Prabodhanm Weekly

Pages

Search

2014 ജൂണ്‍ 20

ഫലസ്ത്വീന്‍ ഐക്യ സര്‍ക്കാര്‍ ചുവടുവെപ്പുകള്‍ നല്ലത്, ആശങ്കകള്‍ ബാക്കി

പി.കെ നിയാസ് /ലേഖനം

         റെക്കാലത്തെ കാത്തിരിപ്പിനുശേഷം ഫലസ്ത്വീനില്‍ ഐക്യസര്‍ക്കാര്‍ നിലവില്‍ വന്നിരിക്കുന്നു. ഏഴു വര്‍ഷത്തെ ചേരിതിരിവിന് വിരാമമിട്ട് പ്രബല വിഭാഗങ്ങളായ ഫത്ഹും ഹമാസും കരാറില്‍ ഒപ്പിട്ടതോടെയാണ് പുതിയ ഗവണ്‍മെന്റ് യാഥാര്‍ഥ്യമായത്. ഐക്യസര്‍ക്കാര്‍ ശുഭ പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകളും സമ്മാനിക്കുന്നുണ്ട്. രണ്ട് വിരുദ്ധ ആശയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളാണ് ഫത്ഹും ഹമാസും. ഇസ്രയേലിനെതിരായ ചെറുത്തുനില്‍പ് പോരാട്ടം അടിയറവെക്കുകയും സയണിസ്റ്റുകളുമായി വിവിധ വിഷയങ്ങളില്‍ സന്ധികളില്‍ ഏര്‍പ്പെടുകയും ചെയ്തവരാണ് മഹ്മൂദ് അബ്ബാസ് നേതൃത്വം നല്‍കുന്ന ഫത്‌ഹെങ്കില്‍, അധിനിവേശ ശക്തിയായ ഇസ്രയേലിന്റെ നിലനില്‍പ് ചോദ്യം ചെയ്യുകയും ഫലസ്ത്വീന്റെ സമ്പൂര്‍ണ വിമോചനത്തിന് ചെറുത്തുനില്‍പ് പോരാട്ടം തുടരുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്ത പ്രസ്ഥാനമാണ് ഹമാസ്. അതിനാല്‍ രണ്ട് ധ്രുവങ്ങളിലുള്ള ഇരു സംഘടനകളുടെയും ഐക്യപ്പെടലിനെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങള്‍ സ്വാഭാവികം.

         2006-ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിലേറിയ ഇസ്‌ലാമിക പ്രസ്ഥാനമാണ് ഹമാസ്. തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച് 132 സീറ്റുകളില്‍ 74-ലും വിജയിച്ചാണ് സാമ്രാജ്യത്വ, അധിനിവേശ ശക്തികളെ ഹമാസ് ഞെട്ടിച്ചത്. ഫത്ഹിന് 45 സീറ്റുകളേ ലഭിച്ചുള്ളൂ. ഫത്ഹിന്റെ അഴിമതി ഭരണവും ഇസ്രയേല്‍ അധിനിവേശത്തോടുള്ള നിസ്സംഗതയും വോട്ടര്‍മാരെ നിരാശരാക്കിയത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. സ്വതന്ത്ര ഫലസ്ത്വീന്‍ എന്ന ലക്ഷ്യത്തോട് ആത്മാര്‍ഥത പുലര്‍ത്തുന്ന പാര്‍ട്ടിയായി ഹമാസിനെ വോട്ടര്‍മാര്‍ കണ്ടു. 

