സാമ്പത്തിക ഇടപാടുകളിലെ ഇസ്‌ലാമികത ചില സംശയങ്ങള്‍
എല്‍.ഐ.സിയുടെ ഭവിഷ്യത്തുകള്‍ അറിയാതെ പോളിസി എടുത്തിട്ടുള്ള ഒരാള്‍ പോളിസി ഒഴിവാക്കാന്‍ വേണ്ടി ഏജന്റിനെ സമീപിച്ചപ്പോള്‍ മൂന്നു വര്‍ഷം കൂടി പ്രീമിയം അടക്കണം, എങ്കില്‍ മാത്രമേ അടച്ച പണം തിരികെ കിട്ടൂ എന്നാണ് പറഞ്ഞത്. ഇപ്പോള്‍ പോളിസി ഒഴിവാക്കിയാല്‍ അടച്ച പണം നഷ്ടപ്പെടും. ഈ അവസ്ഥയില്‍ എന്ത് ചെയ്യണം?
ജീവിക്കുന്ന സാമൂഹിക സാഹചര്യത്തെക്കുറിച്ച് വിശ്വാസികള്‍ ബോധവാന്മാരായിരിക്കണം. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ധര്‍മ്മാധിഷ്ഠിതമായ ഒരു സമൂഹം ഇവിടെ നിലവിലില്ല. അങ്ങനെയുള്ള ഒരു സാമൂഹികാവസ്ഥയില്‍ കഴിഞ്ഞു കൂടുമ്പോള്‍ എല്ലാ പ്രശ്‌നങ്ങളിലും അസാധാരണ ശ്രദ്ധ വേണ്ടിവരും.
ധന സമ്പാദനവും വിനിമയവും ഇസ്‌ലാമിക ജീവിത വ്യവസ്ഥയില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. മരണാനന്തര ജീവിത മോക്ഷവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഇസ്‌ലാം അവയുടെ നിയമങ്ങള്‍ പഠിപ്പിക്കുന്നത്. തെറ്റായ രീതിയിലുള്ള ധനസമ്പാദനവും വ്യയം ചെയ്യലും സൃഷ്ടിക്കുന്ന പ്രത്യാഘാതം ഭൂമിയില്‍ ഒതുങ്ങുന്നതല്ല. പരലോകത്ത് ശാശ്വത സൗഭാഗ്യം ലഭിക്കുന്നതിന് വിഘാതമായിത്തീരും സാമ്പത്തിക ക്രമക്കേടുകള്‍.
ജീവിതത്തെ ഈ ലോകവും പരലോകവും ചേര്‍ത്ത് കാണുന്നവരും, ഭൗതിക മാത്രമായി കാണുന്നവരും തമ്മില്‍ അതിനാല്‍ വലിയ അന്തരമുണ്ട്. ശരീരവും ആത്മാവും ആനന്ദിക്കാന്‍ ആവശ്യമായ പോഷകങ്ങളാണ് ഇസ്‌ലാം മനുഷ്യര്‍ക്ക് നല്‍കുന്നത്. ശരീരത്തിന്റെ മാത്രം സുഖമാണ് നമ്മുടെ മുമ്പിലുള്ള ഭൗതിക വ്യവസ്ഥിതികളിലുള്ളത്. ഇന്ത്യന്‍ സാമ്പത്തിക ഘടന തത്വത്തില്‍ പാശ്ചാത്യ സാമ്പത്തിക വീക്ഷണത്തിന്റെ തുടര്‍ച്ചയാണ്. ലോകം മുഴുവന്‍ പാശ്ചാത്യ സാമ്പത്തിക ചിന്തയുടെ അതിപ്രസരത്തിലാണ്. സമ്പന്നരെ കൊഴുപ്പിക്കുകയും ദരിദ്രരെ കാര്‍ന്നു തിന്നുകയും ചെയ്യുന്ന മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയാണ് പൊതുവെ ലോകം നടപ്പിലാക്കി വരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ പരമാവധി സൂക്ഷ്മത പാലിക്കുകയും, നിഷിദ്ധം തിന്നാതെ ജീവിക്കുകയുമാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. ഇത് ചില സാമ്പത്തിക നേട്ടങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമായാല്‍ അതില്‍ നിരാശയോ ദുഃഖമോ തോന്നരുത്. സാമ്പത്തിക ഇടപാടുകളില്‍ വിശ്വാസി എപ്പോഴും ഓര്‍ക്കേണ്ട തത്ത്വം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പഠിപ്പിച്ചിരിക്കുന്നു: ''വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ സമ്പത്ത് അന്യോന്യം അന്യായമായി തിന്നരുത്; പരസ്പരം പൊരുത്തത്തോടെയുള്ള വ്യാപാരത്തിലൂടെയല്ലാതെ. നിങ്ങളെത്തന്നെ നിങ്ങള്‍ കശാപ്പു ചെയ്യരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്. തീര്‍ച്ച''(4:29).
സാമ്പത്തിക ചൂഷണം പരസ്പരം കൊന്നുകളയുന്നതിന് തുല്യമാണ്. ചൂഷണത്തിന് വിധേയരായവര്‍ ആത്മഹത്യ ചെയ്യുന്നത് മരണമാണ് ഭേദം എന്ന അബദ്ധ വിചാരത്താലാണ്!
ഈ മുഖവുര മനസ്സില്‍ സൂക്ഷിച്ചാല്‍ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നമുക്ക് സമാധാനത്തോടെ ഇടപെടാനുള്ള വഴിതെളിഞ്ഞുകിട്ടും.
ലൈഫ് ഇന്‍ഷൂറന്‍സിനെക്കുറിച്ച് വിശദമായ മറുപടി പ്രബോധനം (ലക്കം: 2840-2014 ഫെബ്രുവരി 28)പ്രസിദ്ധീകരിച്ചിട്ടുണ്ട്. തദടിസ്ഥാനത്തില്‍ എല്‍.ഐ.സി പോളിസി എടുക്കുന്നതില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുന്ന ഒരാളുടെ പ്രശ്‌നമാണ് ചോദ്യത്തില്‍ ഉന്നയിച്ചിരിക്കുന്നത്. പരിശുദ്ധ ഖുര്‍ആനില്‍ പലിശ നിരോധിച്ചുകൊണ്ടുള്ള കല്‍പനയില്‍ ''നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കവകാശപ്പെട്ടതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. അക്രമത്തിന് വിധേയരാവുകയും ചെയ്യരുത്'' (2:279) എന്നു പഠിപ്പിച്ചിരിക്കുന്നു. ഈ ഖുര്‍ആനിക ശിക്ഷണത്തിന്റെ വെളിച്ചത്തില്‍ നിഷിദ്ധമായ ഇടപാടുകളില്‍ മുതലിറക്കിയാല്‍ മൂലധനം തിരിച്ചുലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇതിനു വേണ്ടി രണ്ടോ മൂന്നോ വര്‍ഷം കൂടുതല്‍ പ്രീമിയം അടക്കുന്നതിന് വിരോധമില്ല. എന്നാല്‍ ഇത് വരെ അടച്ചത് വളരെ ചെറിയ തുകയാണെങ്കില്‍ അത് വേണ്ടെന്ന് വെക്കുന്നതല്ലേ ഉത്തമമെന്ന് സ്വയം തീരുമാനിക്കേണ്ടതാണ്.
ഒരു നിഷിദ്ധ ഇടപാടിനോടുള്ള താല്‍പര്യമല്ല, നമുക്ക് ന്യായമായും അവകാശപ്പെട്ട ധനം തിരിച്ചുകിട്ടാനുള്ള ഏക പോംവഴി എന്നതാണ് ഇടപാട് തുടരുന്നതിന്റെ ന്യായം.
പ്രീമിയം തുകയും കിട്ടാനുള്ള തുകയും തുല്യമാണെങ്കില്‍ ചേരാന്‍ പറ്റുമോ?
പ്രീമിയം തുകയും, ലഭിക്കുന്ന തുകയും തുല്യമായ ഒരു സമ്പ്രദായം ഉള്ളതായറിയില്ല. മനുഷ്യന്റെ ലാഭേഛ ചൂഷണം ചെയ്യുന്ന ഒരു സമ്പ്രദായമാണല്ലോ എല്‍.ഐ.സി. അതില്‍ കൊടുത്തത് മാത്രമായി തിരിച്ചുകൊടുക്കുന്ന രീതിയില്ല. കൂടുതല്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുന്ന രീതിയേ ഉള്ളൂ.
ഇസ്‌ലാമികമായി സഹകരണാടിസ്ഥാനത്തില്‍ നടത്തുന്ന 'കോ-ഓപറേറ്റീവ് ഇന്‍ഷൂറന്‍സ്' എന്ന ഒരു സമ്പ്രദായം ചില ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നിലവിലുണ്ട്. അതില്‍ ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടുള്ളതെല്ലാം ഒഴിവാക്കി ഹലാലായ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ കൊടുക്കുന്നതും എടുക്കുന്നതും തുല്യമായിരിക്കും. ആവശ്യമുള്ള സമയത്ത് സഹായം ലഭ്യമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലാഭേഛയില്ലാതെ പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഈ ഇടപാട് ഒരു പുണ്യകര്‍മ്മമാണ്.
എല്‍.ഐ.സി നമ്മുടെ പണം ഷെയര്‍ മാര്‍ക്കറ്റില്‍ ഇട്ടാണ് നമുക്ക് വരുമാനം നേടിത്തരുന്നത് എന്ന് പറയുന്നു. ഇതിനെ പറ്റി എന്ത് പറയുന്നു?
