Prabodhanm Weekly

Pages

Search

2014 ജൂണ്‍ 20

സ്വര്‍ഗത്തിലേക്ക് കുറുക്കുവഴി തേടുന്നവര്‍!

അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍ /കുറിപ്പുകള്‍

         എന്റെ ഗ്രാമമായ കൊടിയത്തൂരില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മരിച്ച രണ്ടു പേരുടെ മൃതശരീരങ്ങള്‍ 3500-ലധികം കിലോമീറ്റര്‍ ദൂരെയുള്ള പഞ്ചാബില്‍ കൊണ്ടുപോയാണ് ഖബ്‌റടക്കിയത്. മൃതദേഹം എംബാം ചെയ്യാനും നെടുമ്പാശ്ശേരിയില്‍ നിന്ന് അമൃതസറിലേക്ക് വിമാനത്തിലും, അതിന് മുമ്പും ശേഷവും റോഡുമാര്‍ഗം ആംബുലന്‍സുകളിലും കൊണ്ടുപോകാനും  രണ്ടുമൂന്ന് പേര്‍ക്ക് കൂടെ പോകാനുമൊക്കെയായി ലക്ഷത്തിലേറെ രൂപ ചെലവാക്കിയുള്ള ഈ അന്ത്യയാത്ര എന്തിനായിരുന്നുവെന്ന് സംഭവമറിഞ്ഞ  പലരിലും ജിജ്ഞാസ ഉളവാക്കിയിട്ടുണ്ട്.

         ഏറെ പുരോഗമനവാദികളായി ചമയുകയും തങ്ങളുടെ മതവിശ്വാസം ശാസ്ത്രത്തിന്റെയും ബുദ്ധിയുടെയും അടിസ്ഥാനത്തിലുള്ളതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന, അഹ്മദികള്‍ എന്ന് സ്വയം വിളിക്കുന്ന അവരിലെ ഖാദിയാനി വിഭാഗക്കാരാണ് കൊടിയ ഈ അന്ധവിശ്വാസത്തിന്റെ ഇരകള്‍. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന യേശു ഇപ്പോഴും ആകാശത്ത് ജീവിച്ചിരിപ്പുണ്ടെന്നും ലോകാന്ത്യത്തോടെ ഭൂമിയിലേക്ക് തിരിച്ചുവരുമെന്നുമുള്ള മുസ്‌ലിംകളുടെ വിശ്വാസത്തെ യുക്തിരഹിതവും ശാസ്ത്രവിരുദ്ധവുമായി കാണുന്നവരാണ് തങ്ങളുടെ പ്രവാചകന്റെ ജന്മസ്ഥലമായ ഖാദിയാനിലെ പ്രത്യേക ശ്മാശനത്തില്‍ ഖബ്‌റടക്കുന്നതോടെ ഏതൊരാളും ഉടലോടെ സ്വര്‍ഗത്തിലെത്തുമെന്ന് വിശ്വസിച്ചു മൃതദേഹവും ചുമന്ന് ബഹുദൂരം സഞ്ചരിക്കുന്നത് എന്നത് ഏറെ വിചിത്രവും വിരോധാഭാസവും തന്നെ. ഇങ്ങനെ ലോകത്തെങ്ങുനിന്നും മൃതദേഹങ്ങള്‍ തോന്നിയപോലെ പഞ്ചാബിലെത്തിക്കാമെന്ന് കരുതേണ്ട. അതിന് മുമ്പേ, സ്വന്തം സ്ഥാവര ജംഗമസ്വത്തുക്കളുടെ പത്ത് ശതമാനം അഹ്മദിയാ ജമാഅത്തിന് നല്‍കുമെന്ന് വസ്വിയ്യത്ത് ചെയ്‌തെങ്കിലേ അവിടെ ഖബ്‌റടക്കാനനുവദിക്കുകയുള്ളൂ.

