Prabodhanm Weekly

Pages

Search

2014 ജൂണ്‍ 20

മക്കളെ മതവിരോധികളാക്കുന്ന മാതാപിതാക്കള്‍

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         യാള്‍ സംസാരിച്ചുതുടങ്ങി: ''മതത്തോടും മതവിശ്വാസികളോടുമെല്ലാം വെറുപ്പാണിപ്പോള്‍. നമസ്‌കാരത്തില്‍ പോലും താല്‍പര്യമില്ലാതായി. മതത്തെക്കുറിച്ചോ മതനിഷ്ഠയെക്കുറിച്ചോ ഉള്ള വര്‍ത്തമാനങ്ങള്‍ പോലും എനിക്ക് അസഹ്യമായിരിക്കുന്നു.'' ഒറ്റ വീര്‍പ്പില്‍ അയാള്‍ പറഞ്ഞു.

         ''എന്താണ് മതത്തോട് ഇത്രയും വെറുപ്പുണ്ടാവാന്‍ കാരണം?'' ഞാന്‍ കാരണം ആരാഞ്ഞു. അയാള്‍ കൂടെ വന്ന തന്റെ സഹോദരിയെ നോക്കി. ''മതത്തോടും മതവിശ്വാസികളോടുമുള്ള വിരോധത്തിനും വെറുപ്പിനും കാരണം നീ പറഞ്ഞു കൊടുക്കുക.''

         ''ഞാന്‍ ആ കഥ ആദ്യം തൊട്ടേ പറയാം''- അവള്‍ സംസാരം തുടങ്ങി: ''എനിക്കിപ്പോള്‍ പതിനഞ്ച് വയസ്സായി. എന്റെ ഈ സഹോദരന്‍ എന്നെക്കാള്‍ രണ്ട് വയസ്സ് മൂത്തതാണ്. ഞങ്ങളുടെ മാതാപിതാക്കളെക്കുറിച്ച ആവലാതിയുമായാണ് ഞങ്ങള്‍ താങ്കളെ സമീപിച്ചിരിക്കുന്നത്. അവര്‍ രണ്ട് പേരുമാണ് മതത്തോടും മതവിശ്വാസികളോടുമെല്ലാം ഞങ്ങള്‍ക്കുണ്ടായ എല്ലാ വെറുപ്പിന്റെയും വിരോധത്തിന്റെയും യഥാര്‍ഥ കാരണക്കാര്‍. എന്റെ ഉമ്മ ഹിജാബൊക്കെ ധരിച്ച്, അടക്കവും ഒതുക്കവും നല്ല മതനിഷ്ഠയും ഉണ്ടെന്ന് പുറമേക്ക് തോന്നിക്കുന്ന കൂട്ടത്തിലാണ്. എന്നാല്‍, അവരുടെ സ്വഭാവത്തിനോ പെരുമാറ്റത്തിനോ മതവുമായി ഒരു ബന്ധവുമില്ല. ഞങ്ങള്‍ കൊച്ചുങ്ങളായ കാലത്ത് അവരുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍, അറിയാതെത്തന്നെ ഞങ്ങള്‍ക്ക് മതത്തോട് വെറുപ്പുളവാക്കുന്ന വിധത്തിലുള്ളതായിരുന്നു. അവര്‍ എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും: 'കളവ് പറയുന്നവരെ അല്ലാഹു നരകത്തിലിട്ട് തീ കൊണ്ട് കരിച്ചുകളയും. സൂക്ഷിച്ചോ'. അതേയവസരത്തില്‍ ഞങ്ങളുടെ മുന്നില്‍ വെച്ച് അവര്‍ നിരവധി കളവുകളും വ്യാജങ്ങളും പറയുന്നത് ഞങ്ങള്‍ എത്രയോ തവണ കേട്ടിട്ടുണ്ട്. അപ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ക്ക് തോന്നും, അല്ലാഹു എന്താണ് ഇങ്ങനെ കളവ് പറയുന്ന കുട്ടികളെ മാത്രം തീ കൊണ്ട് കരിക്കുകയും വലിയവരെ വെറുതെ വിടുകയും ചെയ്യുന്നത്? ഞാനും എന്റെ സഹോദരനും എന്തെങ്കിലും ചെയ്യുന്നത് കണ്ടാല്‍ അപ്പോള്‍ തുടങ്ങും ഉമ്മ: 'ഇങ്ങനെ ചെയ്യുന്നവരെ അല്ലാഹുവിന് ഇഷ്ടമല്ല.' അപ്പോള്‍ ഞങ്ങള്‍ക്ക് തോന്നും അല്ലാഹുവിന് ഞങ്ങളെ ഇഷ്ടമില്ലെന്ന്, കുഞ്ഞുങ്ങളെ തീ കൊണ്ട് കരിച്ചു ശിക്ഷിക്കുന്ന അവന്‍ കരുണയില്ലാത്തവനാണെന്ന്. എന്തിനാണ് പിന്നെ ഞങ്ങള്‍ നമസ്‌കരിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്നത്?''

