എവിടെയും പൗരത്വമില്ലാതെ റോഹിംഗ്യ മുസ്‌ലിംകള്‍
കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെയും മ്യാന്മറിലെയും മുസ്‌ലിം സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്, ഇരുനാടുകളിലും അവരെ പീഡിപ്പിക്കുന്നത് ബുദ്ധിസത്തിന് അനുസരണ പ്രതിജ്ഞ ചെയ്തവര്‍ ആണെന്നതാണ്. ഗൗതമ ബുദ്ധന്റെയോ അദ്ദേഹത്തിന്റെ തൊട്ടുടനെയുള്ള അനുയായികളുടെയോ അധ്യാപനങ്ങളിലൊന്നും ഹിംസക്ക് സ്ഥാനമില്ല. അതിനാല്‍ മ്യാന്മറില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് വിചിത്രവും ബീഭത്സവുമാണ്. അവിടെ കൊള്ളക്കും കൊള്ളിവെപ്പിനും കൂട്ടക്കൊലകള്‍ക്കും ബുദ്ധസന്യാസികള്‍ നേതൃത്വം നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്.
പക്ഷേ ഒരു പ്രധാന വ്യത്യാസമുണ്ട്. കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ മുസ്‌ലിംകള്‍ എത്രയോ നൂറ്റാണ്ടുകളായി ആ നാട്ടില്‍ താമസിക്കുന്നു; കുറെ കാലം അവര്‍ സ്വതന്ത്രമായി ഭരണം നടത്തിയിട്ടുണ്ട്. പുറത്ത് നിന്ന് കടന്നുവന്നവരാണ് അവരുടെ പീഡകര്‍. എന്നാല്‍ മ്യാന്മറിലെ മുസ്‌ലിംകള്‍ ഒമ്പതാം നൂറ്റാണ്ടിലെ മുസ്‌ലിം കുടിയേറ്റക്കാരുടെ പിന്മുറക്കാരാണ്. അവര്‍ വലിയ തോതില്‍ നാടിന്റെ പുരോഗതിക്കായി യത്‌നിക്കുകയും ചെയ്തിട്ടുണ്ട്. തുടക്കം മുതലേ അവര്‍ സമാധാന പ്രിയരും രാജ്യനിയമങ്ങള്‍ക്കൊത്ത് ജീവിക്കുന്നവരും ആയിരുന്നു. പക്ഷേ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, അവിടത്തെ ഭരണാധികാരികള്‍ 1982 ല്‍ ഒരു നിയമമുണ്ടാക്കിയ ശേഷം മുസ്‌ലിംകളോട് ചോദിക്കുന്നത്, 1823-ല്‍ ബ്രിട്ടന്‍ അറക്കാന്‍ ദേശരാഷ്ട്രം അധിനിവേശം നടത്തുന്നതിനും മുമ്പ് നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്നതിന് എന്താണ് തെളിവ് എന്നാണ്.
അഭയാര്‍ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്രസഭ ഏജന്‍സി (UNHER) യുടെ റിപ്പോര്‍ട്ട് ഇങ്ങനെ: ''1982-ല്‍ ഉണ്ടാക്കിയ നിയമത്തിന്റെ വകുപ്പുകള്‍ പൗരത്വ പ്രശ്‌നം മൂര്‍ഛിപ്പിക്കുകയാണ് ചെയ്തത്. പൗരന്മാരല്ലാത്തവര്‍ക്ക് പിറന്ന കുഞ്ഞുങ്ങള്‍ പൗരന്മാരാവില്ല എന്നാണതില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ പൗരത്വ നിയമം ഫലത്തില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് ഒരു രാഷ്ട്രത്തില്‍ പൗരത്വം നേടാനുള്ള അവസരമാണ് നിഷേധിക്കുന്നത്. എട്ടാം നൂറ്റാണ്ട് മുതല്‍ തന്നെ റോഹിംഗ്യകള്‍ക്ക് ബര്‍മയുമായി ബന്ധമുണ്ടെന്നത് ചരിത്ര വസ്തുതയാണെങ്കിലും, റോഹിംഗ്യ വംശീയ ന്യൂനപക്ഷത്തെ ദേശീയത വംശീയതകളിലൊന്നായി അംഗീകരിക്കാന്‍ ഭരണകൂടം തയാറാകുന്നില്ല. വലിയൊരു വിഭാഗം റോഹിംഗ്യ കുടുംബങ്ങളും അറക്കാനില്‍ കുടിയേറി താമസിച്ചത് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്താണ്. അവരെയൊക്കെയും 1982-ലെ നിയമം പൗരത്വത്തില്‍നിന്ന് പുറന്തള്ളിയിരിക്കുകയാണ്. 