Prabodhanm Weekly

Pages

Search

2014 ജൂണ്‍ 20

പതിനഞ്ചാണ്ടിനുശേഷം സഫലമാകുന്ന സ്വപ്നം

സദ്‌റുദ്ദീന്‍ വാഴക്കാട് /കണ്ടെത്താത്ത ഇന്ത്യയിലൂടെ-6

         ലികാ ബീഗത്തെ നമുക്ക് മറക്കാനാവില്ല. പാദം വെട്ടിമാറ്റപ്പെട്ട്, ചോര കിനിയുന്ന കാലുമായി, 25-ഓളം മൃതദേഹങ്ങള്‍ക്കൊപ്പം, ഒരു കുളത്തില്‍ മണിക്കൂറോളം കഴിയേണ്ടിവന്ന പതിനാലു വയസ്സുകാരി. നിലച്ചു തുടങ്ങിയ നിലവിളികളുടെ അവസാനത്തെ തേങ്ങലുകള്‍ കേട്ടെത്തിയ അതിര്‍ത്തി രക്ഷാസേനയിലെ പട്ടാളക്കാര്‍ മലികയെ പുറത്തെടുത്ത് അല്‍പം കഴിഞ്ഞപ്പോഴേക്കും അവള്‍ ബോധരഹിതയായിരുന്നു. 1989 ഒക്‌ടോബറില്‍ ബിഹാറിലെ ഭഗല്‍പൂരിലുണ്ടായ വര്‍ഗീയ കലാപത്തിന്റെ മുഴുവന്‍ രൗദ്രതകളും ഏറ്റുവാങ്ങിയ, എല്ലാ ബീഭത്സതകള്‍ക്കും ദൃക്‌സാക്ഷിയായ ഹതഭാഗ്യയാണ് അവള്‍. ഒക്‌ടോബര്‍ 27-ന് 5000ത്തോളം വരുന്ന വര്‍ഗീയഭ്രാന്തന്മാര്‍ അവളുടെ ഗ്രാമം ആക്രമിക്കുകയും അവിടത്തുകാരെ ആട്ടിയോടിച്ച് കൊള്ള നടത്തുകയും ചെയ്തു. അടുത്ത ഗ്രാമത്തിലെ ബന്ധുവീട്ടില്‍ അഭയം തേടിയ മലിക ഉള്‍പ്പെടെയുള്ളവരെ സുരക്ഷിത താവളത്തിലെത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ഗ്രാമമുഖ്യര്‍, വഴിയില്‍ അക്രമികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തു. വധിക്കപ്പെട്ട നിരവധി പേരില്‍ മലികയുടെ വാപ്പ മുഹമ്മദ് മുര്‍തസ, ഉമ്മ സക്കീന ബീവി, അമ്മാവന്‍ മഖ്ബൂല്‍ എന്നിവരുമുണ്ടായിരുന്നു. ഭയന്ന് നിലവിളിച്ച് കുളത്തിലേക്ക് എടുത്തുചാടിയ മലികയുടെ വലതു കാല്‍ വിനോദ് യാദവും സാബു യാദവും വാളുകൊണ്ട് വെട്ടിമാറ്റുകയായിരുന്നു. മരിച്ചെന്നു കരുതി വിട്ടേച്ചുപോയെങ്കിലും, 'ഒരു പെണ്‍കുട്ടി ജീവിച്ചിരിക്കുന്നു, അവളെയും കൂടി കൊല്ലണം' എന്ന് പറഞ്ഞ് കലാപകാരികള്‍ ആക്രോശിക്കുന്നതിനിടക്കാണ് പട്ടാളക്കാര്‍ വന്ന് മലികയെ രക്ഷപ്പെടുത്തിയത്. പറ്റ്‌ന ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ്, മാസങ്ങളെടുത്തു അവര്‍ ജീവിതത്തിലേക്ക് ഭാഗികമായെങ്കിലും തിരിച്ചുവരാന്‍. അന്ന് രക്ഷപ്പെടുത്തിയ പട്ടാള സംഘത്തിലുണ്ടായിരുന്ന ബി.എസ്.എഫ് ജവാന്‍, കശ്മീരിയായ മുഹമ്മദ് നാജ് പിന്നീട് മലികയെ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ രണ്ടു മക്കള്‍ പിറന്നു, ഇംതിയാസും ഫാത്വിമയും. കലാപത്തിന്റെ ഇരയെന്ന നിലയില്‍ കേസും കോടതിയുമായി ഒരുപാട് നാള്‍ നടക്കേണ്ടിവന്നു. ഒടുവില്‍ നീണ്ട കാത്തിരിപ്പിനു ശേഷം മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടി. 2012-ല്‍ മലികയെയും മക്കളെയും ഉപേക്ഷിച്ച് ഭര്‍ത്താവ് തന്റെ വഴിക്ക് പോയി.  നഷ്ടപരിഹാരമായി കിട്ടിയ പണത്തില്‍ നിന്ന് ഒരു വിഹിതവും അയാള്‍ കൊണ്ടുപോയത്രെ! തെരഞ്ഞെടുപ്പില്‍ വോട്ടിനു വേണ്ടി മലികയുടെ പേരും മറ്റുമുപയോഗിച്ച് രാഷ്ട്രീയ നാടകം കളിച്ച പാര്‍ട്ടിക്കാരും ഗവണ്‍മെന്റും സമുദായ നേതാക്കളുമെല്ലാം മലികയെ മറന്നു. ''ബിഹാര്‍ ഗവണ്‍മെന്റിലെ മുസ്‌ലിം മന്ത്രിമാരെ കണ്ട് പരാതി പറഞ്ഞ് ഞാന്‍ മടുത്തു. ആ നേതാക്കളില്‍ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു. കലാപത്തില്‍ എന്തുകൊണ്ട് ഞാനും കൊല്ലപ്പെട്ടില്ല? എന്തിന് ഞാന്‍ മാത്രം ബാക്കിയായി?''-എന്ന് ചോദിച്ച് ഭഗല്‍പൂരിലെ അഹ്മദ് കോളനിയിലെ കൊച്ചു വീട്ടില്‍ കഴിയുന്ന മലിക ബീഗത്തിന്റെ മുഖത്ത്, 24 വര്‍ഷങ്ങള്‍ക്കു ശേഷവും ആ ഭീതി നിഴലിട്ടു നില്‍പുണ്ട്.