         അപ്പോള്‍ ഇടക്ക് കയറി സഹോദരന്‍: ''അതിനൊക്കെ പുറമെ അവര്‍ ഞങ്ങളെ അടിക്കും, ശകാരിക്കും, ഒച്ച വെക്കും. പുറമെയുള്ളവരെ ദീനിന്റെ വിഷയങ്ങള്‍ പറഞ്ഞ് ഉപദേശിക്കുകയും ചെയ്യും. ഏതൊരു മതത്തെക്കുറിച്ചാണവര്‍ പറയുന്നത് എന്ന് അത്ഭുതപ്പെടും. ഇത് ഉമ്മയുടെ കഥ. ഉപ്പ ബിസിനസ്സുകാരനാണ്. സമര്‍ഥന്‍. പേരു കേട്ടവന്‍. നല്ല നമസ്‌കാരക്കാരന്‍. മതനിഷ്ഠയുള്ളവന്‍. അതേയവസരം അദ്ദേഹം അശ്ലീല ഫിലിമുകള്‍ കാണുന്നത് എത്രയോ തവണ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലുമുണ്ട് അദ്ദേഹത്തിന്റെ പരസ്ത്രീബന്ധം സൂചിപ്പിക്കുന്ന നിരവധി ദൃശ്യങ്ങള്‍. താന്‍ പാര്‍ട്ട്ണറായ കമ്പനിയുടെ പണം സ്വന്തം ആവശ്യത്തിന് മറ്റുള്ളവര്‍ അറിയാതെ ഉപയോഗിക്കുന്നതും ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഞാനും എന്റെ പെങ്ങളും ഒരു നേരം നമസ്‌കാരത്തില്‍ വീഴ്ചവരുത്തിയാല്‍ പിന്നെ അടിയുടെ പൂരമായി. അങ്ങനെ ഞങ്ങള്‍ക്ക് നമസ്‌കാരത്തോട് വെറുപ്പായി. നമസ്‌കരിക്കുന്നവരോട് മാത്രമല്ല, മതവിശ്വാസികളോട് മുഴുക്കെ വിരോധമായി. വീട്ടില്‍ നിത്യവും കാണുന്ന ഈ 'കപടമതനാട്യം' ഞങ്ങളെ ശരിക്കും ദീനിന്റെ ശത്രുക്കളാക്കിത്തീര്‍ത്തു.''

         പിന്നെ എന്റെ ഊഴമായി. മതവും മതവിശ്വാസികളും തമ്മിലെ വ്യത്യാസത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുതുടങ്ങിയത്: ''ദീന്‍ എന്നാല്‍ അത് ജീവിതപദ്ധതിയാണ്, സ്വഭാവമാണ്, സംസ്‌കാരമാണ്. ഇഹലോകത്തും പരലോകത്തും മനുഷ്യന്റെ ജീവിതം സൗഭാഗ്യപൂര്‍ണമാക്കുന്ന ദൈവിക നിര്‍ദേശങ്ങളും കല്‍പനകളുമാണ് മതത്തിന്റെ സാരാംശം. മതനിഷ്ഠയുള്ള വ്യക്തിയെന്നാല്‍ ദീനിനോട് ബന്ധമുള്ള ആളെന്നേ അര്‍ഥമുള്ളൂ. അയാള്‍ 'ദീനീ' ആണ് എന്നല്ല. ഈ വ്യക്തി നല്ല മാതൃക കാഴ്ചവെച്ചാല്‍ മതത്തെക്കുറിച്ച ഒരു നല്ല ചിത്രമാണ് അയാള്‍ നല്‍കുന്നത്. ഇനി ചീത്ത മാതൃകയാണ് അയാള്‍ നല്‍കുന്നതെങ്കില്‍ നിങ്ങള്‍ ഇരുവരുടെയും മാതാപിതാക്കളെപ്പോലെ വികലമായ സങ്കല്‍പമാണ് മതത്തെക്കുറിച്ച് അതുണ്ടാക്കുക. അപ്പോള്‍ പ്രശ്‌നം മതത്തിന്റെയല്ല, മതവിശ്വാസികളുടേതാണ്. ഇവ രണ്ടിനുമിടയില്‍ വലിയ വ്യത്യാസമുണ്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ.''