         മൃതദേഹം എവിടെ എവ്വിധം സംസ്‌കരിച്ചാലും സത്യവിശ്വാസിയും സദ്കര്‍മിയുമായ ഏതൊരാളും പരലോകമോക്ഷം നേടുമെന്നും ശാശ്വത സ്വര്‍ഗീയ ജീവിതം അനുഭവിക്കുമെന്നുമുള്ള കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാകില്ല. മനുഷ്യ ജീവിതത്തിന്റെ ഒന്നാം ഘട്ടം ജഡിക പ്രധാനമാണ്. ഭൗമജീവിതത്തിലെ സുഖദുഃഖങ്ങള്‍ ശരീരമാണ് അനുഭവിക്കുക. മരണാനന്തരമുള്ള ബര്‍സഖീ ജീവിതം ആത്മീയമാണ്. അവിടെ ആത്മാവിനാണ് ശാന്തിയും അശാന്തിയും അനുഭവപ്പെടുക. എന്നാല്‍ ശേഷം ലഭിക്കുന്ന സ്വര്‍ഗീയമോ നരകീയമോ ആയ ശാശ്വത ജീവിതത്തിലെ ഹര്‍ഷോന്മാദങ്ങളും കൊടൂര ശിക്ഷകളും ശരീരത്തിനും ആത്മാവിനും തുല്യ പ്രാധാന്യത്തോടെ അനുഭവവേദ്യമാകും. അതുകൊണ്ടുതന്നെ രണ്ടാം ഘട്ടത്തില്‍ ശരീരം മണ്ണോ അഗ്നിയോ തിന്നു തീര്‍ത്താലും ജീവജാലങ്ങളുടെ ആമാശയത്തില്‍ ദഹിച്ചുതീര്‍ന്നാലും ഹിമക്കട്ടക്കടിയില്‍ ലോകാന്ത്യം വരെ യാതൊരു കേടും പറ്റാതെ നിലനിന്നാലും യാതൊരു പ്രത്യേകതയുമില്ല. മൂന്നാം ഘട്ട ജീവിതത്തെക്കുറിച്ച് നമുക്ക് ഊഹിക്കാന്‍ പോലും കഴിയാത്തത്, അത്തരം സാഹചര്യം അതിന് മുമ്പ് ഒരു നിമിഷം പോലും അനുഭവിക്കാനാവാത്തത് കൊണ്ടാണ്. അഭിനവ പ്രവാചകത്വവാദി നിര്‍ണയിച്ച മണ്ണില്‍ ശവമടക്കുന്നതോടെ, ആ ഒരു കാരണത്താല്‍ മാത്രം സ്വര്‍ഗലബ്ധിയുടെ സൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസം ഇസ്‌ലാമിന് മാത്രമല്ല, പരലോക വിശ്വാസത്തിന് ഊന്നല്‍ നല്‍കുന്ന മറ്റു സെമിറ്റിക് മതവിശ്വാസങ്ങള്‍ക്കുമെതിരാണ്.

         ഖാദിയാനികള്‍ ഈ സമ്പ്രദായം തുടങ്ങിയിട്ട് 109 വര്‍ഷങ്ങളായെങ്കിലും കേരളത്തില്‍ ഈ പ്രവണത കാണാനായത് മൂന്ന് നാല് വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. അതിന് ഒന്നിലേറെ കാരണങ്ങളുണ്ട്. മൃതദേഹം വിമാനങ്ങളിലയക്കാന്‍ ഇന്നത്തെപ്പോലെ സൗകര്യം നേരത്തെ ഉണ്ടായിരുന്നില്ല. മുമ്പുള്ളവര്‍ക്ക് ഇന്നത്തെപ്പോലെ സാമ്പത്തിക സുസ്ഥിതിയും ഇല്ലായിരുന്നു. ഇപ്പോഴും സമ്പത്തും സൗകര്യവുമുള്ളവര്‍ക്ക് മാത്രമാണ് സ്വര്‍ഗം മുന്‍കൂട്ടി 'റിസര്‍വ്' ചെയ്യാനാവുക. പ്രധാന കാരണം ഇതൊന്നുമല്ല. ഇക്കാര്യത്തെക്കുറിച്ച അറിവില്ലായ്മയായിരുന്നു അത്. അടുത്ത കാലത്താണ് പലരും ഈ 'കുറുക്കു'വഴിയെക്കുറിച്ച് അറിഞ്ഞത്. 1905-ലാണ് ഖാദിയാനില്‍ 'ബഹശ്തീ മഖ്ബറ'യെന്ന പ്രത്യേക ശ്മശാനം നിര്‍മിച്ചത്. 1906-ല്‍ തന്നെ കേരളത്തില്‍ ഖാദിനിയാനിസത്തിന്റെ വിത്ത് വീഴുകയും 1925-ല്‍ അതിന്റെ മലയാള മുഖപത്രം പ്രസിദ്ധീകരണമാരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, 1980 വരെയുള്ള അതിന്റെ ഒരു ലക്കത്തിലും ഈ പദ്ധതിയെക്കുറിച്ച പരാമര്‍ശമില്ല. ആദ്യ ലക്കം മുതല്‍ ഈ ലേഖകന്റെ ശേഖരത്തിലുള്ളതുകൊണ്ട് ആധികാരമായിത്തന്നെയാണ് ഇത് പറയുന്നത്. ഖാദിയാനി പ്രവാചകന്റെ തൊണ്ണൂറോളം ഗ്രന്ഥങ്ങളില്‍ 90 ശതമാനവും ഉര്‍ദു ഭാഷയിലും ബാക്കി അറബി-പേര്‍ഷ്യന്‍ ഭാഷകളിലുമായതും അവയില്‍ ഈ 'പദ്ധതി' പ്രഖ്യാപിച്ച, കേവലം 25 പേജുകള്‍ മാത്രമുള്ള അല്‍വസ്വിയ്യത്ത് എന്നതുള്‍പ്പെടെയുള്ള കൃതികള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യാത്തതും ഈ അറിവില്ലായ്മക്ക് കാരണമാണ്. അഞ്ചോ ആറോ ചെറിയ പുസ്തകങ്ങള്‍ മാത്രമാണ് ഒരു നൂറ്റാണ്ടിലേറെക്കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഖാദിയാനീ വിഭാഗക്കാര്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍, മലയാളി എഴുത്തുകാരുടെ മൗലിക രചനകളും മറ്റു ഖാദിയാനി നേതാക്കളുടെ ബൃഹദ് ഗ്രന്ഥങ്ങള്‍ മൊഴിമാറ്റിയും ഇവര്‍ പ്രസിദ്ധീകരിക്കുന്നുണ്ട് എന്നത് സ്വന്തം പ്രവാചകന്റെ കൃതികള്‍ തമസ്‌കരിക്കുകയെന്ന അജണ്ടയുടെ ഭാഗമായി മനസ്സിലാക്കാം. ഉര്‍ദുവിലുള്ള കൃതികളാകട്ടെ ലോകത്തെവിടെയും വാങ്ങാന്‍ കിട്ടില്ലെന്നതും ആര്‍ക്കും അന്വേഷിച്ചാലറിയാവുന്ന സത്യമാണ്. എന്നിരിക്കെ ഈ 'മഹത്തായ കാര്യം' അഹ്മദികള്‍ അറിയുന്നത് വാമൊഴികളിലൂടെയോ വല്ലപ്പോഴും നടത്തുന്ന ഖാദിയാന്‍ സന്ദര്‍ശനത്തിലൂടെയോ മാത്രമാണ്. യാത്രാ, സാമ്പത്തിക സൗകര്യങ്ങള്‍ മെച്ചപ്പെട്ടതോടെ വര്‍ഷം തോറും ഡിസംബറില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തിന് പോകുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുമുണ്ട്. സമ്മേളനത്തെ നിഴല്‍ ഹജ്ജ്, ബദല്‍ ഹജ്ജ് എന്നൊക്കെ വിശേഷിപ്പിച്ച പ്രവാചകത്വവാദിയുടെ ഖബ്ര്‍ സന്ദര്‍ശനം റൗദാ സന്ദര്‍ശം പോലെ പവിത്രമാണെന്ന് 'ഖലീഫ'മാരും പ്രഖ്യാപിച്ചിട്ടുണ്ട്.

