പൊതുതെരഞ്ഞെടുപ്പിന് ശേഷമുണ്ടായത് സുപ്രധാനമായ രാഷ്ട്രീയ മാറ്റം
2014 മെയ് 31-ജൂണ്‍ 3 വരെ ന്യൂദല്‍ഹി ആസ്ഥാനത്ത് ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗീകരിച്ച പ്രമേയങ്ങള്‍
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര കൂടിയാലോചനാസമിതി, 2014 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സ്ഥിതിവിശേഷത്തെ ഒരു സുപ്രധാന രാഷ്ട്രീയ മാറ്റമായി കാണുന്നു. രാജ്യത്ത് മികച്ച ഭരണത്തിന്റെയും വികസനത്തിന്റെയും ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍, ഭരണകൂടത്തിന്റെ മുതലാളിത്ത സാമ്പത്തിക നയവും സാംസ്‌കാരികാധീശത്വ നിലപാടും മറുവിഭാഗത്തെ ആശങ്കാകുലരാക്കുന്നു.
വികസനം, ക്ഷേമം, മെച്ചപ്പെട്ടതും അഴിമതിമുക്തവുമായ ഭരണസംവിധാനം, എല്ലാ പൗരന്മാര്‍ക്കും വിവേചനരഹിതമായ നീതി തുടങ്ങിയ വാഗ്ദാനങ്ങളാണ് ഈ ജനവിധിക്ക് കാരണമെന്ന് കൂടിയാലോചനാ സമിതി ഭരണകൂടത്തെ ഓര്‍മിപ്പിക്കുന്നു. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച പൊതുസമൂഹത്തിന് ആശങ്കിക്കേണ്ടി വരില്ലെന്നും പ്രതീക്ഷിക്കുന്നു.
ജനാധിപത്യ വ്യവസ്ഥിതിയിലും എല്ലാ പൗരന്മാരോടും പാലിക്കേണ്ട നിഷ്പക്ഷ നീതിയിലും അധിഷ്ഠിതമായാണ് സ്വതന്ത്ര ഇന്ത്യ രൂപീകരിക്കപ്പെട്ടത്. ഇന്ത്യയിലെ നിയമ വ്യവസ്ഥ, മതം, ജാതി, വര്‍ഗം, ഭാഷ, പ്രദേശം, സംസ്‌കാരം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തോടും വ്യത്യാസം കാണിക്കുകയില്ല. നീതിയിലും വിഭവവിതരണത്തിലും, രാജ്യത്തെ മൂന്ന് തൂണുകളായ നിയമം, ഭരണനിര്‍വഹണം, നീതിന്യായം എന്നീ കാര്യങ്ങളില്‍ ദരിദ്രനും ധനികനും ഇടയില്‍ വ്യത്യാസം ഉണ്ടാവരുത്. എന്നാല്‍ കഴിഞ്ഞ 65 വര്‍ഷമായി ഭരണത്തിലിരുന്നവര്‍ ഇക്കാര്യത്തില്‍ അക്ഷന്തവ്യമായ വീഴ്ച വരുത്തിയിട്ടുണ്ട്. പല വിഭാഗങ്ങള്‍ക്കും ഇക്കാര്യത്തില്‍ പരാതികളുണ്ടെങ്കിലും, രാജ്യത്ത് പൊതുവേ നീതിയും നിയമ വാഴ്ചയും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പുതിയ ഗവണ്‍മെന്റും ഈ വ്യവസ്ഥിതിക്ക് കീഴില്‍ സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്നും പൗരന്മാര്‍ക്കിടയില്‍ തെറ്റിദ്ധാരണകളും അസ്വാരസ്യങ്ങളും പടരുന്നവിധം പ്രവര്‍ത്തിക്കില്ലെന്നും പ്രതീക്ഷിക്കുന്നു.
രാഷ്ട്ര നിര്‍മാണത്തിലും വികസന പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവണമെന്ന് എല്ലാ ഭാരതീയ പൗരന്മാരോടും ജമാഅത്ത് കേന്ദ്രസമിതി ആവശ്യപ്പെടുന്നു. ജാതിമത താല്‍പര്യങ്ങള്‍ക്കായി വൈകാരിക മുദ്രാവാക്യങ്ങളുമായി നമ്മുടെ അണികളിലേക്ക് നുഴഞ്ഞു കയറുന്ന ഛിദ്രശക്തികളെ നാം കരുതിയിരിക്കണം. നീതിയിലധിഷ്ഠിതമായ നിയമവ്യവസ്ഥയും ശാന്തിയും നടമാടുന്ന സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാനും, അനീതിക്കും അക്രമത്തിനുമെതിരെ ഒറ്റക്കെട്ടായി പോരാടാനും നാം തയാറാകണം. നന്മയുടെ സംസ്ഥാപനത്തിലും തിന്മയുടെ ഉച്ചാടനത്തിലും നാം കൈകോര്‍ക്കണം. ധര്‍മവും ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടണം.