         അവരെ സത്യസന്ധരും മതനിഷ്ഠയുള്ളവരുമായ മാതാപിതാക്കളാക്കി മാറ്റാന്‍ നിങ്ങള്‍ക്കാവുമെന്നും ഞാന്‍ അവരെ ധരിപ്പിച്ചു. മാതാപിതാക്കള്‍ പ്രദര്‍ശിപ്പിക്കുന്ന 'മതകാപട്യ'ത്തെക്കുറിച്ച് ആ കുട്ടികള്‍ പറഞ്ഞ വാക്കുകളാണ് എന്റെ മനസ്സില്‍ കൊണ്ടത്. അവര്‍ പൊതുജനദൃഷ്ടിയില്‍ നല്ല മതഭക്തരാണെങ്കിലും യഥാര്‍ഥത്തില്‍ അങ്ങനെയല്ലെന്നാണല്ലോ മക്കള്‍ പറഞ്ഞുവെച്ചത്. മാതാപിതാക്കള്‍ ഇരുവരും മതത്തെ തങ്ങളുടെ ആവശ്യപൂര്‍ത്തീകരണത്തിന് ഉപകരണമാക്കുകയോ ചൂഷണം ചെയ്യുകയോ ആണ്. അതുകൊണ്ടാണല്ലോ ഈ കുട്ടികള്‍ മതവിരോധികളും നിരീശ്വര ചിന്തകള്‍ പുലര്‍ത്തുന്നവരുമായി മാറിയത്!

         ഈ വസ്തുതകള്‍ മുന്നില്‍ വെച്ച് ഞാന്‍ ചോദിക്കുകയാണ്, നാം നമ്മുടെ മക്കളെ വളര്‍ത്തുന്ന രീതി മതത്തോട് വെറുപ്പുണ്ടാക്കാനാണോ, മതത്തോട് ഇഷ്ടമുണ്ടാക്കാനാണോ ഉപകരിക്കുന്നത്? എനിക്ക് ഒരു ഉമ്മയെ അറിയാം. 'മോളേ നീ നമസ്‌കരിച്ചോ' എന്ന് ചോദിച്ചാല്‍ മകള്‍ സത്യം പറയും: 'അതേ ഉമ്മാ, ഞാന്‍ നമസ്‌കരിച്ചു.' ഉടന്‍ ഉമ്മയുടെ സ്ഥിരം പ്രതികരണം: 'ഇല്ല, നീ നമസ്‌കരിച്ചിട്ടില്ല. നീ എന്നെ ബോധിപ്പിക്കാന്‍ കളവ് പറയുകയാണ്.' ഒടുവില്‍ ഈ പെണ്‍കുട്ടി നമസ്‌കാരം തന്നെ വേണ്ടെന്നു വെച്ചു. ഉമ്മക്ക് തന്നെക്കുറിച്ചുള്ള തെറ്റായ മുന്‍ധാരണകള്‍ കാരണം പിന്നെ അവള്‍ കളവേ പറയൂ എന്നായി. മറ്റൊരു ഉമ്മയെയും എനിക്കറിയാം. നല്ല ഒരു ഉമ്മ. മക്കളോടുള്ള അവരുടെ പെരുമാറ്റം ഒന്ന് കാണേണ്ടതുതന്നെയാണ്. മക്കള്‍ സത്യം പറയാനും നമസ്‌കാരം അവര്‍ക്ക് പ്രിയങ്കരമായ അനുഷ്ഠാനമാക്കിത്തീര്‍ക്കാനും ഉമ്മയുടെ ഇടപെടലും പെരുമാറ്റവും കാരണമായിത്തീര്‍ന്നു എന്നതാണ് അനുഭവം. ആ മകള്‍ തന്നെ എന്നോട് പറഞ്ഞതാണിത്:

