വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമികത
വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമികത
ഇസ്‌ലാമിക വിദ്യാഭ്യാസത്തെ വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍ (ലക്കം 2854) വായിച്ചു. ആധുനികവത്കരണത്തിനും മതേതരവത്കരണത്തിനും മുമ്പ് വിദ്യാഭ്യാസ പ്രക്രിയ അതത് മതവുമായി ബന്ധപ്പെട്ടതായിരുന്നു. ഇസ്‌ലാമിക രാജ്യങ്ങളില്‍ മാത്രമല്ല പാശ്ചാത്യ നാടുകളിലും ഇപ്രകാരമായിരുന്നു. ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തങ്ങളുടെ വിദ്യാര്‍ഥികളെ പുരോഹിതന്മാരാക്കാന്‍ ശ്രമിച്ചപ്പോള്‍ ജൂത വിദ്യാലയങ്ങള്‍ തങ്ങളുടെ പഠിതാക്കളെ റബ്ബികളാക്കാനുള്ള വിജ്ഞാനങ്ങളാണ് പകര്‍ന്നുകൊടുത്തത്. എന്നാല്‍, നൂറ്റാണ്ടുകള്‍ക്കു ശേഷം (19-ാം നൂറ്റാണ്ടിനു ശേഷം) 'ആധുനികത' തലക്കു പിടിച്ച പാശ്ചാത്യലോകത്തെ മഹാ ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും മതലോക വീക്ഷണത്തെ നിശിതമായി വിമര്‍ശിക്കുകയും ഭൗതിക പ്രമത്തതയുടെ ഒന്നാംകിട സന്തതിയായ, ആധുനികവാദത്തിലധിഷ്ഠിതമായ ഒരുതരം മതേതരത വിദ്യാഭ്യാസ വീക്ഷണത്തിലേക്ക് വഴിതിരിച്ചു വിടുകയും ചെയ്തു. ഇവിടെയാണ് തനതായ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി.
വിദ്യാഭ്യാസം (അറിവ്) മാനവികതയുടെ മുഖമുദ്രയും മനുഷ്യനെ സമ്പൂര്‍ണാര്‍ഥത്തില്‍ കളങ്കരഹിതനായ വ്യക്തിയായി വളര്‍ത്തിയെടുക്കാനുള്ള ഒരു സാമൂഹിക പ്രക്രിയയുമാണ്. എങ്കില്‍ മാത്രമേ വിദ്യാഭ്യാസം എന്ന മഹാ സ്ഥാപനം മനുഷ്യകേന്ദ്രീകൃതം ആവുകയുള്ളൂ. പക്ഷേ, ആധുനിക വിദ്യാഭ്യാസ രീതി മനുഷ്യത്വത്തിനുതകുന്നതാണോ? മനുഷ്യന്‍ ഉറക്കില്‍നിന്ന് ഉണരുന്നുണ്ടെങ്കിലും അവനില്‍ കുടികൊള്ളുന്ന നന്മകളുടെ കേദാരമായ 'മനുഷ്യത്വം' ഉണരാത്തതെന്തേ? മനുഷ്യത്വത്തെ ചലിപ്പിക്കാന്‍ പോന്ന വിഭവങ്ങള്‍ തന്റെ വിദ്യാഭൂമികയില്‍ നിന്ന് ലഭിക്കാത്തതുകൊണ്ടാണോ ഇങ്ങനെ?
ഇസ്‌ലാമിക ദൃഷ്ട്യാ അര്‍ഥപൂര്‍ണമായ രണ്ടു വായനകള്‍ക്കിടയിലാണ് ഒരു വിശ്വാസിയുടെ ജീവിതം. അതിലൊന്ന് അല്ലാഹു പ്രഥമമായി മനുഷ്യരാശിക്ക് അവതരിപ്പിച്ചുതന്ന 'ഇഖ്‌റഅ്' എന്ന് തുടങ്ങുന്ന ഖുര്‍ആനിക വാക്യങ്ങളാണ്. സര്‍വചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന സര്‍വേശ്വരന്റെ നാമത്തില്‍ വായനയും പഠനവും തുടരാനാണത് ആഹ്വാനം ചെയ്യുന്നത്. ആജീവനാന്തം തുടരേണ്ട പ്രക്രിയയാണ് വായനയിലൂടെ നേടിയെടുക്കേണ്ട വിദ്യാഭ്യാസവും അറിവും. എന്നാല്‍, മനുഷ്യന്‍ മരണത്തോടെ അവസാനിക്കുന്ന ഒരു അസ്തിത്വമല്ല. ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഇഹലോകത്ത് വെച്ച് ഓരോരുത്തരും ചെയ്തതെല്ലാം ശേഖരിച്ചു വെക്കപ്പെട്ട ഒരു ഗ്രന്ഥം വായിക്കാന്‍ നല്‍കുമെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. അതാണ് രണ്ടാം വായന.