         ഇസ്രയേല്‍ മാതൃകയില്‍ ദേശീയ ഐക്യ സര്‍ക്കാര്‍ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചതും ഹമാസ് തന്നെ. തങ്ങള്‍ രൂപീകരിക്കുന്ന കാബിനറ്റില്‍ ഫത്ഹ് നേതാക്കള്‍ക്ക് മാന്യമായ സ്ഥാനവും അവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ആഭ്യന്തരവും വിദേശകാര്യവും ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ക്ക് പിടിവാശി കാണിക്കുകയും മന്ത്രിസഭയില്‍ ചേരാന്‍ ചില വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുകയുമാണ് ഫത്ഹ് ചെയ്തത്. ആറു പതിറ്റാണ്ടു നീണ്ട സ്വതന്ത്ര ഫലസ്തീനുവേണ്ടിയുള്ള പോരാട്ടം ഒടുവില്‍ 'ഹമാസ്ഥാനും ഫത്ഹ്‌ലാന്റുമായി രൂപം പ്രാപിക്കുന്നേടത്തോളം വെസ്റ്റ്ബാങ്കും ഗസ്സയും വിഭജിക്കപ്പെടുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ് പിന്നീടുണ്ടായത്. ഹമാസിന്റെ ശക്തികേന്ദ്രമായ ഗസ്സയില്‍ ചുവടുറപ്പിക്കാന്‍ ഏറെക്കാലമായി ഫത്ഹ് കരുക്കള്‍ നീക്കിവരികയായിരുന്നു.  തെരഞ്ഞെടുപ്പിലെ ഹമാസ് വിജയം തിരിച്ചടിയായെങ്കിലും വെസ്റ്റ്ബാങ്കിലെ മേധാവിത്വം ഗസ്സയിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് ഫത്ഹ് പിന്മാറിയിരുന്നില്ല. ഗസ്സയിലെ സുരക്ഷാ മുഖ്യനായി ഫത്ഹ് നേതാവ് മുഹമ്മദ് ദഹ്‌ലാനെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രതിഷ്ഠിച്ചത് ഇതിന്റെ ഭാഗമായിരുന്നു. ഹമാസ് സര്‍ക്കാറിനെ ഭരിക്കാന്‍ അനുവദിക്കാതിരിക്കുക എന്ന നയമാണ് ഫത്ഹ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് ഉത്തരവുകള്‍ അനുസരിക്കാന്‍ ഫത്ഹ് കമാണ്ടര്‍മാര്‍ കൂട്ടാക്കിയില്ല. ഹമാസ് ഭരണത്തിന് പ്രശ്‌നം സൃഷ്ടിക്കാനും ക്രമസമാധാനാന്തരീക്ഷം തകര്‍ക്കാനും അമേരിക്കയും ഈജിപ്തും ജോര്‍ദാനും പരസ്യമായി ഫത്ഹ് സുരക്ഷാ ഭടന്മാര്‍ക്ക് ആയുധങ്ങള്‍ നല്‍കി. ആയുധങ്ങള്‍ ചൊരിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും സി.ഐ.എ ഫയലുകളും ഗസ്സയിലെ ഫത്ഹ് ആസ്ഥാനത്തുനിന്ന് പിടിച്ചെടുത്തതായി  വേള്‍ഡ് നെറ്റ് ഡെയ്‌ലിയും മിഡിലീസ്റ്റ് ന്യൂസ്‌ലൈനും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 

         2006 ഡിസംബര്‍ 14-ന് പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യക്കു നേരെ വധശ്രമമുണ്ടായി. സംഭവത്തിന്  ഉത്തരവാദി മുഹമ്മദ് ദഹ്‌ലാനാണെന്ന് ഹമാസ് ആരോപിച്ചെങ്കിലും ദഹ്‌ലാനും ഫത്ഹ് നേതൃത്വവും നിഷേധിക്കുകയായിരുന്നു. ഫത്ഹിന് സ്വാധീനമുള്ള വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ (പ്രസിഡന്റിന്റെ ആസ്ഥാനം ഇവിടെയാണ്) ഹമാസ് നടത്തിയ റാലിക്കുനേരെ 2006 ഡിസംബര്‍ 15-ന് അബ്ബാസിന്റെ സൈന്യം വെടിവെച്ചതോടെ ഇരു വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമായി. 2007 ജനുവരി അവസാനം ഹമാസ്, ഫത്ഹ് അനുകൂലികള്‍ ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ ഏറ്റുമുട്ടിയെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ മേയില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. സായുധ വിഭാഗങ്ങള്‍ തമ്മില്‍ ജൂണ്‍ ഏഴിന് വീണ്ടും ആരംഭിച്ച ഏറ്റുമുട്ടലുകള്‍ തീക്ഷ്ണമായിരുന്നു. ഒമ്പതു ദിവസത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഫത്ഹ് വിഭാഗത്തെ തുരത്തി ഗസ്സയുടെ നിയന്ത്രണം പൂര്‍ണമായും ഹമാസ് ഏറ്റെടുത്തു. രോഷാകുലനായ മഹ്മൂദ് അബ്ബാസ് ഹമാസ് നേതൃത്വം നല്‍കുന്ന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പിരിച്ചുവിട്ടതായും പ്രധാനമന്ത്രി ഇസ്മായില്‍ ഹനിയ്യയെ പുറത്താക്കിയതായും പ്രഖ്യാപിച്ചു. എന്നാല്‍ ഗസ്സയുടെ സമ്പൂര്‍ണ നിയന്ത്രണം ഹമാസിനായിരിക്കെ, അബ്ബാസിന്റെ പ്രഖ്യാപനം രേഖകളില്‍ ഒതുങ്ങി. അബ്ബാസ് പ്രഖ്യാപിച്ച പുതിയ ഫലസ്ത്വീന്‍ പ്രധാനമന്ത്രി സലാം ഫയ്യാദിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് പിന്തുണയുമായി അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഇസ്രയേലും രംഗത്തുവന്നെങ്കിലും ഫയ്യാദിന്റെ അധികാരം വെസ്റ്റ് ബാങ്കില്‍ മാത്രമായിരുന്നു.

