മുസ്‌ലിം ഐക്യം രാഷ്ട്രീയത്തില്‍
ഇന്ത്യന്‍ മുസ്‌ലിംകള്‍ ദേശീയതലത്തില്‍ ഏകീകൃത രാഷ്ട്രീയ സമൂഹമായി വര്‍ത്തിക്കണമെന്ന് തെലുങ്കാനയിലെ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി ആഹ്വാനം ചെയ്തിരിക്കുന്നു. ഇക്കഴിഞ്ഞ 16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അതാണ് സമുദായത്തോടാവശ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ പുതുതായി അധികാരത്തില്‍ വന്ന കേന്ദ്രഗവണ്‍മെന്റ് ഭൂരിപക്ഷ വിഭാഗത്തിന്റെ വികാരങ്ങള്‍ വിജ്രംഭിപ്പിച്ച് സ്ഥാപിക്കപ്പെട്ടതും ജനാധിപത്യത്തിന്റെ ഭൂരിപക്ഷ തത്ത്വങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നതുമാണ്. ഇനി രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പഴയ അജണ്ടകള്‍ ഒന്നൊന്നായി നാട്ടില്‍ നടപ്പായിത്തുടങ്ങും. കര്‍ക്കശനായ ഒരു ആര്‍.എസ്.എസ് പ്രചാരകിന്റെ ബലിഷ്ഠ ഹസ്തങ്ങളിലാണ് രാജ്യത്തിന്റെ കടിഞ്ഞാണ്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഈ പരിതോവസ്ഥക്ക് ഉത്തരവാദികള്‍ സെക്യുലര്‍ പാര്‍ട്ടികളാണെന്നാണ് ഉവൈസിയുടെ നിലപാട്. 38 ശതമാനം വോട്ട് ലഭിച്ച എന്‍.ഡി.എ മഹാ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ 62 ശതമാനം വോട്ട് ലഭിച്ച മതേതര പാര്‍ട്ടികള്‍ക്ക് ശക്തമായ പ്രതിപക്ഷം പോലും ആവാന്‍ കഴിയാതിരുന്നത് ഏതായാലും ജനങ്ങളുടെ കുറ്റമല്ല. സെക്യുലര്‍ പാര്‍ട്ടികള്‍ സ്വന്തം വോട്ടുകള്‍ അവരുടെ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നതില്‍ എപ്പോഴും പരാജയപ്പെടുന്നതായും ഉവൈസി നിരീക്ഷിക്കുന്നു. ഗണ്യമായ തോതില്‍ മുസ്‌ലിം ജനസംഖ്യയുള്ള മണ്ഡലങ്ങളില്‍ മാത്രമേ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ വിജയിക്കാറുള്ളൂ. ''മുസ്‌ലിം ലീഗും മജ്‌ലിസ് ഇത്തിഹാദും ആള്‍ ഇന്ത്യാ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടുമെല്ലാം ചേര്‍ന്ന് ഒരു ദേശീയ പാര്‍ട്ടിയായിത്തീരേണ്ട സമയമാണിത്. ഈ രാജ്യത്തെ ആര്‍.എസ്.എസ്സിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്.... ഇനി നമ്മുടെ ഭാഗധേയം നാം തന്നെ കെട്ടിപ്പടുക്കണം. അതിന് മുസ്‌ലിംകള്‍ ഒറ്റ പാര്‍ട്ടിയായി ഒരേ കൊടിക്കീഴില്‍ അണിനിരക്കണം...''
ഈ അഭിപ്രായത്തോട് വിയോജിക്കുന്ന മുസ്‌ലിംകളാരും ഇന്ത്യയിലുണ്ടാകാനിടയില്ല. വാസ്തവത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതു വിചാരമാണത്. സമുദായത്തിന്റെ ദുരവസ്ഥയില്‍ വേദനിക്കുന്ന മനസ്സിന്റെ ശബ്ദമാണ് ഉവൈസിയുടെ പ്രസ്താവനയിലൂടെ കേള്‍ക്കുന്നത്. രാഷ്ട്രീയ ബോധമുള്ള സാമാന്യ മുസ്‌ലിം ഹൃദയങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലേണ്ടതാണാ ശബ്ദം. മജ്‌ലിസ് നേതാവ് തന്റെ ആശയം ലേഖന രൂപത്തില്‍ വ്യവസ്ഥാപിതമായി അവതരിപ്പിച്ചിട്ടുണ്ട്; ഏഷ്യന്‍ ഏജ് പത്രത്തില്‍ (മെയ് 25). പക്ഷേ, ഈ ആശയത്തിന്റെ പ്രായോഗിക രൂപം അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഏത് നേതാവ് അല്ലെങ്കില്‍ ഏത് സംഘടനയാണ് സമുദായത്തെ ഒരേ പ്ലാറ്റ്‌ഫോമില്‍ അണിനിരത്താന്‍ മുന്‍കൈയെടുക്കേണ്ടത്? ഇതര സംഘടനകള്‍ തങ്ങളില്‍ ലയിക്കുക അല്ലെങ്കില്‍ തങ്ങളെ പിന്തുണക്കുകയാണ് സമുദായ ക്ഷേമത്തിലേക്കുള്ള രാജപാത എന്ന് കരുതുന്നവരാണല്ലോ ഓരോ സംഘടനയും. മുസ്‌ലിം ലീഗിന്റെയും മജ്‌ലിസിന്റെയും എ.ഐ.യു.ഡി.എഫിന്റെയും മറ്റു പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരേ ഹാളില്‍ സമ്മേളിച്ചാല്‍ തന്നെ പതിവ് ഔപചാരിക പ്രസ്താവനകള്‍ക്കപ്പുറം ഹൃദയം തുറന്ന് പരസ്പരം സംസാരിക്കുമോ? ചര്‍ച്ചകള്‍ക്കു ശേഷം കേന്ദ്ര പാര്‍ട്ടിയുടെയും നേതാവിന്റെയും പ്രശ്‌നം വരുമ്പോള്‍ എത്ര ഡസന്‍ പേരുകള്‍ ഉയര്‍ന്നുവരും? ഏതെങ്കിലും പേരില്‍ യോജിപ്പുണ്ടാക്കാന്‍ എങ്ങനെ കഴിയും?