1823-ന് മുമ്പ് തന്നെ ഇവിടെ താമസമാക്കിയ റോഹിംഗ്യകള്‍ക്കും അധികാരികള്‍ എഴുതിയുണ്ടാക്കിയ വ്യവസ്ഥകള്‍ പ്രകാരം പൗരത്വം തെളിയിക്കുക വളരെ ദുഷ്‌കരം തന്നെയാണ്. വിരലിലെണ്ണാവുന്ന ചിലര്‍ക്ക് പൗരത്വം കാട്ടിയാലായി എന്നുമാത്രം. തങ്ങളുടെ വംശാവലിയെക്കുറിച്ചോ കുടിയേറി താമസിച്ചതിന്റെ ചരിത്രത്തെക്കുറിച്ചോ 'ഖണ്ഡിതമായ തെളിവുകള്‍' ഹാജരാക്കാത്ത ഏതൊരു റോഹിംഗ്യ വംശജനും പൗരത്വത്തിന്റെ മുഴുവന്‍ ആനുകൂല്യങ്ങളില്‍നിന്നും പുറത്താക്കപ്പെടും. 'നാട്ടില്‍ താമസിക്കുന്ന വിദേശികള്‍' എന്നതാണ് നിയമപരമായ അവരുടെ നില എന്നതിനാല്‍, അവരുടെ ചലന സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയും ഉയര്‍ന്ന വിദ്യാഭ്യാസം നേടാനുള്ള അവസരം നിഷേധിക്കപ്പെടുകയും ഗവണ്‍മെന്റ് പദവികള്‍ വഹിക്കുന്നതില്‍നിന്ന് തടയപ്പെടുകയും ചെയ്തിരിക്കുന്നു.''
1982 വരെ റോഹിംഗ്യകളുടെ ബര്‍മീസ് പൗരത്വം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. അവിടെയുള്ള സൈനിക ഭരണകൂടമാണ് തികച്ചും ഏകപക്ഷീയമായ നിയമം അടിച്ചേല്‍പിച്ച് അവര്‍ക്ക് പൗരത്വം തടഞ്ഞത്. റോഹിംഗ്യകളുടെ പിന്‍മുറക്കാര്‍ ബ്രിട്ടീഷ് അധിനിവേശത്തിന് ശേഷം മാത്രമാണ് അവിടെ താമസമാക്കിയത് എന്നൊരു ന്യായത്തിന്റെ മറവിലാണ് ഈ പൗരത്വ നിഷേധം.
മ്യാന്മറിലെ ബ്രിട്ടീഷ് അധിനിവേശത്തിന് ശേഷം കൊളൊണിയല്‍ ഭരണകൂടത്തെ സഹായിക്കാനായി ധാരാളം മുസ്‌ലിംകളെ, പ്രത്യേകിച്ച് ഇന്ത്യയില്‍നിന്ന്, മ്യാന്‍മറില്‍ കൊണ്ടുവന്നിരുന്നു എന്നത് ശരിയാണ്. വിവിധ രംഗങ്ങളില്‍ അവര്‍ സേവനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു. അവരില്‍ പലരും ബര്‍മീസ് സ്ത്രീകളെ വിവാഹം ചെയ്ത് അവിടെ സ്ഥിര താമസമാക്കി. അന്താരാഷ്ട്ര വ്യവസ്ഥകളനുസരിച്ച്, ഇത്തരക്കാരെ അനധികൃത കുടിയേറ്റക്കാര്‍ എന്ന് മുദ്രകുത്താന്‍ പാടില്ല. 1948-ല്‍ ബര്‍മ സ്വാതന്ത്ര്യം നേടിയ ശേഷവും ഇവര്‍ പൗരത്വത്തിന്റെ മുഴുവന്‍ അവകാശങ്ങളും അനുഭവിച്ചിരുന്നു. ഈ കുടിയേറ്റ സമൂഹം കച്ചവടക്കാരായിരുന്നു. അവരുടെ വ്യാപാരം നാള്‍ക്കുനാള്‍ വളര്‍ന്നു. മ്യാന്മറിലേക്കുള്ള മുസ്‌ലിം ആഗമനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, ക്രി. 1055-ല്‍ ആദ്യത്തെ ബര്‍മീസ് സാമ്രാജ്യം സ്ഥാപിതമാകുന്നതിന് മുമ്പ് ഒമ്പതാം നൂറ്റാണ്ടില്‍ തന്നെ അത് ആരംഭിച്ചിരുന്നു എന്ന് വ്യക്തമാവും.