         തികച്ചും പ്രതികൂലമായ സാഹചര്യങ്ങളെ നേരിട്ടാണ് കഴിഞ്ഞ എട്ടുവര്‍ഷം തങ്ങളുടെ തട്ടകമായ ഗസ്സയില്‍ ഇസ്മാഈല്‍ ഹനിയ്യയുടെ നേതൃത്വത്തില്‍ ഹമാസ് ഭരണം നടത്തിവന്നത്. ഗസ്സക്കെതിരെ ഇസ്രയേല്‍ നടത്തിയ രണ്ട് യുദ്ധങ്ങളെയും പരോക്ഷമായി പിന്തുണച്ചവരാണ് അബ്ബാസും ഫത്ഹും. എന്നാല്‍ യുദ്ധത്തില്‍ ഹമാസ് തകരുമെന്ന് സ്വപ്നം കണ്ടവര്‍ നിരാശരായി. മാത്രമല്ല, 2006 ജൂണ്‍ 25-ന് പോരാളികള്‍ തട്ടിക്കൊണ്ടുപോയ ഇസ്രയേല്‍ ഭടന്‍ ഗിലാത് ശാലിതിനെ വിട്ടുകൊടുക്കുന്നതിന് പകരമായി ഇസ്രയേലി ജയിലുകളിലുള്ള 1027 ഫലസ്ത്വീനികളെ മോചിപ്പിക്കാനും ഹമാസിന് കഴിഞ്ഞു. 

         2007-ല്‍ ഇരു വിഭാഗങ്ങളും സുഊദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മധ്യസ്ഥതയില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള കരാര്‍ മക്കയില്‍ ഒപ്പിട്ടിരുന്നെങ്കിലും അത് യാഥാര്‍ഥ്യമായില്ല. എന്നാല്‍ പരസ്പരമുള്ള പോരാട്ടത്തിന് അയവു വരുത്തുന്നതില്‍ മക്ക കരാര്‍ ഒരു പരിധി വരെ സഹായകമായി. ഐക്യശ്രമങ്ങള്‍ വീണ്ടും രൂപം കൊണ്ടത് 2011-ലാണ്. കൈറോ ധാരണ എന്ന പേരിലുള്ള പ്രസ്തുത നീക്കവും പക്ഷേ, ഫലം കണ്ടില്ല. തുടര്‍ന്ന് 2012ല്‍ ദോഹയില്‍ ഇരു വിഭാഗം നേതാക്കളും വീണ്ടും യോഗം ചേര്‍ന്ന് ഐക്യസര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങള്‍ കൈക്കൊള്ളുകയുണ്ടായി. എന്നാല്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ഗസ്സയില്‍ ഐക്യ കരാര്‍ ഒപ്പിട്ടതോടെ മുന്നോട്ടുള്ള പാത ഏറക്കുറെ സുഗമമായി.