അറിവിന്റെ തുടക്കം സ്രഷ്ടാവില്‍ നിന്നായതുകൊണ്ട് മാനവന്റെ പ്രഥമാധ്യാപകന്‍ സ്രഷ്ടാവായ അല്ലാഹുതന്നെയാണ്. അതേസമയം, ജീവിതയാഥാര്‍ഥ്യങ്ങളെ കണ്ടെത്തി പ്രയോജനപ്പെടുത്തുക എന്ന അതിമഹത്തായ ദൈവിക പ്രാതിനിധ്യ(ഖിലാഫത്ത്)ത്തിന്റെ താല്‍പര്യം പൂര്‍ത്തീകരിക്കാന്‍ സ്രഷ്ടാവിനെ അറിഞ്ഞുകൊണ്ടുള്ള വായനയിലൂടെയും ഗവേഷണ പഠനങ്ങളിലൂടെയും മാത്രമേ സാധ്യമാവുകയുള്ളൂ.
സാലിം ചോലയില്‍ ചെര്‍പ്പുളശ്ശേരി
ദാമ്പത്യത്തില്‍
പുഴുക്കുത്തു വീഴുമ്പോള്‍
'വേഗത, വേഗത, വേഗതയൊന്നേ മന്ത്രം' എന്ന ഡോ. ജാസിമുല്‍ മുത്വവ്വയുടെ ലേഖനം വായിച്ചു (ലക്കം 2854). ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവുക സ്വാഭാവികം. എന്നാല്‍, അവ കൈകാര്യം ചെയ്യുന്ന രീതിയാണ് പലരുടെയും ജീവിതം നരകതുല്യമാക്കുന്നത്. ദാമ്പത്യത്തില്‍ സ്വീകരിക്കേണ്ട മാന്യമായ നിലപാടെന്തായിരിക്കണമെന്നതിന് നബിയുടെ ജീവിതം തന്നെയാണ് എക്കാലത്തെയും മാതൃക.
അന്യോന്യം അറിഞ്ഞ് പ്രണയിച്ച് വിവാഹം ചെയ്ത ദമ്പതികളുടെ ജീവിതത്തിലും അസ്വാരസ്യങ്ങളുടെ രോഗാണുക്കള്‍ പരക്കുന്നത് വേദനയോടെ കാണേണ്ടിവന്നിട്ടുണ്ട്. ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ് ഉത്തമന്‍ എന്ന നബിവചനം പലരും ഓര്‍ക്കാറില്ല. ക്ഷമയുടെ മധുരഫലം ആസ്വദിക്കാന്‍ പലരും കാത്തിരിക്കാന്‍ തയാറല്ല. 'ഞാന്‍' എന്ന ഭാവത്തിന് കീഴടങ്ങുമ്പോഴാണ് ദാമ്പത്യത്തില്‍ കയ്പുനീര്‍ നിറയുന്നത്. ഭര്‍ത്താവിന്റെ വിട്ടുവീഴ്ച മതി പല ദാമ്പത്യങ്ങളും പൂവണിയാന്‍. പുരുഷന്റെ ദുരഭിമാനമാണ് പലപ്പോഴും കുടുംബം കലക്കുന്നത്. സ്ത്രീയുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാനോ മനസ്സിലാക്കിയാല്‍ തന്നെ അംഗീകരിക്കാനോ അധിക ഭര്‍ത്താക്കന്മാരും ഒരുക്കമല്ല എന്നതാണ് ദാമ്പത്യജീവിതത്തിലെ ഒട്ടേറെ അസ്വസ്ഥതകള്‍ക്ക് കാരണം.