എല്‍.ഐ.സിയുടെ ധധ സമ്പാദന മാര്‍ഗങ്ങള്‍ വിശദമായി പഠിച്ച ശേഷമാണ് പണ്ഡിത സഭകള്‍ അത് നിഷിദ്ധമാണെന്ന തീരുമാനത്തിലെത്തിയത്. പോളിസി വില്‍ക്കാന്‍ വരുന്നവര്‍ ഓരോ വ്യക്തിക്കും സ്വീകാര്യമായ വശങ്ങള്‍ മാത്രം പറയുന്നത് മാര്‍ക്കറ്റിംഗിന്റെ സൂത്രമാണല്ലോ!
ചോദ്യ കര്‍ത്താവ് പണ്ഡിതന്മാര്‍ ഉന്നയിച്ച കാരണങ്ങളെല്ലാം പരിശോധിക്കുന്നത് നന്നാവുമെന്ന് തോന്നുന്നു. ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകള്‍ ആര്‍.ബി.ഐയുടെ മാര്‍ഗ നിര്‍ദേശമനുസരിച്ചാണ് നടത്തപ്പെടുന്നത്. അതില്‍ പലിശ ഒരനിവാര്യ ഘടകമാണ്. എന്നാല്‍ പലിശയിലൂടെ മാത്രം ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് വമ്പിച്ച ലാഭം കൊയ്യാനാവില്ല. അതിനാല്‍ കമ്പനികള്‍ അനേകം സ്രോതസ്സുകളില്‍ മുതല്‍ മുടക്കുന്നു. ഇതില്‍ അപകട സാധ്യത ഏറ്റവും കുറഞ്ഞതാണ് കമ്പനി തെരഞ്ഞെടുക്കുക. എന്നിട്ടും നഷ്ടത്തില്‍ കലാശിക്കാതിരിക്കാന്‍ കമ്പനികള്‍ സ്വയം ഇന്‍ഷൂര്‍ ചെയ്യുന്നു. ഇതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കാനുതകുന്ന ധാരാളം പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാണ്.
ഇതിലൊരിനം മാത്രമാണ് ഷെയര്‍ മാര്‍ക്കറ്റ്. ഓഹരി വിപണിയിലെ ഇടപാടുകളെല്ലാം ഇസ്‌ലാമികമായി അനുവദനീയമല്ല എന്നു പറയേണ്ടതില്ലല്ലോ. ഉദാഹരണമായി ലഹരി വസ്തുക്കള്‍ ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്ന കമ്പനികള്‍ ആപേക്ഷികമായി നല്ല ലാഭമുള്ളവയാണ്. ഇവക്ക് വിലയിടിഞ്ഞു പോകാനുള്ള സാധ്യത വളരെക്കുറവാണ്. അതിനാല്‍ ഇവയുടെ ഓഹരിയില്‍ പണം മുടക്കിയാല്‍ നല്ല ലാഭം പ്രതീക്ഷിക്കാം. എന്നാല്‍ ഇത് നിഷിദ്ധ വ്യാപാരമായാണ് ഇസ്‌ലാം കാണുന്നത്. പലിശ മാത്രമാണ് നിഷിദ്ധമെന്ന ധാരണ തിരുത്തണം. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വളരെ ലാഭത്തില്‍ ഓടുന്നു. അവയില്‍ മദ്യത്തിനു പുറമെ മദിരാക്ഷിയും വില്‍പനച്ചരക്കുകളില്‍ പെടുന്നു. വിപണികളില്‍ അവയുടെ ഓഹരി ലഭ്യമാണല്ലോ.
പ്രത്യക്ഷത്തില്‍ നിഷിദ്ധമാകാനുള്ള കാരണങ്ങള്‍ പ്രകടമല്ലാത്ത സാമ്പത്തിക ഇടപാടുകളിലും ഇന്‍ഷൂറന്‍സ് കമ്പനികള്‍ പണം മുടക്കി ലാഭമുണ്ടാക്കും. മദിരാശി നഗരത്തില്‍ മൗണ്ട് റോഡില്‍ ആദ്യമായി ഉയര്‍ന്ന പതിനാല് നില കെട്ടിടം എല്‍.ഐ.സിയുടെതായിരുന്നു. സ്വന്തം ഓഫീസുകള്‍ ഒഴിച്ച് ബാക്കിയെല്ലാം ഉയര്‍ന്ന വാടകക്കു കൊടുത്ത് വലിയ ലാഭമുണ്ടാക്കാന്‍ ഇത് സഹായകമായി. എന്നാല്‍ പോളിസിയെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന സംഖ്യയില്‍ നിഷിദ്ധമായ ധനവും കലര്‍ന്നുകൊണ്ട് മാത്രമേ കിട്ടുകയുള്ളൂ. ആ വരുമാനം കമ്പനിയുടെ വീക്ഷണത്തില്‍ നിഷിദ്ധമല്ലല്ലോ.
