില്‍ ഇറച്ചി(ആട്ടിറച്ചി), കോഴി അല്ലെങ്കില്‍ മീന്‍ (റമദാനില്‍ വളരെ കുറവാണ് മീന്‍ വിഭവങ്ങള്‍. പക്ഷേ നമ്മുടെ നാട്ടില്‍ കാണാത്തത്ര തരം മീനുകള്‍ യമനില്‍ ലഭ്യമാണ്). അവയുടെ പാചക രീതിയും ടേസ്റ്റും എടുത്തു പറയേണ്ടത് തന്നെ. നമ്മുടെ സാമ്പാര്‍ പോലെ പച്ചക്കറി കൊണ്ടുണ്ടാക്കുന്ന മുഷക്കല്‍ , സല്ത ഫാസ എന്നിങ്ങനെ പോകുന്നു അവരുടെ വിഭവങ്ങള്‍. സൂപ്പില്‍ നിന്ന് ആരംഭിച്ച് ഫ്രൂട്‌സ് സലാഡില്‍ അവസാനിക്കുന്ന തരത്തിലാണ് ഭക്ഷണ ക്രമീകരണം. ഇപ്പറഞ്ഞ ഭക്ഷണമൊക്കെയും ഉണ്ടാക്കുക മുളക് തീരെ ഉപയോഗിക്കാതെയോ വളരെ കുറച്ചു മാത്രം ഉപയോഗിച്ചോ ആണ്. അധികവും ഇവര്‍ ഒരുമിച്ചിരുന്ന് ഒരേ പാത്രത്തില്‍ നിന്നാണ് ഭക്ഷണം കഴിക്കാറുള്ളത്. മുട്ട കൊണ്ട് പല തരത്തിലുള്ള വിഭവങ്ങള്‍ അവര്‍ ഉണ്ടാക്കും. തേനും ഈത്തപ്പഴവും ചേര്‍ത്തുള്ള ഫത്ത എന്ന വിഭവം വളരെ പ്രശസ്തമാണ്.  

         റമദാന്‍ പകുതിയാകുമ്പോള്‍ ഇവിടത്തെ ഒട്ടു മിക്ക പള്ളികളിലും ഖിയാമുല്ലൈല്‍ (രാത്രി നമ്‌സകാരം) വിപുലമായി നടക്കും. രാത്രി ഒരു മണിക്ക് തുടങ്ങി നാല് മണി വരെ നീണ്ടു നില്‍ക്കും  ഈ നമസ്‌കാരം. സന്‍ആയില്‍ മുജാഹിദ് സ്ട്രീറ്റിലെ മസ്ജിദ് ഹസ്സയിലാണ് കൂടുതല്‍ ആളുകള്‍ നമസ്‌കരിക്കാന്‍ വരിക. റമദാന്‍ അവസാനമാകുന്നതോടെ ഖിയാമുല്ലൈലില്‍ പങ്കെടുക്കുന്നവരുടെ നിര റോഡു വരെ നീളും, ജുമുഅ നമസ്‌കാരത്തിനു വരുന്നതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ ഈ സമയത്ത് പള്ളിയില്‍ എത്തിച്ചേരും. അവര്‍ ഇതിനു നല്‍കുന്ന പ്രാധ്യാന്യം അത്രത്തോളമാണ്. റമദാന്‍ അവസാന പത്തില്‍ പ്രവേശിക്കുന്നതോടു കൂടി, പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കും. സ്ത്രീകളും കുട്ടികളുമടക്കം വലിയൊരു ജനാവലി സ്വുബ്ഹി അടക്കമുള്ള നമസ്‌കാരങ്ങളില്‍ പള്ളികളില്‍ ഹാജരാവും. സ്വുബ്ഹിക്ക് ശേഷം എല്ലാവരും വീട്ടില്‍ പോകും, പിന്നെ ളുഹ്ര്‍ ആകുമ്പോഴേ പുറത്ത് കാണൂ.

         മറ്റു ഗള്‍ഫ് നാടുകളില്‍ കാണപ്പെടുന്നത് പോലെ ഇവിടെ സമൂഹ നോമ്പ് തുറകളോ പള്ളികളോടനുബന്ധിച്ചുള്ള നോമ്പ് തുറകളോ വളരെ കുറവാണ്. പള്ളികള്‍ കേന്ദ്രീകരിച്ചു ഒറ്റപ്പെട്ട ചെറിയ നോമ്പ് തുറ നടക്കാറുണ്ട് എന്നല്ലാതെ വലിയൊരു ജനസഞ്ചയത്തെ ലക്ഷ്യം വെച്ചുള്ള ഇഫ്ത്വാറുകള്‍ എവിടെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല.

സകാത്ത്, ഫിത്വ്ര്‍ സകാത്ത്

         യമനികളില്‍ ഒട്ടുമിക്ക പേരും സകാത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശുഷ്‌കാന്തി കാണിക്കുന്നവരാണ്. കമ്പനികളും വ്യക്തികളും ഇക്കാര്യത്തില്‍ ഒരുപോലെയാണ്. ഫിത്വ്ര്‍ സകാത്ത് നമ്മുടെ നാട്ടിലെ പോലെ  അരി തന്നെയാണ്  ഇവരും നല്‍കുന്നത്. ഒരാള്‍ക്ക്  രണ്ടര കിലോ എന്ന കണക്കില്‍ എല്ലാവരും നല്‍കുന്നു. അതില്‍ അധികവും പാവങ്ങളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് നല്‍കുന്നത്. പള്ളികള്‍ കേന്ദ്രീകരിച്ച് ഫിത്വ്ര്‍ സകാത്ത് സംഘടിതമായി നല്‍കുന്നതോടൊപ്പം തന്നെ പെരുന്നാള്‍ ആഘോഷിക്കാന്‍ കുട്ടികള്‍ക്ക്  വസ്ത്രങ്ങളടക്കമുള്ള റമദാന്‍ കിറ്റുകളും നല്‍കിവരുന്നു. 

         റമദാന്‍ അവസാനത്തോടടുക്കുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ദാനധര്‍മങ്ങളില്‍ വ്യാപൃതരാവുന്നു. പിന്നെ പെരുന്നാളിനുള്ള ഒരുക്കങ്ങളായി. കുട്ടികള്‍ക്ക് വേണ്ടി പുതു വസ്ത്രങ്ങളും കളിക്കോപ്പുകളുമടക്കം എല്ലാം വാങ്ങിക്കൂട്ടുന്ന തിരക്കിലാവും എല്ലാവരും.

         റമദാനിലെ കച്ചവടവും സാധാരണ മാസങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഉള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസമില്ലാതെ എല്ലാവരും റമദാനില്‍ നന്നായി ചെലവഴിക്കുന്നു. കൂടുതല്‍ പേരെ നോമ്പ് തുറപ്പിച്ചും  റമദാന്‍/ പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തും ഓരോരുത്തരും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ജനങ്ങള്‍ക്ക് ചെയ്തു കൊടുക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 108-111
എ.വൈ.ആര്‍