Prabodhanm Weekly

Pages

Search

2014 ജൂണ്‍ 20

സഈദുബ്‌നു ആമിര്‍ (റ)

അബ്ദുല്‍ ജബ്ബാര്‍ കൂരാരി /ചരിത്രം

         ''ധികാരം മനുഷ്യനെ ദുഷിപ്പിക്കുന്നു. പൂര്‍ണ്ണാധികാരം പൂര്‍ണ്ണമായും ദുഷിപ്പിക്കുന്നു'' ഇതിന് അപവാദമായി ജീവിച്ച സ്വഹാബി വര്യനാണ് സഈദുബ്‌നു ആമിര്‍ (റ). അധികാരത്തിന്റെ ഉത്തുംഗ ശ്രേണിയിലും അടിയുറച്ച ആദര്‍ശ വാദിയായിരുന്നു അദ്ദേഹം. ദൈവഭക്തിയും പരലോക ബോധവുമുള്ളവര്‍ എത്ര ഉന്നതമായ അധികാര പദവിയിലിരുന്നാലും അവര്‍ ദുഷിക്കുകയില്ല. അതിന് ഏറ്റവും നല്ല മാതൃകയാണ് സഈദുബ്‌നു ആമിര്‍ (റ).

         സ്വഹാബികളില്‍ സമുന്നതനായ സഈദ്,ദൈവഭക്തിയുടെ നിറകുടമായിരുന്നു. ഖൈബര്‍ യുദ്ധാനന്തരമാണ് ജാഹിലിയ്യത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് അദ്ദേഹം വന്നത്. ഇസ്‌ലാം സ്വീകരിച്ച അദ്ദേഹം നബി (സ)യുടെ കൂടെ എല്ലാ സമരങ്ങളിലും തന്റെ സജീവ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

         രണ്ടാം ഖലീഫ ഉമര്‍ ഫാറൂഖി(റ)ന്റെ ഭരണകാലത്ത് സഈദ് ഹിമ്മസിലെ ഗവര്‍ണറായി നിയമിക്കപ്പെട്ടു. ഈ പദവി ഏറ്റെടുക്കാന്‍ ഖലീഫ അദ്ദേഹത്തിന്റെ മേല്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തിയത്. വിവരം അറിയിച്ചപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറി. ''അമീറുല്‍ മുഅ്മിനീന്‍, അങ്ങ് എന്നെ നശിപ്പിക്കരുത്. ഞാനതിന്ന് യോഗ്യനല്ല.'' ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഉമറിന് ക്ഷോഭം വന്നു. ഒടുവില്‍ സഈദ് സമ്മതിച്ചു. അധികാരം തന്റെ ജീവിതത്തിന്റെ പരിശുദ്ധിക്ക് കളങ്കം ചാര്‍ത്തുമെന്ന ആശങ്കയിലായിരുന്നു സഈദ്.

         ഗവര്‍ണര്‍ പദവി സഈദ് മനമില്ലാ മനസ്സോടെ ഏറ്റെടുത്തു. അല്‍പനാളുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ ഭരണ നൈപുണ്യം ജനത്തിന് ബോധ്യമായി. അദ്ദേഹത്തിന്റ പ്രജാക്ഷേമ താല്‍പര്യവും ദൈവഭക്തിയും നാട്ടുകാരെ ഹഠാദാകര്‍ഷിച്ചു. നാട്ടില്‍ ശാന്തിയും സമാധാനവും നിറഞ്ഞൊഴുകി. ഹിമ്മസ് പ്രവിശ്യ സമൃദ്ധിയില്‍ ആറാടി.