      ഐക്യ സര്‍ക്കാറിന് വഴിയൊരുക്കാന്‍ ഹമാസ് തങ്ങളുടെ ഗവണ്‍മെന്റിനെ പിരിച്ചുവിട്ടിട്ടുണ്ട്. ഇസ്രയേലിനെ അംഗീകരിക്കുകയും സയണിസ്റ്റ് രാജ്യവുമായുള്ള മുന്‍ കരാറുകള്‍ പാലിക്കുകയും ചെയ്യുന്ന, സാങ്കേതിക വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന പതിനാറംഗ കാബിനറ്റാണ് ഇപ്പോള്‍ അധികാരത്തിലേറിയിരിക്കുന്നത്. പുതിയ ഗവണ്‍മെന്റിനെ അംഗീകരിക്കാന്‍ ഹമാസ് തയാറായിട്ടുണ്ടെങ്കിലും അതൊരു താല്‍ക്കാലിക നിലപാട് മാത്രമാണ്. കരാറനുസരിച്ച് ആറു മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടക്കണം. പ്രസ്തുത ഇലക്ഷനില്‍ വിജയിച്ചാല്‍ തങ്ങളുടെതായ നിലപാടിലേക്ക് ഹമാസ് മാറുമെന്ന് ഉറപ്പ്.

         2012-ല്‍ ഈജിപ്തില്‍ ജനാധിപത്യാടിസ്ഥാനത്തില്‍ നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി അധികാരത്തിലെത്തിയത് ഹമാസിന് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം മുര്‍സി സര്‍ക്കാരിനെ സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും കൂട്ടരും അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തത് ഹമാസിന് വലിയ തിരിച്ചടിയായി. ബ്രദര്‍ഹുഡുമായി ഗാഢബന്ധമുള്ള ഹമാസിനെ തകര്‍ക്കാനുള്ള അവസരം ചില അറബ് രാജ്യങ്ങളുടെയും ഫത്ഹിന്റെയും പിന്തുണയോടെ പട്ടാള ഭരണകൂടം നന്നായി ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ഗസ്സക്കാര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗമായ റഫ അതിര്‍ത്തി അടച്ചുകൊണ്ട് ഹമാസ് സര്‍ക്കാറിനെതിരെ ജനരോഷം ഉയര്‍ത്താനാണ് ശ്രമം. ഇത്തരമൊരു പ്രതികൂല സാഹചര്യത്തില്‍ ഹമാസിന്റെ നിലപാട് ബുദ്ധിപൂര്‍വ്വകമാണ്. മാത്രമല്ല, ഹമാസിന് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വെസ്റ്റ്ബാങ്കില്‍ ശക്തിപ്പെടുത്താനും ഐക്യകരാര്‍ സഹായകമാകും. ഇത്രയും കാലം വെസ്റ്റ്ബാങ്കില്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗമായിരുന്നു ഹമാസ്. അവരുടെ പത്രപ്രസിദ്ധീകരണങ്ങളൊക്കെ അബ്ബാസ് ഭരണകൂടം നിരോധിക്കുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ ജയിലിലുമായി. കരാര്‍ അനുസരിച്ച് പ്രസിദ്ധീകരണങ്ങളുടെ നിരോധം നീങ്ങുകയും പ്രവര്‍ത്തകരില്‍ ചിലര്‍ മോചിതരാവുകയും ചെയ്തു. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഏറ്റവുമൊടുവില്‍ പ്രസ്താവിച്ചിരിക്കുന്നതും വെസ്റ്റ്ബാങ്കിലെ ഹമാസിന്റെ കടന്നുകയറ്റത്തെക്കുറിച്ചാണ്. നിലവില്‍ ഗസ്സയില്‍ മാത്രമേ ഇസ്രയേലിന് ഹമാസിന്റെ ഭീഷണിയുള്ളൂ. പുതിയ സാഹചര്യത്തില്‍ അധിനിവേശ ജറൂസലമിലേക്ക് ഹമാസിന് വാതിലുകള്‍ തുറന്നുകിട്ടുകയാണ്.