ഒമ്പതാം നൂറ്റാണ്ടിലെ അറബ്, പേര്‍ഷ്യന്‍, യൂറോപ്യന്‍, ചൈനീസ് സഞ്ചാരികളെല്ലാം ബര്‍മയിലേക്കുള്ള ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ആഗമനം വിപുലമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അറബികള്‍, പേര്‍ഷ്യക്കാര്‍, തുര്‍ക്കികള്‍, മൂറുകള്‍, ഇന്ത്യക്കാര്‍, ചൈനക്കാര്‍, മലയ് മുസ്‌ലിംകള്‍ എന്നിവരുടെയൊക്കെ പിന്‍മുറക്കാരാണ് ഈ വിഭാഗം. മുഖ്യപ്രശ്‌നം അടുത്ത കാലത്ത് റാഖീന്‍ (Rakhine) എന്ന് നാമകരണം ചെയ്യപ്പെട്ട അറക്കാന്‍ എന്ന ഭൂപ്രദേശത്തെ ചുറ്റിപ്പറ്റിയാണ്. ഈ മേഖലയിലെ പ്രമുഖ ബുദ്ധിസ്റ്റ് ഗോത്രമാണ് റാഖീന്‍. അറക്കാന്‍ സ്റ്റേറ്റ് (ഇപ്പോഴത്തെ റാഖീന്‍ സ്റ്റേറ്റ്) 1948 വരെ മ്യാന്‍മറിന്റെ/ബര്‍മയുടെ ഭാഗമായിരുന്നില്ല. ബംഗാളി സംസാരിക്കുന്ന ചിറ്റഗോംഗ് ജില്ല(ബംഗ്ലാദേശിന്റെ ഭാഗം)യോട് ചേര്‍ന്ന് കിടക്കുന്ന ഭാഗമായതിനാല്‍, അറക്കാനില്‍ ബംഗാളി ഭാഷയുടെയും സംസ്‌കാരത്തിന്റെയും സ്വാധീനമുണ്ടാവുക സ്വാഭാവികം. ഇവയുടെ അതിര്‍ത്തികള്‍ കുന്നുകളും ഗര്‍ത്തങ്ങളുമായി കിടക്കുന്നതിനാല്‍ അങ്ങോട്ടുമിങ്ങോട്ടും അതിര്‍ത്തി കടക്കുക ഒട്ടും പ്രയാസകരവുമല്ല. അതേസമയം അറക്കാനിലെ സാമ്പത്തിക സാമൂഹിക സ്ഥിതി ബംഗ്ലാദേശിനേക്കാള്‍ മെച്ചമല്ലാത്തതിനാല്‍, ബംഗ്ലാദേശില്‍നിന്ന് മ്യാന്മറിലേക്ക് കൂട്ടത്തോടെ പലായനമുണ്ടാകാനുള്ള സാധ്യതയും ഇല്ല.
ഇന്‍ഡിപെന്‍ഡന്റ് യൂനിയന്‍ ഓഫ് ബര്‍മ എന്ന പേരില്‍ പുതിയ രാഷ്ട്രം നിലവില്‍ വന്നപ്പോള്‍ അറക്കാനും ബര്‍മയുടെ ഭാഗമായി. അറക്കാനിലെ 42% വരുന്ന മുസ്‌ലിംകള്‍ക്ക് അനുകൂലമായിരുന്നില്ല ഈ രാഷ്ട്രീയ മാറ്റം. നെവിന്‍ എന്ന മിലിട്ടറി ജനറലിന്റെ സോഷ്യലിസ്റ്റ് ഭരണകൂടം മൂന്ന് കാര്യങ്ങള്‍ ചെയ്തു. ഒന്ന്, 1974-ല്‍ അദ്ദേഹം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട അറക്കാന്‍ എന്ന പേര് മാറ്റുകയും തദ്ദേശീയരായ ബുദ്ധിസ്റ്റ് ഗോത്രങ്ങളെ തൃപ്തിപ്പെടുത്താന്‍ റാഖീന്‍ സ്റ്റേറ്റിന് രൂപം നല്‍കുകയും ചെയ്തു. ഇത് മുസ്‌ലിംകള്‍ക്കും റാഖീന്‍ ഗോത്രത്തിനുമിടയില്‍ ഒരു വിടവ് സൃഷ്ടിച്ചു. രണ്ട്, റോഹിംഗ്യ മുസ്‌ലിംകള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ പൗരത്വാവകാശങ്ങള്‍ അദ്ദേഹം എടുത്ത് മാറ്റി. മൂന്ന്, മുസ്‌ലിംകളെ പീഡിപ്പിച്ചൊതുക്കല്‍ രാഷ്ട്രനയത്തിന്റെ ഭാഗമാക്കി.