         മലികാ ബീഗം വീണ്ടും വരമൊഴിയായി കടന്നുവരാനിടയായത്, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ഒരു അനുഭവവിവരണമാണ്. ഇന്ത്യയിലെ പതിത-പീഡിത ലക്ഷങ്ങള്‍ക്ക് പുതിയ പ്രതീക്ഷയായി, എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ട 'വിഷന്‍ 2016'ന്റെ ചരിത്രപശ്ചാത്തലം വിവരിക്കുകയായിരുന്നു അദ്ദേഹം:

         ''1989-ലെ ഭഗല്‍പൂര്‍ കലാപബാധിത പ്രദേശങ്ങള്‍ നേരില്‍ കാണാന്‍ കേരളത്തില്‍ നിന്ന് ഞങ്ങള്‍ മൂന്ന് പേര്‍ പോയിരുന്നു. ജമാഅത്തെ ഇസ്‌ലാമി ശൂറാ മെമ്പറായിരുന്ന കെ.എം രിയാലു സാഹിബ്, മാധ്യമം അസോസിയേറ്റ് എഡിറ്ററായിരുന്ന ഒ. അബ്ദുല്ല സാഹിബ് എന്നിവരും ഞാനും. ബിഹാര്‍ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനായിരുന്ന പ്രഫ. സുഹൈല്‍ അഹ്മദ് സാഹിബായിരുന്നു ഞങ്ങളുടെ ആതിഥേയന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അവരിരുവരും കലാപബാധിത പ്രദേശങ്ങളിലേക്ക് ഞങ്ങളെ കൊണ്ടുപോയി. വര്‍ഗീയ ഭ്രാന്തന്മാര്‍ താണ്ഡവമാടിയ സ്ഥലങ്ങള്‍, തകര്‍ക്കപ്പെട്ട വീടുകള്‍, പള്ളികള്‍, കൊള്ളയടിച്ച ശേഷം തീ വെച്ചു നശിപ്പിച്ച കച്ചവട കേന്ദ്രങ്ങള്‍, ചുട്ടെരിക്കപ്പെട്ട കൃഷിയിടങ്ങള്‍... എല്ലാം നേരില്‍ കണ്ടു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിടുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ശിലാശേഖരണ യാത്രയെത്തുടര്‍ന്നാണ് കലാപം ആസൂത്രണം ചെയ്തിരുന്നത്. ഭഗല്‍പൂര്‍ മാത്രമല്ല, ബാങ്കാ, ഗാസ, മോംഗീര്‍ തുടങ്ങിയ ജില്ലകളിലും കലാപാഗ്നി പടര്‍ന്നിരുന്നു. പക്ഷേ, ഭഗല്‍പൂരായിരുന്നു ദുരന്തത്തിന്റെ ഭീകരത കൂടുതല്‍ അനുഭവിച്ചറിഞ്ഞത്. വാളും കുന്തവും ഗദയും ത്രിശൂലവും കൊണ്ട് 'ഇന്‍കോ ഹഠാവോ' (ഇവരെ ഉന്മൂലനം ചെയ്യൂ) എന്നാക്രോശിച്ച് ഓടിയെത്തിയ കലാപകാരികള്‍ ഒരു ജനതയുടെ ജീവിതം അപ്പാടെ തകര്‍ത്തെറിയുകയായിരുന്നു. പച്ച മനുഷ്യരെ വെട്ടി നുറുക്കി ചാക്കില്‍ കെട്ടി പാടങ്ങളിലും കുളങ്ങളിലും തള്ളി. മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത് കുഴിച്ചിട്ട ഒരു വയലിലെ കിണറോ, കുളമോ മറ്റോ ഞങ്ങള്‍ക്ക് കാണിച്ചുതന്നതോര്‍ക്കുന്നു. ആട്ടിയോടിക്കപ്പെട്ടതിനാല്‍ ജീവന്‍ മാത്രം തിരിച്ചുകിട്ടിയ, എന്നാല്‍ തീര്‍ത്തും അഭയാര്‍ഥികളായിത്തീര്‍ന്ന ഇരകളെ കണ്ടു, അവരുടെ നിലവിളികള്‍ കേട്ടു. ഹൃദയഭേദകമായിരുന്നു ആ രംഗങ്ങള്‍. അന്നു കണ്ട കാഴ്ചകള്‍ ഇന്നും മനസ്സില്‍ മായാതെ കിടപ്പുണ്ട്. എന്റെ ആദ്യ ഉത്തരേന്ത്യന്‍ യാത്രയായിരുന്നു അത്. ഇന്ത്യയിലെ വലിയൊരു ഭൂപ്രദേശത്ത് നമ്മുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന ദൈന്യതകളും കഷ്ടതകളും നേരില്‍ കണ്ടപ്പോള്‍, അവര്‍ക്കു വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായി. ആ മോഹവുമായാണ് ബിഹാറില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. പക്ഷേ, സംഘടനാ പ്രവര്‍ത്തനത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അതൊരു മോഹം മാത്രമായി മനസ്സില്‍ ബാക്കി കിടന്നു....''

         നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ മോഹം മനസ്സില്‍ നിന്ന് മണ്ണിലേക്കിറങ്ങിയത്. 1989-ല്‍ സിദ്ദീഖ് ഹസന്‍ സാഹിബ് കണ്ട ആ സ്വപ്നത്തില്‍നിന്ന്, ഇന്ത്യയിലെ പതിത ജനലക്ഷങ്ങള്‍ക്ക് പുതിയ പ്രഭാതത്തെ കുറിച്ച് പ്രതീക്ഷ നല്‍കുന്ന പുതിയൊരു പ്രായോഗിക പദ്ധതി രൂപം കൊണ്ടു. ധീരവും ദീര്‍ഘദൃഷ്ടിയുള്ളതുമായ ആ കാല്‍വെപ്പിന്റെ ആദ്യത്തെ പത്തു വര്‍ഷത്തെ പദ്ധതിക്ക് 'വിഷന്‍ 2016' എന്ന് പേരിട്ടു. 'വിഷന്‍' എന്ന വാക്കിന് കാഴ്ചപ്പാട്, ദിശാബോധം എന്നൊക്കൊണര്‍ഥം. ഇന്ത്യയിലെ മുസ്‌ലിം പിന്നാക്കാവസ്ഥയെയും പരിഹാര മാര്‍ഗങ്ങളെയും സംബന്ധിച്ച് ഉപരിപ്ലവമായ വിലയിരുത്തലുകള്‍ക്കും അകം പൊള്ളയായ വാചാടോപങ്ങള്‍ക്കും തൊലിപ്പുറമെയുള്ള ചികിത്സകള്‍ക്കുമപ്പുറത്ത് തികഞ്ഞ ദിശാബോധത്തോടെയാണ് 'വിഷന്‍ 2016' ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷം നേരിടുന്ന ആഴമുള്ള പ്രതിസന്ധികളെ സംബന്ധിച്ച് പഠിച്ചും അനുഭവിച്ചുമറിഞ്ഞ യാഥാര്‍ഥ്യബോധവും ശോഭനമായൊരു ഭാവിയിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പോന്ന കൃത്യമായ കര്‍മപദ്ധതിയും വിഷന്‍ 2016-ന്റെ പ്രത്യേകതയാണ്.