         സമാധാന ചര്‍ച്ചകള്‍ എന്ന പേരില്‍ തൊണ്ണൂറുകളുടെ തുടക്കം മുതല്‍ അമേരിക്കന്‍ ഭരണകൂടങ്ങള്‍ കാട്ടിക്കൂട്ടുന്ന നാടകങ്ങള്‍ സ്വതന്ത്ര ഫലസ്ത്വീന്‍ യാഥാര്‍ഥ്യമാകാതിരിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണെന്ന് മഹ്മൂദ് അബ്ബാസിന് അറിയാഞ്ഞിട്ടല്ല. സ്വന്തം സ്ഥാനമാനങ്ങള്‍ മാത്രം മുന്നില്‍ കണ്ട് നീങ്ങുന്ന അബ്ബാസ് ഒടുവില്‍ ഏകപക്ഷീയമായി രാഷ്ട്ര പ്രഖ്യാപനം നടത്തിയതും 15 യു.എന്‍ ഏജന്‍സികളിലും യു.എന്‍ കണ്‍വെന്‍ഷനുകളിലും അംഗത്വത്തിനായി അപേക്ഷ നല്‍കിയതും ഇസ്രയേലുമായുള്ള സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതും ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ്.  ഇസ്രയേലുമായി അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ പാഴ്‌വേലയാണെന്ന് ബോധ്യപ്പെടുകയും വെസ്റ്റ്ബാങ്കിലെ ജനങ്ങള്‍ക്കിടയില്‍ അതൃപ്തി വളരുകയും ചെയ്തതോടെ ഇസ്രയേലിനെതിരെ മുഴുവന്‍ ഫലസ്ത്വീനികളെയും ഒന്നിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് ഫത്ഹ് വിഭാഗത്തിന് ബോധ്യമായി. ഒരു ഭാഗത്ത് ചര്‍ച്ചകള്‍ തുടരുകയും മറുഭാഗത്ത് അധിനിവേശ പ്രദേശങ്ങളില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കുകയും  ചെയ്യുന്ന ഇസ്രയേലിന്റെ നീക്കങ്ങള്‍ ഫലസ്ത്വീനികളുടെ വന്‍ രോഷത്തിന് ഇടവരുത്തിയിരുന്നു. ഇതിനു പുറമെ, ചര്‍ച്ചകളിലെ ധാരണയനുസരിച്ച് വര്‍ഷങ്ങളായി തടവറകളില്‍ കഴിയുന്ന 104 തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍, അവസാന ബാച്ചില്‍പെട്ട 26 പേരെ വിട്ടയക്കില്ലെന്ന് നെതന്യാഹു ഏകപക്ഷീയമായി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇനിയും ചര്‍ച്ചകളുമായി മുന്നോട്ടുപോയാല്‍ ആഭ്യന്തര കലാപമായിരിക്കും ഫലമെന്ന് അബ്ബാസിനും കൂട്ടര്‍ക്കും ബോധ്യപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വെസ്റ്റ്ബാങ്കിലും ഗസ്സയിലും വേരുകളുള്ള ഒരൊറ്റ ഫലസ്ത്വീനെന്ന നിലയില്‍ രാഷ്ട്ര പ്രഖ്യാപനത്തിനായി യു.എന്നിനെ സമീപിക്കാമെന്നാണ് ഫത്ഹിന്റെ കണക്കുകൂട്ടല്‍. 2006-ലെ തെരഞ്ഞെടുപ്പിനു മുമ്പും ഇതേ കണക്കുകൂട്ടലുകളായിരുന്നു അബ്ബാസും കൂട്ടരും നടത്തിയതെങ്കിലും അമേരിക്ക സ്‌പോണ്‍സര്‍ ചെയ്ത ഫത്ഹ് ദയനീയമായി പരാജയപ്പെടുകയും ഹമാസ് അത്യുജ്ജ്വല വിജയം കൊയ്യുകയുമാണുണ്ടായത്. 

         വിവിധ ഫലസ്ത്വീന്‍ സംഘടനകളുടെ പൊതുവേദിയായ ഫലസ്ത്വീന്‍ വിമോചന മുന്നണിയില്‍ (പി.എല്‍.ഒ) അംഗമാവാന്‍ ഹമാസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പി.എല്‍.ഒയില്‍ ഇപ്പോള്‍ അംഗത്വമുള്ള പോരാട്ട സംഘടന പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്ത്വീന്‍ മാത്രമാണ്. ഹമാസും ഇസ്‌ലാമിക് ജിഹാദും പി.എല്‍.ഒയില്‍ ചേരുകയാണെങ്കില്‍ ഇസ്രയേലിനെ അംഗീകരിക്കാത്ത ചെറുത്തുനില്‍പ് സംഘടനകളുടെ എണ്ണം കൂടും. മൂന്നു സംഘടനകളും സഖ്യത്തിലേര്‍പ്പെടാനുള്ള സാധ്യത ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെങ്കിലും അത് പാടെ തള്ളിക്കളയാനുമാവില്ല. പി.എല്‍.ഒ പുതിയ രൂപത്തിലായാല്‍ മറ്റു രണ്ടു സംഘടനകളുമായി സഖ്യത്തിലേര്‍പ്പെടാനുള്ള താല്‍പര്യം ഹമാസ് മറച്ചുവെക്കുന്നില്ല.