നാം തെരഞ്ഞെടുത്ത ജനപ്രതിനിധികളും ഭരണകൂടവും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്നും, ഭരണഘടനക്കും ജനതാല്‍പര്യങ്ങള്‍ക്കുമെതിരായി വല്ലതും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും നിരീക്ഷിക്കുന്നതിനും ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കുന്നതിനും ജനാധിപത്യ സംവിധാനത്തിലെ പൗരന്മാര്‍ സദാ ജാഗരൂകരും ദത്തശ്രദ്ധരുമാവേണ്ടതുണ്ട്.
സ്ഥിതിഗതികള്‍ എത്രമാത്രം സങ്കീര്‍ണവും അപ്രതീക്ഷിതവുമായാലും അവധാനതയും സ്ഥൈര്യവും വിവേകവും കൈവിടരുതെന്ന് ഇന്ത്യന്‍ മുസ്‌ലിംകളെ തെര്യപ്പെടുത്തുന്നു. ദൈവ മതത്തിന്റെ അനുയായികള്‍ ദൈവത്തിലേക്ക് തിരിച്ചു ചെല്ലേണ്ടവരും അടിമത്ത ബാധ്യതകള്‍ നിറവേറ്റേണ്ടവരുമാണ്. സത്യസന്ധത, നീതിബോധം തുടങ്ങിയ സദ്ഗുണങ്ങള്‍ മുറുകെ പിടിക്കുകയും അക്രമങ്ങളില്‍നിന്നും തീവ്രവാദങ്ങളില്‍നിന്നും അകന്ന് നില്‍ക്കുകയും അവക്കെതിരെ ശബ്ദമുയര്‍ത്തുകയും സര്‍വോപരി ആത്മവിശ്വാസത്തോടും സ്ഥൈര്യത്തോടും കൂടി മുമ്പോട്ട് ഗമിക്കുകയും വേണം. വൈകാരികതയും നിരാശയും കൈവെടിഞ്ഞേ മതിയാവൂ.
മുസ്‌ലിംകളിലെ വിവിധ സംഘടനാ നേതാക്കള്‍ ഇസ്‌ലാമികാടിത്തറയില്‍ ഊന്നിനിന്ന് പരസ്പര സഹകരണത്തിന്റെയും ഇസ്‌ലാമിക സാഹോദര്യത്തിന്റെയും വഴിയിലേക്ക് അനുയായികളെ നയിക്കണമെന്നും, ഭിന്നിപ്പിന്റെയും ഛിദ്രതയുടെയും സാധ്യതകള്‍ തടയണമെന്നും കേന്ദ്രസമിതി ആവശ്യപ്പെടുന്നു. ഐക്യത്തിന്റെ പ്ലാറ്റ്‌ഫോമുകളും സുഹൃദ്‌വേദികളും സ്ഥാപിച്ച് ഇന്ത്യയുടെ സര്‍വതോമുഖ വളര്‍ച്ചയില്‍ ഒറ്റക്കെട്ടായി പങ്കാളികളാവണം.
രാജ്യത്തെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ ധനാത്മക ഫലങ്ങള്‍ക്കായി പരിശ്രമിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം. സ്വന്തം ആത്മരക്ഷയും സുരക്ഷിതത്വവും എന്നതില്‍ പരിമിതപ്പെടാതെ, രാജ്യത്തെ മുഴുവന്‍ നിവാസികളുടെയും ക്ഷേമത്തിനും നന്മക്കും വേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സന്ദര്‍ഭമാണിതെന്ന് കേന്ദ്രശൂറ മുസ്‌ലിം സമൂഹത്തെ സവിശേഷമായി ഉണര്‍ത്തുകയും ചെയ്യുന്നു.
ഇസ്‌ലാമിക ലോകത്തെ സ്ഥിതിവിശേഷം
ചില മുസ്‌ലിം രാജ്യങ്ങളിലെ രക്തച്ചൊരിച്ചിലുകളെയും, അതിനെ പ്രോത്സാഹിപ്പിക്കുന്ന ലോകശക്തികളുടെയും ചില മുസ്‌ലിം രാജ്യങ്ങളുടെയും നിലപാടിനെയും ജമാഅത്ത് ശൂറ ശക്തമായി അപലപിക്കുന്നു.