         യാദൃഛികമോ വിരോധാഭാസമോ ഏതായാലും കേരളത്തിലെ ഖാദിയാനികള്‍ ബഹശ്തീ മഖ്ബറയുടെസുവിശേഷം അറിയുന്നത് എതിരാളികളുടെ വാമൊഴി വരമൊഴികളിലൂടെയാണെന്നത് സത്യമാണ്. 1980-കളില്‍ അന്‍ജുമന്‍ ഇശാഅത്തെ ഇസ്‌ലാം പ്രവര്‍ത്തകരുടെ പ്രഭാഷണങ്ങളും 1987-ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലെ ഉദ്ധരണികളുമാണ്ഈ വിഷയം പഠിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അവരുടെ സംസ്ഥാന നേതാക്കളിലൊരാള്‍ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. 'അല്‍വസ്വിയ്യത്തി'ന്റെ ഇംഗ്ലീഷ് പരിഭാഷ The Will വായിച്ചു മനസ്സിലാക്കിയ ശേഷം താനും വസ്വിയ്യത്ത് ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. കോടിക്കണക്കായ സ്വത്തുക്കളുടെ ഉടമയായ ആ മാന്യദേഹം പക്ഷേ അതിന്റെ പത്ത് ശതമാനം കൊടുക്കാതിരിക്കാനായി കണ്ട സൂത്രം ജീവിച്ചിരിക്കെത്തന്നെ അവ അനന്തരാവകാശികള്‍ക്ക് ദാനം നല്‍കുക എന്നതായിരുന്നു. വളരെ കുറച്ചു മാത്രമേ സ്വന്തം പേരില്‍ അവശേഷിപ്പിച്ചുള്ളൂ. അതിന്റെ പത്തു ശതമാനം നല്‍കിയാലും വസ്വിയ്യത്ത് പൂര്‍ത്തിയാവുകയും 'സ്വര്‍ഗം നേടുക'യും ചെയ്യാമെന്നിരിക്കെ പിന്നെയെന്തിന് ഖാദിയാനിലെ ആറടി മണ്ണിന് കോടികള്‍ ചെലവഴിക്കണം? ഇവിടത്തെ സമ്പന്നരായ ഖാദിയാനികളില്‍ മിക്ക പേരും അതേനയം തന്നെയാണ് സ്വീകരിച്ചതെന്ന് അന്വേഷണത്തില്‍ നിന്ന് അറിയാന്‍ സാധിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 103-107
എ.വൈ.ആര്‍