         പക്ഷെ, സുഭിക്ഷതയുടെ ആ നല്ലനാളുകള്‍ വളരെ പെട്ടെന്ന് അവസാനിച്ചു. ഹിമ്മസ് വറുതിയുടെയും ക്ഷാമത്തിന്റെയും പിടിയിലമര്‍ന്നു. എങ്ങും പട്ടിണിപരന്നു. ഈ ക്ഷാമത്തിന്റെയും പട്ടിണിയുടെയും ദയനീയാവസ്ഥ ഖലീഫ ഉമറിന്റെ കാതിലെത്തി. ഉടനെ ഹിമ്മസിലെ പട്ടിണിപ്പാവങ്ങളുടെയും ദരിദ്രകുടുംബങ്ങളുടെയും ലിസ്റ്റ് ഖലീഫ ഉമറിന്റെ മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടു.

         പട്ടിക പരിശോധിച്ചപ്പോള്‍, അതിലെ ആദ്യത്തെ പേര്‍ ഗവര്‍ണ്ണറായ സഈദിന്റെതായിരുന്നു. ഖലീഫക്കത് വിശ്വസിക്കാനായില്ല. ഗവര്‍ണ്ണരുടെ കുടുംബം പട്ടിണി കിടക്കുന്ന അവസ്ഥ ആര്‍ക്കും ഉള്‍ക്കൊള്ളാനാവുകയില്ലല്ലോ. ഖലീഫ ഉദ്യോഗസ്ഥനോട് കാര്യം ചോദിച്ചു. അദ്ദേഹം തറപ്പിച്ചു പറഞ്ഞു: ''ഞങ്ങളുടെ നാട്ടിലെ ഗവര്‍ണ്ണരും കുടുംബവും മുഴുപട്ടിണിക്കാരാണ്.''

         ''അദ്ദേഹത്തിന് ശമ്പളം കൃത്യമായി കിട്ടാറില്ലേ?'' ഖലീഫ തിരക്കി.

         ''ശമ്പളം കൃത്യമായി കൈപ്പറ്റുന്നുണ്ട്. പക്ഷെ, അതെല്ലാം അവിടെയുള്ള പട്ടിണിപ്പാവങ്ങള്‍ക്ക് കൊടുക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബം പട്ടിണി കിടക്കുകയുമാണ്.''

         'ശമ്പളം ഭാര്യയുടെയും മക്കളുടെയും സുഖജീവിതത്തിന് വിനിയോഗിച്ചുകൂടേ' എന്ന് ഒരിക്കല്‍ ഒരാള്‍ സഈദ്ബ്‌നു ആമിറിനോട് ചോദിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ:''കുടുംബത്തിന് വേണ്ടി ദൈവപ്രീതി ഞാന്‍ ബലികഴിക്കണോ?''

         ഉമറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പട്ടിണി കിടന്നും ജനസേവനം ചെയ്യുന്ന ജനനായകനെ തനിക്ക് പ്രദാനം ചെയ്ത സര്‍വ്വശക്തനെ ഉമര്‍ വാഴ്ത്തി. 

         ഖലീഫ ഉമര്‍ ആയിരം ദീനാറടങ്ങിയ ഒരു പണക്കിഴി പാരിതോഷികമായി സഈദിന് ദൂതന്‍ മുഖേന കൊടുത്തയച്ചു. തന്റെ ചുറ്റുമുള്ള പ്രജകള്‍ പട്ടിണിയും പരിവട്ടവുമായി ജീവിക്കുമ്പോള്‍ താന്‍ സുഭിക്ഷതയില്‍ കഴിയുന്നത് ശരിയല്ലെന്ന് കരുതിയ ആ മാതൃകാ ഭരണാധികാരി, പാരിതോഷിക സംഖ്യ മുഴുവനും പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.

         ഹിജ്‌റ ഇരുപതാം വര്‍ഷം സഈദുബ്‌നു ആമിര്‍ (റ) ഇഹലോകവാസം വെടിഞ്ഞു. സദ്ഗുണങ്ങളും സല്‍കര്‍മങ്ങളും വേണ്ടത്ര സമ്പാദിച്ച ആ ധന്യ ജീവിതം എത്ര സൗഭാഗ്യപൂര്‍ണ്ണം!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 103-107
എ.വൈ.ആര്‍