ഈജിപ്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ അട്ടിമറിച്ച ശേഷം ഒരു വര്‍ഷത്തോളമായി അവിടെ മനുഷ്യരക്തം കൊണ്ട് ഹോളി ആഘോഷിക്കുകയാണ്. ആയിരങ്ങള്‍ വധിക്കപ്പെടുകയും പതിനായിരങ്ങള്‍ തുറുങ്കിലടക്കപ്പെടുകയും ചെയ്തു. മിനുട്ടുകള്‍ നീണ്ട നടപടിക്രമത്തിലൂടെ വധശിക്ഷ വിധിച്ച നൂറ് കണക്കിന് പൗരന്മാരെ കൊടിയ പീഡനത്തിനിരയാക്കുകയാണ്. മര്‍ദകരായ സൈനിക ഭരണകൂടം നീതിക്കും മനുഷ്യജീവനും പുല്ലുവില കല്‍പിക്കുന്ന ഈജിപ്ത്, ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ഈയിടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ബഹുഭൂരിപക്ഷവും ബഹിഷ്‌കരിച്ചതിലൂടെ ഈ ഗവണ്‍മെന്റിന്റെ നയങ്ങള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പു നാടകത്തിലൂടെ അധികാരത്തിലേറിയ സൈനിക മേധാവിക്ക് ലോക വന്‍ശക്തികളുടെയും ചില മുസ്‌ലിം രാജ്യങ്ങളുടെയും പിന്തുണയുണ്ടെന്നത് ലജ്ജാകരമാണ്. സാഹോദര്യ ചിന്ത മറന്ന് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ വേരറുക്കാനുള്ള മുസ്‌ലിം രാജ്യങ്ങളുടെ ശ്രമമാകട്ടെ അതിലേറെ ദുഃഖകരവും.
ഇപ്പോള്‍ സിറിയയിലും ഇതേ തെരഞ്ഞെടുപ്പു നാടകം അരങ്ങേറുകയാണ്. രണ്ടര ലക്ഷം പൗരന്മാരെ നിഷ്ഠുരമായി കൊല ചെയ്യുകയും, അമ്പത് ലക്ഷം പേരെ ആട്ടിയോടിക്കുകയും നാടും നഗരവും ബോംബിട്ട് തകര്‍ക്കുകയും ചെയ്ത ശേഷം ഈ ഏകാധിപതി ജനങ്ങളിലേക്ക് ചെല്ലുകയാണ്, വോട്ടു തേടിക്കൊണ്ട്. സിറിയയുടെ കാര്യത്തിലും അന്താരാഷ്ട്ര സമൂഹവും വന്‍ശക്തികളും സ്വീകരിച്ച നിലപാട് ഏറെ അപലപനീയവും ഖേദകരവുമാണ്. ജനീവാ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരിക്കെ പ്രസിഡന്റിന് തല്‍സ്ഥാനത്ത് തുടരാന്‍ യാതൊരു അര്‍ഹതയുമില്ല. സിറിയന്‍ സ്വേഛാധിപതി എത്രയും വേഗം സ്ഥാനമൊഴിയണമെന്നും ഐക്യരാഷ്ട്ര സഭയും മറ്റു അന്താരാഷ്ട്ര വേദികളും ഇതിനായി സമ്മര്‍ദം ചെലുത്തണമെന്നും ഏത് വിധേനയും മര്‍ദിതരായ ജനങ്ങളുടെ വിമോചനവും പലായനം ചെയ്തവരുടെ പുനരധിവാസവും യാഥാര്‍ഥ്യമാക്കണമെന്നും ഈ സമിതി ആവശ്യപ്പെടുന്നു.
ഫലസ്ത്വീനില്‍ അധിനിവേശ ശക്തിക്കെതിരെ പൊരുതുന്ന അല്‍ഫത്ഹിന്റെയും ഹമാസിന്റെയും ഐക്യസര്‍ക്കാറിനെ സമിതി സ്വാഗതം ചെയ്യുന്നു. ഈ ഐക്യം എക്കാലവും നിലനില്‍ക്കണം. അതിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് ചിരകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധ്യമാവട്ടെ. ലോക രാഷ്ട്രങ്ങളോടും നമ്മുടെ രാജ്യത്തോടും ഈ ഗവണ്‍മെന്റിനെ അംഗീകരിക്കാനും സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രമെന്ന നിലക്ക് അതിനെ പരിഗണിക്കാനും ആവശ്യപ്പെടുന്നു. അറബ് രാജ്യങ്ങളും അറബ് ലീഗും ഫലസ്ത്വീന് നല്‍കിയ സഹായ വാഗ്ദാനങ്ങള്‍ നിറവേറ്റണമെന്നും യോഗം താല്‍പര്യപ്പെടുന്നു.