ദാമ്പത്യം ശാന്തിയുടെ ഗേഹമാണെന്ന് അല്ലാഹു പറയുമ്പോള്‍ അതിനെ അടിപിടിയുടെ കൂടാരമാക്കുകയാണ് മനുഷ്യന്‍. കുരങ്ങന്റെ കൈയിലെ പൂമാല പോലെ ദാമ്പത്യത്തിന്റെ മനോഹാരിത പിച്ചിച്ചീന്തുകയാണ് അവിവേകികളായ ദമ്പതിമാര്‍. അല്‍പം ക്ഷമ, അല്‍പം വിട്ടുവീഴ്ച- അതുമതി കടന്നല്‍ കൂടായി മാറിയ ദാമ്പത്യം പോലും പൂവാടിയാക്കാന്‍.
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍
മതേതര ഇന്ത്യ 'മോഡിഫൈഡ് ' ആയ വിധം
2014 മെയ് 30-ന്റെ വാരികയില്‍ എ.ആര്‍ എഴുതിയ 'മതേതര ഇന്ത്യയില്‍ മോദി വന്ന വിധം' വായിച്ചു. വിശകലനങ്ങള്‍ വസ്തുനിഷ്ഠമായിട്ടുണ്ട്. ഇന്ത്യയിലുള്ള മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം തന്നെ മതേതരത്വം എന്ന ആശയത്തെ വികലവും വികൃതവുമാക്കിയിട്ടുണ്ട്. അതിനുള്ള പ്രധാന കാരണം ഈ ആശയത്തിന്റെ മൗലികതത്ത്വം മനസ്സിലാക്കാത്തതോ അതിനെ തമസ്‌കരിച്ചതോ ആണ്. ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും അംഗീകാരവും ഉറപ്പുവരുത്തുകയാണ് ചെയ്തത്. ഇതിനെ ന്യൂനപക്ഷ പ്രീണനമായി മാറ്റിയത് അധികാര ദുര്‍മോഹവും സ്വാര്‍ഥതയുമാണ്. സര്‍വധര്‍മ സമഭാവന എന്നതാണ് മതേതരത്വത്തിന്റെ മൗലികമായ അര്‍ഥം. വിശ്വാസങ്ങളെ കാത്തുസൂക്ഷിക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അവസരം നല്‍കുകയാണ് ഭരണഘടന. ഈ വിശാലമായ ആശയത്തെ വോട്ട് ബാങ്കിന്റെ ഉപാധിയാക്കി മാറ്റിയതാണ് തത്ത്വനിഷേധത്തിനുള്ള പ്രധാന കാരണം. ഈ തത്ത്വവ്യതിയാനം കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മതേതരത്വ ആശയത്തെ യഥാര്‍ഥമായ രീതിയില്‍ പ്രാവര്‍ത്തികമാക്കുമെന്ന് പ്രതീക്ഷിക്കുക.
പട്ട്യേരി കുഞ്ഞികൃഷ്ണന്‍ അടിയോടി, കരിയാട്
എല്ലാവരെയും ജയിപ്പിക്കുന്ന
വിദ്യാഭ്യാസം
ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധികളും സാധ്യതകളും ചര്‍ച്ച ചെയ്ത ലക്കം 2852 ശ്രദ്ധേയമായി. പക്ഷേ, ഇന്ന് പ്രാഥമിക വിദ്യാഭ്യാസ രംഗവും കേരളത്തില്‍ സുരക്ഷിതമാണോ? ഉയര്‍ന്ന ഗ്രേഡോടെ എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടു മാത്രം സര്‍ക്കാറിന്റെ ബാധ്യത പൂര്‍ണമാവുമോ? 14802 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഇത്തവണത്തെ എസ്.എസ്.എല്‍.സി വിജയശതമാനം 95.47 ആയിരുന്നു. ഓരോ വര്‍ഷവും വിജയശതമാനവും എ പ്ലസുകാരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. എ പ്ലസുകാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതില്‍ ഗ്രേസ് മാര്‍ക്കിന്റെ പങ്ക് അനിഷേധ്യമാണ്.