ആരംഭത്തില്‍ സൂചിപ്പിച്ചപോലെ നിഷിദ്ധ സാമ്പത്തിക ഇടപാടുകള്‍ പരലോകം നഷ്ടപ്പെടാന്‍ കാരണമാകുമെന്ന ബോധ്യമാണ് വിശ്വാസികള്‍ക്ക് വേണ്ടത്. പലിശ കൊടുക്കുന്നത് സര്‍വ്വ സാധാരണമായിരിക്കയാണിന്ന്. ബാങ്കുകളെ സമീപിക്കുന്ന അധിക പേരെയും ശ്രദ്ധിച്ചാല്‍ അവര്‍ പണം കടമെടുക്കാനെത്തുന്നവരാണെന്ന് കാണാം. പലിശ നിഷിദ്ധമാണെന്നറിയാത്തതല്ല ഇതിനു കാരണം. സമീപനത്തിലുള്ള ലാഘവ ബുദ്ധിയാണ്. പെട്ടെന്ന് പണക്കാരനാകാന്‍ പറ്റുന്ന ഏത് ഇടപാടിലും കാണാം മുന്നില്‍, മുസ്‌ലിം സഹോദരന്മാരെ. അവര്‍ക്കാവശ്യം ബോധവല്‍ക്കരണമാണ്. സമുദായ നേതൃത്വവും പണ്ഡിതന്മാരും ഒന്നിച്ചു ശ്രമിക്കേണ്ട കാര്യമാണത്.
വാടകക്ക് കൊടുക്കാനായി ഞാന്‍ ഒരു ബില്‍ഡിംഗിന്റെ അടിയിലത്തെ നില ഏതാണ്ട് പണിപൂര്‍ത്തിയാക്കി. മുകള്‍ നിലയുടെ പണി സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ ഇപ്പോള്‍ തുടങ്ങാന്‍ സാധ്യമല്ല. എന്നാല്‍ മുകള്‍ ഭാഗം ഗ്രാമീണ ബാങ്ക് ശാഖ തുടങ്ങാനായി ബാങ്ക് അധികാരികള്‍ ആവശ്യപ്പെട്ടിരിക്കുന്നു. ബാക്കിയുള്ള പണികള്‍ മുഴുവന്‍ അവര്‍ ചെയ്യുകയും അതിന് വരുന്ന ചെലവ് വാടകയില്‍ നിന്ന് വസൂലാക്കുകയും ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. അതല്ലെങ്കില്‍ പണി പൂര്‍ത്തിയാക്കി നല്‍കിയാല്‍ മാസവാടകക്ക് എടുക്കാനും അവര്‍ തയ്യാറാണ്. മേല്‍കൊടുത്ത രണ്ടു രീതികളുടെയും ഇസ്‌ലാമിക മാനമെന്താണ്?ബാങ്കിനായി ബില്‍ഡിംഗ് വാടകക്ക് കൊടുക്കല്‍ അനുവദനീയമാണോ?
ബാങ്ക് ഒരു പലിശ സ്ഥാപനമാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്നത് നിഷിദ്ധമാണ്. അതിനാല്‍ ബാങ്കിന് കെട്ടിടം വാടകക്ക് കൊടുക്കുന്നത് നിഷിദ്ധമാണ്. ഭൂരിപക്ഷം പണ്ഡിതന്മാരും ഈ അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കപ്പെടുന്ന മുസ്‌ലിം രാഷ്ട്രങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ് ഈ അഭിപ്രായം രൂപീകരിച്ചിട്ടുള്ളത്. അനിസ്‌ലാമിക രാഷ്ട്രങ്ങളില്‍ പലിശ സര്‍വ്വാംഗീകൃതമാകയാല്‍ അവിടങ്ങളിലെ മുസ്‌ലിംകള്‍ക്ക് ബാങ്കുകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇളവനുവദിക്കണമെന്ന അഭിപ്രായമുള്ള പണ്ഡിതന്മാരുണ്ട്. പലിശ വാങ്ങുന്നത് കര്‍ശനമായി ഒഴിവാക്കുകയും, ബാങ്കുകളുമായി ബന്ധപ്പെട്ട സാമ്പത്തിക വിനിമയങ്ങളില്‍ കടവും ബാധ്യതയും ഒഴിവാക്കി പലിശ കൊടുക്കുന്നത് പരമാവധി ഇല്ലാതാക്കുകയും ചെയ്യണമെന്നാണ് സൂക്ഷ്മമായ കാഴ്ചപ്പാട്. ബഹുസ്വര സമൂഹങ്ങളില്‍ ബാങ്കുകളുമായി പലിശയല്ലാത്ത കാര്യങ്ങളില്‍ സഹകരിക്കാമെന്നതിനാല്‍ അവക്ക് വാടകക്ക് കൊടുക്കാനും, ബാങ്കുകള്‍ നല്‍കുന്ന പ്രമോഷന്‍ സമ്മാനങ്ങള്‍ സ്വീകരിക്കാനും അനുവാദമുണ്ടെന്ന കാഴ്ചപ്പാടാണ് ഈ വീക്ഷണക്കാര്‍ക്കുള്ളത്. ബാങ്കുകളുമായി ഇടപഴകുന്നത് പലിശയോട് മാനസികമായ അടുപ്പമുണ്ടാക്കാന്‍ ഇടവരുത്തരുത് എന്നിവര്‍ ഉല്‍ബോധിപ്പിക്കുന്നു. ചുരുക്കത്തില്‍ ബാങ്കുകളുമായി ഒരു വിധ സഹകരണവും പാടില്ല, അതെല്ലാം പലിശ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കലാണ് എന്നാണൊരു വീക്ഷണം. അനിസ്‌ലാമിക വ്യവസ്ഥിതികളില്‍ ബാങ്കുകള്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു തിന്മയാണ്. അവയുമായി ചില സഹകരണങ്ങള്‍ ആവാം. പലിശ സ്വീകരിക്കുന്നത് കര്‍ശനമായി ഉപേക്ഷിക്കണം. കൊടുക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. മറ്റു കാര്യങ്ങളില്‍ സഹകരിക്കുന്നത് പാപമല്ല എന്നതാണ് രണ്ടാമത്തെ വീക്ഷണം.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ബാങ്കില്‍ നിന്ന് ലഭിക്കുന്ന വാടക പലിശയല്ല. കെട്ടിടത്തിന് ന്യായമായി ലഭിക്കേണ്ട കൂലിയാണ്. പലിശ വാങ്ങുന്ന കുറ്റമല്ല, പലിശ സ്ഥാപനത്തെ പ്രോത്സാഹിപ്പിച്ച കുറ്റമാണ് ഇതിലുള്ളത്.
ഈ രണ്ടഭിപ്രായങ്ങള്‍ മുന്നില്‍ വെച്ച് ചോദ്യകര്‍ത്താവിന് സ്വന്തം സാഹചര്യം പരിഗണിച്ച് ഒരു തീരുമാനത്തിലെത്താം. മറ്റു വാടകക്കാരെ കിട്ടുന്നില്ലെങ്കിലാണ്, അഭിപ്രായ വ്യത്യാസമുള്ള ഒരു വാടകക്കാരന് കൊടുക്കുക എന്ന പൊതു തത്ത്വം ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ.
എല്‍.ഐ.സിയുടെ ഒരു മണിബാക്ക് പോളിസി ഉടമയാണ് ഞാന്‍. 20 വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപയുടെ പോളിസിയാണ് ഞാന്‍ എടുത്തത്. ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ബോണസായി 15,000 രൂപ ലഭിച്ചിട്ടുണ്ട്. പ്രസ്തുത സംഖ്യ എനിക്ക് അനുവദനീയ (ഹലാല്‍)മാണോ? അല്ലായെങ്കില്‍ പ്രസ്തുത സംഖ്യ ഞാന്‍ എന്താണ് ചെയ്യേണ്ടത്?
എല്‍.ഐ.സിയുടെ 'മണിബാക്ക്' പോളിസിയുടെ ഇസ്‌ലാമിക നിയമം നിഷിദ്ധമാണ് എന്നു തന്നെയാണ്. ചില വ്യവസ്ഥകളില്‍ മാത്രമേ വിവിധ സ്‌കീമുകള്‍ തമ്മില്‍ വ്യത്യാസമുള്ളൂ. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഒരു നിശ്ചിത ശതമാനം തരികയും അവസാന വര്‍ഷം പോളിസിയുടെ പൂര്‍ണ്ണ സംഖ്യ നല്‍കുകയുമാണ് 'പണം തിരിച്ചു നല്‍കുന്ന'(Money Back) ഈ സ്‌കീം. ഇതില്‍ ചോദ്യ കര്‍ത്താവ് അടച്ച സംഖ്യ അയാളുടെ അവകാശമാണ്. എന്നാല്‍ അധികമായി ലഭിക്കുന്ന സംഖ്യയില്‍ സംശയങ്ങള്‍ക്ക് പഴുതുണ്ട്. ആ സംഖ്യ സ്വയം അനുഭവിക്കാതെ നന്മയുടെ മാര്‍ഗങ്ങളില്‍ ചെലവഴിക്കാം.