ബംഗ്ലാദേശില്‍ പ്രതിപക്ഷ കക്ഷികളെ, വിശേഷിച്ച് ജമാഅത്തെ ഇസ്‌ലാമി നേതാക്കളെയും പ്രവര്‍ത്തകരെയും ഭരണകൂടം വേട്ടയാടുകയാണ്. ബംഗ്ലാദേശിലെ കോടതികളില്‍നിന്ന് ഇരകള്‍ക്ക് നീതി ലഭിക്കുമെന്നും അക്രമം അവസാനിക്കുമെന്നും സമിതി പ്രത്യാശിക്കുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.എന്‍.പി-ജമാഅത്തെ ഇസ്‌ലാമി സഖ്യം വിജയിച്ചത്, ഭരണകൂടത്തിന്റെ ചെയ്തികള്‍ക്ക് ജനപിന്തുണ ഇല്ല എന്നതിന്റെ തെളിവാണ്. ബംഗ്ലാദേശ് ഗവണ്‍മെന്റ് ഈ അക്രമങ്ങളും അനീതിയും അവസാനിപ്പിക്കാന്‍ തയാറകണം. അവിടെ ജനാധിപത്യവും സമാധാനവും പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്ന് ലോക രാഷ്ട്രങ്ങളോടും നമ്മുടെ ഗവണ്‍മെന്റിനോടും ആവശ്യപ്പെടുകയും ചെയ്യുന്നു.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍
ഈയടുത്ത ദിവസങ്ങളില്‍ യു.പിയിലെ ബദായൂനില്‍ രണ്ട് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ ശേഷം കൊല ചെയ്തു കെട്ടിത്തൂക്കിയ നിഷ്ഠുര സംഭവത്തെ കേന്ദ്രസമിതി ശക്തിയായി അപലപിക്കുകയും പ്രതികളെ എത്രയും വേഗം നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് യു.പി ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
കടുത്ത നിയമങ്ങള്‍ നിര്‍മിക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ചൊരിയുകയും ചെയ്യുമ്പോള്‍ നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും തട്ടിക്കൊണ്ടുപോകലും വര്‍ധിക്കുകയാണ്. അത്തരം സംഭവങ്ങളില്‍ നിയമപാലകര്‍ പോലും ആരോപണ വിധേയരാകുന്നത് ഏറെ അപമാനകരമാണ്.
സ്ത്രീകളോടുള്ള ആദരവിന്റെ അഭാവം, വിവേചനം, അശ്ലീലതയുടെ വ്യാപനം, പാശ്ചാത്യ സംസ്‌കാരത്തോടുള്ള ഭ്രമം, മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം, അതിരുകളില്ലാത്ത സഹവാസം, സ്വതന്ത്രമായി ഇടപഴകാനനുവദിക്കുന്ന നിയമവ്യവസ്ഥ തുടങ്ങിയ ഒട്ടേറെ കാരണങ്ങളാലാണ് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നത്. നമ്മുടെ നാട്ടില്‍ വേശ്യാവൃത്തി നിയമവിധേയമാണെന്ന് മാത്രമല്ല അതൊരു വന്‍ ബിസിനസ് ആയി മാറുകയും ചെയ്തിരിക്കുന്നു. നാടിന്റെ പല ഭാഗത്തുനിന്നും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഈ നരകങ്ങളിലേക്കെറിയുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
അധാര്‍മികതയും ലൈംഗികാതിക്രമങ്ങളും വര്‍ധിക്കുന്നതില്‍ പ്രിന്റ്, ഇലക്‌ട്രോണിക് മീഡിയയുടെ പങ്ക് ഒട്ടും ചെറുതല്ല, സിനിമക്കും ഇന്റര്‍നെറ്റിനും മാത്രമല്ല, അശ്ലീല സൈറ്റുകള്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്. ഇവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ജമാഅത്ത് ശൂറ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. മീഡിയ അശ്ലീലവും നഗ്‌നതയും പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നിയമ നിര്‍മാണം നടത്തണം. അത്തരം സൈറ്റുകളും സിനിമകളും നിരോധിക്കാനും നടപടികളുണ്ടാവണം. പ്രതിഷേധങ്ങളും കടുത്ത ശിക്ഷകള്‍ക്കായുള്ള മുറവിളിയും മാത്രം പോരാ. ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം അതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ വേണ്ട സത്വര നടപടികള്‍ കൈക്കൊള്ളാനായി വനിതാ സംഘടനകളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളും ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തണമെന്നും കേന്ദ്ര മജ്‌ലിസു ശൂറ ആവശ്യപ്പെടുന്നു.
വിവ: പി.പി അബ്ദുര്റഹ്മാന്കൊടിയത്തൂര്
Comments