ഒരു വിദ്യാര്‍ഥിയുടെ പഠന മികവ് അളക്കുന്നത് പരീക്ഷയും പാഠ്യേതര മികവ് നിര്‍ണയിക്കാന്‍ കലാ-കായിക മത്സരങ്ങളും ആണല്ലോ. മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാകുന്നവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുമുണ്ട്. മാത്രവുമല്ല, പ്ലസ് വണ്‍ അഡ്മിഷന്‍ സമയത്ത് ഇത്തരം മത്സരവിജയികള്‍ക്ക് മുന്‍ഗണനയും എസ്.പി.സി, എന്‍.സി.സി എന്നിവക്ക് പ്രത്യേകം ബോണസ് പോയിന്റും നല്‍കിവരുന്നുണ്ട്. ഇതിനൊക്കെ പുറമെ 30-ഉം 60-ഉം ഗ്രേസ് മാര്‍ക്ക് എന്ന് പേരിട്ടു നല്‍കി എ പ്ലസുകാരാക്കി നിര്‍ണയിക്കുന്നത് പഠന മികവോ പാഠ്യേതര മികവോ? ഇത്തരമൊരവസ്ഥയില്‍ നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ മുന്‍തൂക്കം നല്‍കുന്നത് പാഠ്യേതര മികവുകള്‍ക്കാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ മേഖലയില്‍ മികച്ച വിദ്യാര്‍ഥികള്‍ക്ക് അതേ മേഖലയില്‍ ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം ചെയ്തുകൊടുക്കലല്ലേ കൂടുതല്‍ അഭികാമ്യം?
മുമ്പത്തെ പോലെ മാര്‍ക്കിംഗ് രീതിയായിരുന്നുവെങ്കില്‍ 14802-ാം റാങ്കുകാരനെ നാമാരും അറിയാറില്ല. ഇന്നിപ്പോള്‍ 1 മുതല്‍ 14802 വരെയുള്ളവരും ഒന്നാം റാങ്കുകാരാവുന്ന വിരോധാഭാസമാണ് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയിലുള്ളത്. ഇത് തുടര്‍ന്നാല്‍ എ പ്ലസുകാര്‍ പോലും ഓപ്പണ്‍ സ്‌കൂളുകളെ ആശ്രയിക്കേണ്ട കാലം വിദൂരത്തല്ല.
മുഴുവന്‍ കുട്ടികളെയും ഉയര്‍ന്ന മാര്‍ക്കോടെ ജയിപ്പിച്ചുവിട്ടിട്ട് സര്‍ക്കാറിന് എന്ത് നേട്ടം കൊയ്യാനാണ്? ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകമൊട്ടുക്കുമുള്ള വിദ്യാര്‍ഥികളോടല്ലേ ഇവരും മത്സരിക്കേണ്ടത്? അവിടെ കൈയാങ്കളി നടത്തിയോ അല്ലാതെയോ സംസ്ഥാനതലത്തില്‍ നേടുന്ന എ ഗ്രേഡ് കണക്കിലെടുക്കുമോ? വിദ്യാസമ്പന്നരായ രക്ഷിതാക്കള്‍ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ അഭയം തേടുന്നതിനെ നാമെന്തിനു പഴിക്കണം?
പി. ഷഹീന മങ്കട
പ്രബോധനം ലക്കം 2853-ലെ കവിതകള്‍ ചിന്തനീയവും ആശയ സമ്പുഷ്ടവുമായിരുന്നു. ഒ.കെ വാഹിദ് ഉണ്യാലിന്റെ 'പ്രവാസം' പ്രവാസ ജീവിതത്തിന്റെ വിരഹവും ശൈത്യ-ഉഷ്ണങ്ങളും വിഷയമാക്കുന്നു. പ്രവാസ ജീവിതത്തിന്റെ അക്ഷര ആവിഷ്‌കാരമായിരുന്നു കവിത. ജുസൈനയുടെ 'സൗഹൃദം', കലാലയ ജീവിതത്തിലെ സുഖദുഃഖാനന്ദങ്ങള്‍ക്കിടയില്‍ വിരിഞ്ഞ കൂട്ടുകെട്ടിന്റെ നന്മയെ മഹത്വവത്കരിക്കുന്നു.
അബ്ദുല്‍ റസാക്ക് പുലാപ്പറ്റ
പുതുതായി പ്രബോധനം വായിച്ചു തുടങ്ങുന്നവരാണ് ഞാനും എന്റെ കുടുംബവും. വാരികയുടെ ഓരോ പേജും പഠനാര്‍ഹവും സൂക്ഷിപ്പു ഗ്രന്ഥമാക്കാന്‍ പറ്റുന്നതുമാണ്. 'കുടുംബം' എന്ന പംക്തിയാണ് ഞങ്ങള്‍ ഒരുമിച്ചിരുന്ന് വായിക്കാറുള്ളത്. ഈ പംക്തി ഞങ്ങളുടെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കിയിരിക്കുന്നത്.
അബൂ തമന്ന, പുലാപ്പറ്റ
Comments