ബുദ്ധിസ്റ്റ് വംശീയ വിഭാഗമായ റാഖീന്‍ ഗോത്രമാണ് പുതുതായി രൂപീകരിച്ച ഈ സംസ്ഥാനത്ത് മൊത്തത്തില്‍ ഭൂരിപക്ഷം വരുന്ന വിഭാഗം. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളുടെ ചിന്‍ ഗോത്രം പോലുള്ളവ ബുദ്ധിസ്റ്റ് സംസ്‌കാരത്തിലേക്ക് സ്വാംശീകരിക്കപ്പെടുകയാണുണ്ടായത്. മുസ്‌ലിംകള്‍ പരമ്പരാഗത ജീവിത രീതികള്‍ നിലനിര്‍ത്തുകയും ചെയ്തു. സംസ്ഥാനത്തിന്റെ ബംഗ്ലാദേശിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ മുസ്‌ലിം ജനസംഖ്യ 96 ശതമാനത്തോളം വരും. ഇവരൊക്കെയും അനധികൃത ബംഗ്ലാദേശീ നുഴഞ്ഞുകയറ്റക്കാരാണെന്ന് മിലിട്ടറി ഭരണകൂടം ആക്ഷേപിക്കുന്നു. മിക്ക റോഹിംഗ്യകളും സംസാരിക്കുന്നത് ബര്‍മീസ് ഭാഷയിലാണെന്നത് അവര്‍ തദ്ദേശീയര്‍ തന്നെ എന്നതിനുള്ള സാക്ഷ്യമാണ്.
രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാനീസ്-ബ്രിട്ടീഷ് സേനകള്‍ തമ്മില്‍ കടുത്ത പോരാട്ടം നടന്ന പ്രദേശമാണ് അറക്കാന്‍. ബുദ്ധിസ്റ്റുകള്‍ മിക്കവാറും ജപ്പാനീസ് അധിനിവേശകരോട് ചായ്‌വ് പുലര്‍ത്തുന്നവരായിരുന്നു; മുസ്‌ലിംകളാവട്ടെ ബ്രിട്ടനുള്‍പ്പെടുന്ന സഖ്യകക്ഷികളുടെ ഭാഗത്തും. ഇത് ഇരുപക്ഷത്തിനുമിടക്ക് അസ്വാരസ്യങ്ങള്‍ വളര്‍ത്താന്‍ കാരണമാവുകയും, ബ്രിട്ടീഷ് സേന അറക്കാനില്‍നിന്ന് തന്ത്രപരമായി പിന്മാറിയ 1942-ല്‍ ആ സംഘര്‍ഷം കലാപമായി ആളിപ്പടരുകയും ചെയ്തു. റോഹിംഗ്യ മുസ്‌ലിംകളില്‍ പലരും ഇന്ത്യന്‍ സ്റ്റേറ്റായ ബംഗാളിലേക്ക് രക്ഷപ്പെട്ടു. അവിടെ അപ്പോഴും ബ്രിട്ടീഷ് ഭരണമായിരുന്നു. അക്കാലത്ത് 22,000 റോഹിംഗ്യകളെങ്കിലും അതിര്‍ത്തി കടന്നിട്ടുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. മറ്റൊരു റിപ്പോര്‍ട്ട് ഇങ്ങനെയാണ്: ''ബര്‍മീസ്-ജാപ്പനീസ് സൈനികരുടെ ആവര്‍ത്തിച്ചുള്ള കൂട്ടക്കൊല കാരണം നാല്‍പ്പതിനായിരം റോഹിങ്ക്യകള്‍ ചിറ്റഗോംഗിലേക്ക് ഓടിപ്പോയിട്ടുണ്ടാവണം. ഇവരില്‍ ഒരു വിഭാഗം, ജപ്പാന്‍ പരാജയപ്പെടുകയും ബര്‍മയില്‍ ബ്രിട്ടീഷ് ഭരണം സ്ഥാപിതമാവുകയും ചെയ്ത ശേഷം മ്യാന്‍മറിലേക്ക് തിരിച്ച് വന്നിട്ടുണ്ടാവണം. അക്കാര്യം നിഷേധിക്കേണ്ട കാര്യമില്ല. പക്ഷേ എങ്ങനെയായിരുന്നാലും അവര്‍ അനധികൃത കുടിയേറ്റക്കാരാവുന്നില്ല.''