ചോദ്യ കര്‍ത്താവ് അടക്കുന്ന പ്രീമിയം എത്രയാണെന്ന് പറഞ്ഞില്ല. അഞ്ച് വര്‍ഷം കൊണ്ട് എത്ര സംഖ്യയാണ് അടച്ചതെന്ന് കണക്കു കൂട്ടാന്‍ പ്രീമിയം എത്രയെന്ന് അറിഞ്ഞാലേ പറ്റൂ. അത് കണക്കാക്കി ബാക്കി സംഖ്യ ദാനം ചെയ്യാം. സ്‌കീമിന്റെ നിയമാവലിയനുസരിച്ച് പോളിസി തുടരാതിരിക്കാന്‍ അനുവാദമുണ്ടെങ്കില്‍ അത് റദ്ദ് ചെയ്ത് ഈ തിന്മയോട് വിട പറയാം.
സമ്പന്നരും പെണ്‍കുട്ടികള്‍ മാത്രം ഉള്ളവരുമായ ദമ്പതികളിലൊരാള്‍ (മാതാവ്) അവരുടെ സമ്പത്ത് മുഴുവന്‍ കുട്ടികളുടെ പേരില്‍ എഴുതിവെക്കാന്‍ ആലോചിക്കുന്നു. മാതാവ് ജീവിച്ചിരിക്കുന്ന അവസ്ഥയില്‍ അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് അവരുടെ സ്വത്ത് നല്‍കുന്നതിന് വിരോധമില്ല എന്നാണ് ഒരു പണ്ഡിതനോട് ചോദിച്ചപ്പോള്‍ പറഞ്ഞത്.
എന്നാല്‍ മാതാവ് മരണപ്പെട്ടാല്‍ കുട്ടികളുടെ മൂന്നില്‍ രണ്ടവകാശം കഴിച്ച് ബാക്കി വരുന്നതിന്റെ അവകാശികളുടെ വിഹിതം നിഷേധിക്കുന്നത് ദൈവം നിശ്ചയിച്ച നിയമത്തെ മറികടക്കാന്‍ ചെയ്യുന്നത് പോലെയാകുമെന്നും നിര്‍ബന്ധമാണെങ്കില്‍ മൂന്നിലൊന്ന് മാത്രം കുട്ടികളുടെ പേരില്‍ എഴുതിവെക്കാമെന്നുമാണ് മറ്റൊരു പണ്ഡിതന്‍ പറഞ്ഞത്.
* സമ്പത്ത് മുഴുവന്‍ കുട്ടികളുടെ പേരില്‍ വസ്വിയ്യത്ത് ചെയ്താല്‍ (രജിസ്റ്റര്‍ ചെയ്തുകൊണ്ട്) മാതാവിന്റെ മരണ ശേഷം മറ്റവകാശികള്‍ക്ക് ഒന്നും കിട്ടാതെ വന്നാല്‍ അത് ദൈവിക നിയമത്തെ മറികടക്കാന്‍ ചെയ്യുന്നത് പോലെയാകുമോ?
* ഈ എഴുതിവെക്കുന്നതിന് അവരുടെ ഭര്‍ത്താവിന്റെ (കുട്ടികളുടെ പിതാവിന്റെ) സമ്മതം ആവശ്യമാണോ?
ഇസ്‌ലാമിലെ അനന്തരാവകാശ നിയമത്തിലെ ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ എടുത്ത് കാട്ടി അതിലെ അനീതിയും തത്ത്വദീക്ഷയില്ലായ്മയും കൊട്ടിഘോഷിക്കുന്നു ചിലര്‍. ഒരു സമഗ്രവ്യവസ്ഥയില്‍ നിന്ന് ഒരു കണ്ണി അടര്‍ത്തിയെടുത്ത് അത് വെച്ച് ആ വ്യവസ്ഥയെ വിലയിരുത്തുന്നത് ശരിയല്ല. അനന്തരാവകാശ നിയമങ്ങളില്‍ അനേകം തത്ത്വങ്ങളുണ്ട്. ഭദ്രമായ ഒരു സമൂഹത്തില്‍ അനിവാര്യമാണ് ആ തത്ത്വങ്ങള്‍.
ചില പ്രത്യേക സാഹചര്യങ്ങളില്‍ അനന്തരാവകാശ നിയമത്തിലെ ചില വ്യവസ്ഥകള്‍ നമുക്ക് അസ്വാസ്ഥ്യമുണ്ടാക്കും. ആ വ്യവസ്ഥയുടെ നന്മ ഗ്രഹിക്കാന്‍ വ്യത്യസ്ത സാഹചര്യങ്ങള്‍ നാം മനസ്സില്‍ കാണേണ്ടിവരും. മുമ്പിലുള്ള സാഹചര്യം അതിനു മതിയാവില്ല. മാതാപിതാക്കളില്‍ ഒരാള്‍ മരിച്ചാല്‍ പെണ്‍കുട്ടികള്‍ മാത്രമാണുള്ളതെങ്കില്‍ അവര്‍ക്ക് അനന്തരാവകാശത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം ലഭിക്കുന്നു. മൂന്നില്‍ ഒരു ഭാഗം അകന്ന മറ്റനന്തരാവകാശികള്‍ക്ക് കൊടുക്കണം.
