ജീവിതപാഠങ്ങള്‍-8
''പ്രണയ ഭാജനത്തെയല്ലാതെ നോക്കുന്ന കണ്ണുകള്‍ പ്രണേതാവിനില്ല..''
പക്ഷേ, നിന്റെ കാര്യം കഷ്ടം തന്നെ! നീ അല്ലാഹുവിനെ സ്‌നേഹിക്കുന്നു എന്നവകാശപ്പെടുകയും എന്നിട്ട് ഹൃദയം അവനല്ലാത്തവര്‍ക്ക് തുറന്നു കൊടുക്കുകയും ചെയ്യുന്നു. ലൈലയോടുള്ള പ്രണയം ആത്മാര്‍ഥമായിരുന്നതിനാല്‍ മജ്‌നുവിന്റെ ഹൃദയം മറ്റാരെയും സ്വീകരിക്കുമായിരുന്നില്ല. ഒരിക്കല്‍ വഴിമധ്യേ ചിലര്‍ മജ്‌നുവിനോടു ചോദിച്ചു: ''നീ എവിടെ നിന്നും വരുന്നു?'' ''ലൈലയുടെ അടുത്തു നിന്ന്''- മജ്‌നു പറഞ്ഞു. ''എങ്ങോട്ടു പോകുന്നു?''- ചോദ്യം. ''ലൈലയിലേക്കു തന്നെ'' - മജ്‌നു പ്രതിവചിച്ചു.
അല്ലാഹുവോടുള്ള പ്രണയം ആത്മാര്‍ഥമാവുമ്പോള്‍ ഹൃദയം മൂസാ(അ)യുടേതു പോലെയായിത്തീരുന്നു. അദ്ദേഹത്തെക്കുറിച്ചാണ് അല്ലാഹു പറഞ്ഞത്: ''അതിനു മുമ്പുതന്നെ മുലയൂട്ടുന്ന സ്ത്രീകളെ നാം അവന് വിലക്കി''(വിശുദ്ധ ഖുര്‍ആന്‍).
കളവു പറയാതിരിക്കുക. നിനക്ക് ഹൃദയമൊന്നേയുള്ളൂ. അതില്‍ ഒന്നു നിറഞ്ഞാല്‍ പിന്നെ മറ്റൊന്നിനിടമില്ല. ''അല്ലാഹു ഒരാള്‍ക്കും തന്റെ ശരീരത്തില്‍ രണ്ടു ഹൃദയങ്ങള്‍ നല്‍കിയിട്ടില്ല''(ഖുര്‍ആന്‍). ഒരേസമയം സൃഷ്ടികളെയും സ്രഷ്ടാവിനെയും സ്‌നേഹിക്കുന്ന ഹൃദയമുണ്ടാവില്ല. ഇഹലോകവും പരലോകവും ഒരുപോലെ നിറഞ്ഞിരിക്കുന്ന ഹൃദയവും സാധ്യമല്ല.
അല്ലാഹു പറഞ്ഞിരിക്കുന്നു: ''എന്നെ സ്‌നേഹിക്കുന്നു എന്നവകാശപ്പെടുകയും രാവണഞ്ഞാല്‍ ഉറങ്ങാന്‍ പോവുകയും ചെയ്യുന്നവന്‍ കളവാണ് പറയുന്നത്.'' നീ അല്ലാഹുവിനെ സ്‌നേഹിക്കുന്നവനായിരുന്നുവെങ്കില്‍ ഉറക്കില്‍ നിന്നുണരാന്‍ മടിക്കുമായിരുന്നില്ല.
പ്രണേതാവ് ക്ഷീണിതനാണ്. എന്നാല്‍, 'സ്‌നേഹഭാജനം' സ്വാസ്ഥ്യത്തിലാകുന്നു. പ്രണേതാവ് അല്ലാഹുവിലേക്കുള്ള തേട്ടത്തിലാകുന്നു. എന്നാല്‍, അല്ലാഹുവാകട്ടെ, തന്റെ പ്രണേതാക്കളെ കാത്തിരിക്കുകയാണ്.