റോഹിംഗ്യകളുടെ ജനസംഖ്യ നിയന്ത്രിക്കാന്‍ ഒരു കുടുംബത്തില്‍ രണ്ട് കുട്ടികളേ പാടുള്ളൂ എന്ന് ഗവണ്‍മെന്റ് പരിധി വെച്ചിട്ടുണ്ട്. എന്നിട്ടും, 2012 ലെ കലാപങ്ങള്‍ക്ക് ശേഷം നടത്തിയ ചില സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്, സംസ്ഥാനത്തെ ജനസംഖ്യയില്‍ മുസ്‌ലിംകള്‍ 40.75% ആണെന്നാണ്. റാഖീന്‍ വംശം കഴിഞ്ഞാല്‍ പിന്നെ രണ്ടാമത്തെ വലിയ ജനവിഭാഗം മുസ്‌ലിംകളാണെന്നര്‍ഥം. പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഈ വിഭാഗത്തിനുവേണ്ടി ഒരക്ഷരം മിണ്ടാന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ള, സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നേടിയ ഓംഗ് സാന്‍ സൂഖി വരെ മടിച്ച് നില്‍ക്കുകയാണ്. അതേസമയം മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല, ഡസ്മണ്ട് ടുട്ടൂ, ദലൈലാമ തുടങ്ങിയവര്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി ശബ്ദിക്കുകയുണ്ടായി.
അശ്വിന്‍ വിരാതു എന്ന പുരോഹിതന്റെ നേതൃത്വത്തില്‍ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണ കാമ്പയിന്‍ തന്നെ ആരംഭിച്ചിരിക്കുകയാണ് മ്യാന്മറില്‍. ''കാവി ധരിച്ച ഈ പുരോഹിതന്റെ തന്ത്രം ഊഹാപോഹങ്ങള്‍ സൃഷ്ടിച്ചുവിടുകയും മുസ്‌ലിം വിരുദ്ധത പ്രസംഗിക്കുകയും ചെയ്യുക എന്നതാണ്. തന്റേത് മുസ്‌ലിം വിരുദ്ധ പ്രസ്ഥാനമല്ലെന്നും വന്‍ ഭൂരിപക്ഷമായ ബുദ്ധമതക്കാരെ സംരക്ഷിക്കാനാണ് താനിതിന് രൂപം നല്‍കിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു. റാഖീന്‍ ബുദ്ധിസ്റ്റുകളെ ഭീതിയിലകപ്പെടുത്തുകയാണ് റോഹിംഗ്യ മുസ്‌ലിംകള്‍ ചെയ്തതെന്നും അദ്ദേഹം ആക്ഷേപിക്കുന്നു. ഈ പ്രസ്ഥാനത്തിന്റെ പേര് '969' എന്നാണ്. പുരോഹിതന്മാരുടെ ശക്തമായ ഒരുനിര അദ്ദേഹത്തോടൊപ്പമുണ്ട്. ഭരണകൂടത്തില്‍ അദ്ദേഹത്തെ പിന്തുണക്കുന്ന വലിയൊരു വിഭാഗമുണ്ടെന്നും ആരോപണമുണ്ട്.'' ടൈം മാഗസിന്‍ ഈ പുരോഹിതനെ 'ബുദ്ധിസ്റ്റ് ഭീകരതയുടെ മുഖം' (The Face of Budhist Terror) എന്നാണ് വിശേഷിപ്പിച്ചത്. മിലിട്ടറി ജണ്ട അധികാരത്തി'ല്‍ വന്ന 1978-ന് ശേഷം റോഹിംഗ്യ മുസ്‌ലിംകള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ആംനസ്റ്റി ഇന്റ്ര്‍നാഷ്‌നലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