ഇസ്‌ലാം പഠിപ്പിച്ച അടിസ്ഥാന കാര്യങ്ങളിലൊന്നാണ് കുടുംബ ബന്ധം ചേര്‍ക്കുക എന്നത്. ''രക്ത ബന്ധം ചേര്‍ത്തവനെ ഞാന്‍ ചേര്‍ക്കും. അതു മുറിച്ചവന്‍ ഞാനുമായുള്ള ബന്ധം മുറിച്ചു കളയും'' എന്നാണ് കുടുംബ ബന്ധത്തെക്കുറിച്ച് അല്ലാഹു പറയുന്നതായി നബി (സ) പഠിപ്പിക്കുന്നത്.
കുടുംബ ബന്ധം വിഛേദിച്ച വ്യക്തികള്‍ തമ്മില്‍ മാനസികമായ അകല്‍ച്ചയും പൊരുത്തക്കേടും ചിലപ്പോള്‍ വിദ്വേഷവുമുണ്ടാകും. അവര്‍ക്ക് അനന്തരാവകാശം കിട്ടാതിരിക്കാന്‍ എന്ത് സൂത്രം പ്രയോഗിക്കാനും കുടുംബാംഗങ്ങള്‍ ശ്രമിക്കും. അത്തരക്കാര്‍ക്കാണ് അനന്തരാവകാശ നിയമം അസ്വാസ്ഥ്യജനകമാവുക. മാതാപിതാക്കളുടെ അഭാവത്തില്‍ കുട്ടികളെ ശ്രദ്ധിച്ചു വളര്‍ത്തുന്നവരായിരിക്കും മാതൃപിതൃസഹോദരന്മാര്‍. ആണ്‍ മക്കള്‍ കാര്യങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ കെല്‍പുറ്റവരായിരിക്കും. പെണ്‍മക്കള്‍ക്ക് പൊതുവില്‍ പരസഹായം വേണ്ടിവരും. അവരെ സഹായിക്കാന്‍ മാതൃസഹോദരനും പിതൃസഹോദരനും പ്രത്യേകം ബാധ്യതയുണ്ട്. ഈ കുടുംബ സംവിധാനം താറുമാറാവുകയും, ബാധ്യതകള്‍ വിസ്മരിക്കപ്പെടുകയും കുടുംബങ്ങള്‍ വൈരത്തില്‍ കഴിഞ്ഞു കൂടുകയും ചെയ്താല്‍ അവരെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ പ്രയോജനപ്പെടുകയില്ല.
ചോദ്യ കര്‍ത്താവുന്നയിച്ച വിഷയം അവ്യക്തതയുള്ളതാണ്. ആരെയാണ് മാതാവ് തടയാന്‍ ആഗ്രഹിക്കുന്നത്? ഇപ്പോള്‍ പെണ്‍കുട്ടികളുടെ പ്രായമെത്രയാണ്? അവര്‍ വിവാഹിതരാണോ? വിദ്യാഭ്യാസം പൂര്‍ത്തിയായോ? ഈ കാര്യങ്ങളെല്ലാം വ്യക്തമായാല്‍ മാത്രമേ അവര്‍ക്ക് ഒരു മാര്‍ഗ നിര്‍ദ്ദേശം നല്‍കാന്‍ സാധിക്കുകയുള്ളൂ.
പണ്ഡിതന്മാരോട് ചോദിച്ച രീതിക്കനുസരിച്ചാണ് ഇരുവരില്‍ നിന്നും മറുപടി ലഭിച്ചിരിക്കുക. രണ്ടു പണ്ഡിതരും പറഞ്ഞ അഭിപ്രായങ്ങളില്‍ ശരിയുണ്ട്. ചോദ്യത്തിന്റെ മുഖം മറ്റുള്ളവരുടെ അവകാശം തടയുന്നതിലേക്കാണെങ്കില്‍ അത് നിഷിദ്ധമാണെന്നായിരിക്കും ഉത്തരം. ചോദ്യം, സമ്പത്ത് കൈകാര്യം ചെയ്യാന്‍ ജീവിത കാലത്തുള്ള അവകാശത്തെക്കുറിച്ചാണെങ്കില്‍ ആ അവകാശം അംഗീകരിച്ചാവും മറുപടി. ഈ ചോദ്യോത്തര പംക്തി ഇസ്‌ലാമികമായി ഏറ്റവും നല്ല രീതി കണ്ടെത്താന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്നതാണ്. ചോദ്യ കര്‍ത്താക്കള്‍ മറ്റാരെയോ തോല്‍പിക്കാന്‍ ന്യായം കണ്ടെത്താനാവരുത് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. അല്ലാഹുവിന്റെ ദീന്‍ അറിഞ്ഞ് നടപ്പാക്കാനുള്ള ശ്രമമാവണം നമ്മുടെ ഉദ്ദേശ്യം.