         2005-ല്‍ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ടതോടെയാണ് 'വിഷന്‍ 2016'നു അവസരമൊരുങ്ങിയത്. ജമാഅത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഏറെ ആകൃഷ്ടനായിരുന്നു ഡോ. അന്‍സാരി. ഗള്‍ഫ് പര്യടനവേളയില്‍ മലയാളികളായ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ കര്‍മശേഷിയും സജീവതയും വ്യതിരിക്തതയുമെല്ലാം അദ്ദേഹം കണ്ടറിയുകയും ചെയ്തിരുന്നു. ക്രാന്ത്രദര്‍ശിയായ നേതാവായിരുന്നു, ലോകപ്രശസ്തമായ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയുടെ സന്തതി കൂടിയായ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി. സംഘാടകനെന്നതിലുപരി എല്ലാ അര്‍ഥത്തിലും ഒരു 'മിഷണറി'യായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തെ കാലോചിതമായി പരിവര്‍ത്തിപ്പിച്ച് പുതിയ രൂപത്തിലും ഭാവത്തിലും മുന്നോട്ടു നയിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സാമൂഹിക സേവനരംഗത്ത് പുതിയ ചുവടുവെപ്പുകള്‍ക്ക് പ്രസ്ഥാനം നേതൃത്വം നല്‍കണം എന്നതായിരുന്നു അതിലൊന്ന്. വിദ്യാഭ്യാസം, ആതുരശുശ്രൂഷ തുടങ്ങിയ സാമൂഹിക സേവന മേഖലകളില്‍ കേരളം വിജയിപ്പിച്ചെടുത്ത മാതൃക അഖിലേന്ത്യാ തലത്തിലും വ്യാപിപ്പിക്കണം എന്ന് അദ്ദേഹം അഭിലഷിച്ചു. ഒരു മലയാളി തന്നെ അതിന് നേതൃത്വം നല്‍കണം എന്ന് അദ്ദേഹം തീരുമാനിച്ചതിനാലാകണം, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിനെ അതിന്റെ ചുമതലയേല്‍പിച്ചത്. കേരള ജമാഅത്തിന്റെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി അദ്ദേഹത്തെ, ജനസേവന വകുപ്പിന്റെ ചുമതലയുള്ള അഖിലേന്ത്യാ അസി. സെക്രട്ടറിയായി നിയമിച്ചു. ''ജനസേവന രംഗത്ത് കേരളത്തില്‍ നിങ്ങള്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ മുമ്പില്‍ വെച്ച്, അഖിലേന്ത്യാ തലത്തില്‍ ഒരു പദ്ധതി തയാറാക്കണം. വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളില്‍ കേരള മുസ്‌ലിംകള്‍ നേടിയെടുത്ത വളര്‍ച്ചയും പുരോഗതിയും ഒരു നിശ്ചിത കാലയളവിനുള്ളില്‍ അഖിലേന്ത്യാ തലത്തിലും നേടിയെടുക്കാനുതകുന്ന സമഗ്ര പദ്ധിതിയാവണം അത്''-ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി സാഹിബ്, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന് നല്‍കിയ നിര്‍ദേശമിതായിരുന്നു. തുടര്‍ന്നു നടന്ന കാര്യങ്ങള്‍ സിദ്ദീഖ് ഹസന്‍ സാഹിബ് തന്നെ വിശദീകരിക്കട്ടെ; ''1989-ലെ ഭഗല്‍പൂര്‍ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ മനസ്സിലുദിച്ച മോഹം സഫലീകരിക്കാനുള്ള സന്ദര്‍ഭമായി ഞാനിതിനെ മനസ്സിലാക്കി. പതിറ്റാണ്ടുകളുടെ ദുരിതക്കയത്തില്‍നിന്ന് ഒരു ജനതക്ക് മോചനം നല്‍കാന്‍ സഹായകമാകുന്ന ഒരു ബൃഹത് പദ്ധതിയെ കുറിച്ചായി പിന്നീടുള്ള ചിന്ത. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യന്‍ മുസ്‌ലിംകളാണ് ഏറെ പിന്നാക്കമെന്നത് സംശയമില്ലാത്ത കാര്യമാണ്. അതുകൊണ്ട്, ഉത്തരേന്ത്യയെക്കുറിച്ച് വിശദമായൊരു പഠനം നടത്താന്‍ ശ്രമിച്ചു. ലഭ്യമായ രേഖകളും റിപ്പോര്‍ട്ടുകളും പുസ്തകങ്ങളും സ്ഥിതിവിവരക്കണക്കുകളും പരിശോധനാ വിധേയമാക്കി. പ്രമുഖ വ്യക്തിത്വങ്ങളുമായി ചര്‍ച്ചകള്‍ നടത്തി. വിഷന്‍'2016 ന്റെ കരടു രൂപം തയാറാക്കി. ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി സാഹിബിന് സമര്‍പിച്ചു. അദ്ദേഹം നിര്‍ദേശിച്ച ഭേദഗതികളോടെ പദ്ധതി പരിഷ്‌കരിച്ചു. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്രകള്‍ സ്ഥിതിഗതികള്‍ നേരിട്ടു മനസ്സിലാക്കാന്‍ സഹായകമായി. പല ഘട്ടങ്ങളിലായിരുന്നു യാത്ര. കേട്ടും വായിച്ചുമറിഞ്ഞതിനെക്കാള്‍ പരിതാപകരമായിരുന്നു പലയിടങ്ങളിലെയും ജീവിതാവസ്ഥകള്‍. നിസ്സഹായതാ ബോധമാണ് ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ മുഖമുദ്ര. 'ഞങ്ങള്‍ക്കിത്രയേ സാധിക്കൂ, ഞങ്ങള്‍ ഇത്രയൊക്കെയേ ഉള്ളൂ' എന്ന അപകര്‍ഷബോധത്തിലാണവരുള്ളത്. പതിറ്റാണ്ടുകളുടെ തിക്താനുഭവങ്ങള്‍ കടുത്ത നിരാശയിലേക്ക് അവരെ തള്ളിവിട്ടിരിക്കുന്നു. സ്വന്തം ആദര്‍ശവും അസ്തിത്വവും പോലും അവര്‍ മറന്നിരിക്കുന്നു, അല്ലെങ്കില്‍ അവര്‍ക്കത് അറിയില്ല. ഭഗല്‍പൂരിലെ യാത്രക്കിടയില്‍, ഓട്ടോറിക്ഷ പോലുള്ള ഞങ്ങളുടെ വാഹനത്തില്‍ രണ്ടു 'ഹിന്ദു' സ്ത്രീകള്‍ കയറി. ബ്ലൗസും സാരിയും ധരിച്ച്, പൊട്ടുതൊട്ടിരിക്കുന്നു അവര്‍. അന്വേഷിച്ചപ്പോള്‍ മനസ്സിലായി, വേഷം ഹിന്ദുസ്ത്രീകളുടേതാണെങ്കിലും അവര്‍ മുസ്‌ലിംകളാണെന്ന്. പല പ്രദേശങ്ങളിലും വയലുകളില്‍ ജോലി കിട്ടണമെങ്കില്‍ പുരുഷന്മാര്‍ താറുടുക്കണം, സ്ത്രീകള്‍ പൊട്ടുതൊടണം. സ്വന്തം അസ്തിത്വവും സംസ്‌കാരവും കളയേണ്ടി വരുന്നവരും അറിയാത്തവരുമായ ഒരു ജനത. ആ കാലഘട്ടത്തിലാകട്ടെ, തുടരെത്തുടരെ വര്‍ഗീയ കലാപങ്ങള്‍ നടന്നിരുന്നു. മുസ്‌ലിംകളെ കൊന്നുതീര്‍ക്കലായിരുന്നില്ല ലക്ഷ്യം എന്നതാണ് കലാപത്തിന്റെ ശ്രദ്ധേയമായ വശം. മുസ്‌ലിംകളെ സാമ്പത്തികമായി തകര്‍ക്കുകയും മാനസികമായി അടിമപ്പെടുത്തുകയും ഭീതിയില്‍ അകപ്പെടുത്തി അടിയാളരായി, നിസ്സഹായരായി ജീവിക്കാന്‍ വിടുകയുമായിരുന്നു കലാപങ്ങള്‍ ആസൂത്രണം ചെയ്തവരുടെ ഉന്നം. ഭഗല്‍പൂരും അഹ്മദാബാദും പോലുള്ള കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാല്‍ ഇത് മനസ്സിലാകും. വ്യവസായ, വാണിജ്യ രംഗങ്ങളില്‍ മുസ്‌ലിംകള്‍ സാമാന്യം വളര്‍ന്ന പ്രദേശങ്ങളിലാണ് കലാപങ്ങള്‍ സംഘടിപ്പിച്ചത്. ഇങ്ങനെ ആവര്‍ത്തിക്കപ്പെട്ട കലാപങ്ങളും, കൂടപ്പിറപ്പായ നിരക്ഷരതയും ദാരിദ്ര്യവുമെല്ലാം ചേര്‍ന്ന് ജീവിതത്തില്‍നിന്ന് പുറംതള്ളിയ ഒരു ജനത...!''