ഏതു വ്യക്തിത്വമാണ് അല്ലെങ്കില്‍ സംഘടനയാണ് നേതൃസ്ഥാനമലങ്കരിക്കുക എന്നതു തന്നെയായിരിക്കും ഏറ്റവും വലിയ പ്രശ്‌നം. സര്‍വനാശം തലക്കു മുകളില്‍ തൂങ്ങി നിന്നാലും, കാക്കത്തൊള്ളായിരം സംഘടനകളുള്ള സമുദായത്തിന് ഇക്കാര്യത്തില്‍ യോജിക്കാനാകുമോ? സ്വാതന്ത്ര്യാനന്തരം രൂക്ഷമായ വര്‍ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം സംഘടനകളും നേതാക്കളും മജ്‌ലിസെ മുശാവറ എന്ന പേരില്‍ ഒന്നിക്കുകയുണ്ടായി. താമസിയാതെ ശിഥിലമാവുകയും ചെയ്തു. പിന്നീട് പ്രമാദമായ ഷാബാനു കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം വ്യക്തിനിയമത്തിനെതിരെ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ബാനറില്‍ മുസ്‌ലിം നേതാക്കള്‍ വീണ്ടും ഒന്നിച്ചു. അതും ഉദ്ദിഷ്ട രീതിയില്‍ മുന്നോട്ടു പോകുന്നില്ല. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ സമുദായത്തില്‍ പിന്നെയും ഐക്യത്തിന്റെ ചലനങ്ങളുണ്ടായി. നേതാക്കളുടെ കിടമത്സരം അതിനെയും വേട്ടയാടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമുദായത്തിന്റെ രാഷ്ട്രീയമായ ഏകോപനം ചര്‍ച്ചയാവുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം നേതാക്കളുടെയും സംഘടനകളുടെയും ചരിത്രം പരിശോധിച്ചാല്‍ ഇതര രംഗങ്ങളിലെന്ന പോലെ രാഷ്ട്രീയത്തിലും അവര്‍ക്ക് അനായാസം ഐക്യപ്പെടാനാകുമെന്ന് പറയാന്‍ കഴിയില്ല. ഉവൈസിയുടെ മനസ്സില്‍ എല്ലാവരെയും യോജിപ്പിക്കാന്‍ പര്യാപ്തമായ വല്ല രൂപരേഖയുമുണ്ടെങ്കില്‍ അതദ്ദേഹം വെളിപ്പെടുത്തണം. രാഷ്ട്രീയ ഐക്യം യാഥാര്‍ഥ്യമായാല്‍ അതോടെ മുസ്‌ലിം പ്രശ്‌നങ്ങളെല്ലാം പരിഹൃതമാകുമോ എന്ന മറ്റൊരു വലിയ ചോദ്യവുമുണ്ട്. അതോ, അത് പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിതുറക്കുകയാണോ ഉണ്ടാവുക? സാമുദായികാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയം, സമുദായത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റ്- അസംബ്ലി മണ്ഡളങ്ങളിലേ ഫലപ്രദമാകൂ. അത്തരം മണ്ഡലങ്ങള്‍ രാജ്യത്ത് തീരെ കുറവാണ്. മുസ്‌ലിം വോട്ടുകള്‍ ധ്രുവീകരിക്കപ്പെടുന്നത് സഹോദര സമുദായങ്ങളെയും ആ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കില്ലേ? അതിന്റെ കൂടി തിക്തഫലമല്ലേ യു.പിയില്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് നേരിടേണ്ടിവന്നത്? മുസ്‌ലിം സമുദായത്തിന് രാഷ്ട്രീയമായ ഐകരൂപ്യം ആവശ്യമില്ലെന്നല്ല. അത് സഹോദര സമുദായങ്ങളില്‍ തെറ്റുധാരണയും ആശങ്കയും ജനിപ്പിക്കുന്ന രീതിയിലായിക്കൂടാ. ഉണ്ടായിക്കഴിഞ്ഞ ആശങ്കകള്‍ ദൂരീകരിക്കപ്പെടുകയും വേണം. മുസ്‌ലിംകള്‍ രാഷ്ട്രീയമായി സംഘടിക്കേണ്ടത് മറ്റേതെങ്കിലും വിഭാഗത്തിന് എതിരായിട്ടല്ല. സ്വന്തം സാമുദായിക നേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കിയുമല്ല. നീതിയുടെയും ധര്‍മത്തിന്റെയും സംസ്ഥാപനവും പീഡിതരുടെ അവകാശ സംരക്ഷണവുമായിരിക്കണം അതിന്റെ ലക്ഷ്യം. അതിന് ഇന്ത്യയിലെ എല്ലാ പീഡിത വിഭാഗങ്ങള്‍ക്കും അതില്‍ പ്രാതിനിധ്യമുണ്ടായിരിക്കണം. ഇന്ത്യന്‍ സാഹചര്യത്തില്‍ പീഡിത വിഭാഗങ്ങളുടെ ആഭ്യന്തര ഐക്യത്തോളം തന്നെ പ്രധാനമാണ് പീഡിത വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യവും സഹകരണവും.
Comments