ഒരാളുടെ സമ്പത്ത് ജീവിത കാലത്ത് അല്ലാഹു നിഷിദ്ധമാക്കാത്ത ഏതു മാര്‍ഗത്തിലും ചെലവാക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നു. സ്വത്ത് ഭാഗികമായോ പൂര്‍ണമായോ ആര്‍ക്കെങ്കിലും ദാനം ചെയ്യാം. എന്നാല്‍ അനന്തരാവകാശികള്‍ക്ക് നല്‍കുമ്പോള്‍ അവര്‍ക്കിടയില്‍ വിവേചനമുണ്ടാകുന്നത് സൂക്ഷിക്കണം. മക്കള്‍ക്ക് തുല്യമായി നല്‍കണം. അതൊരു ധാര്‍മ്മിക നിര്‍ദേശം മാത്രമാണ്.
ഈ അടിസ്ഥാനത്തില്‍ മാതാവിന് തന്റെ സ്വത്ത് പൂര്‍ണ്ണമായും പെണ്‍കുട്ടികള്‍ക്ക് നല്‍കാം. എന്നാല്‍ അവര്‍ക്ക് വസ്വിയ്യത്ത് ചെയ്തു വെക്കാന്‍ പാടില്ല. അനന്തരാവകാശം ലഭിക്കാത്തവര്‍ക്കാണ് വസ്വിയത്ത്. അനന്തരാവകാശികള്‍ക്കല്ല. ഇങ്ങനെ ചെയ്യാന്‍ ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ല. ഭാര്യയുടെ സ്വത്ത് കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. അവളുടെ സമ്പാദ്യം ഭര്‍ത്താവിന്റെ അനുവാദമില്ലാതെ തന്നെ നല്ല കാര്യങ്ങള്‍ക്കു ഉപയോഗിക്കുന്നതിന് വിരോധമില്ല.
ഇതാണ് നിയമവശം. അതില്‍ ധാര്‍മ്മിക വശംകൂടി ചേര്‍ത്താണ് വിശ്വാസി തീരുമാനമെടുക്കേണ്ടത്. ഇങ്ങനെ സ്വത്ത് മക്കള്‍ക്ക് ദാനം ചെയ്യുന്നത് രക്തബന്ധത്തില്‍ പെട്ട ആരെയെങ്കിലും പിണക്കാനോ, അവരുടെ വെറുപ്പ് നേടാനോ, കുടുംബ ബന്ധം ശിഥിലമാകാനോ കാരണമാവരുത്. സമ്പത്ത് വരും, പോകും. ഒരത്യാഹിതമുണ്ടായാല്‍ മാതാവ് നല്‍കിയതെല്ലാം ചെലവാകാം. പിന്നെയും സഹായം വേണ്ടിവരാം. കുടുംബബന്ധമാണ് പണത്തേക്കാള്‍ പ്രധാനം.
ഭാര്യ ജീവിതകാലം മുഴുവന്‍ ഭര്‍ത്താവിനൊപ്പം കഴിയേണ്ട ഇണയാണ്. നിയമവും ന്യായവും മാത്രം നോക്കിയാല്‍ രണ്ടാളും രണ്ടു ധ്രുവങ്ങളില്‍ കഴിയേണ്ടിവരും. അതിനാല്‍ ചെയ്യുന്ന കാര്യങ്ങള്‍ ഭര്‍ത്താവ് ഭാര്യക്ക് വിശദീകരിച്ചു കൊടുക്കുക, ഭാര്യ ചെയ്യുന്നത് ഭര്‍ത്താവിന് വിവരിച്ചു കൊടുക്കുക എന്ന പരസ്പര സഹകരണത്തിന്റെയും ധാരണയുടെയും ഉയര്‍ന്ന രീതിയാണ് കുടുംബ ജീവിതം മധുരമനോഹരമാകാന്‍ സഹായകമാവുക. കുടുംബത്തിന്റെ ചെലവിന് മതിയാകുന്നത് നല്‍കാത്ത ഭര്‍ത്താവിന്റെ പണം ഭര്‍ത്താവ് അറിയാതെ എടുക്കാന്‍ ന്യായം തേടേണ്ട സാഹചര്യമല്ല അഭികാമ്യം. ഇത്തരം വൈകല്യങ്ങള്‍ തിരുത്തി പരസ്പര സ്‌നേഹം പങ്കിടുന്ന കുടുംബഘടനക്ക് രൂപം നല്‍കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഭാര്യക്ക് സ്വന്തമായി ഇസ്‌ലാം അധികാരം നല്‍കുന്ന വിഷയങ്ങളിലും ഭര്‍ത്താവുമായി കൂടിയാലോചിച്ച് ഒരു സമവായത്തിലെത്തുന്നതാണ് ഉത്തമം.
Comments