         അതെ, ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് നിഷ്‌കരുണം വലിച്ചെറിയപ്പെട്ട ഒരു ജനതയെ സമഗ്രമായി പുനര്‍നിര്‍മിക്കുവാനുള്ള സ്വപ്ന പദ്ധതിയാണ് വിഷന്‍ '2016. താല്‍ക്കാലിക സ്വഭാവമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായവിതരണ പരിപാടികള്‍ക്കുമപ്പുറം, ദീര്‍ഘകാലാധിഷ്ഠിതമായ ബൃഹത് സംരംഭങ്ങളാണ് അതുള്‍ക്കൊള്ളുന്നത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവിഭാഗധേയം ഗുണകരമായി മാറ്റിപ്പണിയാവുന്നത്ര വൈപുല്യവും വൈവിധ്യവും ദിശാബോധവും വിഷന്‍ '2016-നുണ്ട്. വിദ്യാഭ്യാസം, ആതുര ശുശ്രൂഷ, സാമ്പത്തിക സഹായം, സ്വയംതൊഴില്‍, സ്ത്രീ ശാക്തീകരണം, ഭവന നിര്‍മാണം, കുടിവെള്ളം, മനുഷ്യാവകാശ സംരക്ഷണവും നിയമ സഹായവും എന്നിങ്ങനെ വിവിധ തലങ്ങളില്‍ അത് വ്യാപിച്ചുകിടക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളെ പൂര്‍ണ സ്വഭാവത്തില്‍ ദത്തെടുക്കുന്ന 'മാതൃകാ ഗ്രാമ പദ്ധതി'യും 'വിഷന്‍ 2016'-ന്റെ ഭാഗമാണ്. ഹ്യൂമണ്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, സഹൂലത്ത് മൈക്രോ ഫിനാന്‍സ്, എ.പി.സി.ആര്‍, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വീസ് സൊസൈറ്റി എന്നിങ്ങനെ ആറ് വേദികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 15-20 വര്‍ഷങ്ങള്‍ക്കകം വലിയ മാറ്റങ്ങളും നേട്ടങ്ങളും ഈ മേഖലകളിലെല്ലാം കൈവരിക്കാനാകുമെന്ന് വിഷന്‍ '2016-ന്റെ പദ്ധതി പ്രദേശങ്ങളിലൂടെ ഒരിക്കല്‍ യാത്ര ചെയ്താല്‍ നമുക്ക് ബോധ്യപ്പെടും. 

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 103-107
എ.വൈ.ആര്‍