വംശീയ വെറി ബാധിച്ച ബുദ്ധിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവമാണ് റോഹിങ്ക്യ മുസ്‌ലിംകളുടെ നില അതീവ ദയനീയമാക്കിയത്. 1958-ലാണ് മ്യാന്മറിന്റെ ഔദ്യോഗിക മതമായി ബുദ്ധിസം പ്രഖ്യാപിക്കപ്പെടുന്നത്. അതിന് ശേഷം പത്ത് ലക്ഷത്തിലധികം മുസ്‌ലിംകള്‍ ഭവനരഹിതരായി; ആയിരങ്ങള്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളും നിഷ്ഠുരമായി വധിക്കപ്പെട്ടു. നിരവധി മുസ്‌ലിം ഗ്രാമങ്ങള്‍ അഗ്നിക്കിരയായി. 1950 ജനുവരിയില്‍ ഏകദേശം മുപ്പതിനായിരം റോഹിംഗ്യകളാണ് അന്നത്തെ കിഴക്കന്‍ പാകിസ്താനിലേക്ക് ഓടിപ്പോയത്. 1978-ല്‍ റംഗൂണും ഡാക്കയും ഉണ്ടാക്കിയ കരാറനുസരിച്ച് രേഖകള്‍ ഉള്ളവര്‍ക്ക് മ്യാന്മറിലേക്ക് മടങ്ങാമെന്ന് ഗവണ്‍മെന്റ് സമ്മതിച്ചു. മലകളിലും കാടുകളിലും താമസിക്കുന്ന സാധാരണക്കാരായ റോഹിംഗ്യകള്‍ക്ക് അത്തരം രേഖകളൊന്നും ഹാജറാക്കാനാവില്ലെന്ന് ഭരണകൂടത്തിന് നന്നായിട്ടറിയാമായിരുന്നു.
മ്യാന്മറിലെ സമാധാന പ്രക്രിയക്ക് ഏറ്റവും വലിയ തടസ്സം ബുദ്ധിസ്റ്റ് ഗ്രൂപ്പുകളാണെന്നതാണ് ഏറെ സങ്കടകരം. മുസ്‌ലിംകള്‍ വിഭാഗീയ-തീവ്രവാദ ചിന്തകള്‍ പുലര്‍ത്തുന്നു എന്നതാണ് അവരുടെ മുഖ്യ ആരോപണം. ഇത് ശരിയല്ലെന്നും ഭൂരിഭാഗവും സ്വൂഫി ചിന്തകളില്‍ ആകൃഷ്ടരായതിനാല്‍ തീവ്രവാദ ചിന്തകള്‍ക്ക് സാധ്യതയില്ലെന്നും ഗവേഷകയായ സിദ്ദീഖ ചൂണ്ടിക്കാട്ടുന്നു. ഭീകരതയെക്കുറിച്ച അമേരിക്കന്‍ ഭാഷ്യം അതേപടി കടമെടുക്കാനാണ് മ്യാന്‍മറിലെ അധികാരി വര്‍ഗം ശ്രമിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.
മ്യാന്മറിന്റെ വികസന കാര്യങ്ങളിലും മറ്റും മുസ്‌ലിം രാഷ്ട്രങ്ങള്‍ കൂടുതല്‍ താല്‍പര്യമെടുക്കുകയും അവിടത്തെ പ്രോജക്ടുകളില്‍ ഉദാരമായി മുതല്‍മുടക്കി ശക്തമായ നയതന്ത്രബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുകയും ചെയ്താല്‍ 2015-ല്‍ നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ജനാധിപത്യ ഭരണകൂടത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞേക്കും. മുസ്‌ലിം ന്യൂനപക്ഷത്തിന് നേരെയുള്ള നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ അത് ഇടയാക്കിയേക്കും. മൊത്തം മ്യാന്മര്‍ ജനസംഖ്യയില്‍ കേവലം ആറു ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. രാഷ്ട്രീയക്കാരേക്കാള്‍ പുരോഹിതന്മാരാണ് അവിടെ മുസ്‌ലിംവിരുദ്ധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നയതന്ത്രത്തിന്റെ ഭാഷ ഒഴിവാക്കി ഹിംസയുടെ മാര്‍ഗം സ്വീകരിച്ചാല്‍ മുസ്‌ലിം ന്യൂനപക്ഷത്തെ സംബന്ധിച്ചേടത്തോളം അത് ആത്മഹത്യാപരമായിരിക്കും, തീര്‍ച്ച.
(അവസാനിച്ചു)
Comments