റസൂല്‍(സ) ഇവ്വിധം അരുളിയതായി നിവേദനമുണ്ട്: ''അല്ലാഹു ജിബ്‌രീലി(അ)നോട് പറയുന്നു: ഇന്നയാളെ ഉണര്‍ത്തുക. ഇന്നയാളെ ഉറങ്ങാന്‍ വിട്ടേക്കുക.'' ഈ മൊഴിക്കു രണ്ടു വ്യാഖ്യാനങ്ങളാവം. ''എന്നെ സ്‌നേഹിക്കുന്നവനെ ഉണര്‍ത്തുക. ഞാന്‍ സ്‌നേഹിക്കുന്ന എന്റെ ഇഷ്ടഭാജനത്തെ ഉറങ്ങാന്‍ വിട്ടേക്കുക. ഒന്നാമന്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്നവനാണ്. അതിനാല്‍ അവനെ ഉണര്‍ത്തി എനിക്കുള്ള ആരാധനയുടെ നേര്‍വഴിയില്‍ നിമഗ്നനാവാന്‍ വിടുക. അതുവഴി ഞാനൊഴികെയുള്ളവരുമായുള്ള അവന്റെ ബന്ധത്തിന്റെ ഇലകള്‍ കൊഴിഞ്ഞു വീഴട്ടെ. എന്നോടുള്ള അവന്റെ സ്‌നേഹത്തിന്റെ തെളിവുകൂടിയാണ് അത്. രണ്ടാമനെ ഉറങ്ങാന്‍ വിട്ടേക്കുക. കാരണം അവന്‍ ഞാന്‍ സ്‌നേഹിക്കുന്ന എന്റെ ഇഷ്ടക്കാരനാണ്. തന്റേതായ എല്ലാം എനിക്കായി മാറ്റി വെച്ചവനാണ്. അവന്റെ പ്രണയം എന്നോടു മാത്രമാകുന്നു. അതാവട്ടെ, സംശയ ലേശമന്യേ തെളിയിക്കപ്പെട്ടതുമാണ്. എന്നിലേക്കുള്ള അവന്റെ പശ്ചാതാപം ആത്മാര്‍ഥമാണ്. എന്നോടുള്ള കരാര്‍ അവന്‍ പാലിക്കുകയും ചെയ്തിരിക്കുന്നു. എന്റെ അതിഥിയാകുന്നു അവന്‍. അതിഥിയെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലല്ലോ. അതിനാല്‍ എന്റെ കാരുണ്യത്തിന്റെ മടിത്തട്ടില്‍ അവനെ ഉറങ്ങാന്‍ വിട്ടേക്കുക. എന്റെ അനുഗ്രഹത്തിന്റെ മുറിയില്‍ അവനൊരു ഇരിപ്പിടവും നല്‍കുക. എന്റെ സാമീപ്യത്തിന്റെ മധു നുകരട്ടെ അവന്‍.'' അവന്റെ സ്‌നേഹം സത്യമായിപ്പുലര്‍ന്നിരിക്കുന്നു. സ്‌നേഹം ആത്മാര്‍ഥമാവുമ്പോള്‍ ഉപചാരങ്ങളുടെ മതിലുകള്‍ അപ്രത്യക്ഷമാവുന്നു.
മറ്റൊരു വ്യാഖ്യാനം ഇവ്വിധമാകുന്നു: ''ഇന്നയാളെ ഉറങ്ങാന്‍ വിട്ടേക്കൂ. കാരണം എനിക്കുള്ള ആരാധനയിലൂടെ സൃഷ്ടികളുടെ നോട്ടമാണ് അവന്‍ കാംക്ഷിക്കുന്നത്. അവന്റെ ശബ്ദം കേള്‍ക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. എന്നാല്‍, ഇന്നയാളെ ഉണര്‍ത്തിക്കൊള്‍ക. കാരണം, എനിക്കുള്ള ആരാധനയിലൂടെ എന്റെ മാത്രം നോട്ടമാണ് അവന്‍ കാംക്ഷിക്കുന്നത്. അവന്റെ സ്വരം കേള്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു.''
വിവ: വി. ബഷീര്‍
Comments