         ഫത്ഹ്-ഹമാസ് ഐക്യത്തെ തുടക്കം മുതല്‍ എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇസ്രയേല്‍, ഐക്യകരാര്‍ ഒപ്പിട്ടതോടെ ചര്‍ച്ചകളില്‍നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. ഐക്യ സര്‍ക്കാര്‍ നിലവില്‍ വന്നതോടെ അധിനിവേശ പ്രദേശങ്ങളില്‍ മൂവായിരത്തോളം ഭവനങ്ങള്‍ പണിയുമെന്നായി ഭീഷണി. ഭവനമന്ത്രി പ്രഖ്യാപിച്ച 1500 വീടുകള്‍ക്ക് പുറമെ പ്രധാനമന്ത്രിയുടെ വക മറ്റൊരു 1500ഉം! അതിനിടെ, ഐക്യ നീക്കത്തെ തകര്‍ക്കാന്‍ ഇസ്രയേലിന്റെ സഹായത്തോടെ ഫലസ്ത്വീനിലെ ചില വിഭാഗങ്ങള്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. മിസൈല്‍ തൊടുത്തുവിട്ടെന്ന് ആരോപിച്ച് ഇസ്രയേല്‍ സൈന്യം ഏപ്രില്‍ 21ന് ഗസ്സക്കെതിരെ വ്യോമാക്രമണം നടത്തുകയുണ്ടായി. ഒരു കാലത്ത് മഹ്മൂദ് അബ്ബാസിന്റെ വലംകയ്യായിരുന്ന മുഹമ്മദ് ദഹ്‌ലാന്‍ നേതൃത്വം കൊടുക്കുന്ന സൈനിക സെല്ലാണ് ഇതിനു പിന്നിലെന്ന് ഗസ്സയിലെ അന്വേഷണ വിഭാഗം കണ്ടെത്തുകയും ഇതിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

          അധിനിവേശ പ്രദേശങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് വീടുകള്‍ പണിയുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടെങ്കിലും അധിനിവേശ പ്രദേശങ്ങള്‍ ഫലസ്ത്വീനികളുടെത് തന്നെയാണെന്നാണ് യു.എന്‍ നിലപാട്. ഇസ്രയേലിന്റെ പുതിയ പ്രഖ്യാപനത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പ്രബല ശക്തികള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രയേലിനെതിരെ ഫലസ്ത്വീനികള്‍ യു.എന്നിനെ സമീപിച്ചാല്‍ സയണിസ്റ്റുകള്‍ക്കൊപ്പം അതിനെ എതിര്‍ക്കാന്‍ മുന്നിലുണ്ടാകുന്നതും അമേരിക്ക തന്നെയായിരിക്കും. പതിറ്റാണ്ടുകളായി സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്ത്വീനികളുടെ ആഗ്രഹത്തിന് തടയിടുന്നത് അമേരിക്കയാണല്ലോ. 2012 നവംബറില്‍ ഫലസ്ത്വീന്‍ നടത്തിയ സ്വതന്ത്ര രാഷ്ട്ര പ്രഖ്യാപനത്തെ  യു.എന്നില്‍ എതിര്‍ത്തത് ഇസ്രയേലിനു പുറമെ അമേരിക്കയും എട്ടു രാഷ്ട്രങ്ങളും മാത്രമായിരുന്നു. കാനഡയും ചെക് റിപ്പബ്ലിക്കും ഒഴിച്ചു നിര്‍ത്തിയാല്‍ ഫലസ്ത്വീന്‍ രാഷ്ട്ര പ്രഖ്യാപനത്തെ എതിര്‍ത്ത് വോട്ടു ചെയ്തത് പെസഫിക്കിലെ ചില കൊച്ചു ദ്വീപു രാഷ്ട്രങ്ങളാണ്. ഫലസ്ത്വീന്‍ വിഷയത്തില്‍ ലോക നിലപാട് അമേരിക്കക്ക് എതിരാണെന്ന് ഒരിക്കല്‍ കൂടി വെളിവാക്കിയതാണ് ഈ വോട്ടിംഗ്. 