         ''ഉമ്മ 'നമസ്‌കരിച്ചോ' എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും: 'ഇല്ല ഉമ്മ ഞാന്‍ നമസ്‌കരിച്ചിട്ടില്ല.' അപ്പോള്‍ ഉമ്മയുടെ പുഞ്ചിരിയോടെയുള്ള മറുപടി: മോളേ! നീ സത്യം പറഞ്ഞതിന് ഉമ്മക്ക് ഒരുപാട് നന്ദിയുണ്ട്. നമസ്‌കാരത്തില്‍ മോള്‍ പ്രത്യേകം ഉത്സാഹം കാണിക്കുമെന്നാണ് ഉമ്മയുടെ പ്രതീക്ഷ.''

         ഈ ഉമ്മ ചെയ്തതെന്താണ്? പ്രശംസക്കാണ് ആക്ഷേപത്തെക്കാള്‍ മുന്‍ഗണന നല്‍കിയത്. വിമര്‍ശനത്തെക്കാള്‍ പ്രോത്സാഹനത്തിനാണ് പ്രാധാന്യം നല്‍കിയത്. ഈ മകള്‍ക്ക് ദീനിനോട് സ്‌നേഹം തോന്നാനും നമസ്‌കാരത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും ഈ ശൈലി സഹായകമായി. ഈ ശൈലിയാണ് നമ്മുടെ മക്കള്‍ക്ക് ദീനിനോടും മതാനുഷ്ഠാനങ്ങളോടും ഇഷ്ടമുണ്ടാക്കാന്‍ ഉപകരിക്കുക; അതായത് സത്യസന്ധമായ സ്വഭാവരീതികളും നല്ല മാതൃകയും. റസൂല്‍(സ) പറഞ്ഞല്ലോ: ''വിശ്വാസികളില്‍ വിശ്വാസത്തിന്റെ പൂര്‍ണതയിലും പരകോടിയിലും എത്തിയവര്‍ അവരിലെ സദ്ഗുണ സമ്പന്നരാണ്; വിനയാന്വിതരാണ്; ജനങ്ങളോട് ഇണങ്ങുന്നവരും ജനങ്ങളെ ഇണക്കുന്നവരുമാണ്. ജനങ്ങള്‍ക്ക് ഇണങ്ങാനോ ജനങ്ങളെ ഇണക്കാനോ കഴിയാത്തവനില്‍ ഒരു നന്മയുമില്ല.''

         അപ്പോള്‍ മതമെന്നാല്‍ കച്ചവടമല്ല. ജനങ്ങളെ കബളിപ്പിക്കുന്ന രൂപഭാവങ്ങളല്ല. വേഷഭൂഷാദികളുമല്ല മതവിശ്വാസം. ആന്തരികമായ ബോധ്യത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നും ഉരുത്തിരിയുന്ന ജീവിത ശൈലിയാണത്. സത്യസന്ധമായ പെരുമാറ്റം, നല്ല ഇടപെടലുകള്‍, സമ്പര്‍ക്കങ്ങള്‍ ഇതൊക്കെയാണ് മതത്തിന്റെ ആകത്തുക. നമ്മുടെ സ്വഭാവം ഏറ്റവും ഉന്നതവും മാതൃക ഏറ്റവും വിശിഷ്ടവുമാണെങ്കില്‍ നമ്മുടെ ചുറ്റിലുമുള്ളവരില്‍ അത് ഗുണാത്മക ഫലങ്ങള്‍ ഉളവാക്കും. അതിന്റെ പ്രഭ പരിസരങ്ങളില്‍ പ്രസരിക്കും. ദീനിന്റെ ഭാസുര ചിത്രം അത് മുഖേന ജനങ്ങളുടെ മുമ്പില്‍  അവതരിപ്പിക്കാനും നമുക്ക് സാധിക്കും. ഈ കാലത്ത് നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തിലും നമ്മുടെ വീടുകളിലും വിനഷ്ടമായത് ഈ മൂല്യങ്ങളാണ്, ഈ ഉദാത്ത മാതൃകകളാണ്.  

വിവ: പി.കെ ജമാല്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 103-107
എ.വൈ.ആര്‍