         അമേരിക്കയുടെ കാര്‍മികത്വത്തില്‍ ചുട്ടെടുത്ത ഓസ്‌ലോ അടക്കമുള്ള മുഴുവന്‍ കരാറുകളും ഫലസ്ത്വീനികള്‍ക്ക് ദുരിതമാണ് സമ്മാനിച്ചത്. ഹമാസ് ഉള്‍പ്പെടെയുള്ള ജനകീയ പോരാട്ട പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തുകയായിരുന്നു വന്‍ ശക്തികള്‍ ഇടപെട്ട് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി വിളിച്ചുകൂട്ടിയ അന്താരാഷ്ട്ര സമ്മേളനങ്ങളുടെ അജണ്ട. ഫലസ്ത്വീനികള്‍ ഒരിക്കലും ഐക്യപ്പെടരുതെന്ന അവരുടെ അജണ്ട പൊളിച്ചിരിക്കുകയാണ് ഈ ഐക്യ സര്‍ക്കാര്‍. പോരടിക്കുന്ന വിഭാഗങ്ങള്‍ വെടിനിര്‍ത്തുന്നതും യോജിച്ചു നീങ്ങാന്‍ കരാറിലെത്തുന്നതും അന്താരാഷ്ട്ര സമൂഹം സ്വാഗതം ചെയ്യലാണ്  പതിവു രീതി. എന്നാല്‍ ഫലസ്ത്വീനിലെ രണ്ടു വിഭാഗങ്ങള്‍ യോജിപ്പിലെത്തിയതിനെ നഖശിഖാന്തം എതിര്‍ത്തത് ഇസ്രയേല്‍ മാത്രമല്ല, അമേരിക്ക കൂടിയായിരുന്നു! ഐക്യസര്‍ക്കാറിനെ സഹായിക്കുമെന്ന് ഒടുവില്‍ ഔദ്യോഗികമായി ഒബാമക്ക് പ്രഖ്യാപിക്കേണ്ടിവന്നു. സര്‍ക്കാരില്‍ ഹമാസ് പ്രതിനിധികള്‍ ഇല്ലെന്നതാണ് അതിനു പറഞ്ഞ ന്യായം. അതിനര്‍ഥം, ആറു മാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ പ്രസ്തുത ഗവണ്‍മെന്റിനെ ബഹിഷ്‌കരിക്കാന്‍ അമേരിക്കയും ബ്രിട്ടനും മുന്നിലുണ്ടാകുമെന്നുറപ്പ്. ഇസ്രയേലിനെ അംഗീകരിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ എട്ടുവര്‍ഷം ഹമാസ് സര്‍ക്കാറിനോടുള്ള അവരുടെ നിലപാട് ഇതായിരുന്നല്ലോ. ഇസ്രയേലിനെ അംഗീകരിച്ചാലേ സഹായിക്കൂവെന്ന് ശഠിക്കുന്നവര്‍ അധിനിവേശ മണ്ണില്‍നിന്ന് ഇറങ്ങിപ്പോകൂ എന്ന് സയണിസ്റ്റുകളോട് പറയാനും ആര്‍ജവം കാട്ടേണ്ടതുണ്ട്. അത് ഇവരില്‍നിന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. അധിനിവേശ ശക്തിയായ ഇസ്രയേലിനെ അംഗീകരിക്കാത്തതും നയതന്ത്ര ബന്ധങ്ങള്‍ പുലര്‍ത്താത്തതുമായ നിരവധി സ്വതന്ത്ര രാജ്യങ്ങള്‍ ഭൂലോകത്തുണ്ടല്ലോ. സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാവുകയും യു.എന്നില്‍ ഔദ്യോഗികമായി അംഗത്വം ലഭിക്കുകയും ചെയ്യുമ്പോഴേ അമേരിക്കയുടെയും കൂട്ടരുടെയും നിലപാടുകളില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാനാവൂ. അതുവരെ ഫലസ്ത്വീനികളെ സഹായിക്കേണ്ട ബാധ്യത നന്നെക്കുറഞ്ഞത് സമ്പന്ന മുസ്‌ലിം രാജ്യങ്ങള്‍ക്കെങ്കിലുമുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 103-107
എ.വൈ.ആര്‍